സ്ത്രീകൾക്ക് അസാധ്യമായ ജോലിയൊന്നുമില്ല : ചില മേഖല അവരുടെ കുത്തകയാണ്
കൂക്കാനം റഹ്്മാൻ
ഏതുതൊഴിലും മഹത്വമുള്ളതാണെന്ന ഗാന്ധിജിയുടെ ഉൽബോധനം എന്ത് പണിചെയ്യുന്നതിലും ലജ്ജിക്കാനില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. വർത്തമാനകാലത്ത് ജീവിച്ചുപോകാൻ കുടുംബാംഗങ്ങളെല്ലാം തൊഴിൽ ചെയ്താലെ സാധ്യമാവൂ. സ്ത്രീകളാണ് തൊഴിൽ നേടിയെടുക്കുന്നതിൽ പുരുഷന്മാരേക്കാൾ മുന്നിട്ടുനിൽക്കുന്നത്. സ്ത്രീകൾ മാത്രം കയ്യടക്കിയ തൊഴിൽ മേഖലകൾ വർദ്ധിച്ചു വരികയാണിന്ന്. നഴ്‌സിംഗ് മേഖല, അദ്ധ്യാപനമേഖല, എയർ ഹോസ്റ്റസ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
വൈവാഹിക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്പേ വരുമാനം ലഭ്യമാവുന്ന ഒരു തൊഴിൽ കണ്ടെത്തണമെന്ന ആഗ്രഹം എല്ലാ സ്ത്രീകളും വെച്ചുപുലർത്തുന്നുണ്ട്. തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളെങ്കിലും സ്വയം ഉണ്ടാക്കിയാലേ ജീവിതത്തിന് ഒരന്തസ്സുള്ളു എന്ന ചിന്ത സ്ത്രീകളിൽ ഉണ്ടായിക്കഴിഞ്ഞു. സർക്കാർ ജോലി അപ്രാപ്യമായ കാലമാണിത്. ഒരു തൊഴിൽ സ്വയം കണ്ടെത്തുകയെന്നതാണ് ഏറ്റവും ഉചിതവും എളുപ്പവുമായ മാർഗ്ഗം. പ്രൈവറ്റ് മേഖലയിൽ നിരവധി തൊഴിലവസരങ്ങളുണ്ടിന്ന്. പക്ഷേ സ്വകാര്യസ്ഥാപനങ്ങൾ അതിന് അനുഗുണമായ സ്വഭാവവും, ഊർജ്ജസ്വലതയും, തന്റേടവുമൊക്കെയുള്ള വനിതകളെയാണ് പരിഗണിക്കുന്നത്.
തൊഴിൽ പരിശീലിപ്പിക്കുന്നതിന് വിവിധ ഗവൺമെന്റ് ഏജസികളും സ്വകാര്യ ഏജൻസികളുമുണ്ട്. സംസ്ഥാനത്തെ എല്ലാ പോളിടെക്കിനിക്കുകളിലും, സാമൂഹ്യസേവന വിഭാഗം തൊഴിൽ രഹിതരായ വനിതകൾക്ക് വിവിധ ട്രേഡുകളിൽ പരിശീലനം നൽകുന്നുണ്ട്. വനിതാ വികസന കോർപ്പറേഷൻ, സ്റ്റഡ്, നെഹ്റു യുവകേന്ദ്ര, സെൻട്രൽ സോഷ്യൽ വെൽഫേർ ബോർഡ് തുടങ്ങിയവയെല്ലാം. ഒരു മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന ഹ്രസ്വകാല പരിശീലനങ്ങൾ വനിതകൾക്ക് നൽകിവരുന്നുണ്ട്.
