ഓഖിയെക്കാൾ വലിയ ‘ആകാശ ദുരന്തം’...


എ. ശിവപ്രസാദ്

 

ഒരു സാമാന്യ ജനസമൂഹത്തിന് വിശ്വസിക്കാൻ പ്രയാസമുള്ള ചില സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വലിയ ജനതയെ ഇരുട്ടിലാക്കിക്കൊണ്ട് ഓഖി ചുഴലിക്കാറ്റ് കേരള തീരത്തു കൂടെ കടന്നു പോയി. ദരിദ്രരിൽ ദരിദ്രരായ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നൂറുകണക്കിന് ജീവനുകൾ നഷ്ടമായി. കുടുംബങ്ങളുടെ ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടതോടെ അവർ ദുരന്തക്കടലിലകപ്പെട്ടു. ദുരന്തനിവാരണം നടത്തുന്ന പ്രവർത്തനത്തിലാകട്ടെ കേരള സർക്കാർ സന്പൂർണ്ണ പരാജയവുമായിരുന്നു. അതുകൊണ്ടാണ് ദുരന്തം നടന്ന സ്ഥലത്തെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾ തെറിവിളിയും കൂകലുമായി ഓടിച്ചത്. കേരള ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് ഒരു ദുരന്തമുഖത്ത് നിന്ന് ജനങ്ങളുടെ പ്രതിഷേധത്താൽ തിരിഞ്ഞു പോകേണ്ടി വന്നു. എന്നാൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ ജനങ്ങൾ കരഘോഷത്തോടെ സ്വീകരിക്കുകയും അവരുടെ വാക്കുകൾ അനുസരിക്കുകയും ചെയ്തു.

ഓഖി ദുരന്തത്തിനോടുള്ള സർക്കാറിന്റെ സമീപനം തുടക്കത്തിലെ ജനങ്ങളിൽ സംശയമുളവാക്കിയിരുന്നു. ഓഖി ബാധിത പ്രദേശത്തിന് നാല് കിലോമീറ്റർ അടുത്തുണ്ടായിട്ടും ദുരിതബാധിതരെ സന്ദർശിക്കാനും ദുരിതപ്രദേശത്തെത്താനും മുഖ്യമന്ത്രിക്ക് നാല് ദിവസം വേണ്ടിവന്നു. കഴിഞ്ഞ ഇരുപത്തി ഒന്നു ദിവസം തുടർച്ചയായി ഭരണകാര്യങ്ങളിൽ പങ്കെടുക്കാതെ പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി എന്ന കാര്യം ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയുടെ നിഷേധാത്മകമായ വാക്കുകൾ ദുരിതബാധിതർക്ക് എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയായി. ദുരിതബാധിതർ തങ്ങൾക്ക് നീതി ലഭിക്കാനായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചതോടെയാണ് സർക്കാർ തുച്ഛമായ ധനസഹായം പ്രഖ്യാപിക്കാൻ തയ്യാറായത്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രസഹായം ലഭിക്കാത്തതുമാണ് സംസ്ഥാനത്തിന്റെ സഹായം കുറയാൻ കാരണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ന്യായം.

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിലെ സമാന്യയുക്തി കേരള ജനത സംശയത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹെലികോപ്റ്റർ യാത്രയുടെ ചെലവ് ഓഖി ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് എടുത്തത് എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ആകാശയാത്രയ്ക്ക് ഹെലികോപ്റ്റർ കന്പനി പതിമൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. അത് പിന്നീട് എട്ട് ലക്ഷത്തിൽ ഉറപ്പിക്കുകയായിരുന്നു. ഇതിനായി വിലപേശൽ നടത്തിയത് ആരാണെന്ന് ഇപ്പോഴും ആർക്കും ഒരു പിടിയുമില്ല.

