ആശങ്കകളും പ്രതീ­ക്ഷകളും


വി. ആർ സത്യദേവ്

തുവെ വലിയ സംഭവവികാസങ്ങളില്ലാതിരുന്ന ഒരു വാരത്തിനു ശേഷം സംഭവ ബാഹുല്യം കൊണ്ടാണ് പോയവാരം ശ്രദ്ധേയമാകുന്നത്. വാർത്തകളുടെ ഒരു തള്ളിക്കയറ്റം തന്നെയാണ് ചുറ്റും കണ്ണോടിച്ചാൽ ദൃശ്യമാകുന്നത്. അമേരിക്കയും ജറുസലേമും കൊറിയയും ഫിലിപ്പീൻസുമെല്ലാം വാർത്തകൾക്ക് ഉറവിടങ്ങളായി. അമേരിക്കയിൽ പ്രസിഡണ്ട് ട്രംപുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. ജറുസലേമിനെ സംബന്ധിച്ച ട്രംപിന്റെ പ്രസ്താവനയും നടപടിക്രമങ്ങളുമാണ് വിവാദങ്ങളുടെ പട്ടികയിൽ മുന്നിൽ. പുണ്യഭൂമിയായ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ട്രംപിന്റെ നടപടിക്കതിരേ ഐക്യരാഷ്ട്ര സഭയും പ്രമേയം പാസാക്കി. പൊതുവേ ട്രംപനുകൂല നിലപാടെടുക്കുന്ന ഇന്ത്യയും അമേരിക്കൻ പ്രസിഡണ്ടിന്റെ നടപടിയെ യുഎന്നിൽ എതിർത്ത് വോട്ടു ചെയ്തിരിക്കുകയാണ്.

എന്നാൽ ഇതുകൊണ്ടൊന്നും സ്വന്തം നിലപാടിൽ നിന്നും ട്രംപ് പിന്മാറുന്ന ലക്ഷണമില്ല. കൊറിയൻ മേഖലയിലും അമേരിക്ക കൂടുതൽ കടുപ്പമുള്ള നടപടികളിലേക്കു നീങ്ങുകയാണ് എന്നതാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഉത്തരകൊറിയയിൽ നിന്നും ജപ്പാനടക്കമുള്ള അയൽ രാജ്യങ്ങളിലേയ്ക്ക് രക്ഷപ്പെട്ടോടുന്ന സൈനികരുടെ എണ്ണം വർദ്ധിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വർത്തമാനം.

കുറച്ചുനാളായി കാര്യമായ വാർത്താ പ്രാധാന്യം ലഭിക്കാതിരുന്ന കാറ്റലാൻ വിഷയവും ഈ വാരം വീണ്ടും സജീവമായി. കാറ്റലാൻ സ്വാതന്ത്ര്യ സമരത്തോടേ പ്രാദേശിക സർക്കാർ പിരിച്ചു വിടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കാറ്റലാൻ വിമോചനത്തെ അനുകൂലിക്കുന്ന കക്ഷികൾക്കാണ് ഭൂരിപക്ഷം. ഒരുപക്ഷേ കാറ്റലാൻ ദേശീയത തന്നെയാവും കഴിഞ്ഞു പോകുന്ന വാരത്തിലെ പ്രധാന വാർത്ത.

