ഉറയി­ലു­റഞ്ഞ സത്യങ്ങൾ!


ജെ. ബിന്ദുരാജ്

താണ്ട് അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലയളവിൽ മലയാള സിനിമയിൽ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു വാചകമായിരുന്നു ‘ദുർബല നിമിഷത്തിൽ’ എന്നത്. സ്ത്രീയോ പുരുഷനോ പരസ്പരാകർഷണത്താൽ ലൈംഗികമായി ബന്ധപ്പെട്ടുപോയ നിമിഷത്തെയാണ് ദുർബല നിമിഷം എന്ന ക്ലീഷേ പദം കൊണ്ട് മലയാള സിനിമ കുറെയേറെക്കാലം ചുമന്നുനടന്നത്. അവിഹിതസന്തതിയാണെന്ന് നായകൻ തിരിച്ചറിയുന്ന നിമിഷത്തിലും ഗർഭിണിയാണെന്ന് നായിക മനസ്സിലാക്കുന്ന നിമിഷത്തിലുമെല്ലാം കർണകഠോരമായ പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയോടെ നായികാനായകന്മാർ ഈ വാചകം പറഞ്ഞു കാഴ്ചക്കാരെ പരമാവധി ബോറടിപ്പിച്ചു. സ്ത്രീകൾ മക്കളോട് പത്തുമാസം ചുമന്നു പ്രസവിച്ച കണക്ക് പറയുന്നതുപോലെ തന്നെ ഈ വാചകവും പിൽക്കാലത്ത് മലയാള സിനിമയിൽ നിന്നും പതിയെ പതിയെ അപ്രത്യക്ഷമായി. അതിന് പ്രധാനപ്പെട്ട ഒരു കാരണം ലൈംഗികതയെപ്പറ്റിയുള്ള മലയാളിയുടെ സങ്കൽപങ്ങളിൽ കാതലായ മാറ്റം സംഭവിച്ചതായിരുന്നു. സുരക്ഷിതമായ സെക്‌സിനെപ്പറ്റി നമ്മെ ബോധവൽക്കരിച്ചതിന് ഗർഭനിരോധന ഉറകളുടെ

പരസ്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ലൈംഗികബന്ധത്തിലേർപ്പെടും മുന്പ് സുരക്ഷിതമായ സെക്‌സിനായി കോണ്ടം ധരിക്കണമെന്നത് സ്ത്രീയും പുരുഷനും ഒരുപോലെ മനസ്സിലാക്കിത്തുടങ്ങി. എന്തായാലും അതോടെ ആ ദുർബല നിമിഷത്തിൽ എന്ന ബോറൻ വാചകം ജനപ്രിയ മാധ്യമങ്ങളിൽ നിന്നും പന്പ കടക്കുകയും ചെയ്തു. 

