വീണ്ടും ഗുജറാത്ത്
ഇ.പി അനിൽ
epanil@gmail.com
ഗാന്ധിജിയുടെ ഗുജറാത്ത് എന്നായിരുന്നു 40കളിൽ നമ്മൾ കേട്ടിരുന്നത് എങ്കിൽ കഴിഞ്ഞ ചില നാളുകളായി ഗുജറാത്തിനൊപ്പം പറഞ്ഞുവരുന്ന പേര് ശ്രീ മോഡിയുടേതാണ്. ഗാന്ധിജിയുടെ പേരിന്‍റെ പ്രസക്തി കേവലം വ്യക്തി ആരാധനയുടെ ഭാഗമായല്ല കേൾക്കുവാൻ ആഗ്രഹിക്കുന്നത്. ഗാന്ധിജി കോൺഗ്രസ് പാർട്ടിയിലൂടെ ആധുനിക ഇന്ത്യൻ സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ ലോകത്തെ തന്നെ ശ്രദ്ധേയമായ രാഷ്രീയ പരീക്ഷണ ശാലയായി നാടിനെ മാറ്റിയെടുത്തു. എന്നാൽ നാടിന്‍റെ മഹത്വം ഉയർത്തിവിട്ട നമ്മുടെ മതേതര ജനാധിപത്യ സംവിധാനത്തിനു പരിക്കുകൾ തീർക്കുന്ന രാഷ്ട്രീയത്തിന്‍റെ തലസ്ഥാനമായി ഇന്നു ഗുജറാത്ത് അറിയപ്പെടുന്നു!
ഇന്ത്യൻ തീരദേശങ്ങളിൽ നിന്നും ആഫ്രിക്കയിലേക്ക് നൂറ്റാണ്ടുകളായി കടൽ കടന്നു കച്ചവടം നടത്തിയ പഴയ കറാച്ചികൂടി ഉൾപ്പെട്ട കച്ചു മേഖലയിലെ ബനിയ, പട്ടേൽ, ബോറാ, പട്ടാണി സമുദായങ്ങൾ പ്രദേശത്തെ സാന്പത്തികമായി വികസിപ്പിച്ചു. 1664ൽ ശിവജി സൂററ്റ് ആക്രമിച്ചപ്പോൾ വിർജി, ഹാജി സാഹിദ്, ഹാജി കാസിം തുടങ്ങിയവരുടെ സ്വത്തുകൾ പിടിച്ചടക്കിയതായി ചരിത്രത്തിൽ നിന്നും വായിക്കാം. അതിനും നൂറ്റാണ്ടിനു മുന്‍പ് അക്ബർ സ്വന്തമാക്കിയ സൂറത്തിൽ നിന്നും മുഗൾ ഭരണം വലിയ തരത്തിൽ നികുതി വരുമാനം നേടിയെടുത്തു. ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്തിവന്ന ഗുജറാത്തികളായ ഉന്നത ജാതിയിൽ പെട്ട കച്ചവടക്കാർ ഡൽഹിയിൽ ഉണ്ടായ ഒരു സന്യസിയുടെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഫിജിയിൽ ഹിന്ദു മഹാ സഭ രൂപീകരിച്ചു. 1926ൽ ആരംഭിച്ച ഹിന്ദുമഹാസഭ, ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുത്തി വെച്ച ദുരന്തം എത്ര ഭീകരമായിരുന്നു എന്ന് ഗാന്ധി വധത്തിൽ ഹിന്ദു മഹാസഭക്കുണ്ടായിരുന്ന പങ്കിൽ നിന്നും മനസ്സിലാക്കാം. ഹിന്ദുത്വ എന്ന മുദ്രാവാക്യം ഉയർത്തി പിൽക്കാലത്ത് ഹിന്ദു മുസ്ലിം വൈര്യം വളർത്തി, ഇന്ത്യാ വിഭജനത്തിൽ പങ്കു വഹിക്കുമാറ് വർഗ്ഗീയ അജണ്ടകൊണ്ട് കുപ്രസിദ്ധി നേടിയ പ്രസ്തുത സംഘടനയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചവർ ഗുജറാത്തിൽനിന്നും കച്ചവടത്തിന് ഫിജിയിൽ എത്തിയവരായിരുന്നു. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രത്തിൽ ആരോഗ്യപരമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധ നേടിയതിനും മുന്‍പ് ഹൈന്ദവ വർഗ്ഗീയതയുടെ വിത്തുകൾ വിതച്ചതിൽ ഗുജറാത്തിലെ കച്ചവക്കാർ പ്രാധാന പങ്കുവഹിച്ചു എന്ന് മനസ്സിലാക്കുവാൻ കഴിയും.