ഒരു മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തുക എന്നത് ആധുനിക കാലത്ത് ഒരു പുതിയ കാര്യമല്ല. ഇന്നത്തെ റോഡ് ഗതാഗതത്തിലെ തിരക്കുകളും തീവണ്ടി യാത്രയിലെ അപ്രായോഗികതയും ഹെലികോപ്റ്റർ യാത്രയെ അനിവാര്യമാക്കുന്നുണ്ട്. മുന്പും പല മുഖ്യമന്ത്രിമാരും അടിയന്തിര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ അതല്ല പ്രശ്നം. രണ്ട് പ്രാധന കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഈ ആകാശയാത്രയെ അനാവശ്യമായ ധൂർത്താക്കി മാറ്റുന്നത്. ഒന്ന് ഈ യാത്ര സർക്കാർ ആവശ്യങ്ങൾക്കോ മറ്റ് ജനങ്ങളുടെ ആവശ്യങ്ങൾക്കോ ആയിരുന്നില്ല. മറിച്ച് പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കാനായിരുന്നു. ‍ഡിസംബർ ഇരുപത്തിയാറിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിവാദ യാത്ര. തൃശൂരിലെ സി.പി.എം ജില്ലാ സമ്മേളനത്തിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സംഘത്തെ കാണാനായിരുന്നു യാത്ര. ഓഖി ദുരിതബാധിത പ്രദേശം സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ട് അതേ ഹെലികോപ്റ്ററിൽ തന്നെ തൃശൂരിലെ സി.പി.എം സമ്മേളന സ്ഥലത്തേക്ക് മുഖ്യമന്ത്രി തിരിച്ചുപോയി. കേവലം മൂവായിരം രൂപ കൊടുത്ത് തീവണ്ടിയിൽ പോകേണ്ടിയിരുന്ന പാർട്ടി സമ്മേളനത്തിന് എട്ട് ലക്ഷം രൂപ ചെലവഴിച്ച് ഹെലികോപ്റ്ററിൽ പോകേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യമാണോ വലുതായിട്ടുള്ളത് അതോ സ്വന്തം പാർട്ടിയുടെ താൽപ്പര്യമാണോ?

രണ്ടാമതായി മുഖ്യമന്ത്രിയുടെ ഈ വിവാദ ആകാശയാത്രയുടെ ചെലവായ എട്ട് ലക്ഷം രൂപ എവിടെ നിന്നും സംഘടിപ്പിച്ചു എന്നറിയുന്പോഴുണ്ടാവുന്നതാണ്. പട്ടിണിയും ദുരിതവും കണ്ണീരുമായി കഴിയുന്ന ഓഖി ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി നൽകേണ്ട ഫണ്ടിൽ നിന്നാണ് ഈ എട്ട് ലക്ഷം രൂപ എടുത്തത്. നിലവിലുള്ള എല്ലാ നിയമങ്ങളെയും മാനദണ്ധങ്ങളെയും കാറ്റിൽ പറത്തിയാണ് ഈ ഫണ്ട് വകമാറ്റി ചെലവഴിച്ചത്. േസ്റ്ററ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട് (എസ്.ഡി.ആർ.എഫ്) വകമാറ്റി ചെലവഴിക്കുന്നതിന് ചില ചട്ടങ്ങളും മാനദണ്ധങ്ങളും നിലവിലുണ്ട്. റവന്യൂ മന്ത്രിയുടെ അനുമതിയോടൊപ്പമുള്ള ഗവൺമെന്റ് ഉത്തരവ് ഉണ്ടെങ്കിൽ മാത്രമാണ് ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിക്കാൻ പാടുള്ളൂ. എന്നാൽ ഇവിടെ റവന്യൂ മന്ത്രി ഇക്കാര്യം അറിഞ്ഞു പോലുമില്ല. പിന്നെ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന് ഉത്തരവിറക്കാൻ എവിടുന്ന് അനുമതി കിട്ടി? ഡി.ജി.പി ലോകനാഥ് ബഹ്റയുടെ നിർദേശപ്രകാരമാണ് ഹെലികോപ്റ്റർ ഏർപ്പെടുത്തിയത് എന്ന് റവന്യൂ സെക്രട്ടറി പറയുന്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല മാത്രമേ പോലീസിനുള്ളു എന്നും ഹെലികോപ്റ്റർ ഏർപ്പെടുത്തിയത് താനറിയില്ല എന്നും ഡി.ജി.പി പറയുന്നു. ഹെലികോപ്റ്ററിന്റെ വാടകപ്പണം എവിടെ നിന്നാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. എന്നാൽ അത് കളവാണെന്ന് ഉത്തരവിൽ കാണുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ഉത്തരവിന്റെ കോപ്പി അയച്ചിട്ടുണ്ട്. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നവരും ഉന്നതസ്ഥാനങ്ങളലങ്കരിക്കുന്നവരും പരസ്പരം പഴിചാരിയും കള്ളം പറഞ്ഞും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി.

റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഈ ഉത്തരവിന്റെ രണ്ടാം പേജിൽ ഈ ഉത്തരവിന്റെ പകർപ്പ് ആർക്കൊക്കെ കൈമാറി എന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, തിരുവനന്തപുരം ജില്ലാ കലക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെന്പർ സെക്രട്ടറി, പ്രിൻസിപ്പൽ എ.ജി, അക്കൗണ്ടന്റ്സ് ജനറൽ ഓഫീസ്, ട്രഷറി ഓഫീസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ, ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻ ഓഫീസർ എന്നിവർക്കെല്ലാം ഈ ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ഇത്രയും ആളുകളും വകുപ്പുകളും അറിഞ്ഞു കൊണ്ടു നടന്ന ഒരു ഇടപാടിന്റെ വിശദാംശങ്ങൾ ആർക്കും അറിയില്ലെന്നു പറ‍ഞ്ഞു കൊണ്ട് ഒഴിഞ്ഞുമാറുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള വൃഥാ വ്യായാമമെന്നെ പറയാൻ കഴിയൂ.

ഒടുവിൽ മാധ്യമങ്ങളിലൂടെ ഈ തിരിമറി ജനങ്ങളറിഞ്ഞപ്പോൾ ഉത്തരവ് പിൻവലിച്ച് തലയൂരാനുള്ള ശ്രമവും സർക്കാർ നടത്തി. പാർട്ടി വളർത്താനായി ഭരണ സംവിധാനത്തെ മാത്രമല്ല പാവങ്ങൾക്ക് ലഭിക്കേണ്ട ദുരിതാശ്വാസത്തിൽ കൈയിട്ടു വാരി, അതു കൂടി ഉപയോഗിക്കുന്ന ദുരന്തപൂർണ്ണമായ ഒരു സ്ഥിതി വിശേഷമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചതായിരുന്നിട്ടും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി തന്റെ ‘ജനകീയത’ ഒരിക്കൽ കൂടി പ്രദർശിപ്പിച്ചു. ചെയ്ത തെറ്റ് സമ്മതിക്കാതെ ഹെലികോപ്റ്ററിന്റെ വാടക ആരാണ് കൊടുക്കുന്നതന്വേഷിക്കലല്ല തന്റെ ജോലിയെന്ന് ധാർഷ്ട്യത്തോടെ പ്രതികരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. 

മന്ത്രി കടകംപള്ളി സുരേന്ദ്രനാകട്ടെ ഒരു പടി കൂടി കടന്ന് എട്ട് ലക്ഷം രൂപ പാർട്ടി കൊടുക്കും എന്ന് പറഞ്ഞു. പാർട്ടിക്ക് പണം എങ്ങനെ കിട്ടുന്നുവെന്ന് സുരേന്ദ്രനും പറഞ്ഞില്ല. ജാഗ്രത കുറവെന്നോ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവെന്നോ പറഞ്ഞ് മുഖ്യമന്ത്രിക്കും സർക്കാരിനും ഇതിൽ നിന്ന് തലയൂരാം. പക്ഷെ പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ.ജിയുടെ പിൻമുറക്കാർ അതേ പാവങ്ങളുടെ പണമുപയോഗിച്ച് പാർട്ടി വളർത്താൻ ആകാശയാത്ര നടത്തിയതിന്റെ കണക്ക് കാലം ചോദിക്കാതിരിക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed