പണി­ തീ­രാ­ത്ത സ്വപ്‌നങ്ങൾ


ജെ. ബിന്ദുരാജ്

ിഷ എന്ന നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ വാർത്തകളിൽ മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്ത ഒരു കാര്യം ജിഷയും അമ്മയും താമസിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റിട്ട, ഹോളോ ബ്രിക്‌സ് കൊണ്ട് പരുക്കനായി നിർമ്മിച്ച മൂന്നുമുറിയുള്ള വീടിന്റെ ദുരവസ്ഥയായിരുന്നു. കുറുപ്പംപടിയിൽ വട്ടോലി കനാൽ ബണ്ട് നിരത്തിലുള്ള ആ വീടിന് ഏതാനും കിലോമീറ്ററുകൾ അകലെ വട്ടോലിപ്പടിയിൽ പഞ്ചായത്ത് നൽകിയ ഭൂമിയിൽ ജിഷയുടെ മരണത്തിനു മുന്പു തന്നെ ആ കുടുംബം സുരക്ഷിതമായ ചുവരുകളുള്ള, ചെറിയൊരു ഭവനത്തിന്റെ പണി ആരംഭിച്ചിരുന്നതാണ്. പക്ഷേ തുച്ഛമായ വരുമാനം മാത്രമുള്ള ആ കുടുംബത്തിന് വീടിന്റെ  തറ കെട്ടിയിടാനല്ലാതെ പണി മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല. ജിഷയുടെ മരണത്തിനുശേഷം പക്ഷേ സർക്കാർ ആ കുടുംബത്തിന് 45 ദിവസത്തിനകം വീട് നിർമ്മിച്ചു നൽകി. ജിഷാഭവനം എന്നു പേരിട്ട ആ വസതിയിലാണ് ഇന്ന് ജിഷയുടെ അമ്മ രാജേശ്വരി കഴിയുന്നത്. 

പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് ഇത്തരത്തിലുള്ള വീടുകളുടേയും അവിടെ താമസിച്ച് പഠിച്ച് ഉയർന്ന ഗ്രേഡ് നേടിയ കുട്ടികളുടേയും കഥകൾ പത്രത്താളുകളിലും ഒരു സ്ഥിരം കാഴ്ചയാണ്. പക്ഷേ ചുവരുകളില്ലാത്തയിടങ്ങളിൽ അന്തിയുറങ്ങേണ്ടി വരുന്ന നിരവധി പേർ ഇന്നും കേരളത്തിലുണ്ടെന്നതാണ് വാസ്തവം. പ്രഭാതമാകുന്നതിനു മുന്പ് നഗരപ്രദേശങ്ങളിലൂടെ യാത്ര ചെയ്താൽ കടത്തിണ്ണകൾക്കു മുന്നിലും ബസ്സ് സ്റ്റാൻഡിലും റെയിൽവേ േസ്റ്റഷൻ പരിസരത്തുമൊക്കെ അന്തിയുറങ്ങുന്ന നിരവധി പേരെ കാണാനാകും. ആധാർ കാർഡ് പോയിട്ട് ഒരു റേഷൻ കാർഡോ വിലാസമോ ഇല്ലാത്തവരാണ് അക്കൂട്ടർ. ജനുവരിയിലെ തണുപ്പ് സിരകളെ മരവിപ്പിക്കുന്പോൾ ഈ ഭവനരഹിതരിൽ വലിയൊരു വിഭാഗം പേരുടെ ശരീരവും തണുത്തുറഞ്ഞ് നിശ്ചലമാകാറുണ്ട്. ജനുവരിയിലെ തണുപ്പ് സിരകളെ മരവിപ്പിക്കുന്പോൾ ഈ ഭവനരഹിതരിൽ വലിയൊരു വിഭാഗം പേരുടെ ശരീരവും തണുത്തുറഞ്ഞ് നിശ്ചലമാകാറുണ്ട്. 2016ൽ ഡൽഹിയിലെ തെരുവുകളിൽ കാലാവസ്ഥ മൂലം മരണപ്പെട്ട ഭവനരഹിതരുടെ എണ്ണം 3347 ആണ്. ഇവരിൽ 161 പേരുടെ മരണം ഡിസംബറിലെ കൊടുംതണുപ്പിലായിരുന്നു. ഇനി മറ്റൊരു വശം നോക്കുക. കേരളത്തിൽ മാത്രം 11.89 ലക്ഷം വീടുകൾ താമസമില്ലാതെ കിടക്കുന്നു. റിയൽ എേസ്റ്ററ്റ് മേഖലയിൽ നഗരങ്ങളിൽ ലംബമായി വളർന്നുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റുകൾ ഇൻവെസ്റ്റ്‌മെന്റ് എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ആളുകൾ വാങ്ങിക്കൂട്ടുന്നു. അവയിൽ ചിലത് വാടകയ്ക്ക് നൽകപ്പെടുകയും ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.  

