വിവേകത്തെ ആനന്ദമാക്കിയ കർമ്മയോഗി
പി.പി
ഒരിക്കൽ ഒരാൺകുട്ടി കൊൽക്കത്തയിലെ തെരുവുകളിലൂടെ നടന്നു പോകുകയായിരുന്നു. പെട്ടെന്ന് അവൻ എന്തോ ഒരു വലിയ ശബ്ദം കേട്ടു. എന്താണെന്നറിയാൻ തിരിഞ്ഞ് നോക്കിയപ്പോൾ, ഒരു കുതിര വണ്ടി തിരക്കിട്ട് പാഞ്ഞു വരികയാണ്. വിറളി പിടിച്ച് ഓടി വരുന്ന കുതിരയെ കണ്ടപ്പോൾ തന്നെ അപകടം മണത്തറിഞ്ഞ കുട്ടി, വണ്ടിക്കകത്തൊരു അവശയായ സ്ത്രീ ഇരിക്കുന്നതും കണ്ടു. കണ്ട് നിൽക്കുന്ന ആർക്കും അവരെ സഹായിക്കാനായില്ല. പക്ഷെ ധീരനായ ആൺകുട്ടി ഓടിചെന്ന് കടിഞ്ഞാണിൽ കയറി പിടിച്ച് കുതിരയെ ബലമായി നിർത്തി. തന്റെ ജീവൻ തന്നെ അത് അപകടമായേക്കാമെന്ന് ആ കുട്ടി അപ്പോൾ ഓർത്തതേയില്ല. നരേന്ദ്രനാഥ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. പിന്നീട് പ്രസിദ്ധനായത് മറ്റൊരു പേരിൽ. സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ ജൻമദിനമായിരുന്നു കഴിഞ്ഞ ജനുവരി 12ന് കടന്നുപോയത്.
കൊൽക്കത്തയിലെ സിംല എന്ന പ്രദേശത്തിൽ താമസിച്ചിരുന്ന പേരുകേട്ട ദത്ത കുടുംബത്തിൽ 1863ൽ ധനാഢ്യനായ ബാരിസ്റ്റർ വിശ്വനാഥദത്തയുടെയും ഈശ്വരഭക്തയും വിവേകിയുമായ ഭുവനേശ്വരീദേവിയുടെയും ഒൻപത് മക്കളിൽ ആദ്യത്തെ മകനായിട്ടാണ് നരേന്ദ്രൻ ജനിച്ചത്. ബിലു എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. കൂടാതെ നരേൻ എന്നും വിരേശ്വർ എന്നും പേരുണ്ട്.
സാഹിത്യവും ഭക്തിയും വ്യവഹാരവും നിറഞ്ഞ സന്പന്നകുടുംബമായിരുന്നു ബാലനായ നരേന്ദ്രന്റേത്. പക്ഷെ 1884ൽ പിതാവായ ദത്തയുടെ മരണത്തോടെ കുടുംബത്തിൻ്റെ അടിത്തറ ആകെ ഉലഞ്ഞു കടപുഴകി. ആ വലിയ വീടിൻ്റെ ഭാരം ആദ്യപുത്രനായ നരേന്ദ്രന്റെ ചുമലിലായി. വീട്ടിൽ പട്ടിണി സ്ഥിരവാസമാക്കി. ഇതോടെ നരേന്ദ്രൻ്റെ പഠനം നിലച്ചു. വീട്ടിലെ ഇല്ലായ്മകളും വല്ലായ്മകളും സഹോദരങ്ങളുടെ നിസ്സഹായവസ്ഥയും നരേന്ദ്രനെ അന്ന് ഒരു ജോലി അന്വേഷിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇതിനിടെ നരേന്ദ്രൻ ദക്ഷിണേശ്വരത്ത് വെച്ച് തന്റെ ആധ്യാത്മിക ഗുരു രാമകൃഷ്ണപരമഹംസനെ കാണുന്നതോടെയാണ് ജീവിതത്തിൽ വഴിതിരിവുകളുണ്ടാകുന്നത്. എന്നാൽ തന്റെ സന്യാസിയാകാനുള്ള ആഗ്രഹം അറിയിച്ച നരേന്ദ്രൻ്റെ വീട്ടിൽ പോയി കാര്യങ്ങൾ അറിഞ്ഞുവരാൻ സ്വാമി ശാരദാനന്ദയെ ശ്രീരാമകൃഷ്ണ പരമഹംസർ ചുമതലപ്പെടുത്തി. തിരിച്ചെത്തിയ ശാരദാനന്ദ നൽകിയ വിശദീകരണം ഇതായിരുന്നു.
