എഴു­പത്തെ­ട്ടി­ന്റെ­ ചു­റു­ചു­റു­ക്ക്...


കൂക്കാനം റഹ്മാൻ  

പാൻ‍ടെക് നടത്തുന്ന ഹോം നഴ്‌സിംഗ് സ്‌ക്കീം ജോലി ചെയ്യുന്നവർ‍ മാസാമാസം ഓഫീസിൽ‍ കൂടിയിരിക്കാറുണ്ട്. ആദ്യ കാലത്ത് ഇരുപതിനും മുപ്പതിനും ഇടയ്ക്കുളള സഹോദരിമാരായിരുന്നു ഈ ജോലിയിൽ‍ വ്യാപൃതരായിരുന്നത്. ഇന്ന് നാൽ‍പ്പതിനു മുകളിലുളളവർ‍ മാത്രമേ ഈ സേവന മേഖലയിലേക്കു കടന്നു വരുന്നുളളൂ. ഈ മാസത്തെ കൂടിയിരിപ്പു യോഗത്തിൽ‍ വ്യക്തിഗത വിവരങ്ങൾ‍ പരസ്പരം പങ്കിടാനുളള അവസരം നൽ‍കി.

ഓരോരുത്തരും അവരവരുടെ കുടുംബകാര്യങ്ങൾ‍, ജോലിസ്ഥലത്ത് അനുഭവപ്പെട്ട പ്രശ്‌നങ്ങൾ‍ എന്നിവ സംസാരിച്ചു. കൂട്ടത്തിലെ ശോശാമ്മ എന്ന വ്യക്തി പറയുന്നത് കേൾ‍ക്കാൻ എല്ലാവരും ആകാംക്ഷയോടെ ഇരുന്നു. അവർ‍ തുടങ്ങിയതിങ്ങനെ: ‘എനിക്ക് വയസ്സ് എഴുപത്തെട്ടായി’. അത് കേട്ടപ്പോൾ‍ത്തന്നെ എല്ലാവരും നിശബ്ദരായി. ഇതിനു മുന്പേ പലതവണ വ്യക്തിപരമായ കാര്യങ്ങൾ‍ സംസാരിച്ചിട്ടുണ്ടെങ്കിലും പ്രായത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അറുപത്താറിൽ‍ എത്തിയ ഞാൻ അവരെ എഴുന്നേറ്റ് നിന്ന് ബഹുമാനപൂർ‍വ്വം കൈകൂപ്പി വണങ്ങി. അവരുടെ ഊർ‍ജ്ജസ്വലമായ നടപ്പും, ഇരിപ്പും, പ്രവർ‍ത്തിയും കണ്ടാൽ‍ ഇത്രയേറെ പ്രായമുണ്ടെന്ന് തോന്നുകയേയില്ല. അവർ‍ വീണ്ടും തുടർ‍ന്നു. ‘എനിക്ക് ഇതേ വരെ ഒരു സുഖക്കേടും വന്നിട്ടില്ല, മരുന്നുകൾ‍ എന്റെ സമീപത്തേക്കേ വന്നിട്ടില്ല, വളരെ കുറഞ്ഞ തോതിലുളള ഭക്ഷണമേ കഴിക്കാറുളളു, കാഴ്ചയ്‌ക്കോ, ശ്രവണത്തിനോ ഒരു പോറലുമേറ്റിട്ടില്ല, ഒരു പല്ലു പോലും കേടു വന്നിട്ടില്ല, അധ്വാനമാണെന്റെ കരുത്ത്’.

