ലോക കേരള സഭചേരും മുന്‍പ്
20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽവെച്ച് ഏറെ പിന്നോക്കമായിരുന്നു കേരളം. സാന്പത്തിക പിന്നോക്കാവസ്ഥ മാത്രമല്ല അനാചാരങ്ങൾ സജീവമായിരുന്ന നാട്ടിൽ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്ന സാമൂഹിക പരിഷ്കാരങ്ങൾ ശ്രദ്ധേയമാണ്. ബുദ്ധമതം മുതൽ രാഷ്ട്രീയ നേതൃത്വങ്ങൾ വരെ വേണ്ടത്ര സംഭാവനകൾ നൽകിവന്നു. സാമൂഹിക മാറ്റങ്ങളെ എക്കാലത്തും എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പിന്തുണക്കുക അസാധ്യമാണ്. കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥയിൽ പരിതപിക്കുന്നവരിൽ വിവിധ കാഴ്ച്ചപ്പാടുകൾ പിന്തുടരുന്നവരുണ്ട്. അതിൽ രാജവാഴ്ചയിലും അതിന്‍റെ ഭാഗമായ തിരുവിതാംകൂർ ദിവാൻ ഭരണത്തിലും അഭിമാനിച്ചു വന്നവരും ജന്മിത്തം തകരുന്നതും ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്കു നൽകുന്നതിൽ യുക്തിരാഹിത്യം കണ്ടെതിയവരും ഉണ്ടായിരുന്നു. സൗജന്യ വിദ്യാഭ്യാസം −ആരോഗ്യ പരിരക്ഷ മുതലായ നിലപാടുകൾ അമിത വ്യയങ്ങളാണ്. സൗജന്യങ്ങൾ ജനങ്ങളെ മടിയൻമാരാക്കും എന്ന നിലപാടുകൾ എടുത്തവരെയും നമുക്കു കാണുവാൻ കഴിയും. (കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റത്തിൽ അഭിമാനിക്കുന്നവർ പൊതുവെ ജനാധിപത്യ-മതനിരപേക്ഷ-സമത്വബോധത്തിൽ വിശ്വാസം അർപ്പിക്കുന്നവരാണ്.)
കേരളം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന സാന്പത്തിക മുന്നേറ്റമില്ലാതെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ കഴിയും എന്നു തെളിയിച്ചു എന്നതാണ്. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ വലിയ ചലനങ്ങൾ ഉണ്ടായി എന്ന് പറയുന്പോഴും ദേശീയ സർക്കാർ പ്രഖ്യപിച്ച ലക്ഷ്യങ്ങളിൽ ഒട്ടു മിക്കതിലും ലക്ഷ്യത്തിലെത്തുവാൻ കഴിയാതെ ഇരിക്കെ കേരളത്തിന്‍റെ സാമൂഹിക പുരോഗതിയുടെ ഗ്രാഫുകൾ ഉയരത്തിൽ എത്തി. ശിശു-−മാതൃ മരണ നിരക്കിൽ, സാക്ഷരതയിൽ, വിദ്യാഭ്യാസത്തിലും ചികിത്സയിലും ഒക്കെ നമ്മൾ നേടിയ നേട്ടങ്ങൾ ലോക സാന്പത്തിക ശാസ്ത്രഞ്ജൻമാരുടെ ധാരണകളെ തിരുത്തി കുറിച്ചു. വരുമാനം കൂടിയ ഒരു സമൂഹത്തിൽ മാത്രമേ വിദ്യാഭ്യാസ-ആരോഗ്യ− മറ്റു രംഗങ്ങളിൽ കുതിപ്പുകൾ സാധ്യമാകൂ എന്ന ധാരണയെ കേരളത്തിന്‍റെ മാതൃക ചോദ്യം ചെയ്തു. അമേരിക്കയുടെ വരുമാനത്തിന്‍റെ 28ൽ ഒന്നുമാത്രമുള്ള കേരളത്തിൽ ജിവിത സൂചികയെ അവർക്കൊപ്പം എത്തുവാൻ കഴിഞ്ഞത് ലോകത്തിന് ഉത്തമമായ മാതൃകയായി കാണുവാൻ കഴിയും.
