ലംഘിക്കാനുള്ള ചട്ടങ്ങൾ!...
ജെ. ബിന്ദുരാജ്
ഒരു പൊതുമേഖലാ സ്ഥാപനത്തിലെ മേലധികാരിയാണ് എന്റെ ഒരു അടുത്ത സുഹൃത്ത്. കുറച്ചുനാളുകൾക്കു മുന്പ് അദ്ദേഹത്തിന്റെ ഓഫീസിലെത്തിയപ്പോൾ ജീവനക്കാരുടെ വാർഷിക അപ്രൈസൽ തയാറാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. വിവിധ സെക്ഷനുകളിലെ തലവന്മാർ നൽകുന്ന വിവരങ്ങൾക്കപ്പുറം മാർക്കിടാനും പ്രമോഷൻ നൽകാനും അദ്ദേഹം സ്വമേധയാ തയാറാക്കിയ ഒരു ഷീറ്റ് നോക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്താണതെന്ന് ആരാഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്നെ ചിരിപ്പിച്ചു. ഓഫീസ് ജോലി സമയത്ത് ഫേസ്ബുക്കിൽ പോസ്റ്റിടുന്നവരുടെ പേരു വിവരമാണ് അദ്ദേഹത്തിന്റെ മുന്നിലെ കടലാസിൽ. ഇത്രയും പേരുടെ വിവരങ്ങൾ എങ്ങനെയാണ് കണ്ടെത്തിയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ലളിതമായ മറുപടി. ഫേസ്ബുക്കിൽ ഓഫീസ് സമയത്ത് ആക്ടീവായവരെപ്പറ്റി പരാതി ലഭിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയമൊരു ഫേക്ക് ഐഡിയുണ്ടാക്കി പരാതി ലഭിച്ചവർക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചുവത്രേ. അത് അവർ അക്‌സപ്റ്റ് ചെയ്ത മാത്രയിൽ അവരുടെ നോട്ടിഫിക്കേഷനുകൾ മാത്രം ലഭിക്കാൻ റിക്വസ്റ്റും കൊടുത്തു. പരാതി കിട്ടിയവരൊക്കെ ഫേസ്ബുക്കിലെ പുലികളാണെന്നും ഓഫീസ് സമയത്തിരുന്ന് സിനിമാ റിവ്യൂ എഴുതിയവരും സാമൂഹ്യവിഷയങ്ങളെപ്പറ്റി ഗഹനമായി ഉപന്യസിച്ചവരേയും പിന്നെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. അന്നേ ദിവസം അവരുടെ മുന്നിലെത്തിയ ഫയലുകളിൽ എത്രയെണ്ണം മുന്നോട്ടു നീങ്ങിയെന്നും കണക്കെടുത്തു. അവരിൽ ചിലർ സ്വന്തം ജോലി തടസ്സപ്പെടുത്താതെ തന്നെ ഫേസ്ബുക്കിൽ ആക്ടീവായിരുന്നെങ്കിൽ മറ്റു ചിലർ ഫയലുകൾ നോക്കാതെയാണ് ഫോണിൽ ഞോണ്ടിക്കൊണ്ടിരുന്നത്. ഓരോരുത്തരും ഓഫീസ് സമയത്തിട്ട പോസ്റ്റുകളുടെ സ്‌കീൻഷോട്ടുകളും പ്രിന്റെടുത്ത് സൂക്ഷിക്കുന്നുണ്ട് ഈ ന്യൂജെൻ മേലധികാരി. നാളെയെങ്ങാനും അപ്രൈസലിന്റെ പേരിൽ തന്നോട് ഉടക്കാൻ വന്നാൽ എടുത്തുകാണിക്കാൻ തെളിവു വേണമല്ലോ.