ഒരു പ്രസവ ശുശ്രൂഷാ ജോലി പൂർ‍ത്തിയാക്കി അവർ‍ എത്തിയതേയുളളൂ. ഇരുപത്തെട്ട് ദിവസമാണ് ജോലി ചെയ്യേണ്ടത്. അതിന് പതിനാറായിരം രൂപ ശന്പളം കിട്ടും. ആ തുകയും കയ്യിൽ‍ പിടിച്ചാണിരിപ്പ്. നാല് മക്കളുണ്ട്. അവരെല്ലാം വീട് വെച്ച് പോയി. ഇനി അന്പത് സെന്റ് സ്ഥലവും വീടുമുണ്ട്. അതിൽ‍ തനിച്ചാണ് താമസം. മക്കൾ‍ക്ക് കാറും ബൈക്കും സൗകര്യങ്ങളൊക്കെയുണ്ട്. അവരോട് കൈ നീട്ടി വാങ്ങാൻ ഞാൻ തയ്യാറല്ല. എന്തെങ്കിലും തന്നാൽ‍ വാങ്ങും. നിരസിക്കില്ല. പണമുണ്ടോ കയ്യിൽ‍ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ‍ ‘ഉണ്ട്’ എന്നേ പറയൂ. ‘ഇല്ലാ’യെന്ന പദം എന്റെ വായിൽ‍ നിന്ന് വരില്ല. ബുദ്ധിമുട്ടുന്നവർ‍ സഹായം തേടി വന്നാൽ‍ അവരെ മടക്കി അയക്കില്ല. കയ്യിലുളളത് കൊടുക്കും. ഞാൻ വിശ്വാസിയാണ്. എല്ലാം ശരിയാകും എന്ന വിശ്വാസക്കാരിയാണ്. ഇതേ വരെ എന്റെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. ചെറുപ്പത്തിൽ‍ ചില പ്രയാസങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നു. സ്വന്തം വീട്ടിൽ‍ തീരെ സ്വാതന്ത്ര്യമില്ലായിരുന്നു. വീടിന്റെ മുൻ‍വശം പെണ്ണുങ്ങൾ‍ക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു അക്കാലത്ത്. അതുകൊണ്ട് അടങ്ങി ഒതുങ്ങിക്കഴിഞ്ഞു. വിവാഹം പതിനേഴാം വയസ്സിൽ‍ നടന്നു. നല്ല സുന്ദരനായിരുന്നു കക്ഷി. ‘കാണാൻ കൊളളുന്നത് തിന്നാൻ കൊളളില്ല. എന്നൊരു ചൊല്ലുണ്ടല്ലോ?’. സംഭവിച്ചത് അതുപോലെ തന്നെ.

വിവാഹ പന്തലിൽ‍ നടന്ന സംഭവം ഇന്നും ഓർ‍ക്കുന്പോൾ‍ ഒരു ഉൾ‍ക്കിടിലം ഉണ്ടാക്കുന്നു. മധുരം കൊടുക്കൽ‍ എന്നൊരു ചടങ്ങുണ്ടായിരുന്നു അന്ന്. ആ ചടങ്ങിനാണ് ഞാനും അദ്ദേഹവും ഒന്നിച്ച് അടുത്തടുത്തിരുന്നത്. പെട്ടെന്ന് അങ്ങേർ കുഴഞ്ഞ് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചു. കല്യാണം കഴിഞ്ഞ അന്നു മുതൽ‍ ആഴ്ചകളോളം ആശുപത്രിയിൽ‍ കഴിഞ്ഞു. ഹാർ‍ട്ട് അറ്റാക്കായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. നാൽ‍പ്പതു വർ‍ഷക്കാലം ഞങ്ങൾ‍ ഒന്നിച്ചു ജീവിച്ചു. പക്ഷേ എന്റെ അധ്വാനമായിരുന്നു ഭർ‍തൃകുടുംബത്തിന്റെ ഏക വരുമാനം. ‘നാല് കണ്ണ് രണ്ട് കണ്ണാവും വരെ’ ഒപ്പം ജീവിക്കണമെന്ന തത്വമനുസരിച്ച് ഇന്നും ഞാൻ ജീവിക്കുന്നു. കൗമാരപ്രായം മുതൽ‍ ഞാൻ അധ്വാനിക്കുന്നുണ്ട്. ഇന്നും ആ അധ്വാനം തുടരുന്നു. കെട്ടിടം പണി, മരപ്പണി, ചുമട് എടുക്കുന്ന പണി, കാട് കൊത്തൽ‍, തൊഴിലുറപ്പ് പണി, ടാപ്പിംഗ്, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ തുടങ്ങി എല്ലാ ജോലിയും ചെയ്തിട്ടുണ്ട്. ശോശാമ്മ തുടർ‍ന്നു പറഞ്ഞു, ‘ആർ‍ക്കും ഒരു ഭാരമാവാതെ ജീവിച്ചു മരിക്കണം എന്ന ആഗ്രഹമേ എനിക്കുളളൂ. ആരെയും ആശ്രയിക്കാതെ കഴിയണം. ആതിനുളള ശക്തിയും കരുത്തും ദൈവം തരുന്നുണ്ട് എന്നാണെന്റെ വിശ്വാസം’.

