എ.കെ.ജി: നാടിന്റെ ഇതിഹാസം
പി. ശ്രീജിത്ത്
“ഉണ്ട് തീർന്ന നായർക്ക് പെട്ടെന്നൊരുൾവിളി” എന്ന മട്ടിൽ ബലമില്ലാത്ത തൃത്താല മഹാരാജാവിന് പെട്ടെന്നുണ്ടായ ബോധോദയമല്ല സഖാവ് എ.കെ.ജിക്കെതിരെയുള്ള മുഖപുസ്തക മുറുമുറുപ്പ്. സമരമെന്നത് എന്ത് തോന്ന്യാസവും കാണിച്ച്നാറ്റിക്കാവുന്ന ഫേസ് ബുക്ക് എഴുത്താണെന്ന് സ്വയംകരുതുന്ന കൂപമണ്ധുകക്കാരൻ, ഇതിലപ്പുറവും പറയുമെന്ന് ബാലവാടിക്കുട്ടികൾക്ക് വരെ അറിയാം. പി.ജെ.കുര്യനെ നേതാവായി വാഴിക്കുകയും, കുഞ്ഞാലികുട്ടിയെയും, കൂട്ടാളികളെയും കുടെ കൊണ്ടു നടന്ന് ഹാരാർപ്പണം സ്വീകരിക്കുന്ന ബലമില്ലാത്തവൻ, പ്രായപൂർത്തിയായ ഒരു സ്ത്രീയെ, ബാരിസ്റ്റർ പരീക്ഷ പാസ്സായ, തന്റെ ജീവിതത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ള ഒരു വനിതയെ വിവാഹം ചെയ്ത എ.കെ.ജിയെ ബാലിക പീഡകനെന്നും, എ.കെ.ജിയുടെ ആത്മകഥയിലെ മമത എന്ന വാക്കിനെ ശരീര കാമം എന്ന അർത്ഥം കൽപ്പിച്ചെടുക്കുന്നതുമായ നിരുത്തരവാദിത്തപരമായ വിളിച്ചു കൂവലുണ്ടല്ലോ ബലരാമാ, അത് നിങ്ങൾ അടിസ്ഥാനപരമായി കോൺഗ്രസുകാരനായത് കൊണ്ടാണ്. അത് വിട്ടുള്ള നിങ്ങളുടെ നിഷ്പക്ഷനെന്ന നിൽപ്പ് വെറും കാപട്യമാണ്.
കോൺഗ്രസിന്റെ തളർച്ച തങ്ങളെ ബാധിച്ചിട്ടില്ലെന്ന നേതൃ രൂപങ്ങളെ കുന്പിട്ടും, കുമ്മിയടിച്ചും, തൊഴുത് യുവതുർക്കിയാകുന്പോഴും ചരിത്രത്തിന്‍റെ ഏതെങ്കിലുമൊരു കോണിൽപോലും വാസ്തവത്തിന്‍റെ അംശം പോലുമില്ലാത്ത ഒരു അസംബന്ധാരോപണം, തന്‍റെ സംഘടനയുടെ മൊത്തം ചരിത്രമെടുത്താലും പകരം തൂക്കിവെക്കാനാകാത്ത ഒരു മനുഷ്യനെക്കുറിച്ച് പറയാൻ അറപ്പില്ലാത്തവിധം ഒരാൾ അധമനായത് വ്യക്തി എന്ന നിലയിൽ സംസ്കാരമില്ലാത്തതുകൊണ്ട് മാത്രമല്ല, അയാൾ കൊണ്ടുനടക്കുന്ന ഹീനരാഷ്ട്രീയം കൊണ്ടുകൂടിയാണ്.
