ഗുജറാത്ത്: ബിജെപി ജയിച്ചു, പക്ഷെ...
ഇ.പി അനിൽ
epanil@gmail.com
ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു കൊണ്ടിരിക്കെ (ഡിസംബർ 18ന് രാവിലെ 11 മണിക്ക്) ഇന്ത്യൻ സെൻസെക്സ് 800 പോയിന്‍റ് ഇടിഞ്ഞു എന്ന വാർത്തയുണ്ടായിരുന്നു.ഉച്ച കഴിയുന്പോഴേക്കും സൂചിക തിരിച്ചു വന്നു തുടങ്ങി. ഇന്ത്യൻ ജനങ്ങളിൽ 1.8 കോടി ആളുകൾ മാത്രം അംഗങ്ങളായ (ഒന്നര ശതമാനം) ഊഹ വിപണിയിൽ തിരഞ്ഞെടുപ്പു ഫലം ഇത്തരം ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കുവാൻ കാരണം എന്തായിരിക്കും?. 95 മുതൽ ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കുമേൽ കോൺഗ്രസ് വിജയം നേടുമെന്ന വാർത്തയാണ് സെൻസെക്സ് സൂചികയിൽ ഇടിവുണ്ടാക്കിയത്. മണിക്കൂറുകൾക്കു ശേഷം കോൺഗ്രസ്സിനെ പിന്തള്ളി ബിജെപി ലീഡ് നില ഉറപ്പിച്ചപ്പോൾ പൂർവ്വ സ്ഥിതിയിൽ കാര്യങ്ങൾ എത്തി. ഇന്ത്യൻ ജനങ്ങളിൽ ഒന്നര ശതമാനത്തെ മാത്രം ആളുകൾ ഇടപെടുന്ന വിപണി ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ ഫലത്തിൽ തട്ടി വ്യതിചലിച്ചത് നമ്മുടെ നാട്ടിലെ സന്പന്നരും മോഡി സർക്കാരും തമ്മിലുള്ള അടുപ്പത്തെ ഓർമ്മിപ്പിക്കുന്നു.
(സൂചികയിൽ 100 പോയിന്‍റ് ഇടിവുണ്ടായാൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം പണം മുടക്കിയവർക്ക് ഉണ്ടാകും എന്ന് വിദഗ്ദ്ധർ സൂചിപ്പിക്കാറുണ്ട്. രാജ്യത്ത് പ്രതിദിനം 7 ലക്ഷം കോടിയുടെ പണമിടപാടുകളാണ് ഊഹവിപണിയിൽ നടന്നു വരുന്നത്. ഇന്ത്യയുടെ പ്രതിവർഷ ജിഡിപി ഉത്പാദനം 130 ലക്ഷം കോടിയുടേതും. എന്നാൽ ഊഹ മാർക്കറ്റിൽ നടക്കുന്ന വ്യാപാരം 2550 ലക്ഷം കോടിക്കും അപ്പുറം പോകുന്നു. യഥാർത്‍ഥ ഉൽപ്പാദനവുമായി ബന്ധപ്പെട്ടു നടക്കുന്ന മൂല്യങ്ങളുടെ കൈമാറ്റത്തിന്‍റെ ഏകദേശം 20 മടങ്ങ് പണം ചൂതാട്ട വിപണിയിൽ നടക്കുന്നു എന്ന് വ്യക്തം)
ബിജെപി ആദ്യമായി അധികാരത്തിൽ വന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറത്തിനു സ്ഥാനമില്ല. അതിനുശേഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന മുതിർന്ന ആർഎസ്എസ് നേതാവ് ഭൈരോവൻ ഷെഖാവത്ത് രാജസ്ഥാനിൽ അധികാരത്തിൽ എത്തി. ഗ്വാളിയാർ രാജകുടുംബത്തിൽ നിന്നും മുഖ്യമന്ത്രിമാർ ഉണ്ടായി. വലിയ സംസ്ഥാനമായ യുപിയിലും മദ്ധ്യപ്രദേശിലും ബിജെപിക്കാർ ഭരിച്ചു. അവരിൽ ആരും