രാജ്യത്തെ ഏറ്റവും അധികം ആളുകൾ തിങ്ങി
പാർക്കുന്ന മുന്നാമത്തെ സംസ്ഥാനത്ത് (ദേശീയ ശരാശരി 325. കേരളത്തിൽ 860) കാർഷിക രംഗത്തും പാരന്പരാഗത രംഗത്തും വ്യവസായ രംഗത്തും തുടർച്ചയായി തിരിച്ചടികൾ സംഭവിക്കുന്പോൾ എങ്ങനെയാണ് നാടിന് മുന്നോട്ടു പോകുവാൻ കഴിയുക? രാജ്യത്തെ ഏറ്റവും വലിയ ചന്ത സംസ്കാരം പടർന്നു പിടിച്ച കേരളത്തിൽ കാർ മുതൽ വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് കച്ചവടങ്ങൾ കൊഴുക്കുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ പണം വീട് വെയ്ക്കുവാൻ മുടക്കുന്നവരും ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങുന്നവരുമായി തുടരുവാൻ എങ്ങനെയാണ് മലയാളിക്ക് കഴിയുന്നത്? ഇവിടെയാണ് കേരളത്തിൽ നിന്നും തൊഴിൽ തേടി വിദേശ രാജ്യങ്ങളിൽ എത്തിയ 35 ലക്ഷം മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്. പ്രവാസികൾ എന്ന പേരിൽ പ്രസിദ്ധി നേടിയവരുടെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് കർഷിക-വ്യാവസായിക ഉത്പാദന രംഗങ്ങളിൽ വൻ പരാജയമായ കേരളം എന്ന സംസ്ഥാനം ഒട്ടുമിക്ക രാജ്യങ്ങൾക്കും മാതൃകയാണ് എന്ന് പറയാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയത്. പ്രവാസികൾ ഇന്നെത്തപ്പെട്ട പ്രതിസന്ധികളെ വൈകി ആണെങ്കിലും പരിഗണിക്കുവാൻ സംസ്ഥാന സർക്കാർ കാട്ടുന്ന താൽപ്പര്യത്തെ സ്ലാഖിക്കേണ്ടതുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള സർക്കാർ തുടങ്ങിയ പ്രവാസി വകുപ്പ്, അനുബന്ധമായി റൂട്ട്സ് എന്ന സംവിധാനം, പെൻഷൻ, കുറഞ്ഞ ചെലവിൽ എയർ ഇന്ത്യ ആരംഭിച്ച വിമാന സർവ്വീസ് മുതലായവ പ്രശ്നങ്ങളിൽ കേരള സർക്കാർ കൈകൊണ്ടു വരുന്ന സഹായകരമായ നിലപാടുകളെ കുറച്ചു കാണരുത്. പ്രവാസികൾ വിദേശത്തും സ്വദേശത്തും അനുഭവിക്കുന്ന പരിമിതികൾ പറഞ്ഞറിയിക്കുന്നതിനും അപ്പുറമായി തുടരുന്നു.
കേരള സർക്കാർ ആദ്യമായി സംഘടിപ്പിക്കുന്ന ലോക കേരള സഭ രാജ്യത്ത് ഇതുവരെയും നടപ്പിൽ വരുത്തുവാൻ കഴിഞ്ഞിട്ടില്ലാത്ത നൂതന സംവിധാനമാണ് എന്ന് വാർത്തകളിലൂടെ അറിയുവാൻ കഴിഞ്ഞു. സ്ഥിരം സഭയായി പ്രവർത്തിക്കുന്ന ഇതിൽ സംസ്ഥാന നിയമ സഭാ സാമാജികരും പാർലമെന്‍റ് അംഗങ്ങളും പ്രവസികളിൽ നിന്നും സർക്കാർ തെരഞ്ഞെടുക്കുന്ന 171 ആളുകൾ ഉൾപ്പെട്ട ആകെ 351 അംഗങ്ങൾ ഉണ്ടായിരിക്കും. ജനപ്രതിനിധികൾക്കൊപ്പം പ്രവാസികളും ഒന്നിച്ചു ചേർന്ന് നടത്തുന്ന കൂടിയാലോചനകളും തീരുമാനങ്ങളും പ്രവാസികളുടെ പ്രതിസന്ധികളെ ഗൗരവതരമായി പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം.