എ.കെ.ജി എന്ന മൂന്നക്ഷരം കൊണ്ട് ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ ലബ്‌ധപ്രതിഷ്‌ഠ നേടിയിട്ടുള്ള എ.കെ ഗോപാലൻ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയിൽയത്ത് കുറ്റിയേരി എന്ന ജന്മി തറവാട്ടിൽ 1902−ലാണ് ജനിച്ചത്. അൽപ്പകാലത്തെ അദ്ധ്യാപക ജോലിക്ക് ശേഷം ഒരു മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനായി പൊതുരംഗത്തേയ്‌ക്കിറങ്ങി. 1930−ൽ ഉദ്യോഗം രാജിെവച്ച് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചതുകൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം 1977 മാർച്ച് 22ാം തീയതി അന്തരിക്കുന്നവരെയും ഇന്ത്യയിലാകമാനം നിറഞ്ഞുനിന്നു.
പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു എ.കെ.ജി. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളിൽ നിന്ന് പഠിച്ച് അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ്.
എ.കെ.ജി നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലും നേതൃത്വപരമായ പങ്കാണ് വഹിച്ചത്. അടിസ്ഥാന വർഗങ്ങളോട് പുലർത്തിയ അചഞ്ചലമായ അടുപ്പമാണ് എ.കെ.ജിയെ ‘പാവങ്ങളുടെ പടത്തലവനാ’ക്കിയത്. താൻ പ്രവർത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ് പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എ.കെ.ജിക്ക്, വ്യക്തി എന്നതിലുപരി പ്രസ്ഥാനമായിരുന്നു എന്ന വിശേഷണം ലഭിച്ചത്.
നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വർഗബോധത്തിന്റെ തലത്തിലേക്ക് വളർത്തിയെടുത്താണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയ സ്വാതന്ത്‍ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂർ സത്യാഗ്രഹത്തിലെ പ്രധാന പോരാളിയായിരുന്നു എ.കെ.ജി. പാലിയം സമരത്തെ ജ്വലിപ്പിച്ചുനിർത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക് വഹിച്ചു. ഹരിജനങ്ങൾക്ക് വഴിനടക്കാൻ വേണ്ടി കണ്ണൂർ ജില്ലയിലെ കണ്ടോത്ത് സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധ ആകർഷിച്ചതാണ്.
കോഴിക്കോട് ഫറോക്ക് മേഖലയിൽ ആദ്യത്തെ തൊഴിലാളി യൂണിയനുകൾ കെട്ടിപ്പടുത്തതും, പണിമുടക്കുകൾ സംഘടിപ്പിച്ചതും കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറിൽ ഉശിരൻ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്.
എത്തിയ ഇടങ്ങളിലെല്ലാം അനീതികൾക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. ജയിലിലടച്ചാൽ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുർബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികൾ കരുതിയത്. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയർത്തി. സമരപോരാട്ടങ്ങളിൽ സജീവമാകാൻ ജയിൽ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്‍ര്യം കിട്ടുന്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട് പ്രക്ഷോഭത്തെത്തുടർന്ന് ഒക്‌ടോബർ 24−നാണ് സഖാവ് മോചിതനാകുന്നത്.
എ.കെ.ജിയുടെ പോരാട്ടം കേരളത്തിനകത്ത് മാത്രമായി ഒതുങ്ങിനിന്നിരുന്നില്ല. 1951ൽ കൊൽക്കത്തയിൽ ചേർന്ന കിസാൻ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി എ.കെ.ജിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ അക്കാലത്തെ എല്ലാ കർഷക പോരാട്ടങ്ങളിലും എ.കെ.ജിയുടെ സജീവമായ ഇടപെടലുണ്ടായിരുന്നു. ഇത്തരം പോരാട്ടങ്ങൾക്ക് വേദിയായ ഇന്ത്യയിലെ ഗ്രാമങ്ങളിൽ എ.കെ.ജി ഇന്നും ആവേശമുയർത്തുന്ന ഓർമ്മയാണ്.