ദുർബല നിമിഷം എന്ന പരിദേവനം സിനിമയിൽ നിന്നും അപ്രത്യക്ഷമായെങ്കിലും കോണ്ടത്തോടുള്ള ഇന്ത്യൻ സർക്കാരിന്റെ മനോഭാവത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞയാഴ്ച വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം കോണ്ടത്തിന്റെ പരസ്യം രാത്രി പത്തുമണി മുതൽ രാവിലെ ആറു മണി വരെയുള്ള സമയത്തു മാത്രമേ കാണിക്കാൻ പാടുള്ളുവെന്ന് ചാനലുകളോട് നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്നും വ്യക്തമാകുന്നത്. കുട്ടികൾ ഈ പരസ്യങ്ങൾ കണ്ടാൽ ചീത്തയായിപ്പോകുമെന്നാണ് മന്ത്രാലയത്തിന്റെ ഉൽകണ്ഠ. മുതിർന്നവർക്ക് ഗർഭനിരോധന മാർഗങ്ങളെപ്പറ്റിയൊക്കെ അത്യാവശ്യം കാര്യങ്ങളൈാക്കെ അറിയാമെന്നിരിക്കേ, കോണ്ടത്തെപ്പറ്റി അറിവു നേടേണ്ടത് കുട്ടികളല്ലേ എന്നാരും വാർത്താവിനിമയ മന്ത്രിയോട് ചോദിക്കരുത്. കോണ്ടത്തിന്റെ പരസ്യത്തിന്റെ കാര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ച മന്ത്രി ഭാരതീയ സംസ്‌കാരത്തെപ്പറ്റി പറയാൻ മുതിർന്നില്ലെന്നതാണ് ഏക ആശ്വാസം. അല്ലെങ്കിൽ കാമസൂത്രയിലും വാത്സ്യായനിലും ഖജുരാഹോയുമൊക്കെ തട്ടിവീണ് മന്ത്രിയുടെ നട്ടെല്ലൊടിഞ്ഞേനെ! പെർഫ്യൂമിന്റെ പരസ്യത്തിൽ മുതൽ ചോക്ലേറ്റിന്റെ പരസ്യത്തിലും ജീൻസിന്റെ പരസ്യത്തിലുമെല്ലാം ലൈംഗികദൃശ്യങ്ങൾ കാണിക്കുന്നുണ്ടെന്നിരിക്കേ, ഈ ദൃശ്യങ്ങൾ മൂലമാണ് കോണ്ടം പരസ്യങ്ങൾക്ക് കർഫ്യൂ പ്രഖ്യാപിച്ചതെന്ന വാദവും വിലപ്പോവില്ല. മുന്പൊരിക്കൽ സാനിട്ടറി നാപ്കിനുകളുടെ പരസ്യത്തിനും കേന്ദ്ര സർക്കാരിന്റെ വാർത്താവിനിമയ പ്രക്ഷേപണമന്ത്രാലയം വിലക്കു കൽപിച്ചിരുന്നു. ആർത്തവമില്ലാത്ത സ്ത്രീകളെ മാത്രം കണ്ടുപരിചയിച്ചിരുന്നവരാകണം അന്ന് മന്ത്രാലയത്തിലിരുന്നവർ. 

സംഗതി എന്തായാലും ഇന്ത്യക്കാരന് ഇന്നും കോണ്ടത്തോടുള്ള അകൽച്ച നിലനിൽക്കുകയാണെന്നതാണ് വാസ്തവം. ഇത്രയേറെ മാധ്യമപ്രചാരണമുണ്ടായിട്ടും സൗജന്യമായി ഗർഭനിരോധന ഉറകൾ വിതരണം ചെയ്തിട്ടും ഇന്ത്യൻ പുരുഷന്മാരിൽ കേവലം അഞ്ചു ശതമാനം പേർ മാത്രമേ കോണ്ടം ഉപയോഗിക്കുന്നുള്ളുവെന്നതാണ് സത്യം. പൂജാ ബേഡിയും മാർക് റോബിൻസണും ശ്വേതാ മേനോനും ബിപാഷാ ബസുവും സണ്ണി ലിയോണുമൊക്കെ അറിഞ്ഞുകണ്ട് ശ്രമിച്ചിട്ടും ഉറ ഉപയോഗിച്ച് സെക്‌സ് നടത്താൻ ഇനിയും ഇന്ത്യക്കാരൻ തയ്യാറല്ലെന്നു തന്നെയാണ് കോണ്ടത്തിന്റെ ഉപയോഗം ഇന്ത്യയിൽ കുറഞ്ഞു വരുന്നതിൽ നിന്നും വ്യക്തമാകുന്ന കാര്യം. രാജ്യത്ത് എച്ച് ഐ വി  എയ്ഡ്‌സ് മൂലം ഒന്നര ലക്ഷത്തോളം പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ടെന്നതോ ലൈംഗികരോഗങ്ങൾ ബാധിക്കാനിടയുണ്ടെന്നതോ ഒന്നും തന്നെ കോണ്ടം ഉപയോഗിക്കാനുള്ള ഒരു കാരണമായി ഇനിയും ഇന്ത്യക്കാരൻ കണ്ടു തുടങ്ങിയിട്ടില്ല. എച്ച്ഐവിയുടെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നാഷണൽ ഫാമിലി ഹെൽത്ത് സർവേ തന്നെ ഇന്ത്യക്കാരന്റെ കോണ്ടത്തിനോടുള്ള മുഖം തിരിക്കൽ വ്യക്തമായി പറയുന്നതാണ്. പതിനഞ്ചു വയസ്സിനും 49 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള വിവാഹിതരായ 20 സ്ത്രീകളിൽ ഒരാൾ മാത്രമേ കോണ്ടം ഉപയോഗിക്കുന്നുള്ളുവെന്നാണ് സർവേയുടെ കണ്ടെത്തൽ. കോണ്ടത്തേയും അതിന്റെ ഗുണവശങ്ങളേയും പറ്റി ഏറ്റവുമധികം അറിവുള്ളവരെന്ന് കണ്ടെത്തിയ ആന്ധ്രാപ്രദേശിൽ പോലും വളരെ കുറച്ചുപേർ മാത്രമേ കോണ്ടം ഉപയോഗിക്കുന്നുള്ളുവെന്നും മൂന്നിൽ രണ്ടു സ്ത്രീകൾക്കും കോണ്ടത്തെപ്പറ്റി അറിവുള്ള തമിഴ്‌നാട്ടിൽ നൂറിലൊരു സ്ത്രീ മാത്രമേ കോണ്ടം ഉപയോഗിക്കുന്നുള്ളുവെന്നതും ബോധവൽക്കരണം കൊണ്ടു മാത്രം ഗർഭനിരോധന ഉറകളുടെ വ്യാപനം സാധ്യമാവില്ലെന്നതിന്റെ തെളിവാണ്. സർജിക്കൽ വന്ധ്യംകരണം വ്യാപകമായതുകൊണ്ടാണ് ഉറകളെത്തേടി ആളുകൾ പോകാത്തതുകൊണ്ടെന്ന് കരുതരുത്. വന്ധ്യംകരണത്തിന്റെ കണക്കുകളിലും വലിയ പുരോഗതിയൊന്നുമില്ലാത്ത നാടാണ് ഇന്ത്യ. നിലവിൽ 132 കോടി ജനങ്ങളുള്ള ഇന്ത്യ അടുത്ത ആറു വർഷത്തിനുള്ളിൽ ചൈനയുടെ 137 കോടി ജനസംഖ്യയെന്ന കണക്കിനെ കവച്ചുവെയ്ക്കുമെന്നും 2050ഓടെ 170 കോടി പേരുള്ള രാജ്യമായി മാറുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. 

