“നീ­ച’’ഭംഗ രാ­ജയോ­ഗം


ശരശയ്യ - നിതിൻ നാങ്ങോത്ത്

നീചൻ‍, പരനാറി, കുലംകുത്തി, പിതൃശൂന്യൻ‍... ശ്രേഷ്ഠഭാഷയുടെ ശബ്ദതാരാവലിയിൽ‍ കാന്താരീപൂർവ്വം പറയപ്പെട്ടവാക്കുകൾ‍. രാഷ്ട്രീയ പ്രതിയോഗിയെ താർ‍കോരിയൊഴിച്ച് കുളിപ്പിച്ച് കിടത്താൻ‍ പ്രത്യേകം നിർ‍മ്മിക്കപ്പെട്ടത്. ഇലക്ഷൻ‍ പോലുളള അടിയന്തിരഘട്ടങ്ങളിലാണ് ഇത്തരം വെടിവഴിപാടുകൾ‍ നടത്തപ്പെടാറ്. തെരഞ്ഞെടുക്കപ്പെട്ട ഫ്രീലാൻ‍സ് പൊളിറ്റിക്കൽ‍ വർ‍ക്കേഴ്സാണ് വാക്കേറ് നടത്തുക. അവർ‍ പാർ‍ട്ടിയുടെ ചാവേറ് കൂടിയായിരിക്കും. ഇപ്രകാരം മണിമണിയായി പണിയെടുക്കുന്ന വാഗ്്വിലാസകർ‍ ഇന്ത്യൻ‍ പൊഴിറ്റിക്സിൽ‍ ധാരാളം. മണിശങ്കർ‍ അയ്യർ‍ക്കാണ് ഇത്തവണ നറുക്ക് വീണത്. മോഡിയുടെ ഉച്ചനീചത്വത്തെപ്പറ്റി മൊഴിഞ്ഞതും രാഹുൽ‍കാല കോങ്ക്രസ്സുകാർ‍ വേരോടെ പിഴുത് അയ്യർകളിക്ക് പൂർ‍ണ്ണവിരാമമിട്ടു. ശത്രുവാണേലും മൈതാനത്ത് മിനിമം ഡീസൻസി കീപ്പ് ചെയ്യണം. പണ്ട് ചായാവാലാ എന്ന പുച്ഛനാലിറ്റി കേട്ടില്ലെന്ന് നടിച്ചിരുന്നു.

