ഇനി വടക്ക് കിഴക്കോട്ട്...
ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ അലയൊലികൾ അവസാനിക്കും മുന്പേ തന്നെ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു. ത്രിപുര, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് തിരിഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയ്യതികൾ കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവിൽ വന്നുകഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിപുരയിൽ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് പോളിംഗ്. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മാർച്ച് മൂന്നിനാണ്.
ഗുജറാത്ത്, ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളുടെ അത്രയും ആവേശമോ പോരാട്ടമോ ദേശീയ ശ്രദ്ധയോ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് മുന്പ് ലഭിച്ചിരുന്നില്ലെങ്കിലും ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഓരോ തിരഞ്ഞെടുപ്പുകളിലും ഓരോ സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെടുന്ന കോൺഗ്രസിന് ചെറുതെങ്കിലും ഇവിടുങ്ങളിലെ വിജയം പ്രധാനം തന്നെ. കോൺഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപനവുമായി നീങ്ങുന്ന ബി.ജെ.പിക്കും ഈ വടക്ക് കിഴക്കൻ പോരാട്ടം ഇത്തവണ അഭിമാനപ്രശ്നം തന്നെ. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മേഘാലയ കോൺഗ്രസ് ഭരിക്കുന്പോൾ ത്രിപുര ഇടത്പക്ഷത്തിന്റെ കുത്തകയായി 20 വർഷമായി മണിക് സർക്കാർ എന്ന സി.പി.എമ്മിന്റെ ഒറ്റയാൻ ഭരിക്കുന്നു. നാഗാലാന്റിൽ ഭരണം നടത്തുന്നത് നാഗാ പീപ്പിൾ ഫ്രണ്ട് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സഖ്യസർക്കാരാണ്. ബി.ജെ.പി പിന്തുണയ്ക്കുന്ന സർക്കാരാണിത്.
ഹിന്ദി മേഖലയിൽ ബി.ജെ.പി സ്ഥിരം ഇറക്കുന്ന ഹിന്ദുത്വകാർഡും പശു രാഷ്ട്രീയവും ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയിലും നാഗാലാന്റിലും ഏശാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം എന്നതിലൂന്നിയാവും ബി.ജ.പിയുടെ പ്രചാരണം. എന്നിരുന്നാലും ദേശീയ നേതാക്കളെക്കാൾ പ്രാദേശിക നേതാക്കൾക്കായിരിക്കും പ്രചാരണ രംഗങ്ങളിൽ മുൻതൂക്കം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സമീപകാലം വരെ ബി.ജെ.പിക്ക് അപ്രാപ്യമായിരുന്നുവെങ്കിലും ഒരു കൊല്ലം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിൽ − അസം, അരുണാചൽ, മണിപ്പൂർ എന്നിവിടങ്ങളിൽ വിജയക്കൊടി നാട്ടാനായത് ബി.ജെ.പിക്ക് പ്രതീക്ഷയേകുന്നു.
കോൺഗ്രസിന്റെ മുകുൾ സാങ്മ എട്ട് വർഷമായി ഭരിക്കുന്ന മേഘാലയയിൽ കാര്യങ്ങൾ അവർക്ക് അത്ര എളുപ്പമല്ല. ഫെബ്രുവരി 27നാണ് ഇവിടെ വോട്ടെടുപ്പ്. ഈ മാസം മുപ്പത്തിഒന്ന് മുതൽ അടുത്തമാസം ഏഴ് വരെ പത്രിക സമർപ്പണം. എട്ടിനാണ് സൂക്ഷ്മപരിശോധന. വടക്ക് കിഴക്കൻ സംസ്ഥാനമായ അസം ബി.ജെ.പിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നതിനാൽ കോൺഗ്രസിന് മേഘാലയ അഭിമാന പ്രശ്നം തന്നെ. ആകെ 60 നിയമസഭാ സീറ്റുകളുള്ള മേഘാലയയിൽ പാർട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തന്നെയാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. ഈ മാസം ആദ്യം കോൺഗ്രസിൽ നിന്ന് രാജിവെച്ച അഞ്ച് പേർ ഉൾപ്പെടെ എട്ട് എം.എൽ.എമാർ നാഷണൽ പീപ്പിൾ പാർട്ടിയിൽ (എൻ.പി.പി) ചേർന്നിരുന്നു.
