വേ­ണം, എല്ലാ­വർ­ക്കും പെ­ൻ­ഷൻ!


ജെ. ബിന്ദുരാജ്

രവിയേട്ടൻ എന്നു ഞാൻ വിളിക്കുന്ന രവി എന്ന ദിവസക്കൂലിപ്പണിക്കാരൻ ഒരു അഭിമാനിയാണ്. തന്റെ വിഷമതകളൊന്നും ആരോടും പങ്കുവയ്ക്കാതെ, സ്വയം അനുഭവിച്ചു തീർക്കുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വീട്ടിനു പുറത്തിരുന്ന് പത്രം വായിക്കവേയാണ് പണിക്കായി എത്തിയ രവിയോട് കുടുംബ പെൻഷൻ കിട്ടാത്തതു മൂലം കെഎസ്ആർടിസി ഡ്രൈവറായിരുന്ന മാധവന്റെ വിധവ തങ്കമ്മ ആത്മഹത്യ ചെയ്ത വിവരം ഞാൻ പറയുന്നത്. അഞ്ചു മാസക്കാലമായി കുടുംബപെൻഷൻ മുടങ്ങിയ അവർ ജീവിക്കാൻ നിവൃത്തിയില്ലാതെ ഒരു മുഴം കയറിൽ ജനാലയിൽ തൂങ്ങിമരിക്കുകയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള മകനൊപ്പം തുച്ഛമായ പെൻഷൻ തുകയിൽ ഭർത്താവിന്റെ മരണശേഷം എട്ടു വർഷത്തോളമായി തങ്കമ്മ അരിഷ്ടിച്ച് കഴിയുകയായിരുന്നു. അഞ്ചു മാസമായി പെൻഷൻ കൂടി ലഭിക്കാതെ വന്നതോടെ കടം കയറി, വീട്ടിലെ അടുപ്പ് എരിയാതായതാണ് ഈ ജീവിതം അവസാനിപ്പിക്കാൻ തങ്കമ്മയെ പ്രേരിപ്പിച്ചത്. ഞാൻ ഈ വാർത്ത വായിച്ചു കേൾപ്പിക്കുന്പോൾ രവി നിർന്മേഷനായി എന്നെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു. തന്റെ പരാധീനതകൾ ഒരിക്കലും ആരോടും പങ്കുവയ്ക്കാതിരുന്ന രവി അപ്പോഴാണ് സ്വന്തം ജീവിതം എന്നോട് പറഞ്ഞത്. 

അറുപത്തിയഞ്ചു വയസ്സായി രവിക്ക്. കഴിഞ്ഞ വർഷം മുതൽ സർക്കാരിന്റെ ക്ഷേമപെൻഷനായ 1100 രൂപ ലഭിക്കുന്നുണ്ട്. നാലഞ്ച് മാസം കൂടുന്പോഴാണ് മൂന്നു മാസത്തെ തുക ഒരുമിച്ചു വരുന്നത്. പഴയ പോലെ ആഴ്ചയിൽ മൂന്നു ദിവസം പണിയൊന്നുമില്ല. തൊഴിലുറപ്പ് പദ്ധതിയാണ് എല്ലാ പണിയും ഇല്ലാതാക്കിയത്. ഇപ്പോൾ വർഷത്തിൽ കുറഞ്ഞത് ഇരുപതു ദിവസമേ ജോലിയുള്ളു. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ തൊഴിലെടുത്താൽ ഇപ്പോൾ 750 രൂപയാണ് ദിവസക്കൂലി. പതിനാലു വയസ്സു മുതൽ പാടത്തും പറന്പിലുമൊക്കെ തൊഴിലെടുത്ത് ജീവിച്ചിരുന്ന രവിക്ക് കഴിഞ്ഞ വർഷം തൊഴിൽ ചെയ്ത് കിട്ടിയത് വെറും 18,000 രൂപ മാത്രം. രവിയുടെ മകനും കൂലിപ്പണിക്കാരൻ തന്നെയാണ്. അയാൾക്ക് ആഴ്ചയിൽ മൂന്നു ദിവസം വരെ പണിയുള്ളതുകൊണ്ടും മകനൊപ്പം താമസിക്കുന്നതു കൊണ്ടും മാത്രം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു. ഈ വർഷം മുതൽ സൗജന്യറേഷൻ പദ്ധതിയിലേക്ക് കുടുംബത്തിന്റെ പേരും കടന്നുവന്നതുകൊണ്ട് തൊല്ലൊരാശ്വാസമുണ്ട്. ഒരാൾക്ക് 4 കിലോ അരി വീതം മൂന്നു പേർക്കായി മാസം 12 കിലോ അരി ലഭിക്കും. പക്ഷേ വേറെ ചെലവുകളുണ്ട്. രണ്ടു മാസത്തിൽ വൈദ്യുതി ചാർജായി 600 രൂപയും കുടിവെള്ള നിരക്കായി 42 രൂപയും അടയ്ക്കുന്നുണ്ട്. ദിവസം ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമൊക്കെയായി 300 രൂപയെങ്കിലും വേണമെങ്കിലും ഉള്ളതുകൊണ്ട് ജീവിച്ചുപോകുകയാണ് രവി. ‘തങ്കമ്മ രക്ഷപ്പെട്ടു!’ ഉള്ളു കലങ്ങുന്ന വാക്കോടെ രവി നിർത്തി. 

