­റോ­ഡുകൾ യാത്രക്കാരുടേത്


ജെ. ബിന്ദുരാജ്

 

താനും വർഷങ്ങൾക്ക് മുന്പാണ്. ബൈക്കപകടത്തിൽപ്പെട്ട് കാലിന് മുറിവേറ്റ സുഹൃത്തിനേയും കൊണ്ട് ഞാൻ ബൈക്കിൽ ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുന്നതിനിടെയാണ്. സമീപത്തെ ദേവാലയത്തിലെ പെരുന്നാൾ ഘോഷയാത്ര നിരത്തിലൂടെ കടന്നുവന്നത്. ബൈക്കിനു പിന്നിൽ മുറിവേറ്റയാളെക്കണ്ട് ഘോഷയാത്രയുടെ ഓരം ചേർന്ന് പൊയ്‌ക്കോളാൻ യാത്രയ്ക്ക് നേതൃത്വം നൽകിയ ചിലർ എന്നെ ‘അനുവദിക്കുന്നു’. പക്ഷേ തിരുരൂപക്കൂടുമായി പോകുന്ന വാഹനത്തിനടുത്തെത്തിയ സമയത്താണ് ആരോ പിന്നിൽ നിന്നും ബൈക്കിൽ കടന്നുപിടിച്ച് എന്റെ തോളിൽ അതിശക്തിയായി മർദ്ദിച്ചത്. ഒരു നിമിഷം സ്തംബ്ധനായിപ്പോയ ഞാൻ തിരിഞ്ഞുനോക്കുന്പോൾ ശുഭ്രവേഷധാരിയായ ഒരു മധ്യവയ്ക്കനാണ്. ‘പള്ളീടെ ഘോഷയാത്രയ്ക്കിടയ്ക്കു കൂടി വേണോടാ നിന്റെ യാത്ര?,’ അയാൾ അലറി. ഞാൻ ബൈക്കിനു പിറകിൽ ചോരയിൽ കുതിർന്ന കാലുമായിരിക്കുന്നയാളെ ചൂണ്ടിക്കാട്ടി. ‘പള്ളീടെ യാത്രയ്ക്കിടയിലൂടെ തന്നെ വേണമോടാ നിനക്കിയാളെ കൊണ്ടുപോകാൻ?’ കണ്ണിൽച്ചോരയില്ലാതെ ആ മധ്യവയസ്‌കൻ വീണ്ടും അലറി. മറ്റൊരവസരമായിരുന്നുവെങ്കിൽ പ്രായവും ആളും നോക്കാതെ അയാളുടെ ചെകിട്ടത്തടിച്ച് താഴെയിട്ട്, ചവിട്ടിക്കൂട്ടി അയാളെ കുട്ടയിലെടുത്തുകൊണ്ടുപോകുന്ന പരുവത്തിലാക്കുമായിരുന്നു ഞാൻ. പക്ഷേ സുഹൃത്തിനെ എങ്ങനേയും ആശുപത്രിയിലെത്തിക്കണമെന്ന ചിന്ത മൂലം അമർഷം അടക്കി. യുവാക്കളായ ചില വിശ്വാസികൾ കടന്നുവന്നാണ് മധ്യവയസ്‌ക്കനായ ആ രാക്ഷസനിൽ നിന്നും എന്നേയും സുഹൃത്തിനേയും രക്ഷിച്ചത്. സ്‌നേഹത്തിന്റെ പര്യായമായ യേശുദേവന്റെ തിരുരൂപം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കിടയായിരുന്നു അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിക്കാൻ ബദ്ധപ്പെടുന്ന ഒരാൾക്കുനേരെ ഘോഷയാത്രയിൽ നിന്നുണ്ടായ ആക്രമണം. 