ഗുജറാത്ത് മാമാങ്കം ഇത്തവണ പൊടിപാറ്റും. അശ്വാരൂഢർ‍ മുഴുവനും ടെന്‍റടിച്ച് ചാണക്യതന്ത്രങ്ങൾ‍ മെനയുകയാണ്. മറ്റേ ടീമിനെ മെനക്കെടുത്തുക തന്നെയാണ് ഗൂഢപദ്ധതി. അതിനാണീ തറമോഡൽ‍ ക്യാംപൈൻ‍. ചെളി ടിപ്പർ‍ കണക്കിന് വാരിയാണ് ഏറ്. പാവം മന്‍മോഹൻ‍ ബംഗ്ലാവ് വരെ ആ നാറ്റമെത്തി. അഹമ്മദ് പട്ടേലിനെ അഭിഷിക്തനാക്കാൻ‍ പാക്കിസ്ഥാന് അച്ചാരം കൊടുത്തുവെന്ന് ഗുണ്ട്. മോഡിയെ തീർ‍ക്കാൻ‍ പച്ചപ്പടയ്ക്ക് അച്ചാറും കുപ്പിയും അയ്യർ‍സാബ് നേരിട്ട് ഒാഫർ‍ചെയ്തിട്ടുണ്ട് എന്നുവരെയെത്തി കാര്യങ്ങളുടെ കെടപ്പുവശം. എൻ‍കൗണ്ടർ‍ പോലും അഡ്ജസ്റ്റഡ് പ്രീപ്ലാന്‍റേഷനെന്ന് ഇരു ടീമും മലർ‍ന്നു കിടന്നു കാർ‍ക്കിക്കുന്നു. വാജ്പേയീകാലത്തും സംഭവിച്ചത് തഥൈവയെന്ന് ഫ്രീലാൻസ് കാങ്ക്രസ്സുകാർ‍. പാക്കുവെട്ടികളുമായി ഒരു എടാപോടാ ബന്ധം മന്‍മോഹൻ‍ജീ തലപ്പാവിലൊളിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് ചരിത്രത്തെ സാക്ഷിനിർ‍ത്തി കാവിപ്പട.തന്‍റെ ചാരിത്ര്യമിങ്ങനെ പോസ്റ്ററൊട്ടിക്കും പോലെ തേപ്പ് നടത്തുന്നതിൽ‍ പഴയപ്രധാന രാജാവിനും കട്ടക്കലിപ്പ്. കക്ഷി മൗനം ഭഞ്ജിച്ചു. ഗുജറാത്തിൽ‍ കലക്കവെളളം! കരയിൽ‍ ചൂണ്ടലിട്ടിരിപ്പുണ്ട് ഗുണഭോക്താക്കൾ‍.. ഒരു ശരാശരി കോളേജ് തെരഞ്ഞെടുപ്പിനെ ഓർ‍മ്മിപ്പിക്കുന്ന രാഷ്ട്രീയ പാപ്പരത്ത ചക്കിളത്തിപ്പോരാട്ടങ്ങൾ‍. സ്റ്റണ്ട്, ഡയലോഗ്... സെക്സില്ലാതെ എന്താഘോഷം!! കാത്തിരുന്ന് കാണാം.

ഇന്ത്യൻ‍ പൊളിറ്റിക്സിന്‍റെ ഒരു ൈസ്റ്റൽ‍ ഇങ്ങനെയാണ്. സ്വന്തം വികസനനേട്ടങ്ങൾ‍ മുൻ‍നിർ‍ത്തി വോട്ടുചോദിക്കലുണ്ടാകാറില്ല. എതിരാളിയുടെ കുടുംബത്തിന്‍റെ കുയ്യാട്ടവരെ കീറി മൈതാനപ്രഭാഷണം നടത്തും. വ്യക്തിപരമായ പൊങ്കാലയിടലിന്‍റെ റോഡ്ഷോ നടത്തും. കട്ടക്ക് കട്ടക്ക് പിടിച്ചുനിൽ‍ക്കാൻ‍ പറ്റിയില്ലേൽ‍ സീൻ ‍ഔട്ടാവും. ട്രോളിങ്ങാണ് മെയിൻ‍ ബ്രഹ്മാസ്ത്രം. അഹം ബ്രഹ്മാസ്ത്രം!! മോഡി തന്നെ താഴേക്കിറങ്ങി ഇത്തരം അധഃപതന ക്യാന്പയ്ൻ  ചൂട്ടവീശുന്നതിൽ‍ മൂവർ‍ണ്ണ കൂടാരത്തിന് ശരിക്കും സങ്കടമുണ്ട്. നിലവാരത്തകർ‍ച്ച ഒരലങ്കാരമാണ് ഇക്കാലത്ത്. അത് കിരീടമായ് ശോഭിക്കും ചില നെറ്റിയിൽ‍.മൂക്കു ചെത്തും, കഴുത്തരിയും, കാലുകുത്താൻ‍ ബിടൂല.. ഇങ്ങനെ മറയ്ക്കുടക്കുളളിലൂടെയായിരുന്നു ഒളിപ്പോർ‍. ഇപ്പോൾ‍ കളി മാറി. കാര്യമായി... എതിർ‍ടീമിൽ‍ പ്രതിരോധിക്കാൻ വന്‍മതിലില്ല. ഒന്നുരണ്ടു ബോളുകൾ‍ മുട്ടിയിടും. പിന്നെയോ ??