രവിയെപ്പോലെ ലക്ഷക്കണക്കിനു പേരുണ്ട് കേരളത്തിൽ. അവരിൽ പകുതിപ്പേർക്കു പോലും ക്ഷേമപെൻഷൻ പോലും ലഭിക്കുന്നില്ല. അറുപതു വയസ്സു കഴിഞ്ഞാൽ ക്ഷേമപെൻഷന് അറുപതു വയസ്സായ കർഷകത്തൊഴിലാളികൾക്ക് 1981ൽ കേരള സർക്കാർ അനുവദിച്ച 45 രൂപ പ്രതിമാസ പെൻഷനാണ് പിന്നീട് അറുപതു കഴിഞ്ഞ എല്ലാവർക്കുമായി മാറ്റിയതും മുപ്പതു വർഷത്തോളമായിട്ടും 2016 വരെ പത്ത് ഘട്ടങ്ങളായി കേവലം 400 രൂപയായി വർധിച്ചതും 2017ൽ 1100 രൂപയാക്കി സർക്കാർ ഉയർത്തിയതും. 1981ൽ ഒരു കിലോ അരിക്ക് മൂന്നോ നാലോ രൂപയായിരുന്നുവെങ്കിൽ ഇന്ന് 45 രൂപയായി മാറിയിരിക്കുന്നു. 1981ൽ ആ തുക കൊണ്ട് 14 കിലോ അരി വാങ്ങാനാകുമായിരുന്നുവെങ്കിൽ 2016 വരെ കേവലം 10 കിലോ അരി മാത്രം വാങ്ങാനാകുന്ന അവസ്ഥയിലേക്ക് പാവപ്പെട്ടവന്റെ ജീവിതം വീണു. കുറഞ്ഞപക്ഷം 1100 രൂപയായി ക്ഷേമപെൻഷൻ വർധിപ്പിച്ചതോടെ ഇന്നത്തെ അവസ്ഥയിൽ 25 കിലോ അരിയെങ്കിലും വാങ്ങാനാകുമെന്ന ആശ്വാസമുണ്ട്. പക്ഷേ എത്ര പേർക്ക് ക്ഷേമപെൻഷൻ ലഭിക്കുന്നുവെന്നതാണ് പ്രധാനം. തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യരാണെന്ന് കണ്ടെത്തുന്നവരുടെ വിവരങ്ങളാണ് സാമൂഹ്യനീതി വകുപ്പിന്റെ സേവന പെൻഷൻ സൈറ്റിൽ അവർ ഉൾക്കൊള്ളിക്കുന്നത്. 49.50 ലക്ഷം പേർ സംസ്ഥാനത്ത് നിലവിൽ ക്ഷേമ പെൻഷൻ വാങ്ങുന്നതായാണ് സർക്കാരിന്റെ കണക്കുകൾ. ഈ പട്ടികയിൽ അനർഹരായ പലരും കടന്നു കൂടിയിട്ടുണ്ടെന്നും അർഹരായ ലക്ഷക്കണക്കിനു പേർ പുറത്തു നിൽക്കുന്നുണ്ടെന്നും സർക്കാരിന് അറിയുകയും ചെയ്യാം. കേന്ദ്ര സംസ്ഥാന പെൻഷൻകാരേയും ആദായനികുതി നൽകിയവരേയും ഒരു ഹെക്ടറിലധികം ഭൂമിയുള്ളവരേയും ഒഴിവാക്കിയാൽ 35 ലക്ഷം പേർക്കേ അർഹത കാണുവെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. രാഷ്ട്രീയക്കാരെ സ്വാധീനിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ അനർഹർ പട്ടികയിൽ ഇടം തേടിയിരിക്കുന്നതെന്നുറപ്പ്. പക്ഷേ എല്ലാവരും രേഖകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ മാത്രമേ യഥാർത്ഥ ആവശ്യക്കാരെ സ്ഥിരീകരിക്കാനാകൂ. 

