പ്രിയ ബഹ്റൈൻ നിനക്കായി!!...
വൽസ ജേക്കബ്
ഓ എന്‍റെ പ്രിയ നാടെ... ഒരു ജന്‍മദിനാഘോഷം... നീ ഇന്ന് അണിഞ്ഞൊരുങ്ങി നിൽക്കുന്പോൾ, നിന്‍റെ മക്കൾ ചുറ്റും ആനന്ദനൃത്തം വെയ്ക്കുന്പോൾ ഞാനും ഒന്നു ചേർന്നു നിൽക്കട്ടെ... ഓ പ്രിയ ബഹ്റൈൻ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നിനക്കായ്, നിന്‍റെ നന്‍മകൾക്കായ് ഒരായിരം നന്ദി പറയട്ടെ. നിന്‍റെ നെഞ്ചോട് ചാരി നിന്ന്, നിന്‍റെ മടിയിൽ ഉല്ലാസഭരിതരായിരിക്കുന്ന മക്കളോട് ചേർന്നു നിന്ന് നിന്‍റെ തിരുമുഖത്ത് ഞാനൊരു മുത്തം നൽകട്ടെ... നീയെനിക്ക് പോറ്റമ്മ മാത്രമാണെന്നറിഞ്ഞിട്ടും പെറ്റമ്മയെപ്പോലെ നിന്നെ ഞാൻ സ്നേഹിച്ചു...
നിന്‍റെ മണ്ണിൽ ഞാൻ പതിപ്പിച്ച ഓരോ പാദമുദ്രക്കും അതിരുകളില്ലാത്ത നന്ദിയുടെ ചൂട് ഉണ്ടായിരുന്നു... ഇടറി വന്നവന് നീ തണൽ വിരിച്ചു... ആശയറ്റവന് പുതിയ ലോകം തുറന്നു കാട്ടി... ആലംബമറ്റവന് തുണയായി കൂടെ നിന്നു... ആശ്രയമില്ലാത്തവനെ സ്വാശ്രയത്തിലേക്ക് വഴി തെളിച്ചു... ജീവിതപ്രാരാബ്ദങ്ങളുടെ ചുഴിയിൽ നട്ടം തിരിഞ്ഞവന് ദൂരെ ഈ പ്രതീക്ഷയുടെ പച്ചപ്പ് വിടർത്തിയിട്ട്, ക്ഷേമത്തിന്‍റെ ആശ്വാസത്തുരുത്തിൽ അഭയം നൽകിയതും നീ... സംവൽസരങ്ങളായി നിലനിന്ന രാജ്യാന്തരബന്ധം നീ കൈവിടാതെകാത്തു... ആ സ്നേഹത്തിന്‍റെ തിരിനാളം നിന്‍റെ മക്കൾക്കും തലമുറ കൈമാറിക്കൊണ്ടേയിരുന്നു... വളരുവനൊരിടം, പടരുവാനോരിടം! അതായിരുന്നു ഞങ്ങൾക്കിവിടം... ഇവിടെ ഞങ്ങൾ സംസ്കാരവാഹകരായിരുന്നു... ആ മഹത്തായ സംസ്കാരം പിന്തുടരുവാൻ മാത്രമല്ല, തലമുറകൾക്ക് പകർന്നു നൽകുവാൻ സ്വാതന്ത്ര്യവും, സാഹചര്യവും നീ ആവോളം ഒരുക്കി തന്നു... ആത്മീകവും, മാനസികവും, ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസമെന്ന മഹാത്മാവിന്റെ വാക്കുകൾ തിലകക്കുറിയാക്കി, ഉന്നമനത്തിലേക്കെത്താൻ നിന്‍റെ മണ്ണിൽ ഇടം നൽകി... ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മനസ്സിൽ നീറിപ്പിടഞ്ഞു നിൽക്കാതെ ഒന്നുചേർന്നാഘോഷവേളകളാക്കാൻ നിന്‍റെ ഹൃദയവിശാലത ഞങ്ങൾക്ക് തുണയായി... ഏകദൈവസങ്കൽപ്പമാണുത്തമം എന്നറിഞ്ഞിട്ടും വിശ്വാസവ്യത്യസ്ഥതകൾക്ക് ആരാധനാസ്വാതന്ത്യം നൽകി മറ്റുള്ളവരുടെ മുന്‍പിൽ നീ തലയെടുപ്പോടെ നിന്നു... സ്വദേശി, വിദേശി ഭാവങ്ങൾക്കിടയിൽ തരളിതമായ സ്നേഹം, പങ്കിടൽ, കരുതൽ, ബഹുമാനിക്കൽ, ഇത്രത്തോളം മറ്റെവിടെയാണ് ദർശിക്കാൻ കഴിയുക!!!
ലോകരാഷ്ട്രങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ, അന്താരാഷ്ട്രനിലവാരം എല്ലാ മേഖലയിലും വളർത്തിയെടുക്കാൻ, നിന്‍റെ ഉയർച്ചയിൽ പങ്കാളികളാകുവാൻ ഞങ്ങൾക്കും നീ ഇടം നൽകി... നന്ദി... സ്നേഹത്തിന്‍റെ ഭാഷയിൽ ഒരായിരം നന്ദി... വരാനിരിക്കുന്ന നാളുകൾ ഐശ്വര്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും നറുമലരുകൾ വിടരുന്നതാവട്ടെ...