പെട്രോൾ വിലയും ജനങ്ങളും
ഇ.പി അനിൽ
ഒരു വസ്തുവിന്‍റെ വില അതിന്‍റെ ഉൽപ്പാദന ചിലവായിരിക്കും തീരുമാനിക്കുക എന്നത് ഒരു സാമാന്യ ധരണയാണ്. എന്നാൽ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ അങ്ങനെയല്ല എന്നറിയുവാൻ പെട്രോളിയം വിലയെ മാത്രം പരിശോധിച്ചാൽ മതിയാകും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ബാരലിന് 147ൽ നിന്നും 50 ഡോളർ ആയി ചുരുങ്ങിയപ്പോൾ പെട്രോൾ, ഡീസൽ വിലയിൽ മൂന്നിലൊന്ന് കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കുക സാമാന്യ യുക്തിയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് മറിച്ചുള്ള കാര്യങ്ങൾ സംഭവിക്കുന്നു.
ഇന്ത്യൻ സർക്കാരുകളിൽ ചിലർക്കെങ്കിലും അധികാരത്തിൽ നിന്നും പുറത്ത് പോകുവാൻ പെട്രോൾ വിലയുടെ വർദ്‍ധനവ് അവസരം ഒരുക്കിയിട്ടുണ്ട്. മറ്റ് ചിലരെ ഭരണത്തിൽ പിടിച്ചു നിർത്തുവാൻ സഹായിച്ചത് അന്തർദേശിയമായി പെട്രോൾ വിഭവങ്ങൾക്ക് ലഭിച്ച വിലയിടിവായിരുന്നു. ലോകത്ത് ഏറ്റവും വലിയ ഊഹ വിപണിയുടെ സ്വാധീനത്തിൽ ഉൽപ്പാദക രാജ്യങ്ങളെ നോക്കുകുത്തിയാക്കി സിംഗപ്പൂർ ഊഹ വിപണിയിൽ പെട്രോളിയവുമായി ബന്ധപ്പെട്ട് നടക്കുന്ന വിലപേശലുകൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ ബോധ്യപ്പെടും. പെട്രോൾ ഉൽപ്പാദന രാജ്യങ്ങൾ (OPEC) ഉണ്ടാക്കിയ സംഘനകൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ചില സമയങ്ങൾ ഒഴിച്ച് നിർത്തിയാൽ അവർ നിസ്സയഹരാണ് എന്ന് കാണാം.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ധനം വിൽപ്പന നടത്തുവാൻ സർക്കാർ തന്നെ നമ്മുടെ രാജ്യത്ത് തയ്യാറായത് ന്യായവും യുക്തവും ജനസേവനം ലക്ഷ്യം വെച്ചുള്ളതുമായ വാഹന ഇന്ധന വിപണനം നാട്ടിൽ നടക്കണം എന്നതിനാലാണ്. ബർമ്മാ ഷെല്ലും കാൽട്രകസ്സും ബ്രിട്ടിഷ് പെട്രോളിയവും ലോകത്താകെ നടത്തിയ ചൂഷണങ്ങൾ കുപ്രസിദ്ധമാണ്. 70കളിലെ ഇന്ത്യാപാക് യുദ്ധ മുഖത്ത് ഇന്ത്യയുടെ ഇന്ധന ലഭ്യതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുവാൻ ബഹുരാഷ്ട്ര കുത്തകകൾ ശ്രമിച്ചു എന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ 1948ൽ ആരംഭിച്ച ദേശസാൽക്കരണം 1976 കൊണ്ട് പൂർത്തീകരിച്ചു. അങ്ങനെ 1980കളോടെ ഇന്ത്യൻ ഇന്ധന രംഗം 100% സർക്കാർ ഉടമസ്ഥതയിൽ എത്തി. വിദേശരംഗത്ത് നിന്നും വാങ്ങുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് വിതരണം ചെയ്യുക മാത്രമല്ല, ഭാരം കൊണ്ട് പോകുന്ന വാഹനങ്ങൾക്കും കൃഷി ഇടങ്ങളിൽ ഉപയോഗിക്കുന്ന ട്രാക്റ്റർ തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്ന ഇന്ധനങ്ങൾ (ഡീസൽ, മണ്ണെണ്ണ) കൂടുതൽ വില കുറച്ച് ലഭ്യമാക്കുവാൻ സർക്കാർ ശ്രദ്ധിച്ചു വന്നു. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കേണ്ട നടപടികൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കെ ജനങ്ങൾക്ക് പ്രതികൂല അനുഭവം ഉണ്ടാകുമെങ്കിൽ അതിന്‍റെ യുക്തിയെ എങ്ങനെയാണ് ജനം അംഗീകരിക്കേണ്ടത്?
