വാർഷികവും പ്രതിസന്ധിയും
വി.ആർ സത്യദേവ്
നായകൻ്റെ അഭിപ്രായങ്ങളെല്ലാം മറ്റുള്ളവരെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നതല്ല ജനാധിപത്യ സംവിധാനത്തിലെ പതിവ്. രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാൻ മടിയില്ലാത്തവരും ശരിയാണെങ്കിൽ ആ വിളിച്ചു പറച്ചിലുകൾ അംഗീകരിക്കാൻ വിശാല മനമസ്സുള്ള നേതാക്കളും ഉണ്ടാകുന്പോഴാണ് സംഘടനകളും ഭരണ സംവിധാനങ്ങളും രാഷ്ട്രങ്ങളുമൊക്കെ കൂടുതൽ കൂടുതൽ ഔന്നിത്യങ്ങളിലേക്കുയരുന്നത്. ജനാധിപത്യത്തിനപ്പുറമുള്ള ആധിപത്യങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങൾ പോലും നായകൻ്റെ വാക്കും നോക്കും വോട്ടിനിട്ടു തള്ളുന്നതാണ് കാലം. അപ്പോൾ പിന്നെ ജനാധിപത്യത്തിന്റെ വിളനിലമെന്നവകാശപ്പെടുന്ന ഐക്യഅമേരിക്കൻ നാടുകളുടെ കാര്യം പ്രത്യേകം പറയുകയും വേണ്ട.
അമേരിക്കയിൽ പരമോന്നത സഭകളായ സെനറ്റിലും കോൺഗ്രസിലും നിലവിൽ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാർക്കാണ്. പ്രസിഡണ്ടും ഇതേ പാർട്ടിക്കാരൻ. എന്നിട്ടും സർക്കാരിൻ്റെയും ഭരണസംവിധാനങ്ങളുടെയും ഒരുമാസക്കാലത്തെ വട്ടച്ചെലവിനുള്ള തുക അനുവദിച്ചെടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഇതോടെ ഭരണ നിർവ്വഹണ സംവിധാനങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലാണ്. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ബന്ദ് തന്നെ. ഷട് ഡൗണെന്നാണ് അമേരിക്കയിൽ ഇതിനുള്ള ഓമനപ്പേര്. പണമില്ലാത്തതിനാലുള്ള പണിമുടക്കമെന്ന് ചുരുക്കം.
നാടും അതിൻ്റെ മഹാന്മാരായ നേതാക്കന്മാരുമായി ബന്ധപ്പെട്ട ദിനങ്ങളിലൊക്കെ അവധി നൽകുന്ന പതിവുണ്ട് നമ്മുടെ നാട്ടിൽ. ഇത്തവണ അമേരിക്കയിലെ ഷട് ഡൗൺ മൂലമുള്ള അവധി സമാന സാഹചര്യത്തിന് ഇത്തരമൊരു പ്രധാന ദിനവുമായി ബന്ധമുണ്ട്. ഇന്നലെ (ശനിയാഴ്ച) യാണ് ഷട് ഡൗൺ തുടങ്ങിയത്. ഇന്നലെ അമേരിക്കയുടെ നാൽപ്പത്തി അഞ്ചാമത് പ്രസിഡണ്ട് അധികാരമേറ്റിട്ട് ഒരു വർഷം തികയുന്ന ദിനം കൂടിയായിരുന്നു. അതായത് പ്രസിഡണ്ട് ട്രംപ് അധികാരമേറ്റതിൻ്റെ ഒന്നാം വാർഷികം. പിറന്നാൾ ദിനത്തിൽ അടുക്കളയടച്ചിട്ട് പട്ടിണിയിരിക്കേണ്ടി വന്നതിനു സമാനമായിരുന്നു ട്രംപിൻ്റെ ഗതി. പിറന്നാൾ സദ്യ ഗംഭീരം. പിറന്നാൾ സമ്മാനം അതി ഗംഭീരം. ഇത് ഇങ്ങനെ വന്നത് ആകസ്മികമായാണ്. എന്നാലും ട്രംപ് സർക്കാരിനെതിരെയുള്ള പൊതു വികാരം എത്ര ശക്തമാണ് എന്നതിൻ്റെ സൂചനയാണ് ഷട് ഡൗണെന്നകാര്യത്തിൽ തർക്കമില്ല.
