തമിഴ് രാഷ്ട്രീയം പുതിയ മാനങ്ങൾ തേടുമോ ?
ഇ.പി അനിൽ
epanil@gmail.com
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് പലതുകൊണ്ടും ശ്രദ്ധേയമായ തമിഴകം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പിതൃ/മാതൃ സ്ഥാനം അലങ്കരിക്കുവാൻ സർവ്വാത്മന യോഗ്യതയുള്ള ഏക പ്രദേശമാണ്. ഭാഷ കൊണ്ടും അതിന്‍റെ വളർച്ചയെ സൂചിപ്പിക്കുന്ന സാഹിത്യം കൊണ്ടും കലകളുടെ സജീവതകൊണ്ടും നിർമ്മാണ രീതികൊണ്ടും രാജ ഭരണത്തിന്‍റെ ചരിത്രം കൊണ്ടുമെല്ലാം ശ്രദ്ധേയമായിരുന്ന തമിഴകം അശോകനെ പോലെയുള്ളവരുടെ സുവർണ്ണകാല ഭരണത്തെ ഓർമ്മിപ്പിക്കുന്നതാണ്. മലയാളഭാഷയും മലയാളത്തിന്‍റെ ദേശീയ ഉത്സവവും തമിഴകത്തോട് കൂറു പുലർത്തുന്നുണ്ട്. കേരള ദേശത്തിന് അലകും പിടിയും ഉണ്ടാകുവാൻ സഹായിച്ച നൂറ്റാണ്ട് യുദ്ധം ദ്രാവിഡ ദേശവും കേരളവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പ്രാചീനകാലം മുതലുള്ള ചരിത്രം കൊണ്ട് ഏതു സമൂഹത്തിനും മാതൃകയായിരുന്ന തമിഴ്നാടിന്‍റെ ഇന്നത്തെ രാഷ്ട്രീയ രംഗം വല്ലാത്ത തിരിച്ചടിയിലാണ്. ആ അവസ്ഥയിൽ തമിഴക സിനിമാലോകത്തെ സൂപ്പർ സ്റ്റാർ രജനികാന്തും മറ്റൊരു അതികായകൻ കമലഹാസനും രാഷ്ട്രീയ രംഗത്ത് സജീവമാകും എന്ന വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ മറ്റൊരു ചരിത്രകാല ഘട്ടത്തിന് തുടക്കം കുറിക്കും എന്ന് പ്രതീക്ഷിക്കാം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയുണ്ടാക്കിയ നവോത്ഥാന മുന്നേറ്റത്തിന്‍റെ ഏറ്റവും ആകർഷകമായ മുദ്രാവാക്യങ്ങളിൽ യുക്തിവാദത്തിനു ലഭിച്ച സാമൂഹിക പ്രസക്തി വലിയ സാമൂഹിക മാറ്റങ്ങൾക്ക് ഇടം നൽകി. അതിൽ ബ്രാഹ്മണ മേൽക്കോയ്മക്ക് എതിരായ വികാരം ശക്തമായി ഉയർന്നു വന്നതായി കാണാം. ചാർവക− ബുദ്ധ ചരിത്രത്തിന്‍റെ തുടർച്ചയെന്നോണം ബസവയെ പോലെയുള്ളവർ കർണ്ണാടകയിലും തിരുവുള്ളവരും മറ്റും തമിഴകത്തും നടത്തിയ പ്രവത്തനങ്ങൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ നിശ്ചലമായി. പിൽക്കാലത്ത് ചാതുർവർണ്യ വിരുദ്ധ സമരങ്ങൾ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിൽ പ്രധാന സംഭാവന നൽകിയ നാട് തമിഴകം തന്നെയാണ്. ഡോക്ടർ നടേശനായിക്കരും അദ്ദേഹത്തിന്‍റെ ശിഷ്യനായി രംഗത്ത് വന്ന പെരിയോർ, (ഇ.