എൻ.എൻ കക്കാട് കാ­ലാ­തി­വർ­ത്തി­യാ­യ മൂ­ല്യബോ­ധത്തി­ന്റെ­ കവി­


മധു.കെ

പ്രതീക്ഷകളാണ് ജീവിതമെന്നറിഞ്ഞിട്ടും പ്രതീക്ഷകൾക്ക് ഭംഗം നേരിട്ടു കൊണ്ടിരിക്കുന്ന അഭിശപ്തമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. വിശ്വാസരാഹിത്യം ജീവിതത്തെ പ്രതിസന്ധിയിലാക്കുക മാത്രമല്ല നിസ്സംഗമാക്കുക കൂടി ചെയ്യുന്നു. മനുഷ്യൻ സാമൂഹിക ജീവി ആയതിനാൽ അരക്ഷിതമായ ഒരു സാമൂഹികാവസ്ഥയിൽ അവന്റെ അതിജീവനം അത്യന്തം പ്രയാസകരമായ ഒരനുഭവമായിരിക്കും. മനുഷ്യന്റെ ഇത്തരം മാനസിക ഭൗതിക പ്രശ്നങ്ങളെ സ്വാംശീകരിച്ച് ഭാവനയുടെ ലോകത്തിലൂടെ സൗന്ദര്യം ചാലിച്ച് പുനരാവിഷ്കരിക്കുന്പോൾ പലപ്പോഴും അതൊരു സുന്ദരമായ കലാസൃഷ്ടിയായി മാറുന്നു. അത് നിർവ്വഹിക്കുന്ന കലാകാരന് ഉൾക്കാഴ്ചയും സർഗ്ഗാത്മകതയുമുണ്ടെങ്കിൽ അയാളൊരു മികച്ച കലാകാരനായിരിക്കും. മലയാളത്തിൽ ആ വിഭാഗത്തിൽ പെടുത്താവുന്ന ഉന്നതനായ കവിയാണ് ശ്രീ.എൻ.എൻ കക്കാട്. കൊയിലാണ്ടിക്കടുത്ത് കൂട്ടാലിടയിൽ അവിടനെല്ലൂരിൽ ജനിച്ച് കോഴിക്കോട് കർമ്മഭൂമിയായി സ്വീകരിച്ച കക്കാടിന്റെ 30ാം ചരമവാർഷികമാണിന്ന്.

മലയാള കവിതക്ക് പുതുവഴി വെട്ടിക്കൊടുത്തവരിൽ  പ്രധാനി ആയിരുന്നു കക്കാട്. കവിത ജീവിതം തന്നെയാണെന്ന് കരുതിയിരുന്ന അദ്ദേഹം കവിതയെഴുത്ത് ലളിതമായ പ്രക്രിയയല്ലെന്ന് ശക്തമായി ഓർമ്മപ്പെടുത്തി. കലാസൃഷ്ടികൾ കാലത്തെ അതിജീവിക്കുന്പോഴാണ് മഹത്വമുള്ളവരായി തീരുന്നത്. അങ്ങനെ അതിജീവിക്കണമെങ്കിൽ അവയിൽ കാലാതിവർത്തിയായ അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളുണ്ടാവണം. ഇന്നത്തെ നമ്മുടെ സന്ത്രാസങ്ങളും വ്യകുലതകളും നാലു പതിറ്റാണ്ടു മുന്പ് തന്റെ കവിതകളിലൂടെ ആവിഷ്കരിക്കാൻ കക്കാടിനു കഴിഞ്ഞുവെന്നതാണ് കക്കാടിന്റെ കവിതകളെ അനശ്വരമാക്കുന്നത്.

“പിൻ ചുമലിലെ അറവുമുദ്ര/ജന്മായത്തമായ ആഭരണമായി വഹിച്ച്/ഈ നീണ്ടപാതയിൽ നുരഞ്ഞു കുത്തി പോകുന്ന/ഈ ആടുകളെ നോക്കൂ.../ തമ്മിലടിച്ചും കുത്തിയും/പെരുവഴിയിലിണ ചേർന്നും/പെരുകിയും പെരുകിച്ചും/ എങ്ങോട്ടെന്നില്ലാതെ/ആർത്തലച്ചു പോകുന്നു.../പിന്നിൽ നിന്നാരോ ആട്ടിത്തെളിക്കുന്നു/ഒഴിഞ്ഞ വഴി മുന്നിലായതു കൊണ്ട് മുന്നോട്ട്.../ അവയ്ക്കവയെപ്പറ്റി ഒന്നും തോന്നുന്നില്ല/അവയ്ക്കു നമ്മെപറ്റി ഒന്നും.../നമുക്കു അവയെപ്പറ്റി.../നമുക്കു നമ്മെപ്പറ്റിയും ഒന്നും തോന്നുന്നില്ലല്ലോ? (ഈ ആടുകളെ നോക്കൂ. കക്കാട്)