അറുപതു വയസ്സു കഴിഞ്ഞവരെ സംബന്ധിച്ചിടത്തോളം വാർധക്യത്തിന്റെ അസ്വസ്ഥതകൾ അവരെ വല്ലാതെ ബാധിക്കുന്ന സമയമാണ്. പല കുടുംബങ്ങളും അണുകുടുംബങ്ങളിലേക്ക് മാറിപ്പോകുന്നതുകൊണ്ട് അച്ഛനും അമ്മയും പലപ്പോഴും മാത്രമാകുന്നു വീട്ടിലെ താമസം. പലരും മാതാപിതാക്കൾക്ക് വാർധക്യത്തിൽ ചെലവിനു നൽകണമെന്ന കടമ പോലും മറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. നഗരപ്രദേശങ്ങളിൽ കഴിയുന്ന ചെറിയ വരുമാനക്കാർക്ക് മാതാപിതാക്കൾക്കായി തുക മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടുള്ളത് കാണാതിരിക്കുന്നില്ല. പക്ഷേ ഒന്നുണ്ട്. എല്ലാവർക്കും മാന്യമായ പെൻഷൻ എന്ന ആശയം പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ തന്നെയും വിരൽ ചൂണ്ടുന്നത്. പറയുന്പോൾ നെറ്റിചുളിഞ്ഞേക്കാമെങ്കിലും അസാധ്യമായ കാര്യമൊന്നുമല്ല അത്. നോർവേ, സ്വീഡൻ പോലുള്ള ക്ഷേമരാഷ്ട്രങ്ങളിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ഈ പദ്ധതി വിജയകരമായി തന്നെ നടപ്പാക്കിയിട്ടുണ്ട്. സർക്കാർ സർവീസിൽ നിന്നു വിരമിച്ചവർക്ക് ലഭിക്കുന്ന പെൻഷൻ പോലെ ഭീമമായ ഒരു തുകയല്ല ഈ പെൻഷൻകാർക്ക് നൽകുന്നതെന്നു മാത്രം. കേരളത്തിൽ സാർവത്രിക പെൻഷൻ പദ്ധതി നടപ്പാക്കുന്പോൾ 60 വയസ്സു കഴിഞ്ഞ, മറ്റു പെൻഷനുകളില്ലാത്ത എല്ലാവർക്കും 5000 രൂപ വരെയെങ്കിലും പെൻഷനായി നൽകപ്പെടുന്നതിനായുള്ള സംവിധാനമാണ് നമുക്ക് വേണ്ടത്. 

