ഓറഞ്ച് പാസ്പോർട്ടിലൂടെ വീണ്ടും വിവേചനം
ഫിറോസ് വെളിയങ്കോട്
ലോകത്തുള്ള എല്ലാ രാജ്യങ്ങളും സമശീർഷരായി കാണുകയും അസമത്വങ്ങൾ ഉണ്ടെങ്കിൽ അതു തുടച്ചു നീക്കുകയും ജാതി, മതം, ലിംഗം, വർണ്ണം ഇതൊന്നും പരിഗണിക്കാതെയും എല്ലാവർക്കും തുല്യ നീതി നടപ്പിലാക്കാൻ ശ്രമിക്കുന്പോൾ ഇതാ ഇവിടെയൊരു വിവേചനം. ഇക്കുറി പാസ്പോർട്ടിലൂടെ... ഇവിടെ വിവേചനത്തിന് ഒരു കുറവും ഇല്ല. ഇപ്പോൾ പാവപ്പെട്ട പ്രവാസി ആയി ജീവിക്കുന്ന ആളുകളെ തരം കുറച്ചു കാണുന്ന ഒരു വൃത്തികെട്ട രീതി. വിദേശ പണം കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നമ്മൾ വിദ്യാഭ്യാസമില്ലാത്ത ആളുകളെ തരം താഴ്ത്തുന്ന, വിവേചനം കാണിക്കുന്ന ഈ രീതിയോട് പ്രതികരിക്കേണ്ടതാണ്.
വിദ്യാഭ്യാസം ഇല്ലാതെ, പത്താം ക്ലാസ് പോലും പാസാകാതെ ഗൾഫിലേക്ക് ചേക്കേറുന്ന ഒരു യുവത ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദി നമ്മുടെ സർക്കാരുകൾ തന്നെയാണ്. വികസനമില്ലാതെ, എല്ലാത്തിനും കടം വാങ്ങിക്കുന്ന സർക്കാർ. പിന്നെങ്ങനെയാണ് പാവപെട്ട ജനങ്ങൾ ഇവിടെ ജീവിക്കുന്നത്, അവർ ആരെയാണ് കാത്തിരിക്കേണ്ടത്. തികച്ചും ഒരു വിവേചനം എന്നത് മാത്രമല്ല അപഹാസപരമായ ഒരു കാര്യം തന്നെയാണിത്. എന്നാൽ ഡിജിറ്റൽ യുഗത്തിലേക്ക്് കുതിച്ചു കൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന നമ്മുടെ സർക്കാർ ഇതിൽ നിന്നെല്ലാം പിന്തിരിഞ്ഞ് നടക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. കേന്ദ്രസർക്കാരിന്റെ ഓറഞ്ചു പാസ്പോർട്ട് എന്ന പുതിയ തീരുമാനം രാജ്യത്ത് നിന്നു പുറത്തേക്ക് സഞ്ചരിക്കുന്പോൾ എമിഗ്രേഷൻ ക്ലീയറൻസ് ആവശ്യമായവരുടെ പാസ്‌പോർട്ടുകളുടെ നിറം ഇപ്പോഴുള്ള നേവി ബ്ലൂവിൽ നിന്നു ഓറഞ്ചിലേയ്ക്ക് മാറ്റാനുള്ള തീരുമാനമാണത്. സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരും ഇനി മുതൽ രാജ്യത്തെ രണ്ടാം തരം പൗരന്മാർ ആണെന്ന് പറയാതെ പറയുന്ന ഒരു നടപടി. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എളുപ്പത്തിന് വേണ്ടി എന്ന വിചിത്രമായ വാദം സർക്കാർ ഉയർത്തുന്പോൾ ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ സർക്കാർ മനഃപൂർവം മറന്നു കളയുകയാണ്.
