സുപ്രീകോടതിയും ഉൽക്കണ്ഠകളും
ഇ.പി അനിൽ
epanil@gmail.com
ജനാധിപത്യത്തിന്‍റെ യജമാനൻ സമൂഹമാണ് എന്ന യാഥാർത്ഥ്യം മറന്നു പോകുന്ന ഇടങ്ങളിൽ ജനാധിപത്യ പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്തുകയില്ല. ജനാധിപത്യത്തെ പറ്റിയുള്ള ഈ സാമാന്യ ധാരണയെ എപ്പോഴൊക്കെയാണോ ഉത്തരവാദിത്വപെട്ടവർ മറക്കുന്നത് അപ്പോഴൊക്കെ സമൂഹത്തിനു തിരിച്ചടികൾ ഉണ്ടാകും. ഇന്ത്യൻ ഭരണഘടനയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളാണ് കോടതികൾ.സർക്കാരിന്‍റെ ഭാഗമായ നിയമനിർമ്മാണ സഭയ്ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും ഭരണഘടനാപരമായ വീഴ്ചകൾ വരുന്പോൾ അതിനെ ഭരണഘടനയുടെ പിൻബലത്തിൽ തിരുത്തി നേർവഴിക്കു നയിക്കുവാനായി ചുമതലപ്പെട്ടവരാണ് ജ്യുഡീഷ്യറിയുടെ മർമ്മ സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹം കോടതിയെയും അനുബന്ധ സംവിധാനത്തെയും സ്വതന്ത്രമായും നിക്ഷ്പക്ഷമായും നോക്കികാണുവാൻ ഇഷ്ടപ്പെടുന്നു. ദൈനംദിന സാമൂഹിക വ്യവഹാരങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ജഡ്ജിമാർ ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം നിൽക്കുവാനും നീതി വൈകാതെ എത്തിക്കുവാനും ചുമലതലപ്പെട്ടിരിക്കുന്നു. ജഡ്ജിമാരുടെ ഉത്തരവാദിത്വങ്ങൾ വളരെ വലിയതാണ്. സർക്കാർ നിയന്ത്രണങ്ങൾക്ക് പുറത്ത് ജനങ്ങളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുവാൻ കഴിയുന്ന വിഭാഗങ്ങൾ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുവാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട് കോടതികളുടെ പല തീരുമാനങ്ങളും സർക്കാറുകളിൽ സമ്മർദ്ദങ്ങൾ ചെലുത്തുവാൻ അവസരം ഒരുക്കും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മറക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അവയ്ക്കെതിരെ നിലപാടുകൾ എടുക്കുവാൻ നമ്മുടെ ജ്യുഡീഷ്യറി ബാധ്യസ്ഥമാണ്. ഭരണകൂട സംവിധാനത്തിന്‍റെ നെറുകയിൽ ഇരിക്കുന്ന പരമോന്നത നീതിപീഠത്തിലെ ഏറ്റവും ഉത്തരവാദിത്വപെട്ടവർ തമ്മിൽ പരസ്യമായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തെ വളരെ ഉത്കണ്ഠയോടെ മാത്രമേ ജനങ്ങൾക്ക് നോക്കി കാണുവാൻ കഴിയൂ.
ലോകത്തെ ഏറ്റവും വിപുലമായ ജനാധിപത്യ സംവിധാനത്തിൽ സർവ്വദേശിയമായി തന്നെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കേണ്ട ഇന്ത്യൻ ജ്യുഡീഷ്യറി ഏവർക്കും മാതൃകയായി പ്രവർത്തിക്കുവാൻ ബാധ്യസ്ഥമാണ്. എന്നാൽ ആ രംഗത്ത് നിന്നും കഴിഞ്ഞ കുറേ നാളുകളായി കേൾക്കുന്ന വാർത്തകൾ ആശാവഹമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മൂന്ന് ശാഖകളും ഒത്തൊരുമിച്ചും സ്വജന പക്ഷപാതത്തിനും അനുബന്ധ ചെയ്തികൾക്കും അതീതമായും പ്രവർത്തിക്കുന്പോൾ മാത്രമേ അവ ജനങ്ങൾക്ക് ഉപകാരപ്രദമാകുകയുള്ളൂ.
