ദുരന്തങ്ങൾക്ക് നേരെ മുഖം തിരിക്കരുത്...


പ്രദീപ് പുറവങ്കര

ഓഖി ചുഴലിക്കാറ്റ് കേരള, തമിഴ്നാട് തീരങ്ങളിലും ലക്ഷദ്വീപിലും വിതച്ച കനത്ത നാശം ഒതുങ്ങാത്ത വിങ്ങലായി തുടരുന്പോഴും അതിനെ ദേശീയ ദുരന്തമായി നമ്മുടെ ഭരണാധികാരികൾക്ക് കാണാൻ സാധിക്കാത്തത് വേദനയുണ്ടാകുന്നു. ചുഴലിക്കാറ്റു മുന്നറിയിപ്പ് യഥാസമയം ലഭിച്ചിരുന്നെങ്കിൽ മിക്കവരുടെയും ജീവൻ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുന്നു. ഇതൊക്കെയായിട്ടും ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ലോക്സഭയിൽ പറഞ്ഞത്.

ജീവനാശം മാത്രമല്ല ഒരു ദുരന്തമെന്ന് പറയുന്പോൾ ഓർക്കേണ്ടത്. ദുരന്തഭൂമിയിലെ മനുഷ്യർക്കുണ്ടായിട്ടുള്ള മാനസികവും, സാന്പത്തികവുമായ പ്രയാസങ്ങളും അതിൽ ഉൾപ്പെടും. തീരപ്രദേശത്തെ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ അപഹരിക്കുകയും, ഏറെപ്പേർക്കു പരിക്കേൽക്കുകയും,  അനേകം പേർക്കു മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും നഷ്‌ടപ്പെട്ടുകയും ചെയ്തതിനോടൊപ്പം  ഈ ചുഴലി കാറ്റ് നമ്മുടെ നാട്ടിൻപുറങ്ങളിലെ കൃഷികൾക്കുണ്ടാക്കിയ നാശം അവഗണിക്കാനാവുന്നതല്ല. പല കുടുംബങ്ങൾക്കും അവരുടെ അത്താണിയാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇത്രയേറെ ആൾനാശവും മറ്റു നഷ്ടങ്ങളും സംഭവിച്ച ദുരന്തത്തോട് ഇതാണ് സമീപനമെങ്കിൽ കൃഷി നശിച്ച കർഷകരോടുള്ള സമീപനം എന്തായിരിക്കുമെന്നത് ആശങ്കപ്പെടുത്തേണ്ട കാര്യം തന്നെയാണ്. ഓഖി മൂലം കേരളത്തിൽ പല ജില്ലകളിലും വ്യാപകമായ കൃഷിനാശമുണ്ടായി. ഇടുക്കിയിലെ കാർഷികമേഖലയിൽ മാത്രം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. ഈ വർഷം പൊതുവേ എല്ലാ കൃഷികളും ഒരുവിധം മെച്ചപ്പെട്ട നിലയിൽ നടക്കുകയായിരുന്നു. അപ്പോഴാണ് ഈ കാറ്റും മഴയും നാശം വിതച്ചത്. കൃഷിക്കു ബാങ്ക് വായ്പയെടുത്തവർ തിരിച്ചടവിനു മാർഗമില്ലാതെ വലയുന്നു. ഇന്ത്യ ഒരു കാർഷികരാജ്യമാണെന്ന വസ്തുത ഒരു സർക്കാരും വിസ്മരിക്കാൻ പാടില്ലാത്തതാണ്. കാർഷികമേഖലയെ അവഗണിച്ചുകൊണ്ടുള്ള പരിഷ്കാരങ്ങൾക്കു ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കു ഗ്രാമപ്രദേശങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന്റ ഒരു കാരണം കൃഷിക്കാരോട് സ്വീകരിച്ച നിക്ഷേധാത്മക നിലപാടാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. പാർട്ടിയുടെയും സർക്കാരിന്‍റെയും നയങ്ങളോടും നിലപാടുകളോടുമുള്ള കർഷകജനതയുടെ വികാരമാണ് അവിടെ പ്രതിഫലിച്ചത്. ചെറുകിട കർഷകർ സംഘടിതരല്ലാത്തതുകൊണ്ടും അവർക്കു രാഷ്‌ട്രീയക്കാരുടെ പിന്തുണയില്ലാത്തതുകൊണ്ടും പലപ്പോഴും അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ആളില്ല എന്നത് ഒരു ന്യൂനതയായി കാണരുത്. 

സംസ്ഥാനത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിഷലിപ്തമായ പച്ചക്കറികളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും പ്രത്യാഘാതങ്ങൾ മനസിലാക്കിയതോടെ അടുത്തകാലത്തായി അൽപ്പമെങ്കിലും ഭൂമിയുള്ളവരിൽ പോലും കൃഷി ചെയ്യാനുള്ള താത്പര്യം കണ്ടുവരുന്നുണ്ട്. അല്പം കൂടുതൽ ഭൂമിയുള്ളവർ ഉത്പാദിപ്പിക്കുന്ന അധികവസ്തുക്കളാകട്ടെ മെച്ചപ്പെട്ട വിലയ്ക്കു വിൽക്കാൻ കാര്യക്ഷമമായ സംവിധാനങ്ങളില്ല. അയൽപ്പക്ക വിപണികളും ഗ്രാമച്ചന്തകളും വിപുലപ്പെടുത്തിയാൽ ഇവ വിറ്റഴിക്കാവുന്നതേയുള്ളൂ. അത്തരത്തിലുള്ള പ്രോത്സാഹനം ലഭിച്ചാൽ കൂടുതൽ കുടുംബങ്ങൾ ചെറുകിട കാർഷികവൃത്തിയിലേക്കു കടക്കും. മറ്റു ജോലികൾ ചെയ്തുകൊണ്ടുതന്നെ അധികവരുമാനത്തിനുള്ള മാർഗമാകും അത്. അത്തരമൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്തു നടപ്പാക്കിക്കൂടേ? അതിനു മുന്പായി, ഓഖി കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകുന്നതിനുള്ള നടപടികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ  സ്വീകരിക്കണം.

You might also like

Most Viewed