ഭക്ഷണം, വസ്ത്രം, വീട് എന്നിവ അടിസ്ഥാനപരമായി മനുഷ്യന്റെ അവശ്യവസ്തുക്കളായി കണക്കാക്കപ്പെടുന്നവയാണ്. പക്ഷേ ദയനീയമെന്നു പറയട്ടെ ഭവനത്തിന്റെ കാര്യത്തിൽ ഇന്നും ഇന്ത്യക്കാരന്റെ അവസ്ഥ പരിതാപകരമാണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം പേർ ഭവനരഹിതരാണെന്നാണ് 2011ലെ സെൻസസ് പറയുന്നത്. അതായത് 17.7 കോടി ഭവനരഹിതർ. രാജ്യത്ത് മൊത്തമുള്ള വീടുകളുടെ എണ്ണം 785 കോടിയാണ്. ഭവനരഹിതരായവരെ മുഴുവനും താമസിപ്പിക്കണമെങ്കിൽ രാജ്യത്ത് ഇനിയും 187 കോടി വീടുകൾ കൂടി ആവശ്യമാണെന്നും സെൻസസ് രേഖകളെ അടിസ്ഥാനമാക്കിയ കണക്കുകൾ പറയുന്നു. ഭവനരഹിതരായവരിൽ ഭൂരിഭാഗവും കഴിയുന്നത് ചേരിപ്രദേശങ്ങളിലുള്ള താൽക്കാലിക ഷെഡ്ഡുകളിലും വഴിയരികിലും കടത്തിണ്ണകളിലും പാർക്കുകളിലും റെയിൽവേ േസ്റ്റഷനുകളിലും ബസ്സ് സ്റ്റാൻഡുകളിലുമൊക്കെയാണ്. ചേരിപ്രദേശങ്ങളിൽ കഴിയുന്നവരുടെ എണ്ണമാകട്ടെ കഴിഞ്ഞ ദശാബ്ദക്കാലത്തിനിടയ്ക്ക് ഇരട്ടിയായി മാറുകയും ചെയ്യുകയാണ്. ഇന്ത്യയിൽ നിലവിൽ 7.8 കോടി ജനങ്ങൾ ചേരിപ്രദേശങ്ങളിലാണ് വസിക്കുന്നത്. വൈദ്യുതിയും കുടിവെള്ളവുമെല്ലാം ഇന്നും ഇവർക്ക് കിട്ടാക്കനിയാണ്.

കഴിഞ്ഞ വർഷം കേരള സംസ്ഥാന ആസൂത്രണബോർഡ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 12 ലക്ഷം ഭവനരഹിതരായ കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭവനരഹിതരായവർക്ക് വീടു വെച്ചു നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റെയുമൊക്കെയായി ഒരു ഡസനിലധികം പദ്ധതികളുണ്ടെങ്കിലും സമീപകാലത്തൊന്നും തന്നെ ഭവനരഹിതരില്ലാത്ത കേരളം യാഥാർത്ഥ്യമാവില്ലെന്നാണ് ഈ പദ്ധതികളുടെ മെല്ലെപ്പോക്ക് സമീപനത്തിൽ നിന്നും വ്യക്തമാകുന്ന കാര്യം. പ്രതിവർഷം ഒരു ലക്ഷം വീടുകൾ െവച്ച് അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രസ്താവിച്ചിട്ടുള്ള ഇടതു സർക്കാർ ഇ.എം.എസ് ഭവനപദ്ധതിയിലൂടേയും എംഎൻ ലക്ഷം വീട് പദ്ധതിയിലൂടേയും കേന്ദ്ര സർക്കാരിന്റെ ഇന്ദിരാ ആവാസ് യോജനയിലൂടേയുമൊക്കെ ഭവനഹിതരെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ബാങ്കുകളുടെ നിസ്സഹകരണം കൊണ്ടും നൂലാമാലകൾ മൂലവും മതിയായ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഭവനപദ്ധതികൾക്കുള്ള ആനുകൂല്യം ലഭിച്ചവരുടെ ഭവനങ്ങളാകട്ടെ പാതിയിൽ നിർമ്മാണം നിലച്ച നിലയിലാണ് പലയിടത്തും.