ഏതെങ്കിലുമൊരു വിശ്വാസിസമൂഹത്തെയോ വിശ്വാസിയെയോ കുറ്റപ്പെടുത്താനല്ല ഞാനിത്രയും പറഞ്ഞത്. പൊതുനിരത്തിലൂടെയുള്ള ജാഥകളും ഘോഷയാത്രകളും നാട്ടുകാർക്ക് എത്രത്തോളം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്നു പറയാനാണ് ഈ സംഭവം ഓർത്തത്. കർക്കശമായ നിയമങ്ങൾ പ്രകടനങ്ങളുടെ കാര്യത്തിൽ ഉണ്ടായിട്ടുപോലും പൊതുവഴികൾ പൂർണമായും തടസ്സപ്പെടുത്തി അന്പലങ്ങളുടേയും പള്ളികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും പ്രകടനങ്ങൾ കടന്നുപോകുന്ന നാടാണ് കേരളം. ഈ പ്രകടനങ്ങളും ജാഥകളും ഘോഷയാത്രകളും മൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുന്നുണ്ട് ജനം. വിശ്വാസത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും തിണ്ണമിടുക്ക് കാട്ടാനാകുമെന്നു കൂടി ധരിച്ചുവച്ചിരിക്കുന്ന അനുയായിവൃന്ദമുണ്ടെങ്കിൽപ്പിന്നെ നാട്ടുകാരുടെ കാര്യം പറയുകയും വേണ്ട. വഴിയേ പോകുന്ന ബൈക്കിനേയും കാറിനേയും വരെ കാലുയർത്തി ചവിട്ടും അവർ. ഘോഷയാത്രയ്ക്കരികിലൂടെ വരുന്ന വാഹനത്തിലുള്ളവരെ മർദ്ദിക്കാൻ തെല്ലും മടിക്കില്ല അവർ. രാഷ്ട്രീയപ്രസ്ഥാനത്തിന്റേയും മതസമൂഹത്തിന്റേയും ബലത്തിൽ കൈയൂക്കുകാട്ടാൻ അവരെ നോക്കുകുത്തികളായി നിലകൊള്ളുന്ന പൊലീസ് അനുവദിക്കുകയും ചെയ്യും. നിരത്തിൽ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധർ ഉണ്ടാക്കുന്ന തടസ്സങ്ങൾ മൂലം എത്രയോ ജീവനുകൾ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയിട്ടുണ്ടാകും. എത്രയോ പേർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടുണ്ടാകും. പക്ഷേ ഗതാഗതത്തിന് തടസ്സമുണ്ടാക്കിക്കൊണ്ടുള്ള പ്രകടനങ്ങളും ജാഥകളുമൊക്കെ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. വിശ്വാസി സമൂഹത്തിന്റെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പ്രകടനങ്ങളെ പൊതുനിരത്തിൻ ചോദ്യം ചെയ്യുന്നവരെ കൂട്ടായി മർദ്ദിക്കാൻ അക്കൂട്ടരുണ്ടാകുമെന്നതാണ് ഈ അതിക്രമങ്ങൾ നിർബാധം തുടരാൻ കാരണം. 

പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും വലിയ വിലയാണ് നമ്മൾ നൽകേണ്ടി വരുന്നതെന്നതിന്റെ തെളിവായിരുന്നു ഈ പുതുവർഷ ദിനത്തിൽ സംഭവിച്ച ഒരു മരണം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് വീട്ടുജോലിക്കിടെ തളർന്നുവീണ ഇന്ദിരയെന്ന വീട്ടമ്മയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കുമൊക്കെ കൊണ്ടുപോയെങ്കിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട ചില പ്രകടനങ്ങൾ മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ ആംബുലൻസ് ഒന്നര മണിക്കൂറോളം കുടുങ്ങിക്കിടന്നതോടെ ഇന്ദിരയുടെ നില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് അഞ്ച് നിമിഷങ്ങൾക്കകം ഇന്ദിരയുടെ മരണം സംഭവിക്കുകയായിരുന്നു. അരമണിക്കൂർ നേരത്തെയെങ്കിലും ആശുപത്രിയിലെത്തിക്കുമായിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഇന്ദിരയെ ചികിത്സിച്ച ഡോക്ടർമാർ പിന്നീട് വ്യക്തമാക്കിയത്. 