തന്റെ സ്ഥാപനത്തിൽ കാര്യങ്ങൾ നല്ല രീതിയിൽ നടക്കണമെന്നും സർക്കാർ കാര്യം മുറ പോലെയല്ല നടക്കേണ്ടതെന്നും വിശ്വസിക്കുന്ന ഒരു ഓഫീസറാണ് എന്റെ ആ നല്ല സുഹൃത്ത്. നേരത്തെ സംഘടനാ കാര്യങ്ങളുമായി ഓഫീസിൽ കയറാതെ നടന്നിരുന്ന പല കൊലകൊന്പന്മാരേയും തൊഴിലിടത്തെ സീറ്റിലിരുത്തി പണിയെടുപ്പിച്ച ആളാണ് അദ്ദേഹം. ആത്യന്തികമായി സർക്കാർ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നതിനാൽ അദ്ദേഹം ഫേക്ക് ഐഡിയുണ്ടാക്കി ചാരപ്പണി നടത്തിയതൊന്നും ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളിലിരിക്കുന്ന പല സർക്കാർ ഉദ്യോഗസ്ഥരും ഓഫീസ് ജോലി സമയത്ത് ഫോണിൽ ഞോണ്ടിക്കൊണ്ടിരിക്കുന്നത് അത്തരം ഓഫീസുകൾ സന്ദർശിക്കുന്പോൾ ഇന്നൊരു സ്ഥിരം കാഴ്ചയുമാണ്. വൈദ്യുതി ഓഫീസിൽ, കുടിവെള്ള കരം ഓഫീസിൽ, പഞ്ചായത്ത് ഓഫീസിൽ എല്ലാം ഇത്തരം ഫേസ്ബുക്ക് സർക്കാർ ജീവനക്കാരെ കാണാം. ഫേസ്ബുക്കിലോ വാട്‌സാപ്പിലോ നോക്കി പുഞ്ചിരിച്ചുകൊണ്ട് ജനങ്ങളുടെ പരാതി കേൾക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വർധിച്ചുവരികയാണ്. പോരാത്തതിന് നാട്ടുകാരെ ഉദ്ധരിക്കാൻ ഫേസ്ബുക്ക് വിപ്ലവം നടത്തുന്നവരും ഈ തൊഴിലെടുക്കാത്ത മാന്യന്മാരുടെ സംഘത്തിലുണ്ട്. ജനങ്ങളുടെ നികുതിപ്പണം സേവിക്കുന്നവരായ ഇക്കൂട്ടരുടെ ഫേസ്ബുക്ക് പ്രവർത്തനങ്ങൾ പരിശോധിച്ച് നാട്ടുകാർക്ക്, ഇവരുടെ സ്‌ക്രീൻഷോട്ടുകളെടുത്ത് പരാതിയായി മേലധികാരിക്ക് സമർപ്പിക്കാമെന്നത് പലരുടേയും സോഷ്യൽ ആക്ടിവിസത്തിനു തടയിടുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
ജനുവരി ഒന്നു മുതൽ തിരുവനന്തപുരത്ത് സർക്കാർ സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് പഞ്ചിങ് കർശനമായി ഏർപ്പെടുത്തിയപ്പോൾ പല സംഘടനാ നേതാക്കളും എന്തോ വലിയ അവകാശ ലംഘനം നടന്നപോലെ മുറവിളി കൂട്ടിയതും പണിയെടുക്കാതിരിക്കുകയെന്നത് സർക്കാർ ജീവനക്കാരന്റെ അവകാശമാണെന്നുള്ള തെറ്റിദ്ധാരണ മൂലമാണ്. മുഖ്യമന്ത്രിയും മന്ത്രിയും എംഎൽഎയും മാത്രമല്ല, സർക്കാർ ജീവനക്കാരനും നാട്ടുകാരുടെ സേവകനാണെന്നും നാട്ടുകാരാണ് അവരെ ശന്പളം നൽകി തൊഴിൽ ഏൽപിച്ചിരിക്കുന്നതെന്നുമുള്ള ധാരണ ഉദ്യോഗസ്ഥർക്കില്ലാത്തതു കൊണ്ടാണ് അവർ താമസിച്ച് ജോലിക്കെത്തുന്നതു പോലും തങ്ങളുടെ അവകാശമായി കണക്കാക്കുന്നത്. സർക്കാർ ജീവനക്കാരന്റെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന് ജീവനക്കാർ ഓർക്കണമെന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആദ്യ യോഗത്തിൽ പ്രസ്താവിച്ചപ്പോഴൊന്നും