വിരിഞ്ഞ ഗുജറാത്തും ഹിമാചലും
തിരഞ്ഞെടുപ്പ് സമകാലികമായി എത്ര മാത്രം രാജ്യത്ത് പ്രതിഫലിക്കുമെന്നതിന് ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു ഗുജറാത്തിൽ നിയമസഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ കണ്ടു തുടങ്ങിയത്. ഹിമാചൽ പ്രദേശിലും ഗുജറാത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമെന്നതും തുടർച്ചയായി ബിജെപി ഭരിച്ചു വന്നിരുന്നതുമായിടത്ത് ഇത്തവണ എന്തെങ്കിലും മാറ്റം ആരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിൽ അതിനെ കുറ്റപ്പെടുത്താൻ കഴിയുന്നതായിരുന്നില്ല. കടന്ന് പോയ മൂന്ന് വർഷം കേന്ദ്രസർക്കാർ ഭരണത്തിൽ അത്രയധികം വിമർശനാരോപണങ്ങൾ ഉയർന്നിരുന്നു. പക്ഷെ അതെല്ലാം മറികടന്ന് ബിജെപി രണ്ട് സംസ്ഥാനങ്ങളിലും വിജയതീരത്തെത്തിയതായാണ് അറിയാൻ കഴിയുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയുടെ മുന്നേറ്റം ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. ഹിമാചൽപ്രദേശിൽ കൂടി അധികാരം തിരിച്ചുപിടിക്കുന്നതോടെ ബിജെപിയുടെ ശ്രമഫലങ്ങൾക്ക് ആയാസമാകുകയാണ്. ഒറ്റയ്ക്കും സഖ്യമായും ഇന്ത്യയുടെ വടക്കേ അറ്റമായ ജമ്മു കശ്മീർ മുതൽ തെക്ക് ആന്ധ്രാപ്രദേശ് വരെയും പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽപ്രദേശ് വരെയും ബിജെപിയുടെ അധികാരത്തിന് കീഴിലായിരിക്കുകയാണ് ഇന്ത്യ. തെക്ക് തെലുങ്കാനയും കർണ്ണാടകയും കേരളവും കിഴക്ക് പശ്ചിമബംഗാളും ത്രിപുരയും മിസോറാമും മദ്ധ്യത്തിൽ ദില്ലിയും പഞ്ചാബും മാത്രമാണ് ബിജെപിയുടെ ഭരണമില്ലാത്ത ദേശങ്ങൾ.
നരേന്ദ്രമോഡി അധികാരമേൽക്കുന്പോൾ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ആകെ ഏഴ് സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരണം നടത്തിയിരുന്നത്. ബിജെപി തനിച്ച് നാല് സംസ്ഥാനങ്ങളിൽ മാത്രം. ഈ നിലയിൽ നിന്ന് ഇന്ന് ഹിമാചൽപ്രദേശിൽ കൂടി ഭരണം പിടിക്കുന്പോൾ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു അവരുടെ ശക്തി. കർണാടക, പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തും മാത്രം ഒതുങ്ങിയിരിക്കുന്നു കോൺഗ്രസ് ഭരണം. മേഘാലയയിൽ എൻസിപിയ്‌ക്കൊപ്പം സഖ്യവും.
മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാർഖണ്ധ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ധ്, ഹിമാചൽപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി തനിച്ചാണ് ഭരണം നടത്തുന്നത്. ബിഹാറിലും ജമ്മു കശ്മീരിലും യഥാക്രമം ജെഡിയു, പിഡിപി എന്നീ പാർട്ടികളുമായുള്ള സഖ്യസർക്കാരിലും ബിജെപി പങ്കാളികളായതോടെ പഞ്ചാബും സംസ്ഥാന സർക്കാരിന് അധികാരപരിധികളുള്ള കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുമൊഴികെയുള്ള എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന്‍ കീഴിലായിരിക്കുകയാണ്.