ഒരു വ്യക്തിയുടെ കഴിവ് എങ്ങിനെയാണ് നോക്കുന്നത്. അതിന് അവന്റെ വിദ്യാഭ്യാസം മാത്രം നോക്കിയാൽ മതിയോ? അങ്ങിനെയാണെങ്കിൽ അധികം മന്ത്രിമാരും എം.പിമാരും മറ്റെന്തെങ്കിലും ജോലിക്ക് പോകേണ്ടി വന്നേനെ. എല്ലാ തരത്തിലും വിവേചനം കാണിക്കുന്പോൾ മന്ത്രിയാകാനും മത്സരിക്കാനും ഉയർന്ന വിദ്യാഭ്യാസം വേണം എന്ന നിയമം കൂടെ കൊണ്ടു വന്നുകൂടെ. അതാകുന്പോൾ ഒന്നുകൂടെ ഇന്ത്യ ഡിജിറ്റൽ യുഗത്തിലേക്ക് എത്തിയേനെ. ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പോകുന്പോൾ, അല്ലെങ്കിൽ വന്നിറങ്ങുന്പോൾ അവിടെ ഉള്ളവർ ഏതു രീതിയിലായിരിക്കും അവരെ സ്വീകരിക്കുക? ഏതു രൂപത്തിൽ അവരെ കാണും? അവിടെ സർക്കാർ കാണിക്കുന്നത് വിവേചനമല്ലേ?. തീർത്തും പാവപെട്ട വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ കരി വാരി തേയ്ക്കുകയല്ലേ ചെയ്യുന്നത്. ഈ ഗൂഢാലോചന ഓരോ പൗരനും എതിർക്കേണ്ടതുണ്ട്, എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇനി വിവേചനത്തിന്റെ തട്ടുകൾ കൂടിയേക്കാം. വിദ്യാഭ്യാസം ഇല്ലാത്തവൻ, ഉള്ളവൻ എന്നിങ്ങനെയുള്ള തരം തിരിവും, ഇതിന്റെ പേരിൽ നടക്കുന്ന ആട്ടും തുപ്പലുമെല്ലാം സ്വന്തം വീടുകൾ മുതൽ സർക്കാർ തലത്തിൽ വരെ നിർബാധം തുടരുന്ന ദുരന്തമാണ്. ഇതാണിപ്പോൾ അന്തർദേശീയ തലത്തിലേക്ക് കേന്ദ്ര സർക്കാർ ഉയർത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നു ജോലി തേടി പോകുന്ന പാവങ്ങൾക്കു മേൽ വിദേശ രാജ്യങ്ങൾ പുതിയ കടുത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് കാരണമായേക്കും. അതായത് പത്താം ക്ലാസ് പാസാകാത്തവർക്ക് ജോലിയില്ല, അല്ലെങ്കിൽ തുച്ഛമായ നിശ്ചിത ശന്പളം, നിശ്ചിത കാലം വരെ മാത്രം ജോലി ചെയ്യാനുള്ള അവസരം എന്നിങ്ങനെ...
ഇതിനൊക്കെ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ഇതിൽ സോഷ്യൽ മീഡിയാക്കാർക്കും, ജനങ്ങളും, ട്രോളുകൾ ഇറക്കാതെ അതിനെതിരെ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ജനങ്ങൾ ഇന്ത്യൻ ജനത മുഴുവനും അവരോടു കാണിക്കുന്ന ഈ വിവേചനം മാപ്പർഹിക്കാത്ത ഒന്നായി കാണണം. ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കരുത്. അതു പാവപ്പെട്ടവരെ വീണ്ടും വീണ്ടും ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ഈ കേന്ദ്രസർക്കാരിന് ജനങ്ങളോട്, പാവങ്ങളോട് ഇത്തിരി സ്നേഹമുണ്ടെങ്കിൽ, വിവേചനം കാണിക്കുന്നില്ലെങ്കിൽ ഈ തീരുമാനത്തിൽ നിന്നു പിന്തിരിയണം. ഇതിനെതിരെ എഴുതുന്ന ഓരോ വരികളും വാക്കുകളും പോസ്റ്ററുകളും ഈ കേന്ദ്ര സർക്കാരിനോടുള്ള വെറുപ്പായി മാറും എന്നതിൽ സംശയമില്ല. സമരങ്ങളും സത്യാഗ്രഹങ്ങളും ആവശ്യത്തിന് വേണ്ടിയാകട്ടെ. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കരുതെന്നും വിവേചനം കാണിക്കുന്നവരെ ജനത മാറ്റി നിർത്തുകയും ചെയ്യട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടു തൽക്കാലത്തേക്ക് ഈ വാരാന്ത്യ വീക്ഷണം വിടപറയുന്നു.