ഇന്ത്യൻ ജ്യുഡീഷറിയിൽ അഴിമതി കൂടുന്നു എന്ന ഉത്കണ്ഠകൾ സജീവമായത് 1990കളിലാണ്. സ്വാതന്ത്ര്യ സമരത്തിനു ശേഷമുള്ള കാലത്ത് ഇന്ത്യൻ സമൂഹം നിലനിർത്തി വന്ന സാമൂഹിക മൂല്യങ്ങളിൽ പടിപടിയുണ്ടായ തിരിച്ചടികൾ വൈകി ആണെങ്കിലും ജ്യുഡീഷൽ സംവിധാനത്തെയും ബാധിച്ചു തുടങ്ങി. അതിനെ പറ്റി പരാമർശിച്ചവരിൽ കൂടുതൽ ആളുകളും ആ രംഗത്ത് തന്നെയുള്ളവരാണ്. 1970കളിൽ ഇന്ത്യൻ കോടതികളിൽ അഴിമതി നടക്കുന്നു എന്ന് പരാതികൾ എങ്ങുനിന്നും ഉയർന്നു വന്നിരുന്നില്ല. എന്നാൽ 1994 ആയപ്പോഴേക്കും സുപ്രീംകോടതി മുഖ്യന്യായാധിപൻ വെങ്കിട ചെല്ലയ്യ നിരവധി ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റിയത് അഴിമതിയുമായി ബന്ധപെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. 2001ൽ എത്തിയപ്പോൾ അന്നത്തെ പ്രധാന ജഡ്ജി 20 ശതമാനം ന്യായാധിപരും അഴിമതിയിൽ പെട്ടിരിക്കുന്നു എന്ന് പറയുകയുണ്ടായി. പുറത്തു നിന്നും 50 ശതമാനം ആളുകളും അഴിമതിക്കാർ ആണെന്ന് ചില പരാമർശങ്ങൾ വന്നു. തലമുതിർന്ന വക്കീലും മുൻ നിയമമന്ത്രിയും ആയ ശാന്തി ഭൂഷൺ രാജ്യത്തെ 16 സുപ്രീകോടതി ജഡ്ജിമാരിൽ പകുതി പേരും അഴിമതിയിൽ പെട്ടവർ ആണെന്ന് പരസ്യമായി പറയുകയുണ്ടായി. ഡൽഹിയിൽ ഭൂമി കൈയേറ്റവുമായി ഉയർന്ന വാർത്തകൾക്ക് പിന്നിൽ ഒരു ന്യായാധിപന്‍റെ കുടുംബ താൽപ്പര്യങ്ങൾ പ്രവർത്തിച്ചു എന്ന് ആവർത്തിച്ചുള്ള വാർത്തകൾ വന്നു. തമിഴ്നാട്ടിൽ നിന്നും ഉണ്ടായിരുന്ന ജഡ്ജിയെ ഇംപീച്ച് ചെയ്യുവാനുള്ള ശ്രമം പാർലമെന്‍റിൽ പരാജയപ്പെട്ടു എങ്കിലും ജഡ്ജിമാരിൽ പലരും അഴിമതിക്കാർ ആണെന്ന സംശയം വർദ്‍ധിപ്പിച്ചു. പിൽക്കാലത്ത് കൽക്കട്ട ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്തു കോടതിയിൽ നിന്നും പുറത്താക്കി. ജസ്റ്റിസ് കർണ്ണൻ (തമിഴ്നാടുകാരനും കൽക്കത്ത ഹൈക്കോടതി ജഡ്ജി) പരസ്യമായി ഉയർത്തിയ അഴിമതി ആരോപണവും ദളിത്− പിന്നോക്ക സമുദായക്കാരായ ജഡ്ജിമാർ അനുഭവിക്കേണ്ടി വരുന്ന ജാതി−മത അവഗണകളും വലിയ വാർത്തയായി. അദ്ദേഹം