തീ­യും ചൂ­ടും ട്രംപും


വി.ആർ സത്യദേവ്

ർക്കും ആരെക്കുറിച്ചും എന്തു തോന്ന്യാസവും പറയാം എന്നതായിരിക്കുന്നു സ്ഥിതി. ആർക്കും ആരെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം എല്ലായിടത്തുമില്ല. അത് ജനാധിപത്യത്തിന്റെ മാത്രം പ്രത്യേകതയാണ്. കമ്യൂണിസ്റ്റ് ചൈനയുടെ മണ്ണിൽ പ്രസിഡണ്ട് ജി സിംഗ്പിംഗിനെപ്പറ്റി അദ്ദേഹത്തിനോപാർട്ടിക്കോ പിടിക്കാത്തതു പറഞ്ഞാൽ പിന്നെ പറയുന്ന ആളുടെ പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ. ഉത്തര കൊറിയൻ അധിപൻ കിം ജോംഗ് ഉന്നിനെപ്പറ്റി കൊറിയക്കു വെളിയിൽ പറഞ്ഞാലും ചിലപ്പോൾ പണി കിട്ടിയെന്നിരിക്കും. അഭിപ്രായം ഇരുന്പുലക്കയല്ല. എന്നാൽ അത്തരം രാജ്യങ്ങളിലൊക്കെ ഭരണ

കൂടത്തിനെതിരായ അഭിപ്രായം പറഞ്ഞാൽ നടുവിന് ഉരുന്പുലക്കകൊണ്ടുള്ള  പ്രഹരം ഉറപ്പാണ്. ജനാധിപത്യ രാജ്യങ്ങളിൽ പൗരന്റെ ഏറ്റവും വലിയ അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. അത് നല്ലതാണ്.

എന്നാൽ ആ സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാണോ എന്നത് കാലാകാലങ്ങളായി മുഴങ്ങിക്കേൾക്കുന്ന ചോദ്യമാണ്. രാജ്യഹിതവിരുദ്ധമായ അഭിപ്രായങ്ങളെ ലോകത്ത് ഒരു രാജ്യത്തെ ഭരണകൂടങ്ങളും ക്ഷമയോടെ കണ്ട് സഹിച്ചു എന്നു വരില്ല, ഒരുപക്ഷേ ഇന്ത്യയൊഴിച്ച്. ഇന്ത്യയിൽ ഇതൊരു ശീലമാണ്. ഭരണകൂടത്തിനെതിരേ മാത്രമല്ല രാജ്യത്തിനെതിരെയും ദേശവിരുദ്ധർക്ക് അനുകൂലവുമായൊക്കെ രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ അഭിപ്രായം പറയാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. അഥവാ അതിനെ കാര്യമായി ആരും ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ അങ്ങനെയൊരു സ്വാതന്ത്ര്യമുണ്ടെന്ന് നമ്മൾ ധരിച്ചുവശായിരിക്കുന്നു. ആ ധാരണ പൂർണ്ണമായും ശരിയല്ല. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്നു പോലും പൗരന് സംരക്ഷണം നൽകാനുള്ള നിയമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അടുത്തിടെ ഒരു സിനിമ പ്രവർത്തകയുടെ പരാതിയിന്മേലുണ്ടായ നടപടികൾ ഈ ദിശയിലെ ഒരു സൂചകമാണ്.

ആരോപണങ്ങളും അഭിപ്രായങ്ങളും പറയുന്പോൾ അതിനോടുള്ള പൊതു സമൂഹത്തിന്റെ പ്രതികരണത്തിന് നിയമം അനുശാസിക്കുന്ന അളവുകോലുകളുണ്ട്. എന്നാൽ പൊതുസമൂഹത്തിന്റെ ഇക്കാര്യത്തിലെപ്രതികരണങ്ങൾ പ്രത്യേകിച്ച് മാനകങ്ങളില്ലാത്തതാണ്. ‘ഞാനിട്ടാൽ ബർമ്മുഡ, അത് നിങ്ങളിട്ടാൽ കളസം’ എന്നതാണ് നാട്ടു നടപ്പ്.  

