നി­ത്യ പ്രണയത്തി­ന്റെ­ ചു­വന്ന കു­പ്പാ­യവു­മാ­യി­ എൺ‍പത്തി­യഞ്ചി­ലും മാ­ധവി­ കാ­ത്തി­രി­ക്കു­ന്നു­


കൂക്കാനം റഹ്്മാൻ

സ്‌നേഹത്തിന്റെ നൂലിൽ‍ നെയ്ത ഈ ചുവന്ന കുപ്പായത്തിന് അറുപത്തിയഞ്ചുവർ‍ഷത്തെ കഥകൾ‍ പറയാനുണ്ട്. ആ ചുവന്ന കുപ്പായത്തിന് അത് പൊന്നുപോലെ സൂക്ഷിക്കുന്ന മടത്തും പടിക്കൽ‍ പാലായി മാധവിയുടെ കഥ മാത്രമല്ല, കരിവെളളൂർ‍ക്കാരുടെ ശക്തമായ പോരാട്ടത്തെക്കുറിച്ചുളള കഥ കൂടി പറയാനുണ്ട്. 1946 ഡിസംബർ‍ 20ന് കുണിയൻ പുഴക്കരയിൽ‍ എം.എസ്.പിക്കാരുടെ വെടിയുണ്ടയേറ്റ് തുള വീണ നെഞ്ചുമായി ആറ് വർ‍ഷക്കാലം ജീവിച്ച ധീരപോരാളിയായ പുഞ്ചക്കരക്കുഞ്ഞിരാമന്റെ സഹധർ‍മിണിയായ മാധവിയേട്ടത്തിയുടെ കൈയ്യിലാണ് ആ ചുവന്ന കുപ്പായമുളളത്. ആ കുപ്പായത്തിന്റെ ഓർ‍മ്മ ധീര സഖാക്കളുടെ ഓർ‍മ്മ കൂടിയാണ്. അനീതിക്കെതിരെ പട്ടിണി കിടന്ന് പടവെട്ടി മരിച്ചുവീണവരെയും, ജീവഛവങ്ങളായി കുറേക്കാലം ജീവിച്ചു മരിക്കുകയും ചെയ്തവരുടെയും ഓർ‍മ്മ അതോടൊപ്പമുണ്ട്.

ചിറക്കൽ‍ തന്പുരാന്റെ ഗുണ്ടകളും പോലീസും കുണിയൻ പുഴക്കരയിൽ‍ താണ്ധവമാടിയപ്പോൾ‍ എ.വി കുഞ്ഞന്പുവിന്റെയും, കൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ‍ അവരെ തടയാനെത്തിയത് നൂറുകണക്കിന് ധീരരായ പുരുഷാരമാണ്. അതിൽ‍ മൂന്നാമനായി നിലകൊണ്ടവനാണ് പുഞ്ചക്കര കുഞ്ഞിരാമൻ. കരിവെള്ളൂരിലെയും സമീപ പ്രദേശങ്ങളിലെയും കർ‍ഷകരിൽ‍ നിന്ന് വാരം വകയായി പിരിച്ചെടുത്ത നെല്ല് കടത്തിക്കൊണ്ടു പോവാതെ ഇവിടുത്തെ റേഷൻ കടകളിൽ‍ വെച്ച് നാട്ടുകാർ‍ക്ക് തന്നെ വിതരണം ചെയ്യണമെന്ന നീതിപൂർ‍വ്വമായ ഒരപേക്ഷയാണ് നാട്ടുകാർ‍ ചിറക്കൽ‍ തന്പുരാന്റെ ആൾ‍ക്കാരുടെ മുന്നിൽ‍ വെച്ചത്. പട്ടിണികൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ ന്യായമായ ആവശ്യത്തിന് നേരെ അവർ‍ മുഖം തിരിച്ചു. തോണിയിലും മറ്റും നെല്ല് കയറ്റിക്കൊണ്ട് പോകാനാണ് അവർ‍ തയ്യാറായത്. ആ ശ്രമത്തെയാണ് നാട്ടുകാർ‍ തടഞ്ഞത്. അതിനാണ് നാട്ടുകാർ‍ക്കെതിരെ പീരങ്കിയും, വെടിയുണ്ടയും, ബയണറ്റും പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടിയുണ്ടയേറ്റ് പിടഞ്ഞുവീണ പുഞ്ചക്കര കുഞ്ഞിരാമൻ കുതറിയോടി. കാഞ്ഞങ്ങാട് ആശുപത്രിയിൽ‍ ചികിത്സ തേടിയെത്തി. മാസങ്ങളോളമുളള ചികിത്സകൊണ്ട് എഴുന്നേറ്റ് നടക്കാമെന്നായി.

ഈ സംഭവത്തിന് ശേഷം നാല് വർ‍ഷം പിന്നിട്ടപ്പോൾ‍ 1950ൽ‍ പുഞ്ചക്കര കുഞ്ഞിരാമന്‍ മാധവിയെ വിവാഹം കഴിച്ചു. രണ്ട് വർ‍ഷം ഒപ്പം ജീവിച്ചു. പഴയ ഇ.എസ്.എസ്.എൽ‍.സി പഠിച്ചയാളാണ് കുഞ്ഞിരാമൻ. എന്നിട്ടും ജോലിക്കൊന്നും ശ്രമിച്ചില്ല. അന്ന് എളുപ്പം ഏതെങ്കിലും സർ‍ക്കാർ‍ സർ‍വ്വീസിൽ‍ കയറാമായിരുന്നു. കൃഷിയും പൊതു പ്രവർ‍ത്തനവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പട്ടാളക്കാരുടെയും ഗുണ്ടകളുടെയും മൃഗീയ വേട്ടയാടലിൽ‍നിന്ന് രക്ഷപ്പെട്ട പുഞ്ചക്കര കുഞ്ഞിരാമൻ ഏറെനാൾ‍ ജീവിച്ചില്ല. 1952ൽ‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. വീട്ടിൽ‍ ഓമനിച്ചു വളർ‍ത്തുന്ന ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതിന് പേവിഷബാധ ഏറ്റിട്ടുണ്ടായിരുന്ന കാര്യം വീട്ടുകാരാരും അറിഞ്ഞിരുന്നില്ല.

ഒരു ദിവസം പട്ടിക്കുട്ടി പുഞ്ചക്കരയെ കടിച്ചു. അത് കാര്യമാക്കിയില്ല. അതിനുശേഷം ഒന്നൊന്നര മാസം കഴിഞ്ഞുകാണും. കുഞ്ഞിരാമൻ കാറമേൽ‍ മുച്ചിലോട്ട് ഉത്സവത്തിന് പോയി തിരിച്ചുവന്നപ്പോൾ‍ അദ്ദേഹത്തിൽ‍ ചില മാറ്റങ്ങൾ‍ കണ്ടു. കണ്ണ് ചുവന്ന് തുടുത്തിട്ടുണ്ട്. അത് രോഗലക്ഷണമായിരുന്നു. അക്കാലത്ത് വാഹനം കിട്ടാൻ പ്രയാസമായിരുന്നു. കൊഴുമ്മലിലെ സൂപ്പി മാപ്പിളയ്ക്ക് കാറുണ്ട്. അദ്ദേഹത്തിന്റെ കാറിൽ‍ പയ്യന്നൂരിലെത്തിച്ചു. അവിടെ സർ‍ക്കാർ‍ ആശുപത്രിയിൽ‍ അഡ്മിറ്റ് ചെയ്തു. പതിനാല് ദിവസത്തോളം ആശുപത്രിയിൽ‍ ചിലവഴിച്ചു. ഒപ്പം മാധവിയും അദ്ദേഹത്തെ പരിചരിച്ചു കൂട്ടിനുനിന്നു... അദ്ദേഹം മരിക്കുന്പോൾ‍ മാധവി ഒന്നരമാസം ഗർ‍ഭിണിയായിരുന്നു. നായ കടിച്ചതിനാൽ‍ മാധവിയും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. അതിന്റെ ഫലമായിട്ടായിരിക്കാം ഗർ‍ഭം അലസിയത്.