പുതുതായി രൂപീകരിക്കുന്ന വിപുലമായ സംവിധാനത്തിൽ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്പോൾ തന്നെ നിലവിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത്തരം പരിശോധനകളിലൂടെ മാത്രമേ പുതിയ സംവിധാനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിക്കുവാൻ കഴിയൂ.
പ്രവാസികളായ (ഇന്ത്യക്കാർ) മലയാളികളിൽ ബഹു ഭൂരിപക്ഷവും അനുഭവിക്കുന്ന വിഷയങ്ങളിൽ എന്തൊക്കെ സമീപനങ്ങൾ ആണ് നാളിതുവരെ 1996ൽ രൂപീകരിച്ച പ്രവാസി വകുപ്പ് (NORKA) എടുത്തുവന്നത് എന്ന് പരിശോധികേണ്ടത് ഭാവി പ്രവർത്തനങ്ങൾക്ക് സഹായകരമാണ്. പ്രവാസികളുടെ വിഷയത്തിൽ എക്കാലത്തും കേന്ദ്ര സർക്കാർ എടുത്തു വരുന്ന നിലപാടുകൾ കേരള സർക്കാരുമായി തട്ടിച്ചു നോക്കിയാൽ ഏറെ പരിമിതമാണ്.
കേന്ദ്രസർക്കാർ പ്രവാസികാര്യ വകുപ്പ് എന്ന സംവിധാനം തന്നെ ഒഴിവാക്കിയ നിലപാടുകൾ അവരുടെ വിദേശ ഇന്ത്യക്കരോടുള്ള സമീപനത്തിനെ ഓർമ്മിപ്പിക്കും. എംബസ്സികളുടെ പ്രധാന ചുമതല വിദേശ രാജ്യങ്ങളുമായുള്ള കച്ചവടവും നേതാക്കന്മാരുടെ പരസ്പര ആശയ −കരാർ കൈമാറ്റങ്ങളും ആണ്. പ്രവാസി തൊഴിലാളികളുടെ സംരക്ഷകർ എന്ന പണി ഇവർക്ക് പിൽക്കാലത്ത് വന്നുപെട്ട അധിക ചുമതലമാത്രം. എംബസ്സികളിലെ മിക്ക ഉയർന്ന ഉദ്യോഗസ്ഥനും IFS യോഗ്യതയുള്ളവരാണ്. അവർ രാജ്യത്തിന്‍റെ ഡിപ്ലോമാറ്റുകൾ ആയി പ്രവർത്തിക്കുന്നു. അവരിൽ പലരും പ്രവാസി സമൂഹത്തിന്‍റെ പ്രശ്നത്തിൽ നിശ്ചയദാർഢ്യം കാണിക്കാത്തതിനുള്ള കാരണങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾ പ്രധാനപങ്കു വഹിക്കുന്നു. പ്രവാസി ഇന്ത്യക്കാരെ ഏതു വിഷമഘട്ടത്തിലും സഹായിക്കുവാൻ ബാധ്യസ്ഥരായവർ, അവരെ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്ത്യയിൽ എത്തിക്കുവാൻ ചുമതലപ്പെട്ടവർ, പലപ്പോഴും ഇത്തരം വിഷയങ്ങളിൽ മുഖം തിരിച്ചു നിൽക്കുന്നു.