തന്‍റെ പരസ്യമായ വാദത്തിൽ ഉറച്ചു നിന്നപ്പോൾ സുപ്രീംകോടതി അദ്ദേഹത്തെ അറസ്റ്റു ചെയ്ത് 6 മാസത്തെ ശിക്ഷക്കു വിധിച്ചു. ജസ്റ്റിസ് കർണ്ണൻ ഉയർത്തിയ ആരോപണങ്ങൾ ശരിവക്കുന്ന സംഭവങ്ങൾ അതിനു മുന്‍പും ശേഷവും ഉണ്ടായിട്ടുണ്ട്. അഴിമതിക്ക് ഒപ്പം കോടതിയുടെ ചില വിധികൾ സമൂഹത്തിന്‍റെ പൊതു താൽപര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് ധാരണയുണ്ടാകുവാൻ ഉതകുന്നതായി പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ കോടതി അന്ധ വിശ്വാസങ്ങളും അനാചാരങ്ങൾക്കും എതിരെ മാതൃകാപരമായി പ്രവർത്തിക്കേണ്ട സ്ഥാപനം ആണെങ്കിലും ചില സമയങ്ങളിൽ കോടതിയിൽ ഇരുന്നു കൊണ്ട് പോലും ചില ജഡ്ജിമാർ നടത്തിയ പരാമർശങ്ങൾ ശാസ്ത്ര വിരുദ്ധമായിരുന്നു. മെയിലിനെ പറ്റിയും പശു ഓക്സിജൻ നൽകുന്ന ജീവിയാണ് എന്നൊക്കെയുള്ള പരാമർശങ്ങൾ നമ്മുടെ ജ്യുഡീഷ്യറിയെ പറ്റി നല്ല വാർത്തകൾ അല്ല ലോകത്തിനു നൽകിയത്.
ഭോപ്പാൽ ദുരന്തത്തിൽ കോടതി ഇരകളുടെ നഷ്ടപരിഹാരത്തിൽ കാട്ടിയ പിശുക്ക് ബഹുരാഷ്ട്ര കുത്തകയെ സഹായിക്കാനാണ് എന്ന അഭിപ്രായം ഉയർന്നുവന്നത് ഇന്നും ഇരകളിൽ നിരാശയുണ്ടാക്കിയ സംഭവമാണ്. പ്രസ്തുത വിധി പറഞ്ഞ ജഡ്ജി പിൽകാലത്ത് ഭോപ്പാലിൽ പ്രവർത്തനം തുടങ്ങിയ മെഡിക്കൽ കോളജിന്‍റെ തലപ്പത്ത് എത്തിയത് കൂടുതൽ സംശയം ജനിപ്പിച്ചു. കേരളത്തിൽ നിന്നും അഭയയുടെ കൊലപാതകികളെ രക്ഷിക്കുവാൻ കോടതിയിൽ പോലും സ്വാധീനം ഉണ്ടായി എന്ന് വാർത്തകൾ വന്നു. നർമ്മദ നദിയിലെ അണക്കെട്ടുകളുടെ ഉയരം കൂട്ടുവാൻ കോടതി നൽകിയ അവസരം വിഷയത്തെ കൂടുതൽ കലുഷിതമാക്കി. പരിസ്ഥിതി വിഷയങ്ങളിൽ കോടതികൾ വേണ്ടത്ര ജാഗരൂപത കാട്ടാത്ത അവസരങ്ങൾ കൂടുതലാണ്. ഏറ്റവും അവസാനം കൊച്ചിയുടെ കടൽ തീരത്ത്, തീരദേശ നിയമത്തെ കാറ്റിൽ പറത്തി പണിതുയർത്തിയ ഫ്ളാറ്റുകൾ പൊളിക്കേണ്ടതില്ല എന്നും നഷ്ടപരിഹാരം നൽകി കെട്ടിടങ്ങൾ ഉപയോഗിക്കാം എന്നുമുള്ള സുപ്രീംകോടതി വിധി പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നതായി വിലയിരുത്താം.
ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ജഡ്ജിമാരെ നിയമിക്കുന്ന രീതികൾ വ്യത്യസ്തമാണ്. ഇന്ത്യ അവലംബിക്കുന്ന മാർഗം എത്രമാത്രം ആരോഗ്യകരമാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അമേരിക്കയിൽ ജഡ്ജിമാരുടെ നിയമനങ്ങൾ നടത്തുന്നത് പ്രസിഡണ്ടിന്‍റെ സെനറ്റിന്‍റെ കൂടി അഭിപ്രായം ആരാഞ്ഞശേഷം മാത്രമാണ്. ഇംഗ്ലണ്ട് ജുഡീഷ്യറി തിരഞ്ഞടുപ്പിൽ 15 അംഗങ്ങൾ ഉണ്ട്. അവിടെ ജനസഭയ്ക്ക് വിഷയത്തിൽ പ്രധാന വഹിക്കാൻ അവസരം കിട്ടുന്നു. സൗത്ത് ആഫ്രിക്ക നടപ്പിൽ കൊണ്ടുവന്ന ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിൽ ഒരു കമ്മീഷൻ പ്രവർത്തിക്കുന്നു. അവിടെയും ജനസഭയ്ക്ക് കോടതിയിലെ പ്രധാന സ്ഥാനങ്ങളിലേക്ക് ആളുകളെ കണ്ടെത്തുന്നതിൽ പങ്കാളിയാകുവാൻ അവസരം കിട്ടുന്നു. ഇന്ത്യയിൽ ജഡ്ജുകളെ തിരഞ്ഞെടുക്കുവാൻ 5 ജഡ്ജിമാർ അടങ്ങുന്ന കൊളീജിയം പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്നവരെ രാഷ്‌ട്രപതി നിയമിക്കുന്നു. ഇവിടെ നിയമനിർമ്മാണ സഭകൾക്ക് നിയമനത്തിൽ ഒരു പങ്കാളിത്തവും ഇല്ല. ഈ വിഷയം പിൽക്കാലത്ത് ചർച്ചയാകുകയും പുതിയ രീതികൾക്കായി 99ാം ഭരണഘടനാ ഭേദഗതി ഉണ്ടാക്കുകയും ചെയ്തു. പുതിയ സംവിധാനത്തിന് National Judicial Commision എന്ന പേര്‍ നൽകി. അവിടെ 6 പേർ ഉണ്ടാകും. അതിൽ ചീഫ് ആയി സുപ്രീംകോടതി പ്രധാന ജഡ്ജി സേവനം നൽകും. ഒപ്പം രണ്ടുപേർ സുപ്രീം കോടതി ജഡ്ജിമാരിൽ നിന്നും ഉണ്ടാകും. നിയമ മന്ത്രി അനൗദ്യോഗിക അംഗമായിരിക്കും. രണ്ടു പ്രമുഖരെ പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ് ഒപ്പം സുപ്രീംകോടതി അധ്യക്ഷൻ ഇവർ കൂടിയാലോചിച്ചു നിയമിക്കും. ഇത്തരം ഒരു ഭരണഘടനാ സംവിധാനം ഉണ്ടാകുവാൻ 2014ൽ നിയമം പാസാക്കി. എന്നാൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയും നിലവിലെ കൊളീജിയം തുടരുവാൻ നിർദേശിക്കുകയും ചെയ്തു. അങ്ങനെ കോടതിക്കുള്ളിലെ ആളുകൾ മാത്രം നടത്തുന്ന ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് രീതിക്ക് പകരം കുറേക്കൂടി വിശാലമായ സമിതി വരുവാനുള്ള അവസരം തൽക്കാലം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ജഡ്ജിമാരുടെ നിയമനങ്ങളിൽ വിശാലമായ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളല്ല നമ്മുടെ നാട്ടിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. അത് പലപ്പോഴും അർഹതപെട്ടവർ സ്ഥാനത്ത് എത്തുവാൻ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉയർന്ന കോടതികളിൽ വനിതാ ജഡ്ജിമാരുടെ കുറവ് ആരോഗ്യകരമായ പ്രവണതയായി കാണുവാൻ കഴിയുകയില്ല.