എൻ.എൻ കക്കാട് എൺപതുകളിൽ രചിച്ച ഒരു കവിതയിലെ വരികളാണിവ. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ഇതിലെ ആശയം എത്ര അന്വർത്ഥമാണെന്നു നോക്കുക. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി പൊതുജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ മൂലധന ശക്തികളുമായി സന്ധി ചെയ്ത് അവർക്കെതിരായ തീരുമാനങ്ങളെടുക്കുന്പോൾ ഇവരെല്ലാം ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്ന വർത്തമാന പരിതസ്ഥിതിയിൽ യാതൊന്നും പ്രതികരിക്കാനാകാതെ ആരാലോ ആട്ടിത്തെളിക്കപ്പെടുന്ന സ്വയം ഒന്നുമറിയാതിരിക്കുകയും അതേസമയം അങ്ങനെ അറിയാത്തതിൽ ഒന്നും തോന്നാത്തതുമായ ആ ആടുകൾ നമ്മളല്ലാതെ മറ്റാരാണ്?

മലയാള കവിതയിലെ ദിശാപരിണാമത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കക്കാട്. നാലു പതിറ്റാണ്ടു നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിൽ ഒന്പത് കവിതാസമാഹരങ്ങളും രണ്ട് ലേഖന സമാഹാരങ്ങളും മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘പ്രസിദ്ധീകരിക്കുന്നതിലേറെ താല്പര്യം കീറിക്കളയുന്നതിൽ’ കാണിച്ച ഒരാളിൽ നിന്നും ഇത്ര തന്നെ ലഭിച്ചത് ഭാഗ്യമായി കരുതാം.

‘ജീവിതാനുഭവവും കവിതയും തമ്മിൽ അർത്ഥവത്തായ ബന്ധം നിലനിൽക്കുന്നില്ലെന്ന അതൃപ്തി’യിൽ നിന്നാണ് കക്കാടിന്റെ കവിതകളുടെ വികാസം എന്ന് നമുക്ക് കണ്ടെത്താൻ കഴിയും. “ഭാഷയുടെ അമിതമായ ഒഴുക്കും ഭാവത്തിന്റെ അതിസാധാരണതയും കൊണ്ട് കവിത വായിക്കാതെ തന്നെ ആസ്വദിക്കാം എന്ന മട്ടായ” കാലത്താണ് കക്കാട് കവിതകളുമായി വരുന്നത്. എന്തെഴുതിയാലും കവിതയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഈ വർത്തമാന കാലത്ത് കവിതയെക്കുറിച്ചുള്ള കക്കാടിന്റെ കാഴ്ചപ്പാടിനു ഏറെ പ്രസക്തിയുണ്ട്.

