നീ­റി­പ്പു­കഞ്ഞ് നീ­തി­പീ­ഠം...


ജ്യം ഇത് വരെ സാക്ഷ്യം വഹിക്കാത്ത അതിനാടകീയ നിമിഷങ്ങൾക്കാണ് സുപ്രീംകോടതിയും ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയും ഇന്നലെ സാക്ഷ്യം വഹിച്ചത്. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ നടപടികൾ‍ക്കെതിരെ സുപ്രീംകോടതിയിലെ ജസ്റ്റിസ്‌ ജെ. ചെലമേശ്വർ‍ അടക്കം മുതിർ‍ന്ന ജഡ്‌ജിമാർ‍ ഏതാനും മാസങ്ങളായി പ്രതിഷേധത്തിലായിരുന്നു. അവസാനം നാല് ജഡ്ജിമാർ കോടതി നടപടി നിർത്തി വെച്ച് മാധ്യമങ്ങളെ കാണുന്നത് വരെ സംഭവവികാസങ്ങൾ എത്തി. ഭരണ വ്യവസ്ഥയിൽ നിന്ന് പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന്റെ അവസാന ആശ്രയമായ നീതിപീഠം കുത്തഴിഞ്ഞുവെന്ന് വിളിച്ച് പറഞ്ഞ നാല് ജഡ്ജിമാരും‍ രാജ്യത്തെ ഞെട്ടിച്ചു. നിഷ്പക്ഷമായ നിയമവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനിൽ‍ക്കാനാവില്ല എന്ന് തുറന്നുപറഞ്ഞ് അസംതൃപ്തി വെളിവാക്കിയിരിക്കുകയാണ്  ജസ്റ്റിസുമാരായ  ജെ. ചെലമേശ്വരനും രഞ്ജൻ ഗഗോയ്യും മദൻ ലോക്കൂറും കുര്യൻ ജോസഫും. രാജ്യത്തെ ബാധിക്കുന്ന കേസുകളിൽ‍ ചീഫ് ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന ആക്ഷേപം

ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയമാണ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാർ  കലാപവുമായി രംഗത്തിറങ്ങാനുള്ള ഏറ്റവും ഒടുവിലത്തെ കാരണം. ഇക്കഴിഞ്ഞ നവംബറിൽ ജഡ്ജിമാർ ആരോപണവിധേയരായ മെഡിക്കൽ ‍കോഴ കേസിൽ ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് മറികടക്കാൻ ചീഫ് ജസ്റ്റിസ് തിടുക്കത്തിൽ അഞ്ചംഗ ബെഞ്ചുണ്ടാക്കിയതോടെയാണ് ദീപക് മിശ്രയും ചെലമേശ്വറും തമ്മിലുള്ള ശീതസമരം ആദ്യമായി മറ നീക്കി പുറത്തുവന്നത്. 

സുപ്രധാനകേസുകൾ തനിക്ക് താൽപ്പര്യമുള്ള, പലപ്പോഴും ജൂനിയറായ ജഡ്ജിമാർക്ക് നൽകുന്നുവെന്നാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. ഗുജറാത്തിലെ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽക്കേസിന്റെ വിചാരണയ്ക്കിടെ, പ്രത്യേക സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഒടുവിലത്തെ ഉദാഹരണം. ജസ്റ്റിസുമാരായ അരുൺ മിശ്ര, ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ചിനാണ് രാഷ്ട്രീയപ്രാധാന്യമുള്ള ഈ കേസ് നൽകിയത്. കേസിൽ വിചാരണയ്ക്കിടെ ദുരൂഹ സാഹചര്യത്തിലാണ് ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടത്. അമിത് ഷായ്ക്ക് അനുകൂലമായി വിധിക്കാൻ നൂറുകോടി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ലോയയുടെ മരണത്തിന് ആഴ്ചകൾക്ക് ശേഷം അമിത് ഷായെ കോടതി വെറുതെ വിടുകയും ചെയ്തു.

സംഭവത്തെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങൾ.

ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവമുള്ളത്: രാഹുൽ‍ ഗാന്ധി 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർ‍ന്ന നാല് ജഡ്ജിമാർ‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയർ‍ന്ന തലത്തിൽ‍ അന്വേഷിക്കപ്പെടേണ്ടതാണ്. ജഡ്ജിമാർ‍ ഉയർ‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്.  ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാർ‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാർ‍ ഉയർ‍ത്തിയിട്ടുണ്ട്. ലോയയുടെ മരണം സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തണം. നീതി എന്ന ആശയത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ പ്രശ്നത്തെ ഗൗരമായി നോക്കിക്കാണുകയാണ്.

