കവർന്നെടുക്കപ്പെടാതിരിക്കട്ടെ നമ്മുടെ പരമാധികാരം


ഇസ്മായിൽ പതിയാരക്കര

അധിനിവേശ ശക്തികളുടെ അധികാര ദ്രംഷ്ടങ്ങളിൽ നിന്നും അഹിംസയെന്ന മഹാപ്രതിരോധത്താൽ സ്വാതന്ത്ര്യത്തിന്റെ പുത്തൻ പ്രഭാതങ്ങളിലേയ്ക്ക് പറന്നുയർന്ന ഭാരതം, ലോകത്തിന്റെ മുക്കും മൂലകളിലും ലിഖിത രൂപമാക്കപ്പെട്ട മുഴുവൻ മനുഷ്യാവകാശങ്ങളെയും സ്വാംശീകരിച്ച് എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങളെയും മാനിക്കുന്ന മനോഹരമായൊരു ഭരണഘടനയ്ക്ക് കീഴിൽ പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മകൾ കുറുകിയുണർത്തുന്ന ഒരു റിപ്പബ്ലിക്ക് ദിനം കൂടി വരവായി.

സൈനിക ശക്തിയിലും ഉൽപ്പാദന പരതയിലും മാനുഷിക വിഭവ ശേഷിയിലുമൊക്കെ നമ്മുടെ രാജ്യം ഇന്ന് ബഹുദൂരം മുന്പോട്ട് പോയി. നാളത്തെ ശാക്തിക, സാന്പത്തിക, ലോക ക്രമത്തിൽ നിർണ്ണായകമായ സ്ഥാനം തന്നെയാണ് നമ്മുടെ നാടിനെ കാത്തിരിക്കുന്നതെങ്കിലും വളർച്ചയുടെ പാതയിൽ വഴിമുടക്കികളായി നിൽക്കുന്ന അഴിമതിയെയും ഒപ്പം വർഗ്ഗീയ കലാപങ്ങളെയും പരാമർശിക്കാതെ തരമില്ല.

ഒരിക്കലും ഇന്ത്യ ഒരു ഭീഷണിയായി മാറാതിരിക്കാനായി ഹിന്ദു മുസ്ലിം ഭിന്നിപ്പിന്റെ വിഷബീജങ്ങളും ഒപ്പം ‘പാകിസ്ഥാൻ’ എന്ന പ്രഹേളികയും ഇവിടെ നിക്ഷേപിച്ചാണ് ബ്രിട്ടീഷുകാർ മടങ്ങിപ്പോയതെന്ന കാര്യം നാം വിസ്മരിച്ചു കൂടാ. ഒരൊറ്റ ജനത എന്ന രീതിയിൽ നാമൊരുമിച്ചു നിൽക്കാൻ പാടില്ല എന്ന അവരുടെ തിട്ടൂരമാണ് വർഗ്ഗീയ സംഘടനകളൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്.

1950കളിൽ നിന്നും 2018ലേയ്ക്ക് കണ്ണയക്കുന്പോൾ പരമാധികാരത്തിൽ നിന്നും ഏകാധിപത്യത്തിലേയ്ക്ക് നടന്നു നിങ്ങുന്നുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ എത്തപ്പെട്ടിരിക്കുന്നത്. ഭരണ ഘടനയുടെ അന്തസത്തായ ജനാധിപത്യവും മതനിരപേക്ഷതയും നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റങ്ങൾ ഒരു വാ‍‍‍‍ർത്ത പോലുമല്ലാതായിത്തീരുന്നു. വേഷഭൂഷാദികളും എന്തിന് തൊഴിൽ പോലും മരണത്തിലേയ്ക്ക് തുറക്കുന്ന വാതിലുകളായി മാറുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