ആധുനിക ഇന്ത്യൻ രാഷ്ടീയത്തിൽ ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ പ്രമുഖ സ്ഥാനം അലങ്കരിച്ച വല്ലഭായി പട്ടേൽ ഇന്ത്യൻ ഉപ പ്രധാനമന്ത്രിയായി നടത്തിയ പ്രവർത്തനങ്ങൾ ഗുജറാത്തിനു പ്രത്യേകം അംഗീകാരങ്ങൾ നേടികൊടുത്തു. ഇന്ത്യയിലെ ഏറ്റവും സന്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയും ഗുജറാത്തും ഹരിയാനയും തമിഴ്നാടും സ്ഥാനങ്ങൾ നേടിയപ്പോൾ അതിനുള്ള കാരണങ്ങളിൽ ഒന്ന് കേന്ദ്ര സർക്കാർ കാട്ടിയ പ്രത്യേക താൽപര്യമാണ്.
ഇന്ത്യൻ രാഷ്ടീയത്തിൽ കോൺഗ്രസ്സിന്‍റെ ശക്തി ദുർഗ്ഗങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത്. ആ സ്ഥിതിക്ക് മാറ്റം ഉണ്ടായത് 1977ലെ ഇന്ദിരാ വിരുദ്ധ തരംഗത്തോടെയാണ്. അന്ന് ജനസംഘവും കൂടി അംഗമായ സംസ്ഥാന മന്ത്രി സഭ നിലവിൽ വന്നു. ഇടവേളകൾക്കു ശേഷം വീണ്ടും കോൺഗ്രസ്, മാധവ് സിംഗ് സോളങ്കിയെ പോലെയുള്ള നേതാക്കളുടെ ശ്രമഫലമായി അധികാരത്തിൽ മടങ്ങി എത്തി. ബിജെപിക്ക് 1998 മുതൽ കോൺഗ്രസ്സിനെ അധികാരത്തിൽ നിന്നും പുറത്തു നിർത്തുവാൻ കഴിഞ്ഞു. അതിൽ കേശു ഭായിയുടെ കുറച്ചു കാലത്തെ സാന്നിദ്ധ്യം ഒഴിച്ചു നിർത്തിയാൽ 2014 വരെ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കായി നിലനിർത്തുവാൻ മോഡി വിജയിച്ചു. അവിടെ നിന്നും പ്രധാന മന്ത്രി കസേരയിൽ എത്തുവാൻ എൽകെ അദ്വാനിയെ പോലെയുള്ളവരെ പിന്നിലാക്കി മോഡിക്ക് കഴിഞ്ഞത് ഗുജറാത്തിൽ മോഡി നടത്തിയ ഇടപെടലുകൾ ആയിരുന്നു.
ഇന്ത്യയിലെ സന്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒരിടത്തെ സാമൂഹിക യഥാർത്ഥ്യങ്ങൾ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വിജയങ്ങൾ രേഖപ്പടുത്തേണ്ട ഒരു സംസ്ഥാനം രാജ്യത്തെ കലാപങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഇടം എന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. അവിടെ നിന്നും രാജ്യത്തെ ഏറ്റവും വലിയ സന്പന്നർ ഉണ്ടായിതീരുകയും എന്നാൽ ജീവിത സൂചികയിൽ പിന്നോക്കം പോകുകയും ചെയ്യുന്ന അവസ്ഥയിലാണ്. കർഷകരുടെ ആത്മഹത്യയുടെ തോതിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് നിന്നും ഏറ്റവും അധികം കോർപ്പറേറ്റുകൾ ബാങ്കുകൾക്ക് കടമെടുത്ത പണം തിരിച്ചടക്കുവാനുണ്ട്. സാന്പത്തികമായി മുന്നിൽ നിൽക്കുന്ന ഗുജറാത്തിൽ വികസനത്തിന്‍റെ ഫലങ്ങൾ സാധാരണ ജനങ്ങളിൽ എത്തുന്നില്ല, ഒപ്പം വൻകിടക്കാർ വലിയ ആനുകൂല്യങ്ങൾ നേടിവരുകയും ചെയ്യുന്നു. ഒപ്പം വർഗ്ഗീയ ചേരി തിരുവുകൾ ശക്തമായി ഉണ്ടാക്കുവാൻ പങ്കുവഹിച്ച സംസ്ഥാനം തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന വ്യക്തികളെ സംഭാവന ചെയ്യുന്നു. അവരുടെ അജണ്ടകൾ രാജ്യത്തിന്‍റ് രാഷ്ടീയ സാംസ്‌കാരിക രംഗത്തെ നിയന്ത്രിക്കണം എന്ന് ആഗ്രഹിക്കുന്നത് അപകടകരമാണ്.