ജുഡീഷറിയിൽ‍ ശുദ്ധീകരണം അനിവാര്യം: സീതാറാം യെച്ചൂരി

ജുഡീഷറിയിൽ‍ ശുദ്ധീകരണം അനിവാര്യമാണ്. ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാർ നൽകിയ കത്ത് സൂചിപ്പിക്കുന്നത്. അസാധാരണ സംഭവങ്ങളാണിപ്പോൾ‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാർ‍ ഉന്നയിച്ചിരിക്കുന്നത് വൻ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണ്.  ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണം.

കേന്ദ്ര സർക്കാർ ഇടപെടില്ല: പി.പി ചൗധരി 

(കേന്ദ്ര നിയമസഹമന്ത്രി)

നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനോട് വിയോജിപ്പു പ്രകടിപ്പിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ല. സുപ്രീംകോടതി തന്നെ ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തും. ലോകത്തിൽ തന്നെ ഏറ്റവും മികച്ച നീതിന്യായ സംവിധാനമാണ് നമ്മുടേത്. സുപ്രീംകോടതി സ്വതന്ത്രമാണ്. ഈ വിഷയത്തിൽ കോടതി സ്വമേധയാ തന്നെ പരിഹാരം കണ്ടെത്തും.

നാല് ജഡ്ജിമാരെയും പിന്തുണയ്ക്കുന്നു: യശ്വന്ത് സിൻഹ 

(മുതിർന്ന ബി.ജെ.പി നേതാവ്)

ജഡ്ജിമാരുടെ ചില പ്രസ്താവനകൾ കാണാനിടയായി. നാല് ജഡ്ജിമാരെയും പിന്തുണയ്ക്കുന്നു. അവരെ വിമർ‍ശിക്കുന്നതിന് പകരം അവർ മുന്നോട്ടു വെച്ച പ്രശ്‌നത്തിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പരമോന്നത നീതി പീഠം വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ അത് ജനാധിപത്യത്തിന് വളരെയധികം അപകടകരമാണ്. 

 

കോടതിയുടെ വിശ്വാസ്യത തകർ‍ത്തു: കെ.ജി ബാലകൃഷ്‌ണൻ 

(മുൻ ചീഫ്‌ ജസ്‌റ്റിസ്)

ജഡ്‌ജിമാർ‍ തമ്മിലുള്ള തർ‍ക്കം പുറത്തുവന്നത്‌ സുപ്രീം കോടതിപോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർ‍ത്തു. സുപ്രീംകോടതി നിയമത്തിന്റെ അവസാന തുരുത്താണെന്ന സാധാരണക്കാരന്റെ പ്രതീക്ഷ കാത്തു സൂക്ഷിക്കണം. സുപ്രീംകോടതി ജഡ്‌ജിമാരെ ഉപദേശിക്കാൻ ആർ‍ക്കുമാകില്ല.

ജഡ്ജിമാരുടെ വാർ‍ത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു: 

കെ.കെ വേണുഗോപാൽ‍ (അറ്റോർ‍ണി ജനറൽ‍)

സുപ്രീംകോടതി ജഡ്ജിമാർ‍ തമ്മിലുളള തർ‍ക്കങ്ങൾ‍ക്ക് ഉടൻ പരിഹാരമുണ്ടാകും. വിദ്യാസന്പന്നരും പരിചയ സന്പന്നരുമാണ് സുപ്രീംകോടതി ജഡ്ജിമാർ. അവർ‍ നടത്തിയ വാർ‍ത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്നു. ചീഫ് ജസ്റ്റിസുൾ‍പ്പെടെയുളള ജഡ്ജിമാർ‍ സാഹചര്യത്തിനൊത്ത് ഉയർ‍ന്ന് പ്രവർ‍ത്തിക്കണം. വിഭാഗീയതകളൊഴിവാക്കണം.