ഇന്ദിരയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. രണ്ടു മാസം മുന്പ് 2017 നവംബർ 21−നാണ് കോട്ടയം പരുത്തുംപാറ റിന്റു− റീന ദന്പതിമാരുടെ അഞ്ചു വയസ്സുകാരിയായ മകൾ ഐലിൻ ഗുളിക തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന്, ആശുപത്രിയിലേക്ക് യാത്ര ചെയ്യവേ, നഗരത്തിൽ നടന്ന എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലം ചികിത്സ കിട്ടാതെ അമ്മയുടെ മടിയിൽ മരണപ്പെട്ടത്. ചിങ്ങവനത്തു നിന്നും കോട്ടയത്തേക്ക് വരുന്പോൾ കോടിമതയിലാണ് കാർ ഗതാഗതക്കുരുക്കിൽ പെട്ടത്. ഇടവഴികളിലൂടെ വാഹനമോടിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ഫലിച്ചില്ല. പത്ത് മിനിറ്റു കൊണ്ട് എത്തേണ്ട ആശുപത്രിയിൽ മുക്കാൽ മണിക്കൂർ സമയമെടുത്താണ് ഈ പ്രകടനം മൂലം ഐലിനെ എത്തിക്കാനായത്. അപ്പോഴേയ്ക്കും ഐലിന്റെ മരണം സംഭവിച്ചിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ കേസ്സെടുത്തിരിക്കുകയാണിപ്പോൾ. 

പ്രകടനങ്ങൾ മാത്രമല്ല, നിരത്തിനരുകിൽ നടക്കുന്ന മത രാഷ്ട്രീയ പാർട്ടികളുടെ പ്രസംഗങ്ങളും കുത്തിയിരിപ്പുമെല്ലാം റോഡിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുന്നതിനാലാണ് പൊതുനിരത്തിലെ ഇത്തരം കോപ്രായങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഹൈക്കോടതി തീരുമാനിച്ചതു തന്നെ. റോഡിന്റെ ഒരു വശത്തു കൂടെ, ഗതാഗതം സ്തംഭിക്കാതെ മാത്രമേ പ്രകടനങ്ങൾ പാടുള്ളുവെന്നും പൊലീസ് ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കണമെന്നും പ്രകടനങ്ങൾക്ക് ദിവസങ്ങൾക്കു മുന്പു തന്നെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നുമൊക്കെ ജസ്റ്റിസ് സിഎൻ രാമചന്ദ്രനും ജസ്റ്റിസ് പിഎസ് ഗോപിനാഥനും അംഗങ്ങളായ ബെഞ്ച് 2012−ൽ വിധിച്ചെങ്കിലും ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇപ്പോഴും രാഷ്ട്രീയ പാർട്ടികളും മതജാതി സംഘടനകളും ദേവാലയങ്ങളുമെല്ലാം പൊതുനിരത്തിൽ പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

കേരളാ പബ്ലിക് വേയ്സ് (റെസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആന്റ് പ്രൊസഷൻസ്) ആക്ട് 2011 നിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് റാലികളോ പ്രകടനങ്ങളോ യോഗങ്ങളോ നടത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന വസ്തുതയ്ക്കു നേരെ പൊലീസ് പോലും പലപ്പോഴും കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിയമത്തിന്റെ മൂന്നും നാലും വകുപ്പുകൾ നിരത്ത് തടസ്സപ്പെടുത്താൻ പ്രകടനങ്ങൾ വഴിയോ യോഗം ചേരൽ വഴിയോ അവകാശമില്ലെന്ന് പറയുന്നുണ്ടെങ്കിലും അഞ്ചാം വകുപ്പിൽ ആഘോഷങ്ങൾക്കും കൂട്ടം ചേരലുകൾക്കും യോഗങ്ങൾക്കും സ്ഥലം അനുവദിക്കാനായി ചില നിയന്ത്രണങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് കൊണ്ടുവരാമെന്നു പറയുന്നുണ്ട്. പരന്പരാഗതമായി നടത്തുന്ന, സാമൂഹ്യ−സാംസ്‌കാരിക ആഘോഷങ്ങൾക്കും സുരക്ഷാ കാരണങ്ങൾക്കും പൊതുയോഗത്തിനും റാലികൾക്കും ഇത് അനുവദിക്കാമെന്ന് 5(1)(എ), 5(1)(ബി), 5(1) (സി), 5(1)(ഡി) വകുപ്പുകൾ പറയുന്നുണ്ട്. ഇതിൽ പൊതുയോഗങ്ങൾക്കും യോഗങ്ങൾക്കും നിരത്ത് അനുവദിക്കുന്നത് ഹൈക്കോടതി റദ്ദു ചെയ്തതാണെങ്കിലും ഇന്നും ആ പരിപാടി നിർബാധം തുടരുകയാണ്. 