പെൻഷനും ശന്പളവും നൽകാൻ ബുദ്ധിമുട്ടുന്ന ഒരു സർക്കാർ അധികാരത്തിലിരിക്കുന്പോൾ ഇത്തരത്തിലുള്ള ചിന്തകളുമായി രംഗത്തെത്തുന്നവരെയൊക്കെ ഉട്ടോപ്യക്കാരും സ്വപ്നജീവികളുമായി ആക്ഷേപിക്കാനുള്ള സാധ്യതകളാണ് എവിടെയുമുള്ളത്. കേരളത്തിൽ 5.34 ലക്ഷം സർക്കാർ ജീവനക്കാരും 5.5 ലക്ഷം പെൻഷൻകാരുമുള്ളതായിട്ടാണ് സർക്കാരിന്റെ കണക്കുകൾ. പത്താം ശന്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ മിനിമം ശന്പളം 17,000 രൂപയും പരമാവധി ശന്പളം 1.2 ലക്ഷം രൂപയുമാണ്. വിരമിച്ചശേഷം മിനിമം പെൻഷൻ 8500 രൂപയും പരമാവധി പെൻഷൻ 60,000 രൂപയുമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിലെ ഫാക്കൾട്ടി അംഗമായ ഡോക്ടർ ജോസ് സെബാസ്റ്റ്യന്റെ കണ്ടെത്തൽ പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 4.84 ശതമാനം മാത്രം വരുന്ന ഇവർക്ക് ശന്പളവും പെൻഷനും നൽകുന്നതിനായിട്ടാണ് സംസ്ഥാന റവന്യൂ വരുമാനത്തിന്റെ 51.81 ശതമാനവും നിലവിൽ വിനിയോഗിക്കപ്പെടുന്നത്. ഇത് കടുത്ത അസമത്വം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാനത്തെ വികസനപദ്ധതികൾക്ക് പണം മുടക്കാനോ സാമൂഹ്യക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനോ എല്ലാം തന്നെ കടമെടുക്കേണ്ട ഗതികേടിലേക്ക് സർക്കാരിനെ കൊണ്ടെത്തിക്കുന്നത് അതാണ്. കെ എസ് ആർ ടി സിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു തന്നെ നോക്കൂ. ടിക്കറ്റിൻ മേൽ സെസ്സ് ഏർപ്പെടുത്തിയും ടിക്കറ്റ് വരുമാനത്തിന്റെ 10 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നീക്കിവച്ചിട്ടുംപെൻഷൻ കൊടുക്കാനാവശ്യമായ 60 കോടി രൂപ കണ്ടെത്താൻ കെ എസ് ആർ ടി സിക്ക് കഴിയാത്തത് ഈ തുക വകമാറ്റി മറ്റ് ആവശ്യങ്ങൾക്കായി ചെലവിടുന്നതുകൊണ്ടു തന്നെയാണ്. നിലവിൽ ഈ തുകയിൽ 30 കോടി സർക്കാരാണ് നൽകുന്നത്. ഇതിനു പുറമേ, പെൻഷൻ നൽകാനെടുത്ത വായ്പകളുടെ തിരിച്ചടവിനായി സർക്കാർ പ്രതിമാസം 88 കോടി രൂപയും കണ്ടെത്തേണ്ടതുണ്ട്. 2017 ജൂലൈ വരെയുള്ള പെൻഷൻ മാത്രം നൽകാനായ സർക്കാർ മേയ് മാസത്തിലും ജൂൺ മാസത്തിലും പകുതി പെൻഷൻ മാത്രമാണ് നൽകിയത്. ബസ്സുകൾ വാങ്ങാനും കെ എസ് ആർ ടി സിക്ക് കെട്ടിടങ്ങൾ നിർമ്മിക്കാനുമൊക്കെ പണം വകമാറ്റി ചെലവഴിച്ചതും ആ തുക വരുമാനമായി തിരികെ എത്തപ്പെടാതിരുന്നതുമൊക്കെയാണ് കെ എസ് ആർ ടി സി പെൻഷൻ പദ്ധതിയെ അവതാളത്തിലാക്കിയത്. പോരാത്തതിന് കെ എസ് ആർ ടി സിയിൽ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പെൻഷൻ നൽകാൻ പ്രത്യേക പദ്ധതിയോ ഫണ്ടോ ഒന്നും സർക്കാർ ഉണ്ടാക്കിയില്ലെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചെതന്നുമാണ് കെ എസ് ആർ ടി സിയുടെ വാദം. 

