റിപ്പബ്ലിക്ക് ദിനാശംസകൾ...
അലോക് കുമാർ സിൻഹ ഇന്ത്യൻ അംബാസിഡർ, ബഹ്റൈൻ
പ്രിയരെ,
അറുപത്തിഒന്പതാം റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഹൃദയംഗമമായ ആശംസകൾ. ജനങ്ങളുടെ പങ്കാളിത്തത്തെ മുൻ നിർത്തി കൊണ്ടുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ ഊർജ്ജസ്വലമായ ഇടപെടലുകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്. ഇന്ത്യയുടെ ബിസിനസ് മേഖല ഇന്ന് ലോക വ്യാപകമായി ശ്രദ്ധപിടിച്ചു കഴിഞ്ഞു. ഇന്ത്യ എടുത്ത ചരിത്ര പ്രധാനമായ തീരുമാനങ്ങൾ ഇന്ത്യയെ ആദ്യത്തെ ഡിജിറ്റൽ എക്കണോമി എന്ന ആശയവും, ഏകീകൃത മൂല്യവർദ്ധിത നികുതിയും കൈവരിക്കാൻ സഹായിച്ചു. അതുപോലെ തന്നെ സ്പഷ്ടമായ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പോളിസിയും ഇന്ത്യയുടെ വളർച്ചയെ സുസ്ഥിരപ്പെടുത്തി. 2017ൽ ബിസിനസ് രംഗത്ത് ലോകരാജ്യങ്ങളിൽ ഇന്ത്യ മുപ്പതാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വികസനക്കുതിപ്പ് തന്നെയാണ് ഇത്. മുൻകാലങ്ങളെക്കാൾ വേഗത്തിൽ ഇന്ത്യയിൽ ആർക്കും ഒരു ബിസിനസ് സംരംഭം കൊണ്ടുവരാൻ ഇപ്പോൾ സാധിക്കും. വേൾഡ് എക്കണോമിക് ഔട്ട് ലുക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2018ൽ 7.4 ശതമാനത്തിൽ എത്തും. 2019ൽ ഇത് 7.8 ശതമാനമായി വർദ്ധിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും ഉയർന്ന ജി.ഡി.പി വളർച്ച നിരക്ക് കൈവരിക്കും.
ഇന്ത്യയുടെ പുരാതന ചരിത്രത്തിലെ സിന്ധുനദി തട സംസ്കാര കാലഘട്ടം മുതൽക്ക് തന്നെ ബഹ്റൈനിലെ പുരാതന സംസ്കാരമായ ദിലുമൺ സംസ്കാരവുമായി ഉറ്റ ബന്ധം നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകളായിട്ടുള്ള ഈ ബന്ധം ഇന്നും ദൃഢമായി തന്നെ തുടരുന്നു. രണ്ട് രാജ്യങ്ങളിലെയും ഊർജ്ജസ്വലരായ നേതാക്കളുടെ കീഴിൽ എല്ലാ മേഖലയിലും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകഷി ബന്ധവും നല്ല രീതിയിലാണ് പിന്തുടർന്ന് പോകുന്നത്. 2016നെ അപേക്ഷിച്ച് 20 ശതമാനം വളർച്ച ഇരു രാജ്യങ്ങളിലുമുള്ള വ്യാപാരമേഖലയിൽ കൈവരിക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ വ്യാപാര നിക്ഷേപ മേഖലയെ വളരെ ആത്മവിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മള ബന്ധത്തെ ഊട്ടിയുറപ്പിക്കാൻ റിപ്പബ്ലിക്ക് ദിനം പോലെയുള്ള അവസരങ്ങൾ നമ്മെ സഹായിക്കുന്നു. ഏവർക്കും ഒരിക്കൽ കൂടി റിപ്പബ്ലിക്ക് ദിനത്തിന്റെ ആശംസകൾ നേരുന്നു.