ലോക കേരള സഭ 2018 പ്രതീക്ഷകൾ...
ഇ.പി അനിൽ
epanil@gmail.com
ജനാധിപത്യത്തിന്‍റെ ജനകീയമായ മുഖമാണ് പങ്കാളിത്ത ജനാധിപത്യം. എന്നാൽ ജനങ്ങൾ ജന്നങ്ങളാൽ ഭരിക്കപ്പെടുന്നതിനായി അവരുടെ ഇടയിൽ നിന്നും പ്രതിനിധികളെ ഭരണ നിർവ്വഹണ സഭയിൽ എത്തിച്ചു കൊണ്ട് നടപ്പിലാക്കി വരുന്ന സംവിധാനത്തിനെപറ്റിയുള്ള (പ്രാതിനിധ്യ ജനാധിപത്യം) പരാതികൾ പ്രബലമാണ്. അത്തരം വിഷയങ്ങൾ പരിഹരിക്കുവാൻ കഴിയുമാറ് ജനങ്ങൾക്ക് സഭയിൽ നേരിട്ട് പങ്കാളികൾ ആകാവുന്ന പരീക്ഷണങ്ങൾ (സൂക്ഷ്മ തലഭരണ സംവിധാനത്തിൽ എങ്കിലും) സജ്ജീവമാകുന്നത് ലോക ജനാധിപത്യത്തെ മെച്ചപ്പെടുത്തും. ബ്രസീലിലെ പോർട്ടോ അലിഗറിൽ നടപ്പിലാക്കിയ വികസന പരീക്ഷണവും വടക്കേ അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ (ഹൂരിക്കെയിൻ കാറ്റ് തകർത്ത ഇടങ്ങളിൽ) നടപ്പിൽ കൊണ്ടുവന്ന പുനർ നിർമ്മാണവും വിജയിപ്പിക്കുന്നതിൽ പങ്കാളിത്ത ജാനാധിപത്യം നിർണ്ണായകമായ പങ്കാളിത്തം വഹിച്ചു. കേരളത്തിലെ ഗ്രാമ സഭകൾ പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുവാൻ വിജയിക്കുന്നോവോ എന്ന് നമ്മൾ പരിശോധനാ വിധേയമാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന് ലോകത്തോളം വളരുവാൻ കഴിയുക, ലോകത്തിന് മുന്നിൽ കേരളത്തെ പരിചയപ്പെടുത്തുക തുടങ്ങിയവയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക സംഭാവനകൾ നൽകുവാൻ കഴിയുക കേരള പ്രവാസി സമൂഹത്തിനാണ്. കേരളത്തിൽ വളർന്ന, കേരള സമൂഹത്തോട് അടുത്ത് നിൽക്കുവാൻ എന്നും ഇഷ്ടപ്പെടുന്ന, കേരളത്തിന് പുറത്ത് ഉപജീവനത്തിനായി ജീവിച്ചുവരുന്ന, സംസ്ഥാനത്തിന്‍റെ ജനസംഖ്യയിൽ 10% ഉള്ള പ്രവാസിസമൂഹത്തിന്, കേരളം ഇന്നനുഭിക്കുന്ന വിവിധ വിഷയങ്ങളിൽ പങ്കാളികളാകുവാൻ ബാധ്യതയുണ്ട്. കഴിഞ്ഞ 50 വർഷങ്ങളിൽ കേരളത്തിന്‍റെ വൈവിധ്യമാർന്ന തുറകളിൽ ആധുനികവും വൈശേഷികവുമായ മുന്നേറ്റങ്ങൾ സാധ്യമാക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച കേരള പ്രവാസി സമൂഹത്തെ കരുപിടിപ്പിക്കുവാൻ നവോഥാന കേരളം ഗൗരവതരമായി പ്രവർത്തിച്ചു. മാറി കൊണ്ടിരിക്കുന്ന ലോക ദേശിയ സാഹചര്യങ്ങൾ കേരളത്തെയും കേരളത്തിന് പുറത്ത് പണി ചെയ്തു വരുന്ന സമൂഹത്തെയും കൂടുതൽ കൂടുതൽ പ്രതിസന്ധിയിൽ എത്തിച്ചുകൊണ്ടിരിക്കെ അതിനെ മറികടക്കുവാൻ ഉതകുന്ന ബഹുമുഖ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ പ്രവാസികളുടെ നേരിട്ട് പങ്കാളിത്തമുള്ള സ്ഥിരം സഭകൾ, അവയുടെ സഹായത്താൽ ഉയർന്നുവരുന്ന പദ്ധതികളും അനുബന്ധ പ്രവർത്തനവും കേരളം നേടിയ നേട്ടങ്ങളെ മെച്ചപ്പെട്ട രീതിയിൽ പരിപോഷിപ്പിക്കുവാനും പുതിയ വെല്ലുവിളികളെ പ്രതിരോധിക്കുവാനും കൂടുതൽ അവസരങ്ങൾ ഒരുക്കും. തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഉണ്ടെങ്കിലും തങ്കളുടെ പ്രശ്നങ്ങളെ ഗൗരവതരമായി അവതരിപ്പിക്കുവാൻ കൂടുതൽ അവസരം നൽകുന്ന ലോക കേരള സഭ ഒരുപക്ഷേ കേരളത്തിന്‍റെ മറ്റ് ശ്രേണിയിലും പെട്ടിട്ടുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും കൂടി ഗുണപരമാകുന്ന തരത്തിൽ സംഘടിപ്പിക്കട്ടെ എന്നാശിക്കാം.