പഞ്ചിങ് സെക്രട്ടറിയേറ്റിലേക്ക് സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ തന്നെ കർശനമായി എത്തുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നതല്ല. ഹാജർ രേഖപ്പെടുത്തുന്ന പഞ്ചിങ് മെഷീൻ ശന്പളബില്ലുമായി ബന്ധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. നാലു ദിവസം തുടർച്ചയായി സെക്രട്ടറിയേറ്റിൽ വൈകിയെത്തിയാൽ ഒരു ദിവസത്തെ ശന്പളം നഷ്ടമാകുമെന്നും സർക്കാർ അറിയിപ്പിലുണ്ട്. സംഘടനാബലം കാട്ടി സർക്കാരിനെ എക്കാലത്തും വെല്ലുവിളിക്കുകയും വിറപ്പിക്കുകയുമൊക്കെ ചെയ്തിരുന്ന ജീവനക്കാരുടെ സംഘടനകൾക്ക് ഇടതുസർക്കാരിന്റെ ഈ തീരുമാനത്തെ പരസ്യമായി എതിർക്കാനാവില്ലെങ്കിലും ഏതുവിധേനെയും തീരുമാനത്തെ അട്ടിമറിക്കാൻ അവർ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കൃത്യസമയത്തിന് ഓഫീസിലെത്തുന്നതും കാര്യക്ഷമതയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് അതുകൊണ്ടു തന്നെ അവരുടെ ശ്രമം. വൈകി വരുന്ന ഉദ്യോഗസ്ഥർ നേരത്തെ സ്ഥലം കാലിയാക്കുന്നതായിരുന്നു സെക്രട്ടറിയേറ്റിലെ ഇതുവരെയുള്ള രീതി. അതിനു കാരണമായി പറയുന്നതാകട്ടെ തീവണ്ടി സമയവും. സ്വാഭാവികമായും ഒരു സംശയമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തീവണ്ടി സമയത്തിന്റെ കാര്യം പറഞ്ഞ് രാവിലെ വൈകുകയും വൈകുന്നേരം നേരത്തെ സ്ഥലം വിടുകയും ചെയ്താൽ എത്ര ദിവസം അങ്ങനെയൊരാൾക്ക് ആ സ്ഥാപനത്തിൽ ജോലിയുണ്ടാകുമെന്നതാണത്. കേരളത്തിലെ ദേശസാൽകൃത ബാങ്കുകളിൽ പോലും പത്തുമണിക്ക് ജീവനക്കാർ ബാങ്കിലുണ്ടാകുമെന്നിരിക്കേ, സെക്രട്ടറിയേറ്റിലെ ജീവനക്കാരനു മാത്രം എന്തുകൊണ്ടാണ് സമയത്തിനെത്താൻ ബുദ്ധിമുട്ട്? അങ്ങനെ വരുന്പോഴാണ് സർക്കാർ ജീവനക്കാരൻ പ്രിവിലേജ്ഡ് ആണെന്ന് അവനു തന്നെ എന്തോ ഒരു ധാരണയുണ്ടെന്ന് നമുക്ക് തോന്നുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ദൂരെ സ്ഥലത്തു നിന്നുള്ളയാളാണെങ്കിൽ അയാൾ അവിടെ ഏതെങ്കിലുമൊരു ലോഡ്ജിൽ താമസിക്കുകയും വാരാന്ത്യത്തിൽ വീട്ടിൽ പോകുകയും ചെയ്യുകയാണ് പതിവ്. പക്ഷേ സർക്കാർ ജീവനക്കാരന് അത് ചിന്തിക്കാനേ പറ്റുകയില്ല. എറണാകുളത്തു നിന്നും തൃശ്ശൂരു നിന്നും ദിവസവും രാവിലെ തീവണ്ടിയിൽ മാത്രമേ അയാൾ തിരുവനന്തപുരത്ത് എത്തൂ. തീവണ്ടി യാത്രയുടെ ക്ഷീണത്തോടെയാകും വൈകിയെത്തിയ അയാൾ ഫയലുകൾ നോക്കാനിരിക്കുക. ഫയൽ നോക്കിത്തുടങ്ങുന്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമാകും. അതിനിടെ ചായകുടി വേറെയുമുണ്ട്. അങ്ങനെ നോക്കുന്പോൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള രാവിലെ 10.15 മുതൽ 5.15 വരെയുള്ള 6.50 മണിക്കൂർ മാത്രമുള്ള തൊഴിൽ സമയത്തിൽ ഒന്നര മുതൽ രണ്ടു വരെയുള്ള ഉച്ചഭക്ഷണബ്രേക്കും കഴിഞ്ഞ് നാലു മണിക്കൂറോളം മാത്രമേ ജീവനക്കാരിൽ ഒരു വലിയ വിഭാഗം പേർ പണിയെടുക്കുന്നുള്ളുവെന്ന് വ്യക്തം. മാത്രവുമല്ല സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറച്ച് പ്രവൃത്തി സമയവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഗോവ, ബീഹാർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അഞ്ച് ദിവസമേ പ്രവൃത്തിദിനങ്ങളുള്ളുവെങ്കിലും എട്ടുമണിക്കൂർ ആണ് അവരുടെ പ്രതിദിന സേവന സമയം. കേരളത്തിൽ പ്രതിമാസം 162.50 മണിക്കൂറുകളാണ് ജീവനക്കാർ തൊഴിലെടുക്കാൻ ബാധ്യസ്ഥരായിട്ടുള്ളതെങ്കിൽ ബീഹാറിൽ അത് 176 മണിക്കൂറും ഡൽഹിയിൽ 176 മണിക്കൂറും ഗോവയിൽ 170.50 മണിക്കൂറും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉത്തരപ്രദേശിലും അത് 174 മണിക്കൂറുമാണ്. പക്ഷേ ശന്പളത്തിന്റെ കാര്യത്തിൽ ഒരു കുറവുമില്ല കേരളത്തിലെ സർക്കാർ ജീവനക്കാരന്. പത്താം ശന്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ മിനിമം ശന്പളം 17,000 രൂപയും പരമാവധി ശന്പളം 1.2 ലക്ഷം രൂപയുമാണ്. വിരമിച്ചശേഷം മിനിമം പെൻഷൻ 8500 രൂപയും പരമാവധി പെൻഷൻ 60,000 രൂപയുമാണ്. ഇത്രയും കനത്ത വേതനം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന് കൃത്യസമയത്ത് ഓഫീസിൽ വരാനും പോകാനും കഴിയുന്നില്ലെന്ന് പറഞ്ഞാൽ അതവന്റെ അഹന്തയായി മാത്രമേ കണക്കാക്കാൻ പറ്റുകയുള്ളു.
സർക്കാർ ജോലിയാണെങ്കിൽ ആരും ചോദിക്കാനില്ലെന്നും സംഘടനാ ശക്തി ഉപയോഗിച്ച് ഏതു അച്ചടക്ക നടപടിയേയും തടുക്കാമെന്നുമുള്ള വിചാരമാണ് പല സർക്കാർ ഉദ്യോഗസ്ഥർക്കുമുള്ളത്. ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ 1998ൽ പഞ്ചിങ് നടപ്പാക്കിയെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ ഇടപെടൽ മൂലം അത് കാര്യക്ഷമമായി നടന്നില്ല. പിന്നീട് ഏഴു വർഷം മുന്പ് പഞ്ചിങ് സംവിധാനം പുനരാവിഷ്‌കരിച്ചിട്ടും ജീവനക്കാർ തുടർന്നും വൈകിവന്നു. എന്നിരുന്നാലും അവർക്കെതിരെ ഒരു നടപടികളുമുണ്ടായില്ലെന്നത് സംഘടനാബലത്തിലൂടെ നടപടികളില്ലാതാക്കിയതിന് തെളിവുമാണ്. ഇതേത്തുടർന്നാണ് സ്പാർക്ക് എന്ന് ശന്പളബിൽ തയാറാക്കുന്ന സംവിധാനവുമായി പഞ്ചിങ് സംവിധാനത്തെ ബന്ധപ്പെടുത്താൻ സർക്കാർ നിർബന്ധിതമായത്. എന്നാൽ സമയത്തിന് ഓഫീസിലെത്തുകയും സമയത്തിന് മടങ്ങിപ്പോകുകയും