ഇന്ദിരാഗാന്ധി ഇന്ത്യൻ ജ്യുഡീഷ്യറിയെ സ്വാധീനിച്ചതും തന്‍റെ താൽപ്‍പര്യങ്ങൾക്കായി മുതിർന്ന ആളുകളെ തഴഞ്ഞ് ജൂനിയർ ആയ ജസ്റ്റിസ് എ.എൻ റായ്്യെ നിയമിച്ചതും അദ്ദേഹം ഇന്ദിരാഗാന്ധിക്ക് അനുകൂലമായി കോടതിയെ ചലിപ്പിച്ചതും ചരിത്രത്തിൽ നിന്നും വായിക്കാം. എന്നാൽ അതേസമയത്ത് തന്നെ എച്ച്.ആർ ഖന്ന എന്ന മറ്റൊരു ജഡ്ജ് നടത്തിയ വിധി കോടതിയുടെ നിക്ഷ്പക്ഷവും ഭയരഹിതവുമായ നിലപാടിനെ ഓർമ്മിപ്പിച്ചു. അലഹബാദ് ഹൈക്കോടതിയിൽ ജസ്റ്റിസ് സിൻഹ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി സുപ്രീംകോടതിയിൽ േസ്റ്റ ചെയ്യുവാൻ വി.ആർ കൃഷ്ണയ്യർ മടിച്ചതും ഇന്ദിരാഗാന്ധിക്ക് വോട്ടു രേഖപെടുത്തുവാൻ കഴിയാതെ ഉപാധികൾ വെച്ചുകൊണ്ട് പാർലമെന്റിൽ പങ്കുടുക്കുവാൻ അനുവദിച്ചതും ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചത് തനിക്ക് ഉണ്ടായ ഇത്തരം പ്രതിസന്ധിയെ മറികടക്കുവാൻ ആയിരുന്നു.
ഇന്ത്യ ഇക്കാലത്ത് ഇതിനു മുന്‍പൊന്നും പരിചിതമല്ലാത്ത ജനാധിപത്യ പരീക്ഷണങ്ങളിലൂടെ കടന്നു പോകുകയാണ്. ഗുജറാത്ത് കലാപവും അനുബന്ധ വിഷയങ്ങളും കോടതികളുടെ വ്യവഹാരങ്ങളിൽ തന്നെ അട്ടിമറികൾ നടത്തുവാൻ ചിലരെ നിർബന്ധിതരാക്കി. ബെസ്റ്റ് ബേക്കറി കേസ്, നരോദ പാട്ട്യ കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങൾ ഗുജറാത്തിനു പുറത്തു വാദിക്കണം എന്ന അഭിപ്രായം ഉണ്ടായത് ഇന്ത്യൻ നീതിന്യായ നിർവ്വഹണത്തിനു മുകളിൽ ഉണ്ടാകുന്ന ഫലമായിട്ടാണ്.(തമിഴ്നാട്ടിൽ ജയയുടെ കേസുകൾ ബംഗ്ലൂരിലേക്ക് മാറ്റിയ സംഭവം.) ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയും ഇന്നത്തെ ബി.ജെ.പി ദേശിയ അധ്യക്ഷനും കൂടിയായ അമിത് ഷാക്ക് എതിരെ ഉയർന്നു വന്ന ആരോപണമായിരുന്നു ശഹറാബുദീൻ വധവുമായി ബന്ധപെട്ട ഏറ്റുമുട്ടൽ വാർത്തകൾ. അത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നും ഷായെ കുറ്റവാളിയായി സംശയിച്ച് കസ്റ്റഡിയിൽ എടുക്കുവാനും കുറ്റാന്വേഷണ ഏജൻസി തയ്യാറായി. അതിന്‍റെ പേരിൽ അമിതിനെ ജയിലിൽ അടച്ചു. ഗുജറാത്തിൽ കടക്കരുത് എന്നും കോടതി വിധിച്ചു. സി.ബി.ഐയുടെ കോടതിൽ വന്ന കേസിൽ അവസാനം വാദം കേട്ട ബി.എച്ച് ലോയ സംശയകരമായ സാഹചര്യത്തിൽ (ഹൃദയ സ്തംഭനം ഉണ്ടായി) മരിച്ചു എന്ന വാർത്ത പുറത്തുവന്നു.