ഇടവഴിയിൽ നിന്നും വരുന്ന വാഹനങ്ങളെ നിരത്തിലേക്ക് കടത്തിവിടാൻ പോലും തയാറാകാത്ത അവരെ നിയന്ത്രിക്കാൻ പൊലീസ് പോലും ഭയപ്പെട്ടുനിൽക്കുന്ന അവസ്ഥയാണ് പലയിടത്തും. ‘ഭരണഘടന വാഗ്ദാനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യവും വൈദ്യസഹായാവകാശവുമെല്ലാം മതസംഘടനകളും രാഷ്ട്രീയക്കാരും പരസ്യമായി ലംഘിക്കുകയാണ് ഇത്തരമവസരങ്ങളിൽ. ആംബുലൻസുകൾ പോലും പ്രകടനങ്ങൾക്കരികിലൂടെ കടന്നുപോകാൻ പലയിടത്തും അനുവദിക്കാറില്ല. ഇത്തരം റോഡ് തടസ്സങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഒറ്റദിവസത്തെ വാർത്തയ്ക്കപ്പുറം സമൂഹമനസ്സാക്ഷിയെ ഇതിനെതിരെ ഉണർത്തുന്നതായി തോന്നിയിട്ടുമില്ല,’ വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡിബി ബിനു പറയുന്നു. കൊച്ചിയിൽ തോപ്പുംപടി, പള്ളുരുത്തി ഭാഗത്തെല്ലാം ആരാധനാലയങ്ങളുടെ പ്രകടനങ്ങൾ മൂലം ഒട്ടുമിക്ക സമയങ്ങളിലും നിരത്തിലെ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. കൊച്ചിയിലെ കുന്പളങ്ങിയിലെ ആരാധനാലയത്തിലെ റാലി മുന്പ് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തിയത് നിസ്സാരമായി കാണാനാകുന്ന കാര്യമല്ല. പൊതുനിരത്തിലൂടെയുള്ള പ്രകടനങ്ങൾ ഏതെങ്കിലുമൊരു സാമഹ്യവിരുദ്ധൻ മനസ്സുവച്ചാൽ കലാപങ്ങൾക്കു പോലും വഴിവയ്ക്കാനിടയാക്കുമെന്നാണ് അഡ്വക്കേറ്റ് ഡിബി ബിനു പറയുന്നത്. 

പൊതുനിരത്തുകൾ കൈയടക്കിക്കൊണ്ടുള്ള മതജാതിക്കൂട്ടങ്ങളുടെ ആഘോഷപരിപാടികൾ നിയമങ്ങൾ ലംഘിച്ച് കേരളത്തിൽ തുടരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ആറ്റുകാൽ പൊങ്കാല. പൊതുനിരത്തിന്റെ പരിസരങ്ങളിൽ അടുപ്പുകൂട്ടി അപകടം ക്ഷണിച്ചുവരുത്തുന്ന ഈ മതപരമായ ചടങ്ങ് എങ്ങനെയാണ് സർക്കാർ അനുവദിച്ചു നൽകിയിരിക്കുന്നത്? റോഡരുകിൽ ഇഷ്ടിക കൂട്ടിവച്ച് അടുപ്പുണ്ടാക്കി വിറകുപയോഗിച്ച് കത്തിച്ച് നിവേദ്യമുണ്ടാക്കുന്ന കാഴ്ച ടെലിവിഷൻ ചാനലുകളെല്ലാം തന്നെ പരസ്യവരുമാനം മുന്നിൽക്കണ്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന വലിയ അപകടത്തെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നതേയില്ല. അന്പലത്തിന്റെ മൈതാനത്ത് സ്ഥലമില്ലാത്തതിനാലാണ് പൊതുനിരത്ത് പൊങ്കാലയിടാനുള്ള ഇടമാക്കി ഭക്തജനങ്ങൾ മാറ്റിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും കിലോമീറ്ററുകൾ നിരത്തിലൂടെ നീളുന്ന പൊങ്കാല അടുപ്പുകളും ആളും ആരവവും എത്രത്തോളം രൂക്ഷമായ ട്രാഫിക് തടസ്സങ്ങളും അസൗകര്യങ്ങളുമാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യം നേരത്തെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ റോഡിന്റെ ഒരു വശത്തു മാത്രം ഭക്തജനങ്ങൾ അടുപ്പു കൂട്ടാൻ പാടുള്ളുവെന്നും സിറ്റി പൊലീസ് അക്കാര്യം ഉറപ്പാക്കണമെന്നുമാണ് കോടതി പറഞ്ഞത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുനട്ട് ഭക്തജനങ്ങളുടേയും ആരാധാനാലയങ്ങളുടേയും എന്ത് തോന്ന്യാസങ്ങൾക്കും അനുമതി നൽകുന്ന സർക്കാരുകളാണ് കേരളം ഭരിക്കുന്നതെന്നതിനാൽ റോഡ് പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ആഘോഷങ്ങൾ കേരളത്തിൽ തുടർന്നുകൊണ്ടേയിരിക്കും. ദേശീയാഘോഷങ്ങൾക്ക് നിരത്തുകൾ ഉപയോഗിക്കാനാകുമെന്ന വ്യവസ്ഥ മുൻനിർത്തിക്കൊണ്ട്, മറ്റ് ട്രാഫിക് മാർഗങ്ങളില്ലാത്ത ഇടങ്ങളിൽ പോലും നിരത്ത് പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ടാണ് കേരളത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തു നിന്നും എത്രയോ കിലോമീറ്റർ അകലെ വരെ ഈ പൊങ്കാലയിടൽ നിരത്തിലൂടെ തുടരുന്നുണ്ടെന്നതിനാൽ ഭക്തരെ എന്തുകൊണ്ട് ഏതെങ്കിലും മൈതാനങ്ങളിലേക്ക് എത്തിച്ച് അവിടെ പൊങ്കാലയിടൽ നടത്താനുള്ള സൗകര്യം ചെയ്തു കൊടുത്തുകൂടാ?