ചെയ്തതു കൊണ്ടു മാത്രം ഒരു ജീവനക്കാരന്റെ കാര്യക്ഷമത അളക്കാനാവില്ല. ഓഫീസിലെത്തിയശേഷം പഞ്ച് ചെയ്ത് പുറത്തേക്ക് പോകുകയോ ഫേസ്ബുക്കിൽ കുത്തിക്കളിക്കുകയോ ചെയ്യുന്നവരെ പിടികൂടാൻ ആ ദിവസം ജീവനക്കാരനിലൂടെ നീങ്ങിയ ഫയലുകളുടെ കണക്കെടുപ്പാണ് നടത്തേണ്ടത്. അതാത് ദിവസം തീർക്കേണ്ട ജോലികൾ ജീവനക്കാരൻ തീർക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഓരോ ദിവസവും ജീവനക്കാർ പൂർത്തിയാക്കിയ ഫയലുകളുടെ വിവരങ്ങൾ മേലധികാരിക്ക് നൽകുകയും അവ ഔദ്യോഗിക സംവിധാനത്തിൽ രേഖപ്പെടുത്തുകയും വേണം. നിലവിൽ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വളരെ പതുക്കെയാണെന്ന് സർവേയിൽ വെളിപ്പെട്ടിരുന്നതാണ്. അങ്ങനെ വരുന്പോൾ ഫയൽ താമസിപ്പിക്കുന്ന ജീവനക്കാരനെതിരെ നടപടിയെടുക്കാൻ എളുപ്പമാകും. തൊഴിലെടുക്കാത്ത ഉദ്യോഗസ്ഥരെ തൊഴിലിൽ നിന്നും നീക്കം ചെയ്യാനുള്ള കാരണമായി ഇവ മാറുകയും ചെയ്യണം.
ഫയലുകളുടെ നീക്കം ഇന്ന് കണ്ടെത്തുക എളുപ്പമുള്ള കാര്യമാണ്. സെക്രട്ടറിയേറ്റിൽ 2014 മാർച്ച് അഞ്ചിനാണ് ഇഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെയുള്ള കാലയളവിൽ 700497 ഫയലുകൾ കൈകാര്യം ചെയ്യുകയും 2087155 തപാലുകൾ സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തുവെന്നാണ് ഇഓഫീസിന്റെ വെബ്‌സൈറ്റ് പറയുന്നത്. നാട്ടുകാർക്ക് ഇഓഫീസിന്റെ സിറ്റിസൺ ഇന്റർഫേസിലൂടെ തപാലുകൾ ട്രാക്ക് ചെയ്യാനും ഫയലിന്റെ അവസ്ഥ അറിയാനും സാധിക്കും. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള എല്ലാ സർക്കാർ ഉത്തരവുകളും ഇതിലൂടെ ഡൗൺലോഡ് ചെയ്യാനുമാകും. ഈ സംവിധാനമുണ്ടായിട്ടുപോലും ജീവനക്കാർ ഫയൽ താമസിപ്പിക്കുന്നതും തൊഴിലെടുക്കാതിരിക്കുന്നതും തങ്ങൾക്ക് രാഷ്ട്രീയ ബ്യൂറോക്രസിയുടെ സഹായം ഏതു സന്ദിഗ്ധഘട്ടത്തിലും കിട്ടുമെന്ന തോന്നലുള്ളതു കൊണ്ടു തന്നെയാണ്.
മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും ഭരണപരമായ ചുമതലകൾ കൃത്യമായി നിർവഹിക്കണമെന്നും ഉദ്ഘാടനങ്ങൾ പോലുള്ള പല അനാവശ്യ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി അധികസമയം കളയരുതെന്നും മുഖ്യമന്ത്രി ചുമതലയേറ്റെടുത്ത സമയത്ത് സ്വന്തം മന്ത്രിസഭാംഗങ്ങളെ ഉപദേശിച്ചിരുന്നു. മന്ത്രിമാരില്ലെങ്കിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ തോന്നുംപടി ചെയ്യുമെന്നും അത് വിവാദങ്ങളിലേക്ക് നയിക്കുമെന്നുമൊക്കെ അന്നത്തെ പ്രഖ്യാപനങ്ങളിൽ കണ്ടിരുന്നു. പക്ഷേ പിന്നീട് അവയൊന്നും പാലിക്കപ്പെടുന്നതായി കണ്ടില്ല.