മുൻ ലോക്സഭാ സ്പീക്കർ പി.എ സാംഗ്മയുടെ മകൻ കോൺറാഡ് കെ. സാഗ്മ അദ്ധ്യക്ഷനായ പാർട്ടിയാണ് എൻ.പി.പി. രാജിവെച്ച കോൺഗ്രസ് എം.എൽ.എമാരിൽ രണ്ട് പേർ മന്ത്രിമാരാണ്. എൻ.പി.പിയിൽ ചേർന്ന കോൺഗ്രസ് ഇതര എം.എൽ.എമാരിൽ രണ്ട് പേർ സ്വതന്ത്രരും ഒരാൾ യുണൈറ്റഡ് െഡമോക്രാറ്റിക് പാർട്ടി അംഗവുമാണ്. മന്ത്രിമാരായ സ്നയവാങ് ധർ, കമിങോൻ ബൈബോൺ, മുൻ ഉപമുഖ്യമന്ത്രിയുമായ റൊവെൻ ലിങ്ദോ, പ്രെഡ്റ്റോൺ ടിൻസോങ്, ഗെയിറ്റ് ലാങ്ധർ എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഇവരുടെ രാജിയോടെ 29 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്ന സർക്കാരിന്റെ അംഗബലം 24 ആയി കുറഞ്ഞിരുന്നു. എന്നാൽ സ്വതന്ത്രരും ചെറുപാർട്ടികളും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ മുഗുൾ സാഗ്മ സർക്കാർ ഭരണം തുടരുകയാണ്.
കൂടുതൽ ഭരണപക്ഷ എ.ംഎൽ.എമാരെ പാർട്ടിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കോൺറാഡ് സാഗ്മ. നിലവിലെ നിയമസഭയിൽ രണ്ട് അംഗങ്ങളാണ് പാർട്ടിക്കുള്ളത്. ബി.ജെ.പിയോടും കോൺഗ്രസിനോടും താൽപര്യമില്ലാത്തവർക്കുള്ള അഭയകേന്ദ്രമാണ് എൻ.പി.പിയെന്നും കന്നുകാലി കശാപ്പ് നിരോധനം ഉൾപ്പെടെയുള്ള നടപടികൾ ബി.ജെ.പിയുടെ സാധ്യതകൾക്ക് വെല്ലുവിളിയാണെന്നും കോൺഗ്രസിൽ നിന്നും രാജി വെച്ച എ.ംഎൽ.എമാർ പറയുന്നു.
മേഘാലയയിൽ നിലവിൽ രണ്ട് എം.എൽ.എമാരുള്ള ബി.ജെ.പി കോൺഗ്രസിലെ അസ്വസ്തതകൾ മുതലെടുത്ത് കരുത്ത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. സഖ്യത്തിനില്ലെന്നും 60 സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഷിബുൻ ലിംഗ്ദോ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു മുഴം മുന്നേതന്നെ പ്രചാരണം തുടങ്ങിയ ബി.ജെ.പി മേഘാലയ ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. അടുത്തിടെ, ഷില്ലോങ്-നോങ്സ്റ്റോയ്ൻ--രോങ്ജെങ്-ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 4,000 കിലോമീറ്ററോളം ദേശീയപാതയ്ക്കായി 32,000 കോടി രൂപയും പുതിയ 15 റെയിൽവേ ലൈനുകൾക്കായി 47,000 കോടിയോളം അനുവദിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മോദി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എണ്ണിയെണ്ണി പറഞ്ഞിരുന്നു. മേഘാലയയെ രാജ്യത്തെ ഒന്നാം നന്പർ വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തുമെന്നും ഇതിനായി 100 കോടി രൂപ കേന്ദ്രം വകയിരുത്തിയെന്നും മോദി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം മേഘാലയയിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി 70 കോടി രൂപയുടെ കേന്ദ്ര സഹായവും പ്രഖ്യാപിച്ചിരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് 61 കോടി, അന്പലങ്ങൾക്ക് എട്ട് കോടി, മസ്ജിദുകൾക്ക് 44 ലക്ഷം, ഗുരുദ്വാരകൾക്ക് 37 ലക്ഷം രൂപ വീതമാണ് ലഭിക്കുക. കൂടാതെ ആദിവാസി പ്രാർത്ഥനാ കേന്ദ്രങ്ങളുടെ വികസനത്തിന് നേരത്തെ 18 കോടി രൂപ അനുവദിച്ചിരുന്നു. ഇതിലൂടെയെല്ലം വോട്ട് തന്നെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതേ സമയം സംസ്ഥാനത്തെ രണ്ട് പ്രധാന ക്രിസ്ത്യൻ ദേവാലയങ്ങൾ വാഗ്ദാനങ്ങൾ നിരസിച്ചത് തിരിച്ചടിയായി.