ഇന്ത്യാ സ്‌പെൻഡിന്റെ കണക്കുകൾ വെച്ചുനോക്കിയാൽ ഇന്ത്യയുടെ പോക്ക് ജനസംഖ്യാ പെരുപ്പത്തിലേക്ക് തന്നെയാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്യും. കഴിഞ്ഞ എട്ടു വർഷക്കാലത്തിനിടയ്ക്ക് കോണ്ടത്തിന്റെ ഉപയോഗത്തിൽ 52 ശതമാനം കുറവുണ്ടായെന്നതിനു പുറമേ, വന്ധ്യംകരണം 73 ശതമാനമായും കുറഞ്ഞത്രേ. ഗുളിക രൂപത്തിൽ കഴിക്കുന്ന ഗർഭനിരോധന മരുന്നുകളുടെ വിൽപനയിലും ഇതേ കാലയളവിൽ വന്പൻ ഇടിവു തന്നെയാണ് ഉണ്ടായിരിക്കുന്നത്. എന്തുകൊണ്ടാകും ഇന്ത്യക്കാർ ജനന നിയന്ത്രണത്തിനു മടിക്കുന്നതെന്നത് ചർച്ച ചെയ്യപ്പെടേണ്ട പ്രതിഭാസം തന്നെയാണ്. ഗർഭനിരോധനത്തിനെതിരെ മത സംഘടനകൾ നടത്തുന്ന പ്രചാരണം വലിയൊരു പരിധി വരെ ജനങ്ങളെ അത്തരം മാർഗ്ഗങ്ങളിൽ നിന്ന് അകറ്റിയിട്ടുണ്ടാകാമെന്നതാണ് വാസ്തവം. മാത്രവുമല്ല ഗർഭനിരോധന ഉറകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കടകളിൽ നിന്നും പോയി വാങ്ങുന്നതിന് ഇപ്പോഴും ഇന്ത്യക്കാരൻ നാണിച്ചുനിൽക്കുകയും ചെയ്യുന്നുണ്ടത്രേ. ഈ ലജ്ജാശീലത്തിന് പ്രേരകശക്തിയായി മാറുന്നത് സർക്കാരും സമൂഹവും തന്നെയാണെന്നതാണ് സത്യം. ലൈംഗികത മൂടിവയ്ക്കപ്പെടേണ്ട ഒന്നാണെന്നും പരസ്യമായി പ്രണയപ്രകടനം നടത്തുന്നതുപോലും തെറ്റാണെന്ന് കുട്ടിക്കാലം തൊട്ടേ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നവരുടെ നാടാണ് ഇന്ത്യ. എന്തിനധികം പറയുന്നു, ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ്സിൽ അടുത്തടുത്തിരുന്ന് പഠിക്കുന്നതിന് സമീപകാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലും വിലക്കു കൽപിച്ച് വിവാദമുണ്ടാക്കി. കലോത്സവത്തിൽ വിജയിയായ സ്‌കൂൾമേറ്റിനെ ആലിംഗനം ചെയ്തതിനെ തുടർന്ന് ആൺകുട്ടിയേയും പെൺകുട്ടിയേയും സ്‌കൂളിൽ നിന്നും പുറത്താക്കി തിരുവനന്തപുരത്തെ സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ. ആണും പെണ്ണും തമ്മിൽ ഒരുമിച്ചിരിക്കുന്നതും സന്തോഷാതിരേകത്താൽ ആലിംഗനം ചെയ്യുന്നതും പോലും സദാചാരവിരുദ്ധ പ്രവൃത്തിയായി കണക്കാക്കുന്നവരുടെ ലോകത്ത് വിവാഹിതനായശേഷം പോലും കോണ്ടം കടയിൽ നിന്നും വാങ്ങുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. വെറുതെയല്ല, സമീപകാലത്ത് സർക്കാർ കോണ്ടം ഓൺലൈനിലൂടെ വിപണനം ചെയ്തപ്പോൾ അതിന് ഇന്ത്യയിൽ മികച്ച പ്രതികരണമുണ്ടായത്. ഏതാണ്ട് 10 ലക്ഷം കോണ്ടമാണ് അതിവേഗം ഓൺലൈനിൽ ഓർഡർ ചെയ്യപ്പെട്ടത്. കോണ്ടത്തിന്റെ പരസ്യം ചാനലിൽ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്താൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ധരിക്കുന്ന ഭരണാധികാരികൾ ഉള്ളപ്പോൾ കോണ്ടമില്ലാതെ സെക്‌സിലേർപ്പെടുന്നവരുടെ എണ്ണം കൂടുമെന്നും ലൈംഗികരോഗങ്ങൾക്കും അവിഹിതഗർഭങ്ങൾക്കും ഗർഭഛിദ്രങ്ങൾക്കും അത് വഴിവയ്ക്കുമെന്നും ആർക്കാണറിയാത്തത്? 

