2017 ലോകം..
2017 കലണ്ടർ താളുകൾ മറിയാൻ നാളുകൾ ശേഷിക്കെ പോയ വർഷം ലോകത്ത് നടന്ന സംഭവവികാസങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 27ന് അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമത് പ്രസിഡണ്ടായി ഡോണാൾഡ് ജോൺ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡണ്ട് സ്ഥാനമുറപ്പിച്ചത്. 2016ൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017ലായിരുന്നു സ്ഥാനമേറ്റത്. സ്ഥാനമേറ്റ ശേഷം ട്രംപുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കാണ് ഏറെയും ലോകം സാക്ഷ്യം വഹിച്ചത്.
നാല് ദശകത്തിനിടെ യുഎസ് പ്രസിഡന്റുമാർക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ ജനപ്രീതിയോടെയായിരുന്നു ട്രംപിന്റെ പ്രചരണം. കണക്കുകൾ പ്രകാരം 40ശതമാനം മാത്രമായിരുന്നു ട്രംപിന്റെ സ്വീകര്യത. പക്ഷെ അമേരിക്കയിലെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരനും വ്യവസായിയുമായ ട്രംപ് അമേരിക്കയുടെ അമരത്തെത്തി.
ട്രംപ് അധികാരത്തിലെത്തിയ ശേഷം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടന്പടിയിൽ നിന്നും യുഎസ് പിന്മാറിയതാണ് ലോകം വീക്ഷിച്ച ഗൗരവമേറിയ ആദ്യ സംഭവം. 2017 ജൂൺ ഒന്നിനായിരുന്നു യുഎസിന്റെ പിന്മാറ്റം. പാരിസ് ഉടന്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും അത് യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു യുഎസിന്റെ ആരോപണം. ആഗോളതാപനത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ലോകം ഒന്നിച്ചു നിൽക്കുന്നതിനിടെ കരാറിൽ നിന്നുള്ള പിന്മാറ്റം ട്രംപിനെ യൂറോപ്പിൽതന്നെ അപ്രിയനാക്കുന്ന തരത്തിലുള്ളതായിരുന്നു. 2015ൽ 195 രാജ്യങ്ങൾ അംഗീകരിച്ച് ഒപ്പിട്ടതാണ് പാരിസ് ഉടന്പടി. ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭയുടെ യുനെസ്കോയിൽനിന്നും പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. പലസ്തീൻ അതോറിറ്റിക്ക് അനുകൂലമായി വോട്ടെടുപ്പ് നടത്തിയതിനെ തുടർന്ന് 2011 മുതൽ യുനസ്കോയ്ക്ക് സാന്പത്തിക സഹായം നൽകുന്നത് 2011 ൽ അമേരിക്ക നിർത്തിയിരുന്നു. ഒക്ടോബർ 12നായിരുന്നു അമേരിക്ക പിന്മാറ്റം പ്രഖ്യാപിച്ചതെങ്കിൽ തൊട്ടുപിന്നാലെ ഇസ്രായേലും യുനെസ്കോയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചു.
ഏറ്റവും അവസാനമായി ട്രംപിന്റെ നടപടികളിൽ വിചിത്രമായ ഒന്ന് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതാണ്. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളടക്കമുള്ള വിവിധരാഷ്ട്രങ്ങളുടെ അഭ്യർഥന മാനിക്കാതെ ഡിസംബർ ആറിനായിരുന്നു ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. സ്വതവേ കലുഷിതമായ പശ്ചിമേഷ്യയിൽ പുതിയ സംഘർഷങ്ങൾക്ക് വിത്തുപാകിയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയിൽ തിരിച്ചടി നേരിടേണ്ടി വന്നു.