നിരത്തിനു മുകളിൽ ഉയർത്തുന്ന കൊടിതോരണങ്ങൾ പോലും കടുത്ത ഗതാഗത തടസ്സമുണ്ടാക്കുന്ന കാഴ്ചയും സാധാരണം. ഇത്തരം തോരണങ്ങൾ വയ്ക്കുന്നതിന് പൊലീസിന്റെ അനുമതി വേണമെന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ അത് വാങ്ങിയ ചരിത്രമില്ലെന്നാണ് ഒരു മുൻ കമ്മീഷണർ ഈ ലേഖകനോട് സമ്മതിക്കുന്നത്. സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കൊടി തോരണങ്ങൾ മൂലം കോട്ടയം പട്ടണത്തിൽ കപൂർ ഡീസൽ കന്പനിയുടെ കണ്ടെയ്‌നർ ട്രക്ക് മണിക്കൂറോളം കുടുങ്ങിക്കിടന്നതും തോരണം നശിപ്പിക്കാതിരിക്കാൻ കണ്ടെയ്‌നർ ലോറി പാർട്ടിക്കാർ തിരിച്ചുവിട്ടതും നഗരത്തിലെ ഗതാഗതം തന്നെ മണിക്കൂറുകളോളം നിശ്ചലമാക്കിയ കാഴ്ച നാം കണ്ടതാണ്. നിരത്തിനു മുകളിലൂടെ തോരണങ്ങൾ വലിച്ചുകെട്ടാൻ ഇവിടത്തെ യാതൊരു നിയമവും അനുവദിക്കുന്നില്ലെന്നു മാത്രമല്ല അത് വലിയ അപകടങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന നിരത്തുകളിൽ കുറുകെ കെട്ടുന്ന തോരണങ്ങൾ മഴക്കാലത്ത് നനഞ്ഞാൽ അത് വൈദ്യുതി കണ്ടക്ടർമാരായി മാറുകയും വലിയ അപകടത്തിനിടയാക്കുകയും ചെയ്യും. ഇതിനു പുറമേയാണ് വലിയ വാഹനങ്ങൾക്ക് നിരത്തിലൂടെ കടന്നുപോകാൻ അനുവദിക്കാത്തതു മൂലം വലിയ ഗതാഗതതടസ്സത്തിന് അവ ഇടയാക്കുന്നത്. 

കേരളത്തിലെ നിരത്തുകൾ തന്നെ ആകെ ഇടുങ്ങിയ അവസ്ഥയിലാണുള്ളത്. ദേശീയപാതകൾക്കായി പോലും ജനസാന്ദ്രത മൂലം സ്ഥലമേറ്റെടുക്കാനാകാത്ത അവസ്ഥയാണുള്ളത്. വാഹനങ്ങളുടെ എണ്ണവും നാൾക്കുനാൾ വർധിക്കുന്നു. ഇവയുണ്ടാക്കുന്ന ഗതാഗതക്കുരുക്കുകൾക്കു പുറത്താണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും ആരാധനാലയങ്ങളുമെല്ലാം പൊതുനിരത്ത് കൈയേറി പ്രകടനം നടത്തി ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി കൂടാതെ പ്രകടനങ്ങളൊന്നും തന്നെ നടത്താൻ പാടില്ലെന്നാണ് വയ്പെങ്കിലും അപേക്ഷ സമർപ്പിച്ചശേഷം അനുമതി ലഭിക്കാതെയാണ് പല ജാഥകളും പ്രകടനങ്ങളും പൊതുനിരത്തിൽ നടക്കുന്നത്. പൊലീസാകട്ടെ, രാഷ്ട്രീയപ്രസ്ഥാനങ്ങളുടേയും ആരാധാനാലയങ്ങളുടേയും റോഡ് അതിക്രമിച്ചുകടക്കലിനെ പ്രതിരോധിക്കുന്നതിനു പകരം നാട്ടുകാരുടെ സഞ്ചാരം അവർക്കായി തടസ്സപ്പെടുത്തുന്നതിനായാണ് ഇന്ന് നിലകൊള്ളുന്നത്. ഒരു പൗരന്റെ പ്രാഥമികമായ അവകാശങ്ങൾ പോലും നഗ്‌നമായി ലംഘിക്കപ്പെടുന്ന കാഴ്ചയാണ് പൊതുനിരത്തിലെ പ്രകടനങ്ങളിലും പ്രസംഗങ്ങളിലുമൊക്കെ കാണുന്നത്. പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ വ്യക്തമായ വിധിന്യായമുണ്ടെങ്കിലും തൊടുന്യായങ്ങൾ കണ്ടെത്തി അതിനെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ മറികടക്കുന്ന കാഴ്ചയാണ് വിധിന്യായത്തിനുശേഷം കണ്ടത്. 

