2017 രാഷ്ട്രീയം
2017 ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുപാട് കോളിളക്കങ്ങളും കാതലായ മാറ്റങ്ങളും ഉണ്ടാക്കിയ വർഷമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം കോൺഗ്രസ് നേതൃത്വത്തിന്റേതാണ്. പുതിയ നേതൃത്വത്തിന് തുടക്കമിട്ട് കോൺഗ്രസ് പാർട്ടിയുടെ 16−ാം അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റു. 1998ൽ കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേറ്റ് 19 വർഷത്തിന് ശേഷമുള്ള ഈ മാറ്റം രാഷ്ട്രീയ ഭാരതം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 2019ലെ ലോക്്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒരുക്കുക എന്ന ദൗത്യമാണ് രാഹുലിന് മുന്നിലുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുണ്ടാക്കിയ നേട്ടം ഏറെ വലുതാണ്. യു.പിയിലും ഗോവയിലും ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി ഉണ്ടാക്കിയ നേട്ടം പാർട്ടിയുടെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നതാണ്. ഒരു ദശാബ്ദത്തിന് ശേഷം പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതും 2017ൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
യു.പിയിൽ 17 വർഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. 403 അംഗ സഭയിൽ എൻ.ഡി.എ സഖ്യം 325 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തിയത്. രാജ്നാഥ് സിംഗ്, കേശവ് പ്രസാദ് മൗര്യ തുടങ്ങി പല പേരുകളും ചർച്ചചെയ്ത് ഒടുവിൽ ഏവരേയും അന്പരപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പേര് പ്രഖ്യാപിച്ചത്. യോഗി മാർച്ച് 18ന് സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ടേം നീണ്ട അകാലിദൾ− ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ജനപ്രീതിയും പ്രഭാവവുമാണ് കോൺഗ്രസ്സിനെ തുണച്ചത്. 117 അംഗ സഭയിൽ 77 സീറ്റ് കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ 20 സീറ്റുമായി ആം ആദ്മി പാർട്ടി പ്രതിപക്ഷത്തായി. അകാലിദൾ −ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ്. പക്ഷേ ചെറുകക്ഷികളെ കൂട്ടി സർക്കാരുണ്ടാക്കിയത് ബി.ജെ.പി പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കറെ ഗോവ മുഖ്യമന്ത്രിയായി വാഴിച്ചുകൊണ്ടായിരുന്നു അമിത് ഷാ കോൺഗ്രസ് തന്ത്രങ്ങൾ പൊളിച്ചത്. എം.ജി.പിയേയും ഗോവ ഫോർവേർഡ് പാർട്ടിയേയും സ്വതന്ത്രരേയും അണിനിരത്തിയാണ് ബി.ജെ.പി സർക്കാർ ഭൂരിപക്ഷം തികച്ചത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിലും ബി.ജെ.പി നേട്ടമുണ്ടാക്കി. ഗുജറാത്തിൽ ഭരണം തുടർന്ന ബി.ജെ.പി ഹിമാചലിൽ ഭരണം തിരിച്ചു പിടിച്ചു. രാഹുൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് എത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ നേട്ടം ഏറെ ശ്രദ്ധപിടിച്ചുപറ്റിയതായിരുന്നു. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് സീറ്റുകളിൽ വർദ്ധനവുണ്ടാക്കി. ഈ നേട്ടത്തെ ദേശീയ രാഷ്ട്രീയം വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടായ വർഷമാണ് 2017. പ്രണബ് മുഖർജിക്ക് ശേഷം ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് ഗോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത് ജൂലൈ 17ന് ആണ്. ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള കോവിന്ദ്, രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മീര കുമാറിനെതിരെ മൂന്നിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 25ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
ഹമീദ് അൻസാരിയുടെ പിൻഗാമിയായി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് അഞ്ചിന് ആയിരുന്നു തിരഞ്ഞെടുപ്പ്. മോഡി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു സ്ഥാനം രാജിവെച്ചാണ് ഉപരാഷ്ട്രപതി പദവിയിലേക്ക് എത്തിയത്.
ജയലളിതയുടെ മരണശേഷം കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തിൽ അതിനാടകീയ സംഭവങ്ങൾ അരങ്ങേറി. ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെങ്കിലും താൽക്കാലിക മുഖ്യമന്ത്രിയായിരുന്ന പനീർ ശെൽവം ശശികലയ്ക്കെതിരായി ആരോപണവുമായി രംഗത്തെത്തി. പനീർ ശെൽവം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ഫെബ്രുവരി 16ന് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അനധികൃത സ്വത്ത് സന്പാദന കേസിൽ ഫെബ്രുവരി 14ന് സുപ്രീംകോടതി നാല് വർഷം തടവിന് വിധിച്ചതോടെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കം പാളി.
രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങളിലൂടെ ആറ് മാസം നീണ്ട രാഷ്ട്രീയ ചേരിപ്പോരിനൊടുവിൽ എ.ഐ.എ.ഡി.എം.കെയിലെ എടപ്പാടി പളനിസ്വാമി ഒ. പനീർശെൽവം വിഭാഗങ്ങൾ ഒന്നിച്ചു. ആഗസ്റ്റ് 21ന് പനീർശെൽവം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടി കോ−ഓർഡിനേറ്റർ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. ജനറൽ സെക്രട്ടറി വി.കെ ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജയിലിലടയ്ക്കപ്പെട്ട ശശികലയെയും കേസിൽ കുരുങ്ങിയ ദിനകരനെയും പാർട്ടിയിൽ നിന്ന് അകറ്റി നിർത്താൻ പളനിസ്വാമിയും കൂട്ടരും തീരുമാനിച്ചതോടെയാണ് പനീർശെൽവം വിഭാഗവുമായുള്ള ലയനത്തിന് വഴി തെളിഞ്ഞത്.
ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ നിലവിലുണ്ടായിരുന്ന ആർ.ജെ.ഡി, ജെ.ഡി.യു കോൺഗ്രസ് സഖ്യം വിടുകയും ബി.ജെ.പിയുമായി ചേർന്ന് പുതിയ സർക്കാരുണ്ടാക്കുകയും ചെയ്തു. ജൂലൈ 27ന് നിതീഷ് കുമാർ മുഖ്യമന്ത്രിയായും സുശീൽ മോഡി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഈ വർഷം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മലക്കംമറിച്ചിലായിരുന്നു ഇത്.അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി. പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തിലെത്തി സ്വീകരിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജനുവരി 26 മുതൽ 28 വരെ നീണ്ട സന്ദർശനത്തിൽ ഇരുരാജ്യങ്ങളും 16 കരാറുകൾ ഒപ്പുവെച്ചു. ജൂലൈ ഒന്നിന് ഇന്ത്യയിൽ ചരക്ക്, സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നു. ഇതോടെ ഇന്ത്യ ഒറ്റ നികുതി ഘടനയിലേക്ക് പ്രവേശിച്ചു. ഉൽപ്പാദന, സേവന മേഖലകളിൽ ചുമത്തുന്ന നികുതിയാണ് ജി.എസ്.ടി എട്ട് കേന്ദ്രനികുതികൾക്കും ഒന്പതിനം സംസ്ഥാന നികുതികൾക്കും പകരമാണിത്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാൽ ഏറെ കളങ്കിതമായൊരു വർഷമാണ് 2017. ഇടത് സർക്കാർ അധികാരത്തിൽ മന്ത്രിമാരുടെ തുടരെ തുടരെയുള്ള രാജിവെക്കലുകൾ രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെ നോക്കിക്കണ്ടു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഒരു യുവതിയോട് നടത്തിയ അശ്ലീല സംഭാഷണങ്ങളുടെ പേരിൽ അദ്ദേഹം രാജിവെച്ചു. പിണറായി സർക്കാരിലെ രണ്ടാമത്തെ രാജിയായിരുന്നു ഇത്. ശശീന്ദ്രന്റെ പിൻഗാമിയായി ഏപ്രിൽ ഒന്നിന് മന്ത്രിയായി ചുമതലയേറ്റ തോമസ് ചാണ്ടിക്ക് ഏഴ് മാസം മാത്രമേ മന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗമുണ്ടായുള്ളൂ. കായൽ, ഭൂമി കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഒന്നിന് പിറകെ ഒന്നായി ചർച്ചയായിട്ടും അടവുകൾ പലത് പയറ്റി അക്ഷോഭ്യനായി നിന്ന തോമസ് ചാണ്ടിയെ സി.പി.എം പോലും സംരക്ഷിച്ചിട്ടും ഒടുവിൽ കോടതിയുടെ രൂക്ഷമായ പരാമർശത്തിൽ അടിതെറ്റുകയായിരുന്നു. നവംബർ 15ന് ഗത്യന്തരമില്ലാതെ ചാണ്ടി രാജിവെച്ചു. പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജി.
ഉമ്മൻചാണ്ടിയേയും കോൺഗ്രസ്സിനെയും വെട്ടിലാക്കി സോളാർ കമ്മീഷൻ വിധിയെഴുതി. കോൺഗ്രസ്സിന്റെ ഒരു പറ്റം നേതാക്കളെയാണ് റിപ്പോർട്ട് പ്രതിരോധത്തിലാക്കിയത്. അഴിമതി ആരോപണങ്ങളിൽ കേസെടുക്കാൻ സർക്കാർ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ലൈംഗിക ആരോപണങ്ങളിൽ കത്തിൽ പേരുള്ളവർക്കെതിരെ കേസ് എടുക്കാൻ ആലോചനയുണ്ടെങ്കിലും കേസിന്റെ നിലനിൽപ്പ് സംശയത്തിലായതിനാൽ അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കോട്ടയിൽ ലീഗ് വിജയം ആവർത്തിച്ചപ്പോൾ ഇ. അഹമ്മദിന്റെ പിൻഗാമിയായി തിളക്കമാർന്ന ഭൂരിപക്ഷത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലെത്തി. ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ധലം നിലനിർത്തി കെ.എൻ.എ ഖാദറും വിശ്വാസം കാത്തു. വേങ്ങരയിൽ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ലീഗിനും യു.ഡി.എഫിനും ചോദ്യങ്ങൾ ബാക്കിവെക്കുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ ഗൂഢാലോചനക്കുറ്റത്തിന് നടൻ ദിലീപ് അറസ്റ്റിലാകുന്നതും ഈ വർഷമാണ്. ദിലീപ് പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി നവംബറിൽ കുറ്റപത്രം സമർപ്പിച്ചു.
2017 അവസാനിക്കാൻ ഇനി രണ്ട് നാളുകളാണ് ശേഷിക്കുന്നത്. വർഷങ്ങളുടെ മാറ്റങ്ങൾ ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും വൻ മാറ്റങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. പ്രധാനമായും ബി.ജെ.പിയുടെ വളർച്ച തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനകം നിരവധി സംസ്ഥാനങ്ങളിൽ അവർ ഭരണം കയ്യാളിക്കഴിഞ്ഞു. ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ കൂടി ഭരണം ഉറപ്പ് വരുത്താൻ കഠിന ശ്രമത്തിലാണ് നേതൃത്വം. കർണ്ണാടകയിലാണ് വരാനിരിക്കുന്ന രാഷ്ട്രീയ യുദ്ധം.