ഷട് ഡൗൺ അമേരിക്കയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചിരിക്കുന്നു. പൊതു ചെലവുകൾക്കൊന്നും പണമില്ല. ശന്പളം പൂർണ്ണമായും മുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. ദേശീയ സുരക്ഷ, തപാൽ, വ്യോമഗതാഗത നിയന്ത്രണം, ആരോഗ്യരംഗം, ജയിൽ, വിദ്യുശ്ചക്തി, നികുതി പിരിവ് തുടങ്ങിയവയെപ്പോലും ഷട‍് ഡൗൺ ദോഷകരമായി ബാധിക്കുമെന്നുറപ്പായി. പ്രതിരോധ രംഗത്തെ ഇത് ബാധിക്കുന്നത് രാഷ്ട്ര താൽപ്പര്യങ്ങൾക്കു തന്നെ ഏറെ ദോഷകരമായിരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ ലോകത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നുണ്ട്. ഇത് ഏറെ പണച്ചെലവുള്ളതാണ്. ഈ രംഗത്ത് പണം മുടങ്ങിയാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് പ്രവചനാതീതമാവും. വിസ, പാസ്പ്പോർട്ട് അനുവദിക്കലിനെയും പണിമുടക്കം ദോഷകരമായി ബാധിക്കുന്നുണ്ട്.
ഇന്നലെയാണ് പണിമുടക്ക് തുടങ്ങിയത്. പണം മുടങ്ങിയതിനെ തുടർന്നുള്ള ഈ പണിമുടക്കം അവസാനിക്കണമെങ്കിൽ സെനറ്റ് അടിയന്തിരമായി പണം മുടക്കണം. അടുത്ത ഒരുമാസത്തേക്ക് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തന ചെലവിലേക്ക് പണം അനുവദിക്കാനുള്ള ബിൽ കോൺഗ്രസ് പാസാക്കിയതാണ്. ഈ ബിൽ വ്യാഴാഴ്ച സെനറ്റിൽ പാസായില്ല. ഇതാണ് പ്രതിസന്ധിക്കു വഴിവച്ചത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ബിൽ പാസാക്കാൻ അവർക്കായില്ല. നാളെ ബിൽ വീണ്ടും സെനറ്റിൻ്റെ പരിഗണനയ്ക്കു വരും. നാളെയും സംഗതി പാസ്സാകാനുള്ള വഴികൾ ഇതുവരെ തെളിഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ പ്രതിസന്ധി തുടരും.
അമേരിക്കക്ക് ഈ പ്രതിസന്ധി പുതുതല്ല. 2013ൽ സമാനമായ സാഹചര്യത്തിൽ ഷട് ഡൗൺ മൂലം രാജ്യം നട്ടം തിരിഞ്ഞിരുന്നു. അന്ന് അതി ശൈത്യം കൂടി ആ പ്രതിസന്ധിയുടെ ആഴും കൂട്ടിയിരുന്നു എന്നാണ് ഓർമ്മ. ശുചീകരണത്തിനു പോലും ആളില്ലാതായ അന്നതത്തെ പരിതോവസ്ഥയിലേക്കുള്ള ദൂരം ഇത്തവണയും ഏറെയില്ല. പാർക്കുകളുടെ നടത്തിപ്പിന് ബദൽ മാർഗ്ഗം തേടുകയാണ് ട്രംപ് സർക്കാർ.