പ്രവാസികളിൽ തന്നെ പ്രത്യേകം പരിഗണനകൾ അർഹിക്കുന്നവരാണ് ഗൾഫ് രാജ്യങ്ങളിൽ പണിചെയ്യുന്ന കാൽ കോടി ആളുകൾ. ഈ തൊഴിലാളികൾ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരകളാണ്. ലോക തൊഴിലാളി യുണിയനും അറേബ്യൻ തൊഴിലാളി യുണിയനും അനുവദിച്ച് നൽകിയ മനുഷ്യാവകാശങ്ങളും അതിന് സഹായകരമായ GATS കരാറുകളും മുൻനിർത്തി നമ്മുടെ രാജ്യവും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കേണ്ട തൊഴിൽ കരാറുകളുടെ ആസാനിധ്യം തൊഴിൽ രംഗത്ത് ഇന്നും തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചുവരുന്നു. ILO മുന്നോട്ട് വെച്ച സംഘടിക്കുവാനുള്ള അവകാശം, വില പേശുവാനുള്ള അവകാശം, നിബന്ധിത തൊഴിൽ, തുല്യതൊഴിലിന് തുല്യവേദനം തുടങ്ങിയ മൗലിക അവകാശങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയണമെങ്കിൽ രാജ്യാന്തര തൊഴിൽ കരാറുകൾ ഉണ്ടാക്കുവാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്.
കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഗൾഫിൽ വിവിധ തുറകളിൽ പ്രവർത്തിച്ചുവരുന്ന, വിവിധ പ്രാദേശിക ശീലങ്ങൾ സ്വായത്തമാക്കിയവർ ഒരുമിച്ച് ഒരിടത്ത് കൂടി ജീവിക്കുവാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ കേരളത്തെ പറ്റി മെച്ചപ്പെട്ട ധാരണകൾ അവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നു. അന്യസംസ്ഥാനത്തുനിന്നും അന്യരാജ്യങ്ങളിൽ നിന്നുപോലും എത്തുന്നവരുമായി ഇടപഴകുവാൻ കിട്ടുന്ന അവസരങ്ങൾ ആരോഗ്യകരമായ നിരവധി ധാരണകൾ സൃഷ്ടിച്ചുതരുന്നു. ഇത്തരം അനുഭവങ്ങൾ കേരളത്തിന്‍റെ തൊഴിൽ രംഗത്തും സാമൂഹിക രംഗത്തും ഗുണപരമായ മാറ്റങ്ങൾ നൽകുവാൻ അവസരം ഒരുക്കാവുന്നതാണ്.