എന്നാൽ ക്രിയാത്മകമായ ചില നീക്കങ്ങൾ പെൻഷൻ സന്പ്രദായത്തിൽ കൊണ്ടുവരികയും സംസ്ഥാന സർക്കാരിന്റെ മൊത്തം റവന്യൂവിന്റെ 51.81 ശതമാനത്തിൽ നിന്നും പെൻഷനും ശന്പളത്തിനുമായി ചെലവിടുന്ന തുക വരുമാനത്തിന്റെ 30 ശതമാനമാക്കി കുറയ്ക്കുകയും പങ്കാളിത്ത പെൻഷൻ പദ്ധതി എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവരിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നപക്ഷം സാർവത്രിക പെൻഷൻ എന്ന സങ്കൽപം യാഥാർത്ഥ്യമാക്കിയെടുക്കാനാകും. തൊഴിലുടമയുടേയും തൊഴിലാളിയുടേയും സഹകരണത്തോടെ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനൊപ്പം പദ്ധതിയ്ക്കായി ജനങ്ങൾ അധികനികുതി നൽകാൻ പോലും തയാറാകുമെന്നാണ് ജോസ് സെബാസ്റ്റ്യനെപ്പോലുള്ള സാന്പത്തികശാസ്തജ്ഞർ പറയുന്നത്. എന്തിന്, ഭൂമി പോലുള്ള നിഷ്‌ക്രിയ ആസ്തികൾ പെൻഷൻ പദ്ധതിയ്ക്കായി സംസ്ഥാനം വിൽക്കാൻ പോലും തയാറാകണമെന്നും ജോസ് സെബാസ്റ്റ്യൻ അതിന്റെ പിൽക്കാല നേട്ടങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനൊപ്പം തന്നെ സർക്കാർ പെൻഷൻ സംവിധാനത്തിലും സമൂലമായ പരിവർത്തനങ്ങൾ കൊണ്ടുവരണം. ഒരേ വീട്ടിൽ ഭാര്യയ്ക്കും ഭർത്താവിനും 20,000 രൂപയിലധികം പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ ഇരുവരുടേയും പെൻഷന്റേയും 20 ശതമാനം സർക്കാർ സാർവത്രിക പെൻഷൻ ഫണ്ടിലേക്ക് സ്വീകരിക്കുകയും പെൻതുകയുടെ ഉയർന്ന പരിധി 60,000 രൂപയെന്നത് 30,000 രൂപയാക്കി ചുരുക്കുകയും സ്ഥിരനിക്ഷേപങ്ങളിൽ നിന്നോ മറ്റ് ആദായ മാർഗങ്ങളിൽ നിന്നോ പ്രതിമാസം 30,000 രൂപയിലധികം വരുമാനമുള്ളവരുെട പെൻതുക 30 ശതമാനം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ തന്നെയും വലിയൊരു തുക സാർവത്രിക പെൻഷൻ ഫണ്ടിലേക്ക് എത്തിക്കാനാകും. ഇത്തരത്തിൽ പെൻഷൻ വെട്ടിച്ചുരുക്കപ്പെടുന്നവർക്ക് രണ്ടു ലക്ഷം രൂപയ്ക്കുമേൽ ചികിത്സാ ചെലവു വരുന്നപക്ഷം അതിന്റെ 30 ശതമാനം സർക്കാർ വഹിക്കുമെന്ന വാഗ്ദാനം നൽകിയാൽ കൂടുതൽ പേർ അതിന് തയാറാകുകയും ചെയ്യും. 

പ്രായം ചെന്ന അച്ഛനമ്മമാരുടെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാൻ 2007 മുതൽ നിയമമുണ്ടെങ്കിലും കേരളത്തിൽ വർധിച്ചുവരുന്ന വൃദ്ധസദനങ്ങളും അഭയാലയങ്ങളും മക്കൾ മാതാപിതാക്കളെ അവഗണിക്കുകയും വീടുകളിൽ നിന്ന് പുറന്തള്ളുകയും ചെയ്യുകയാണെന്നതിന്റെ നേർസാക്ഷ്യമാണ്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ തന്നെ 70 ശതമാനത്തോളം വർധനവാണ് കേരളത്തിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നത് അവസ്ഥ എത്രത്തോളം പരിതാപകരമാണെന്നതിന്റെ തെളിവുമാണ്. മാതാപിതാക്കൾക്ക് സാന്പത്തികമായി വരുമാനമില്ലെങ്കിൽ അവരെ ഒരു ബാധ്യതയായി കാണുന്ന തലമുറയാണ് ഇപ്പോഴിവിടെയുള്ളത്. വർധിച്ചുവരുന്ന ചികിത്സാചെലവും സാധനസാമഗ്രികളുടെ വിലയും അണുകുടുംബ വ്യവസ്ഥയിലേക്കുള്ള പോക്കുമെല്ലാം ജീവിതത്തിന്റെ അസ്തമയകാലത്ത് അവരെ അനാഥരാക്കുന്നതിലേക്ക് മക്കളെ കൊണ്ടെത്തിക്കുന്നു. എന്നാൽ ചെറിയ പെൻഷനാണെങ്കിൽ പോലും വാർധക്യകാലത്ത് അഭിമാനത്തോടെ ജീവിക്കാൻ വൃദ്ധരെ അത് ചെറുതല്ലാതെ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കുടുംബത്തിലേക്ക് അവരുടെ സംഭാവന കൂടി വരുന്നതോടെ കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് തന്നെ അവർ കണക്കിലെടുക്കപ്പെടുകയും ചെയ്യും. എന്നിരുന്നാലും വാർധക്യത്തിലുണ്ടാകുന്ന രോഗപീഡകൾ ചെറുക്കാൻ അവർക്ക് കൂടുതൽ ധനം ആവശ്യമാണെന്ന കാര്യത്തിൽ തർക്കം വേണ്ട. വൃദ്ധജനങ്ങളുടെ കാര്യത്തിൽ സാമൂഹ്യഉത്തരവാദിത്തം പുലർത്തുന്ന ഏതൊരു സർക്കാരും അവരുടെ ചികിത്സ സൗജന്യമാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഏതൊരു പൗരന്റേയും അവകാശമാണ് മരണം വരെ അഭിമാനത്തോടെ ജീവിക്കുകയെന്നത്. 