ഓരോ രാജ്യവും മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കുന്ന തൊഴിൽ കരാറുകളുടെ ലക്ഷ്യം അതാത് വിദേശതൊഴിലാളികളുടെ അവകാശങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പിക്കലാണ്. സ്വാഭാവികമായും ഇന്ത്യൻ സർക്കാർ അടിയന്തിരമായി ഗൾഫ് രാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഉണ്ടാക്കിയെടുക്കുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജനാധിപത്യം അനുവദനീയമല്ലാത്ത രാജ്യത്ത്, യുഎൻ തൊഴിൽ അവകാശങ്ങൾ പോലും അംഗീകരിക്കാത്ത രാജ്യങ്ങളിൽ, തൊഴിൽ എടുക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കുവാൻ അതാത് രാജ്യക്കാരെ നിർബന്ധിപ്പിക്കണമെങ്കിൽ രാജ്യാന്തരതൊഴിൽ കരാറുകൾ ഉണ്ടാക്കുകയാണ് പോംവഴി. നമ്മുടെ സർക്കാർ ഉണ്ടാക്കിയ ഏകതൊഴിൽ കരാർ സൗദി അറേബ്യയിലെ വീട്ടു ജോലിയുമായി ബന്ധപ്പെട്ടാണ്. അത്തരം നിയമങ്ങൾ പാസ്സാക്കിയാൽ എല്ലാ തൊഴിലാളികളും തൊഴിൽ ദാതാവുമായി ഉണ്ടാക്കുന്ന കരാറുകളിൽ എംബസിക്ക് ഇടപെടുവനും അവ നിയമ വിധേയമാണെന്ന് ഉറപ്പു വരുത്തുവാനും അവസരം ലഭിക്കും. തൊഴിലാളികളുടെ തൊഴിൽ തർക്കങ്ങളിൽ കക്ഷിചേരുവാൻ സർക്കാർ സംവിധാനത്തിന് ഉത്തരവാദിത്തം ഉണ്ടാകും. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും നടത്തുന്ന വിദേശ സന്ധർശനങ്ങളിൽ വ്യാപാര കരാറുകൾ മാത്രം ചർച്ചയാകുന്നു. വിദേശത്തെ തൊഴിലാളികൾക്കും തൊഴിൽ തേടുന്നവർക്കും തൊഴിൽ രംഗത്തെ സാധ്യതകൾ അറിയിക്കുവാൻ സർക്കാർ സംവിധാനം കാര്യക്ഷമമല്ല. എംബസ്സികളിൽ ഉദ്യോഗസ്ഥ തൻപ്രമാണിത്തവും അഴിമതിയും പ്രധാന സംഭവങ്ങളാണ്. തൊഴിൽ തർക്കങ്ങളിൽ അവരുടെ ഇടപെടലുകളെ പറ്റി പരക്കെ ആക്ഷേപങ്ങൾ നിലനിൽക്കുന്നു.
പ്രവാസികളുടെ റിക്രൂട്ട്മെന്‍റ് മുതൽ ആംഭിക്കുന്ന തട്ടിപ്പുകൾക്ക് അരനൂറ്റാണ്ട് പഴക്കം ഉണ്ട്. അവിടെ മുതൽ പ്രവാസികൾ എണ്ണമില്ലാത്ത ചൂഷണങ്ങൾക്ക് വിധേയമാണ്. നാട്ടിൽ തട്ടികൂട്ടുന്ന തൊഴിൽ കരാറിൽ അടങ്ങിയ അപകടം തിരിച്ചറിയാതെ പലരും ചെന്ന്പെടുന്നത് വലിയ കുരുക്കളിൽ ആണ്. രാജ്യത്തെ തൊഴിൽ നിയമം അറിയാതെ, അറിഞ്ഞാൽ തന്നെ പരാതികൾ കൊടുക്കുവാൻ മാർഗ്ഗങ്ങൾ അറിയാതെ, നിയമ ലംഘനങ്ങൾ ഉണ്ടായാൽ മറ്റുള്ളവർക്ക് സഹായിക്കുവാൻ കഴിയാതെ നരകയാതനകൾ അനുഭവിക്കുന്ന പ്രവാസികളുടെ എണ്ണം വളരെ കൂടുതൽ ആണ്. തൊഴിൽ സമയങ്ങളുടെ മാത്രം കാര്യം എടുത്താൽ പൊതുവെ ജിസിസി രാജ്യങ്ങളിൽ 48 മണിക്കൂർ ആഴ്ച്ചയിൽ പണി ചെയ്യേണ്ടതുണ്ട്. അതിനു മുകളിൽ പണി ചെയ്യുവാൻ നിർബന്ധിതരായാൽ അതിന് കൂടുതൽ വേദനം നൽകി അവരുടെ അവകാശങ്ങളെ മാനിക്കണം. ആഴ്ച്ചയിൽ ഒരു ദിവസം അവധി നിർബന്ധിതമാണ്. ഒരാഴ്ചയിലെ ഏഴു