മ്യാൻമാറിലെ റോഹിങ്ക്യൻ പ്രതിസന്ധി 2017നെ കണ്ണീരിലാഴ്ത്തിയ സംഭവമാണ്. ലോകത്തിലെ തന്നെ അഭയാർത്ഥി പ്രവാഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ഒടുവിലത്തെ ദുരന്തചരിത്രമാണ് റോഹിങ്ക്യൻ പ്രതിസന്ധി. മ്യാന്മാറിലെ റാഖിൻ മേഖലയിൽ നിന്നുള്ള ജനങ്ങളാണ് സൈനിക നടപടിയെ തുടർന്ന് അതിർത്തി കടന്ന് പ്രവഹിച്ചത്. ബംഗാളി നാടോടി ഭാഷ സംസാരിക്കുന്ന റാഖിനിലെ മുസ്ലിങ്ങൾ തങ്ങളുടെ പൗരന്മാരല്ലെന്നായിരുന്നു മ്യാന്മാർ ഭരണകൂടത്തിന്റെ നിലപാട്. ഇതിനെതിരെ ശബ്ദമുയർത്തിയതിനു പിന്നാലെയായിരുന്നു ഇവർക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം സൈന്യത്തിന്റെ ആക്രമണത്തിനിരയായതോടെ ആഗസ്റ്റ് 25 മുതൽ റോഹിങ്ക്യൻ മുസ്ലിങ്ങൾ കൂട്ടപ്പലായനം ആരംഭിച്ചു. അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് ലക്ഷക്കണക്കിന് പേരാണ് അഭയം തേടി പലായനം ചെയ്തത്.
ട്രംപ് അധികാരമേറ്റതിനു പിന്നാലെ അമേരിക്കയ്ക്കും യുഎസ് പ്രസിഡന്റിനും വെല്ലുവിളി ഉയർത്തി, ലോകരാജ്യങ്ങളുടെ എതിർപ്പിനെ വകവെയ്ക്കാതെ ഉത്തര കൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണം നടത്തിയതിനും വർഷം സാക്ഷിയായി. ക്വാങ്യോങ്സോങ് എന്ന ഉപഗ്രഹമാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യു.എസ്സുംജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തിയിരുന്നു. തുടർന്നിങ്ങോട്ട് പലതവണ ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ ലോകത്തിന്റെ വിമർശനങ്ങൾക്ക് പാത്രമായി.
150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കന്പ്യൂട്ടറുകൾ വാനാക്രൈ എന്ന റാൻസംവെയർ ആക്രമണത്തിന് ഇരയായതും 2017ലാണ്. ഉത്തരകൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാക്കർമാരാണ് ആക്രമത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും ഇത് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ബീജിംഗ് ആതിഥേയമരുളിയ വൺ ബെൽറ്റ് വൺ റോഡ് സമ്മേളനം ഇന്ത്യ ബഹിഷ്കരിച്ചതായിരുന്നു മറ്റൊരു സംഭവം. മെയ് രണ്ടാം വാരമായിരുന്നു സമ്മേളനം. ഏഷ്യൻ--യൂറോപ്യൻ രാജ്യങ്ങളെ സാന്പത്തികമായി ബന്ധിപ്പിക്കുന്ന വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ചൈന മുന്നോട്ടു വെക്കുന്ന എക്കാലത്തേയും വലിയ പദ്ധതികളിലൊന്നാണ്. പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാകിസ്താൻ സാന്പത്തിക ഇടനാഴി കടന്നു പോവുന്നത് ഇന്ത്യയുടെ ഭാഗമായ പാക് അധീന കശ്മീരിലൂടെയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ഇത് തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
പാനമ പേപ്പർ വിവാദത്തെ തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നവാസ് ഷെരീഫ് രാജിവെച്ചതാണ് പോയ വർഷം പാക് രാഷ്ട്രീയ ചർച്ചകളിൽ ഏറെ പ്രധാനപ്പെട്ട വിഷയമായത്. പാനമ അഴിമതി കേസിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നവാസ് ഷെരീഫ് അയോഗ്യനാണെന്ന് വിധിച്ചു. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊൻസേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനിൽ നവാസ് ഷെരീഫീന്റെ കുടുംബം സ്വത്തുക്കൾ വാങ്ങികൂട്ടിയെന്ന പനാമ രേഖകൾ പുറത്ത് വന്നതിനെ തുടർന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്.
ഹാർവി, ഇർമ എന്നീ ചുഴലിക്കാറ്റുകൾ 2017ൽ ഒരുപാട് നാശങ്ങൾ വരുത്തി. ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചലും നിരവധി പേരുടെ ജീവൻ കവർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 91 പേരുടെ ജീവനാണ് ഹാർവിയിൽ പൊലിഞ്ഞത്. 200 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയത്. ടെക്സാസിലും ലൂസിയാനയിലും ലാറ്റിൻ അമേരിക്കയിലും കനത്ത നഷ്ടമാണ് ഹാർവി വിതച്ചത്. 50 വർഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റായിരുന്നു ഇത്. ഹാർവിക്ക് പിന്നാലെ സപ്തംബർ ആദ്യവാരത്തോടെ കരീബിയൻ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച് വീശിയ ഇർമയിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറിൽ 240 കി.മീ സ്പീഡിൽ വീശിയ ഇർമ ആന്റിഗ്വ ബാർബൂഡ, സെന്റ് മാർട്ടിൻ, സെന്റ് ബാർത്തെലമി, ആൻഗ്വില പൂർട്ടൊറീക്കോ തുടങ്ങിയ മേഖലകളിലാണ് നാശനഷ്ടം വിതച്ചത്.