കാര്യങ്ങൾ അത്ര സുഖകരമല്ലാത്ത കോൺഗ്രസിൽ എം.എൽ.എമാർ കുറ് മാറിയതിനെ തുടർന്ന് ഡി.ഡി ലപാങ്ങിനെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയിരന്നു. പകരം സെലെസ്റ്റിൻ ലിങ്‌ദോയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഇറങ്ങുന്നത്. മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ലപാങ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മേഘാലയിൽ ഒരു കൈ നോക്കാൻ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. 35 സീറ്റിൽ മത്സരിക്കുമെന്ന് ആം ആദി പാർട്ടി സംസ്ഥാന പ്രസിഡണ്ട് വൻഷ്വാ നൊങ്ടു വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണിപൂരിൽ 1993 മുതൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരാണ് ഭരിക്കുന്നത്. 1998ൽ മുഖ്യമന്ത്രിയായ മണിക് സർക്കാരിന് ഇത് നാലാം ഊഴമാണ്. ഇരുപത്തിഒന്‍പത് ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം വോട്ടർമാരാണ് ത്രിപുരയിലുള്ളത്. മണിക് സർക്കാരിന്റെ വ്യക്തി പ്രഭാവം തന്നെയാണ് വോട്ടെടുപ്പിൽ സി.പി.എമ്മിന്റെ പ്രതീക്ഷ. സാധാരണക്കാരനായി സൈക്കിൾ യാത്രയും റിക്ഷാ യാത്രയുമായി രാജ്യത്തെ ഏറ്റവും ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയായി മണിക് സർക്കാർ ജനങ്ങൾക്കൊപ്പം നടക്കുന്നുവെന്നതാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തി. കേരളത്തെ കൂടാതെ ഇടതുമുന്നണി ഭരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സംസ്ഥാനമായതിനാൽ ഭരണം നിലനിർത്തുക എന്നത് സി.പി.എമ്മിന് നിലനൽപ്പിന്റെ പ്രശ്നം തന്നെയാണ്. 60 അംഗ നിയമസഭയിൽ 50 സീറ്റുമായാണ് കഴിഞ്ഞ തവണ സി.പി.എം അധികാരത്തിൽ എത്തിയത്. ഒന്പത് സീറ്റ് കോൺഗ്രസ് നേടിയെങ്കിലും ഏഴ് പേർ ത്രിണമൂൽ കോൺഗ്രസിലേയ്ക്ക് കൂറ് മാറിയതോടെ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ കാര്യങ്ങൾ അവിടെയും അവസനിച്ചില്ല. തിരഞ്ഞെടുപ്പിൽ രണ്ട് ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പിയാണ് ഇപ്പോൾ ഇവിടുത്തെ മുഖ്യ പ്രതിപക്ഷം. കോൺഗ്രസിൽ നിന്ന് ത്രിണമൂൽ കോൺഗ്രസിലെത്തിയ എം.എൽ.എമാർ ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്.
ജനസംഖ്യയുടെ മൂന്നിലൊന്നും ഗോത്രവർഗക്കാരായ ത്രിപുരയിൽ ഇവരുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പ്രത്യേക സംസ്ഥാനത്തിനായി ഏറെ നാളായി സമരത്തിലുള്ള സംസ്ഥാനത്തെ പ്രധാന ഗോത്രവർഗ്ഗക്കാരുടെ പാർട്ടിയായ ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഒഫ് ത്രിപുരയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയേക്കും. ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഒഫ് ത്രിപുര നേതാക്കൾ തങ്ങൾ ബി.ജെ.പിയുമയി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. 60 നിയമസഭാ സീറ്റിൽ 20 സീറ്റ് ഗോത്ര വർഗ്ഗക്കാർക്കും 10 സീറ്റ് ഗോത്ര ഇതര പട്ടികവിഭാഗക്കാർക്കും സംവരണം ചെയ്തതാണ്. മുന്പ് അഗർത്തലയിൽ എത്തിയ അമിത് ഷാ ആദിവാസിക്കുടിലിൽ പോയി ഭക്ഷണം കഴിക്കുന്ന ചിത്രം പ്രചരിപ്പിച്ചത് ഗോത്രവിഭാഗത്തെ ലക്ഷ്യമിട്ടാണ്. കേരളത്തിലെ അതേ പാത പിന്തുടർന്ന് ഇടത് സർക്കാർ കൊലപാതക രാഷ്ട്രീയമാണ് ത്രിപുരയിൽ നടത്തുന്നതെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. ഇത് അവർ മാസങ്ങൾക്ക് മുന്പേ തുടങ്ങിക്കഴിഞ്ഞു.
അതിനിടെ ത്രിപുരയിൽ ‘ലാൽ സർക്കാർ’ എന്ന ഹിന്ദി ചിത്രം വിവാദമായിരിക്കുകയാണ്. ഫെബ്രുവരി ആദ്യ ആഴ്ച റിലീസിനൊരുങ്ങുന്ന ലാൽ സർക്കാർ (ചുവപ്പു സർക്കാർ), തങ്ങൾക്കെതിരെയുള്ള ബി.ജെ.പിയുടെ പ്രചാരണതന്ത്രമാണെന്ന് സി.പി.എം ആരോപിക്കുന്നു. ത്രിപുരയിലെ ഇടതുഭരണത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഡോക്യുമെന്ററി സംവിധായകന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് അരോപണം. സിനിമയുടെ റിലീസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.എം. സിനിമയ്ക്ക് ബി.ജെ.പിയുമയി ബന്ധമില്ലെന്ന് നിർമ്മാതാവ് വ്യക്തമാക്കുന്നുണ്ടെങ്കിലും സിനിമ പ്രദർശിപ്പിക്കാൻ ബി.ജെ.പി സ്ക്രീൻ പിടിപ്പിച്ച വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും സി.പി.എം ആരോപിക്കുന്നു. ബംഗാളി, ത്രിപുരയിലെ ഗോത്രഭാഷയായ കോക്ബോറോക് എന്നിവയിലേയ്ക്ക് ലാൽ സർക്കാർ ഡബ് ചെയ്തിട്ടുണ്ട്.
നാഗാ പീപ്പിൾ ഫ്രണ്ട് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സഖ്യസർക്കാരാണ് ഭരണം നടത്തുന്ന നാഗാലാൻഡിൽ ടി.ആർ സെലിങ്ങാണ് മുഖ്യമന്ത്രി. ബി.ജെ.പി പിന്തുണയ്ക്കുന്ന സർക്കാരാണിത്. മേഘാലയക്കൊപ്പം ഫെബ്രുവരി 27നുമാണ് നാഗാലാൻഡിൽ പോളിംഗ്. 60 അംഗ നിയമ സഭയിൽ നാഗാ പീപ്പിൾ ഫ്രണ്ടിന് 45 സീറ്റുള്ളപ്പോൾ സഖ്യകക്ഷികളായ ബി.ജെ.പിക്ക് നാലും ജെ.ഡി.യുവിന് ഒന്നും സീറ്റാണുള്ളത്. കോൺഗ്രസിന് ഒരു എം.എൽ.എ മാത്രമാണുള്ളത്. നാഗാലാൻഡ് മുൻമുഖ്യമന്ത്രി കെ.എൽ ചിഷി കോൺഗ്രസ് വിട്ടത് പാർട്ടിക്ക് തിരിച്ചടിയായി. പാർട്ടിയിൽ തന്‍റെ വാക്കിന് വില കൽപ്പിക്കുന്നില്ലെന്നാണ് ചിഷിയുടെ പരാതി.