നാല് ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണം: ആർ.എസ് സോധി (മുൻ ജഡ്ജി)

കോടതി നടത്തിപ്പിനെതിരെ നാല് ജഡ്ജിമാർ ചേർന്ന് ഉയർത്തിയ ആരോപണങ്ങൾ ഗുരുതരമാണ്. അവർ നാല് പേരെയുള്ളൂ, പക്ഷെ മറ്റ് 23 ജഡ്ജിമാരുമുണ്ട്. ഇവർ നാല് പേരും ചേർന്ന് ചീഫ് ജസ്റ്റിസിനെ സംശയത്തിന്റെ നിഴലിൽ നിർത്തി. ഇത് പക്വതയില്ലാത്തതും ബാലിശവുമാണ്. ഈ നാല് ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

 

തർ‍ക്കം ഒത്തുതീർ‍ക്കണം: −സുബ്രഹ്മണ്യൻ സ്വാമി

സുപ്രീംകോടതിയിലെ തർ‍ക്കം ഒത്തുതീർ‍ക്കണം. ജഡ്‌ജിമാരെ കുറ്റപ്പെടുത്താൻ നമുക്കാകില്ല. കരിയറിന് വേണ്ടി ഏറെ ത്യാഗങ്ങൾ‍ സഹിച്ചവരാണ്‌ അവർ‍. മുതിർ‍ന്ന അഭിഭാഷകരായി പണം വാരാനുള്ള മോഹം ഉപേക്ഷിച്ചാണ്‌ സുപ്രീംകോടതിയിലെ ജഡ്‌ജിമാരായത്‌. അങ്ങനെയുള്ളവരെ ബഹുമാനത്തോടെ മാത്രമേ കാണാനാകു. തർ‍ക്കം പരിഹരിക്കാൻ ഇടപെടണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

ജുഡീഷ്യറിയിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടൽ അപകടകരം: 

മമതാ ബാനർജി

സംഭവങ്ങൾ ആശങ്ക ഉളവാക്കുന്നു. നീതിന്യായ സംവിധാനവും മാധ്യമവും ജനാധിപത്യത്തിന്റെ നെടും തൂണുകളാണ്. ജുഡീഷ്യറിയിൽ കേന്ദ്രസർക്കാർ നടത്തുന്ന അമിത ഇടപെടൽ അപകടകരമാണ്.

ആരോപണങ്ങൾ ചീഫ്‌ ജസ്റ്റിസിന് മേൽ‍ കരിനിഴൽ‍ വീഴ്‌ത്തി: പ്രശാന്ത്‌ ഭൂഷൺ  

സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാരുടെ ആരോപണം ചീഫ്‌ ജസ്റ്റിസ് ദീപക്‌ മിശ്രയ്ക്ക് മേൽ‍ കരിനിഴൽ‍ വീഴ്‌ത്തി. അദ്ദേഹം അധികാര ദുർ‍വിനിയോഗം നടത്തിയെങ്കിൽ‍ അപലപിക്കേണ്ടതാണ്. 

കറുത്ത ദിനം: −ഉജ്വൽ‍ നിഗം (മുതിർന്ന അഭിഭാഷകൻ)

ജുഡീഷ്യറിയുടെ അധ്യായത്തിലെ കറുത്ത ദിനം. നാല്‌ ജഡ്‌ജിമാരുടെ പത്രസമ്മേളനം ജുഡീഷ്യറിയുടെ ചരിത്രത്തിൽ‍ ഇടം പിടിക്കുകയും ചെയ്‌തു. സാധാരണക്കാർ‍ ഇനി കോടതിവിധികളെ സംശയത്തിന്റെ കണ്ണുകളോടെ മാത്രമേ നോക്കു.

വാർത്താ സമ്മേളനം നടത്തിയത് ശരിയല്ല: വികാസ് സിംഗ് 

(സുപ്രീം കോടതി ബാർ അസോസിയേഷൻ  പ്രസിഡണ്ട്)

ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയത് ശരിയായില്ല. ബാർ അസോസിയേഷൻ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും. ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചപ്പോൾ അവർ പ്രധാനപ്പെട്ട കാര്യങ്ങൾ പറയണമായിരുന്നു. അവർ ഒന്നും വ്യക്തമായി പറഞ്ഞില്ല. ജനങ്ങളുടെ മനസിൽ സംശയം രൂപീകരിക്കുന്നത് നിയമ വ്യവസ്ഥയുടെ താൽപ്പര്യം സംരക്ഷിക്കുന്നതല്ല. ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തെ കുറിച്ചും ഒന്നും പറഞ്ഞില്ല.

You might also like

Most Viewed