മാധവി അന്ന് ഇരുപത് വയസ്സുകാരിയായ യുവതിയായിരുന്നു. മാധവി പുനർ‍വിവാഹത്തിന് മുതിർ‍ന്നില്ല. അമ്മയാവാൻ കൊതിച്ചില്ല. എല്ലാം തന്റെ പ്രിയപ്പെട്ടവന്റെ ഓർ‍മ്മയ്ക്കുമുന്പിൽ‍ സമർ‍പ്പിക്കുകയായിരുന്നു. എൺ‍പത്തിയഞ്ചിലെത്തിയ മാധവിയേട്ടിക്ക് കഴിഞ്ഞ കാര്യങ്ങളെല്ലാം ഓർ‍മ്മയുണ്ട്. അറുപത്തിയഞ്ച് വർ‍ഷമായി വൈധവ്യം അവർ‍ അനുഭവിക്കുന്നു. തന്റെ ഇരുപതാമത്തെ വയസ്സിൽ‍ പ്രിയ ഭർ‍ത്താവ് സമ്മാനിച്ച ചുവന്ന ബ്ലൗസും, വെളുത്ത മുണ്ടും ഓർ‍മ്മക്കായി സൂക്ഷിച്ചു വെയ്ക്കുകയാണവർ‍. അതിന്റെ നിറം മങ്ങിയിട്ടില്ല; പഴകി ദ്രവിച്ചു പോയിട്ടില്ല. പ്രിയ ഭർ‍ത്താവിന്റെ കൈയ്യിൽ‍നിന്ന് കിട്ടിയ അവസാന സമ്മാനമായ ചുവന്ന ബ്ലൗസ് മാധവിക്ക് ഊർ‍ജ്ജം നൽ‍കുന്നു. നിത്യ പ്രണയത്തിന്റെ ചുവന്ന കുപ്പായവുമായി എൺ‍പത്തിയഞ്ചിലും മാധവി കാത്തിരിക്കുന്നു.

യഥാർ‍ത്ഥ പ്രണയവും, ഭാര്യാ ഭർ‍ത്തൃ ബന്ധവും ഇങ്ങനെയായിരിക്കണമെന്ന് വളരുന്ന തലമുറക്ക് ജീവിതത്തിലൂടെ കാട്ടിത്തരികയാണ് മാധവിയേട്ടി. കാലം കഴിയുന്തോറും ജീവിതത്തിൽ‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് മാധവിയേട്ടി പറഞ്ഞു. പണ്ട് കുളുത്തതും കുടിച്ച് കൂക്കാനം വഴി ചീമേനി ഒയോളം കാട്ടിലെത്തും. അതിരാവിലെയാണ് യാത്ര. വിറക് ശേഖരിക്കാനും, തോലരിയാനും (പച്ചില) ആണ് കാട്ടിലേക്ക് യാത്ര. വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തും. ഇങ്ങിനത്തെ പണിയൊന്നും ഇപ്പോഴത്തെ പെണ്ണുങ്ങൾ‍ക്കില്ല. കാടില്ല, മരമില്ല, പിന്നെന്തു ചെയ്യും? മണിക്കൂറുകളോളം നടക്കാനും, പോകാനും, കഠിനമായ പ്രവൃത്തി ചെയ്യാനും ഇന്നത്തെ പെണ്ണുങ്ങളെ കിട്ടില്ല. ഞാൻ‍ ഇപ്പോഴും നെല്ല് കുത്തിയ അരികൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും ചോറും തിന്നുന്നു. പഴയപോലെ മൺകലത്തിലാണ് ഇന്നും കഞ്ഞി വെയ്ക്കാറ്. അതിനൊന്നും മാറ്റം വന്നിട്ടില്ല. മുന്പൊക്കെയെങ്കിൽ‍ പുലർ‍ച്ചെ നാല് മണിക്കെഴുന്നേൽ‍ക്കും. ഇപ്പോൾ‍ അതാവുന്നില്ല. എങ്കിലും എന്റെ പണികളെല്ലാം ഞാൻ തനിച്ചു ചെയ്യും. ആരുടെയും സഹായം ഞാൻ തേടാറില്ല. തനിച്ചാണ് ഇപ്പോൾ‍ താമസിക്കുന്നത്. തെക്കേ മാണിയാട്ടാണ് താമസം, ബന്ധുക്കളൊക്കെ ചുറ്റുപാടുമുണ്ട്. പരസ്പരം സഹായിക്കുന്നത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോകാം.