ഒന്നു രണ്ടു മാസങ്ങൾക്ക് മുന്പ് കത്തി നിന്ന വിഷയമായിരുന്നു കാറ്റലാൻ ദേശീയ പ്രക്ഷോഭം. സ്പെയിനുമായി ബന്ധപ്പെട്ട് നമ്മളറിയുന്ന പ്രശസ്ത സ്ഥല നാമങ്ങളിലൊന്നാണ് ബാഴ്സലോണ. ലോകപ്രശസ്ത ഫുട്ബോൾ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ നാട്. സ്പെയിന്റെ സാന്പത്തിക ശ്രോതസ്സിന്റെ വലിയൊരു പങ്കു വരുന്നത് ബാഴ്സലോണ ആസ്ഥാനമായ കാറ്റലാൻ മേഖലയിൽ നിന്നാണ്. ആകെ വിദേശ നിക്ഷേപത്തിന്റെ വലിയൊരു പങ്കുമുള്ളതും ഈ പ്രദേശം കേന്ദ്രീകരിച്ചാണ്. സ്പെയിന്റെ നമ്മളറിയുന്ന മുഖ്യധാരാ സംസ്കൃതിയിൽ നിന്നും വേറിട്ടതാണ് കാറ്റലാന്റെ സംസ്കാരവും ഭാഷയുമൊക്കെ. ജനാധിപത്യത്തിന്റെ വരവിനുമുന്പ് വലിയ അടിച്ചമർത്തലുകളും അവഗണനയും നേരിട്ട പ്രദേശമാണ് ഇത്. ജനാധിപത്യകാലത്തും തങ്ങൾ അവഗണന നേരിടുന്നതായി കാറ്റലാൻ മേഖലയിലെ ജനങ്ങളിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ഈ അവഗണനയ്ക്കതിരേയുള്ള മനോഭാവമാണ് കാറ്റലാൻ ദേശീയ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

സ്പെയിനിൽ നിന്നും വേറിട്ട് ഒരു സ്വതന്ത്ര കാറ്റലാനാണ് കാറ്റലാൻ ദേശീയ വാദികളുടെ സ്വപ്നം. അതിനായുള്ള നീക്കങ്ങൾക്ക് ഏറെ പഴക്കമുണ്ട്. എന്നാൽ അടുത്ത കാലത്തായി അതിന് ഒരിക്കലുമുണ്ടായിട്ടില്ലാത്ത ഗതിവേഗവും ദിശാ ബോധവും കൈവന്നിരിക്കുന്നു. കാറ്റലാൻ സർക്കാരിന്റെ നായകനായിരുന്ന കാർലസ് പ്യൂജിമോണായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള ആ പുതിയ പോരാട്ടത്തിന്റെ അമരത്ത്. കാറ്റലാൻ പ്രസിഡണ്ടായിരുന്ന പ്യുജിമോണിന്റെയൊപ്പം രാജ്യം സ്വാതന്ത്ര്യത്തിലേക്ക് വലിയൊരു ചുവടു െവച്ചു എന്നു തന്നെ ലോകം കരുതിയതാണ്.

സ്വാതന്ത്ര്യാനുബന്ധ പ്രചാരണ സമര പരിപാടികളുടെ തുടർച്ചയായാണ് രാഷ്ട്ര രൂപീകരണം സംബന്ധിച്ച് കാറ്റലാൻ ഭരണകൂടം മേഖലയിൽ ഹിതപരിശോധനക്ക് നീക്കമാരംഭിച്ചത്. ഒക്ടോബർ ഒന്നിനായിരുന്നു ഹിതപരിശോധന. എന്നാൽ സ്പാനീഷ് പ്രധാനമന്ത്രി മരിയാനോ രജോയ്യുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ ഹിതപരിശോധന വിലക്കി. ഇതു സംബന്ധിച്ച ഭരണഘടനാ കോടതിയുടെ തന്നെ വിലക്കുണ്ടായിട്ടും കാറ്റലാൻ സർക്കാർ ഹിതപരിശോധനയുമായി മുന്നോട്ടു പോവുകയായിരുന്നു. ഹിതപരിശോധന വിലക്കാൻ ദേശീയ സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നടപടികൾ തന്നെയുണ്ടായി. ദേശീയ സുരക്ഷാ സേന കാറ്റലാൻ മേഖലയിൽ അഴിച്ചു വിട്ടത് കൊടിയ പീഡനമായിരുന്നു എന്നാണ് സ്വാതന്ത്ര്യ വാദികൾ ആരോപിച്ചത്. 