‘കീറിപ്പിഞ്ഞിയ കിടക്ക, കീറലുകൾ മാത്രമുള്ള വിരി, രണ്ടോ മൂന്നോ തലയിണ. അതും ഇനി കീറാനിടമില്ല. മുറിയുടെ പടിഞ്ഞാറെ വശത്ത് മുഷിഞ്ഞ കൊതുകുവല. തലവേദനയാൽ വശംകെട്ട് കിടക്കുന്ന നരേന്ദ്രൻ’. ഇതറിഞ്ഞപ്പോൾ സന്യാസ പട്ടം നൽകാൻ രാമകൃഷ്ണ പരമംഹസരും ആദ്യം തയ്യാറായില്ല. പട്ടിണിയും പരിവട്ടവും പിടിച്ചുമുറുക്കുന്നതിനിടയിൽ വക്കീലാപ്പീസിലെ ഗുമസ്തൻ, അദ്ധ്യാപകൻ തുടങ്ങിയ ചെറിയ ജോലികൾ ആ കാലയളവിൽ നരേന്ദ്രൻ ചെയ്തിരുന്നു. ആ കാലത്ത് കൊടും പട്ടിണിയും ബന്ധുക്കൾ നൽകിയ കോടതി കേസും നരേന്ദ്രന്റെ വീടിനെ നന്നേ ഉലച്ചു. മനസ്സും ശരീരവും ഒന്നുപോലെ ഉരുകുന്പോഴും നരേന്ദ്രൻ അന്നും ദൈവത്തെ ആശ്രയിച്ചു. വീണ്ടും ഗംഗയുടെ കരയിൽ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ രാമകൃഷ്ണദേവൻ്റെ അടുത്ത് അഭയം തേടി. എല്ലാം വേണ്ടെന്ന് െവയ്ക്കുന്ന ഏകാന്തതയിൽ നരേന്ദ്രൻ തന്നെ ഒളിപ്പിച്ചു. ഇതു കണ്ട് രാമകൃഷ്ണദേവൻ ചോദിച്ചു. ‘നരേൻ, നിൻ്റെ അമ്മ വിധവ, സഹോദരങ്ങൾ കൊച്ചുകുട്ടികൾ, ചില്ലികാശില്ലാത്ത വീട്, നിന്നക്കെങ്ങനെ സന്യാസിയാകാനാകും?’ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. അക്കാലത്തെകുറിച്ച് സ്വാമി വിവേകാന്ദൻ പിന്നീട് എഴുതി. “ആഹാരം കഴിക്കാതെ ചെരിപ്പിടാതെ തിളയ്ക്കുന്ന വെയിലിൽ അലച്ചിൽ മാത്രം. ആരും ജോലി തന്നില്ല. യഥാർത്ഥ സ്നേഹമോ സഹതാപമോ ലോകത്തില്ലെന്ന് അന്ന് മനസ്സിലായി”.
പതുക്കെ പതുക്കെ ശ്രീരാമകൃഷ്ണൻ പിന്നീട് ആ യുവാവിനെ ഭാവിയിൽ നിർവ്വഹിക്കാനിരിക്കുന്ന മഹത്തായ ദൗത്യം ഏറ്റെടുക്കാൻ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. തന്റെ ശിഷ്യമാരുടെയും ഭക്തമാരുടെയും ചുമതലയും അദ്ദേഹം നരേന്ദ്രനെയാണ് ഏൽപ്പിച്ചത്. 1886 ആഗസ്ത്് 16ന് ശ്രീരാമകൃഷ്ണൻ മഹാസമാധിയടഞ്ഞതോടെ ആശ്രമത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്വം വിവേകാനന്ദനിലാവുകയായിരുന്നു.
1893 മെയ് 24നാണ് സ്വാമി വിവേകാനന്ദൻ ബോംബെയിൽ നിന്ന് അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചത്. തുടർന്ന് 1893 സെപ്റ്റംബർ 11ന് ചിക്കാഗോയിലെ ഹാൾ ഓഫ് കോളന്പസ് എന്ന് പേര് കേട്ട വിശാലമായ ഒരു സൗധത്തിൽ വെച്ചാണ് ചരിത്ര പ്രസിദ്ധമായ സർവ്വമത സമ്മേളനം നടന്നത്. ലോകത്തിലെ മിക്കാവാറും എല്ലാ രാജ്യങ്ങളിലെയും മതവിഭാഗങ്ങളുടെ പ്രതിനിധികൾ ആയിരക്കണക്കിന് പേർ തിങ്ങി നിറഞ്ഞ ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് സ്വാമി വിവേകാനന്ദനെന്ന നാമം ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. അമേരിക്കയിലെ പ്രിയപ്പെട്ട സഹോദരി സഹോദരമാരെ എന്നാരംഭിച്ച തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ എല്ലാ മതങ്ങളും സത്യമാണെന്നും അവ അംഗീകരിക്കപെടേണ്ടതാണെന്നുമുള്ള തന്റെ വീക്ഷണം അവതരിപ്പിച്ചപ്പോൾ, അതിലെ ഓരോ വാക്കും ആ സദസ് ഹൃദയപൂർവ്വം സ്വീകരിച്ചു. അവിടെ അദ്ദേഹം നേടിയ വിജയങ്ങളെ പറ്റി അന്നത്തെ കാലത്ത് ഓരോ ഭാരതീയനും അഭിമാനം കൊണ്ടു. അതിനു ശേഷം അദ്ദേഹം യൂറോപ്പിലും യാത്ര നടത്തി.