ഇന്ത്യ പ്രതിവർഷം 10 ലക്ഷം കോടി രൂപ പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി ചിലവാക്കുന്നു. വിലക്കയറ്റത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ കച്ചവടം Prize Control systemൽ ആണ് പ്രവർത്തിച്ചു വന്നത്. വിലകൾ സർക്കാർ തീരുമാനിക്കുകയും വേണ്ട സമയത്ത് കൂടുതൽ സബ്സിഡികൾ നൽകി ഇന്ധനങ്ങളുടെ വില നിയന്ത്രിച്ചു വന്നിരുന്നു. ചൂതാട്ടത്തിന്‍റെ വിപണയിൽ കയറി ഇന്ത്യയ്ക്ക് അനുകൂലമായി പെട്രോളിയം വിലകൾ തിരിച്ചുവിടവാനുള്ള കരുത്ത് ഇന്ത്യൻ സർക്കാരിന് ഇല്ല എന്നിരിക്കെ നമ്മുടെ സുരക്ഷയ്ക്കായി സർക്കാരിന് ചെയ്യുവാൻ കഴിയുന്ന പ്രധാനകാര്യം അഭ്യന്തര ഖനനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നതാണ്. ലോകത്തെ വന്പൻ കന്പനികൾ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നമ്മുടെ ONGC മറ്റ് രാജ്യങ്ങളെക്കാൾ ചിലവ് കുറച്ച് എണ്ണ ഖനനവും ശുദ്ധീകരണവും നടത്തുന്നു. ബോംബെ ഹൈയ്യിലും ആസാം പ്രദേശത്തും കൃഷണ−ഗോദാവരി തടത്തിലും വന്പൻ ശേഖരങ്ങൾ കണ്ടുപിടിച്ച് രാജ്യത്തെ സ്വയം പര്യാപത്തതയിൽ എത്തിക്കുവാൻ വിജയകരമായി പ്രവർത്തിച്ചു വന്നു. അതിന്‍റെ നല്ല വാർത്തകൾ ഏറ്റവും കൂടുതൽ ഉണ്ടായത് 1980കാലത്താണ്. എന്നാൽ 1991 മുതൽ ONGC കണ്ടെത്തിയ എണ്ണ ശേഖരങ്ങൾ ഓരോന്നായി സ്വകര്യ കുത്തകകൾക്ക് കൈമാറി. പുതിയ കിണറുകൾ കണ്ടെത്തുവാൻ താൽപര്യം കാണിക്കാത്ത കന്പനികൾ സർക്കാർ കണ്ടെത്തിയ കിണറുകളിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വൻ ലാഭത്തിന് വിറ്റുവരുന്നു. ഒപ്പം പ്രവർത്തനത്തിലും മറ്റും വന്പൻ കൃത്രിമം കാട്ടിയ നിരവധി വാർത്തകൾ നമുക്കിവിടെ ലഭ്യമാണ്. KG തടത്തിൽ നിന്നും പൊതു മേഖലയുടെ 25000 കോടി രൂപ വിലവരുന്ന എണ്ണ റിലയൻസ് ചോർത്തിയ സംഭവം അവയിൽ ഒന്നാണ്. രാജ്യത്തെ പെട്രോൾ ഉപഭോഗം അനിയന്ത്രിതമായി കൂടി വരുകയും അതിനായി കൂടുതൽ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുവാൻ സർക്കാർ നിർബന്ധിതമായി. ഒപ്പം സ്വകര്യ സ്ഥാപനങ്ങൾക്ക് എണ്ണയുടെ വിപണനവും മറ്റും നിയന്ത്രിക്കുവാൻ അവസരങ്ങൾ തുറന്നു കിട്ടിയതോടെ ഇന്ത്യൻ എണ്ണ വിപണി സർക്കാർ നിയന്ത്രണങ്ങൾക്ക് പുറത്തായി. അത് എങ്ങനെയാണ് ഇന്ത്യൻ ജനതയെ ഇന്ന് ബാധിച്ചുകൊണ്ടിരിക്കുന്നത് എന്ന്‍ അറിയാത്തവരായി ആരും ഇല്ല.