വിരാമസ്വാമി) ബ്രാഹ്മണ മേൽക്കോയ്മയെ എതിർത്ത് പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ നിർത്തി ദ്രാവിഡ കഴക സാംസ്കാരിക സംഘടനയുണ്ടാക്കി. രാഷ്ട്രീയത്തിൽ മത−ജാതിബന്ധങ്ങളെ ഒഴിവാക്കുക, സമത്വ ബോധം വർദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. യുക്തി വാദം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്തിയ ദ്രാവിഡ കഴകം പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകമായി 1967 മുതൽ തമിഴ് രാഷ്ട്രീയത്തെ നിയന്ത്രിച്ചുവരുന്നു. ഒരു കാലത്ത് യുക്തിവാദം പ്രധാന രാഷ്ട്രീയ മുദ്രവാക്യമായിരുന്ന നാടിന്‍റെ ഇന്നത്തെ അവസ്ഥ അത്ഭുതമുളവാക്കുമാറ് അന്തവിശ്വാസാതിഷ്ടിതമായി കഴിഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിന്‍റെ ഭാഗമായിരുന്ന തമിഴകത്തെ ആദ്യകാലത്തെ രാഷ്ട്രീയ സംഘം ജസ്റ്റിസ് പാർട്ടിയായിരുന്നു. അവർ ബ്രിട്ടീഷ് കാലത്ത് പല തവണ അധികാരത്തിൽ എത്തി. അവിടെ കോൺഗ്രസ് നേതാവ് രാജഗോപാലാചാരിയുടെ നേതൃത്വത്തിന് മാത്രമാണ് മറ്റൊരു രാഷ്ട്രീയ പരീക്ഷണത്തിന് അവസരം ലഭിച്ചത്. 1944ൽ ജസ്റ്റിസ് പാർട്ടി പിരിച്ചു വിടുന്നതുവരെ അവർ പ്രബല ശക്തിയായി തുടർന്നു. പെരിയോരും കൂട്ടരും കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകി. എന്നാൽ കോൺഗ്രസ് ചാതുർവർണ്യത്തെ തള്ളി പറയുന്നില്ല എന്ന ആരോപണം ഉയർത്തി ദ്രാവിഡ കഴകം രൂപീകരിച്ചു. പിൽക്കാലത്ത് ദ്രാവിഡ കഴകത്തിൽ നിന്നും ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചതോടെ അത് തമിഴ് രാഷ്ട്രീയ അധികാരത്തിൽ പ്രധാന പങ്കു വഹിക്കുന്ന പാർട്ടിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ സമുന്നത നേതാവ് കാമരാജും സുബ്രഹ്മണ്യ ഭാരതിയും ഒക്കെ ഉയർത്തിയ കോൺഗ്രസ് രാഷ്ട്രീയം 1967 ലെ തിരഞ്ഞെടുപ്പോടെ രണ്ടാം ശ്രേണിയിലേയ്ക്ക് പിന്‍തള്ളപ്പെടുകയും ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം ശക്തമായി തീർന്നു. സിനിമാ രംഗത്തെ പ്രധാന സ്ഥാനം അലങ്കരിച്ച അണ്ണാ ദുരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ആദ്യ തമിഴ്നാട് മുഖ്യമന്ത്രിയായി. അതിനു ശേഷം നാളിതുവരെ തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ കഴകം പാർട്ടികൾ ഭരണ പ്രതി പക്ഷ റോളുകൾ വഹിച്ചു വരുന്നു.
