മഹത്ത്വപൂർണ്ണമായ മാതൃകകളെ പിന്തുടരുക
വഴിവിളക്ക് - വിഭിഷ് തിക്കോടി
ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച മഹാൻമാരെ മാതൃകയാക്കുകയെന്നത് ശ്രേഷ്ഠമായ വ്യക്തിത്വ വികാസത്തിന് അനിവാര്യമായ ഒരു കാര്യമാണ്. ചരിത്രത്താളുകളിൽ തങ്ങളുടെ ജീവിതരീതി കൊണ്ട്, സവിശേഷതളാൽ കൈയൊപ്പ് ചാർത്തിയ മഹാ വ്യക്തിത്വങ്ങളുടെ ജീവിതത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാനും ഉൾക്കൊള്ളാനും കഴിയും.
ദൃഢനിശ്ചയം, ശുഭപ്രതി വിശ്വാസം, സ്ഥിരോത്സാഹം, നിരന്തരമായ പരിശ്രമം തുടങ്ങിയ ക്രിയാത്മക ഗുണങ്ങൾ മൂലമാണ് ഇവർ ജീവിതത്തിൽ ഔന്നത്യത്തിലെത്തുന്നത്. അവരെ പോലെ പ്രവർത്തിച്ചാൽ നമുക്കും ആ അവസ്ഥയിലെത്താവുന്നതേയുള്ളു. അതിനാൽ മഹാന്മാരെ ഉന്നതിയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ സംബന്ധിച്ചും രീതികളെ കുറിച്ചുമാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ചരിത്രത്തിലും, സമകാലിക ലോകത്തും ഉദാത്തമായ ഗുണഗണങ്ങളാൽ സന്പന്നരായ ഒരുപാട് മഹാൻമാരെയും, മഹതികളെയും നമുക്ക് കാണാം. അവരെ കുറിച്ച്, അവരുടെ ജീവിതത്തെ പറ്റി ആഴത്തിൽ പഠിക്കുന്പോൾ നാമറിയാതെ നമ്മുടെ ചിന്തയെ, പ്രവർത്തിയെ സ്വാധീനിക്കുന്ന ഒരു പാട് ഘടകങ്ങളെ കാണാൻ സാധിക്കും. ജീവിതത്തെ പോലും മാറ്റി മറിക്കാൻ സാധിക്കുന്ന ഊർജ്ജ ശ്രോതസ്സ് ഇത്തരം പഠനങ്ങളിലൂടെ ലഭിക്കുന്നതാണ്. മഹാൻമാരായ വ്യക്തികളെ ഒരിക്കലും അതിമാനുഷ്യരായി കണക്കാക്കരുത്. അവരെ ആദരിച്ചാൽ മാത്രം മതിയാകു; ഒരിക്കലും ആരാധിക്കേണ്ടതില്ല. അവർ ചില രംഗങ്ങളിൽ വിദ്ഗദ്ധരാണെന്നു വെച്ച് എല്ലാ കാര്യങ്ങളിലും അപ്രമാദിത്വം ഉള്ളവരല്ല.
മഹാൻമാരും ചെറുപ്പത്തിൽ നമ്മളെപ്പോലെയൊക്കെ തന്നെ ആയിരുന്നു. കുറ്റങ്ങളും കുറവകളും അവർക്കുമുണ്ട്. പക്ഷെ നമ്മൾ ഇതു കണക്കിലെടുക്കാതെ മഹാൻമാരെ അന്ധരായി ആരാധിക്കുന്നു. അന്ധമായ വീരാരാധന ധീക്ഷണയുടെ മുരടിപ്പിനു വഴിതെളിയിക്കുന്നു. അവരുടെ ഗുണങ്ങൾ നമ്മൾ പർവ്വതികരിക്കുന്പോൾ നമുക്കും അവർക്കുമിടയിലുമുള്ള അകൽച്ച വലുതാകാൻ നമ്മൾ വഴിയൊരുക്കുന്നു. അന്ധമായ ആരാധനക്ക് പകരം അവരുടെ ജീവിതത്തിന്റെ നല്ല വശങ്ങൾ നമ്മുടെ ജീവിതവുമായി ഇണക്കിചേർക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അപ്പോഴാണ് പരിവർത്തനത്തിന്റെ വിത്തുകൾ മുളക്കുന്നത്.