എന്നാൽ 12 ലക്ഷം കുടുംബങ്ങൾ സ്വന്തമായി വീടില്ലാത്തവരായി കഴിയുന്ന നാട്ടിൽ 11.89 ലക്ഷത്തോളം വീടുകളിൽ താമസമില്ലാതെ കിടപ്പുണ്ടെന്നാണ് 2017 ഒക്ടോബറിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മിച്ച വീടുകളും കേരള പരിസ്ഥിതിയും എന്ന റിപ്പോർട്ട് പറയുന്നത്. താമസമില്ലാതെ കിടക്കുന്ന വീടുകളിൽ 5.85 ലക്ഷം വീടുകൾ ഗ്രാമപ്രദേശങ്ങളിലും 6.03 വീടുകൾ നഗരപ്രദേശങ്ങളിലുമാണുള്ളത്. ഇതിൽ തന്നെ 57,272 വീടുകളിൽ ആറ് മുറികളുണ്ടെന്നും 73,975 വീടുകൾക്ക് അഞ്ചു മുറികളുണ്ടെന്നും 1,96,058 വീടുകൾക്ക് നാലു മുറികളുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന വീടുകൾ ഭവനരഹിതർക്കായി വിട്ടുകൊടുക്കുന്നപക്ഷം ഭൂപരിഷ്‌കരണ നിയമത്തിനുശേഷം സർക്കാർ കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പരിഷ്‌കാരമായി അത് മാറ്റപ്പെട്ടേക്കാമെന്നാണ് പരിഷത്ത് പറയുന്നത്. ഭവനരഹിതരായവരിൽ ഏറ്റവുമധികം പേർ ദിവസകൂലിത്തൊഴിലാളികളാണെങ്കിൽ മറ്റുള്ളവർ തെരുവുകച്ചവടക്കാരും ഭിക്ഷക്കാരും ആക്രി പെറുക്കികളുമാണ്. സ്വദേശികളും മറുനാട്ടുകാരുമൊക്കെ ആ കൂട്ടത്തിലുണ്ട്. പ്രതിമാസം ആയിരം രൂപയിൽ കൂടുതൽ സന്പാദിക്കുന്നവർ അക്കൂട്ടത്തിൽ തുലോം കുറവുമാണത്രേ. 

സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കിനപ്പുറത്തേക്ക് ഭൂമിവില കുതിച്ചുയർന്നത് സാധാരണക്കാരന് ഒരു ഒറ്റമുറി വീടു പോലും അപ്രാപ്യമാക്കുന്ന അവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. 2005നുശേഷമാണ് വിലയിൽ ഇപ്പോൾ കാണുന്ന മട്ടിലുള്ള ഒരു കുതിച്ചുകയറ്റമുണ്ടായത്. ഇന്ത്യയിൽ അക്കാലയളവിലുണ്ടായ സാന്പത്തികവളർച്ച റിയൽ എേസ്റ്ററ്റ് രംഗം മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുതിച്ചുകയറുന്നതും നിരവധി ചെറുതും വലുതുമായ ബിൽഡർമാർ രാജ്യവ്യാപകമായി ഭൂമിയിൽ വന്പൻ നിക്ഷേപം നടത്തുന്നതും നാം കണ്ടു. നഗരപ്രദേശങ്ങളിലായിരുന്നു റിയൽ എേസ്റ്ററ്റ് ഭീമന്മാരുടെ നിക്ഷേപത്തിന്റെ ആദ്യപടിയെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം നഗരപ്രാന്തങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും എന്തിന് ഗ്രാമങ്ങളിലേക്ക് പോലും വ്യാപിച്ചു. നഗരപ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ബിൽഡർമാർ സ്ഥലം വൻതോതിൽ വാങ്ങിക്കൂട്ടുകയും അവിടെ തങ്ങളുടെ ഫ്‌ളാറ്റ് വില്ല പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇവയിൽ ഭൂരിഭാഗവും സന്പന്നരായവരെ മാത്രം ലക്ഷ്യമിട്ടുള്ള ആഢംബരവില്ലകളും ഫ്‌ളാറ്റുകളുമായിരുന്നു. മുന്പ് വയലുകളോ സ്വകാര്യഭൂമിയോ ആയിരുന്ന പ്രദേശങ്ങളാണ് ഇടനിലക്കാരുടെ സഹായത്തോടെ വന്പൻ ബിൽഡർമാർ തുച്ഛമായ നിരക്കിന് സ്വന്തമാക്കി തങ്ങളുടെ വന്പൻ പദ്ധതികൾ പ്രഖ്യാപിച്ചത്. കൊച്ചിയിൽ കാക്കനാട്ടും ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലുമൊക്കെ ഇത്തരം പദ്ധതികൾ വന്നു. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളിലുണ്ടായിരുന്നതിനേക്കാൾ നിരക്കിനാണ് കൊച്ചിയിൽ പലയിടത്തും ഫ്‌ളാറ്റുകൾ വിൽക്കപ്പെട്ടത്. പ്രവാസികളായിരുന്നു പ്രധാനമായും ഈ ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും ഉപഭോക്താക്കൾ. ബിസിനസുകാരും പ്രൊഫഷണലുകളുമായിരുന്നു ഇത്തരം ഭവനങ്ങളിൽ നിക്ഷേപം നടത്തിയ മറ്റുള്ളവർ. ഇക്കൂട്ടർ വീടുകൾ കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കാനാരംഭിച്ചതോടെ റിയൽ എേസ്റ്ററ്റ് രംഗത്തെ വില പിന്നെയും ഉയർന്നു. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഭവനങ്ങൾ 50 ലക്ഷത്തിനു മുകളിലേക്കുള്ള നിരക്കിലേക്ക് വളർന്നത് അങ്ങനെയാണ്. 