കേരളത്തിൽ നിന്നും വ്യത്യസ്തമായ ഭൂ പ്രകൃതി നിലനിൽക്കുന്ന തമിഴകത്ത് നെല്ല് പോലെയുള്ള കൃഷികൾ കൊണ്ട് സന്പന്നമാണ്. കാവേരിയും താമ്ര പർണ്ണിയും വൈഗയും തീർത്ത തീരങ്ങളിൽ നെല്ലും പച്ചക്കറിയും നൂറ്റാണ്ടുകൾ ആയി കൃഷി ചെയ്യുന്ന കർഷകരുടെ വിസ്താരമേറിയ കൃഷി ഇടങ്ങൾ വിളകൾ മറ്റു സംസ്ഥാനങ്ങൾക്ക് കയറ്റി അയക്കുന്ന ഇടമാക്കി. കാർഷിക വൃത്തി തന്നെ സംസ്കാരമായി ശക്തി പ്രാപിച്ചു. ദ്രാവിഡ ഗോത്ര ബോധത്തിൽ തുടക്കം മുതൽ കേന്ദ്രീകരിക്കുവാൻ ഇഷ്ടപ്പെട്ട തമിഴ് ജനത ആര്യ ചരിത്രത്തെ അംഗീകരിക്കുവാൻ തയ്യാറായില്ല. രാമനേക്കാൾ രാവണന് അംഗീകാരം നൽകുന്ന രചനകൾ അവിടെ ഉണ്ടായി. രാവണന്‍റെ രാജ്യമായി കരുതി വരുന്ന ലങ്കയെ മോശപ്പെട്ട ഒന്നായി കാണുന്ന വടക്കേ ഇന്ത്യൻ രീതികളെ അവർ പണ്ടുകാലം തന്നെ എതിർത്തു വന്നു. ഒപ്പം സീതയെ രാവണ പുത്രിയായി കണ്ട് രാവണായനം പ്രചരിപ്പിക്കുവാൻ അവർ താൽപ്പര്യം കാട്ടി. ആര്യ അധിനിവേശത്തെ ഭാഷയുടെ കടന്നു കയറ്റമായി കരുതണം എന്ന് ചരിത്ര പണ്ധിതന്മാർ പറയുന്പോൾ തമിഴരുടെ ഭാഷയോടുള്ള താൽപ്പര്യവും ദ്രാവിഡ സംസ്ക്കാരത്തിന് അടിത്തറയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തുകൊണ്ട് തന്നെ ഹിന്ദി ഭാഷയുടെ മുൻതൂക്കത്തെ തള്ളിപ്പറയുവാൻ അവർ ഒറ്റക്കെട്ടായുണ്ടായിരുന്നു. ഇന്ത്യൻ ദേശീയ സങ്കൽപ്പങ്ങൾക്ക് ഒപ്പമോ അതിലും പ്രധാനമായോ ദ്രാവിഡ ദേശ സങ്കൽപ്പങ്ങൾ സജീവമാക്കുവാൻ അവർ ശ്രമിച്ചു. നാഗാലാൻഡ് പ്രദേശത്തിന്‍റെ ദേശീയ വാദം കഴിഞ്ഞാൽ ആദ്യമായി ഇന്ത്യൻ ദേശീയതയെ വെല്ലുവിളിക്കുവാൻ ദ്രാവിഡ കക്ഷികൾ തയ്യാറെടുത്തു. ഇതിനെ അടിച്ചൊതൊക്കുവാൻ ലക്ഷ്യം വെച്ചാണ് UAPA നിയമം കേന്ദ്ര സർക്കാർ 1960കളുടെ മധ്യത്തിൽ ഉണ്ടാക്കിയത്. ശ്രീലങ്കയുമായി ചേർന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും കൂട്ടി ദ്രാവിഡ രാജ്യം എന്ന സ്വപ്നത്തിനായി തമിഴ് ജനത അണിനിരക്കും എന്ന് നെഹ്്റുവും പിന്നീട് ഇന്ദിരയും ഭയപ്പെട്ടു.
ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ശക്തനായ വക്താവായ പെരിയോർ എന്ന രാമസ്വാമി വൈക്കം സത്യാഗ്രഹത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു എന്ന് മലയാളികൾക്കറിയാം. വൈക്കം സത്യാഗ്രഹത്തിൽ പൂർണ്ണ സമയം മുഴുകിയ പെരിയോർ തമിഴ്നാട്ടിൽ മടങ്ങി എത്തി അന്തവിശ്വാസത്തെ പാടെ എതിർക്കുവാൻ പൂർണ്ണ സമയ പ്രവർത്തനങ്ങളിൽ മുഴുകി. വിവിധ ജാതി ഗ്രൂപ്പുകളായ തേവർ, ഗൗഡർ, വാണിയാർ തുടങ്ങിയവർ പരസ്പരവും ദളിത് വിഭാഗങ്ങളെ പ്രത്യേകവും ആക്രമിക്കുവാൻ മടി കാണിച്ചിട്ടില്ല. ഭൂമിയുടെ ഉടമകളായവരും കച്ചവടം പണമിടപാട് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ദളിത്−ആദിവാസി വിഭാഗങ്ങളെ പൊതു വേദിയിൽ നിന്നും ഒഴിവാക്കുവാൻ എപ്പോഴും ശ്രദ്ധിച്ചു വന്നു. താഴ്ന്ന ജാതിയിൽപ്പെട്ട ആളുകൾക്ക് ഒരു പരിഗണനയും നൽകാതെ അവരെ അടിമകളുടെ രൂപത്തിൽ കരുതി. വൻകിട ഭൂ ഉടമകളെ സംരക്ഷിക്കുവാൻ ഭൂമിയുടെ കേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ കൈകൊണ്ടു. മൊത്തത്തിൽ പഴയ കാല ജന്മിത്തവും ഹുണ്ടിക സംസ്കാരവും തുടരുന്നതിൽ പാർട്ടികൾ എതിർപ്പുകൾ ശക്തമാക്കിയില്ല. തമിഴകത്തെ ദളിതരെ റോഡിൽ കൂടി നടക്കുവാനും ഉത്സവങ്ങളിൽ നിന്നും മാറ്റി നിർത്തുവാനും മടിക്കാത്ത ഗ്രാമങ്ങൾ ഇന്നും ഒട്ടും കുറവല്ല. പഞ്ചായത്തിന്‍റെ പ്രഥമ പദവി ഏറ്റെടുക്കുവാൻ ദളിതരെ അനുവദിക്കാത്ത അനുഭവങ്ങൾ വാർത്തയാണ്. പിന്നോക്കക്കാർക്ക് സൈക്കിൾ ഓടിക്കുവാനും മേൽ മീശ വെക്കുവാനും അനുവദിക്കാത്ത നാടായി തമിഴ്നാട് തുടരുവാൻ കാരണം ദ്രാവിഡ മുദ്രാവാക്യങ്ങളെ അവർതന്നെ കൈ ഒഴിഞ്ഞു എന്നതിനാലാണ്. കമ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്ന് ദളിത് അവകാശങ്ങൾ നേടുവാനും അവഗണനകൾ പരിഹരിക്കുവാനും ഭൂമിയിൽ അധികാരം ഉറപ്പിക്കുവാനും നടത്തിയ ശ്രമങ്ങളെ കൂട്ടക്കുരുതിയിലൂടെ തടയുവാൻ സവർണ്ണർ നടത്തിയ ശ്രമങ്ങൾ 44 ദളിതരുടെ കൊലപാതകത്തിന് ഇടവരുത്തി. (കീഴ്മേൽ മണി കൂട്ടകുരുതി ഡിസംബർ 25 1968) ദളിത് കർഷക തൊഴിലാളികൾ കൂലി വർദ്ധന ചോദിച്ചതാണ് ഭൂമുതലാളിമാരായ ഉയർന്ന ജാതിക്കാരെ ചൊടിപ്പിച്ചത്. മീനാക്ഷിപുരത്തെ (തിരുനൽവേലി ജില്ല) 200 ദളിതർ മേൽ ജാതിക്കാരുടെ അവഗണനയിൽ പ്രതിക്ഷേധിച്ച് ഇസ്ലാം മതത്തിൽ ചേർന്നതിനെതിരെ നടന്ന വർഗ്ഗീയ കലാപം (1981) തമിഴ്നാട്ടിൽ നിലനിൽക്കുന്ന ജാതി/മത സ്പർദ്ദയുടെ തെളിവാണ്.