വർഷങ്ങൾക്കു മുന്പ് ഭരണങ്ങാനത്ത് ഒരു മതറാലിയിലേക്ക് വാഹനം ഇടിച്ചുകയറി 13 പേർ കൊല്ലപ്പെട്ട സംഭവവും പോത്താനിക്കാട് രാഷ്ട്രീയജാഥയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റ സംഭവവുമെല്ലാം 2012−ൽ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ്സ് എത്തിയപ്പോൾ പരാതിക്കാരായ ഡിജോ സി കാപ്പനും ഖാലിദ് മുണ്ടപ്പിള്ളിയും ചൂണ്ടിക്കാട്ടിയിരുന്നതാണ്. റോഡിൽ യോഗം ചേരുന്നത് ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് കേൾവിക്കാരെ ഉണ്ടാക്കാൻ പൊതുനിരത്തിൽ യോഗം ചേർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി അന്ന് പ്രസ്താവിച്ചിരുന്നു. പൊതുനിരത്തിൽ യോഗം ചേരാൻ അനുമതി ചോദിച്ച സ്ഥലത്ത് യോഗം ചേരാനുള്ള സ്ഥലമില്ലാത്തപക്ഷം ജില്ലാ പൊലീസ് മേധാവിക്ക് അനുമതി നിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും പലപ്പോഴും അപേക്ഷ കൊടുത്തുവെന്നതിന്റെ പിൻബലത്തിൽ അനുമതി ലഭിക്കാതെയാണ് പല യോഗങ്ങളും ചേരുന്നത്. അതുകൊണ്ടു തന്നെ ഹൈക്കോടതി പൊതുനിരത്തിൽ യോഗം ചേരാൻ അനുമതി നൽകുന്ന ജില്ലാ പൊലീസ് മേധാവിയുടെ അധികാരം അംഗീകരിക്കത്തക്കതല്ലെന്നാണ് വിധിച്ചത്. ഭരണഘടനയുടെ 19 (1) (എ) വകുപ്പിന്റേയും 21−ാം വകുപ്പിന്റേയും നഗ്‌നമായ ലംഘനമാണ് നിരത്തിൽ തടസ്സങ്ങളുണ്ടാക്കി ജനജീവിതം സ്തംഭിപ്പിക്കുന്നതെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 339, 341, 431 വകുപ്പുകൾ പ്രകാരം അത് ശിക്ഷാർഹമാണെന്നും കോടതി വിധിച്ചിരുന്നു. കേരളാ പബ്ലിക് വേയ്‌സ് (റെസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആന്റ് പ്രൊസഷൻസ്) ആക്ട് 2011 കോടതി ചില നിയന്ത്രണങ്ങളോടെ അംഗീകരിച്ചപ്പോൾ തന്നെ ആ നിയമത്തിലെ 5(1)(സി) ഭരണഘടന സഞ്ചാര സ്വാതന്ത്യത്തെ വിലക്കുന്നതിനാൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുനിരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഗതാഗതം തടസ്സപ്പെടുത്താതെ യോഗം ചേരുന്നതിനോ റാലി നടത്തുന്നതിനോ വ്യക്തികൾക്കോ അസോസിയേഷനുകൾക്കോ സംഘടനകൾക്കോ ട്രസ്റ്റുകൾക്കോ അനുമതി വേണമെങ്കിൽ അതിനായി ഏഴു ദിവസങ്ങൾക്കു മുന്പ് ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി ഇതിന് അനുമതി നൽകുകയാണെങ്കിൽ പൊതുഗതാഗതം തടസ്സപ്പെടാതിരിക്കാൻ ബദൽ ഗതാഗത മാർഗങ്ങൾ സൃഷ്ടിക്കുകയോ പൊലീസ് സേനയെ ഉപയോഗിച്ച് ജാഥകൾ നിയന്ത്രിക്കുകയോ ചെയ്യണമെന്നും ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം കണ്ടെത്തിയാൽ അനുമതി നൽകരുതെന്നുമാണ് കേരള പബ്ലിക് വേയ്‌സ് റെസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആന്റ് പ്രൊസഷൻസ് ആക്ട് 2011 വ്യക്തമായി പറയുന്നത്. ജാഥയുടേയും സമ്മേളനങ്ങളുടേയും പേരിൽ നിരത്തിൽ അനുമതിയില്ലാതെ കമാനങ്ങളും കട്ട്ഔട്ടുകളും ഉയർത്തുന്നതും കർശനമായി ഈ നിയമം വിലക്കിയിട്ടുണ്ട്. അനുമതി ലഭിച്ചതിൽ നിന്നും ഭിന്നമായി നിരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നപക്ഷം നടത്തിപ്പുകാർക്ക് ഒരു വർഷം വരെ തടവുശിക്ഷയും അസൗകര്യമുണ്ടാക്കിയതിനും നാശനഷ്ടമുണ്ടാക്കിയതിനും പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്രയൊക്കെ നിയമത്തിലുണ്ടായിട്ടും നിയമലംഘനം തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ് ദയനീയമായ കാര്യം.

ഹർത്താലിനെയോ ബന്ദിനെയോ ഒന്നും പ്രതിരോധിക്കുകയോ അതിനെതിരെ പ്രതികരിക്കാതെ അതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന ജനത, പൊതുനിരത്തിൽ പ്രകടനങ്ങളും ജാഥകളും യോഗങ്ങളും നിരത്തിലെ ഗതാഗതം തടസ്സപ്പെടുത്തി നീങ്ങുന്നതിനെതിരെ പ്രതികരിക്കാത്തതിൽ അത്ഭുതമില്ല. അവനവന്റെ സ്വന്തം കുടുംബങ്ങളിലേക്ക് അതിന്റെ ഭീകരത എത്തുന്നതുവരേയ്ക്ക് മറ്റുള്ളവരുടെ ജീവൻ ബലിയർപ്പിക്കപ്പെടുന്നതിനെപ്പറ്റിയും അവന് ചിന്തയുണ്ടാകില്ല. സ്വാർത്ഥതയുടെ പരകോടിയിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്നും ഇത്രയൊക്കെ മാത്രമേ നാം പ്രതീക്ഷിക്കേണ്ടതുമുള്ളുവെന്നത് വേറെ കാര്യം!

You might also like

Most Viewed