കപടസൗന്ദര്യം അപകടം...
കൂക്കാനം റഹ്മാൻ
‘സൗന്ദര്യം’ ആരും കൊതിക്കുന്ന വാക്ക്. മനുഷ്യൻ ഉണ്ടായതു മുതൽ സൗന്ദര്യം എന്ന ചിന്താഗതി ഉടലെടുത്തിരുന്നു. നമ്മുടെ മനുഷ്യ തലമുറകളെ എന്നും ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു വിസ്മയം തന്നെയാണ് സൗന്ദര്യം. അതുകൊണ്ട് തന്നെ സൗന്ദര്യവർദ്ധനവിന് വേണ്ടി വ്യക്തിഭേദമില്ലാതെ സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പിറകെ ഓടുന്ന കാഴ്ചയാണ് നാം ദിനംപ്രതി കണ്ടുവരുന്നത്. ഏത് തരത്തിൽ വേണ്ട സൗന്ദര്യ വർദ്ധകവസ്തുക്കളും വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തിലെ വിപണിയിൽ ലഭ്യമാണ്. കറുത്ത ഒരാൾ ഒരു ദിവസം കൊണ്ട് വെളുക്കുന്ന അവസ്ഥ വരെ നാം കാണുന്നു. നമ്മുടെ പണ്ടത്തെ തലമുറയ്ക്ക് ആഹാരം ഇല്ലാതെ ജീവിക്കാൻ കഴിയുന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് സൗന്ദര്യ വർദ്ധകവസ്തുക്കൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ശരീരഭംഗികളാണ് പെണ്ണിന്റെ മേന്മയെന്ന ധാരണ പുരുഷപ്രകൃതിയുടെ ദൗർബല്യത്തിന്റെയും കച്ചവട ശക്തികളുടെ ചൂഷണ സാമർത്ഥ്യം നിറഞ്ഞ പ്രചരണ വേലയുടെയും വികല സന്തതിയത്രെ. ചിന്തിക്കുന്ന യുവതീയുവാക്കൾക്ക് ഈ മിഥ്യ തിരിച്ചറിയുവാനാകും. അറിവുണ്ടായാൽ പിന്നെ അടിതെറ്റുകയില്ല.
സ്ത്രീകൾ മനസ്സും, ബുദ്ധിയുമുളള മനുഷ്യവ്യക്തികളാണ് എന്ന ലളിതമായ സത്യം നാം അംഗീകരിക്കണം. കാഴ്ചവസ്തുവായി സ്ത്രീ സ്വയം മാറാതിരിക്കണം. വാണിജ്യശക്തികളാൽ മലിനീകരിക്കപ്പെട്ട കണ്ണുളളവനായി പുരുഷൻ മാറാതിരിക്കണം. സ്ത്രീ അവളുടെ ശരീരഭംഗികളിലേയ്ക്ക് പുരുഷന്റെ കണ്ണുകളെ കൊളുത്തിവലിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇന്ത്യയിലെ സൗന്ദര്യവർദ്ധകവസ്തുക്കളുടെ വിൽപ്പന 1990ൽ 2311 കോടി രൂപയ്ക്കായിരുന്നുവെങ്കിൽ (പ്രധാനമായും ടെലിവിഷൻ പരസ്യങ്ങളിലൂടെ) 2000 -ആണ്ടിൽ 18,950 കോടി രൂപയുടെതായി ഉയർന്നു.
1980 വരെ ബ്യൂട്ടിപാർലറുകൾ ഈ നാട്ടിൽ അപൂർവ്വതകളായിരുന്നുവെങ്കിൽ ഇന്ന് കവലകളിലെല്ലാം ബ്യൂട്ടിപാർലറുകളുണ്ട്. സമൂഹത്തെയും സ്ത്രീവ്യക്തികളെയും പക്ഷെ ഇക്കാര്യത്തിൽ മുഴുവനായി കുറ്റപ്പെടുത്താനാവുകയില്ല. കാരണം, കച്ചവട ശക്തികൾ സമൂഹത്തിന്റെ ബോധമണ്ധലത്തിലേയ്ക്ക് ഈയൊരു ദിശയിൽ കടന്നുകയറിയത് അത്രമാത്രം ശക്തിയോടെയായിരുന്നു. ക്രയശക്തിയുളള ജനം ദശകോടിക്കണക്കിൽ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽനിന്നും തുടരെ വിശ്വസുന്ദരിമാരെ കണ്ടെത്തിയത് തന്നെ വാണിജ്യശക്തികളുടെ വിദേശ തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു. സന്പന്ന വിഭാഗത്തിലെ മാത്രമല്ല ദരിദ്രകുടുംബങ്ങളിലെ യുവതികളെയും നിങ്ങൾക്കും സൗന്ദര്യറാണിമാരാകാമെന്ന് പ്രലോഭിപ്പിക്കുവാൻ അതുവഴി അവർക്ക് കഴിഞ്ഞു. ചേരി പ്രദേശങ്ങളിൽ പോലും സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് വൻ പ്രചാരണമാണെന്ന് ഈയിടെ ഒരു സർവ്വെ കണ്ടെത്തുകയുണ്ടായി.