2017 അവസാനത്തോടെ സംഭവിച്ച ഒന്നായിരുന്നു സ്പെയിനിൽനിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങൾക്കിടെ കാറ്റലോണിയൻ പ്രാദേശിക പാർലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ 27നായിരുന്നു കാറ്റലോണിയയുടെസ്വാതന്ത്ര്യ പ്രഖ്യാപനം. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്പെയിനിലെ 16 ശതമാനംജനങ്ങൾ താമസിക്കുന്നത്. സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യം പരിഗണിച്ച് അടുത്തിടെ ഹിതപരിശോധന നടന്നിരുന്നു. സ്പെയിൻ സർക്കാർ വോട്ടെടുപ്പ് തടയാനും സ്വാതന്ത്ര്യ മോഹികളെ അടിച്ചമർത്താനും ശ്രമങ്ങൾ നടത്തി. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി വിധിച്ചു. എന്നാൽ സ്പെയിനിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയിൽ 90 ശതമാനവും വിധിയെഴുതിയത്. സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സന്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സന്പദ് ഘടനയുടെ നെടുംതൂണാണ്.
സിംബാബ്്വേയെ 37 വർഷം അടക്കിവാണ റോബർട്ട് മുഗാബെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനും 2017 സാക്ഷിയായി. മുഗാബെയെ പുറത്താക്കുന്നതിനായി സിംബാബ്്വേ പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ നടക്കുന്നതിനിടെയായിരുന്നു നവംബർ 21ന് മുഗാബെയുടെ രാജിപ്രഖ്യാപനം. രാജി പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് മുന്പ് മുഗാബയെ വീട്ടുതടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഭരണകക്ഷിയായ സാനു− പി.എഫ്. പാർട്ടി നേതൃസ്ഥാനത്തുനിന്ന് മുഗാബെയെ പുറത്താക്കുകയും ചെയ്തു.
ഏറ്റവുമവസാനം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ അമരക്കാരനായി മുൻ ഫുട്ബോൾ താരം ജോർജ് വിയ അധികാരത്തിലെത്തുന്നു എന്ന ശുഭ വാർത്തയോടെയാണ് 2017 മറയുന്നത്. ലോകം 2018ലേയ്ക്ക് കടക്കുന്പോൾ ഗൾഫ് രാജ്യങ്ങളിൽ പ്രധാനിയായ സൗദ്യ അറേബ്യയിലെ മാറ്റങ്ങളിലേയ്ക്കും യുദ്ധവെറി പൂണ്ട് നിൽക്കുന്ന ഉത്തരകൊറിയയുടെ നീതികേടിലേക്കുമാണ് കണ്ണുടക്കുന്നത്. സൗദിയിലെ മാറ്റം ഏറെ നല്ലത് തന്നെയാണ്. സ്ത്രീകളുടെ അവകാശങ്ങളും അവർക്കുള്ള സ്വാതന്ത്ര്യവും പരിഗണിക്കുന്നതിനോടൊപ്പം തന്നെ രാജ്യം വികസനത്തിലേക്കുള്ള നീക്കത്തിന്റെ കാൽവെപ്പുകൾ നടത്തുന്നതും കാണാൻ കഴിയുന്നുണ്ട്. ഐഎസിനെ തുടച്ചു നീക്കിയെന്ന ഇറാഖിന്റെ പ്രഖ്യാപനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനമാകുന്നു എന്നതിന്റെ തെളിവുകളാണ്. ഇത്തരത്തിൽ നല്ല നടപടികളിലേയ്ക്ക് 2018 താളുകൾ മറിയട്ടെ, വർഷം മാറുന്പോൾ മാറ്റങ്ങൾ ഉണ്ടാകട്ടെ, അത് നല്ലതിന് വേണ്ടി മാത്രമാകട്ടെ...