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ മുഖ്യമന്ത്രിയായി എത്തിയ കരുണാനിധിയുടെ അഴിമതി വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് കരുണാനിധിയുടെ തന്നെ സഹ പ്രവർത്തകനും പാർട്ടിയുടെ ട്രഷർറുമായ എംജിആർ എന്ന പാലക്കാട്ട് സ്വദേശി എംജി രാമചന്ദ്രൻ പുതിയ പാർട്ടിയുണ്ടാക്കി 1977 മുതൽ തുടർച്ചയായി 10 വർഷം സംസ്ഥാനം ഭരിച്ചു. 77 മുതൽ 3 വർഷം കൊണ്ട് തമിഴിലെ സാധരണ ജനങ്ങളെ തന്നിലേയ്ക്ക് അടിപ്പിക്കുവാൻ അദ്ദേഹം വിജയിച്ചു. ഉച്ച ഭക്ഷണം തുടങ്ങിയ ക്ഷേമ പദ്ധതികൾ നടപ്പിൽ വരുത്തി. എന്നാൽ ഭൂമിയുടെ പുനർ വിതരണം നടപ്പിൽ കൊണ്ട് വരുവാൻ അദ്ദേഹം മുതിർന്നില്ല. ഇതിനു മുന്‍പ് ഉള്ള ദ്രാവിഡ നേതാക്കളിൽ നിന്നും വ്യത്യസ്തമായി വ്യക്തിപരമായ ദേവാലയങ്ങളിൽ വിശ്വാസിയായി പോകുവാൻ അദ്ദേഹം മടികാണിച്ചില്ല. അതേ സമയം എല്ലാ ജന വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു. സൈദ്ധാന്തികനോ പ്രഭാഷണ വിദഗ്ദ്ധനോ അല്ലാത്ത MGR ഗ്രാമീണരെ ഇളക്കി മറിച്ചതിനു പിന്നിൽ സാധരണക്കാർക്ക് നൽകിയ ആനുകൂല്യങ്ങൾ പ്രധാന പങ്കു വഹിച്ചു. അദ്ദേഹം 87ൽ മരണപ്പെട്ടതോടെ കരുണാനിധി അധികാരത്തിലേയ്ക്ക് മടങ്ങി വരികയും എംജിആറിന്‍റെ പാർട്ടി നേതാവ് പദവിയിലേയ്ക്ക് ജയലളിത വളരുകയും ചെയ്തു. 2000ത്തിനു ശേഷം തമിഴ്്രാഷ്ട്രീയം കൂടുതൽ കൂടുതൽ ആശയ ദാരിദ്ര്യത്തിൽ കുടുങ്ങി എന്ന് കാണാം. ക്ഷേമ പദ്ധതികൾക്ക് പകരം വ്യക്തികൾക്ക് ഉപഭോഗ ഉത്പ്പന്നങ്ങൾ നൽകി കൈയ്യടി വാങ്ങുന്ന പദ്ധതികൾ എഐഡിഎംകെയും ഡിഎംകെയും ആവർത്തിച്ചു. സൈക്കിൾ, ടിവി, തയ്യൽ മെഷീൻ, പാത്രങ്ങൾ നൽകൽ ഇങ്ങനെ പോയി മുന്നണികൾ കണ്ടെത്തിയ പുതിയ മാർഗ്ഗങ്ങൾ. ഇവക്കൊപ്പം അഴിമതികൾ കൊടികുത്തി വാഴുന്ന നാടായി തമിഴകം മാറി കഴിഞ്ഞു. തമിഴ് നാടിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രി അഴിമതിയിൽ ശിക്ഷിക്കുവാൻ കഴിയുമാറ് ട്രാക്ക് റിക്കോർഡുകൾ സ്വന്തമാക്കി. മറുവശത്ത് കരുണാനിധിയുടെ കുടുംബങ്ങൾ വിവിധ ദേശീയ− സംസ്ഥാന തല വൻകിട അഴിമതി വാർത്തകളിൽ ഇടം നേടി. (മുരശൈലി മാരൻ കുടുംബ ആസ്തികൾ ശരം കണക്കിന് വേഗത്തിൽ വളർന്നു.) ഭരണ പക്ഷവും പ്രതിപക്ഷവും ഒരുപോലെ അഴിമതിയിൽപ്പെട്ട് കോടതികൾ കയറി ഇറങ്ങുന്നതായി നമുക്ക് കാണുവാൻ കഴിഞ്ഞു.