നമ്മെപ്പോലെ മജ്ജയും മാംസവുമുള്ള പച്ച മനുഷ്യനെ മഴു കൊണ്ട് വെട്ടിക്കൊന്ന് പച്ചയ്ക്ക് കത്തിക്കുന്നത് കൈവിറയ്ക്കാതെ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കിരാതമായ അവസ്ഥകൾ ഞെട്ടലോടെ കേൾക്കേണ്ടി വരുന്പോൾ തീർച്ചയായും ഭയം പെരുന്പാന്പിനെപ്പോലെ ചുറ്റി വരിയുന്നുണ്ട് നമ്മുെട ഉടലുകളെ. ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത രാഷ്ട്രപിതാവിന്റെ മെലിച്ച ശരീരത്തെ നാല് വെടിയുണ്ടകളാൽ ഇല്ലാതാക്കിയ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് ജയ് വിളിക്കാൻ പോലും ഇവിടെ ആളുകളുണ്ടാകുന്നു എന്നതും അത്തരം രാജ്യദ്രോഹികൾക്ക് മുന്പിൽ ഭരണകൂടങ്ങൾ നിശബ്ദമായി നിലകൊള്ളുന്നതും ഭാവി പ്രത്യാശകൾക്ക് വീഴ്ത്തുന്ന കരിനിഴൽ ചെറുതല്ല. ഭരണഘടനാ ശിൽപ്പി എന്ന നിലയിൽ ഡോ. ബി.ആർ അംബേദ്കറുടെ സ്വപ്നങ്ങൾ ഇന്നും സ്വപ്നങ്ങളായി തന്നെ അവശേഷിക്കുന്നു എന്നത് തന്നെയാണ് ഉത്തരേന്ത്യയിലെ പിന്നോക്കക്കാർക്ക് മേലെ നടക്കുന്ന ഭീകരതകൾ നമുക്ക് വെളിവാക്കി തരുന്നത്. ഭരണകൂടങ്ങളുടെ നഗ്നമായ കോർപ്പറേറ്റ് ദാസ്യത്തിന് മുന്പിൽ നിശബ്ദരായിരിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹമായി നാം പതുക്കെ മാറുന്നുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.

പടി കയറി വരുന്ന പട്ടണിക്ക് മുന്പിൽ നിസ്സഹായതയോടെ നിൽക്കുന്ന സാധാരണക്കാരന്റെ മുതുകിലേയ്ക്ക് നികുതിയുടെ താങ്ങാൻ പറ്റാത്ത ഭാരം കയറ്റി വെച്ച് വേദികളിൽ കള്ളക്കണ്ണീർ പൊഴിക്കുന്നവർ വന്പൻ മുതലാളിമാരുടെ ബാധ്യതകൾ എഴുതിത്തള്ളിക്കൊടുക്കുകയാണ്.

പെട്രോളിനും പാചക വാതകത്തിനുമൊക്കെ ദിനംപ്രതി വർദ്ധനവുണ്ടാകുന്പോഴും അംബാനിമാരുടെയും ആദാനിമാരുടെയും നികുതിയിൽ എന്നെങ്കിലും ഇളവ് അനുവദിക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്ന തരത്തിലേയ്ക്ക് ഭരണാധിപന്മാരിൽ പലരും മാറ്റപ്പെട്ട് കൊണ്ടിരിക്കുന്പോൾ ഭരണഘടന ഉറപ്പു നൽകുന്ന സ്വൈര്യജീവിതത്തിന് വേണ്ടി ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനായി ഒരുങ്ങേണ്ട ഘട്ടമാണിപ്പോൾ സംജാതമായിരിക്കുന്നത്.  വിലക്കയറ്റത്തിന് മുന്പിൽ ‘വിശപ്പ്’ എന്ന വികാരം ഭീകരമായി തുറിച്ചു നോക്കുന്ന വർത്തമാന കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളിൽ തിരുത്തലുകൾ വരുത്താൻ സാധാരണക്കാർ പക്ഷഭേദമന്യേ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

ഹിന്ദുവോ, മുസൽമാനോ അല്ലെങ്കിൽ മറ്റ് മതസ്ഥനോ എന്നതിന്റെ പേരിൽ ഇനി തമ്മിലടിക്കാൻ ഞങ്ങളെ കിട്ടില്ല. “ദയയും വിശപ്പുമില്ലാത്ത ഒരു ജീവിതം ഞങ്ങൾക്ക് സമ്മാനിക്കുമെങ്കിൽ മാത്രമെ നിങ്ങളെ ഞങ്ങൾ തിരഞ്ഞെടുത്തയയ്ക്കൂ” എന്ന് പർവ്വതങ്ങൾ കിടുങ്ങുമാറുച്ചത്തിൽ ഗർജ്ജനമായി മുഴങ്ങേണ്ട ഒരു കാലമാണിപ്പോൾ സംജാതമായിരിക്കുന്നത്. ജീവന്റെ ജീവനായ നാടിന് വേണ്ടി ഈ ഗണതന്ത്ര ദിവസത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. “ഞങ്ങളൊന്നാണ് ഒരു ശക്തിക്കും ചേർന്ന് നിലകൊള്ളുന്ന ഞങ്ങളെ ചിതറിക്കാൻ കഴിയില്ല.” അലമുറകളും നിലവിളികളുമില്ലാത്ത നല്ല പ്രഭാതങ്ങളിലേയ്ക്ക് നമുക്കെല്ലാം മരണം വരെയും ഉണർന്നെണീക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

പ്രിയ വായനക്കാർക്ക് ഹൃദ്യമായ റിപ്പബ്ലിക്ക് ദിനാശംസകൾ.

You might also like

Most Viewed