നേരത്തെ കേസ് കേൾക്കേണ്ടിയിരുന്ന ജഡ്ജ് മാറി നിൽക്കുകയും ലോയക്ക് മേൽ സ്വാധീനം ഉണ്ടാക്കുകയും അദ്ദേഹം മാനസികമായ പിരിമുറുക്കത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. 100 കോടി രൂപ സ്വീകരിച്ച് കേസിൽ നിന്നും അമിത് ഷായെ കുറ്റവിമുക്തനാക്കണമെന്ന സമ്മർദ്ദവുമുണ്ടായതായി പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസാദ് ട്രസ്റ്റ് നടത്തുന്ന മെഡിക്കൽ കോളജിന്‍റെ അംഗീകാരവുമായി ബന്ധപെട്ട കേസുകൾ മുൻ ഹൈക്കോടതി ജഡിജിയുടെ അറസ്റ്റിൽ വരെ കാര്യങ്ങളെ എത്തിച്ചു. പ്രമാദമായ കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ കേസിന്‍റെ മെരിറ്റിനെ അട്ടിമറിക്കുന്ന തരത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു എന്ന സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായി. ജസ്റ്റിസ് ചെല്ലമെശ്വർ അംഗമായ ബെഞ്ച് എടുത്ത തീരുമാനത്തെ അസാധുവാക്കി തനിക്കു മാത്രമേ കേസുകൾ ബഞ്ചുകളിലേക്ക് പകുത്തു നൽകുവാൻ അവകാശം ഉള്ളൂ എന്ന് പ്രധാന ജഡ്ജ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ നിലവിലുള്ള 25 ജഡ്ജിമാരുടെ ടീം ആണ് കേസുകൾ കേൾക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നടപടിയിൽ നേരത്തെ തന്നെ പ്രശാന്ത് ഭൂഷൺ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചില മുതിർന്ന വക്കീലന്മാർ കോടതി നടപടികളിൽ പ്രതിഷേധിച്ച് കോടതി ബഹിഷ്കരിക്കുവാൻ പോലും തീരുമാനിച്ചു. നിരവധി പ്രമാദമായ കേസുകൾ ജൂനിയർ ജഡ്ജുകളുടെ മുന്നിലേക്ക് എത്തിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യങ്ങൾ ഉണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ തലമുതിർന്ന നാല് ജഡ്ജിമാരുടെ നടപടി അസാധാരണമാണ്. ഇത്തരം സംഭവത്തിലേക്ക് കാര്യങ്ങൾ എത്തിയതിനു പിന്നിൽ ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായ ഭിന്നതകൾ കാരണമാണ്. ഇത്തരം ഭിന്നതകൾക്ക് പിന്നിൽ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാനുള്ള താൽപ്പര്യം ആണ് പ്രവർത്തിക്കുന്നത്. എങ്കിൽ അത്തരം നീക്കങ്ങൾ വരും കാലങ്ങളിൽ കൂടുതൽ ഗുണപരമായ ഫലങ്ങൾ നമുക്ക് നൽകും.