ജയലളിതയുടെ മരണവും രാഷ്ട്രീയത്തിൽ നിന്നും ഏതാണ്ട് വിടുതൽ വാങ്ങി കഴിഞ്ഞ കരുണാനിധിയുടെ അസാന്നിദ്ധ്യവും തമിഴ് രാഷ്ട്രീയത്തിന് പുതിയ ജനകീയ നേതാക്കളെ കണ്ടെത്തുവാൻ അവസരം ഒരുക്കുകയാണ്. ഇവിടെയാണ് അണ്ണാദുരെ മുതൽ കരുണാനിധിയും എംജിആറും ജയലളിതയും എത്തിയ നേതൃത്വ പദവിയിലേയ്ക്ക് രജനികാന്തിനെ നിരവധിയാളുകൾ സ്വപ്നം കാണുന്നത്. തീർച്ചയായും കമലഹാസൻ എന്ന നടനും യുക്തിവാദിയുമായ വ്യക്തിയുടെ സാന്നിദ്ധ്യവും പ്രധാന ചർച്ചയാകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സന്പന്നമായ തമിഴ്നാട് ഇന്നും ജാതി വൈര്യം കൊണ്ട് കലുഴഷിതമാണ്. മതേതര വിവാഹത്തിന്‍റെ പേരിൽ കൊലപാതകവും സമുദായത്തിലെ ആളുകളെ കൂട്ടമായി ആക്രമിക്കുന്ന സംഭവങ്ങളും ഒട്ടും കുറയുന്നില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ മതേതര വിവാഹം നടക്കുന്ന തമിഴ് നാട് അവരുടെ നാട്ടിൽ നിലനിന്നു വരുന്ന ജാതി സ്പർദ്ദയുടെ തീവ്രത തെളിയിക്കുന്നു. (തമിഴ് നാട്ടിൽ ജാതി−മതാതീത വിവാഹങ്ങൾ 2.6% മാത്രം നടക്കുന്പോൾ കേരളത്തിൽ അത് 20% ആണ്) സാമൂഹിക സ്പർദ്ദ നില നിൽക്കുന്ന തമിഴ്നാട് കാർഷിക രംഗത്ത് വലിയ തിരിച്ചടിയിലാണ്. കഴിഞ്ഞ മാസങ്ങളിൽ തമിഴ് കർഷകർ ഡൽഹിയിൽ നടത്തിയ വൻ പ്രതിഷേധങ്ങൾ അവരുടെ ദുരവസ്ഥകളെ തെളിയിക്കുന്നു. ചെറുകിട വ്യവസായങ്ങൾ (പടക്കം, അച്ചടി, തീപെട്ടി, ചെറുകിട യന്ത്രങ്ങളുടെ നിർമ്മാണം, ഓട് വ്യവസായം മുതലായവ) പാടെ തകർന്നു. കാലാവസ്ഥാ വ്യതിയാനം വരൾച്ച രൂക്ഷമാക്കി. പാന്പാർ പോലെയുള്ള നദികൾ തന്നെ ഇല്ലാതെയായി. ഗ്രാമങ്ങൾ ഉപേക്ഷിച്ച് നഗരങ്ങളിലേക്കുള്ള പറിച്ചു നടൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിനൊപ്പം തമിഴ്നാട് കൂടുതൽ കൂടുതൽ കടത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.
ഇന്ത്യയിലെ മെച്ചപ്പെട്ട സാന്പത്തിക സുരക്ഷ ഉണ്ടായിരുന്ന സംസ്ഥാനം ഇന്ന് കടക്കെണിയിൽ പ്പെട്ടതായി കാണാം. 2006ലെ കടങ്ങൾ 15 മടങ്ങ് വർദ്ധിച്ച് സംസ്ഥാനത്തെ മൊത്തം കടം 2.52 ലക്ഷം കോടിയിൽ എത്തി. 5 വർഷത്തിനു മുന്‍പ് റെവന്യൂ മിച്ചം കാട്ടിയിരുന്ന നാട്ടിൽ കമ്മി പ്രതിവർഷം 50%ത്തിലധികം കണ്ടു കൂടിവരുന്നു. തമിഴ് നാടിന്‍റെ ഇന്നത്തെ ചിത്രം ആശാവഹമല്ല എന്ന് പറയുന്പോൾ അതിനുള്ള കാരണം ദ്രാവിഡ രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തിയ അഴിമതിയും ധൂർത്തും വോട്ടു ബാങ്കുകൾ നില നിർത്തുവാനും വർദ്ധിപ്പിക്കുവാനും നടപ്പിൽ കൊണ്ടുവന്ന ആരോഗ്യകരമല്ലാത്ത പദ്ധതികൾ ആണ്. രാഷ്ട്രീയം വ്യക്തികളെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. നേതാവ് ആരാധനാപാത്രമായി. അവർക്കായി ആത്മാഹൂതി നടത്തുന്ന അനുയായികൾ നേതാക്കൾക്ക് കൂടുതൽ തെറ്റുകൾ ചെയ്യുവാൻ സഹായകരമായി. അവർക്ക് പിൻഗാമികൾ ഉണ്ടാകാതിരിക്കുവാൻ, ഉണ്ടായാൽ തന്നെ സ്വന്തക്കാർ മാത്രം മുന്നിൽ വരുവാൻ നേതാക്കൾ ശ്രദ്ധിച്ചു. അതിനൊപ്പം ജനങ്ങളുടെ മനസ്സുകളെ സ്വാധീനിക്കുവാൻ കഴിയാത്ത ഉപഗ്രഹങ്ങൾ മാത്രമായിരുന്നവരുടെ നേതൃത്വത്തെ ജനങ്ങൾ വിശ്വസിക്കുവാൻ മടിക്കുകയാണ്. ഇവിടെയാണ് തമിഴ് രാഷ്ട്രീയം പുതിയ നേതൃത്വത്തെ തേടുവാൻ നിർബന്ധിതരായി തീർന്നിരിക്കുന്നത്.