മൂല്യബോധത്തിന്റെ കവി

‘ശലഭഗീതം’ മുതൽ ‘ഇതാ ആശ്രമമൃഗം കൊല്ല്, കൊല്ല്’ വരെയുള്ള കക്കാടിന്റെ കവിതകൾ പരിശോധിച്ചാൽ ഒരു അനുവാചകന് നിസ്സംശയം പറയാം അദ്ദേഹത്തിന്റെ കവിതകളിലെ മുഖ്യ അന്തർധാര മൂല്യബോധമാണെന്ന്. താന്ത്രിക പാരന്പര്യമുള്ള ബ്രാഹ്മണ കുടുംബ പശ്ചാത്തലവും സ്വാതന്ത്ര്യ സമര പ്രസ്ഥാനവും മാർക്സിസവും പകർന്നു നൽകിയതായിരുന്നു കക്കാടിന്റെ മൂല്യബോധം. മനുഷ്യ സ്നേഹ കേന്ദ്രീകൃതമായ ആ മൂല്യബോധമാണ് കക്കാടിന്റെ മൂല്യബോധം. മനുഷ്യസ്നേഹ കേന്ദ്രീകൃതമായ ആ മൂല്യബോധമാണ് കക്കാടിന്റെ കവിതകളുടെ കരുത്ത്. അതുകൊണ്ടാണ് “മനുഷ്യ മഹത്വബോധത്തിന്റെ പര്യായം തന്നെയാണ് കക്കാടിലെ മൂല്യബോധം” എന്ന് ഡോ.ടി.പി സുകുമാരൻ (‘സഫലമീ യാത്ര’യുടെ അവതാരിക) നിരീക്ഷിച്ചത്. ‘1963’ എന്ന സമാഹാരം മുതൽ ഈ മൂല്യബോധത്തിന്റെ വ്യത്യസ്ത പരിണാമ വികാസങ്ങൾ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഇന്ത്യ, ചൈന യുദ്ധ പശ്ചാത്തലത്തിൽ എഴുതിയ ഒരേസമയം കക്കാടിനെ  ഏറെ ശ്രദ്ധേയനും വിമർശന ശരവ്യനുമാക്കിയ ‘1963’ എന്ന കവിത ഇതിനേറ്റവും നല്ല ഉദാഹരണമാണ്. ഇതിൽ ഓരോ മനുഷ്യനിലുമുള്ള സ്വാർത്ഥത, ക്രൂരത, അധികാര മോഹം തുടങ്ങിയ തമോഗുണങ്ങളും നന്മകളും തമ്മിലുള്ള പോരാട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിൽ നന്മ വിജയിക്കുമെന്ന ഭാരതീയ സങ്കൽപ്പമാണ് ഈ കവിത നിഷ്പാദിപ്പിക്കുന്നത്. പട്ടിണി, രോഗം എന്നിവയോടൊപ്പം യുദ്ധവും കെടുതിയിലാക്കിയ ഇന്ത്യയെ മോചിപ്പിക്കാൻ കൃഷ്ണ ചൈതന്യത്തെ ആവാഹിക്കുകയാണ് കവി. ആ കൃഷ്ണ ചൈതന്യം എല്ലാ കെടുതികളെയും ഇല്ലാതാക്കാൻ കഴിയുന്ന വിശ്വപ്രേമമല്ലാതെ മറ്റൊന്നുമല്ല.

സ്വാതന്ത്ര്യത്തിന് മുന്പ് താൻ സ്വപ്നം കണ്ട ഒരിന്ത്യയല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയെന്നു കക്കാടിനു ബോധ്യപ്പെട്ടു. അധികാര മോഹവും സ്വാർത്ഥതയും പണത്തിനു വേണ്ടി സകലതും നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയെ ആയിരുന്നു പിന്നീടദ്ദേഹം അനുഭവിച്ചറിഞ്ഞത്. ഇത് മൂല്യാരാധകനായ കവിയുടെ സമസ്ത പ്രതീക്ഷകളെയും തള‍ർത്തിയെങ്കിലും അദ്ദേഹം തകർന്നു പോയില്ല. കാരണം “ഞാനെഴുതുന്നത് എന്നെത്തന്നെ, എന്റെ ഭൗതികമോ സാങ്കല്പികമോ വൈകാരികമോ ആയ അനുഭവങ്ങൾ തന്നെ. ഈ അനുഭവങ്ങൾ സമൂഹം എനിക്ക് തരുന്നവയാണ്. ഈ അനുഭവങ്ങളിലൂടെയാണല്ലോ ഞാൻ ജീവിച്ചു പോരുകയും വളരുകയും ചെയ്യുന്നത്? എന്റെ വിചാരങ്ങളും കൂടി കൂട്ടിച്ചേർത്ത് ഞാനവയൊക്കെ സമൂഹത്തിനു തിരിച്ചു കൊടുക്കുന്നു. അതുകൊണ്ടും സമൂഹവും ഇത്തിരി വലുതാവുന്നുണ്ടാവാം.” (‘എന്റെ കവിത’ കക്കാട്) എന്ന ഉറച്ചബോധമുള്ള ഒരാൾക്ക് പ്രതിസന്ധികളെ മറികടക്കാതിരിക്കാനാവില്ല. മൂല്യാരാധകനെന്ന നിലയിലുള്ള എന്റെ സൃഷ്ടികളായ ‘1963’, ‘പാതാളത്തിന്റെ മുഴക്കം’ എന്നീ സമാഹാരങ്ങൾക്കു ശേഷം അദ്ദേഹത്തിൽ നിന്നു ലഭിച്ച ‘കവിത’ എന്ന സമാഹാരം ശരിക്കും ഒരു “ഷോക്ക് ട്രീറ്റ്മെന്റാ”യിരുന്നു. അധികാര പ്രമത്തതയ്ക്കും അനുരഞ്ജന പ്രത്യയ ശാസ്ത്രങ്ങൾക്കും കാപട്യങ്ങൾക്കുമെതിരെയുള്ള ‘ഷോക്ക് ട്രീറ്റ്മെന്റ്’. ഈ സമാഹാരത്തിലെ ‘പട്ടിപ്പാട്ട്’, ‘ചെറ്റകളുടെ പാട്ട്’, ‘കഴുവേറി പാച്ചന്റെ പാട്ടുകഥ’ തുടങ്ങിയ പേരുകൾ പോലും കവിയുടെ ആത്മരോഷത്തിന്റെയും പ്രതിഷേധത്തിന്റെയും സൂചകങ്ങളാണ്. അതാകട്ടെ അനുവാചകന്റെ മനസ്സിൽ ആഞ്ഞു തറയ്ക്കുന്ന മുള്ളുകളായിത്തീരുകയും ചെയ്യുന്നു.