മഹാഗുജറാത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത് അദ്ദേഹം അറസ്റ്റ് വരിക്കുകയും പഞ്ചാബിലെ കർഷകർ ജലനികുതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തെ സഹായിച്ചതിന് പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്‌ത് നാടു കടത്തുകയും ചെയ്‌തു. കോടതി പോലും എ.കെ.ജിക്ക് സമരവേദിയായിരുന്നു. മുടവന്‍മുഗൾ കേസുമായി ബന്ധപ്പെട്ട് എ.കെ.ജിയെ ജയിലിലടച്ചപ്പോൾ അതിനെതിരെ സ്വയം കേസ് വാദിച്ച് മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്. പുതിയ ഭരണഘടനയുടെ 22−ാം വകുപ്പിലെ ചില പഴുതുകൾ ഉപയോഗിച്ച് കരുതൽ തടങ്കൽ നിയമം കരുതൽ തടവുകാരെ തുടർന്നും ജയിലിൽ അടയ്‌ക്കാനുള്ള നിയമം സർക്കാർ ഉണ്ടാക്കി. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച് അന്ന് ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തിൽ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയിൽ ‘എ.കെ. ഗോപാലൻ വേഴ്‌സസ് േസ്റ്ററ്റ് ഓഫ് മദ്രാസ്’ എന്ന പേരിൽ വിളിക്കുന്നു. നിയമവിദ്യാർത്ഥികൾക്ക് ഈ കേസ് പഠനവിഷയമാണ്.
പാർലമെന്ററി ജനാധിപത്യത്തിന്റെ വേദികളെഎങ്ങനെ ജനങ്ങൾക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി. 1952 മുതൽ പാർലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ.കെ.ജി പ്രവർത്തിച്ചു. ഈ ഘട്ടങ്ങളിൽ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സഖാവ് നടത്തിയ ഇടപെടലുകൾ പാർലമെന്റിന്റെ ചരിത്രത്തിലെ അപൂർവ്വ സംഭവങ്ങളാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെതിരായുള്ള പ്രവർത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്‌ച നടപ്പിലാക്കിയ സർക്കാരിനെ ജനങ്ങൾ കടപുഴക്കി വീഴ്‌ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.
എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെരാഷ്‌ട്രീയകൊടുങ്കാറ്റുകൾ അഴിച്ചുവിട്ടിട്ടുള്ളവയാണ്. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടർന്ന് കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥ, തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തെ സഹായിക്കാൻ പോയ മലബാർ ജാഥ, 1960ൽ കാസർകോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ കർഷകജാഥ എന്നിവയെല്ലാം മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയവയും സംഭവബഹുലവുമായിരുന്നു.
ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യാഗ്രഹം, പാലിയം സത്യാഗ്രഹം എന്നീ അയിത്ത വിരുദ്ധസമരങ്ങളിൽ എ.കെ.ജി നേതൃത്വപരമായ പങ്ക് വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസംഭവങ്ങിലൊന്നാണ്. ചുരുളി− കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്.
1962 മുതൽ പാർട്ടിയിലെ റിവിഷനിസത്തിനെതിരായും 1967 മുതൽ തീവ്രവാദത്തിനെതിരായും എകെജി അടിയുറച്ചുനിന്ന് പോരാടി. ചൈനാ ചാരൻ എന്ന് മുദ്രകുത്തിക്കൊണ്ട് മറ്റ് സഖാക്കളോടൊപ്പം എ.കെ.ജി തടവിൽ പാർപ്പിക്കപ്പെട്ടു. ഇന്ദിരാഗാന്ധി 1975ൽ നടപ്പിൽ വരുത്തിയ അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചതും പെട്ടെന്ന് അന്ത്യത്തിനിടയാക്കിയതും. അതുകൊണ്ടുതന്നെ സ്വാതന്ത്‍ര്യസമരപോരാട്ടം തൊട്ട്, വരന്പുകളിലും വയലുകളിലും പണിശാലകളിലും പിടഞ്ഞുവീണ മനുഷ്യർ നടത്തിയ അതിധീരമായ പോരാട്ടങ്ങളുടെ മുന്നണിയിൽ നിന്ന എ.കെ.ജിയെപ്പോലൊരു കമ്മ്യൂണിസ്റ്റുകാരനോട്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുഞ്ചിരിമത്തായി എന്നതിൽക്കവീഞ്ഞ് ഒരു മൂല്യബോധവുമില്ലാത്ത ബൽറാമിനെപ്പോലൊരു കോൺഗ്രസുകാരന്റെ പുച്ഛം ഉപരിവർഗരാഷ്ട്രീയത്തിന്‍റെ കാഴ്ച്ചപ്പാടാണ്.