ദിവസവും പണി ചെയ്താൽ തൊട്ടടുത്ത ആഴ്ചയിൽ നിർബന്ധമായും അവധി നൽകണം. പണി ചെയ്യുന്ന തൊഴിലാളിക്ക് ചികിത്സ ലഭ്യമാക്കണം. അവരുടെ സ്വകര്യ രേഖകൾ (പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ) തൊഴിലാളിയുടെ കൈവശം തന്നെ വെക്കുവാൻ അവസരം നൽകുന്നു. ഇന്ത്യക്കാർക്ക് ആവശ്യമായ സുരക്ഷയും നിയമ സഹായവും വേണ്ടി വന്നാൽ താമസവും മറ്റും (യുദ്ധം, പ്രകൃതി ദുരന്തം, പകർച്ച വ്യാധികൾ തുടങ്ങിയ സമയങ്ങളിൽ എങ്കിലും) കൊടുക്കുവാൻ ഇന്ത്യൻ എംബസ്സി ബാധ്യസ്ഥമാണ്. തങ്ങളുടെ രേഖകൾ നഷ്ടപ്പെട്ടാൽ, അപകടം പിണഞ്ഞാൽ, സാന്പത്തികമായി പരാധീനതയിൽ പെട്ട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുവാൻ കഴിയാത്ത സാഹചര്യം ഉണ്ടയാൽ, അവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ട വിമാന ടിക്കറ്റ് മുതലായ സംവിധാനങ്ങൾ ഒരുക്കുവാൻ അംബാസിഡർ നേതൃത്വം നൽകുന്ന സംവിധാനം പ്രവർത്തിക്കണം. ഇത്തരം തൊഴിലാളി− തൊഴിൽ ദാതാവ് പ്രശ്നങ്ങൾക്ക് പുറത്ത് വ്യക്തികളുടെ സാന്പത്തിക ദുരിതങ്ങൾ പലിശ പോലെയുള്ള കുരുക്കുകളിൽ ജനങ്ങളെ എത്തിക്കുന്നു. തെറ്റായ ജീവിത രീതികൾ, ഒറ്റക്കുള്ള ജിവിതം മുതലായ വിഷയങ്ങൾ മറ്റു ദുരന്തങ്ങളുടെ ഇരകളാക്കി അവരെ മാറ്റുന്നു. വിദ്യാഭ്യാസ രംഗത്തെ മത്സര ശേഷിക്കുറവ്, ആധുനികവും ചെലവേറിയതും ആയ ജിവിത രീതികൾ ശീലിക്കുവാൻ നമ്മുടെ തലമുറയ്ക്ക് ലഭിക്കുന്ന അവസരം ഒരു വശത്തും മത സംഘടനകളുടെ വർദ്‍ധിച്ച പ്രചരണ− സംഘടനാ മികവ് പുതു തലമുറയിൽ നിന്നുപോലും ആളുകളെ കൂടുതൽ മത നിഷ്ടകളിലേയ്ക്ക് എത്തിക്കുവാൻ അവസരം ഒരുക്കുന്നു. ഇത്തരം വിഷയങ്ങളെ (ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും) വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘനകൾ ഗൗരവതരമായി എടുക്കുന്നില്ല.
കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന നോർക്കറൂട്ട്സ് ഇത്തരം കാര്യങ്ങളിൽ ഗൗവരവതരമായ പ്രതിരോധ പ്രവർത്തങ്ങളിൽ നടത്തിയ ചരിത്രം അവരുടെ മുഖവരയിൽ നിന്ന് പോലും മനസ്സിലാക്കുവാൻ അവസരം കിട്ടാത്തത് എന്തുകൊണ്ടാണ്?. നോർക്കയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ പ്രവാസി ക്ഷേമ ബോർഡ് രൂപീകരണവും (2008) അതിന്‍റെ ഭാഗമായ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളും ആണ്.