പാക്മന്ത്രിയെ വീട്ടിൽ‍ വിളിച്ച് സുലൈമാനി കൊടുത്തു എന്നു വരെ ആരോപണമുണ്ട്. ഇനിയെന്തൊക്കെ കേക്കണമെന്‍റെ ആന്‍റണീസ് പുണ്യാളാ.. ആന്‍റണി പ്രതിരോധം കീപ്പു ചെയ്തതിന്‍റെ ഉളളുകള്ളി ഇനി പീസ് പീസ് ആക്കുമോ? നിർ‍മ്മലാ സീതാരാമനെയോ സുഷമാസ്വരാജിനേയോ ഒന്ന് മാന്താനുളള ധൈര്യമെങ്കിലും ഗർ‍ഭശ്രീമാനായ പുതിയ അധ്യക്ഷൻ‍ കാട്ടിയാ മതിയായിരുന്നു. എങ്കിൽ‍ യുദ്ധത്തിനൊരു നിലവാരമുണ്ടാവും. അലൂമിനിയം പട്ടേലിന്‍റെ ചെന്പ് പുറത്താവാതെ വജ്രശോഭയണിയും. മോഡീ ഇഫക്ടിനെ കാർ‍മേഘപടലങ്ങൾ‍ വിഴുങ്ങും. ശിവസേന ദീർ‍ഘശ്വാസമിടും.അദ്ധ്വാനിയെപ്പോലുളള വന്ദ്യവയോധികർ‍ ഗ്ലൗസും പാഡും പരതിയെടുക്കും. ഒന്ന് വീഴാൻ‍ കാത്തിരിപ്പുണ്ട് വെറ്ററൻ‍സ്. വാഴാനുളള പൂതി മനുഷ്യരെ ഏതറ്റം വരെയും കൊണ്ടുചെന്നെത്തിക്കും. അപ്രതീക്ഷിതമായ പലതും കാണേണ്ടി വരും. കേൾ‍ക്കേണ്ടിയും. ശ്രീപെരുംപത്തൂരൊക്കെ ഒരു ഒന്നൊന്നര പാഠമാണ്. പാഠങ്ങളടിക്കടി വെട്ടിയും തിരുത്തിയും മുന്നേറുന്നവർ‍ക്ക് ലൈഫുണ്ട്.ഓറൽ‍ ഗോസിപ്പിലും വിഷ്വൽ‍ ഗോസിപ്പിലും വ്യാജപീരങ്കിയുണ്ടകളിലും വാടിവീഴുന്നവർ‍ കരിയർ‍ ശവപ്പെട്ടി കരുതുക. ഉളുപ്പ് ഏറ്റവും വിലപിടിപ്പുളള ഒരു വെപ്പണാണ് ഗീബൽ‍സിയൻ‍ കാലഘട്ടത്തിൽ‍.

രായാവ് നഗ്നതയുടെ ബ്രാന്‍റ് അംബാസിഡറായാലും മുണ്ടരുത്. അവർ‍ ബുളളറ്റ്പ്രൂഫ് പല്ലക്കിൽ‍  എഴുന്നളളും. നാക്കിൽ‍ പൂരപ്രബന്ധം ഇൻ‍സ്റ്റാൾ‍ ചെയ്തിരിക്കും. ഉച്ചത്തിലെന്തേലും വിളിച്ചുപറയാനൊരുങ്ങുന്ന ഉണ്ണികളേ ശ്രദ്ധിച്ചോളൂ. കാഞ്ചിവലിയുടെ സുഷിരസാക്ഷ്യങ്ങൾ‍ക്ക് റീത്തുവെക്കാൻ‍ ഭാരതീയന്‍റെ സ്മാർ‍ട്ട് വാച്ചിൽ‍ ടൈമില്ല. അന്നവിചാരം മുന്ന വിചാരം!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed