ഒരു­ റി­പ്പബ്ലിക് ദി­നത്തി­ന്റെ­ ഓർ­മ്മയ്ക്ക്...


രാജേഷ് നന്പ്യാർ

കുട്ടിക്കാലത്ത് വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നില്ല. വളരെ ചുരുക്കം വീടുകളിലേയ്ക്ക് വൈദ്യുതി എത്തിക്കൊണ്ടിരിക്കുന്ന സമയം ടെലിവിഷനൊക്കെ ഒന്നോ രണ്ടോ വീടുകളിൽ മാത്രം. അച്ഛൻ വിമുക്തഭടൻ ആയതുകൊണ്ടായിരിക്കാം എനിക്കും ചെറുപ്പം മുതൽ സൈനിക യൂണിഫോമിനോട് പറഞ്ഞറിയിക്കാൻ വയ്യാത്ത അഭിനിവേശം ആയിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുന്പോൾ ആഗ്രഹം മൂത്ത് എൻ.സി.സിയുടെ സെലക്ഷനിൽ പങ്കെടുക്കാൻ എടപ്പാൾ ഹൈസ്കൂളിൽ ചെന്നു. മെലിഞ്ഞ ശരീരവും ഉയരക്കുറവും ആയതുകാരണം ആദ്യം സെലക്ഷൻ കിട്ടിയില്ല. വിഷമം കാരണം മാറി നിൽക്കുന്പോൾ നിശ്ചിത കുട്ടികളെ കിട്ടാഞ്ഞത് കാരണം എന്നെ കൂടി എൻ.സി.സിയിൽ അംഗമായി ചേർത്തു. അങ്ങിനെ ആദ്യമായി യൂണിഫോം അണിഞ്ഞു. ഒരു വർഷത്തിനുള്ളിൽ തന്നെ നിരവധി ക്യാന്പുകളിൽ പങ്കെടുക്കുകയും ‘സർജന്റ്’ റാങ്കിലേയ്ക്ക് പ്രമോഷൻ ലഭിക്കുകയും ചെയ്തു. അതോടൊപ്പം സ്കൂളിലെ സീനിയർ കേഡറ്റ് ആയി മാറുകയും ചെയ്തു.

കൂട്ടുകാരന്റെ വീട്ടിൽ നിന്നും ചിരട്ട കത്തിച്ച് ചൂടാക്കാവുന്ന ഇസ്തിരിപ്പെട്ടി കൊണ്ടുവന്ന് കഞ്ഞി മുക്കിയ വടിപോലുള്ള കാക്കി യൂണിഫോമിനെ ശരീരത്തിലണിയാവുന്ന തരത്തിലാക്കുന്നത് കുട്ടിയായ എനിക്ക് ഒരിക്കലും ബുദ്ധിമുട്ടായിരുന്നില്ല. കോളേജ് തലത്തിലെത്തിയതോടെ യൂണിഫോമിനോടുള്ള അഭിനിവേശം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. സയൻസ് ഗ്രൂപ്പ് ആയതിനാൽ എൻ.സി.സിയിൽ ചേരേണ്ട എന്ന കർശന നിർദ്ദേശം വീട്ടിൽ നിന്നും ഉണ്ടായിരുന്നു. ഒട്ടും വകവെച്ചില്ല. സീനിയർ ഡിവിഷനിൽ ചേരുകയും കുറേ ക്യാന്പുകളിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ ഒരാഗ്രഹം മാത്രം സഫലമായില്ല. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേ‍‍‍‍ഡിൽ പങ്കെടുക്കുക എന്ന സ്വപ്നം അവശേഷിച്ചു. പഠനത്തിനോടൊപ്പം വിവിധ സേനകളിലേയ്ക്കുള്ള റിക്രൂട്ടുമെന്റിലും പങ്കെടുത്തു. അങ്ങിനെ 18 വയസ് തികയുന്നതിന് മുന്പെ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നെ തേടിയെത്തി. അങ്ങിനെ ഞാനും ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഭാഗമായി ജീവിതം തുടങ്ങി. കഷ്ടതകൾ ചെറുപ്പത്തിലെ അനുഭവിച്ചറിഞ്ഞതു കാരണം സർവ്വീസിലെ പുകിലുകളൊന്നും എന്നെ അലട്ടിയിരുന്നില്ല. റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുക എന്നൊരു സ്വപ്നം അപ്പോഴും മനസിൽ ചാഞ്ചാടി കൊണ്ടിരുന്നു. 16 നവംബർ 1996 എന്ന ദിവസത്തിൽ ഡൽഹിയിലേയ്ക്കുള്ള രാജധാനി എക്സ്പ്രസ് യാത്ര അതിനുള്ള തുടക്കം കുറിച്ചു.

റിപ്പബ്ലിക് പരേ‍ഡ് ക്യാന്പിലെ താമസം വിചാരിച്ചതിലും കഠിനമായിരുന്നു. ഏകദേശം 175 പേരടങ്ങുന്ന സൈനികരുടെ താമസം നോയിഡയിൽ താൽക്കാലിക ടെന്റുകളിൽ ആയിരുന്നു. ജീവിതത്തിൽ ഇത്രയും ബുദ്ധിമുട്ട് നിറഞ്ഞ സമയം ഉണ്ടായിട്ടില്ല. തണുത്തുറഞ്ഞ പുലർക്കാലങ്ങളിൽ മൂന്ന് മണിക്ക് തന്നെ എഴുന്നേൽക്കണം. റോഡുകൾ സജീവമാകുന്നതിന് മുന്പെ പരേ‍‍‍‍ഡിൽ റിഹേഴ്സൽ തീർന്നിരിക്കണം. ഓരോ നിമിഷങ്ങളും വിലപ്പെട്ടവയാണ്. മാനുഷിക പരിഗണന വെച്ച് ഒന്നു പുറത്ത് പോകാൻ പോലും അനുമതിയില്ല. ഒപ്പം വട്ടുപിടിച്ച ഒരു ഓഫീസറും. എല്ലാം സഹിച്ച് നീണ്ട മൂന്ന് മാസത്തെ പരിശീലനം. അതിനിടയ്ക്ക് പുറത്ത് പോയത് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. പക്ഷെ ഇവയൊന്നും അവിടെയുള്ള അംഗങ്ങളുടെ മനോനിലയെ തകർക്കാൻ കഴിഞ്ഞിരുന്നില്ല. മെഡിക്കൽ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുക എന്നതായിരുന്നു അവിടെയുള്ള ഓരോരുത്തരുടെയും ഏറ്റവും വലിയ ചലഞ്ച്.

അങ്ങിനെ ഞാൻ കാത്തിരുന്ന ആ ദിനം വന്നെത്തി. 26 ജനുവരി 1997. പുലർച്ചെ നാല് മണിയോടെ കുളിച്ച് യൂണിഫോം അണിഞ്ഞ് ഞങ്ങൾ രാജ്പത്തിലേയ്ക്ക് യാത്രയായി. ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സ്വപ്ന സാഫല്യത്തിന് ചിറക് മുളച്ച് പറന്നുയരുവാൻ തയ്യാറായി നിൽക്കുന്ന മനസുമായി അവസാനത്തെ യാത്ര. നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും മാഞ്ഞുപോകാത്ത ഓർമ്മകൾ. രാജ്പത്തിൽ വിവിധ യൂണിഫോമുകളിൽ ആയിരക്കണക്കിന് സൈനികർ, എൻ.സി.സി കേഡറ്റുകൾ, വിമുക്തഭടന്മാർ.... ലോകത്തിന് മുന്പിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശക്തി കാണിക്കാൻ തയ്യാറായി നിൽക്കന്നു. മൂന്ന് മണിക്കൂറോളം ഞങ്ങളുടെ പ്ലാറ്റൂണിന്റെ ഊഴവും കാത്ത് ഒരേ നിൽപ്പ്. വിശപ്പും ക്ഷീണവും ഒട്ടും അലട്ടിയിരുന്നില്ല. ചിന്ത മുഴുവനും വരാൻ പോകുന്ന അസുലഭ നിമിഷങ്ങളെ കുറിച്ചായിരുന്നു. അതെ, ഞാൻ സ്വപ്നങ്ങളിൽ സഞ്ചരിക്കുകയായിരുന്നു. ചെറുപ്പത്തിൽ കണ്ട സ്വപ്നം സാഫല്യമാകാൻ പോകുന്നതിന്റെ ഒരു തരം ത്രിൽ.

അങ്ങിനെ ഞങ്ങളുടെ പ്ലാറ്റൂണിന്റെ മാർച്ച്പാസ്റ്റിനുള്ള കമാൻഡ് വന്നു. എന്റെ സ്ഥാനം പ്ലാറ്റൂണിൽ ഇടതുവശത്ത് മുൻഭാഗത്തായി ഒന്നാമതായിരുന്നു. അതുകാരണം ചുറ്റും നടക്കുന്നത് കൺകോണുകളിലൂടെ വളരെ കൃത്യമായി കാണാൻ കഴിഞ്ഞിരുന്നു. ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥ ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് ചെയ്യുന്ന നൂറ്റി അന്പത് സൈനികരുടെയും മനസും ശരീരവും അച്ചിലിട്ട ഒരു മെഷീൻ പോലെ മൂന്നോട്ട് നീങ്ങുന്ന അതിമനോഹരമായ കാഴ്ച കൺകോണുകളിലൂടെ ഞാൻ കണ്ടു. നൂറ്റി അന്പത് പേ‍ർ ഒരൊറ്റ ആത്മാവായി ഒരേസമയം രാഷ്ട്രപതിക്ക് നൽകുന്ന അതിമനോഹരമായ സല്യൂട്ട്. എല്ലിൽ തുളച്ച് കയറുന്ന തണുപ്പിൽ ശരീരത്തിന്റെ ഊഴ്മാവ് ഉയർന്ന് കൊണ്ടേയിരുന്നു.

റോഡിൽ ഇരുവശത്തും നിൽക്കുന്ന കാണികൾ, മാർച്ച് ചെയ്യുന്ന സൈനികരുടെ കാൽ തൊട്ട് വന്ദിക്കുകയും ശരീരത്തിലേയ്ക്ക് പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നെഞ്ച് അഭിമാനം കൊണ്ട് ഹിമാലയ പർവ്വതം പോലെ ആയി നിൽക്കുന്ന ഒരു അവസ്ഥ. മനസിൽ എന്നോ കുറിച്ചിട്ട മോഹം അതിന്റെ പര്യവസാനത്തിലേയ്ക്ക് നടന്നടുക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. രാജ്പത്തിൽ നിന്നും തുടങ്ങി ചെങ്കോട്ടയിൽ അവസാനിക്കുന്ന ഏകദേശം 14 കിലോമീറ്റർ എങ്ങിനെ കടന്നുപോയി എന്നതു കൂടി അറിയാൻ പറ്റാത്ത അവസ്ഥ മനോഹരമായി തന്നെ അവശേഷിക്കുന്നു.

ഇന്നും ജനുവരി 26 എന്ന ദിവസം വരുന്പോൾ ആ ഓർമ്മകൾ എന്നെ തഴുകി കൊണ്ടേയിരിക്കുന്നു. പ്രവാസ ജീവിതത്തിലും മനസ് മുഴുവനും അവിടെയുള്ള ഓരോ മൺതരിയും ഉടക്കി നിൽക്കുന്നു.

“നിങ്ങൾ സ്വപ്നം കാണുക.....

ഒരിക്കൽ അത് നിങ്ങളെ തേടിയെത്തും.”

ജയ്ഹിന്ദ്

You might also like

Most Viewed