തമിഴ് ജനതയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ആർഎസ്എസ്രാഷ്ട്രീയത്തെ കടത്തി വിടുവാൻ വേണ്ട ശ്രമങ്ങൾ കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നുണ്ട്. അതിനവസരം ഒരുക്കുന്ന തരത്തിൽ ബിജെപിയുടെ ദേശീയ സർക്കാരിൽ കരുണാനിധിയുടെ പാർട്ടിയും ജയലളിതയുടെ പാർട്ടിയും മാറി മാറി പിന്തുണ നൽകിയിരുന്നു. എന്നാൽ ഇരുവരും ആർഎസ്എസ്സിന്‍റെ വേരുകൾ തമിഴകത്തുറപ്പിക്കുവാതിരിക്കുന്നത് ശ്രദ്ധിച്ചു എന്ന് കാണാം. മാറിയ തമിഴ് രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ബാന്ധവങ്ങളിൽ ആരൊക്കെ അണിചേരും എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് ചാതുർവർണ്യത്തിനെതിരെ പ്രധാന മുദ്രാവാക്യം ഉയർത്തിയ ദ്രാവിഡ സംസ്ഥാനത്ത് ഹൈന്ദവ മത മൗലികതയുടെ രാഷ്ട്രീയത്തിന്‍റെ സാന്നിദ്ധ്യം നാട്ടിൽ കൂടുതൽ കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും. രാജ്യത്ത് ആദ്യമായി ചെങ്കൊടി ഉയർത്തിയ (തിരുനൽവേലി) സഖാവ്. ശിങ്കാരവേലുവിന്‍റെ നാട്ടിൽ ഇടതുപക്ഷ രാഷ്ട്രീയം പാടെ അസ്തമിച്ചതായി കഴിഞ്ഞ കാൽ നൂറ്റാണ്ട് രാഷ്ട്രീയം തെളിയിക്കുന്നു. കർഷക തൊഴിലാളികളെയും മറ്റു വ്യവസായ തൊഴിലാളികളെയും വലിയ നിലയിൽ സംഘടിപ്പിച്ച കമ്യുണിസ്റ്റ് പാർട്ടികൾ കന്യാകുമാരി ജില്ലയിലും സേലം, കോയന്പത്തൂർ, ഈറോഡ്, മധുര തുടങ്ങിയ ജില്ലകളിലും അപ്രസക്തമായി കഴിഞ്ഞു.
ഇന്ത്യൻ ദ്രാവിഡ സംസ്കാരത്തിന്‍റെ താഴ്്വര എന്ന് വിശേഷിപ്പിക്കാവുന്ന തമിഴകം കാർഷിക രംഗത്തും മറ്റു രംഗങ്ങളിലും തിരച്ചടി നേരിടുന്നു. ദരിദ്രരായ ഗ്രാമീണർ കൂടുതൽ കൂടുതൽ പാപ്പരായി മാറികഴിഞ്ഞു. നഗരങ്ങളിലേയ്ക്ക് തൊഴിൽ തേടി ജനങ്ങൾ എത്തുന്നത് വർദ്ധിക്കുന്നു. ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലാണ്. വരൾച്ച വല്ലാതെ തമിഴ് നാടിനെ കാർന്നു തിന്നുന്നു. ജാതികൾ തമ്മിൽ പോരടിക്കലുകൾ വർദ്‍ധിച്ചു. ദളിത് പീഡനങ്ങൾ കുറയുന്നില്ല. രാജ്യത്തെ ഏറ്റവും സന്പന്നമായ സംസ്ഥാനം എല്ലാ അർത്ഥത്തിലും വീർപ്പു മുട്ടുകയാണ്. ഇതിനുള്ള പരിഹാരം തികച്ചും രാഷ്ട്രീയമാണ്. അതിനു പരിഹാരം തേടുന്ന ജനാധിപത്യ മുന്നേറ്റങ്ങൾ തമിഴകത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.