റിയൽ എേസ്റ്ററ്റ് രംഗം 2013ഓടെ തന്നെ വൻനഗരങ്ങളിൽ ഏതാണ്ടൊരു പൂരിതാവസ്ഥയിലേക്കു നീങ്ങുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. റസിഡൻഷ്യൻ അപ്പാർട്ട്‌മെന്റ് രംഗത്ത് കള്ളനാണയങ്ങൾ പലതും രംഗപ്രവേശം ചെയ്തത് പദ്ധതികൾ കൃത്യമായ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനോ വിതരണം ചെയ്യാനോ സാധിക്കാനാകാത്ത അവസ്ഥയ്ക്ക് ഇടയാക്കി. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകിയ പല ബിൽഡർമാരും കുത്തുപാളയെടുത്തു. ചിലർ ബോധപൂർവ്വം ഉപഭോക്താക്കളെ വഞ്ചിച്ചു. പറഞ്ഞുറപ്പിച്ച അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ തങ്ങൾ ബുക്ക് ചെയ്ത ഫ്‌ളാറ്റുകളിൽ കാണാതായതോടെ ഉപഭോക്താക്കളുടെ വിശ്വാസത്തിനു മങ്ങലേറ്റു. പലരും പൂർത്തിയാക്കപ്പെട്ട ഫ്‌ളാറ്റുകൾ വാങ്ങുന്നതിനു മാത്രം താൽപര്യം പ്രകടിപ്പിച്ചു. ഇത് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ നിന്നും ബിൽഡർമാരെ പിന്നാക്കം വലിച്ചു. 2017 സെപ്തംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ ഏഴ് വൻനഗരങ്ങളിലായി ഏഴു ലക്ഷത്തോളം ഫ്‌ളാറ്റുകളാണ് വിൽക്കപ്പെടാതെ കിടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിയൽ എസ്‌റ്റേറ്റ് രംഗത്ത് സുതാര്യത ഉറപ്പുവരുത്താനുമായി കൊണ്ടുവന്ന റിയൽ എേസ്റ്ററ്റ് റഗുലേറ്ററി ആക്ടും ബിനാമി പ്രോപ്പർട്ടി ആക്ടും കള്ളപ്പണത്തിന് തടയിടാൻ കൊണ്ടുവരാനായി കൊണ്ടുവരുന്ന നിയമങ്ങളും നോട്ട് അസാധുവാക്കലുമെല്ലാം റിയൽ എേസ്റ്ററ്റ് രംഗത്തിന്റെ നടുവൊടിക്കുകയും ചെയ്തു. ആഡംബര ഭവനങ്ങളുടെ നിർമ്മിതിക്കു പിന്നാലെ പോകാതെ, കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കായുള്ള ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിലേക്ക് പല ബിൽഡർമാരും തിരിയാനുള്ള പ്രധാന കാരണം മറ്റുള്ളവ വിൽക്കാനുള്ള ബുദ്ധിമുട്ടു തന്നെയാണ്. സാധാരണക്കാർക്ക് ഭവനങ്ങൾ ലഭ്യമാകാനുള്ള സാധ്യതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. മുന്പ് നഗരങ്ങളിൽ സാധാരണക്കാർക്ക് ഒരു വീട് സങ്കൽപിക്കാനാകാത്തതായിരുന്നുവെങ്കിൽ ഇന്ന് സർക്കാരും സ്വകാര്യ ബിൽഡർമാരുമെല്ലാം താങ്ങാനാകുന്ന നിരക്കിലുള്ള വീടുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന അനുഭാവപൂർണമായ നിലപാടുകൾ കണ്ടില്ലെന്നു നടിക്കരുത്. നിലവിൽ ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട ഗാർഹിക പദ്ധതികളിൽ 70 ശതമാനവും സാധാരണക്കാരായവരെ ലക്ഷ്യം വച്ചുള്ളതാണെന്നും കുറഞ്ഞ നിരക്കിലുള്ളതാണെന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ നഗരങ്ങളിൽ ചേരിപ്രേദശങ്ങളിൽ കഴിയുന്നവർക്ക് 2022ഓടെ വീടുകൾ നിർമ്മിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. ഈ പദ്ധതി പ്രകാരം 2015 മുതൽ 2017 വരെയുള്ള രണ്ടു വർഷക്കാലയളവിനിടയിൽ 10 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയെന്നാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം 2017 ഡിസംബറിൽ പ്രസ്താവിച്ചത്. ഈ വീടുകളിലെല്ലാം തന്നെ കക്കൂസും എൽപിജി കണക്ഷനും വൈദ്യുതി കണക്ഷനും കുടിവെള്ളവും ലഭ്യമാക്കിയെന്നും മന്ത്രാലയം പറയുന്നു. അടുത്ത വർഷം മാർച്ച് 31നു മുന്പായി ഗ്രാമപ്രദേശങ്ങളിലെ ദരിദ്രർക്കായി 50 ലക്ഷം ഭവനങ്ങളും നിർമ്മിച്ചു നൽകുമെന്ന് സർക്കാർ പറയുന്നു. 2019 മാർച്ച് 31നു മുന്പായി ഒരു കോടി പുതിയ വീടുകൾ നിർമ്മിച്ചു നൽകാനാണ് സർക്കാർ നിലവിൽ ലക്ഷ്യമിടുന്നത്. കേരളത്തിലും പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫലം ജനതയിലെത്തിക്കാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ ലൈഫ് മിഷൻ പ്രോജക്ടിലൂടെയാണ് അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ഈ ലക്ഷ്യം പൂർത്തീകരിക്കാനൊരുങ്ങുന്നത്. കുടുംബശ്രീയുടെ സഹായത്തോടെ സർവേ നടത്തിയാണ് ഗുണഭോക്താക്കളാകാൻ യോഗ്യരായവരെ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ കളക്ടർമാരാണ് ഈ വിവരങ്ങൾ പരിശോധിക്കാൻ ബാധ്യതപ്പെട്ടവർ. കുടുംബശ്രീ തയാറാക്കിയ പട്ടികയിൽ ഇടം കണ്ടെത്താത്തവർക്ക് കുടുംബശ്രീയെയോ തദ്ദേശസ്ഥാപനങ്ങളെയോ തങ്ങളുടെ പരാതി അറിയിക്കാവുന്നതുമാണ്. ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് ഗുണഭോക്താക്കൾക്ക് ഭവനവായ്പകളിൽ 2.67 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഭവനവായ്പയെടുത്ത് വീടോ അപ്പാർട്ട്‌മെന്റോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പലിശ സബ്‌സിഡി ലഭിക്കും. 2015 ജൂൺ 17നുശേഷം ഭവനവായ്പയെടുത്തവർക്കും ഈ സബ്‌സിഡിക്ക് അർഹതയുണ്ട്. പ്രതിവർഷം മൂന്നു ലക്ഷം രൂപയ്ക്കും 18 ലക്ഷം രൂപയ്ക്കുമിടയിൽ സന്പാദിക്കുന്നവർക്ക് ഈ സ്‌കീമിൽ അപേക്ഷ നൽകാനാകും. രാജ്യത്ത് ഏതെങ്കിലുമൊരിടത്ത് സ്വന്തം പേരിൽ വീടില്ലാത്തവർക്ക് നഗരങ്ങളിലോ പട്ടണങ്ങളിലോ വീട് നിർമ്മിക്കുന്നതിനാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാനാകുക. എന്നിരുന്നാലും പദ്ധതിയെപ്പറ്റി ബാങ്കുകൾക്ക് ഇനിയും മതിയായ അവബോധമില്ലാത്തതിനാൽ സബ്‌സിഡിക്ക് അർഹരായ പലരും അവഗണിക്കപ്പെടുന്ന അവസ്ഥയും ഇവിടെയുണ്ട്.