എല്ലാം വിപണി തീരുമാനിക്കട്ടെ എന്ന ആഗോള മുതലാളിത്ത മുദ്രാവാക്യം പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ സർക്കാർ നടപ്പിൽ വരുത്തിയിരുന്നു എങ്കിൽ സ്വഭാവികമായും സർക്കാരിന് പെട്രോൾ ഉൽപ്പനത്തിൽ നികുതികൾ ഒഴിവാക്കുവാൻ ബാധ്യതയുണ്ട് എന്ന് പറയാൻ കഴിയും. വിപണി വില തീരുമാനിക്കുകയും സർക്കാറിന് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് പറഞ്ഞാൽ പിന്നെ നികുതിയും അസാധാരണ നികുതിയും മറ്റും എന്തിന് എന്ന ചോദ്യത്തെ തള്ളികളയുവാൻ കഴിയുകയില്ല. രാജ്യത്താകെ ഒരു നികുതി (പരോക്ഷ നികുതികൾ) എന്ന ധാരണയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ GSTയ്ക്ക് പ്രധാനമായി 5 സ്ലാബുകൾ ഉള്ളതായി നമുക്ക് അറിയാം. അതിൽ ഏറ്റവും കൂടുതൽ വരുന്ന 28% GST ആണെന്നിരിക്കെ എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് പെട്രോൾ ഉൽപ്പന്നങ്ങൾക്ക് യഥാർത്ഥ വിലയുടെ ഇരട്ടിയിൽ അധികം ജനങ്ങൾ കൊടുക്കേണ്ടിവരുന്നത്? GST സങ്കൽപ്പങ്ങൾക്ക് തന്നെ വില കൽപ്പിക്കാത്ത ഈ തീരുമാനം തുടരുന്നതിൽ സംസ്ഥാന സർക്കാരുകളും ശക്തമായ വിയോജിപ്പ് ഉന്നയിക്കുവാൻ ശ്രമിക്കുന്നില്ല. ഇവിടെയാണ് കേന്ദ്ര പ്രാദേശിക സർക്കാരുകളുടെ നിലപാടുകൾ ജനവിരുദ്ധമായി പ്രവർത്തിക്കുന്നത്. നികുതി പിരിവിലൂടെ സർക്കാർ പണം കണ്ടെത്തുവാൻ പെട്രോൾ നികുതികളിലൂടെ ലക്ഷ്യം വെയ്ക്കുന്പോൾ വിലക്കയറ്റത്തിന് പ്രധാന കാരണമായ പെട്രോൾ വില വർദ്‍ധിക്കുന്നു എന്ന് ഓർക്കുവാൻ എന്തുകൊണ്ട് അധികാരികൾ ശ്രദ്ധിക്കുന്നില്ല.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പ്രകടമായി സാധരണ ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്ന് ഏവർക്കും അറിയാം. എണ്ണയുടെ അമിതമായ ഇറക്കുമതി രാജ്യത്തെ വ്യാപാര കമ്മി ഉണ്ടാക്കി നമ്മുടെ സാന്പത്തിക രംഗത്തെ പുറകോട്ടടിക്കും എന്നൊരു ഭീതിയും സർക്കാർ പങ്കു വെയ്ക്കുന്നില്ല മാത്രവുമല്ല ലോകത്താകെ സ്വകാര്യ വാഹനങ്ങൾക്ക് എതിരായ വികാരം വളരുന്ന യഥാർത്ഥ്യത്തെ സർക്കാർ മറക്കുന്നു. അമേരിക്കയിൽ നിലവിലെ പന്പുകൾ അടയ്ക്കുന്നു. സ്വകാര്യ കന്പനികളുടെ കച്ചവടം യുറോപ്പിലും അമേരിക്കയിലും കൂപ്പുകുത്തുന്നു. എന്നാൽ ഇതൊന്നും ഇന്ത്യൻ വാഹന വിപണിയിലും പെട്രോളിയം വിപണിയിലും പ്രതിഫലിക്കുന്നില്ല.
prize control system നിലവിൽ ഉണ്ടായിരുന്ന കാലത്ത് വില നിയന്ത്രിക്കുവാനായി കേന്ദ്ര സർക്കാർ പെട്രോളിയം വകുപ്പിന് സബ്സിഡികൾ നൽകി വന്നു. എന്നാൽ പെട്രോൾ വിഭങ്ങളുടെ വില മാർക്കറ്റ് തീരുമാനിക്കട്ടെ എന്ന തീരുമാനം മൻമോഹൻ സിങ്ങും പിൽകാലത്ത് മോഡിയും നടപ്പിൽ കൊണ്ടു വന്നപ്പോൾ (ഡീസൽ വിലയുടെ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു) സബ്സിഡിയുടെ ചിലവ് ചുരുക്കലിലൂടെ കേന്ദ്രത്തിന് വലിയ തുകകൾ ലാഭിക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ ലാഭം ഇതുവഴി കേന്ദ്രത്തിന് ഉണ്ടായി. ഒപ്പം എക്സൈസ് ഡ്യൂട്ടിയിൽ മൂന്ന് ലക്ഷം കോടി രൂപ അധികമായി സംഭരിക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 3−4 വർഷത്തിനിടെ കേന്ദ്ര സർക്കാരിന് ക്രൂഡ് പെട്രോളിയത്തിന്‍റെ വിലക്കുറവിലൂടെ ആറ് ലക്ഷം കോടിയുടെ ലാഭം ഉണ്ടായി എന്നർത്‍ഥം. സംസ്ഥാനങ്ങൾ കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച് ഏകദേശം 60000 കോടി അധികമായി പിരിച്ചെടുത്തു. ചുരുക്കത്തിൽ കേന്ദ്ര സർക്കാർ വലിയ തോതിലും സംസ്ഥാന സർക്കാരുകൾ അവർക്ക് കഴിയാവുന്ന തരത്തിലും ജനങ്ങളെ പെട്രോൾ ഉൽപ്പന്നങ്ങളുടെ മറവിൽ കൂടുതൽ ചൂഷണം ചെയ്യുവാൻ മടിച്ചില്ല. കേന്ദ്രവും സംസ്ഥാനവും കൂടി 50 രൂപയിൽ അധികം നികുതി പെട്രോൾ ഉൽപ്പന്നങ്ങളിൽ നിന്നും പിരിച്ചെടുക്കുവാൻ പറയുന്ന ന്യായങ്ങൾ വിചിത്രമാണ്. അതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൃപ്തരല്ല. 2014ലെ എക്സൈസ് നികുതി 11 രൂപയിൽ നിന്നും 21 രൂപയാക്കി കേന്ദ്രം ഉയർത്തിയപ്പോൾ സംസ്ഥാനങ്ങളും പരമാവധി അതേ മാർഗ്ഗം തന്നെ അവലംബിക്കുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും ചന്ത തീരുമാനിക്കട്ടെ, സർക്കാർ പട്ടാളത്തെയും പോലീസിനെയും നിരത്തി സന്പന്നരുടെ പദ്ധതികൾക്ക് ജനങ്ങളിൽ നിന്നും സംരക്ഷണം നൽകട്ടെ എന്ന് പറയുന്ന ആഗോളവത്കരണം ഇന്ത്യയിൽ പെട്രോൾ വിൽപ്പനയുടെ മറവിൽ ജനങ്ങളെ പിഴിയുകയാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ പേരിൽ സർക്കാർ നടത്തുന്ന കൊള്ളയും അതിന് ഭരണ കക്ഷികൾ നിരത്തുന്ന ന്യായങ്ങളും അവരുടെ കാപട്യത്തെ തുറന്ന് കാട്ടുന്നു. മൻമോഹൻ നടപ്പിൽ വരുത്തിയ ആഗോളവൽക്കരണ നടപടികളോടുള്ള ജനങ്ങളുടെ പ്രതിക്ഷേധമാണ് BJPയെ അധികാരത്തിൽ എത്തിച്ചത്. മൻമോഹൻസിംഗ് ഭരിച്ച കാലത്ത് എണ്ണയ്ക്ക് (2011) 160 ഡോളർ വരെ വില ഉണ്ടായിരുന്നു. 