ആണധികാരത്തിന്റെ നാടാണ് ഇന്ത്യയെന്നതും ഗർഭനിരോധന മാർഗങ്ങൾ ഇന്ത്യയിൽ വ്യാപകമായി തഴയപ്പെടാനിടയാക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇന്ത്യൻ ജേണൽ ഓഫ് കമ്യൂണിറ്റി മെഡിസിൻ സമീപകാലത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. ഇന്ത്യൻ സ്ത്രീകൾക്ക് തങ്ങൾക്കിപ്പോൾ കുഞ്ഞു വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം പോലുമില്ലെന്നും ആ തീരുമാനമെടുക്കുന്നത് ഭർത്താവോ അമ്മായിയമ്മയോ ആണെന്നുമാണ് പഠനം പറയുന്നത്. സർവേയിൽ പങ്കെടുത്ത 46 ശതമാനം സ്ത്രീകളും തങ്ങൾ ഉറ ഉപയോഗിക്കാതിരിക്കാനുള്ള കാരണമായി പറഞ്ഞത് അത് അവരുടെ ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചാണെന്നാണ്. ലൈംഗിക സ്വാതന്ത്ര്യം തങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും ലൈംഗികമായി തങ്ങൾ തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി വഴങ്ങേണ്ടി വരികയാണെന്നുമായിരുന്നു അതേ സർവേയിൽ പങ്കെടുത്ത 39 ശതമാനം സ്ത്രീകളുടേയും പ്രതികരണം. ഗർഭനിരോധന ഉറ രസംകൊല്ലിയാണെന്നും ഉറ ഉപയോഗിച്ചാൽ പൂർണതൃപ്തി ലഭിക്കില്ലെന്നുമാണ് മിക്ക പുരുഷന്മാരുടേയും ധാരണയെന്നതിനാൽ ഉറയില്ലാത്ത, ആക്രമണോത്സുകമായ ലൈംഗികബന്ധത്തിന് പല കുടുംബങ്ങളിലും സ്ത്രീകൾ വഴങ്ങേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം. വിവാഹത്തിലെ ബലാത്സംഗത്തെ ഇന്നും നമ്മുടെ കോടതികൾ കുടുംബബന്ധങ്ങൾ തകരുമെന്ന ന്യായം ഉന്നയിച്ച് കണക്കിലെടുക്കാത്തതിനാൽ ആക്രമണകാരികളായ ആണുങ്ങൾ തങ്ങളുടെ ഇണകൾക്കുമേൽ ലൈംഗികാധികാരം പ്രയോഗിച്ചുകൊണ്ടുമിരിക്കുന്നു. 