തന്നെ എന്തുകൊണ്ടാണ് ബിജെപിയുടെ ദേശിയ മുഖമായി (വാജ്പേയിയെ ഒഴിച്ചു നിർത്തിയാൽ) ഉയരാഞ്ഞത്? എന്തുകൊണ്ടാണ് ഇടത്തരം സംസ്ഥാനമായ ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി 12 വർഷം ഉണ്ടായിരുന്ന ഒരാളെ ആർഎസ്എസ്സിന്‍റെ പൂർണ്ണ പിന്തുണയോടെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർത്തി കാട്ടിയത്? ആർഎസ്എസ് നേതൃതം ഇതുവരെയായി ആ വ്യക്തിയിൽ പൂർണ്ണ വിശ്വാസം വെച്ച് പുലർത്തുന്നതിനുള്ള കാരണങ്ങൾ ജനാധിപത്യ വാദികൾക്ക് വിചിത്രമായി തോന്നാം.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മണ്ധലങ്ങളിൽ കോൺഗ്രസ് മുൻതൂക്കം നേടി എന്ന് ഫലങ്ങൾ തെളിയിച്ചു. എന്നാൽ അടുത്ത റൗണ്ടിൽ ബിജെപിക്കനുകൂലമായി വിജയം ഉണ്ടായതിനു പിന്നിൽ എന്തായിരിക്കാം പ്രവർത്തിച്ചത്? രണ്ടാം ഘട്ടത്തിൽ മോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി വർഗ്ഗീയതയും വെറുപ്പും ആളിക്കത്തിക്കുന്ന തരത്തിൽ, സാദാ ആർഎസ്എസ്സുകാരന്റെ നിലവാരത്തിലേയ്ക്ക് ഒരിക്കൽ കൂടി എത്തി, പ്രചരണം കൊഴിപ്പിച്ചു. പാകിസ്ഥാന്‍റെ സഹായത്താൽ ഒരു മുസ്ലിം ഗുജറാത്തിൽ അധികാരം പിടിക്കുവാൻ ശ്രമിക്കുന്നു. പാകിസ്ഥാനിൽ പോയിരുന്ന്, ഹിന്ദു ധർമ്മ രക്ഷക്കായി ജീവിതം ഉഴിഞ്ഞു വെച്ച എന്നെ നശിപ്പിക്കുവാൻ കോൺഗ്രസ് കരുക്കൾ നീക്കുന്നു എന്നൊക്കെ പറയുവാൻ ഇന്ത്യൻ പ്രധാനമന്ത്രി മടിച്ചില്ല. മോഡിയുടെ ഈ സ്വഭാവമാണ് (വൈകൃതം) അദ്ദേഹത്തെ ആർഎസ്എസ്സിന് എന്നും പ്രിയപ്പെട്ടവനായി തീർത്തത്. അദ്ദേഹത്തിന്‍റെ തണലിൽ ഗുജറാത്തിൽ നടന്ന വംശഹത്യകൾ മോഡിയെ നേരത്തെ തന്നെ ആർഎസ്എസ്സിന്റെ കണ്ണിലുണ്ണി ആക്കി കഴിഞ്ഞിരുന്നു. ഗുജറാത്തിൽ ഉണ്ടായ വംശഹത്യയും അനുബന്ധ സംഭവങ്ങളും നടന്ന ശേഷം എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്തുവാൻ മോഡി നടത്തിയ ശ്രമങ്ങൾ മറക്കുവാൻ കഴിയുന്നതല്ല. കേശൂഭായി പട്ടേലിനെ മാറ്റി പകരം മോഡി അധികാരം ഏറ്റ ശേഷം നടന്ന അഞ്ച് ഇടക്കാല തിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടു. കലാപത്തിനു ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തി. ഇത്തരം സംഭവങ്ങൾ ഗുജറാത്തിൽ അവസാനിച്ചില്ല. ഉത്തർപ്രദേശിൽ മുസഫർ നഗറിലും ചുറ്റുമുള്ള പ്രദേശങ്ങളിലും 750 ലധികം കലാപങ്ങൾ ഉണ്ടായതിനു പിന്നിൽ അമിത് ഷായുടെ പങ്ക് വ്യക്തമാക്കുന്ന വാർത്തകൾ പുറത്തു വന്നു. സമാന സ്വഭാവമുള്ള സംഭവങ്ങൾ ബിജെപിയുടെ വിഭാഗീയമായ സമീപനങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഗുജറാത്ത് രാഷ്ടീയത്തിൽ ജാതിയെന്നും നല്ല പങ്കു വഹിച്ചിട്ടുണ്ട്. മാധവ സിങ്ക് സോളങ്കി എന്ന കോൺഗ്രസ് നേതാവ് ഒരു ഇടവേളക്കുശേഷം കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കുന്നതിൽ വിവിധ ജാതികളുടെ മറവിൽ സഖ്യം ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് പിന്നോക്ക സംവരണത്തിൽ പ്രതിക്ഷേധിച്ച് പട്ടേൽ, താക്കൂർ സമുദായങ്ങൾ ഹൈന്ദവ രാഷ്ടീയത്തിനോട് കൂടുതൽ അടുത്തു. ഒരു കാലത്ത് കോൺഗ്രസ്സിനോടൊപ്പം അണിനിരന്ന ദളിത്-ആദി വാസികൾ ബിജെപിക്കൊപ്പം ചേർന്നു. വനവാസി, ദളിത് മോർച്ച തുടങ്ങിയ ആർഎസ്എസ് നിയന്ത്രിക്കുന്ന സംവിധാനങ്ങളും ആര്യ സമാജം പോലെയുള്ള ഗ്രൂപ്പുകളും ഘർവാപ്പസി പ്രചരണങ്ങൾ ഏറെ വർഷങ്ങളായി നടത്തി വന്നിരുന്നു. അതിന്‍റെ ഭാഗമായി ബിജെപിക്കൊപ്പം ആദിവാസികളെയും ദളിതരെയും എത്തിക്കുവാൻ വൻ തുകകൾ ചിലവാക്കി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. മധ്യപ്രദേശിൽ ആദിവാസികളുടെ ഉത്സവങ്ങൾക്ക് പകരം കുംഭമേള പോലെയുള്ള പരിപാടികൾ സംഘടിപ്പിച്ച് പാരന്പര്യ ആഘോഷങ്ങളെ ആർഎസ്എസ് അട്ടിമറിക്കുകയാണ്.
ഗുജറാത്തിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ അവരുടെ ഇടയിൽ സർക്കാർ തൊഴിലിലേക്ക് പുതു തലമുറയെ എത്തിക്കുവാൻ നിർബന്ധിതമാക്കി. അങ്ങനെ ഒരു കാലത്തെ കാർഷിക ജീവിതത്തിൽ അടിയുറച്ചു നിന്നവർ കൃഷി ഉപേക്ഷിക്കുന്പോൾ അവരുടെ വിദ്യാഭ്യാസം നേടിയ പുതു തലമുറ സംവരണത്തിൽ പ്രതീക്ഷ അർപ്പിക്കുന്നു. അങ്ങനെ പട്ടേൽ സമുദായത്തിലെ പ്രബല ആളുകൾ ബിജെപി പാളയത്തിൽ നിന്നും പുറത്തു കടക്കുവാൻ നിർബന്ധിതരായി. അവരുടെ സമരങ്ങളെ നേരിടുവാൻ കഴിയാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നോക്ക ജാതിക്കാരും ബിജെപി വിരുദ്ധ പാളയത്തിൽ എത്തി. ഗുജറാത്ത് ദളിത് സമൂഹം ജനസംഖ്യയിൽ 7% വരും.അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അനുദിനം കൂടി വരുന്നു. രാജ്യത്ത് ഏറ്റവും അധികം ദളിത് പീഡനം നടക്കുന്ന സംസ്ഥാനം എന്ന കുപ്രസിദ്ധി നേടിയ നാടാണ് ഗാന്ധിജിയുടെ ജന്മദേശം. അവിടെ ഞങ്ങൾക്ക് വേണ്ടത് ഭൂമിയാണ്, ഞങ്ങൾക്ക് നിങ്ങളുടെ പശുവിന്‍റെ തോലിരിക്കുവാൻ മനസ്സില്ല എന്ന ആശയവുമായി ഉനാ ചലോ പ്രസ്ഥാനം ജിഗ്നേഷ മവാനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. സവർണ്ണ സമുദായത്തെ ഒഴിച്ച് നിർത്തിയാൽ ഒട്ടുമിക്ക സമുദായങ്ങളും ബിജെപി വിരുദ്ധ പാളയത്തിൽ എത്തിയതായി കാണാം. മുസ്ലിം സമുദായം ഭയ വിഹല്യരായി ജീവിച്ചു വരുന്നു. അവർ ഭീഷണികളെ ഓർത്ത് ബിജെപി ആഹ്വാനങ്ങളെ അനുസരിക്കുവാൻ നിർബന്ധിതരായി. മൊത്തത്തിൽ ബിജെപിയെ തള്ളി പറയുവാൻ വിവിധ സമുദായങ്ങൾ തീരുമാനിച്ചു. എന്നാൽ സമുദായത്തിലെ ഉന്നത കുലജാതർ ആറ്‍എസ്എസ്സിനൊപ്പം നിന്നു എന്നു മാത്രമല്ല തെറ്റി നിന്ന സമുദായത്തിലെ പരന്പരാഗത പ്രമാണിമാരെ നേരിൽ കണ്ട് പുതിയ മുന്നേറ്റങ്ങളിൽ അണിനിരന്ന ചെറുപ്പക്കാരുടെ ആവേശത്തിൽ നിന്നും സമുദായ അംഗങ്ങളെ മാറ്റിനിർത്തുവാൻ വേണ്ട ശ്രമങ്ങൾ അമിത്ഷായും കൂട്ടരും നടത്തി. സംസ്ഥാനത്തെ 60% ശതമാനത്തിൽ അധികം വരുന്നവരുടെ പ്രതിനിധികളെ കൂടെ കൂട്ടിയിട്ടും ബിഡെപിയുടെ തുടർ ഭരണം അവസാനിപ്പിക്കുവാൻ കഴിയാതിരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഗുജറാത്ത് രാഷ്ടീയത്തിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നടന്ന ഏറ്റവും വലിയ കോൺഗ്രസ് പരീക്ഷണമാണ് ലക്ഷ്യം കാണാതെ അവസാനിച്ചത്.
രാജ്യത്തെ മാതൃകാ സംസ്ഥാനമായി ബിജെപി ഉയർത്തി കാട്ടുന്ന ഗുജറത്ത്, ജെഡിപി വളർച്ചയിൽ പോലും ആദ്യത്തെ അര ഡസൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നില്ല. കർഷക ആത്മഹത്യ, അഴിമതി, ദളിത് പീഡനം, സാക്ഷരതയും ആരോഗ്യ പരിരക്ഷയും സാമുദായിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഗുജറാത്ത് ആർക്കും മാതൃകയാക്കുവാൻ കഴിയുന്നതല്ല. അതേ സമയം പണക്കാരുടെ പാറുദീസ്സയായി ഗുജറാത്ത് സ്ഥിതിചെയ്യുന്നു. ജന വിരുദ്ധ നിലപാടുകൾ കൊണ്ട് ഹൈന്ദവ രാഷ്ട്രീയത്തെ തള്ളിപ്പറയുവാൻ നിർബന്ധിതമായ കർഷകരും പിന്നോക്ക സമുദായവും മറ്റൊരു രാഷ്ട്രീയ പരീക്ഷണത്തെ സ്വപനം കാണുന്നുണ്ട്. ഗുജറാത്ത് സംസ്ഥാനത്തെ സൂററ്റ്-കച്ച് മേഖലയിൽ കർഷകർ കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെ പ്രതികരിച്ചത് സ്വാഭാവികമാണ്. വടക്കൻ പ്രദേശത്ത് ദളിത് മുന്നേറ്റങ്ങൾ നടന്നു എങ്കിലും പ്രതീക്ഷിച്ച അത്രയും വിജയം നേടുവാൻ കോൺഗ്രസ് മുന്നണിക്ക് കഴിഞ്ഞില്ല. തെക്കൻ ജില്ലകളിലും ബിജെപി മോശമല്ലാതെ വിജയിച്ചു. ഗ്രാമങ്ങൾ പൊതുവേ ബിജെപിയെ തള്ളിപറഞ്ഞപ്പോൾ നഗരങ്ങൾ ബിജെപിക്കൊപ്പം നിന്നു. അഹമ്മദാബാദ് തുടങ്ങിയ ഒന്നാം നന്പർ നഗരങ്ങളിൽ നിർണ്ണായക സ്വാധീനം ഉള്ള അഭ്യസ്തവിദ്യർ, ഇടത്തരം സന്പന്ന കുടുംബങ്ങൾ ഹൈന്ദവ രാഷ്ടീയത്തോടുള്ള കൂറ് ആവർത്തിച്ച് പ്രകടമാക്കി. കഴിഞ്ഞ കാലത്ത് വർഗ്ഗീയ ലഹളകൾ നടന്ന സ്ഥലങ്ങളിൽ ഹിന്ദു−മുസ്ലീം വൈര്യം നിലനിർത്തുവാൻ ആർഎസ്എസ് വിജയിച്ചു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.
ബിജെപി ഉയർത്തുന്ന വെല്ലുവിളികളിൽ പ്രധാനമായിട്ടുള്ളത് വർഗ്ഗീയതക്കൊപ്പം ആഗോളവൽക്കരണവും അയൽ രാജ്യങ്ങളോടുള്ള അവിശ്വസവുമാണ്. രാജ്യത്തിനുള്ളിലെ പ്രഥമ ദേശീയ വിരുദ്ധരും രാജ്യാന്തര ഇന്ത്യാ വിരുദ്ധരും മുസ്ലിം സമുദായം ആണെന്ന് പ്രചരിപ്പിക്കുക, കമ്യുണിസ്റ്റുകൾ എക്കാലവും ദേശീയതയ്ക്ക് എതിരു നിൽക്കും എന്ന് സ്ഥാപിച്ചെടുക്കുക, ക്രിസ്ത്യാനികൾ ഹിന്ദുക്കളെ കൂട്ടത്തോടെ മതംമാറ്റുവാൻ കിണഞ്ഞു ശ്രമിക്കുന്നവർ ആണെന്ന് ധാരണ പരത്തുക −തുടങ്ങിയ പ്രചരണങ്ങൾ ആർഎസ്എസ് സംഘടിപ്പിക്കുന്നു. രാജ്യം ലോക ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ ചെറുക്കുവാൻ സജ്ജമാകേണ്ടതുണ്ട് അതിനുള്ള കഴിവ് ഞങ്ങൾക്കെ ഉള്ളൂ, വൈദേശിക ശക്തികളെ ചെറുക്കുവാൻ കോൺഗ്രസ് അശക്തരാണ് തുടങ്ങിയ പ്രചരണങ്ങൾ ബിജെപി നടത്തുന്നു. 10 വർഷങ്ങൾക്ക് മുന്‍പ് ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഇരുന്നു കൊണ്ട് ശ്രീ മോഡി വ്യവസയികളോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് “ഇന്ത്യയിലെ ഒട്ടു മിക്ക ജില്ലകളും മത തീവ്രവാദികളുടെയും നക്സലുകളുടെയും പിടിയിൽ ആണെങ്കിൽ എന്‍റെ സംസ്ഥാനത്തെ അതിൽ നിന്നെല്ലാം മോചിപ്പിക്കുവാൻ എനിക്കു കഴിഞ്ഞു”എന്ന്... ജനങ്ങളിൽ അന്യമത വിദ്വേഷം വളർത്തി ഞങ്ങൾ മാത്രമാണ് ദേശിയതയുടെ ഉത്തമ രക്ഷകർ എന്ന ധാരണ പരത്തുവാൻ വേണ്ട അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ബിജെപി പ്രത്യേകം താൽപര്യം കാട്ടുന്നു. ഒപ്പം കുത്തകകളെ അതിരു വിട്ടു സഹായിക്കുന്നതിലൂടെ അവരുടെ പിന്തുണ (അവർ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെയും) നേടുന്നതിൽ മോഡി വ്യക്തിപരമായി ശ്രദ്ധിക്കുന്നു.
ബിജെപി ഉയർത്തി വിടുന്ന വന്പൻ പ്രചരണങ്ങളും ആർഎസ്എസ്സിന്റെനിയന്ത്രണത്തിൽ ഉള്ള താഴെതട്ടിൽ മുതൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനവും മറ്റു പാർട്ടികൾക്ക് (കമ്യുണിസ്റ്റുകളെ ഒഴിച്ചു നിർത്തിയാൽ) നിലവിലില്ല. ഗുജറാത്തിൽ കഴിഞ്ഞ ജൂൺ മുതൽ നിശ്ചിത വോട്ടർമാരെ സ്വാധീനിക്കുവാൻ പ്രവർത്തകരെ ചുമതലപ്പെടുത്തികൊണ്ട് അമിത്ഷാ കേന്ദ്രത്തിൽ നിന്നുകൊണ്ട് നടത്തിയ പദ്ധതികൾ, താഴെതട്ടിൽ ഉള്ള യൂണിറ്റുകളെ നേരിട്ട് ദേശീയ അദ്ധ്യക്ഷൻ ബന്ധപ്പെടുന്ന രീതി ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ഇത്തരം സംഘടനാ സംവിധാനം ഒരുക്കുവാനുള്ള പ്രാപ്തി കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്നില്ല. 2014ലെ ചായവാല പരാമർശത്തെ ചായ കുടിച്ച് വോട്ടാക്കി മാറ്റുവാൻ കഴിഞ്ഞ മോഡിക്കും കൂട്ടർക്കും ഈ പ്രാവശ്യം മണിശങ്കർ അയ്യരുടെ പരാമർശത്തെ ആയുധമാക്കുവാൻ അവസരം കിട്ടി. കോൺഗ്രസ് ഗുജറാത്ത് വിരുദ്ധമായി എന്നും ചിന്തിക്കുന്നു എന്ന വാദവും ഒരിക്കൽ കൂടി പറയുവാൻ ബിജെപി ശ്രദ്ധിച്ചു. ഇങ്ങനെയുള്ള പൊടി കൈകൾ പ്രയോഗിച്ച് ദളിത് −ആദിവാസി മുന്‍തൂക്കമുള്ള മണ്ധലങ്ങളിലും ബിജെപി പിടിച്ചു നിന്നു. ദളിത് സംവരണ മണ്ധലങ്ങളിൽ 13ൽ 7 എണ്ണം നേടുവാൻ ബിജെപിക്ക് കഴിഞ്ഞു. (എല്ലാ ദളിത് സംവരണ മണ്ധലങ്ങളിലും ബിജെപി പരാജയപ്പെടുമെന്നുള്ള ജിഗണേഷ് മേവാനിയുടെ വാദം വിജയിച്ചില്ല എന്നർഥം.)ആദിവാസികളുടെ കേന്ദ്രങ്ങളിൽ 26 എണ്ണത്തിൽ 11 സ്ഥാനങ്ങൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 13 എണ്ണത്തിൽ വിജയം നേടി.