“പടിക്കലുണ്ടൊരു പട്ടി/അളിഞ്ഞു നാറുന്ന പട്ടി/ തന്തേടെ തന്തയ്ക്ക് വാലു മുളച്ചപ്പോൾ/അടിച്ചു കൊന്നൊരു പട്ടി/കുഴിച്ചു മൂടാൻ ചെന്നപ്പോൾ/പട്ടിയെക്കാണാനില്ലെന്നാലും/പടിക്കലുണ്ടാ പട്ടി/ എങ്ങനെ വന്നെന്നറിഞ്ഞൂടാ/എവിടുന്നു വന്നെന്നറിഞ്ഞൂടാ/അളിഞ്ഞു നാറുന്ന പട്ടിശ്ശവത്തിന്റെ/മൂക്കു തുളയ്ക്കുന്ന നാറ്റം/ കൊന്നില്ലെങ്കിലും/തന്ത പിറന്നില്ലെങ്കിലും/തന്തേടെ തന്ത പിറന്നില്ലെങ്കിലും/ പടിക്കലുണ്ടാ പട്ടി/ അളിഞ്ഞു നാറുന്ന പട്ടി/ തന്തയ്ക്കൊരു ചേതം/തന്തേടെ തന്തയ്ക്കെന്തൊരു ചേതം/ പെറുക്കിപ്പട്ടീട നാറും ശവത്തിനെ/നാറ്റിക്കഴിയെങ്ങോർ നമ്മൾ” (പട്ടിപ്പാട്ട്)

നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷാധിപത്യത്തിൽ നിന്ന് മോചനം നേടി തദ്ദേശീയർ അധികാരമേറ്റെടുത്ത് മൂന്ന് പതിറ്റാണ്ടായപ്പോളായിരുന്നു പാരതന്ത്ര്യം പുതിയ രൂപത്തിൽ അവതരിച്ചത്. എഴുപതുകളിലെ ഭരണകൂടത്തിന്റെ പരസ്യമായ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച അപൂർവ്വം കവികളിൽ ഒരാൾ കക്കാടായിരുന്നു. ‘കഴുവേറി പാച്ചന്റെ പാട്ടുകഥ’, ‘വാരിക്കുഴിപ്പാട്ട്’, ‘പോത്ത്’ തുടങ്ങിയ കവിതകൾ ഇത്തരം പ്രതികരണങ്ങളായിരുന്നു. ഇവയിൽ പോത്ത് വ്യവസ്ഥിതിയോട് സമരസപ്പെട്ട് അധികാരത്തിന്റെ സുഖശീതളിമയിൽ സ‍ർവ്വം മറന്ന് അഭിരമിക്കുന്ന ഏതൊരു സമൂഹത്തിനോടും എക്കാലത്തും സംവദിക്കുന്ന കവിതയാണ്.

“ചത്ത കാലം പോൽ/തളം കെട്ടിയ ചളിക്കുണ്ടിൽ/ശവം നാറിപ്പുല്ലൂ തിന്നാവോളവും/കൊഴുത്ത മെയ്/ ആകവേ താഴ്ത്തി നീ ശാന്തനായ് കിടക്കുന്നു/വട്ടക്കൊന്പുകളുടെ കീഴെ തുറിച്ച/മന്തൻ കണ്ണാൽ നോക്കി നീ/കണ്ടതും കാണാത്തതുമറിയാതെ/എത്ര തൃപ്തനായ് കിടക്കുന്നു/നിന്റെ ജീവനിലിഴുകിയ/ഭാഗ്യ,മെന്തൊരു ഭാഗ്യം.