മന്ത്രിമാർ പതിവുപോലെ ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലും സജീവമായി. സിപിഎം സമ്മേളന സമയത്ത് സെക്രട്ടറിയേറ്റിൽ എത്ര മന്ത്രിമാർ ഓഫീസിലുണ്ടായിരുന്നുവെന്ന് പരിശോധിച്ചാൽ മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയുടെ പൊള്ളത്തരം നമുക്ക് ബോധ്യപ്പെടുകയും ചെയ്യും. പാർട്ടി സമ്മേളനം കഴിയുന്നതുവരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചത് വെറുതെയല്ല. ഇപ്പോൾ പഞ്ചിങ്ങുണ്ടായിരുന്നെങ്കിൽ പല മന്ത്രിമാർക്കും രണ്ടു മാസത്തെ ശന്പളം പോലും നഷ്ടമാകുമെന്നാണ് ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രിയാകട്ടെ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തേക്കാൽ മുൻഗണന നൽകിയത് പാർട്ടി സമ്മേളനത്തിനുമാണ്. പാർട്ടി സമ്മേളനത്തിനു പോകാൻ സർക്കാർ ചെലവിൽ എട്ടു ലക്ഷം രൂപ വാടകയിൽ ഹെലികോപ്ടർ ഉപയോഗിക്കുന്ന ഭരണാധിപന് പണിയെടുക്കാത്തവരെ കണ്ടെത്തി ശന്പളം കട്ട് ചെയ്യാനുള്ള ധാർമ്മികതയുണ്ടോയെന്നത് വേറെ ചോദ്യം.
എന്നാൽ ശരിയായ രീതിയിൽ തൊഴിലെടുക്കുക എന്നത് ഒരാളെ പഠിപ്പിച്ചുകൊടുക്കാനാകുന്ന കാര്യമല്ല. ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പുറമേ, ജനങ്ങളോടുള്ള പ്രതിബദ്ധതയും മനസ്സിലുള്ളവർക്കേ നല്ല ജീവനക്കാരാകാനും പൊതുജന സേവനരംഗത്ത് സാധ്യമാകുകയുള്ളു. ഓരോ ഫയലും ഓരോ ജീവിതമാണെന്നും അതിൽ പല കുടുംബങ്ങളുടേയും കണ്ണീരുണ്ടെന്നുമൊക്കെ തിരിച്ചറിയാനുള്ള മനസ്ഥിതി എല്ലാ ജീവനക്കാർക്കും ഉണ്ടാകണമെന്നില്ല. കൃത്യമായ ശന്പളവും പെൻഷനും ലഭിക്കുന്ന സർക്കാർ ജോലിയിരിക്കുന്നവർക്ക് പലപ്പോഴും സാധാരണക്കാരന്റെ ദൈനംദിന വിഷമതകൾ മനസ്സിലാക്കാൻ കഴിയണമെന്നില്ല. സഹാനുഭൂതിയും അനുകന്പയും ആർക്കും ആരേയും പഠിപ്പിച്ചുകൊടുക്കാനാകുന്ന കാര്യമല്ലല്ലോ. മനസ്സിന്റെ ഉള്ളകത്തിൽ നിന്നു വരേണ്ടതാണല്ലോ അത്. എന്നാൽ അതില്ലാത്തവരെ നിർബന്ധിതമായി തന്നെ തൊഴിലെടുപ്പിക്കേണ്ടതായി വരും. കൃത്യസമയത്ത് അവരെ ഓഫീസിലെത്തിക്കാൻ പഞ്ചിങ്ങും സമയം പാലിച്ചില്ലെങ്കിൽ ശന്പളം കട്ടു ചെയ്യുമെന്ന ഭീഷണിയും വേണ്ടി വരും. അതിനെയൊക്കെ സംഘടനാബലത്തിൽ എതിർത്തു തോൽപിക്കാൻ ശ്രമിച്ചാൽ നാളെ തൊഴിലെടുക്കാത്ത സർക്കാർ ജീവനക്കാരനെ ജനം കൈയേറ്റം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം. ജീവനക്കാർക്ക് കൂടുതൽ ഉത്തരവാദിത്തവും കാര്യക്ഷമതയും കൊണ്ടുവരാൻ സഹായകമായ കൂടുതൽ നടപടികൾ സർക്കാരിന്റെ പക്ഷത്തു നിന്നും ഉണ്ടാകണമെന്നതാണ് കാലത്തിന്റെ ആവശ്യം. പക്ഷേ അതിന് മാതൃകയാകേണ്ടവർ മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെയാണെന്നതും പ്രധാനം.