പുതിയ തൊഴിലിടങ്ങൾ തേടി ഗൾഫ് രാജ്യങ്ങളിലെത്തുന്നവർ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ, അവരുടെ മുൻ തൊഴിൽ ധാരണകളെ മറന്ന് തൊഴിലെടുക്കുവാൻ നിർബന്ധിതമാക്കുന്നു. വീട്ടുകാരുടെ പ്രതീക്ഷകളെ ലക്ഷ്യത്തിൽ എത്തിക്കുവാൻ ബാധ്യസ്ഥരായ തൊഴിലാളികൾ കഠിനാദ്ധ്വാനത്തിന് നിർബ്ബന്ധിതരാണ്. ഗൾഫിൽ നിലനിൽക്കുന്ന തൊഴിൽ സമയങ്ങൾ മുതൽ വേതനത്തിലും ജിവിത സാഹചര്യങ്ങളിലും ഉള്ള അന്തരങ്ങൾ ഓരോരുത്തരെയും അവരവരുടെ ക്ലാസുകളിൽ എത്തിക്കുന്നുണ്ട്. വേതനം കുറഞ്ഞ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ജീവിക്കുന്നവർക്ക് പലപ്പോഴും ഇടവേളകൾ കുറവും ഉണ്ടായാൽ തന്നെ പൊതുകാര്യങ്ങളിൽ ആശയപരമായി ഇടപെടുവാനും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തേടിപോകുവാനും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. കുടുംബമായി താമസിക്കുന്ന ഇടത്തരം വരുമാനക്കാർ മുതൽ ഉള്ള ആളുകൾക്ക് ലഭിക്കുന്ന ഇടവേളകൾ അവരെ വിവിധ പ്രവർത്തനങ്ങളിൽ സജ്ജീവമാക്കുവാൻ അവസരങ്ങൾ ഒരുക്കുന്നു. ഇവിടെ മധ്യവർഗ്ഗ മലയാളി സമൂഹത്തിൽ ശക്തമായി കൊണ്ടിരിക്കുന്ന ജാതി മത സംഘടിത ബോധം കൂടുതൽ കരുത്തുകാട്ടുന്നതായി കാണാം. സംഘടനകൾ എണ്ണത്തിൽ പെരുകുകയും നേതൃത്വത്തിൽ എത്തുവാനുള്ള യോഗ്യത പലപ്പോഴും പണവും അനുബന്ധ ഘടകങ്ങളും ആയി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംഘടനകളിൽ പലതും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു എന്ന് മറക്കരുത്. കേരളത്തിൽ സജീവമായി കൊണ്ടിരിക്കുന്ന സമുദായ സംഘ ബോധം ഉണർന്ന് വരുന്നതിൽ ഗൾഫ് രാജ്യങ്ങളിലെ നിരവധി സംഘടനകൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത് എന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം തന്നെ സംശയിക്കുന്നുണ്ട്. ഗൾഫ് രംഗത്ത് സജീവമായ രാഷ്ട്രീയ സംഘടനകൾ കേവലം അവരവരുടെ പാർട്ടീപ്രവർത്തനത്തിൽ മുഴുകി നിൽക്കുവാൻ പ്രത്യേകം താൽപര്യങ്ങൾ കാട്ടുന്പോൾ പ്രവാസികളുടെ ദൈനംദിന ജിവിത വിഷയങ്ങളിൽ മുന്നണികൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയാതെ വരുന്നത് പ്രവാസി വിഷയങ്ങളിൽ പാർട്ടികൾ എടുക്കുന്ന നിലപാടുകളെ വിമർശനാത്മകമായി വിലയിരുത്തുവാനും അവരെ ഒറ്റകെട്ടായി നിന്നുകൊണ്ട് വിമർശിച്ച് അവകാശങ്ങൾ നേടിയെടുക്കുവാൻ പരാജയപെടുത്തുന്നുണ്ട്. പ്രവാസികൾ തങ്ങൾ ഒറ്റകെട്ടാണ് എന്ന് ഭരണ സംവിധാനങ്ങളെ ബോധ്യപ്പെടുത്തുവാൻ കഴിയാത്ത വിഭാഗം എന്ന അവസ്ഥയിൽ നിന്നും തങ്ങളുടെ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഒപ്പം ദേശീയമായി ഉണ്ടാകേണ്ട തീരുമാനങ്ങളിൽ കേരളവും പ്രവാസികളും ഒറ്റകെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കും എന്ന് ഒരേ ശബ്ദത്തിൽ പറയുവാൻ കേരളത്തിലെ ജനപ്രതിനിധികളെയും ഒപ്പം ചേർക്കുവാൻ കഴിയുന്നത് വലിയ നേട്ടമായി കാണാം.