ഗ്രാമീണ സ്ത്രീകളിലെ നന്മ അറിയുകയും ചർ‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നില്ല. സമൂഹത്തിലെ ഉയർ‍ന്ന തലത്തിൽ‍ വിരാജിക്കുന്നവർ‍ ചെയ്യുന്ന ചെറിയ നന്മകളെപ്പോലും ഉയർ‍ത്തിക്കാട്ടാൻ മാധ്യമങ്ങളും പൊതുസമൂഹവും അതീവ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു. ഉൾ‍നാടൻ ഗ്രാമങ്ങളിൽ‍ വ്യതിരക്തമായ രീതിയിൽ‍ നന്മ വിതറുന്ന നിരവധി സ്ത്രീകളുണ്ട്. അങ്ങനെയുളളവരിൽ‍പ്പെട്ട ഒരാളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിതരീതി പഴഞ്ചനാണെന്ന് നമുക്ക് വിധിയെഴുതാം. പളപളപ്പുളള വസ്ത്രങ്ങളണിഞ്ഞല്ല അവരുടെ സഞ്ചാരം. അവരുടെ പേര് ഇന്നേവരെ ഒരു പത്രത്താളുകളിലും വന്നുകാണില്ല. ചിലപ്പോൾ‍ മരിച്ചുകഴിഞ്ഞാൽ‍ മരണവാർ‍ത്ത വന്നേക്കാം. ആരും അവർ‍ ചെയ്യുന്ന നന്മയുളള പ്രവൃത്തികൾ‍ അറിയുന്നില്ല. അവർ‍ അതറിയിക്കാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷേ അതിൽ‍ ന്യൂജൻസ് അറിയേണ്ടതും, ഉൾ‍ക്കൊളേളണ്ടതും, പ്രവൃത്തിയിൽ‍ കൊണ്ടുവരേണ്ടതുമായ കുറേ കാര്യങ്ങളുണ്ട്. ആരുടെ മുന്പിലും കൈനീട്ടാതെ ജീവിക്കണം എന്ന ചിന്തയാണ് സാന്പത്തികശേഷിയുളള മക്കളോടുപോലും തന്റെ ആവശ്യം അവതരിപ്പിക്കാൻ അവർ‍ തയ്യാറാവാത്തത്. ഞാൻ മക്കളെ വളർ‍ത്തി വലുതാക്കി, സ്വന്തമായ ജീവിതമാർ‍ഗം അവർ‍ കണ്ടെത്തിക്കഴിഞ്ഞു. അവർ‍ സുഖമായി ജീവിക്കട്ടെ, എനിക്ക് വേണ്ടത് ഞാൻ അധ്വാനിച്ചുണ്ടാക്കും. ‘എന്നെ മക്കൾ‍ ശ്രദ്ധിക്കുന്നില്ല’യെന്ന പരിഭവവുമായി കഴിയുന്ന അമ്മമാർ‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്.