കോൺഗ്രസ് പാർട്ടി ദേശീയ തലത്തിൽ ജയ് കിസ്സാൻ എന്നും ഗരീബീ ഘടവോ എന്നും പറഞ്ഞുകൊണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ സംസ്ഥാനങ്ങളിൽ നടപ്പിൽ വരുത്തുവാൻ വിജയിച്ചില്ല. ഇന്ത്യയുടെ ഹിന്ദി ബെൽറ്റിൽ 90കൾ വരെ ഉണ്ടായ പ്രധാന മാറ്റങ്ങളിൽ ഒന്ന് കാർഷിക വിപ്ലവം ആയിരുന്നു. അതിന്‍റെ ഫലം ലഭിച്ചതാകട്ടെ സന്പന്ന കർഷകർക്കും. കർഷക തൊഴിലാളികൾ ഭൂരഹിതരായി ദിവസ പണിക്കാരായി തുടർന്നു. അവർ നിരക്ഷരരും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഇല്ലാതെ ജീവിതം നയിക്കുന്നു. 90കൾക്ക് ശേഷം രാജ്യത്ത് ഉണ്ടായ സാന്പത്തിക ഉണർവ്വ് വടക്കേ ഇന്ത്യൻ നഗരങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കി. ഗ്രാമങ്ങളിലെ പുരോഗതി മൊബൈൽ ഫോൺ പോലെയുള്ള വിഷയങ്ങളിൽ ഒതുങ്ങി നിന്നു. ശൗചാലയങ്ങൾ പോലും ഉപയോഗിക്കുവാൻ അവസരം കിട്ടാത്തവരായി ഗ്രാമങ്ങൾ തുടർന്നു. ചെറിയ ചില ചലനങ്ങൾ ഉണ്ടാകുകയും എന്നാൽ അതിനെ പിന്തള്ളുന്ന ജീവിത പ്രതിസന്ധികൾ വർദ്ധിച്ചു. വിലക്കയറ്റവും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയും ഒരു വശത്ത് തുടരുന്പോൾ ജനങ്ങൾ വർഗ്ഗീയമായി കൂടുതൽ ശക്തരാകുകയും അതിന്‍റെ തുടർച്ചയായി കലാപങ്ങൾ വർദ്ധിക്കുകയും ചെയ്തു. അങ്ങനെ ഇന്ദിരാഗാന്ധി യുടെ കാലം മുതൽ നടത്തിയ പ്രഖ്യാപനങ്ങൾ ഒരു വശത്തും അതിന്‍റെ ഫലങ്ങൾ ഒന്നും തന്നെ ജനങ്ങളിൽ എത്താതെ അവസ്ഥകൾ തുടർന്നു. കോൺഗ്രസ് വിരുദ്ധ രാഷ്ടീയക്കാരും ഇതേ നടപടികൾ പിന്തുടരുകയായിരുന്നു. ഇതിനെതിരെ അൽപ്പമെങ്കിലും വിമർശനങ്ങൾ നടത്തിയത് ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ് എടുത്ത ജനവിരുദ്ധ നയങ്ങൾ, അതിനെതിരായി ഉയർന്നുവന്ന റിബൽ കോൺഗ്രസ് നേതാക്കളുടെ പിളർപ്പുകളും മറ്റും ജനസംഘം എന്ന് ആർഎസ്എസ് നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന പാർട്ടിക്ക് ഗുജറാത്തിൽ വേരോട്ടം ഉണ്ടാക്കി കൊടുത്തു. (വിഭജനത്തിന്‍റെ ദുരിതങ്ങൾ ഏൽക്കേണ്ടി വന്ന വടക്കൻ സംസ്ഥാനങ്ങളിൽ ജനസംഘത്തിന്‍റെ സാന്നിദ്ധ്യം 51 മുതൽ പ്രകടമാക്കി) കോൺഗ്രസ്സിന്‍റെ ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമായിരുന്ന ഗുജറാത്ത് ബാബറി മസ്ജിദ് പൊളിച്ചതിന്‍റെ അനുബന്ധ കലാപങ്ങളിലൂടെ കാവിയണിഞ്ഞു എന്ന് കാണാം.