2014 വരെയുള്ള മൻമോഹൻ ഭരണ കാലത്ത് ശരാശരി വില 140 ഡോളർ. 2014ന്ശേഷം വില 60 ഡോളറിൽ താഴെ എത്തി. രാജ്യാന്തര വിപണിയിൽ 2010−14 കാലത്ത് പെട്രോളിയം വില ഇരട്ടി കൂടിയപ്പോൾ ഇന്ത്യയിലും പെട്രോൾ വില ഇരട്ടിയായി. (45 രൂപയിൽ നിന്നും 80 രൂപ ). 2014ന് ശേഷം വില പകുതിയിലും താഴ്ന്നു. എന്നാൽ 160 ഡോളർ വിലയുണ്ടായപ്പോൾ നമ്മൾ വാങ്ങിവന്ന പെട്രോൾ, അസംസ്കൃത എണ്ണയ്ക്ക് 55 ഡോളറായി വില താണപ്പോൾ 74 രൂപക്ക് വങ്ങേണ്ടി വന്നു. ചെറിയ വില കയറ്റം ക്രൂഡ് ഓയിലിന് ഉണ്ടായപ്പോൾ പെട്രോൾ വില 80ലെത്തി എന്നതാണ് വസ്തുത.
നമ്മുടെ രാജ്യത്തെ പ്രതിവർഷ നികുതി വരുമാനം 15 ലക്ഷം കോടിക്കടുതാണ്. അതിൽ പരോക്ഷ നികുതി പങ്കാളിത്തം 63.3%. പ്രത്യക്ഷ നികുതി കേവലം 37.7%. ലോകത്തെ ഏറ്റവും കുറവ് നികുതി −GDP അനുപാതമുള്ള മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (17.7). മറ്റുള്ളവർ മെക്സിക്കോയും ഇന്തോനേഷ്യയും. നമ്മുടെ അനുപാതം 65ൽ 10.4 നിന്നും 91ൽ 16ഉം ഇന്നത് 17.7%. പരോക്ഷ നികുതിയിൽ കഴിഞ്ഞ നാളിൽ 41% വർദ്ധന ഉണ്ടായപ്പോൾ പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ നിരന്തരം കുറവ് വരുന്നു. കഴിഞ്ഞ വർഷം മാത്രം നികുതിയിലെ ഇളവുകൾ നിരവധി ലക്ഷം കോടികൾ ആയിരുന്നു. ഇന്ത്യൻ സർക്കാരിന്‍റെ നികുതി പിരിവിലെ കള്ളകളി മനസ്സിലാക്കുവാൻ മറ്റ് രാജ്യങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നത് സഹായകരമാകും. അമേരിക്കയിൽ നികുതി −GDP അനുപാതം 75%, സൗത്ത് ആഫ്രിക്ക− 57, റഷ്യ 44% ഇത് സൂചിപ്പിക്കുന്നത് നമ്മൾ നികുതി വിഷയത്തിൽ അനാരോഗ്യ നിലപാടുകൾ തുടരുന്നു. ഈ നിലപാടുകൾ property ടാക്സിലും (ഇന്ത്യ 0.47, ഫ്രാൻസ് 4.3) wealth ടാക്സിലും പ്രകടമാണ്. (ഇന്ത്യ 0.007, ഫ്രാൻസ് 0.89). ഇതിനർത്ഥം നാട്ടുകാർ നികുതി കൊടുക്കുന്നില്ല എന്നല്ല. ഇവിടെ സർക്കാർ പണക്കാരെ നികുതി ഘടനയിൽ നിന്നും പരമാവധി മാറ്റിനിർത്തുകയും നികുതിയിലൂടെ ജനം വലയുന്പോൾ സന്പന്നരെ നികുതിയിൽ നിന്നും മാറ്റിനിർത്തുന്നു. സർക്കാർ കണക്കുകൾ തന്നെ സമ്മതിക്കുന്ന കാര്യം ഇന്ത്യയിലെ 78 കോടി മുതിർന്നവരിൽ 2.9കോടി ജനങ്ങൾ മാത്രം നികുതി ഘടനയിൽ വരുന്നു എന്നാണ്. ഒരുകോടി രൂപയിൽ അധികം വരുമാനം ഉള്ളവരായികണ്ട് സർക്കാരിന് നികുതി കൊടുത്തവർ 18350 പേർ മാത്രം. 