വലിയൊരു ശതമാനമാൾക്കാർക്കും ഹിതപരിശോധനയിൽ പങ്കെടുക്കാനായില്ല. എങ്കിലും പങ്കെടുത്തവരിൽ ഭൂരിപക്ഷവും കാറ്റലാന്റെ മോചനത്തിന് അനുകൂലമായാണ് വോട്ടു ചെയ്തത്. ഇതിന്റെ പിൻബലത്തിലാണ് കാറ്റലാൻ പാർലമെൻ്റു ചേർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 27ന് കാറ്റലാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കാറ്റലാൻ പ്രവശ്യാ സർക്കാരിന്റെ പ്രഖ്യാപനവും തുടർ നടപടികളുമൊക്കെ നിരീക്ഷിച്ചവർക്ക് ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ പുത്തനൊരു രാജ്യം കൂടി പിറവിയെടുത്തു എന്നു തന്നെയാണ് തോന്നിയത്. 

എന്നാൽ സ്വന്തം രാഷ്ട്രമെന്ന വലിയ സ്വപ്നം പേറുന്പോഴും അത് യാഥാർത്ഥ്യമാക്കേണ്ട വഴികളെപ്പറ്റി പ്യുജിമോണിനോ കൂട്ടാളികൾക്കോ ക‍ത്യമായ ധാരണകളുണ്ടായിരുന്നില്ല. ഹിതപരിശോധനയിലും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും കൂടി പുതിയ രാഷ്ട്രം നിസ്സാരമായി സ്ഥാപിച്ചെടുക്കാമെന്ന പ്യുജിമോണിന്റെയും കൂട്ടരുടെയും സ്വപ്നം മലർപ്പൊടിക്കാരന്റെ സ്വപ്നത്തിനു സമാനമാണെന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടന്ന് രണ്ടു നാളുകൾക്കുള്ളിൽ വെളിവായി.സ്പെയിന്റെ അഖണ്ധതയ്ക്കെതിരെ ചൂണ്ടപ്പെടുന്ന ഓരോ വിരലുകളും അടിച്ചമർത്തപ്പെടുമെന്ന വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി മയിയാനോ രജോയ് അന്നു നൽകിയത്.

കാറ്റലാൻ പാർലമെന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനു തൊട്ടു പിന്നാലേ ദേശീയ സർക്കാർ അടിച്ചമർത്തൽ നടപടികളാരംഭിച്ചു. പാർലമെൻ്റും നിയമ പാലന കാര്യാലയങ്ങളുമെല്ലാം ദേശീയ സർക്കാർ നിയന്ത്രണത്തിലാക്കി. ഒരൊറ്റ രാത്രി പുലർന്നപ്പോഴേക്കും സ്വാതന്ത്ര്യ വാദികൾ രാജ്യദ്രോഹികളായി. കാറ്റലാൻ വിമോചന ശ്രമത്തിന് നായകത്വം നൽകിയ പ്രസിഡണ്ട് കാർലസ് പ്യുജിമോണടക്കം നിരവധി നേതാക്കൾക്കെതിരേ അറസ്റ്റു വാറന്റെത്തി. അവരിൽ പലർക്കും നാടു വിടേണ്ട അവസ്ഥയും സംജാതമായി. പ്യുജിമോൺ അയൽ രാജ്യമായ ബെൽജിയത്തിൽ രാഷ്ട്രീയാഭയം തേടിയിരിക്കുകയാണ്. 

അങ്ങനെ കാറ്റലാൻ ദേശീയ നേതാക്കളുടെ ഭാഗീക അസാന്നിദ്ധ്യത്തിലായിരുന്നു പൊതു തൊരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ കാറ്റലാൻ വിമോചനത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഭൂരിപക്ഷം ലഭിച്ചത് പ്രധാനമന്ത്രി രജോയ്ക്ക് തിരിച്ചടിയാണ്. തെര‌ഞ്ഞെടുപ്പു ഫലം രജോയ്യുടെ മുഖത്തേറ്റ അടിയാണ് എന്നതാണ് വിമോചക നായകരിൽ പ്രധാനിയായ പ്യുജിമോണിന്റെ പ്രതികരണം. 