പരിശീലനത്തിൽ പങ്കാളികളാവാൻ കാണിക്കുന്ന ഉത്സാഹം, നേടിയ പരിശീലനം പ്രയോജനപ്പെടുത്തി തൊഴിൽ കണ്ടെത്താൻ സ്ത്രീകൾ ത്രാണികാണിക്കുന്നില്ല. സൗജന്യമായി ലഭിക്കുന്ന പരിശീലനമായതിനാലാവാംപരിശീലനത്തിൽ പങ്കെടുക്കുന്നത്. അത് പ്രയോജനപ്പെടുത്തി ജീവിതമാർഗ്ഗം കണ്ടെത്താൻ ശ്രമിക്കാത്തതെന്തുകൊണ്ടെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. പുരുഷന്മാർ മാത്രം കയ്യടക്കിവെച്ചിരുന്ന പല തൊഴിൽ മേഖലയിലും സ്ത്രീകളുടെ കടന്നുകയറ്റം തുടങ്ങിക്കഴിഞ്ഞു. ബസ്സ് കണ്ടക്ടർമാർ, പോലീസ് സേനാംഗങ്ങൾ, പെട്രോൾ പന്പുകളിലെ തൊഴിലാളികൾ, തെങ്ങു കയറ്റക്കാർ ഇവിടങ്ങളിലൊക്കെ സ്ത്രീകൾ വിജയകരമായി മുന്നേറുകയാണ്. ഇത്തരം തൊഴിലുകളിൽ പുരുഷന്മാരേക്കാളേറെ തിളങ്ങുന്നത് സ്ത്രീകളാണെന്ന് കാണാൻ കഴിയും.
സൗമ്യമായ പെരുമാറ്റവും, ക്ഷമിക്കാനുള്ള മനസ്സും, സൗഹൃദത്തോടെയുള്ള ഇടപെടലുകളും സ്ത്രീ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതുപോലെ പുരുഷതൊഴിലാളികളിൽ കാണില്ല. ബസ്സ് യാത്രാവേളകളിൽ ഇപ്പറത്തെ കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. പാസഞ്ചേർസിനോട് ചെറിയ കാര്യത്തിനുപോലും വഴക്കിടുന്ന പുരുഷകണ്ടക്ടർമാരെ കാണാം പക്ഷേ ആ സ്ഥാനത്ത് പ്രവർത്തിക്കുന്ന വനിതാകണ്ടക്ടർമാർ ആവശ്യമില്ലാത്ത വഴക്കിന് നിൽക്കില്ല. സൗമ്യമായി പ്രശ്‌നം തീർക്കും.
സ്ത്രീകൾക്ക് വഴങ്ങാത്ത ഒരു തൊഴിലുമില്ല. ആവശ്യബോധം ഉണ്ടാവണം. തൊഴിലിൽ മനസ്സുവെച്ച് പരിശീലനം നേടണം. മറ്റുള്ളവർ പുച്ഛത്തോടെ കാണുമോ? അവരെന്തൊക്കെയാണ് കരുതുക, എന്നിത്യാദിചിന്തകൾ കൈവെടിയണം. ചെയ്യുന്ന തൊഴിലിനോട് അന്തസ്സും, അഭിമാനവും പുലർത്തണം. കേരളീയ സ്ത്രീകൾ പല രംഗങ്ങളിലും മികവുപുലർത്തുന്നവരാണ്. പക്ഷേ മാന്യമായ തൊഴിലെന്ന്, അവർ കരുതുന്ന ചില തൊഴിൽ ചെയ്യാനേ അവർ തയ്യാറാവുന്നുള്ളു. ഇക്കഴിഞ്ഞ ദിവസം ഒരു മഹിളാനേതാവ് വിളിച്ചു. അവർ വനിതകൾക്കായി ഒരു സൊസൈറ്റി നടത്തുന്നുണ്ട്. അവരിൽ പത്തു പേർക്ക് ഏതെങ്കിലും ഒരു തൊഴിൽ പരിശീലനം നൽകണം. മാഷിന്റെ സംഘടനയിൽ നടത്തുന്ന കോഴ്‍സുകളിൽ ഏതാണ് നല്ലതെന്ന് പറയാമോ?
