ഹൃദയം കൊണ്ടൊരു സല്യൂട്ട്...


ആബിദ എം.കെ

വർ‍ഷാവസാനം വന്നുചേർ‍ന്ന് മുപ്പത്തൊന്നാം നാൾ‍ വർ‍ഷത്തേയും നുള്ളിയെടുത്ത് ഓർ‍മ്മയുടെ ഓളങ്ങളിലേക്ക് അലിഞ്ഞുചേരുന്നതിനാലാവാം വേർ‍പാടിന്റെ മേലങ്കി അണിയുന്ന മാസമാണ് ഡിസംബർ‍ എന്ന് നാമെല്ലാം പറയുന്നത്, ഒരുപക്ഷേ ചിലർ‍ക്കെങ്കിലും ഡിസംബർ‍ ഒരു വിരഹവേനൽ‍ ആയേക്കാം, എന്നാൽ‍ മുത്തുകൾ‍ വിളയുന്ന ബഹ്‌റൈൻ എന്ന ഞങ്ങളുടെ കൊച്ചു ദ്വീപിന് ഡിസംബർ‍ എന്നാലൊരു ഉത്സവകാലമാണ്. ഒന്നാം നാൾ ‍മുതൽ‍ നാടും, നഗരവും, പാതയോരങ്ങളും വെള്ളയും ചുവപ്പും കലർ‍ന്ന പുത്തനുടുപ്പുകൾ‍ അണിയും, ഈന്തപ്പനയോലകൾ‍ ആടയാഭരണങ്ങളിൽ‍ മിന്നിത്തിളങ്ങും, പുലർ‍ക്കാലങ്ങളിൽ‍ മഞ്ഞുപൂക്കൾ‍ വിരിയും, സായംസന്ധ്യകൾ‍ നിറദീപങ്ങൾ‍ കൊണ്ട് അലങ്കരിക്കും, കാട്ടുമരങ്ങളും, ചെറുചെടികളും സുന്ദരങ്ങളായ ചിത്രംവരക്കും. അങ്ങിനെ പവിഴദ്വീപൊരു രാജകുമാരിയായിമാറും, 

ഷോപ്പിംഗ്‌ മാളുകളിൽ‍ കുട്ടികളെ വരവേൽ‍ക്കാൻ കാർ‍ട്ടൂൺ കഥാപാത്രങ്ങൾ‍ കവാടത്തിൽ‍ കാത്തുനിൽ‍ക്കും, ആട്ടവും പാട്ടും താളമേളങ്ങളുമായി നാടെങ്ങും ആഘോഷതിമിർ‍പ്പിലാകും. ദേശഭാഷ വേർ‍തിരിവില്ലാതെ ഞങ്ങളൊന്നായി ഇവരോടൊപ്പം സ്വാതന്ത്ര്യത്തിന്റെ മധുരം നുണയും. രക്തദാനങ്ങളിലൂടെ കാരുണ്യം കവിഞ്ഞൊഴുകും. പരസ്പര വിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും പ്രകാശം തെളിയിക്കും. സ്കൂളിലും കോളേജിലും വിദ്യാർ‍ത്ഥികൾ‍ വർ‍ണ്ണ പകിട്ടാർ‍ന്ന കലാപരിപാടികൾ‍ ഒരുക്കും. ഐശ്വര്യത്തിന്റെ നിറമായ വെള്ളയും, ആകർ‍ഷണത്തിന്‍റെ നിറമായ ചുവപ്പും നിറങ്ങളിൽ‍ പതാകകൾ‍ കയ്യിലേന്തി ഡിസംബറിനെ വരവേൽ‍ക്കും. 

വീതിയും വിസ്തീർ‍ണ്ണവും വല്ലാതെ കുറഞ്ഞുപോയെങ്കിലും ഐക്യവും, സ്നേഹവും കൊണ്ട് ഈ നാടൊരു ലോകമാണ്. പ്രതിസന്ധികളുടെ കൊടുംകാറ്റ് പലനാൾ‍ ആഞ്ഞുവീശിയപ്പോഴും മനപ്പൊരുത്തമുള്ള രാജ്യസ്നേഹികളുടെ ആത്മബലവും ശ്രദ്ധയോടെയുള്ള ഭരണനീക്കവും, സ്വന്തം ജനതയിൽ‍ വേരൂന്നിയ അവരുടെ വിശ്വാസവും, ഈ നാടിന്‍റെ ശക്തിയും ഊർ‍ജ്ജവുമായി. ഇവിടെ ശത്രുതയുടെ ഗ്രൂപ്പുകൾ‍ നിരത്തിയ കസേരകൾ‍ കാണാറില്ല. തെരുവോരങ്ങളിൽ‍ സ്ത്രീകളുടെ അടക്കിപിടിച്ച നിലവിളികൾ‍ കേൾ‍ക്കാറില്ല. രാവെത്ര കറുത്തിരുണ്ടാലും ഭയം ഞങ്ങളെ സ്പർഷിക്കാറില്ല. മുലപ്പാലിന്റെ ചെറുചൂടു പകർ‍ന്ന ആത്മബന്ധത്തേക്കാൾ‍ ഞങ്ങളുടെ സുരക്ഷിതത്വത്തിൽ‍ എന്നും ഒരുപടി മുന്നിട്ടുനിൽ‍ക്കാൻ സൂക്ഷ്മത കാണിച്ച പ്രിയപ്പെട്ടരാജ്യം. പലരും പലവട്ടം യാത്രചോദിച്ച് പടിയിറങ്ങിയിട്ടും വീണ്ടും വന്നൊന്നു കാണാൻ മനം ആശിച്ചുപോകുന്ന പോറ്റമ്മയുടെ നിറ വാൽസല്യം, ഓരോ ഡിസംബറും ഞങ്ങൾ‍ക്ക് ഉത്സവക്കാലമാണ്, പൂക്കളും പുൽ‍നാന്പുകളും കിളിർ‍ത്തു നിൽ‍ക്കുന്ന പവിഴദ്വീപിന് എവിടെയൊക്കെയോ അമ്മനാടിന്റെ നിഴലെന്നു തോന്നിക്കും, നാൽ‍പ്പത്തിആറാം ദേശീയദിനം ആഘോഷിക്കുന്ന ഞങ്ങളുടെ കൊച്ചു ദ്വീപിന് ഹൃദയപൂർ‍വ്വം ഒരു സല്യൂട്ട്...

You might also like

Most Viewed