ഒപ്പം റിക്രൂട്ട്മെന്‍റുകളിലെ തട്ടിപ്പുകൾ പരിഹരിക്കുക, തൊഴിൽ പരിശീലനം, മടങ്ങിവരുന്ന പ്രവാസികൾക്ക് തൊഴിൽ സംരംഭങ്ങൾ, ലേബർ ബാങ്ക്, മലയാളം ഭാഷയുടെ വ്യാപനം, സാംസ്‌കാരിക സംഗമം, പ്രവാസികളുടെ പ്രായം ചെന്ന തലമുറയിൽ പെട്ടവർക്ക് സുരക്ഷാ കേന്ദ്രങ്ങൾ തുടങ്ങിയ അജണ്ടകൾ മുന്നോട്ട് വെച്ചാണ് നോർക്കാ റൂട്ട്സ് പ്രവർത്തിച്ചു വരുന്നത് എന്ന് നമുക്ക് അവരുടെ ലക്ഷ്യ പ്രഖ്യാപനങ്ങളിൽ നിന്നും മനസ്സിലാക്കാം. പരിപാടികളിൽ ഏറ്റവും ജനകീയമായ പ്രവാസി പെൻഷൻ പദ്ധതി 60 വയസ്സ് കഴിഞ്ഞവർക്ക് 2000 രൂപ പ്രതി മാസം ആജീവനാന്തം നൽകും എന്ന് വ്യക്തമാക്കുന്നു. പ്രവാസി 200 രൂപ കൊടുത്ത് ക്ഷേമ നിധിയിൽ ആദ്യം അംഗമാകുന്നു. അതിനു ശേഷം 60 വയസ്സു വരെ (ഏറ്റവും കുറഞ്ഞത് 5 വർഷം) മാസം 300 രൂപ വെച്ച് അടക്കണം. കൂടുതൽ അടക്കുന്ന ആൾക്ക് കൂടുതൽ പെൻഷൻ ലഭിക്കും. (4000 രൂപവരെ) ഒപ്പം അപകടം, ചികിത്സ, മരണം, തുടങ്ങിയ അവസരങ്ങളിൽ സഹായങ്ങൾ ലഭിക്കും. ഇത്തരം ഒരു പദ്ധതി തുടങ്ങിയിട്ട് 10 വർഷങ്ങൾ ആകുവാൻ പോകുന്നു. എന്നാൽ അതിൽ അംഗങ്ങളായി ചേർന്നവർ ഇതുവരെയായി ഒരു ലക്ഷം കവിഞ്ഞിട്ടില്ല. 5 ശതമാനം ആളുകൾ പോലും എന്തുകൊണ്ടാണ് ഈ പദ്ധതിയിൽ ചെരാഞ്ഞത് എന്ന് പരിശോധിച്ച് കേണ്ടിരിക്കുന്നു. ഇത്തരം പോരായ്മകൾ പരിഹരിക്കുവാൻ സർക്കാർ സമയ ബന്ധിതമായി പ്രവർത്തിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം പ്രവാസികൾക്ക് ലഭിക്കുകയുള്ളൂ. കേരളത്തിന്‍റെ എല്ലാ രംഗങ്ങളെയും താങ്ങി നിർത്തുന്ന പ്രവാസികൾ അവരുടെ മിച്ചത്തിൽ നിന്നും പണം അടച്ചുവേണം ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് എന്ന നിലപാടുകൾ സർക്കാർ പുനർ ചിന്തകൾക്ക് വിധേയമാക്കേണ്ടതാണ്.
പ്രവാസി റൂട്ട്സ് എന്ന സംവിധാനത്തിന് പ്രത്യേകം പരിഗണനകൾ ലഭിക്കേണ്ട ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരിൽ ബഹു ഭൂരിപക്ഷവും വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളിൽ ജീവിച്ചു പോരുന്പോൾ നോർക്കറൂട്ട്സ് എന്ന പ്രവാസികളുടെ
സഹകാരിയും സഹായിയും ആയി പ്രവർത്തിക്കേണ്ട സംവിധാനത്തിന്‍റെ ഉന്നത സ്ഥാനങ്ങളിൽ (ഡയറക്ടർ ബോർഡിൽ) അംഗങ്ങളായവരിൽ ബഹുഭൂരിപക്ഷവും വൻകിട കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾ ആയത് ആശാവഹമല്ല. മന്ത്രിസഭകൾ മാറുന്പോഴും സന്പന്നരുടെ സ്ഥാനങ്ങൾക്ക് ഇളക്കം ഉണ്ടാകുന്നില്ല. ശ്രീ പിണറായി സർക്കാർ വന്ന ശേഷം നോർക്ക റൂട്ട്സിന്‍റെ വൈസ് ചെയർമാൻ ആയി നിയമിക്കപ്പെട്ട പഴയ എൻജിഒ യൂണിയൻ നേതാവിന് പ്രവാസികളുടെ വിഷയങ്ങളെപ്പറ്റി മനസ്സിലാക്കുവാൻ തന്നെ ഏറെ നാളുകൾ എടുക്കേണ്ടിവരും. പ്രവാസികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന നിരവധി രാഷ്ട്രീയ നേതാക്കളും മറ്റും നമ്മുടെ ഇടയിൽ ഉണ്ടെന്നിരിക്കെ മൂന്ന് ദശലക്ഷം മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുവാൻ ചുമതലപ്പെട്ട സംവിധാനത്തിന്‍റെ ഇന്നത്തെ ഘടന ആശാവഹമല്ല.