‘സത്യം ബ്രുയാത്, പ്രിയം ബ്രുയാത്

നബ്രുയാത്, സത്യമപ്രിയം’... എന്നതാണ് മൊഴി. സത്യം പറയുക, ഇഷ്ടം പറയുക, അപ്രിയ സത്യമാണെങ്കിൽ ‘മൗനം വിദ്വാനുഭൂഷണ’മെന്ന മന്ത്രം ജപിച്ച് അടങ്ങിക്കൂടുക എന്ന് ചുരുക്കം. എന്നാൽ ചങ്കുറപ്പുള്ള എല്ലാവരെക്കൊണ്ടും ഇത്തരത്തിലുള്ള മൗനാചരണം എളുപ്പമല്ല. അത്തരമാൾക്കാർ ചെയ്യേണ്ടത് പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കിട്ട് മാത്രം പറയുക എന്നതാണ്. അതിനുള്ള ആധാരവും ശേഖരിച്ചുവച്ചാൽ പൊല്ലാപ്പ് ഒഴിവാക്കാം. അതെന്തായാലും ജനാധിപത്യ രാജ്യങ്ങളിൽ അഭിപ്രായപ്രകടനങ്ങളുടെ ഒഴുക്കു തുടരുമെന്ന് ഉറപ്പാണ്. നടപടികളും ഗുരുതര ഭവിഷ്യത്തും ഉറപ്പാണെങ്കിലും അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് ആ വ്യവസ്ഥിതികളുടെ അനിവാര്യതയാണ്. 

ഇത്തരം സാഹചര്യങ്ങളിൽ അഭിപ്രായ പ്രകടനങ്ങ
ൾ പലപ്പോഴും എല്ലാ അതിരുകളും ലംഘിക്കപ്പെടുന്നു എന്ന ആരോപണങ്ങളുമുയരാറുണ്ട്. ആരോപിക്കപ്പെടുന്ന പക്ഷമാവും ഈ ആരോപണത്തിനു പിന്നിൽ. ക്ഷമയുടെയും സംയമനത്തിന്റെയും മാന്യതയുടെയും അതിരുകൾ സ്വയം ലംഘിച്ചുകൊണ്ടായിരിക്കും പലപ്പോഴും ഇത്തരക്കാർ അത്തരം അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുന്നത് എന്നതാണ് കൗതുകകരം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിൽ ഉടഞ്ഞുപോകത്തക്ക ദുർബ്ബലമല്ല തങ്ങളുടെ വിഗ്രഹങ്ങളെന്ന് കാഴ്ചക്കാർക്കു തോന്നത്തക്ക തരത്തിലാവും പലപ്പോഴും അത്തരം പ്രതികരണങ്ങൾ. ലോകത്തിലെ ആറ്റവും അധികാരങ്ങളുണ്ടന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡണ്ടുപോലും ഇക്കാര്യത്തിൽ വ്യത്യസ്ഥനല്ല. തന്നെക്കുറിച്ച് പുസ്തകമെഴുതിയ വ്യക്തിയെ തട്ടിപ്പുകാരനെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.

‘ഫയർ ആൻഡ് ഫ്യൂറി’ (FIRE AND FURY ; Inside the Trump Whitehouse)  എന്ന പുസ്തകത്തെച്ചൊല്ലിയാണ് അമേരിക്കയിലെ പുതിയ വിവാദം. എഴുത്തുകാരനും മാധ്യമപ്രവർത്തകനും കോളമിസ്റ്റും ഇൻ്റർനെറ്റ് സംരംഭകനും ടിവി അവതാരകനുമൊക്കെയായ മൈക്കേൽ വോൾഫാണ് (Michael Wolff)  പുസ്തകക്കാരൻ. പ്രസിഡണ്ട് എന്ന നിലയിലുള്ള ട്രംപിന്റെ പതിനൊന്നുമാസക്കാലത്തെ വിശകലനം ചെയ്യുന്ന പുസ്തകം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അച്ചടിച്ച പുസ്തകം പ്രസിദ്ധീകൃതമാവും മുന്പുതന്നെ ഓൺലൈനിൽ ഇത് ചൂടപ്പം പോലെ വിറ്റു തുടങ്ങിയിരുന്നു. വൈറ്റ് ഹൗസിലെ ജീവനക്കാരടക്കമുള്ളവരുമായി അഭിമുഖം നടത്തി തയ്യാറാക്കിയ പുസ്തകം മുന്നോട്ടു വെയ്ക്കുന്ന പ്രധാന കാര്യം നാടൻ ഭാഷയിൽ പറഞ്ഞാൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ തലയ്ക്കു വെളിവില്ല എന്നതാണ്. 

ഫയർ ആൻഡ് ഫ്യൂറി അഥവാ തീയും ചൂടും (ദേഷ്യം എന്ന് വാച്യാർത്ഥം )  എന്ന പേരു സൂചിപ്പിക്കും വിധം തന്നെയാണ് ഇതിവൃത്തത്തിന്റെ പോക്ക്. എഴുതിപ്പൂർത്തിയാക്കുന്പോഴേയ്ക്കും പ്രസിഡണ്ട് ട്രംപ് അക്ഷമനും വകതിരിവില്ലാത്തവനും പുലന്പുന്ന സ്വഭാവമുള്ളവനും സർവ്വോപരി മാനസികാരോഗ്യക്കുറവുള്ളവനും ഒക്കെയെന്ന ചിത്രമാണ് വോൾഫ് വരച്ചിടുന്നത്. 