ഉറകളിൽ ഒരുപാട് സത്യങ്ങൾ ഉറഞ്ഞു കിടക്കുന്നുണ്ടെന്നാണ് അതിനർത്ഥം. പെണ്ണിനു മേൽ ആണിനുള്ള അധികാരത്തെ ചെറുക്കുന്ന പ്രതിരോധകവചമായിപ്പോലും ഉറകളെ കാണുന്നവർ നമുക്കിടയിലുണ്ട്. പുരുഷ ഈഗോയെ വേദനിപ്പിക്കുന്നവത്രേ ഈ ലാറ്റക്‌സ് ഉറ! ഭർത്താവിനോട് ലൈംഗികബന്ധത്തിൽ ഉറ ഉപയോഗിക്കാൻ പറയുന്ന സ്ത്രീയെ തീവ്രഫെമിനിസ്റ്റായി കണക്കാക്കുന്നവർക്കിടയിൽ ജീവിക്കാൻ ഐ −പിൽ പോലുള്ള ഗർഭനിരോധന ഗുളികൾ കഴിക്കേണ്ടി വരുന്ന എത്രയോ സ്ത്രീകളുണ്ടാകും? കുടുംബാസൂത്രണപ്രകാരം ദന്പതിമാർക്ക് ഒരു കുട്ടി മാത്രമേ പാടുള്ളുവെന്ന് സർക്കാർ നിബന്ധന വച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നിലധികം കുട്ടികളുണ്ടെന്നതാണ് വാസ്തവം. വിദ്യാഭ്യാസം സിദ്ധിച്ച, തൊഴിലുകളിൽ പോകുന്ന സ്ത്രീകൾക്കിടയിൽ ഉറയുടെ ഉപയോഗം മറ്റിടങ്ങളിലേതിനേക്കാൾ വർധിച്ചുകാണുന്നത് സ്ത്രീ സ്വാതന്ത്ര്യവും ഉറകളുടെ ഉപയോഗവും തമ്മിലുള്ള പരസ്പരപൂരകമായ ബന്ധത്തിന്റെ തെളിവാണ്. ഏറ്റവുമൊടുവിലെ കുടുംബക്ഷേമ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ദൽഹിയിലാണ് ഏറ്റവുമധികം ദന്പതിമാർ കോണ്ടം ഉപയോഗിക്കുന്നത് (22.9 ശതമാനം പേർ). ദേശീയ ശരാശരിയേക്കാൾ (5.2 ശതമാനം) നാലിരട്ടിയിലധികമാണ് ദൽഹിയിലെ കോണ്ടം ഉപയോഗം. തൊട്ടുപിന്നിൽ പഞ്ചാബും ഹരിയാനയുമാണുള്ളത്. എന്നാൽ തെന്നിന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും കർണാടകത്തിലും തമിഴ്‌നാട്ടിലും ഗർഭനിരോധന മാർഗമായി പൊതുവേ കണക്കാക്കപ്പെട്ടിരിക്കുന്നത് സ്ത്രീ വന്ധ്യംകരണവും ഇൻട്രായുട്ടറൈൻ ഡിവൈസുകളുമാണെന്നത് അവിടങ്ങളിൽ ആണധികാരം അതിന്റെ പരകോടിയിലാണെന്നതിന്റെ തെളിവാണ്. പരപുരുഷ പരസ്ത്രീബന്ധം പുലർത്താത്തവരാണ് അവരെന്ന് പക്ഷേ അപ്പറഞ്ഞതിന് അർത്ഥമില്ല. ലൈംഗികരോഗങ്ങളുടെ കണക്കെടുത്താൽ അത് ബാധിക്കപ്പെടുന്നവരിൽ വലിയൊരു ശതമാനം പേരും തെന്നിന്ത്യക്കാരാണെന്നത് ഉറയുടെ അഭാവം ഉണ്ടാക്കുന്ന സമസ്യകൾ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യും. 