2013ൽ 16 ദിവസം നീണ്ടു നിന്ന ഷട് ഡൗണായിരുന്നു അമേരിക്കക്ക് അനുഭവിക്കേണ്ടി വന്നത്. ഇത്തവണ അത് അത്യത്തോളം നീളാനിടയില്ല. ഖജനാവിൽ പണമില്ലാത്തതിനാലല്ല അവിടെ ശന്പളം മുടങ്ങുന്ന സാഹചര്യമുണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ഉറപ്പായും സർക്കാരിൻ്റെ ദാരിദ്ര്യം മൂലം തന്നെയാവും ഇങ്ങനെയൊരു സാഹചര്യമുണ്ടാവുക. ഒറ്റ ദിവസമെങ്കിലും അങ്ങനെയൊരു സാഹചര്യം ഇന്ത്യയിലാണുണ്ടാവുകയെങ്കിൽ രാജ്യത്ത് പ്രതിഷേധാഗ്നി നൊടിയിടകൊണ്ടു തന്നെ കത്തിപ്പടരുമെന്നുമുറപ്പ്. എന്നാൽ ശന്പളവും പെൻഷനുമൊന്നും കിട്ടാതെ ആഴ്ചകളോ മാസങ്ങളോ ഒക്കെ അതിജീവിക്കാൻ സഹനശേഷിയുള്ളവരായും നമ്മളിൽ ചിലർ മാറിക്കഴിഞ്ഞു എന്ന കാര്യവും വിസ്മരിക്കാനാവില്ല. കെ.എസ്.ആർ.ടി.സിക്കായി അഹോരാത്രം ജീവിതം ഉഴിഞ്ഞുവച്ച ഒരുപാടു ജീവിതങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു. ഷട് ഡൗൺ നീണ്ടാൽ അമേരിക്കക്കാരൻ്റെ കാര്യവും കെ.എസ്.ആർ.ടി.സിയെപ്പോലെ കട്ടപ്പുറത്താവുമെന്നുറപ്പ്.
ഷട് ഡൗണിൻ്റെ ഉത്തരവാദിത്വത്തെച്ചൊല്ലിയുള്ള ആരോപണപ്രത്യാരോപണങ്ങൾകൊണ്ടാണ് ആദ്യ അടവുദിനം ശ്രദ്ധേയമായത്. ഡെമോക്രാറ്റുകളുടെ പിടിവാശി മൂലമാണ് നാടു കഷ്ടത്തിലായത് എന്നാണ് ട്രംപ് പക്ഷത്തിൻ്റെ ആരോപണം. ട്രംപിൻ്റെ കടും പിടുത്തങ്ങളാണ് പണം മുടക്കത്തിനു വഴിവച്ചതെന്ന് ഡെമോക്രാറ്റുകളും തിരിച്ചടിക്കുന്നു. പ്രതിസന്ധിപരിഹാരം സംബന്ധിച്ച് ഭരണപക്ഷവുമായി സെനറ്റിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് ചക് ഷൂമർ നടത്തിയ ചർച്ചയിലും പരിഹാരമായിട്ടില്ല. നേരിയ മുന്നേറ്റം ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഭൂരിപക്ഷ കാര്യങ്ങളിലും അഭിപ്രായവ്യത്യാസം തുടരുകയാണെന്ന് ഷൂമർ പറയുന്നു. നയപരമായ കാര്യങ്ങളുടെ പേരിലാണ് ഡെമോക്രാറ്റുകൾ ധനബില്ലിനെ എതിർത്തുകൊണ്ടിരിക്കുന്നത്.