രാവിലെ കുളിമുറിയിൽ കുളിച്ചുകൊണ്ട് നിൽക്കുന്പോൾ രണ്ട് ശരീരങ്ങളും വെറും ശരീരങ്ങൾ. ഉടുത്ത് ഒരുങ്ങി പുറത്തിറങ്ങുന്പോഴേക്കും സ്ത്രീ പൊടുന്നനെ സുന്ദരിയായി മാറുന്നു. കാര്യമാത്ര പ്രസക്തമായി വസ്ത്രധാരണം ചെയ്ത് പുറത്തിറങ്ങുന്ന പുരുഷനെ ഏതാണ്ടൊരു വണ്ടിനോടുപമിക്കാമെങ്കിൽ സ്ത്രീ ഒരു ചിത്രശലഭത്തിനെപ്പോലെ വർണ്ണാഭമായി ചിറകുകൾ നിവർത്തി അരങ്ങത്തിറങ്ങുകയാണ്. ആണും പെണ്ണും കണ്ണാടിക്ക് മുന്നിൽ ചിലവിടുന്ന സമയത്തിന്റെ നീളം ആ നാളുകളിൽ കൂടിവന്നേക്കാം.
മുഖക്കുരു തുടങ്ങിയ ചെറിയകാര്യങ്ങൾ വലിയ ആകുലതകളായി മാറിയേക്കും. പത്തിരുപത് വയസാകുന്പോൾ മുഖക്കുരു താനേ അരങ്ങൊഴിഞ്ഞ് പോവുകയാണ് പതിവ്. മനസ്സിന്റെ കണ്ണാടിയാണ് മുഖം. മുഖക്കുരുക്കളെക്കാൾ മുഖ കാന്തിയെ സ്വാധീനിക്കുക. മാനസിക ഭാവങ്ങളായിരിക്കുമെന്നുമറിയുക. സ്നേഹിക്കുന്നവർ സുന്ദരന്മാർ എന്നാണല്ലോ ചൊല്ല്. അഥവാ മനസ്സിന്റെ തെളിച്ചവും നന്മയുമായിരിക്കണം ചർമ്മ പരിചരണത്തിലുമേറെ മുഖപ്രസാദമേറ്റുക. പെണ്ണിന്റെ സൗന്ദര്യം പുരുഷന്റെ വലിയ ബലഹീനത തന്നെയാണ്. ഭൂമിയിലെ പ്രേമഗാനങ്ങളിൽ ഭൂരിഭാഗവും സ്ത്രീയുടെ ബാഹ്യസൗന്ദര്യവും അംഗലാവണ്യവും എന്തിന് ഉടയാടകളുടെ ചേലും ചന്തവും വരെ അവസാനിക്കാത്ത വർണ്ണനകൾക്കും, ഉപമകൾക്കും, ഉൽപ്രേക്ഷകൾക്കും വിഷയമാകുന്നു. എന്നാൽ ഗാനങ്ങളും, ഭാവനകളും വേറെ. യാഥാർത്ഥ്യം വേറെ. ജീവിതം പങ്കുെവയ്ക്കുന്ന വ്യക്തിയുടെ ബാഹ്യ സൗന്ദര്യമാണോ പ്രധാനം, അല്ല മനസ്സിന്റെ സൗന്ദര്യമാണോ?. പ്രണയിച്ച് സ്വന്തമാക്കിയ സുന്ദരി ജീവിച്ചിടപഴകാൻ തുടങ്ങുന്പോൾ സ്വഭാവപ്പൊരുത്തമില്ലാത്തവളും തൻകാര്യവും അഹങ്കാരവും നിറഞ്ഞവളുമാണെന്ന് നിസ്സഹായതയോടെ തിരിച്ചറിയേണ്ടി വന്നേക്കാം. വ്യക്തിത്വ ഘടകങ്ങളുടെ പൊരുത്തമില്ലെങ്കിൽ സൗന്ദര്യവും വാക്ചാതുര്യവും വിലകെട്ട പുറം മോടികളായി ശേഷിക്കും.
നമ്മുടെ നാട്ടിൽ വിപണിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ എല്ലാം തന്നെ കെമിക്കൽ അടങ്ങിയിട്ടുളളവയാണ്. അത് ഒരു നിമിഷത്തേയ്ക്ക് നമുക്ക് സൗന്ദര്യം നൽകുന്നുവെങ്കിലും ദീർഘകാലം നിലനിൽക്കുന്നില്ല. മാത്രമല്ല ഒരുപാട് രോഗങ്ങളും ഉണ്ടാക്കുന്നു. ഇവയെല്ലാം തന്നെ യൗവനത്തിൽ വാർദ്ധക്യം വിളിച്ചുവരുത്തുന്നവയാണ്. താൽക്കാലികമായ സൗന്ദര്യത്തിനുവേണ്ടി സ്ഥിരമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളുടെ പ്രവർത്തനഫലമായി ത്വക്ക് രോഗങ്ങൾക്കും അതുവഴി മാരകമായ ക്യാൻസർ മുതലായ രോഗങ്ങളിലേയ്ക്കുംവഴി തുറക്കുന്നു. ഓരോ മനുഷ്യനും പ്രകൃത്യാതന്നെ ഒരു സൗന്ദര്യം ഉണ്ട്. അത് മെച്ചപ്പെടുത്താൻ രാസവസ്തുക്കൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതെ പ്രകൃതി തന്നെ കനിഞ്ഞ് നൽകിയ ഒരുപാട് സൗന്ദര്യവസ്തുക്കൾ നമുക്ക് ചുറ്റുപാടുമുണ്ട്. അതുകൊണ്ട് രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പിറകെ ഓടാതെ പ്രകൃതി ഉൽപ്പന്നങ്ങളിലേയ്ക്ക് മടങ്ങുക.