ജീവിച്ചു കാണിക്കേണ്ടതുണ്ട്
കൂക്കാനം റഹ്മാൻ
നിലന്പൂർ ആയിഷാത്താത്ത ഇനിയും അനേക നാൾ ജീവിക്കണം. മുസ്ലീം സ്ത്രീകളിൽ കാണുന്ന മാനസിക ജീർണ്ണതയ്‌ക്കെതിരെ താങ്കൾ അടരാടണം. എന്തൊരു മൂർച്ചയാണ് ആ നാവിന്!. എന്തൊരു ശക്തിയാണ് ആ വാക്കുകൾക്ക്. ഇവിടെ ഡിഗ്രിയും, പിജിയും അതിനപ്പുറവും പഠിക്കാൻ മുസ്ലീം സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ച് പ്രതികരിക്കാനുള്ള ഊർജ്ജവും ശക്തിയും അവർക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. വെറും അഞ്ചാം ക്ലാസുകാരിയായ താങ്കൾ കഷ്ടപ്പാടിന്റെയും വിമർശനത്തിന്റെയും തീച്ചൂളയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന് പറയുന്ന വാക്കുകൾക്കെത്ര ആജ്ഞാശക്തിയുണ്ട്?
ഡിഗ്രിയും, പത്രാസുമല്ല വേണ്ടത്, കറുത്ത തുണിയിൽ പൊതിഞ്ഞ് വെള്ള മുഖം മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലീം യുവതികൾ സുന്ദര തരുണിമണികളാണ്. പക്ഷേ അവർക്ക് ശബ്ദമില്ല. അവരുടെ ശബ്ദത്തെ ആരോ തടഞ്ഞു വെച്ചിരിക്കുന്നു. അഭിപ്രായങ്ങൾ ഇല്ലാഞ്ഞിട്ടല്ല. ഭയമാണവർക്ക്, മത നേതൃത്വത്തെ അവർ പേടിക്കുന്നു. 13 വയസ്സുകാരിയായ താങ്കളെ 47 വയസ്സുകാര
ന് നിക്കാഹ് കഴിച്ചു കൊടുത്തപ്പോൾ എന്താണ് വിവാഹമെന്നോ, ജീവിതമെന്നോ താങ്കൾക്കറിയില്ലായിരുന്നു. എന്നാൽ അഞ്ചാമത്തെ ദിവസം കൗമാരക്കാരിയായ താങ്കൾക്ക് അയാളോട് ‘കടക്കെടാ പുറത്ത്’ എന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടായി. ഈ ചങ്കൂറ്റം മലബാറിലെ മുസ്ലീം പെൺകുട്ടികൾക്ക് കരഗതമാവാൻ എന്താണ് മാർഗ്ഗം?.
ആദ്യ വിവാഹശേഷം താങ്കൾ വിവാഹം കഴിച്ചിട്ടില്ല− തനിച്ചു ജീവിക്കുന്നു. ധൈര്യത്തോടെ മുന്നേറുന്നു. ഒരു പുരുഷനില്ലാതെയും ജീവിക്കാൻ കഴിയും എന്ന് താങ്കൾ ജീവിച്ചു കാണിച്ചു തന്നു. താങ്കൾ സ്ത്രീകളോട് പറയുന്ന ആഹ്വാനം ആവേശത്തോടെയാണ് ഞാൻ ആസ്വദിച്ചത്. ഒരു പുരുഷനെ സഹോദരനായി കാണണം. അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ടു നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാൻ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. നമ്മുടെ മനസ്സ് മരമായി മാറണം. ഇത്തരത്തിലുള്ള ആത്മ ധൈര്യം പകർന്നു കൊടുക്കാൻ താങ്കളെ പോലുള്ള സ്ത്രീകൾ തന്നെ വേണം. ഇത് കേൾക്കാനുള്ള സന്മനസ്സ് പെൺകുട്ടികൾക്കുണ്ടാവണം.
ജീവിതത്തിൽ ദുരിതങ്ങളും ദുഃ:ഖങ്ങളും അനുഭവിച്ചറിയണം. അതു കൊണ്ടുമാത്രമെ ശക്തിയുക്തം എതിർത്തു നിൽക്കാൻ പറ്റൂ. അതുകൊണ്ടാണ് കേവലം അഞ്ചാം ക്ലാസുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം കൈവരിച്ച ആയിഷത്താത്തക്ക് ഇത് സാധ്യമാവുന്നത്. പതിമൂന്ന് വയസ്സിൽ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ജീവിതമവസാനിപ്പിക്കാൻ ആയിഷത്താത്ത തയ്യാറായി. കയറിട്ടു കുരുക്കി പിടയുന്നത് അവരുടെ ജ്യേഷ്ഠൻ കണ്ടു. അദ്ദേഹം അനിയത്തിയെ രക്ഷപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാക്കുകൾ ശക്തമായിരുന്നു. ‘മരിച്ചു കാണിക്കുകയല്ല, ജീവിച്ചു കാണിക്ക്’ ആ വാചകമാണ് അവരുടെ മനസ്സിൽ ആഞ്ഞു തറച്ചത്. അവർ ജീവിച്ചു കാണിക്കുകയായിരുന്നു ഇതേവരെ.