കേരള സർക്കാർ 1996 മുതൽ തുടങ്ങിയ NORKA roots നിരവധി പദ്ധതികൾ നടപ്പിൽ വരുത്തുന്നു എങ്കിലും അവയ്ക്ക് ഗൾഫ് പ്രവാസികൾ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ തൃപ്തികരമായ പരിഹാരം കാണുവാൻ വിജയിക്കുന്നില്ല എന്നത് വിപുലവും ഗൗരവതരമായ പുതിയ സംവിധാനത്തെ പറ്റി ആലോചിക്കുവാൻ അവരെ നിബന്ധിതമാക്കി. ഗൾഫ് പ്രവാസികളുടെ വിഷയങ്ങൾക്ക് അന്തർദേശിയ മാനങ്ങൾ ഉള്ളതിനാൽ നിയമ നിർമ്മാണ സഭയിലെ അംഗങ്ങളും പ്രവാസികളും ഒത്തുള്ള പൊതു സഭ വലിയ സഹായകരമായി തീരും എന്ന് പ്രതീക്ഷിക്കാം.
കേരള സർക്കാർ മുന്നോട്ട് വെയ്ക്കുന്ന ലോക കേരള സഭയുടെ ഘടനയും ലക്ഷ്യവും മറ്റും വിശദമാക്കികൊണ്ട് സംസ്ഥാന സർക്കാരിന് വേണ്ടി പ്രവാസി കേരളീയ കാര്യ വകുപ്പ് വിശദമായ നിർദ്ദേശങ്ങൾ വെക്കുകയുണ്ടായി. സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയിലെയും പാർലമെന്‍റലേയ്ക്ക് കേരളത്തിൽ നിന്നും പ്രതിനിധീകരിക്കുന്ന ജന നേതാക്കളെയും കേരളത്തിൽ നിന്നുമുള്ള കേന്ദ്ര മന്ത്രി അങ്ങനെ കേരളത്തിൽ നിന്നും 173 പേർ ഉൾപെടുന്ന ജന സഭയിൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് 142 ആളുകൾ ഉണ്ട്. (ഇന്ത്യയ്ക്കുള്ളിൽ നിന്നും 42 പേർ, ഇന്ത്യയ്ക്ക് പുറത്ത് നിന്നും 100 പേർ) തിരിച്ചു വന്ന പ്രവാസികൾ 6 പേർ, വിവിധ മേഖലയിൽ നിന്നും 30 പ്രമുഖർ അങ്ങനെ ആകെ 351 ആളുകളുടെ സ്ഥിരം സഭയിൽ ഉണ്ടാകും. നാമനിർദ്ദേശം ചെയ്യുവാനുള്ള അവകാശം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമായിരിക്കും. 178 ആളുകളിൽ മൂന്നിലൊന്ന് പേർ ഓരോ രണ്ട് വർഷത്തിൽ പിരിഞ്ഞ് പോകും. (ആദ്യ സഭയിൽ പ്രായം പരിഗണിച്ചാകും പിരിഞ്ഞ് പോക്ക് തീരുമാനിക്കുക) സഭ രണ്ട് വർഷത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നതാണ്. സഭയിൽ അവതരിപ്പിക്കേണ്ട രേഖകളും പ്രമേയങ്ങളും തയ്യാറാക്കുവാൻ ചുമതലപ്പെട്ട ആളുകൾ (നോർക്കയുമായി ബന്ധപെട്ട ആസൂത്രണ ബോർഡ് അംഗം, നോർക്ക ക്ഷേമ പദ്ധതി അദ്ധ്യക്ഷൻ, നോർക്ക റൂട്ട്സ് ഡയറക്ടർ, ബോർഡ് അംഗങ്ങൾ, വിദഗ്ദ്ധർ തുടങ്ങിയവരാണ്. അവർ സഭയിലെ അംഗങ്ങളെ അറിയിക്കും അംഗങ്ങൾക്ക് അവർ അവതരിപ്പിക്കേണ്ട വിഷയങ്ങൾ സഭ സെക്രട്ടറിയേറ്റിന് സമർപ്പിക്കേണ്ടതാണ്. സഭാനടപടികൾ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കർ നേതൃത്വം നൽകുന്ന ഏഴ് അംഗ പ്രസീഡിയം ആയിരിക്കും. അതിൽ ഒരു നിയമസഭാ അംഗം, ഒരു പാർലമെന്‍റ് അംഗം, ഇതര സംസ്ഥാനത്ത് നിന്നും ഒരംഗം, ഗൾഫ് രാജ്യത്ത് നിന്നും ഒരംഗം, യുറോപ്പിൽ നിന്നും ഒരംഗം മറ്റ് രാജ്യങ്ങളിൽ നിന്നും ഒരംഗം ഉണ്ടായിരിക്കും.
സഭയുടെ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷനേതാവും ആയിരിക്കും. സഭാ നടപടികൾ മുഖ്യമന്ത്രി തുടക്കം കുറിക്കും. ഉപസംഹാരം പ്രതിപക്ഷ നേതാവ് നിർവ്വഹിക്കും. കേരള ചീഫ് സെക്രട്ടറി സഭയുടെ സെക്രട്ടറി ജനറൽ ആയി പ്രവർത്തിക്കും .
വിപുലവും കൂടുതൽ ജനകീയവുമായ ഒരു സഭ എന്ന നിലയിൽ പ്രവാസികളുടെ വിഷയങ്ങൾ (പലതും മേൽ സൂചിപ്പിച്ചപോലെ രാജ്യാന്തരമായി പരിഹരിക്കെണ്ടാവയാണ്) അതാതിന്‍റെ സാഹചര്യങ്ങൾ മനസ്സിലാക്കി അടിയന്തിര പ്രാധാന്യത്തോടെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ലക്ഷ്യം നേടിയെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തെ എല്ലാ സാമാജികരും സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും കേന്ദ്രമന്ത്രിയും അംഗങ്ങളായ സഭയുടെ പ്രവർത്തനം കേരള സർക്കാരിന്‍റെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തി സമയ ബന്ധിതമായി നിയമ ഭേദഗതികൾ നടപ്പിലാക്കുന്നതിലൂടെ മാത്രമെ ലക്ഷ്യങ്ങളിലേയ്ക്ക് അടുക്കാൻ കഴിയു. സംസ്ഥാന ബജറ്റിൽ നിന്ന് മെച്ചപ്പെട്ട വിഹിതം പ്രവാസി ക്ഷേമ പരിപാടിക്ക് വേണ്ടി കണ്ടെത്തേണ്ടത് പരമ പ്രധാനമാണ്.
പ്രവാസികളിൽ തന്നെ ഏറ്റവും അധികം ചൂഷണത്തിന് വിധേയരാകുന്ന ഗൾഫ് തൊഴിലാളികൾ അനുഭിക്കുന്ന വിഷയങ്ങളെ ഗൗരവതരമായ ലോക കേരള സഭ ചർച്ച ചെയ്ത് സമയമബന്ധിതമായ പ്രശ്നങ്ങളിൽ തീരുമാനമുണ്ടാക്കുവനുള്ള ശ്രമങ്ങൾ തുടങ്ങും എന്ന് പ്രതീക്ഷിക്കാം. പ്രശ്നങ്ങളും അവയുടെ പരിഹാരവും ജനകീയ ചർച്ചകളിലൂടെ ഉണ്ടാകേണ്ടിയിരിക്കുന്നു.
1. രാജ്യാന്തര തൊഴിൽ കരാറുകൾ ഉണ്ടാക്കുവാൻ കേന്ദ്രത്തെ നിർബന്ധിക്കൽ, തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കൽ, തൊഴിൽക്കരാറുകൾ ഉണ്ടാക്കുന്പോൾ എംബസിയുടെ സാന്നിധ്യം ഉറപ്പ് വരുത്തൽ.
2. പുതിയ തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ പരിചയപ്പെടുത്തുവാൻ സംവിധാനം, നിയമ സാക്ഷരത, അവകാശങ്ങൾ നേടി എടുക്കുവാൻ help desk. (പ്രവാസി മലയാളി നിയമജ്ഞരുടെ പിന്തുണയോടെ).
3. വീട്ടുജോലിക്കാരുടെ തൊഴിൽ സമയം ക്ലിപ്തപ്പെടുത്തി Embassyയുടെ മേൽനോട്ടത്തിൽ പൊതുവായ താമസ സൗകര്യവും ജോലി സ്ഥലങ്ങളിലേയ്ക്ക് വാഹനസൗകര്യവും ഒരുക്കൽ. വീട്ട് ജോലിക്ക് പോകുന്നവർക്ക് ഗൃഹ ഉപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പരിശീലനം. 24 മണിക്കൂർ എംബസിയുമായി ബന്ധപ്പെടുവാൻ അവസരം.