അമന്ത്രമക്ഷരം നാസ്തി
നാസ്തി മൂലമമനൗഷധം
അയോഗ്യ: പുരുഷോ നാസ്തി
യോജകസ്തത്ര ദുർലഭ:
മന്ത്രമില്ലാത്തൊരു അക്ഷരമില്ല, ഔഷധവീര്യമില്ലാത്തൊരു വേരുമില്ല. അതുപോലെ യോഗ്യതയില്ലാത്ത മനുഷ്യനുമില്ല. എന്നാൽ യഥാസമയം ഇവ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നവരാണ് ദുർലഭം.
എല്ലാ വ്യക്തികൾക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളും യോഗ്യതകളുമുണ്ട്. അവ കണ്ടെത്തി വികസിപ്പിച്ചെടുക്കുന്പോഴാണ് പൂർണ്ണത കൈവരിക്കാൻ സാധിക്കുകയുള്ളു. മാതാപിതാക്കളും, അദ്ധ്യാപകരും ഇത്തരത്തിൽ കുട്ടികളിലെ സർഗ്ഗശേഷിയും പ്രതിഭയെയും കണ്ടെത്തി ഉദ്ബുദ്ധരാക്കേണ്ടതുണ്ട്. അവർക്ക് പിന്തുടരാൻ അസംഖ്യം മാതൃകകൾ മുന്നിലുണ്ട്. കുട്ടികൾക്ക് മാതൃകയാവുന്നതോടപ്പം മഹദ് വ്യക്തിത്വങ്ങളുടെ വഴിത്താരയിലൂടെ സഞ്ചരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന അന്തരീക്ഷം കുടംബങ്ങളിലും വിദ്യാലയങ്ങളിലും സൃഷ്ടിക്കുവാൻ ബോധപൂർവ്വമുള്ള പരിശ്രമം അത്യാവശ്യമാണ്.
മഹാന്മാരുടെ കഥകൾ, അവരുടെ ഉപദേശങ്ങൾ, സംഭാവനകൾ, സവിശേഷതകൾ, എഴുത്തുകൾ ഇതൊക്കെ ചെറുപ്പത്തിലെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുവാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. പാഠപുസ്തകങ്ങൾ മരുഭൂമികളായി മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, യാന്ത്രികമായ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ കുട്ടികളുടെ ശോഭനമായ ഭാവി ആഗ്രഹിക്കുന്നവർ അൽപ്പ സമയം കണ്ടെത്തി മഹാൻമാരുടെ ജീവചരിത്രം അവർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ ശ്രമിച്ചേ മതിയാകു. എല്ലാ മഹാ വ്യക്തിത്വങ്ങളെയും പഠിക്കുവാൻ അവസരം നൽകുക. കുട്ടികളുടെ അഭിരുചിയും താൽപര്യത്തിനുമനുസൃതമായി അവർ അവർക്കിഷ്ടമുള്ളവരെ മാതൃകാപുരുഷൻമാരായി തിരഞ്ഞെടുക്കട്ടെ. അതോടപ്പം അറിവ്, അനുഭവസന്പത്ത് തുടങ്ങിയ കാര്യങ്ങളിലും പ്രായം കൊണ്ടും തന്നെക്കാൾ വലിയവരായ ആളുകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ശീലവും വളർത്തിയെടുക്കണം. ജ്ഞാനികൾ, പുരോഹിതർ, ഒരോ മേഖലയിൽ പ്രത്യേകം പ്രാവീണ്യമുള്ള വിദഗ്ദ്ധൻമാർ, സാമൂഹ്യ പരിഷ്കർത്താക്കൾ തുടങ്ങിയവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മാതൃകയാക്കുന്നത് വളരെയേറെ ഗുണകരമായിത്തീരും.
മുഹമ്മദ് നബി, യേശുദേവൻ, ശ്രീരാമചന്ദ്രൻ, ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, അംബ്ദേക്കർ, അബ്ദുൾ കലാം എന്നിങ്ങനെ നീളുന്ന ശ്രേഷ്ഠരായ, മഹത്ത്വ പൂർണ്ണരായ മാതൃകാ വ്യക്തിത്വങ്ങളുടെ പാതയിൽ സ്വജീവിതം ധന്യമാക്കി ലോക ക്ഷേമത്തിനായി ജീവിക്കുകയെന്നതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.