മാധവിയുടെ ഭർ‍തൃസ്‌നേഹം കേട്ടറിഞ്ഞപ്പോൾ‍ മുക്കത്തെ കാഞ്ചനമാലയെക്കുറിച്ചോർ‍ത്തുപോയി. സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിച്ചുകൊടുക്കാൻ തയ്യാറാകാത്ത രക്ഷിതാക്കളോട് പകരം വീട്ടിയത് ജീവിതകാലം മുഴുവൻ അവിവാഹിതയായി കഴിയാനാണ്. മൊയ്തീൻ എന്ന ചെറുപ്പക്കാരനെ സ്‌നേഹിച്ചു. വീട്ടുകാർ‍ എതിർ‍ത്തു. വീട്ടുതടങ്കലിലാക്കി. മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ‍ തോണി മറിഞ്ഞതറിഞ്ഞ് വെളളത്തിൽ‍ മുങ്ങിത്താഴുന്ന കുട്ടികൾ‍ ഓരോരുത്തരെ കരയ്ക്കു കയറ്റുകയായിരുന്നു മൊയ്തീൻ. പെട്ടെന്ന് വലിയൊരു ചുഴിയിൽ‍ പെട്ട് മൊയ്തീൻ മരിക്കുന്നു. മരിച്ച വിവരം അറിഞ്ഞപ്പോൾ‍ മൊയ്തീന്റെ ജീവനറ്റ ശരീരം കാണാൻ കാഞ്ചനമാലയെത്തി. ഒന്നേ നോക്കിയുളളു. മൊയ്തീന്റെ കണ്ണ് മീനുകൾ‍ കൊത്തിയെടുത്ത നിലയിലായിരുന്നു. അന്ന് തൊട്ട് തന്റെ പ്രിയപ്പെട്ടവന്റെ കണ്ണ് കൊത്തിത്തിന്ന മത്സ്യങ്ങളെ കഴിക്കില്ലെന്ന് കാഞ്ചനമാല പ്രതിജ്ഞയെടുത്തു. എന്ന് നിന്റെ മൊയ്തീൻ സിനിമയിൽ‍ ഇതൊക്കെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.

മാധവിയെപ്പോലെ തന്റെ പ്രിയതമന്റെ ഓർ‍മ്മ മനസ്സിൽ‍ നിറച്ചുകൊണ്ട് കാഞ്ചനമാല ജീവിക്കുന്നു. ഇതോടൊപ്പം വർ‍ത്തമാന കാലത്തും ഹാദിയയെന്ന പെൺകുട്ടി താൻ പ്രണയിച്ചു വിവാഹം കഴിച്ച പുരുഷന്റെ കൂടെ മാത്രമെ ജീവിക്കൂയെന്ന് ഉറക്കെ പറയുകയും അതിനായി പ്രവർ‍ത്തിക്കുകയും ചെയ്യുന്നു. വീട്ടു തടങ്കലും, കോടതി കയറ്റവും, മാനസ്സിക പീഡനവും സഹിച്ചുകൊണ്ട് ഹാദിയ എന്ന ചെറുപ്പക്കാരിയും സ്‌നേഹത്തിനായി പട പൊരുതുന്നു.

ഒളിച്ചോട്ടവും, വിവാഹമോചനവും , ഭാര്യാ ഭർ‍തൃ പീഡനങ്ങളും വർ‍ധിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ‍ ഇതൊന്നുമല്ല ഭാര്യാ ഭർ‍തൃ സ്‌നേഹമെന്നും, പ്രണയമെന്നും കാട്ടിത്തരുന്ന ജീവിച്ചിരിക്കുന്ന മഹതികളെ നമുക്ക് ആവേശപൂർ‍വ്വം അംഗീകരിക്കാം, പിന്തുടരാം. അവരുടെ ജീവിതാനുഭവങ്ങൾ‍ വരും തലമുറക്ക് പകർ‍ന്നുനൽ‍കാം.

You might also like

Most Viewed