ബാബറി മസ്ജിദ് തർക്കവും അതിന്‍റെ പേരിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും നടത്തിയ രഥ യാത്രകളും ഗുജറാത്തിലെ നഗരങ്ങളിൽ കലാപങ്ങൾ ഉണ്ടാക്കി. കലാപങ്ങൾക്ക് പിന്നിൽ മറ്റിടങ്ങളിൽ എന്നപോലെ സാന്പത്തിക താൽപര്യങ്ങൾ പ്രകടമായിരുന്നു. ജനസംഖ്യയിൽ 10% വരുന്ന മുസ്ലിം സമുദായം കച്ചവടത്തിലും മറ്റും (തുകൽ, തുണി, കര കൗശലം, ചെറുകിട ഇരുന്പ് ഉപകരണ നിർമ്മാണം മുഴുകി വന്നു കൃഷിയിൽ അവരുടെ സ്ഥാനം അത്ര മെച്ചമായിരുന്നില്ല. സൂഫി പാരന്പര്യത്തിൽ പ്രചരിപ്പിക്കപ്പെട്ട ഇസ്ലാം ഗുജറാത്തിന്‍റെ സംസ്കാരിക രംഗത്തു വലിയ സംഭാവനകൾ നൽകി. 14ാം നൂറ്റാണ്ട് മുതൽ അഹമ്മദ് കാത്തൂ, മുഹമ്മദ് ബുഖാരി, അലാവുദ്ദീൻ അൽത്ത മുതലായ സുഫീ വര്യന്മാർ ഗുജറാത്തിനെ മത സൗഹൃദത്തിന്‍റെയും കലാ ഉപാസനകളുടെയും നാടാക്കി. അതിന്‍റെ ഓർമ്മകൾ പങ്കു വെയ്ക്കുന്ന പിരാന എന്ന അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ആരാധനാലയം ശബരിമല ദേവാലയത്തെ ഓർമ്മിപ്പിക്കും വിധം അന്യമത വിശ്വാസികളുടെ കൂടി ആരാധനലായമായി പ്രവർത്തിക്കുന്നു.ഇന്ന് ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും വലിയ വർഗ്ഗീയ വിഭജനങ്ങൾ നടക്കുന്ന നാടായി ഗുജറാത്ത് മാറി കഴിഞ്ഞു. അഹമ്മദാബാദിന്‍റെ പേർ കർണ്ണ വതി നഗർ എന്നാക്കി മാറ്റുവാൻ ശ്രമിക്കുന്ന ബിജെപി മറ്റു സമുദായങ്ങളെ ഓർമ്മിപ്പിക്കുന്ന പേരുകളെ പോലും വെറുതെ വിടുന്നില്ല.
ഗുജറാത്ത് മാതൃക ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടം ഉണ്ടാക്കിയത് മോഡി പ്രധാനമന്ത്രി ആയതിനു ശേഷമാണ്. ഗുജറാത്തിനെ ഇന്ത്യൻ വികസനത്തിന്‍റെ മാതൃകയായി നമുക്ക് കാണുവാൻ കഴിയുമോ? എങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഏകദേശം 20 വർഷമായി ബിജെപി നിയന്ത്രിക്കുന്ന നാട്ടിൽ എന്തൊക്കെ നേട്ടങ്ങളാണുണ്ടായത്, ആരാണ് അതിന്‍റെ ഗുണഭോക്താക്കൾ?