കേരളത്തിന്‍റെ നട്ടെല്ലായ പ്രവാസികൾക്കിടയിൽ രാഷ്ട്രീയപാർട്ടികളുടെ സാന്നിദ്ധ്യം വളരെ വലുതാണ്. അവരുടെ സംഘടനകളിൽ വലിയതോതിൽ ആളുകൾ അണിനിരക്കുന്നു. കേരള സർക്കാർ പ്രവാസികളുടെ കാര്യങ്ങൾ പരിഗണിക്കുവാൻ ഒരു മന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 30 ലക്ഷത്തിൽ അധികമുള്ള പ്രവസികൾക്കായി നിലവിലുള്ള നോർക്കയ്ക്ക് ഒരു പൂർണ്ണ സമയ സിഇഒ ഇല്ല എന്നറിയുന്പോഴേ സർക്കാരിന്‍റെ പ്രസ്തുത വിഷയത്തിലുള്ള താൽപര്യം മനസ്സിലാകുകയുള്ളൂ. പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ നിയമസഭയിൽ അവസരങ്ങൾ കുറവാണ്. പ്രവാസികളിൽ ഭൂരിപക്ഷം ജനങ്ങളും തുച്ഛവരുമാനക്കാരോ അതുപോലും കൃത്യമായി ലഭിക്കാത്തവരോ ആണെന്നിരിക്കെ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ വേണ്ട നിലയിൽ സഹായിക്കുവാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ വിജയിക്കുന്നില്ല. ലൈംഗിക പീഡനത്തിനു വിധേയമാകുന്നവർ വരെ പീഡനം സഹിച്ചു കൊണ്ട് ജോലി സ്ഥലങ്ങളിൽ തുടരുവനോ ഏറി വന്നാൽ മടങ്ങുവനോ മാത്രമേ ഇന്നു കഴിയുന്നുള്ളൂ. തൊഴിൽ അവകാശങ്ങൾ നിക്ഷേധിക്കൽ, ലൈംഗിക പീഡനം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എംബസ്സിയിൽ എത്തുന്നവർക്ക് മുൻകാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ വേദനിപ്പിക്കുന്നതാണ്.
കേരളത്തിലെ പട്ടിണിക്കാരുടെ പട്ടികയിൽ കർഷതൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നേടിയ വിഭാഗം ഗൾഫ് പ്രവാസി കുടുംബംഗങ്ങൾ ആണ് എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനങ്ങൾ തെളിയിച്ചു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഗൾഫ് പ്രവാസികളുടെ പ്രതിസന്ധികൾ രൂക്ഷമായി വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ശന്പള വർദ്‍ധനവ് തൊഴിലാളികൾക്ക് ഒരു സ്വപനം മാത്രമായിരുന്നു. ജീവിത ചെലവുകൾ വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നടപ്പിൽ വരുത്തുന്ന വാറ്റ് നികുതി കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കും. അമേരിക്കയിൽ പ്രസിഡന്‍റ് ട്രംപ് എടുത്ത പുതിയ നടപടികൾ വഴി 5 ലക്ഷം ഇന്ത്യാക്കാർ മടങ്ങിവരുവാൻ നിർബന്ധിതരാണ്. ഈ അവസ്ഥയിൽ കേരളത്തിന്‍റെ ജിഡിപിവരുമാനത്തിൽ 45% സംഭാവനകൾ ചെയ്തു വന്ന പ്രവാസികളുടെ ഗൗരവതാരമായ പ്രതിസന്ധികൾ പരിഹരിക്കുവാൻ കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കഴിവുണ്ടാകുമോ?