ഗുജറാത്ത് സംസ്ഥാനത്ത് മുസ്ലിം ജനങ്ങൾ 10%ത്തോളം ഉണ്ട്. കഴിഞ്ഞ നിയമസഭയിൽ അവരുടെ എണ്ണം രണ്ടായിരുന്നു. 181 നിയമസഭാ സമാജികരിൽ 18 പേർ എങ്കിലും ആ സമുദായത്തിൽ നിന്നും ഉണ്ടായിരിക്കണം എന്നത് സാമാന്യ ജനാധിപത്യ അവകാശമാണ്. യുപിയിൽ എന്നപോലെ മുസ്ലിം സമുദായത്തിൽ നിന്നും ഒരു സ്ഥാനാർഥി പോലും ബിജെപിയിൽ നിന്നും ഉണ്ടാകാതിരുന്നില്ല. 5 സ്ഥാനാർഥികളെ രംഗത്ത് കൊണ്ടു വന്ന കോൺഗ്രസ്സിനു 3 പേരെ വിജയിപ്പിക്കുവാൻ കഴിഞ്ഞു. ഫലത്തിൽ നിയമനിർമ്മാണ സഭയിലെ മുസ്ലിം പ്രാതിനിധ്യം ഒന്നര ശതമാനത്തിൽ ഒതുങ്ങി എന്നർത്ഥം. മുസ്ലിം സമുദായത്തിന് മുൻതൂക്കമുള്ള മണ്ധലങ്ങളിൽ ബിജെപി വിജയിച്ച കാര്യങ്ങൾ വിശദീകരിക്കുവാൻ പാർട്ടി പ്രത്യേകം താൽപര്യം കാട്ടുന്പോൾ മുസ്ലീം സമുദായം ഭീതിയുടെ നിഴലിലാണ് (2002 ലെ വംശഹത്യക്ക് ശേഷം) സംസ്ഥാനത്ത് ജീവിച്ചു വരുന്നത് എന്നതാണ് സത്യം.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക, പഞ്ചാബ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടെണ്ണം ഒഴിച്ച് നിർത്തിയാൽ പ്രധാന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപിയോ സഖ്യ കക്ഷികളോ ഭരിച്ചു വരുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കുവാൻ കഴിയണമെങ്കിൽ ഇന്ത്യൻ ഭരണ ഘടന ആഗ്രഹിക്കുന്ന മത നിരപേക്ഷത, സമത്വ വാദം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്ടീയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിവരണം. കോൺഗ്രസ് തുടങ്ങി വെച്ച ആഗോളവൽക്കരണം ഉണ്ടാക്കിയ സാമൂഹിക മാറ്റങ്ങൾ ആണ് രാജ്യത്ത് വർഗ്ഗീയ പാർട്ടികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ കൈ പിടിയിൽ ഒതുക്കുവാൻ അവസരം ഉണ്ടാക്കിയത്. ഇത്തരം സമീപനങ്ങളിൽ ശ്രീ രാഹുൽ ഗാന്ധിയുടെ പുതിയ നേതൃത്വം എന്ത് നിലപാട് എടുക്കും എന്നതാണ് മുഖ്യമായ വിഷയം.
ഗുജറാത്തിലെ പ്രധാനപ്പെട്ട ബിജെപി നേതാവ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ എന്താണ് ഞങ്ങൾ ചെയ്യുന്നത് എന്ന് വിശദമാക്കിയിരുന്നു. എതിർക്കുന്നവരെ നിരാശപ്പെടുത്തുമാറ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുക, പകരം ഒരു സംവിധാനം ഇല്ല എന്ന് ധരിപ്പിക്കുക, നിലവിലെ അവസ്ഥ തന്നെയാണ് ഭേദം എന്ന് പ്രചരിപ്പിക്കുക, ഹീറോ പരിവേഷം കാട്ടി എതിർപ്പുകൾ ഉള്ളവരിൽ പോലും പ്രതീക്ഷ ജനിപ്പിക്കുക, ഭയം ജനിപ്പിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുക. ഈ പറഞ്ഞ എല്ലാ അടവുകളും ഗുജറാത്ത് തിരഞ്ഞെടുപ്പിലും നമുക്കു കാണാവുന്നതാണ്. ജനങ്ങളെ ആവർത്തിച്ചു തെറ്റിദ്ധരിപ്പിക്കുവാൻ ആർക്കും കഴിയില്ല എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. ആ ദൗത്യം ഏറ്റെടുക്കുവാൻ ഇന്ത്യയിലെ ജനങ്ങൾക്ക് വരുന്ന നാളുകളിൽ കഴിയട്ടെ എന്നാശിക്കാം...