ഇന്ത്യൻ ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ (05-14) പരിശോധിച്ചാൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം സിക്കിമും അത് കഴിഞ്ഞാൽ ഉത്തരാഖണ്ധും ആണ്. (യഥാക്രമം 16-5, 12-45) ഗുജറാത്തിന്‍റെ ഇടം 8ാം സ്ഥാനാവും. (ഇന്ത്യൻ ശരാശരി 7-6). എന്നാൽ ജീവിത സൂചികയിൽ ഉത്തര കാണ്ട് 14ാം ഇടത്താണ്. (കേരളം ഒന്നാമത്) മനുഷ്യന്‍റെ ആയുസ്സ് വർദ്ധനയിൽ കവിഞ്ഞുള്ള ഒരു പ്രാധാന്യവും മറ്റു വിഷയങ്ങൾക്ക് ഉണ്ടാകുവാൻ ഇടയില്ല. ഇന്ത്യയുടെ വാഗ്ദാനമായി ബിജെപി വിലയിരുത്തുന്ന ഗുജറാത്തിൽ ശരാശരി ആയുർ ദൈർഘ്യം 68 വയസ്സും കേരളത്തിൽ 75 വയസ്സും ആണ്. ഗുജറാത്തിൽ ജനിച്ചു വീഴുന്ന ഒരു കുഞ്ഞ് ജീവിച്ചിരിക്കുന്നതിലും 8 വർഷത്തിൽ അധികം കേരളത്തിൽ ജനിക്കുന്നവർക്ക് ഭൂമിയിൽ വസിക്കുവാൻ കഴിയും. ഇനിയും ജനിച്ചു വീഴുന്ന കുട്ടികൾ കേരളത്തിൽ ആണെങ്കിൽ അവരുടെ മരണ സാധ്യത ഗുജറാത്തിൽ ജനിക്കുന്ന കുട്ടികളുടെ ആറിൽ ഒന്ന് മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയിൽ ഒരു വർഷം കൊണ്ട് ജനിച്ചു വീഴുന്ന കുട്ടികളിൽ 7 ലക്ഷം പേരുടെ മരണം കേരളത്തിൽ ആണെങ്കിൽ തടയാം എന്ന് പഠനങ്ങൾ പറയുന്നു. ഇവിടെ ഗുജറാത്ത് സമൂഹം കേരളത്തിന്‍റെ സാമൂഹിക സുരക്ഷയിൽ നിന്നും ബഹുദൂരം പിന്നിലാണ് എന്ന് അടിവര ഇടുകയാണ്.
ജനങ്ങളുടെ വികസന സങ്കൽപ്പങ്ങൾ പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്ന ഇന്നത്തെ ലോകത്ത് ഗുജറാത്തിൽ നിന്നുള്ള റിലയൻസ്, അദാനി, പ്രേംജി ദിലീപ് സംഗവെ തുടങ്ങിയ ഒരു ഡസ്സൻ വരുന്ന കച്ചവടക്കാർ അതികയകന്മാർ ആയത് എങ്ങനെയാണ് എന്ന അന്വേഷണം ബിജെപിയും അതിനു മുന്‍പ് കോൺഗ്രസ് പാർട്ടിയിൽ പെട്ടവരും നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്ന വികസന സമീപനത്തിലൂടെ സ്പഷ്ടമാണ്. ഈ പറഞ്ഞ പേരുകളിൽ പലരെയും പറ്റി ഗൗരവതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. മരുന്ന് കന്പനി രംഗത്ത് എത്തിയ സൺഫാർമയുടെ ഇന്നത്തെ ഉടമ ശ്രീ സാന്‍ഗവെ 1982ൽ 10000 രൂപ മുടക്കി മരുന്ന് വിതരണം തുടങ്ങി. ഇന്ന് സൺ ഫാർമയുടെ ആസ്തി ഒരു ലക്ഷം കോടിയിൽ എത്തി. എങ്ങനെയാണ് അവിശ്വസനീയമായ നിലയിൽ ഒരാൾക്ക് ഒരു ലക്ഷത്തിന്‍റെ പത്തിൽ ഒരു തുക മുടക്കി തുടങ്ങിയ കന്പനിയെ പത്തു ലക്ഷത്തിന്‍റെ അധിപനാക്കി എടുക്കുവാൻ കഴിയുക. സിംഗ്വിയുടെ സാന്പത്തിക വളർച്ചയിൽ മോഡിയും മുൻഗാമികളും എടുത്ത താത്പര്യം മനസ്സിലാക്കുവാൻ മോഡി നടത്തിയ അമേരിക്കൻ സന്ദർശന ഗ്രൂപ്പിൽ, മോഡിയുടെ വിമാനത്തിൽ തന്നെ മരുന്ന് കന്പനിയുടെ ഉടമ ഉണ്ടായിരുന്നതിന്‍റെ കാരണങ്ങൾ തിരക്കിയാൽ ബോധ്യപ്പെടും. അംബാനി കുടുംബ ആസ്തിയിൽ 40 വർഷത്തിനിടയിൽ 10000 ഇരട്ടി വർദ്ധന ഉണ്ടായതും വെറുതെയല്ല. അദാനിക്കായി കണ്ടല തുറമുഖം തുശ്ച വിലക്ക് പാട്ടത്തിനു നൽകി, പ്രദേശത്തെ അവശേഷിക്കുന്ന കണ്ടൽ കാടുകൾ നശിപ്പിച്ച്, മത്സ്യ തൊഴിലാളി ഗ്രാമങ്ങളെ ഒഴിപ്പിച്ചു കൊണ്ട് നടപ്പിൽ കൊണ്ടുവന്ന പദ്ധതി ആരെ തൃപ്തിപ്പെടുത്തുവാൻ ആയിരുന്നു. നാനോ കാർ കന്പനിക്കായി ശ്രീ ബുദ്ധ ദേവിനെ കടത്തി വെട്ടി ടാറ്റാക്ക് ഒരുക്കിയ സൗകര്യങ്ങൾ വിചിത്രമാണ്. സ്വയം തൊഴിൽ കണ്ടെത്തുവാൻ ദരിദ്ര ജനങ്ങൾക്ക് നൽകുന്ന വായ്പാ പലിശ നിരക്ക് 12 മുതൽ 16% വരെ നീളുന്പോൾ ടാറ്റക്ക് നൽകിയ സഹായത്തിന്‍റെ പലിശ മുദ്രാ വായ്പയുടെ ആയിരത്തിൽ ഒന്ന് മാത്രം. രാജ്യത്തെ ബാങ്കുകളിൽ നിന്നും തിരിച്ചടക്കാത്ത വായ്പകളിൽ ബഹു ഭൂരിപക്ഷം തുകയും (ആകെ തുക 12 ലക്ഷം കോടിയിലേക്ക് ഉയരുകയാണ്.) ഇത്തരം സഹായങ്ങളെ പറ്റി ഉയർന്ന വ്യാപകമായ പരാതികളെ ശരി വെയ്ക്കുന്നതായിരുന്നു സിഎജിയുടെ റിപ്പോർട്ട്. ഗുജറാത്ത് സർക്കാരിന്‍റെ 26000 കോടി രൂപയുടെ അഴിമതി ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നായി കരുതാം. എന്നാൽ ആ കണ്ടെത്തൽ എങ്ങും എത്താതെ അവശേഷിക്കുന്നു. അഴിമതിയുടെ വ്യാപ്തിയെ നിയന്ത്രിക്കുവാൻ ആരംഭിച്ച ലോകായുക്തയുടെ ഗുജറാത്ത് ഘടകം പ്രവർത്തന ക്ഷമമാക്കുവാൻ 7 വർഷത്തിൽ അധികം താമസിപ്പിക്കുകയും ഒടുവിൽ അതിന്‍റെ രൂപീകരണത്തിൽ ഗവർണർക്കുണ്ടായിരുന്ന അധികാരത്തിൽ കൈ കടത്തുവാൻ നിയമ നിർമ്മാണം പോലും നടത്തിയ സർക്കാർ അവരുടെ അഴിമതിയോടുള്ള സമീപനം വ്യക്തമായി തെളിയിച്ചു.