50 കോടിക്ക് മുകളിൽ വരുമാനം ഉണ്ട് എന്ന പറയുന്ന പണക്കാർ വിരലിൽ എണ്ണാവുന്നവാർ മാത്രം. 100 കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ഒരാൾ മാത്രമാണ് എന്ന് കണക്കുകൾ പറയുന്നു. പ്രത്യക്ഷ നികുതി കൊടുക്കുന്നവർ 3 ശതമാനക്കാരണെങ്കിൽ ഇന്ത്യയിലെ കോടീശ്വരന്മാർ ഇംഗ്ലീഷ് −രാജ്യത്തിലും കൂടുതലാണ്. ഇന്ത്യൻ ബില്ല്യനേഴ്സ്ന്‍റെ ശരാശരി സ്വത്ത് ചൈനക്കാരായ ബില്ല്യനേഴ്‍സിന്‍റെ നാലിരട്ടിയിലധികം വരും. ഇന്ത്യൻ ജനങ്ങളിൽ 5% വരുമാനക്കാർ അമേരിക്കൻ സമൂഹത്തിലെ ഉപരിവർഗ്‍ഗത്തിനെ കിടപിടിക്കുന്ന തരത്തിൽ സാന്പത്തിക വ്യവഹാരം നടത്തുന്നവരാണ്. (ഇന്ത്യൻ ജനസംഖ്യയിൽ 5% എന്നാൽ 7 കോടി ആളുകൾ). ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ വരുമാനം പ്രതിമാസം 5000 രൂപയും 93 ശതമാനം ജനങ്ങളുടെ ആസ്തി (വരുമാനമല്ല) 10000 ഡോളർ=6.5 ലക്ഷത്തിൽ കുറവുമാണ്. എന്നാൽ കാർ വിപണി മാത്രം പഠിച്ചാൽ സന്പന്നരുടെ പണക്കൊഴുപ്പ് മനസ്സിലാകും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകളുടെ ഇന്ത്യയിലെ കച്ചവടം മാത്രം പരിശോധിച്ചാൽ ഇത് വ്യക്തം. 38 കോടി വിലയുള്ള ബുഗാട്ടിയും 6.5 കോടി വിലയുള്ള റോൾസ് റോയ്സും ലാംബോർജിനിയും തുടങ്ങിയ കാറുകളുടെ കച്ചവടം പൊടിപൊടിക്കുന്ന രാജ്യത്ത് കൊടിശ്വരന്മാരുടെ കീശകളിൽ നിന്നും നികുതി പിരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറല്ല. രാജ്യത്തെ നികുതി പിരിവ് മെച്ചപ്പെടുത്തിയാൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം കോടിയുടെ വരുമാന വർദ്ധനവ് പ്രതിവർഷം കണ്ടെത്തുവാൻ നമ്മുക്ക് കഴിയും. (രാജ്യത്തിന് ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന മറ്റൊരു 250 ലക്ഷം കോടി രൂപ നിഷ്ക്രിയമായി കിടക്കുന്നു എന്നുകൂടി ഓർമ്മിക്കുക). നമ്മുടെ ഷയർ മാർക്കറ്റിൽ പ്രതിവർഷം 50 ലക്ഷം കോടി രൂപയുടെ ലാഭം ഉണ്ടാകുന്നു എന്ന്‍ സർക്കാർ സമ്മതിക്കുന്നു. എന്നാൽ ആ രംഗത്തു നിന്നും എത്ര തുക സർക്കാരിന് കിട്ടുന്നു എന്ന്‍ സർക്കാർ വ്യക്തമാക്കുന്നില്ല.