രാജ്യത്തു നിന്നും ട്രംപ് ഭരണകൂടത്തിൻ്റെ നാടുകടത്തൽ ഭീഷണി നേരിടുന്ന ഏഴുലക്ഷമാൾക്കാരെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിൽ പ്രധാനം. ഇവരെ നാടുകടത്തേണ്ടതില്ലെന്ന ഒബാമ സർക്കാരിൻ്റെ തീരുമാനം കഴിഞ്ഞ സെപ്തംബറിലാണ് ട്രംപ് അവസാനിപ്പിച്ചത്. ആ നാടുകടത്തൽ തീരുമാനം ട്രംപ് പിൻവലിക്കണമെന്നതാണ് ഡമോക്രാറ്റുകളുടെ നിലപാട്. മെക്സിക്കോയുമായുള്ള അതിർത്തിയിൽ മതിലുനിർമ്മിക്കാനുള്ള ട്രംപിൻ്റെ നീക്കത്തെയും ഡെമോക്രാറ്റുകൾ അതിശക്തമായി എതിർക്കുകയാണ്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെകുട്ടികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ആയുഷ്കാലമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
എന്നാൽ ഈ ആവശ്യങ്ങളുടെ പേരിൽ രാജ്യത്തിൻ്റെ മുന്നോട്ടു പോക്കിനു തന്നെ ദോഷകരമായ എതിർപ്പുയർത്തുന്ന ഡെമോക്രാറ്റുകളുടെ നടപടി തികച്ചും ജനദ്രോഹനടപടിയായി വിശേഷിപ്പിക്കാനുള്ള സാദ്ധ്യത ഏറെയാണ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 10 ഡെമോക്രാറ്റിക് പ്രതിനിധികളെയെങ്കിലും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അത് അങ്ങനെ നിൽക്കുന്പോൾ തന്നെ രാജ്യത്ത് ട്രംപിനെതിരായ പ്രതിഷേധങ്ങൾ വീണ്ടും ശക്തമാവുകയാണ്. ട്രംപിൻ്റെ ജയത്തെ തുടർന്ന് സ്ത്രീകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. അതിനു സമാനമാണ് ഇപ്പോഴത്തെ വലിയ വനിതാ സമരങ്ങൾ. വനിതാ തൊഴിലവസരങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലത്ത് പ്രസന്നമായ കാലാവസ്ഥയിൽ വനിതകൾ രാജ്യ വീഥികളെ പ്രസന്നമാക്കട്ടെ എന്നാണ് ട്രംപ് ഇതിനെ പരിഹസിച്ചത്. തിരഞ്ഞെടുപ്പുകഴിഞ്ഞ് കൊല്ലമൊന്നായിട്ടും രാജ്യത്തെ വലിയ വിഭാഗങ്ങൾക്ക് ട്രംപിൻ്റെ വിജയവും അദ്ദേഹത്തെത്തന്നെയും ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ് വാസ്തവം.
പരാന്പരാഗത ശൈലികളിൽ നിന്നും തികച്ചും ഭിന്നമാണ് ട്രംപിൻ്റെ ശൈലി. അത് വലിയ വിഭാഗത്തിന് ഉൾക്കൊള്ളാനാവുന്നില്ല. ട്രംപിൻ്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്കും അതേ സ്വഭാവമായിരുന്നു. പരന്പരാഗത ശൈലിയിൽ ചിന്തിച്ചാൽ അപ്രായോഗികങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ പല തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും. എന്നാൽ അവയിൽ പലതും നടപ്പാക്കിക്കൊണ്ടാണ് ട്രംപിൻ്റെ മുന്നേറ്റം. അന്താരാഷ്ട്ര വിഷയിങ്ങളിൽ പലതിലും അതുവരെയുള്ള അമേരിക്കൻ നായകന്മാരുടേതിനു കടകവിരുദ്ധമാണ് ട്രംപിൻ്റെ നിലപാടുകളും നടപടികളും. ട്രംപിന്റെ നിലപാടുമാറ്റങ്ങളോടേ അന്താരാഷ്ട്ര സമവാക്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതെന്തായാലും അമേരിക്കയിലെ ഷട് ഡൗൺ അതിവേഗം നീങ്ങട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. ഭരണ സമൂഹങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ മൂലം ഒരിടത്തും ജനസമൂഹങ്ങൾ ബുദ്ധിമുട്ടിലാകാതിരിക്കട്ടെ.