രോഗമില്ലാത്ത അവസ്ഥയും, അവരുടെ കരുത്തും എങ്ങിനെ ഉണ്ടാക്കിയെടുത്തു എന്നും പഠിക്കേണ്ടതുതന്നെ. ഏതു ഭക്ഷണവും കഴിക്കും, പക്ഷേ വളരെ കുറച്ചേ കഴിക്കൂ. ഭക്ഷണകാര്യം ശ്രദ്ധിച്ചാൽ‍ ഒരു സുഖക്കേടും വരില്ലെന്ന് ശോശാമ്മച്ചേച്ചി ഉറപ്പു പറയുന്നു. പത്ത് വയസ് മുതൽ‍ പണി ചെയ്യാൻ തുടങ്ങിയതാണ്. വിവാഹശേഷവും ഭർ‍തൃവീട്ടുകാരെ പോറ്റേണ്ട ഉത്തരവാദിത്തംകൂടി ശോശാമ്മയുടെ തലയിലായി. പക്ഷേ അവർ‍ തളർ‍ന്നില്ല, മാനസികമായി ടെൻ‍ഷനുണ്ടായില്ല. കോറയിൽ‍ ജോലിക്ക് ചെന്നു. അന്നത്തെ കൂലി 12 അണ (ഇന്നത്തെ 75 പൈസ) ആയിരുന്നു. രോഗിയായ ഭർ‍ത്താവ്, പ്രായം ചെന്ന ഭർ‍തൃപിതാവും, മാതാവും, കല്യാണ പ്രായമെത്തിയ നാത്തൂന്മാർ‍ ഇവരൊക്കെ തന്റെ തണലിലാണ് വളർ‍ന്നതെന്നും, നാത്തൂന്മാരെ കെട്ടിച്ചയയ്ക്കാൻ തന്റെ അധ്വാനം വഴി സാധിച്ചുവെന്നും ശോശാമ്മ ഓർ‍ത്തു പറഞ്ഞു. ഇന്നത്തെ ചെറുപ്പക്കാരികൾ‍ ഇത്തരം ഒരവസ്ഥ വന്നാൽ‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് നമ്മൾ‍ ചിന്തിച്ചുനോക്കുക. വിശ്വാസമാണ് അവരുടെ കരുത്തിനാധാരമെന്ന് ശോശാമ്മ പറയുന്നു. ‘ആവില്ല’യെന്നോ ‘ഇല്ലാ’ എന്നോ പദം അവർ‍ ഉച്ചരിക്കാറില്ല.

ഏതു പ്രവൃത്തിയും ചെയ്യാൻ ആത്മവിശ്വാസത്തോടെ ഇറങ്ങും. അതിന്നും തുടരുന്നു. കൈയ്യിൽ‍ സാന്പത്തികമുണ്ടെങ്കിൽ‍ ബുദ്ധിമുട്ടുന്നവർ‍ ചോദിച്ചാൽ‍ അപ്പോൾ‍ എടുത്തുകൊടുക്കും. അങ്ങനെ കൊടുത്തതുകൊണ്ട് ഇന്നേ വരെ അവർ‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ലായെന്ന് പറയുന്നു. ചെറുപ്പക്കാരികളോട് പ്രത്യേകിച്ച് സ്ത്രീസമൂഹത്തോട് ശോശാമ്മയ്ക്ക് ചില കാര്യങ്ങൾ‍ ഓർ‍മ്മപ്പെടുത്താനുണ്ട്, ആത്മവിശ്വാസത്തോടെ ജീവിക്കുക. ഏത് പ്രതിസന്ധിയിലും മനസ്സ് പതറാതിരിക്കുക. ആരെയും ആശ്രയിക്കാതെ ജീവിക്കാനുളള കരുത്താർ‍ജ്ജിക്കുക. മക്കളെക്കുറിച്ചോ, ബന്ധുക്കളെക്കുറിച്ചോ അമിതമോഹവും, സഹായ പ്രതീക്ഷയും വെച്ചു പുലർ‍ത്താതിരിക്കുക. ഭക്ഷണശീലത്തിൽ‍ ലാളിത്യം പുലർ‍ത്തുക. ഏത് തൊഴിലും മാന്യമാണെന്ന് കരുതുകയും ആത്മാർ‍ത്ഥമായും നന്നായും ചെയ്യുക. നമുക്ക് വിജയം തീർ‍ച്ച. ശോശാമ്മ പറയുന്നതൊക്കെ അവർ‍ ചെയ്യുന്നതാണ്. ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതുപോലെ, അവർ‍ ഇതൊക്കെ ജീവിതത്തിൽ‍ പ്രായോഗികമാക്കിയതാണ്. ജീവിത വിജയം നേടാൻ നമുക്കും ശ്രമിക്കാം.

You might also like

Most Viewed