ലോകത്ത് ഏറ്റവും ആധികാരങ്ങളുള്ള വ്യക്തിക്കുനേരേ ഇത്തരമൊരു ആരോപണമുന്നയിച്ച വോൾഫിന്റെ ചങ്കുറപ്പിനെ നമസ്കരിച്ചേ പറ്റൂ. എന്നാൽ ചങ്കുറപ്പിനുമപ്പുറം വേറെയും ചിലകാര്യങ്ങൾ ഇതിനു പിന്നിലുണ്ട് എന്നതാണ് ട്രംപിന്റെ പക്ഷം. അതിൽ കഴന്പില്ലാതില്ല. പ്രവചനങ്ങളും പ്രചാരണങ്ങളും കാറ്റിൽപ്പറത്തി, രാഷ്ട്രീയ നിരീക്ഷകരുടെയും വിദഗ്ദ്ധരുടെയും വിശകലനങ്ങളെ തച്ചുടച്ചു തന്നെയാണ് ട്രംപ് അധികാരത്തിലെത്തിയത്. ഏറെമിടുക്കന്മാരും ബുദ്ധിശാലികളുമെന്ന് സ്വയവും വിദഗ്ദ്ധരും വാഴ്ത്തുന്ന ഒരുപാടു വൻമരങ്ങളെ കടപുഴക്കിയാണ് കഴിഞ്ഞ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ട്രംപ് ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത്. പരാജിതർക്ക് കൊല്ലമൊന്നായിട്ടും തങ്ങൾ നേരിട്ട പരാജയം അംഗീകരിക്കാനായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണ് ട്രംപിനെതിരെയുള്ള പുസ്തകരൂപത്തിലുള്ള ഈ ആക്രമണത്തിനു പിന്നിലെ ചോദന എന്നു വിലയിരുത്തുന്നവരുണ്ട്.

വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്നു തുലോം വേറിട്ടതാണ് ട്രംപിന്റെ ശൈലിയും തന്ത്രങ്ങളും. അവയിൽ പലതും പ്രാവർത്തികമാവുകയും ചെയ്യുന്നു.  പുരോഗമനവാദികളെന്ന് സ്വയമഭിമാനിക്കുന്ന പക്ഷങ്ങൾക്ക് പരന്പരാഗത ശൈലികളിൽ നിന്നുള്ള ഈ ദിശാമാറ്റം സഹിക്കില്ലെന്നുറപ്പ്. താനുമായി തെറ്റിപ്പിരിഞ്ഞ മുൻ ചീഫ് സ്റ്റ്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനാണ് പുസ്തക തന്ത്രത്തിനു പിന്നിലെന്നാണ് ട്രംപിന്റെ ആരോപണം. പണിയില്ലാത്ത ബാനനനൊപ്പിച്ച പണിയെന്ന് ചുരുക്കം. പക്ഷേ താനൊരിക്കലും ട്രംപിനെ കിറുക്കനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് ബാനൻ പറഞ്ഞിട്ടുണ്ട്. എങ്കിലും ട്രംപ് വിരുദ്ധ ശക്തികളൊക്കെ ഇതിനു പിന്നിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

തെര‌ഞ്ഞെടുപ്പിൽ തോറ്റടിഞ്ഞ ഹിലരിക്ലിൻ്റന്റെ പാർട്ടിക്കാർ ട്രംപിന്റെ മനോനില ശരിയല്ലെന്നാരോപിച്ചുള്ള നീക്കങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ യേൽ സർവ്വകലാശാലയിലെ ഡോക്ടർ ബ്രാൻഡി എക്സ് ലീയെ വിളിച്ചു വരുത്തി പാർട്ടി ഒരു ശിൽപ്പശാലതന്നെ നടത്തി. പ്രസിഡണ്ടിന്റെ തലയ്ക്കു കാര്യമായ കുഴപ്പമുണ്ട് എന്നാണ് ലീയുടെ വിലയിരുത്തൽ. എന്നാൽ ഈ വിലയിരുത്തലോടേ ചൈനീസ് വെശജയായ ലീ കുഴപ്പത്തിലാകാനുള്ള സാദ്ധ്യത വലുതാണ്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ചട്ടങ്ങളനുസരിച്ച് ഇത്തരം പരസ്യ നിഗമനങ്ങൾ പാടില്ലാത്തതാണ്. 

ആരോപണം അതിരുവിട്ടതും ആരോപിതൻ അതിശക്തനുമാകുന്പോൾ ഭാവി എന്താകുമെന്നത് പ്രവചനാതീതമാകുന്നു. എന്നാൽ ആരോപണം ആധാരമുള്ളതാണെന്ന് തെളിയിക്കാനായാൽ ലോകത്തെ ഏറ്റവുമധികാരമുള്ളതടക്കം ഏതു വിഗ്രഹവും ഉടഞ്ഞുപോകും. ചരിത്രം മുന്നോട്ടു വെയ്ക്കുന്നത് ആ പരമമായ സത്യമാണ്.

You might also like

Most Viewed