ഈ റി­പ്പബ്ലിക് ദി­നത്തിൽ ഒാ­ർ­ക്കേ­ണ്ടത്


സോന പി.എസ് 

ഒരു സ്വതന്ത്ര രാഷ്ട്രം സ്വന്തം നിയമങ്ങൾ എന്താണെന്ന് തീരുമാനിച്ച് അതനുസരിച്ചുള്ള ഭരണഘടന സ്വീകരിക്കുന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനം. രാഷ്ട്രത്തിന്റെ കരുത്തും ഐക്യവും മുന്നോട്ടുള്ള പാതയുടെ പ്രതീക്ഷകളും സാധ്യതകളും ലോകത്തിന് മുന്പാകെ വെളിവാക്കുന്നതാണ് റിപ്പബ്ലിക്ക് ദിനാഘോഷം. അറുപത്തി ഒന്പതാം റിപ്പബ്ലിക്ക് ദിനത്തിൽ നമ്മൾ എത്തി നിൽക്കുന്പോൾ ഇന്ത്യൻ ചരിത്രത്തെ ഒന്നുകൂടി ഓർക്കേണ്ടത് ഇന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അന്യവാര്യതയാണ്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്പന്നതയിൽ നിന്നിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം ധാർമിക മൂല്യങ്ങളുടെ ച്യുതിയാണ് എന്ന് പ്രശസ്ത ചരിത്രകാരൻ ബിപൻ ചന്ദ്ര അദ്ദേഹത്തിന്റെ ആധുനിക ഇന്ത്യ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി നമ്മൾ നിലനിർത്തി വന്നിരുന്ന ധാർമിക മൂല്യങ്ങളെ ചേർത്ത് പിടിച്ചില്ലെങ്കിൽ ആധുനിക ഇന്ത്യയുടെയും പതനം നമ്മൾ കാണേണ്ടി വരുമെന്നാണ് ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അമ്മയെയും അച്ഛനെയും, സ്ത്രീകളെയും, സുഹൃത്തുക്കളെയും ഓർക്കാൻ ഓരോ ദിവസം ഉള്ളവരാണ് ഇന്നത്തെ തലമുറ. ഇന്ന് പലർ‍ക്കും റിപ്പബ്ലിക്ക് ദിനവും അതു പോലെയാണ്. ഈ ദിനത്തിൽ ഓർത്തിരിക്കേണ്ട അല്ലെങ്കിൽ തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. 

1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മുതൽ ജനാധിപത്യ രീതിയാണ് നമ്മുടെ രാജ്യത്ത് നിലനിൽ‍ക്കുന്നത്. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന സഹന സമരത്തിൽ നിന്നും നേടിയെടുത്ത അവകാശമാണ് ഇതെന്നും നമ്മൾ മനസിലാക്കുന്നതിനോടൊപ്പം തന്നെ വർ‍ത്തമാന കാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തിന് പ്രതികൂലമായി നിൽക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും വേണം.

വർഷങ്ങൾക്ക് മുന്പ് ബ്രിട്ടീഷ് ആധ്യപത്യത്തിൽ ജനങ്ങൾ അനുഭവിച്ച അസഹിഷ്ണുതയാണ് സ്വാതന്ത്ര്യം എന്ന മഹത് ആശയത്തിലേയ്ക്ക് നമ്മളെ നയിച്ചത്. സമകാലിക ഇന്ത്യയിലേയ്ക്ക് അസഹിഷ്ണുത എന്ന വാക്ക് വീണ്ടുമൊരു യാഥാർത്ഥ്യമായി തിരിച്ച് വന്നിരിക്കുകയാണ്. മൗലികമായ അവകാശങ്ങൾക്ക് മേലെയുള്ള നിയന്ത്രണങ്ങൾ പരിധി വിടുന്നു എന്ന പരാതി വ്യാപകമാകുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ശരികൾ നടപ്പിലാവുക എന്ന ജനാധ്യപത്യ വിരുദ്ധമായ സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ കടക്കുന്നു. ഗുലാം അലിയുടെ ഗസൽ ‍സന്ധ്യ റദ്ദാക്കി കൊണ്ടും, പശു ഇറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മനുഷ്യനെ തല്ലിക്കൊന്നും, സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്ന് ഭർത്താവ് ദൂരങ്ങൾ താണ്ടിയതും, പ്രദർ‍ശനം തടഞ്ഞു വെച്ച പത്മാവത് എന്ന സിനിമയും ഒക്കെ കഴിഞ്ഞ് പോയ ദിവസങ്ങളിൽ ഇന്ത്യൻ സമൂഹം കണ്ട ജനാധ്യപത്യ വിരുദ്ധമായ ദൃശ്യങ്ങളായിരുന്നു. എന്ത് ധരിക്കണമെന്നും, കഴിക്കണമെന്നും, എഴുതണമെന്നും, കാണണമെന്നും തീരുമാനിക്കുന്ന തലത്തിലുള്ള ഇത്തരം അധികാര ഗർവിന് നേരെയുള്ള ചെറുത്ത് നിൽപ്പും പോരാട്ടവും വീണ്ടും തുടങ്ങേണ്ട അവസ്ഥയിൽ ഇന്ത്യൻ സമൂഹം എത്തിയ ഒരു സാഹചര്യവും നിലനിൽ‍ക്കുന്നു.

അസമത്വങ്ങളിൽ തുടങ്ങി ഹിംസാത്മകമായ സമീപനങ്ങളിലേയ്ക്ക് അസഹിഷ്ണുത നിറഞ്ഞ നിലപാടുകൾ മാറിയതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് എം.എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ മരണങ്ങൾ. മതവികാരം വ്രണപ്പെടുത്തി എന്ന കാരണം പറഞ്ഞ് ഇത്തരം മനുഷ്യരെ ഇല്ലാതാക്കുന്നവർ വന്നത് മറ്റൊരു രാജ്യത്ത് നിന്നല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഗൗരവപരമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തന്നെയാണ് ഇത്. ഇത്തരം വിവേചനപരമായ നിലപാടിനെതിരെ സാഹിത്യകാരന്മാരും ചിന്തകരും തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരിച്ചേൽ‍പ്പിച്ചും അക്കാദമികളിലെ അംഗത്വം ഉപേക്ഷിച്ചും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. അക്ഷരങ്ങളിലും സംഗീതത്തിലും വേർ‍തിരിവുകളും, വിഭാഗീയതയും കണ്ടെത്തുന്നവരുടെ ഇടയിൽ ഇന്ത്യയുടെ ജനാധിപത്യമെന്ന പ്രത്യയ ശാസ്ത്രം നശിച്ചു പോവുമെന്ന തിരിച്ചറിവിൽ നിന്ന് ആർജ്ജവം ഉൾകൊണ്ട് അതിനെതിരെയുള്ള പോരാട്ടങ്ങളും ഉണ്ടാകുന്നു എന്നതാണ് ആശ്വാസകരം. അതുകൊണ്ട് തന്നെ പുറം കാഴ്ചയിലേയ്ക്ക് നോക്കിയുള്ള അവലോകനങ്ങൾ ഇനി മതിയാക്കാം. അകകണ്ണ് തുറന്ന് ഉള്ളിലേയ്ക്ക് നോക്കേണ്ട സമയമായിരിക്കുന്നു. ജാതി ഭേദ മത വിദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിതെന്ന് ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക്ക് ദിനത്തിലെങ്കിലും നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കണമെന്ന ആഗ്രഹത്തോടെ ഏവർ‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ... 

You might also like

Most Viewed