4. Counseling സംവിധാനങ്ങൾ (സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം പരിഗണന).
6. മലയാളികളുടെ ഇടയിൽ കണ്ടുവരുന്ന വർദ്ധിച്ച പണമിടപാടുകൾ, അനുബന്ധ മനുഷ്യാവകാശ ലംഘനങ്ങൾ ഇവയിൽ നിന്ന് ഇരകളെ രക്ഷിക്കുവാൻ സംവിധാനം.
7. പലിശ ഇടപാടിന്‍റെ പേരിൽ നാട്ടിൽ ഭൂമിയും മറ്റും തട്ടി എടുക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ നാട്ടിലും ശിക്ഷ ഉറപ്പാക്കൽ. സഹായിക്കുവാൻ ജനകീയ സമിതികൾ.
8. NORKAയുടെ നിലവിലുള്ള പ്രാദേശിക ഓഫീസ് യൂണിറ്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ. തൊഴിൽ അവസരങ്ങൾ, അവകാശങ്ങൾ, തൊഴിലിടങ്ങളിലെയും മറ്റും സുരക്ഷകൾ മനസ്സിലാക്കി കൊടുക്കുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന electronic Help Line.. അക്ഷയ മാതൃകയിൽ എല്ലാ സഹായങ്ങളും വിവരങ്ങളും നൽകുവാൻ കഴിയുന്ന help desk, സേവനത്തിനായി പൂർണ്ണ സമയ സ്റ്റാഫ്. 24 മണിക്കൂർ onlineസംവിധാനം. അതിന്‍റെ നടത്തിപ്പിന് മേൽനോട്ടം ലോക കേരള സഭയിലെ അംഗത്തിന്, സഹായിക്കുവാൻ ജനകീയ സമിതികൾ.
9. പ്രവാസി പെൻഷൻ പദ്ധതിയുടെ നിലവിലുള്ള ഘടന പൊളിച്ചെഴുതി മുഴുവൻ തൊഴിലാളികളെയും അംഗങ്ങളാക്കുവാൻ അവസരം. (വരുമാനം കുറവുള്ളവർക്ക് മടങ്ങിവന്നാൽ സ്റ്റാറ്റൂട്ടറി പെൻഷൻ.)
10. പ്രവാസികളുടെ സന്പാദ്യ ശീലം വർദ്ധിപ്പിക്കുവാൻ സർക്കാർ നിയന്ത്രണ സംവിധാനം. (പ്രവാസി ചിട്ടി, പലിശരഹിത പണം സ്വീകരിക്കൽ വിതരണ സംവിധാനം)
11. NORKAയുടെ എല്ലാ തസ്തികയിലും പൂർണ്ണ സമയ സർക്കാർ ഉദ്യോഗസ്ഥർ. പൂർണ്ണ സമയ CEO. വിവിധ വിദഗ്ദ്ധരുടെ konwledge bank.
12. പ്രവാസി സമിതികളിൽ സാധാരണക്കാരുടെ പ്രതിനിധികൾക്ക് മുൻതൂക്കം.. ആരോപണ വിധേയരെ ഒഴിവാക്കി നിർത്തൽ.
13. യാത്രാ പ്രശ്നങ്ങൾ പരിഹരിക്കൽ, യാത്രചിലവ് നിയന്ത്രിക്കുവാൻ സംവിധാനം. തിരുവനന്തപുരത്തേയ്ക്ക് Air India Expressഇല്ലാത്തത് കേരളത്തിന്‍റെ തെക്കൻ ജില്ലക്കാർക്ക് പ്രതിവർഷം 500 കോടി രൂപ സാന്പത്തിക നഷ്ടങ്ങൾ വരുത്തി വെയ്ക്കുന്നു. മരണവും മറ്റ് അത്യാവശ്യ ഘട്ടത്തിലും അർഹതപ്പെട്ടവർക്ക് നാട്ടിൽ പോകുവാൻ റേഷൻ ടിക്കറ്റ്.
14. പ്രവാസിമലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ. സ്കൂളുകളുടെ വിദ്യാഭ്യാസ −അനുബന്ധ നിലവാരം മെച്ചപ്പെടുത്തുവാൻ വിദഗ്ദ്ധരുടെ സഹായത്താൽ പദ്ധതികൾ, കുട്ടികൾക്ക് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ പരിചയപ്പെടുത്തൽ, പ്രവേശന പരീക്ഷയ്ക്ക് പൊതു സഹായ സംവിധാനം, സ്വകര്യ സ്ഥാപനങ്ങളുടെ അതിപ്രസരം ഒഴിവാക്കുവാൻ സംവിധാനം.
15. കേരള PSC, UPSC പരീക്ഷകളിലേയ്ക്ക് പ്രവേശനത്തിന് പ്രവാസി വകുപ്പിന്‍റെ മേൽനോട്ടത്തിൽ കോച്ചിംഗ് സംവിധാനം. (IAS അക്കാദമി മാതൃക). ഗൾഫ് രാജ്യങ്ങളിൽ PSC പരീക്ഷാ സെന്‍റർ, ഉപരി പഠന പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ.
16. മടങ്ങി എത്തുന്നവർക്ക് പണിശാലകൾ, പരിശീലനം, മാർക്കറ്റിംഗ് സഹായം. (പ്രവാസികളുടെ ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡ്).
17. ജീവൻരക്ഷാ മരുന്നുകളും ചികിത്സയും ലഭ്യമാക്കൽ, ESIയ്ക്ക് സമാനമായ ആരോഗ്യപരിരക്ഷ ആനുകൂല്യങ്ങൾ.
18. മടങ്ങി വരുന്നവർക്ക് ഹെറിറ്റേജ് സൗകര്യങ്ങൾ.
19. പാസ്പ്പോർട്ട്, പഠന/തൊഴിൽ സർട്ടിഫിക്കറ്റുകൾ തൊഴിലാളിയുടെ കൈയ്യിൽ സൂക്ഷിക്കുവാൻ അവകാശം ഉറപ്പാക്കൽ.
20. പിരിഞ്ഞ് വരുന്ന തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേകം Labor Bank. (ഊരാളുങ്കൽ മാതൃക).
21. മരണം മറ്റ് ദുരന്തങ്ങൾ ഇവയ്ക്കായി നാട്ടിൽ പോകേണ്ടി വരുന്ന സാധാരണക്കാർക്ക് സൗജന്യ ടിക്കറ്റ്.
22. ഗൾഫ് പ്രവാസികൾക്കായി ജനകീയ സർവ്വെ. തൊഴിലും അനുബന്ധ ചുറ്റുപാടും, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്ക്കാരികം, പരിസ്ഥിതി, കേരള വികസന സങ്കൽപ്പങ്ങൾ തുടങ്ങയ വിഷയങ്ങളെ ഉൾപ്പെടുത്തിയുള്ള സമയബന്ധിതമായ സർവ്വെ. അതിന്റ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരിഹാര മാർഗങ്ങൾ,
മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ പ്രവാസി മലയാളികൾ അനുഭവിച്ചു വരുന്ന നിരവധി വിഷയങ്ങളിൽ ചിലത് മാത്രമാണ്. ജനാധിപത്യം വിജയിക്കുന്നത് പരമ ദരിദ്രന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്പോൾ മാത്രമാണ് എന്ന് ഏവരും അംഗീകരിക്കാറുണ്ട്. ജനാധിപത്യ സഭകളിൽ പ്രതിനിധികളായി എത്തുന്നവർ വേദനിക്കുന്നവർ തന്നെയല്ല എങ്കിൽ പലപ്പോഴും ലക്ഷ്യങ്ങൾ അട്ടിമറിക്കുവാൻ സാധ്യത കൂടുതലാണ്. ഗൾഫ് വിഷയങ്ങളിൽ ബഹുഭൂരിപക്ഷം ജനങ്ങളും സാന്പത്തിക ചൂഷണത്തിന് ഇരകൾ ആയിരിക്കെ അവരുടെ ശബ്ദമായി മിക്കപ്പോഴും രംഗത്ത് വരുന്നത് അതിസന്പന്നർ ആയിരുന്നു എന്ന രോഗം, ലോകത്തിനാകെ മാതൃകയകുവാൻ കഴിയുന്ന ലോക കേരളാ സഭയെ ബാധിക്കാതെ ഇരിക്കുവാൻ പിണറായി സർക്കാർ ശ്രമിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ മലയാളി പ്രവാസികൾക്കും ഒറ്റക്കെട്ടായി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഒപ്പം കേരളം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം നേടുവാനും ഉതകുന്ന തരത്തിൽ ലോക കേരളാ സഭ വരും നാളുകളിൽ പ്രവർത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.