വ‍‍ർത്തമാന ഇന്ത്യയിലെ ഓരോ സംഭവ വികാസങ്ങളിലും ഒന്നും ചെയ്യാനാവാതെ നാം ഓരോരുത്തരും നിസംഗരായി “ഞാനും എന്റെ ഭാര്യയും ഒരു തട്ടാനും” എന്ന അവസ്ഥയിലേക്കു പരിണമിക്കപ്പെടുന്പോൾ ശവംനാറി പുല്ല് തിന്ന് തടിച്ച് കൊഴുത്ത് കണ്ടതും കാണാത്തതുമറിയാതെ തൃപ്തരായിരിക്കുന്ന പോത്തുകൾ നമ്മൾ തന്നെയാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയാതിരിക്കാനാവില്ല. കവിയുടെ ദീ‍‍ർഘദർശിത്വത്തെ നമിക്കാം നമുക്ക്.

ഒരു പ്രളയത്തിനായി കാത്തിരുന്ന കവി

മൂല്യബോധത്തിന്റെ എന്നതു പോലെ പ്രതീക്ഷയുടെ കവിയുമായിരുന്നു കക്കാട്. അങ്ങനെയല്ലാതാകാൻ കഴിയില്ല. കാരണം ‘കുട്ടിക്കാലത്ത് ഏകാന്തതയിൽ കൂട്ടുകാരനായി വന്ന ആ ‘സംസാരിക്കുന്ന’ വിചാരങ്ങളോട് സത്യസന്ധനായിരിക്കണ’മെന്നു മാത്രം മോഹമുള്ള ഒരാൾക്ക് എങ്ങനെ അശുഭാപ്തി വിശ്വാസിയാകാൻ കഴിയും? ഒരിടി മിന്നലിനും പ്രളയത്തിനും വേണ്ടി തപം തുടരുന്ന കവിയെ ‘സഫലമീ യാത്ര’ എന്ന സമാഹാരത്തിലെ നിരവധി കവിതകളിൽ കാണാം. ‘പ്രളയം’, ‘അപരിചിതൻ’, ‘ഈ കുട്ടികളുറങ്ങുന്നില്ല’, ‘ഒരു പഴങ്കഥ’, ‘വെറുതെ’, ‘മലയിടിച്ചിൽ’, ‘ഘോഷയാത്ര’, ‘ഉറക്കുപാട്ട്’ തുടങ്ങിയ കവിതകളിലെല്ലാം ഒരു മാറ്റത്തിനു വേണ്ടിയുള്ള ചിറകടിയൊച്ചകൾ നമുക്ക് കേൾക്കാം. ഉറക്കു പാട്ടെന്ന കവിതയിൽ പണ്ട് വളരെ പണ്ട് ഉദയസൂര്യനെ പോലെ തുടുത്ത നാളം എങ്ങനെ നിലച്ചുപോയെന്നു ചോദിക്കുന്ന കവി തുടർന്ന് തൽക്കാലം ഒന്നുമോർക്കാതെ വിശ്രമിക്കാൻ ആഹ്വാനം ചെയ്യുകയും പക്ഷെ വിശ്രമിക്കുന്പോഴും ഉദയസൂര്യനെ പോലെ തുടുത്ത നാളം നിലച്ചതെങ്ങനെയെന്നു മാത്രം ഓർക്കണമെന്നും പറയുന്നു. ആ വിശ്രമക്കാഴ്ചയിൽ ശത്രുസംഹാരത്തിനയച്ച ശത്രുക്കളോട് സന്ധിചെയ്തു തിരിച്ചു വന്നതും. കള്ളന്മാരെയും കവ‍ച്ചക്കാരെയും ഒതുക്കാൻ പോയവർ കവർച്ച മുതലിന്റെ പങ്കു വാങ്ങി ഒന്നും ചെയ്യാതെ തിരിച്ചു വന്നതും, വിടന്മാർ അപഹരിച്ച പെങ്ങളെ വീണ്ടെടുക്കാൻ പറഞ്ഞയക്കപ്പെട്ടവർ വിടന്മാർക്കൊപ്പം ചേർന്ന് അവളെ മാനഭംഗപ്പെടുത്തി കൊന്നു തിരിച്ചു വന്നതും. പിന്നീട് പരസ്പരം പഴി പറഞ്ഞ് അന്യോന്യം എയ്തു കൊന്നു കളിച്ചതും ഒരു ഫ്ളാഷ്ബാക്ക് പോലെ കാട്ടിത്തരുന്നു. അത്തരക്കാരുടെ ഉച്ഛ്വാസ വായുവേറ്റായിരുന്നു ഈ തുടുനാളം നിലച്ചു പോയതെന്നു കാണിച്ചു തരിക മാത്രമല്ല കവി ചെയ്യുന്നത്. അവശേഷിക്കുന്ന തപശ്ശക്തി കൊണ്ട് അവരുടെ ഉൾ മനസുകളിൽ ബീജാധാനവും ചെയ്യുന്നു. അങ്ങനെ എല്ലാ ചങ്ങലകളെയും അറുത്തു കളയുന്നു.