നമ്മുടെ രാജ്യത്തെ നീതിപീഠങ്ങളുടെ പ്രവർത്തനങ്ങളെ മാറി വന്ന സാഹചര്യങ്ങളെ മുൻനിർത്തി പുനർ വ്യാഖ്യാനങ്ങളിലേക്കു വിധേയമാക്കുവാൻ സമൂഹം തയ്യാറാകണം. ഒരു രാജ്യത്തിന്‍റെ ഏറ്റവും സംശുദ്ധമായി പ്രവർത്തിക്കേണ്ട കോടതി സംവിധാനങ്ങൾ ജനങ്ങൾക്ക് സംശയം ഉണ്ടാകുന്ന തരത്തിലായി തീർന്നാൽ അതു നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ ഒക്കെ സംശയത്തോടെ വിലയിരുത്തുവാൻ അവസരം ഒരുക്കും. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഏറ്റവും പ്രധാന സ്ഥാപനങ്ങളുടെ വിശേഷ അധികാരങ്ങൾ മറ്റെല്ലാവർക്കും മാതൃകയാകും വിധം പ്രവർത്തിച്ചു കാണിക്കുവാൻ ബന്ധപെട്ടവർ ബാധ്യസ്ഥരാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുവാൻ മടിക്കാത്ത ആളുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരങ്ങൾ കൈയാളുന്പോൾ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾക്ക് കൂടുതൽ അംഗീകാരങ്ങൾ നേടി എടുക്കേണ്ടതുണ്ട്. ഭരണകൂട സംവിധാനങ്ങളിൽ എല്ലാം കടന്നു കയറി ഭരണഘടന മുന്നോട്ടു വെക്കുന്ന അടിസ്ഥാന ശിലകളെ തന്നെ ചോദ്യം ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ നമ്മുടെ പൊതുസംവിധാനങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ അവിടെ കഴിഞ്ഞ നാളുകളിൽ ജനങ്ങൾ ഉണ്ടാക്കിയെടുത്ത സാമൂഹിക പ്രതിരോധങ്ങൾ ശിഥിലമായി കൊണ്ടിരിക്കും. അത് ജനാധിപത്യ ഇന്ത്യയുടെ നാശത്തിന് ഇടം ഉണ്ടാക്കും.
വൈകി കിട്ടുന്ന നീതിയെ നീതി നിഷേധമായി കരുതണം എന്ന് നമ്മെ പഠിപ്പിക്കുന്ന ജ്യുഡീഷ്യറി ജനങ്ങളുടെ അഭിലാഷങ്ങൾക്ക് ഒപ്പം ഉയരുവാൻ ബാധ്യസ്ഥമാണ്. സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തുവാൻ ശ്രമിച്ചില്ല എങ്കിൽ വരും കാലം ഞങ്ങളെ കുറ്റവാളികളായി ഇന്ത്യൻ ജനത ചിത്രീകരിക്കും എന്ന അഭിപ്രായം വളരെ പ്രസക്തമാണ്. ആരോടും പക്ഷപാതം കാട്ടാതെ, എന്നാൽ എല്ലാ നന്മയും ജനങ്ങൾക്ക് എത്തിക്കുവാൻ നമ്മുടെ ഭരണകൂടത്തിനു കൂടുതൽ ലക്ഷ്യബോധം നൽകുന്നതിൽ കോടതികൾക്കുള്ള പങ്ക് വർദ്ധിച്ചു വരുന്നു. സുപ്രീംകോടതി എന്ന പരമ അധികാര സഭയുടെ പ്രവർത്തങ്ങളും സംശുദ്ധതയും സംരക്ഷിക്കുവാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. ജനാധിപത്യത്തിൽ അവസാനത്തെ വാക്ക് ജനത്തിന്‍റെതു മാത്രമാണ് എന്ന ധാരണ നമ്മെ കൂടുതൽ ഉത്തരവാദിത്വമുള്ളവർ ആക്കി തീർക്കണം. കൂടുതൽ അധികാരങ്ങൾ ഉള്ളവർ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറെ കരുതലോടെ നിർവഹിക്കുന്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യം ലക്ഷ്യത്തിൽ എത്തുകയുള്ളൂ. അവിടെ കോടതികളുടെ പങ്ക് വളരെ നിർണ്ണായകമാണ്. ജനാധിപത്യ സംവിധാനത്തിന്‍റെ കെട്ടുറപ്പിൽ കൂടി മാത്രമേ സമൂഹത്തിൽ ശക്തമായി കൊണ്ടിരിക്കുന്ന അഴിമതി, വിഭാഗീയത, വർഗ്ഗീയത തുടങ്ങിയ സംഭവങ്ങളെ ഒറ്റെപ്പെടുത്തി നാടിനെ രക്ഷിക്കുവാൻ കഴിയൂ. നമ്മുടെ കോടതികൾ കൂടുതൽ സുതാര്യവും ശക്തവും ജനപക്ഷവും ആക്കുവാൻ ഉതകുന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കും വരും നാളുകൾ സാക്ഷ്യം വഹിക്കും എന്ന് പ്രതീക്ഷിക്കാം.