രാത്രിയും പകലുമില്ലാതെ, കാടും മലയും കുടിലുമൊക്കെ സമരത്തിന്റെ ഒളിത്താവളങ്ങളാക്കി മാറ്റി, കമ്മ്യൂണിസ്റ്റുകാർ നടത്തിയ സമരം ബൽറാമിന് അറിയാത്തതല്ല, അയാളതിന്‍റെ എതിർപക്ഷത്താണ് എന്നതാണ് കാര്യം. ജന്‍മിത്വത്തിനും സർ സിപിയുടെ അമേരിക്കൻ മോഡലിനും എതിരെ നാടെങ്ങും കമ്മ്യൂണിസ്റ്റുകാർ സമരം നടത്തുന്പോൾ, നെല്ലും അരിയും പൂത്തിവെച്ച അധികാരികൾക്കും എശ്മാന്‍മാർക്കുമെതിരെ പൂത്തിവെച്ച നെല്ല് പിടിച്ചെടുക്കാൻ ചെന്ന കമ്മ്യൂണിസ്റ്റുകാരെ സ്വതന്ത്ര ഇന്ത്യയിലെ പുത്തൻ ഭരണകൂടം വെടിവെച്ചു കൊല്ലുന്പോൾ, എവിടെ നീയൊക്കെ ഒളിപ്പിച്ച നിന്റെ കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്നലറി, ഇടിയൻ പോലീസുകാർ കർഷകത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചും ഗർഭപാത്രം കലക്കിയും നരനായാട്ടു നടത്തുന്പോൾ, മനുഷ്യന്റെ ആത്മാഭിമാനത്തിനും കൂടി വേണ്ടിയുള്ള ആ വലിയ പോരാട്ടങ്ങളെ ഒറ്റുകൊടുത്ത ചരിത്രമാണ് കോൺഗ്രസിന്‍റേത്.
അവർക്ക് എകെ ജി ഒളിവിൽ താമസിച്ചത് മറ്റെ പണിക്കാണെന്ന് തോന്നുക സ്വാഭാവികം. കോണ്‍ഗ്രസുകാരും ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഇടിച്ചുവീഴ്ത്തുന്പോഴും കേൾക്കുന്ന ഇടിമുഴക്കങ്ങൾ പോരാട്ടത്തിന്‍റേതാണെന്നും, പടരുന്ന ചുവപ്പ് ഒരു പുതിയ ലോകത്തിന്‍റെ പ്രഭാതമാണെന്നും പറഞ്ഞ, നിഴലുകളിൽ നിന്നും മനുഷ്യരായി ഉയർത്തെഴുന്നേറ്റ ഒരു ജനതയുടെ രാഷ്ട്രീയബോധത്തോട് അയാൾക്ക് പുച്ഛം തോന്നുക സ്വാഭാവികം.
ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്. ഇടതുപക്ഷത്തിന്‍റെ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തെ വികൃതമാക്കുക എന്നതൊരു അജണ്ടയാണ്. കോൺഗ്രസിന്‍റെ ആവടി സോഷ്യലിസം തൊട്ട് മന്‍മോഹൻ സിംഗ് വരെ നീണ്ടു കിടക്കുന്ന തട്ടിപ്പുകളെയും ഉപരിവർഗ, സാമ്രാജ്യത്വ വിധേയ രാഷ്ട്രീയത്തെയും ഭൂപ്രഭുക്കളുടെയും സ്വകാര്യ മൂലധനത്തിന്റെയും വർഗരാഷ്ട്രീയത്തിന്‍റെ നടത്തിപ്പുകാരെയും എതിർക്കുന്ന ഒരു പ്രത്യയ്ശാസ്ത്രത്തെ അവഹേളിക്കുക എന്നതൊരു രാഷ്ട്രീയ അജണ്ടയാണ്.