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവർ പല വേഷവും കെട്ടി. അങ്ങിനെ 16−ാം വയസ്സിൽ ആയിഷയെന്ന കൊച്ചുമുസ്ലീം പെണ്ണ് നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ ഒരുപാട് മർദ്ദനം ഏൽക്കേണ്ടി വന്നു. അവർക്ക് കല്ലേറിൽ തലപൊട്ടി, വെടിയുണ്ട ചീറിയടുത്തപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെവി അടിച്ചുതകർത്തു. ഇങ്ങിനെയുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കണമെങ്കിൽ നാലുനാക്കെങ്കിലും വേണമെന്നാണ് ആയിഷഇത്താത്ത പറയുന്നത്. പിന്നീടവർ സൗദിയിലെത്തി. വീട്ടുപണിയാണ് കിട്ടിയത്. ആത്മാർത്ഥമായി പണി ചെയ്തപ്പോൾ ഖലീഫിന്റെ ഭാര്യയുടെ ശുശ്രൂഷ മാത്രം ചെയ്താൽ മതിയെന്നായി. ഖലീഫിന്റെ മകൾ ആയിഷയെ ഡോക്ടറാണെന്ന് പറയാൻ തുടങ്ങി. സമൂഹത്തിൽ ഇറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് കാണുന്പോൾ ഖലീഫിന്റെ മകൾ പറഞ്ഞു പോലും ആയിഷ ഇന്ദിരാഗാന്ധിയാണെന്ന്. കാസറ്റുകൾ ഇട്ട് കാണിച്ചപ്പോൾ മകൾ പറഞ്ഞുപോലും ആയിഷ ഹേമാമാലിനിയാണെന്ന്. ഇങ്ങിനെ പല പേരുകളിലും ആയിഷ അറിയാൻ തുടങ്ങി. നാടകക്കാരിയായ ആയിഷക്ക് ഇതൊക്കെ ഈസിയായി കാണാൻ കഴിഞ്ഞു. ജീവിക്കാനും.
മാമുക്കോയ നിലന്പൂർ ആയിഷ പറയുന്ന കാര്യങ്ങളെ ഒന്നുകൂടി മൂർച്ച കൂട്ടി പറയുന്നു. ഉള്ളിലുള്ള അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. അഭിപ്രായം പറഞ്ഞാൽ പീഡനം ഏൽക്കേണ്ടിവരും. ചിലപ്പോൾ ജീവൻ വരെ നൽകേണ്ടിവരും. അതു കൊണ്ടല്ലേ എഴുത്തുകാരെയും, മാധ്യമ പ്രവർത്തകരേയും വെടിയുണ്ടക്കിരയാക്കുന്നത്. ഹലാലും ഹറാമും എന്ന രണ്ട് അറബി പദങ്ങൾ അനുയോജ്യമായതും, അനുയോജ്യമല്ലാത്തതും എന്ന് തീരുമാനിക്കേണ്ടത് വ്യക്തിയല്ലേ? പഠിച്ച വ്യക്തികൾക്ക് ചീത്തയും നല്ലതും തിരിച്ചറിയാൻ പറ്റും. നന്മയും തിന്മയും ഉൾക്കൊള്ളാൻ പറ്റും.
പണ്ടുകാലത്ത് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു, ഫോട്ടോ എടുക്കൽ, ഹറാമായിരുന്നു. ഇതൊക്കെ ഇന്ന് മാറിയില്ലേ? ഇതെല്ലാം പഴഞ്ചൻ ചിന്തകളാണ്, നടപടികളാണ്. ഇന്ന് കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളിലും നടക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടെ? മുസ്ലീങ്ങളായതിന്റെ പേരിൽ തച്ചുകൊല്ലുകയാണ്. ബീഫ് കൈവശം വെച്ചു എന്നതിന്റെ പേരിൽ മർദ്ദനമാണ്. ഈ അക്രമങ്ങളെ തച്ചുടക്കേണ്ടെ? ഇതിന് നേതൃത്വം കൊടുക്കുന്നവരെ കൈവിലങ്ങുവെക്കേണ്ടെ? അതിന് ത്രാണികാണിക്കുന്ന കലാകാരന്മാരുണ്ടാവണം. അതിന് നിലന്പൂർ ആയിഷയെ പോലുള്ള സ്ത്രീകളും മാമുക്കോയയെ പോലുള്ള പുരുഷന്മാരുമുണ്ടാവണം.
ജാതി− മത മതിൽക്കെട്ടുകൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന കെട്ടകാലത്തിലൂടെയാണ് ആധുനിക സമൂഹം കടന്നുപോകുന്നത്. ഇക്കാലത്താണ് പഴയ തലമുറ വഴികാട്ടാൻ വേണ്ടി കൂടുതൽ ശ്രമിക്കേണ്ടത്. ജാതി− മത സ്പർദ്ധ മുന്പത്തേക്കാളും ചില മനുഷ്യരിൽ കട്ടപിടിച്ചു നിൽക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ മതത്തിനും ജാതിക്കും അതീതമായി പ്രവർത്തിച്ച −പീഡനങ്ങൾ സഹിച്ച മനുഷ്യ സ്‌നേഹികളുടെ മനസ്സ് ഇക്കാലത്തെ ജനത്തിന്റെ പോക്കുകാണുന്പോൾ വിങ്ങിപ്പൊട്ടുന്നുണ്ടാവും.