പ്രതിസന്ധി മൂന്നു മാസം പിന്നിട്ടപ്പോഴായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. എൺപതുശതമാനമാൾക്കാർ വോട്ടുചെയ്ത തെരഞ്ഞെടുപ്പിൽ വിമോചനാനുകൂലികളായ കക്ഷികൾക്ക് ആകെ 48 ശതമാനം വോട്ടു ലഭിച്ചു. ഇവർക്ക് അൻപതു ശതമാനം വോട്ടു ലഭിച്ചില്ല എന്നതിന്റെ ആശ്വാസത്തിലാണ് പ്രധാനമന്ത്രി റജോയ്. മാത്രമല്ല വിമോചനാനുകൂല കക്ഷികൾ തമ്മിൽ അഭിപ്രായ ഐക്യമില്ലാത്തതും അദ്ദേഹത്തിന് ആശ്വാസം പകരുന്നു. പ്യുജിമോണിന്റെ പാർട്ടിക്ക് പുതിയ സഭയിൽ 34 സീറ്റാണുള്ളത്. പ്രധാനമന്ത്രിയുടെ കക്ഷിയുടെ നില പക്ഷേ ഏറെ പരുങ്ങലിലാണ്.

വിമോചനാനുകൂല നേതാക്കളിൽ വിജയിച്ച പലരും നടപടികൾ ഭയന്ന് ഇപ്പോഴും വിദേശരാജ്യങ്ങളിൽ ഒളിവിലോ അഭയത്തിലോ ആണ്. ഇവർ സ്ഥലത്തില്ലാത്തതിനാൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് ഗതിവേഗം ലഭിക്കുന്നില്ല. ഇതും പ്രധാനമന്ത്രിക്ക് ഗുണകരമാണ്. മേഖലയിൽ സ്വാതന്ത്ര്യ വിരുദ്ധരും ശക്തി തെളിയിച്ചു എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. സ്വാതന്ത്ര്യാനുകൂലിക‌ സർക്കാരുണ്ടാക്കാതിരിക്കാൻ പ്രധാനമന്ത്രി എല്ലാ കളികളും കളിക്കുമെന്നുറപ്പ്. അങ്ങനെ വന്നാൽ രാജ്യം ഇപ്പോഴനുഭവിക്കുന്ന സമ്മർദ്ദം വീണ്ടുമൊരു നാലുമാസം കൂടി നീളും. സർക്കാർ രൂപീകരണ നീക്കങ്ങൾ ഫലം കണ്ടില്ലെങ്കിൽ വരുന്ന ഏപ്രിലിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തേണ്ടി വരും. 

സ്പെയിന്റെ രാഷ്ട്രീയ ആകാശം കാർമേഘങ്ങൾ മൂടുന്പോൾ ഫിലിപ്പീൻസിൽ യഥാർത്ഥ മേഘങ്ങളും മഴയും ഒക്കെ സംഹാര താണ്ടവമാടുന്ന കാഴ്ചയോടെയാണ് ആഴ്ചയ്ക്ക് അറുതിയാകുന്നത്. കടൽക്ഷോഭത്തെ തുടർന്ന് ഫിലിപ്പീൻസിൽ 180 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യൻ തീരത്തെ കണ്ണീർക്കടലിലാഴ്ത്തിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെയെത്തിയ ടെന്പിൻ കൊടുങ്കാറ്റാണ് ഫിലിപ്പീൻസിൽ കൊടിയ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമൊക്കെ കനത്ത ആൾനാശമാണ് വരുത്തുന്നത്. ടെന്പിൻ കൊടുങ്കാറ്റിന്റെ താണ്ധവം കനത്തതാണ്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ ആ നാട്ടിലുള്ളവർക്ക് അതിവേഗം കഴിയട്ടെ എന്നു പ്രത്യാശിക്കാം.

You might also like

Most Viewed