2017 ഡിസംബർ 12ന്റെ  ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗർഭഛിദ്രം സംബന്ധിച്ച കണക്കുകൾ ഇന്ത്യക്കാരന്റെ സ്ത്രീകളോടുള്ള നീചമായ മനോഭാവത്തിന് ഇതിനേക്കാളൊക്കെ വലിയ തെളിവുമാണ്. ഇന്ത്യയിൽ 1.56 കോടി ഗർഭഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നുണ്ടെന്നും അവയിൽ കേവലം 25 ശതമാനം മാത്രമേ ആശുപത്രികളിൽ ശരിയായ രീതിയിൽ നടക്കുന്നുള്ളുവെന്നുമായിരുന്നു ഞെട്ടിപ്പിക്കുന്ന ആ പഠനം വ്യക്തമാക്കിയത്. മുംബയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസും ന്യൂദൽഹിയിലെ പോപ്പുലേഷൻ കൗൺസിലും ന്യൂയോർക്കിലെ ഗുട്ടമാച്ചർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഈ പഠനപ്രകാരം സർക്കാർ ആശുപത്രികളിൽ ഗർഭഛിദ്രത്തിനുള്ള സംവിധാനങ്ങൾ പല ആശുപത്രികളിലുമില്ലെന്നും കേവലം 5 ശതമാനം പേർ മാത്രമേ ഗർഭഛിദ്രത്തിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുള്ളുവെന്നും പറയുന്നു. 2015ൽ ആകെയുണ്ടായ 4.81 കോടി ഗർഭങ്ങളിൽ പകുതിയോളവും ആഗ്രഹിക്കാത്ത ഗർഭങ്ങളായിരുന്നുവെന്നും പഠനം പറയുന്നു. അതിനർത്ഥം ഇന്ത്യൻ പുരുഷൻ അവന്റെ പങ്കാളിയുടെ സുരക്ഷിതത്വത്തിന് പുല്ലുവില കൽപിച്ചുകൊണ്ട് ഇണയുടെ മേൽ ലൈംഗികതൃപ്തി വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ്. ഗർഭനിരോധന ഉറ ഉപയോഗിച്ചാൽ രതിസുഖം കുറയുമെന്ന വാദമുന്നയിച്ച് പങ്കാളിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധം പ്രവർത്തിക്കുകയാണ് അവൻ. 

ഗർഭനിരോധന ഉറകളുടെ പരസ്യത്തിനു പോലും ചാനലുകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഒരു ഡോൺ ക്വിക്‌സോട്ടിയൻ സർക്കാരാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണധികാരത്തിന്റെ ഈ ധാര ഇനിയും ഇന്ത്യയിൽ മുറിയാതെ തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. സ്ത്രീയെ തെല്ലും പരിഗണിക്കാത്ത, സ്ത്രീയുടെ താൽപര്യങ്ങൾ സംരക്ഷിക്കാത്ത, അവളെ അപകടപ്പെടുത്തുന്ന സദാചാരസംഹിതയ്‌ക്കൊപ്പം തന്നെയാണ് സർക്കാർ എന്നു വെളിവാക്കുന്നു ഇത്തരം അബദ്ധജടിലമായ തീരുമാനങ്ങൾ. ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകപ്പെടേണ്ട ഒരു നാട്ടിൽ ലൈംഗികതയ്ക്ക് എന്തിനാണ് ഇങ്ങനെ കൂച്ചുവിലങ്ങിടുന്നതെന്നു മാത്രം മനസ്സിലാകുന്നതേയില്ല. ശരിയായ അറിവ്, ശരിയായ രീതിയിലാണോ കുട്ടികൾക്ക് ലഭിക്കുന്നത് എന്നല്ലേ വാസ്തവത്തിൽ സർക്കാർ പരിശോധിക്കേണ്ടത്?

You might also like

  • Lulu Exchange
  • Straight Forward

Most Viewed