കേരളത്തിൽ 12 ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയോ വീടോ ഇല്ലെന്നാണ് സർക്കാരിന്റെ പക്കലുള്ള കണക്കുകൾ പറയുന്നത്. ഏതാണ്ട് രണ്ടു ലക്ഷം പേർക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല. ഇതിനെല്ലാം പുറമേ, കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് വീടു നിർമ്മിക്കാൻ സഹായധനം ലഭിച്ചവരുടെ പൂർത്തിയാകാത്ത വീടുള്ളവരുടെ എണ്ണം അന്പതിനായിരത്തിനപ്പുറവുമാണ്. പണി തീരാത്ത വീടുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്ക് പുതിയ പദ്ധതി പ്രകാരം സഹായത്തിന് അപേക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. എന്നാൽ നേരത്തെ എത്ര തുകയാണ് ലഭിച്ചതെന്നതിനെ ആശ്രയിച്ചിരിക്കും ഇനിയും തുക ലഭിക്കാൻ യോഗ്യതയുണ്ടോ എന്ന കാര്യം.

മാറിയ പുതിയ പരിതസ്ഥിതിയിൽ ബജറ്റ് ഹോം പദ്ധതികളുമായി ബിൽഡർമാർ രംഗപ്രവേശം ചെയ്യാനുള്ള സാധ്യതകളേറെയാണ്. വൻകിട പദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയും വന്പൻ വിലയുള്ള അപ്പാർട്ട്‌മെന്റുകൾ മറിച്ചുവിൽക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ പോകുകയും ചെയ്യുന്പോൾ ഇൻവെസ്റ്റ്‌മെന്റ് എന്ന നിലയിൽ പ്രോപ്പർട്ടികൾക്കുള്ള മാനത്തിന് വലിയൊരളവു വരെ ഇടിവ് സംഭവിച്ചിരിക്കുകയാണ്. 80 ലക്ഷം രൂപ മുതൽ അഞ്ചു കോടി രൂപ വരെ വിലയുള്ള അപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾക്കാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ആധാരം തയ്യാറാക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും നിക്ഷേപമെന്ന നിലയ്ക്ക് റിയൽ എേസ്റ്ററ്റിനെ ഏതാണ്ട് കൈവിട്ട മട്ടാണ്. സ്വകാര്യ− സർക്കാർ പങ്കാളിത്തത്തോടെ ബജറ്റ് ഭവനങ്ങൾ നിർമ്മിച്ച് വിൽപന നടത്താൻ ഇത് ബിൽഡർമാരെ നിർബന്ധിതരാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ആകാശം മുട്ടെയുള്ള ആഢംബര ഫ്‌ളാറ്റുകളിൽ നിന്നും ഭൂമിയിൽ സാധാരണ മനുഷ്യനായുള്ള കൊച്ചുവീടുകളിലേക്ക് അവർ നീങ്ങിയാൽ ഭവനരഹിതരായവർ പിന്നെ നമ്മുടെ നാട്ടിലുണ്ടാവില്ല. പ്രായം ചെന്നവരെയും നോക്കാൻ ആളില്ലാത്തവരേയും ഏറ്റെടുത്ത് താമസിപ്പിക്കാനായുള്ള വൃദ്ധമന്ദിരങ്ങളും ഇതോടൊപ്പം തന്നെ ആരംഭിക്കാൻ സർക്കാരുകൾ മുൻകൈയെടുക്കേണ്ടിയിരിക്കുന്നു.

You might also like

Most Viewed