സർക്കാർ ജോലിയെ സംബന്ധിടത്തോളം സമീപകാലം വരെ പെൻഷനാണ് ഏറ്റവും വലിയ ആകർഷണം. നിയമാനുസൃത പെൻഷൻ 2012 വരെ സർക്കാർ ജീവനക്കാരുടെ ഒരു അവകാശമായിരുന്നു. എന്നാൽ പങ്കാളിത്ത പെൻഷന്റെ വരവും സർക്കാരിൽ ഉടലെടുത്തിട്ടുള്ള സാന്പത്തികപ്രതിസന്ധികളുമൊക്കെ സർക്കാർ ജോലിയുടെ ആകർഷണം ഇപ്പോൾ കുറച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ലാസ്റ്റ് ഗ്രേഡ് ജോലികൾക്ക് അപേക്ഷിക്കുന്ന അവസ്ഥ പക്ഷേ ഇപ്പോഴുമുണ്ട്. ഇത് വിദ്യാഭ്യാസം കുറഞ്ഞവർക്കുള്ള തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനു പുറമേ, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരുടെ കാര്യശേഷിയും കഴിവും അത് വേണ്ട മേഖലകളിൽ ലഭിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. സർക്കാർ ജോലി എന്ന ഒരൊറ്റ ആകർഷണത്തിന്റെ പേരിൽ എത്രയോ സമർത്ഥരായവരാണ് അവരുടെ സേവനം ആവശ്യമുള്ള മേഖലകളിൽ എത്തപ്പെടാതെ പോകുന്നതെന്നും മനസ്സിലാക്കണം. 

ഉയർന്ന പെൻഷൻ വേണമെന്ന കാര്യത്തിൽ ഇന്ന് സർക്കാർ എയ്ഡഡ് ജീവനക്കാർ കാട്ടുന്ന കടുംപിടുത്തം പുതിയ സാഹചര്യത്തിൽ അത്ര ആശാസ്യമായ കാര്യമല്ല. സർവീസിലിരിക്കുന്പോൾ ഉന്നത സ്ഥാനത്തിരുന്നുവെന്നതുകൊണ്ട് വിരമിച്ചശേഷവും ഉയർന്ന പെൻഷൻ വേണമെന്ന വാദത്തിൽ കഴന്പില്ല. പെൻഷൻ തുക അതാത് കാലത്തെ നാണയപ്പെരുപ്പത്തിനുസൃതമായി പരിഷ്‌കരിക്കുകയാണ് ഉചിതമായ കാര്യം. 1964−ലാണ് ആജീവനാന്ത പെൻഷൻ എന്ന ആശയത്തിന് സർക്കാർ തുടക്കമിടുന്നത്. അതുവരെ വിരമിച്ചശേഷം ഏഴു വർഷം മാത്രമേ പെൻഷനും കുടുംബപെൻഷനും അവകാശമുണ്ടായിരുന്നുള്ളു. 2021-2022 ആകുന്പോഴേക്ക് പെൻഷനായി 41,180 കോടി രൂപയും 2031− 2032 കാലത്ത് പെൻഷനായി 1,95,000 കോടി രൂപയും സർക്കാർ കണ്ടെത്തേണ്ടി വരുമെന്നതിനാലാണ് സർക്കാർ 2013 മുതൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് ചുവടുവച്ചത്. വാർധക്യകാലത്ത് പെൻഷനില്ലാതായാൽ ഉണ്ടാകുന്ന ഭവിഷ്യത്തുക്കൾ ദയനീയമായിരിക്കുമെന്നതിനാലാണ് ആജീവനാന്ത പെൻഷൻ എന്ന ആശയം തന്നെ നിലവിൽ വന്നത്. അതുകൊണ്ടു തന്നെ, സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്നതിനും പെൻഷന് പരിധി നിശ്ചയിക്കുന്നതിനുമൊപ്പം സാർവത്രിക പെൻഷൻ പദ്ധതിക്ക് പണം കണ്ടെത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകേണ്ടതുമുണ്ട്.

You might also like

Most Viewed