തന്റെ വിദേശ യാത്രകൾക്ക് ശേഷം 1897 മെയ് 1ന് സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ രാമകൃഷ്ണ മിഷൻ എന്ന വലിയ പ്രസ്ഥാനത്തിന് രൂപം നൽകി. പിന്നീട് ഭാരതത്തിൽ അങ്ങോളം ഇങ്ങോളമുള്ള യാത്രകളായിരുന്നു അദ്ദേഹം നടത്തിയത്. അതിന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം എത്തി. തുടർച്ചയായി നടത്തിയ യാത്രകൾ, പ്രഭാഷണങ്ങൾ ഒക്കെ വിവേകാനന്ദന്റെ ശരീരത്തെ തളർത്തുണ്ടായിരുന്നു. അവാസന കാലത്ത് അദ്ദേഹത്തെ മൈഗ്രേയ്ൻ, ടോൺസിലൈറ്റിസ്, ഡിഫ്ത്തീരിയ, ആസ്തമ, ടൈഫോയിഡ്, മലേറിയ, കരൾരോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി 31ലേറെ രോഗങ്ങൾ അലട്ടിയിരുന്നു. 1902 ജൂലൈ 4 വെള്ളിയാഴ്ച്ച ബേലൂർ മഠത്തിൽ വെച്ചാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്. മരിക്കുന്ന അന്നു പോലും അദ്ദേഹം കർമ്മനിരതനായിരുന്നു. അതിരാവിലെ ഉണർന്ന്, പ്രഭാത ഭക്ഷണം കഴിച്ച്, തമാശപൊട്ടിച്ചു ചിരിച്ച് നാല് മണി വരെ അന്ത്യദിനത്തിലും അദ്ദേഹം ബ്രഹ്മചാരികൾക്ക് ക്ലാസെടുത്തു. തുടർന്ന് വൈകീട്ട് 7.45 ന് ഗംഗാതീരത്ത് ധ്യാനവും കഴിഞ്ഞ് ഒന്പത് മണിയോടെ തിരിച്ചെത്തി തറയിൽ മലർന്ന് കിടന്ന് ആയാസരഹിതമായ മരണമാണ് അദ്ദേഹം വരിച്ചത്.
സ്വാമി വിവേകാനന്ദന് ആധുനിക ലോകത്തിലെ ആദ്ധ്യാത്മികനേതാക്കളിൽ പ്രമുഖമായ ഒരു സ്ഥാനമാണുള്ളത്. ചിക്കാഗോയിൽ വെച്ച് നടന്ന മതമഹാസമ്മേളനത്തിലും അതിനെ തുടർന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും നാലരവർഷം തുടർച്ചയായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും ഫലമായിട്ടാണ് പടിഞ്ഞാറൻ നാടുകളിൽ ഭാരതത്തെ പറ്റിയുള്ള തെറ്റിദ്ധാരണ മാറുകയും, ആധ്യാത്മികതയുടെയും, മതസഹിഷ്ണുതയുടെയും, സാംസ്കാരിക പാരന്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഭാരതത്തിന്റെ പ്രതിച്ഛായ ഉയരുകയും ചെയ്തത്. പിന്നീട് സ്വദേശത്ത് മടങ്ങിയെത്തി തന്റെ ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെ ഭാരതീയരുടെ മനസ്സിനെ തൊട്ടുണർത്തി, അവരുടെ ശ്രദ്ധയെ ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട വർഗ്ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിപ്പിക്കാൻ ആകർഷിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഭാരതത്തിലെ ദരിദ്രരായ ജനകോടികൾക്ക് വേണ്ടി സംസാരിക്കാൻ മുതിർന്ന ആദ്യത്തെ ആത്മീയ നേതാവായി സ്വാമി വിവേകാനന്ദനെ വിശേഷിപ്പിക്കാം. ഇതിനൊക്കെ പുറമേ അദ്ദേഹം ആധുനിക യുവാക്കളുടെ സാർവ്വലൗകികാദർശം കൂടിയാണ്്. മുപ്പത്തിയൊന്പതര വയസ് വരെ മാത്രമെ ജീവിച്ചുള്ളുവെങ്കിലും തന്റെ ഹ്രസ്വ ജീവിതത്തിനിടയിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ചരിത്രത്തിൽ സമാനതകളില്ല.