ഇടതുപക്ഷം ഒരു കാൽപ്പനികതയാണ് എന്നും,അതൊരു പോരാട്ടത്തിന്റെ രാഷ്ട്രീയമല്ല എന്നും വരുത്തിത്തീർക്കേണ്ടത് ബലരാമനെപ്പോലുള്ളവരുടെ രാഷ്ട്രീയപ്രവർത്തനമാണ്. അല്ലാതെ അയാൾക്ക് പറ്റുന്ന ഒരു ആകസ്മിക പ്രമാദമല്ല അതൊന്നും. സ്വകാര്യമൂലധനത്തിന്റെ ഭീകരത ഭരണകൂടത്തിന്റെ സൈനിക പിന്തുണയോടെ നഗ്നമായ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ബൽറാം രാഷ്ട്രീയം തുടങ്ങുന്നത്. അതിനുപറ്റിയ ചരിത്രപദ്ധതിയുടെ ഭാഗമാണയാൾ. സ്വത്വ രാഷ്ട്രീയത്തിന്റെയും, പോരാട്ടങ്ങളെ ശകലീകൃതമാക്കുന്ന ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങളുടെയും ചരിത്രപരമായ ദൗത്യമാണ് അയാളടക്കമുള്ള വലതുപക്ഷ രാഷ്ട്രീയക്കാർ നിർവ്വഹിക്കുന്നത്. അതിനവർ നേരിടുന്ന വലിയ പ്രതിബന്ധങ്ങളിലൊന്ന് ചരിത്രമാണ്. മുഖ്യധാര ഇടതുപക്ഷത്തിന്‍റെ വർത്തമാനകാലത്തിന്റെ ദൗർബല്യത്തെ എളുപ്പത്തിൽ നേരിടാമെന്ന് അവർക്കറിയാം. അതിലവർക്ക് കൂട്ടാളികളെ ആ പാളയത്തിൽനിന്നുതന്നെ കിട്ടും. എന്നാൽ അതിന്റെ ചരിത്രം അങ്ങനെയല്ല.
അത് ലോകത്തെവിടെയും ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യർക്കായി മുഷ്ടിചുരുട്ടിയ ഒരു രാഷ്ട്രീയത്തിന്റെയും പോരാളികളുടേതുമാണ്. ആ ചരിത്രത്തെ അവരിൽനിന്നും അടർത്തിമാറ്റണമെങ്കിൽഅതിനെ അപഹസിക്കണം. അതിനെ നിസാരവത്കരിക്കണം. മന്‍മോഹൻസിംഗ് സ്വാതന്ത്‍ര്യപോരാളിയാകുന്ന കാലത്ത് എ.കെ.ജിയെ ബാലിക പീഡകനാക്കണം. ഇതിനെ ഗാന്ധിയുടെ കല്യാണപ്രായം വെച്ചല്ല (ഗാന്ധിയൊക്കെ ബൽറാമിൽ എന്തെങ്കിലും ചലനമുണ്ടാക്കും എന്ന് കരുതുന്നവർക്ക് എല്ലാ ഭാവുകങ്ങളും) ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും നിസ്വവർഗരാഷ്ട്രീയത്തിന്റെയും തിറന്പുന്ന രാഷ്ട്രീയബോധം കൊണ്ടാണ് എതിരിടേണ്ടത് എന്ന് ഞങ്ങളെ ആരും പഠിപ്പിക്കേണ്ടതുമില്ല.