ഒരു ബഹു സ്വര സമൂഹത്തിൽ എല്ലാവർക്കും മത ജാതി വർണ്ണാതീതമായ സമത്വം എന്ന ധാരണയെ വെല്ലുവിളിക്കുവാൻ ഒരു സംസ്ഥാന സർക്കാർ മുന്നിൽ നിന്നു എന്ന് ഗുജറാത്തിന്‍റെ കഴിഞ്ഞ ദശകങ്ങളിലെ രാഷ്ടീയം തെളിയിക്കുന്നു. 10%നടുത്ത് വരുന്ന മുസ്ലിം ജനതയും 7% വരുന്ന ദളിതരും ഗുജറാത്ത് സംസ്ഥാനത്ത് കൂടുതൽ കൂടുതൽ അവഗണനകൾ അനുഭവിക്കുകയാണ്. ഇന്ത്യൻ ദളിത് ജനസംഖ്യയിൽ 2.5% മാത്രം വരുന്ന ഗുജറാത്തിലെ ദളിതർ അനുഭവിക്കുന്ന പീഡനങ്ങൾ രാജ്യത്തെ ആകെ ദളിത് പീഡനങ്ങളുടെ തോതിൽ പകുതിക്കടുത്തു വരുന്നു.രാജ്യത്ത് ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങളിൽ ഭയചകിതരായി ജീവിക്കുന്ന മുസ്ലിം ജനത ഗുജറാത്തിൽ ആണുള്ളത്. കഴിഞ്ഞ നാളുകളിൽ ബിജെപിക്കൊപ്പം നില ഉറപ്പിച്ച, കർഷകവൃത്തിയിൽ കഴിഞ്ഞു വന്ന പട്ടേദാർ വിഭാഗം അവർക്കെതിരെ ശക്തമായി രംഗത്ത് വന്നത് ഗുജറാത്തിൽ കഴിഞ്ഞ 20 വർഷമായി അധികാരത്തിൽ തുടരുകയും ഗുജറാത്ത് ഇന്ത്യൻ വികസനത്തിന്‍റെ മാതൃകയാണെന്ന് പ്രചരണം നടത്തുന്ന ശ്രീ മോഡിയുടെ വാദങ്ങളെ തള്ളി കളയൽ ആണ്.
വർഗ്ഗീയതയും വംശീയതും ലോകത്തെ വല്ലാതെ പിടിച്ചുലക്കുന്നു. അവിടെ ഇന്ത്യ ഇന്നു പേറുന്ന കളങ്കമാണ് ഹിന്ദുത്വ വാദികൾ ഉയർത്തുന്ന ഫാസ്സിസ്റ്റ് സമീപനങ്ങൾ. അവയെ ചെറുക്കുവാൻ എന്ന പേരിൽ മത ന്യൂനപക്ഷങ്ങൾ നടത്തുന്ന വർഗ്ഗീയ ദ്രുവീകരണ ശ്രമങ്ങൾ സമൂഹത്തിന്‍റെ ചെറുത്തു നിൽപ്പുകളെ ശിഥിലമാക്കും. ഗുജറാത്തിൽ 2002 ഫെബ്രുവരി 28 മുതൽ അരങ്ങേറിയ കൂട്ട കുരുതികൾ അവിശ്വസനീയങ്ങൾ ആയിരുന്നു. അതിന് ചുക്കാൻ പിടിച്ചതിൽ സംശയിക്കുന്നവരിൽ പ്രധാനപെട്ട രണ്ടു പേർ ഇന്നും നിയമത്തിനു പിടി കൊടുക്കാതെ രാജ്യത്തിന്‍റെ ഭരണ ചക്രത്തിൽ പിടി മുറുക്കിവരുന്നു. നരോദ പാട്യ, ഗുൽബർഗ് കോളനി, ബെസ്റ്റ് ബേക്കറി അങ്ങനെ നിരവധി പേരുകൾ മത നിരപേക്ഷ ഇന്ത്യയെ ഇന്നും കണ്ണീർ അണിയിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനക്കും അതുവഴി ഇന്ത്യൻ സമൂഹത്തിനും ഭീഷണിയായി തുടരുന്ന ആഗോള വൽക്കരണം, അതിനു വേണ്ട പശ്ചാത്തലം ഒരുക്കുന്നതിൽ പങ്കു വഹിക്കുന്ന വാർഗ്ഗീയ രാഷ്ട്രീയം ഇവയെ ചങ്ങലക്കിട്ട് ഇന്ത്യൻ വികാരങ്ങളെ തിരിച്ചു പിടിക്കുവാൻ ഗുജറാത്തിലെ ജനത വിജയിക്കുമോ എന്നാണ് മതേതര രാഷ്ടീയം ഉറ്റു നോക്കുന്നത്. അതിനായുള്ള സമരത്തിൽ കോൺഗ്രസ് വിജയിച്ചാലും ഇല്ല എങ്കിലും അവർ തുടരുന്ന കോർപ്പറേറ്റ് പ്രീണനം, വർഗ്ഗീയതയോടുള്ള വിട്ടു വീഴ്്ച്ചകൾ അവർ തിരുത്താതെ ഇന്ത്യൻ സാമാന്യ ജനങ്ങളുടെ ജീവിതത്തെ ലക്ഷ്യത്തിൽ എത്തിക്കുവാൻ കഴിയുകയില്ല.