കൂൺകൃഷി, പാലിയേറ്റീവ് ഹോംനഴ്‌സിംഗ്, തുടങ്ങിയവയിൽ പരിശീലനം നൽകാമെന്ന് ഞാൻ പറഞ്ഞു. ഏയ് അതൊന്നും പഠിക്കാൻ അവർക്കുപറ്റില്ല. അവർക്ക് മാന്യമായ ജോലി ലഭിക്കുന്ന പരിശീലനം വേണം... ഞാൻ പിന്നൊന്നും പ്രതികരിച്ചില്ല. അവരുടെ പ്രതികരണം ഇങ്ങിനെയാണ് പിന്നെന്താണാവോ മാന്യമായ തൊഴിൽ?
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്ന് അറിഞ്ഞ ഒരു സംഭവം കേരളീയ വനിതകൾ ഉൾക്കൊള്ളേണ്ടതാണ്. ബാർബർ പണിയിൽ ഏർപ്പെട്ടിരിക്കുകയാണ് പട്രീഷ്യ മേരിയും, ദേവി തങ്കവേലുവും. കേൾക്കുന്പോൾ തന്നെ കേരളീയവനിതകൾ നെറ്റിചുളിക്കും. ആണുങ്ങളുടെ താടി മീശ വടിക്കാനും, മുടിവെട്ടാനും പെണ്ണുങ്ങളോ? അത്ഭുതപ്പെട്ടേക്കാം ചിലർ. അവഹേളിച്ചു പറഞ്ഞേക്കാം മറ്റുചിലർ. പക്ഷേ തന്റേടികളും, ആത്മാഭിമാനികളുമായ ഈ സഹോദരിമാരെ നമുക്ക് ആദരിക്കാം. പുരുഷന്മാർക്കു മാത്രം പറഞ്ഞ പണിയാണിത്. സ്ത്രീകൾക്ക് കടന്നുവരാൻ ലജ്ജതോന്നുന്ന ജോലി. പക്ഷേ മേരിയും, ദേവിയും ഈ രംഗത്ത് ശോഭിച്ചു കൊണ്ടിരിക്കുകയാണ്.
തിരുച്ചിറപ്പള്ളിയിലെ ചിന്താമണി ബസാറിൽ ‘ന്യൂ വെംബ്‌ലി സലൂൺ’ എന്ന പേരിലാണ് മേരി ബാർബർ ഷാപ്പ് നടത്തുന്നത്. ജീവിത കടന്പ കടക്കാൻ സധൈര്യം ക്ഷൗരക്കത്തി കയ്യിലെടുത്തവളാണ് മേരി. ഈ ജോലിയിൽ നല്ല പരിശീലനം ആവശ്യമാണ്. മുടിയൊന്ന് അധികം വെട്ടിപ്പോയാൽ കസ്റ്റമർ കോപാകുലനാവും. കയ്യൊന്ന് വിറച്ചാൽ മുടി മുറിക്കുന്ന കത്തി തൊലിമുറിച്ചുകളയും. ക്ഷമ വേണം. അതൊക്കെ മേരി വശത്താക്കിയത് ബാർബർ തൊഴിലാളിയായ സ്വന്തം ഭർത്താവിൽ നിന്നു തന്നെ. ഇടയ്ക്കിടയ്ക്ക് സലൂണിലെത്തുന്ന മേരി മുടിവെട്ടുന്നതും, ഷേവ് ചെയ്യുന്നതും ശ്രദ്ധിച്ചു. പിന്നീടൊരിക്കൽ അത് ഭർത്താവിൽ തന്നെ പരീക്ഷിച്ചു. പരീക്ഷണം വിജയകരമായിരുന്നു. ഇപ്പോൾ മേരി തനിച്ചാണ് ഈ സ്ഥാപനം നടത്തി കൊണ്ടു പോകുന്നത്.