മകളെയും, ഭാര്യയെയും, തന്റെ കുടുംബത്തിന്റെ അഭിമാന ജാതി ബോധത്തിൽ അടിപെട്ട്, അച്ഛന് സുഖമില്ലെന്ന് കള്ളം പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി തിരികെ വരാതെയിരിക്കുകയും, നാലാം വർഷം മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത ആദ്യ ഭാര്യയെ പോലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതെ 41 വർഷങ്ങൾക്ക് മുന്പ് ഈ ഭൂമി വിട്ട് പോയ എ.കെ.ജിയെ, തന്റെതായ കാലത്ത് എതിരാളികൾ പോലും രക്ഷക്ക് വേണ്ടി കൺപാർത്ത, ഇന്ത്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നെഹ്റു വരെ പ്രതിപക്ഷ സ്ഥാനത്തിരുന്ന ആ ധീര വ്യക്തിത്വതത്തെ കേൾക്കാൻ അവധിയെടുക്കാതെ സഭയിൽ ഹാജരായപ്പോൾ, ഒരു പക്ഷെ ഞാൻ സംസാരിക്കുന്നത് മുറിഞ്ഞ ഇംഗ്ലീഷായിരിക്കാമെങ്കിലും തൊഴിലാളി, കർഷകാദി, സാധാരണക്കാരന്റെ, മുറിയാത്ത ശബ്ദമാണ് ഉയർത്തുന്നതെന്ന് അഭിമാനത്തോടെ പറഞ്ഞ, സഖാവ് എ.കെ.ജിയുടെ ചെ രുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത പേവിഷമായല്ലോ തൃത്താലയുടെ നിയമ സമാജികൻ എന്നോർക്കുന്പോൾ കത്തുന്നത് ക്ഷോഭമാണ്.
സാമൂഹ്യ സാഹചര്യങ്ങളെ വായിക്കപ്പെടാൻ കഴിയാതെ ഇഷ്ടത്തിന് രതിയെന്നും, ബാലപീഢനമെന്നും നിറം ചാർത്തി കൊടുക്കുന്ന ബലമില്ല രാമൻ കേരളത്തിലെ ആദ്യ രാഷ്ട്രീയ കാനിബൽ ആകുന്നു. ചിന്തിക്കുന്നവർക്ക് അറിയാഞ്ഞിട്ടില്ല രാമാ, പടത്തലവനെ വെട്ടി നീ തകർക്കാൻ ശ്രമിക്കുന്നത് ഇടത്പക്ഷ പ്രസ്ഥാനത്തെയാണെന്ന്. ഉത്തരേന്ത്യയിൽ വിരിഞ്ഞ താമരയിൽ വിടർന്നതൊക്കെഇന്നലെ ഖദറിൽ പൊതിഞ്ഞ മുഖങ്ങൾ ആയിരുന്നു എന്ന് മനസിലാക്കുന്പോളാണ്, കേരളത്തിൽ ആർക്ക് വേണ്ടിയുള്ള വഴി വെട്ടിതെളിക്കാനാണ് സഖാവ് എ.കെ.ജി എന്ന മൂന്നക്ഷരത്തിന് നേരെ തിരിഞ്ഞത് എന്ന് മനസ്സിലാകുന്നത്.
ആരാലും ശ്രദ്ധിക്കാതെ മറഞ്ഞിരിക്കുന്പോഴും,വദനസുര രാഷ്ട്രീയത്തിലകപ്പെട്ട് അധിവേഗം ബഹുദൂരം നടക്കാൻ ശ്രമിച്ചവർ അവസാന ലാപ്പിൽ കിതച്ചെത്തി നിൽക്കുന്പോഴും, എല്ലാം കണക്കാണെന്ന് സാധാരണക്കാരനെ കൊണ്ട് പറയിപ്പിച്ച് കാലിനടിയിലെ മണ്ണൊലിപ്പ് തടയാൻ നിയടക്കമുള്ള വലത് പക്ഷക്കാർക്ക് ഇത്തരം വൃത്തികേടുകൾ പറയേണ്ടി വരും. പക്ഷെ ഇത് കൊണ്ടൊന്നും കൊല്ലക്കുടിലിലെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് ധരിക്കേണ്ടതില്ല. ലോകത്തിലെ കരുത്തനായ വിപ്ലവകാരി എണസ്റ്റോ ചെഗുവേരയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല...
(ബഹ്റൈനിലെ പ്രതിഭ മുൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)