നാളിതു വരെയില്ലാത്ത തരത്തിൽ ഏറ്റവും വലിയ സാന്പത്തിക കേന്ദ്രീകരണം നമ്മുടെ നാട്ടിൽ നടന്നു വരുകയാണ്. 73% സ്വത്തും ഒരു ശതമാനം ആളുകളിൽ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ ഒരു ശതമാനം പണക്കാരുടെ വരുമാനത്തിൽ 20 ലക്ഷം കോടിയുടെ വർദ്ധനവ് ഉണ്ടായതായി ഓകസ്ഫാം റിപ്പോർട്ട് ചെയ്തു. ലോകത്താകെ നടപ്പാക്കി വരുന്ന ആഗോളവൽക്കരണം, സ്വത്തുകളുടെ 82 ശതമാനവും പണക്കാരുടെ കൈകളിൽ കേന്ദ്രീകരിക്കുവാൻ അവസരം ഒരുക്കി. അതേസമയം 67 കോടി ജനങ്ങളുടെ ദാരിദ്ര്യം കൂടുന്നു. ലോകത്തെ ഏറ്റവും വലിയ സ്വത്തിന്‍റെ കേന്ദ്രീകരണം ഇന്ത്യയിൽ നടക്കുന്നു എന്ന റിപ്പോർട്ട് നമ്മുടെ ഭരണ സംവിധാനത്തിന്‍റെ പരാജയത്തെ സൂചിപ്പിക്കുന്നുണ്ട്. ബാങ്കുകൾ കുന്നു കൂടിയിരിക്കുന്ന നിഷ്ക്രിയ ആസ്തി 9.5 ലക്ഷം കോടിക്കടുത്തായി. അതിൽ മുഖ്യപങ്കും കോർപ്പറേറ്റുകൾ നൽകുവാൻ ഉള്ളതാണ് (കിട്ടാകടം).
ഇന്ത്യയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടരുന്ന ആഗോളവൽക്കരണം രാജ്യത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ വിശപ്പിന്‍റെ ദേശിയ സൂചിക വളരെ മോശപ്പെട്ട അവസ്ഥയിൽ തുടരുകയാണ്. മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാന് പിന്നിൽ ആണ്. പെട്രോളിയം ഉൽപ്പന്നങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ വിലക്കയറ്റത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പെട്രോൾ വിഭവങ്ങൾ നികുതികൾ ഒഴിവാക്കി ജനങ്ങൾക്ക് നൽകുകയും പകരം പണക്കാരിൽ നിന്നും മറ്റും പ്രത്യക്ഷ നികുതികൾ പിരിച്ചെടുക്കുകയും സർക്കാർ ധൂർത്ത് കുറച്ച് കൂടുതൽ പണം കണ്ടെത്തുവാനും ജനാധിപത്യ സംവിധാനത്തിൽ വിജയിക്കുന്നില്ല എങ്കിൽ അത്തരം ഒരു സംവിധാനത്തിൽ നിന്നും സാധാരണക്കാർക്ക് എന്താശ്വാസം ആണ് ലഭിക്കുക.?