ദേവി തങ്കവേലു കോമേഴ്‌സ് ബിരുദാധാരിയാണ്. അവർ തിരുപ്പൂർ ജില്ലയിലെ ട്രിച്ചി റോഡിൽ ബാർബർ ഷാപ്പു നടത്തുകയാണ.് ദേവി എന്നും അച്ഛൻ തങ്കവേലുവിന്റെ ബാർബർ ഷോപ്പു സന്ദർശിക്കുമായിരുന്നു. ഷേവിംഗ്, ക്രോപ്പിംഗ് എന്നീ ജോലികൾ അച്ഛൻ ചെയ്യുന്നത് ദേവി ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ദിവസം ദേവി ഷോപ്പിൽ അച്ഛനു ഭക്ഷണവുമായി എത്തിയതായിരുന്നു. തത്സമയം തങ്കവേലു സലൂണിൽ ഒരു കസ്റ്റമറുടെ താടി വടിക്കുകയായിരുന്നു. പണിപകുതിയിലെത്തിയപ്പോൾ പ്രമേഹ രോഗിയായ തങ്കവേലു കുഴഞ്ഞു വീണു. ദേവി അച്ഛനെ താങ്ങിയെടുത്ത് കിടത്തി. പകുതി താടിയും കൊണ്ട് കസ്റ്റമർക്ക് പുറത്തുപോകാൻ പറ്റില്ലല്ലോ? രണ്ടും കൽപിച്ച് ദേവി ഷേവിംഗ് ബ്ലേഡ് കയ്യിലെടുത്തു. കസ്റ്റമറുടെ പാതിവടിച്ച താടി മുഴുവൻ വടിച്ചു കൊടുത്തു... പെണ്ണിന്റെ തന്റേടമിങ്ങിനെയാവണം.
കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ദേവിയുടെചുമതലയിലായിരുന്നു. പകൽസമയത്ത് ഒരു കന്പനിയിൽ ചുരുങ്ങിയ വേദനം ലഭിക്കുന്ന അക്കൗണ്ടന്റ് ജോലി ചെയ്യും. വൈകീട്ട് 6 മുതൽ 9 മണി വരെയാണ് ബാർബർ ഷാപ്പിൽ ജോലി ചെയ്യുന്നത്. ബാർബർ പണി അതും രാത്രിയിൽ. നോക്കൂ നമ്മുടെ അയൽ സംസ്ഥാനത്തെ സ്ത്രീ ശക്തി. ഇവിടെ കേരളത്തിൽ മാധ്യമ പ്രവർത്തകയായ സ്ത്രീക്കു പോലും പകൽ നേരങ്ങളിൽ കൂടി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ. സദാചാര ഗുണ്ടകളാൽ അക്രമിക്കപ്പെടുമെന്ന ഭയത്താൽ യാത്ര ചെയ്യാൻ ഭയപ്പെടുന്നു പിന്നെങ്ങിനെ രാത്രി കാലത്ത് സ്ത്രീകൾക്ക് ഇത്തരം തൊഴിൽ രംഗത്തേക്ക് ഇറങ്ങിത്തിരിക്കാൻ പറ്റും?
സഹോദരിമാരെ, നമ്മൾ ഇനിയും അമാന്തിച്ചു നിൽക്കരുത്. ഇറങ്ങി പുറപ്പെടണം. തൊഴിലെടുക്കണം. വരുമാനം ഉണ്ടാക്കണം. അടിമപ്പെട്ടു ജീവിക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. സ്വന്തം കാലിൽ നിൽക്കാൻ കരുത്താർജ്ജിക്കണം തടസ്സങ്ങളെ തട്ടിമാറ്റണം. തലകുനിക്കാതെ... കൈനീട്ടാതെ മുന്നേറാൻ ഇനിയും വൈകരുത്. ജോലി കണ്ടെത്തിയിട്ട് മതി വിവാഹംമെന്ന് മനസ്സിൽ ഉറപ്പിക്കണം.