കിഴക്കൻ സംസ്ഥാനങ്ങളിൽ മമത ബാനർജിയുടെ പശ്ചിമബംഗാളും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ത്രിപുരയും എൻസിപി-കോൺഗ്രസ് സഖ്യം ഭരിക്കുന്ന മേഘാലയയും കോൺഗ്രസ് ഭരണത്തിലുള്ള മിസോറാമും മാത്രമായി ബിജെപി പതാകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങൾ. ആസാം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കാണ് അധികാരത്തിൽ. സിക്കിമിലും നാഗാലാന്റിലും സഖ്യസർക്കാരുകളിൽ ബിജെപി അംഗമാണ്. സഖ്യം ചേർന്ന് അധികാരം പിടിക്കുകയെന്ന നയമാണ് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വീകരിച്ചരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായി സഖ്യത്തിലാണ് ബിജെപി. ആന്ധ്രാപ്രദേശിന്റെ അയൽസംസ്ഥാനങ്ങളായ ഒഡീഷയിൽ ബിജു ജനതാദളും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുമാണ് ഭരിക്കുന്നതെങ്കിലും ഇരുപാർട്ടികളും ബിജെപിയോട് ചായ്‌വ് പുലർത്തുന്നവയാണ്. ടിആർഎസ് ഭരിക്കുന്ന തെലുങ്കാന, കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, ഇടതുസഖ്യം ഭരിക്കുന്ന കേരളം, കോൺഗ്രസ് ഭരണത്തിലുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി അധികാരത്തിന് പുറത്ത് നിൽക്കുന്നത്.
കോൺഗ്രസ് വിമുക്തഭാരതം എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയൊട്ടാകെ പിടിച്ചടക്കാനുള്ള ആർജ്ജവത്തോടെ വിജയം ഉറപ്പിച്ച് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും നിൽക്കുന്പോൾ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കോൺഗ്രസിന് എത്രമാത്രം പ്രാപ്യമാണ് എന്നത് വലിയ ചോദ്യചിഹ്നം തന്നെയാണ്. പ്രത്യേകിച്ച് കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾ ബിജെപിയ്‌ക്കൊപ്പം നിൽക്കുന്നിടത്തോളം...
രണ്ട് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായി അനുഭവപ്പെട്ടു തുടങ്ങിയത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ്. ജയിക്കാൻ വേണ്ടി ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നതും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിനുമെല്ലാം ഈ തിരഞ്ഞെടുപ്പ് സാക്ഷിയായിട്ടുണ്ട്. മോഡിയുടെ ജലവിമാന യാത്ര, കോൺഗ്രസ്സിന് പാക്ബന്ധമുണ്ടെന്ന് മോഡിയുടെ ആരോപണം, രാഹുൽ ഗാന്ധിക്കെതിരായി ഉയർന്ന ചട്ടലംഘനം, അനുമതി നിഷേധിച്ചിട്ടും തിരഞ്ഞെടുപ്പ് ദിവസം മോഡി നടത്തിയ റോഡ് ഷോ ഇങ്ങനെ ‘കലാപരിപാടികൾ’ ഒരുപാട് അരങ്ങേറിയ ശേഷമാണ് തിരഞ്ഞെടുപ്പിന് കർട്ടൻ വീഴുന്നത്.
ലീഡ് ചെയ്യുന്ന സീറ്റുകളുടെ കണക്കെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയതായി തന്നെയാണ് കാണാൻ കഴിയുന്നത്. 2012ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 61 സീറ്റായിരുന്നു കോൺഗ്രസ്സിന്റെ സന്പാദ്യം. എന്നാൽ ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കോൺഗ്രസ് മികച്ച മുന്നേറ്റം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി ലീഡ് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ സ്വന്തമാക്കിയ 115 സീറ്റിനെ അപേക്ഷിച്ച് കുറവാണ്. കേന്ദ്രഭരണമികവാണോ, കോൺഗ്രസിന് ബിജെപിയുടെ വീഴ്ചകളെ നേരായ രീതിയിൽ ജനങ്ങളെ ധരിപ്പിക്കാൻ കഴിയാത്തതാണോ, ഫലം ബിജെപിക്ക് അനുകൂലമായാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തണ്ടിൽ തമാര വിരിഞ്ഞിരിക്കുന്നതുപോലെ...