ഇനി,/“ഉണരുന്പോൾ നിങ്ങളുടെ ഇച്ഛകൾ/ സ്വതന്ത്രങ്ങളായിരിക്കും, തെളിവിനായി/ഈ നാളം തുടുത്തിരിക്കും/ഇനി ദേവാലയത്തിലെ മണി/മൂന്നൂ പ്രാവശ്യം മുഴങ്ങുന്നതു വരെ/കാത്തു കിടക്കുക: സമയം അടുത്തടുത്തു വരുന്നു” (ഉറക്കുപാട്ട്) ഗദ്യ കവിതകൾ രൂപഭാവങ്ങളാൽ എങ്ങനെയാകണമെന്നതിന് പുതു തലമുറയ്ക്കുള്ള ഒരു നിദർശനം കൂടിയാണ് അദ്ദേഹത്തിന്റെ ഇത്തരം കവിതകൾ.

ജീവിത യാഥാർത്ഥ്യങ്ങളെ വൈകാരികതയുടെ അതി തീവ്രതയില്ലാതെ, എന്നാൽ കാവ്യസൗന്ദര്യത്തിന് ഒട്ടും ഭംഗം വരാതെ ആവിഷ്കരിക്കുന്നതിൽ അത്ഭുതകരമായ കഴിവായിരുന്നു കക്കാടിനുണ്ടായിരുന്നത്. ‘സഫലമീ യാത്ര’, ‘മരണത്തെക്കുറിച്ചൊരമൂർത്ത പഠനം’, ‘പകലറുതിക്ക് മുന്പ്’ തുടങ്ങിയ കവിതകൾ കവിയുടെ ആത്മാംശം കലർന്നവ ആയിട്ടു പോലും ഒരിക്കലും അതിവൈകാരികമായിത്തീർന്നില്ല. സ്വാനുഭവം അനുവാചകന്റേതാക്കി മാറ്റുന്പോഴാണല്ലോ കല വിജയിക്കുന്നത്.

ആറു പതിറ്റാണ്ടു കാലത്തെ ജീവിതത്തെ (1927 മുതൽ 1987) തിരിഞ്ഞു നോക്കുന്പോൾ ഒരു കവിക്ക് ‘സഫലമീ യാത്ര’ എന്നു പറയാൻ കഴിയണമെങ്കിൽ കാവ്യജീവിതത്തിലും വൈയക്തിക ജീവിതത്തിലും വിശുദ്ധി പുലർത്താൻ കഴിയണം. കക്കാടിനതു കഴിഞ്ഞു. “അന്പത്തിയേഴാം വയസ്സിലും നട്ടെല്ലവിടെത്തന്നെയുണ്ടെന്നും പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഒരു കണ്ടപ്പനും ഞാനതൂരിക്കൊടുത്തിട്ടില്ല” എന്നും ആത്മവിശ്വാസത്തോടെ പറയാൻ കഴിഞ്ഞ കവിയായിരുന്നു കക്കാട്. ഈ കരളുറപ്പും അചഞ്ചലമായ നിലപാടും തന്നെയായിരുന്നു ആ ജീവിതത്തെ സഫലമാക്കിയത്. ഇന്നത്രെ എഴുത്തുകാർക്കതിന് കഴിയും?

You might also like

  • Lulu Exchange
  • Straight Forward

Most Viewed