ഭക്ഷണം പാ­ഴാ­ക്കൽ എന്ന പാ­തകം!


ജെ. ബിന്ദുരാജ്

ഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ സംബന്ധിക്കാനായി പോയി. ഏറ്റവുമൊടുവിലെ പന്തിയിലാണ് സദ്യയ്ക്കിരുന്നത്. സദ്യ അവസാനിച്ചശേഷം അടുക്കളയിലേക്ക് വെറുതെ ഒന്നു കടന്ന് അവിടെ ബാക്കിയായ ഭക്ഷ്യവസ്തുക്കളുടെ ഒരു ഏകദേശ കണക്കെടുത്തു. ഏതാണ്ട് 30 കിലോയോളം വരുന്ന ചിക്കൻ കറി, അരച്ചാക്കിനു മേൽ ഉണ്ടെന്ന് ഉറപ്പിക്കാവുന്ന അത്രയും വേവിച്ച ബസുമതി റൈസ്, പിന്നെ ധാരാളം മറ്റു വിഭവങ്ങളും. ഇതെല്ലാം എന്തു ചെയ്യാൻ പോകുന്നുവെന്ന് സുഹൃത്തിന്റെ അച്ഛനോട് ചോദിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയില്ലെന്ന് മറുപടി. അതായത് ഇത്രയും ഭക്ഷണം പാഴായിപ്പോകാൻ പോകുകയാണെന്ന് സാരം. പൊതുവേ ഭക്ഷണപ്രിയനെന്ന് അറിയപ്പെടുന്ന, വീട്ടിൽ പോലും ഒരു ഭക്ഷ്യവസ്തുവും പാഴായിപ്പോകരുതെന്ന് ആഗ്രഹിക്കാറുള്ള ഞാൻ ഉടനടി ചില അനാഥാലയം നടത്തിപ്പുകാരേയും വൃദ്ധസദനങ്ങളിലേക്കും ഫോൺ ചെയ്ത് അവിടെ വൈകുന്നേരത്തേക്ക് ഭക്ഷണം ആവശ്യമുണ്ടോയെന്ന് ആരാഞ്ഞു. പിന്നെ കാറ്ററിങ്ങുകാരുടെ വാനിൽ തന്നെ ഓരോരുത്തർക്കും ആവശ്യമായത്രയും ഭക്ഷണം ഞങ്ങൾ ഒന്നോ രണ്ടോ പേർ ചേർന്ന് അവിടവിടങ്ങളിൽ വിതരണം ചെയ്തു. ഇത് ഏത് കല്യാണസ്ഥലത്തും സംഭവിക്കുന്ന ഒരു കാര്യമാണ്. കുറഞ്ഞുപോകരുതെന്ന് കരുതി അനാവശ്യമായി ഭക്ഷണം ഉണ്ടാക്കുകയും അത് പാഴാക്കിക്കളയുകയും ചെയ്യുന്ന അവസ്ഥ. കല്യാണസ്ഥലത്തു മാത്രമല്ല സ്വന്തം വീടുകളിൽ പോലും ഇത് കാണാനാകും. ഞാനും എന്റെ ഭാര്യയും തമ്മിൽ ഒട്ടുമിക്കപ്പോഴും അടിപൊട്ടുന്നത് ഭക്ഷണം പാഴാക്കിക്കളയുന്ന കാര്യത്തിലാണ്. രാവിലെ ഉണ്ടാക്കിയ കറിക്കു പുറമേ, മറ്റേതെങ്കിലും കറി കൂടി ഉണ്ടാക്കുകയും രണ്ടിന്റേയും വലിയൊരു ഭാഗം പാഴായിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണ് മിക്കപ്പോഴും ഈ കലഹത്തിന് കാരണം. റഫ്രിജറേറ്ററിൽ നിന്നും എല്ലാ ആഴ്ചകളിൽ പുറന്തള്ളപ്പെടുന്ന ഭക്ഷണ സാമഗ്രികളുടെ കണക്കെടുത്താൽ കുറഞ്ഞത് രണ്ടു ദിവസം വിഭവസമൃദ്ധമായി ഭക്ഷിക്കാനുള്ളതുണ്ടാകും. ഈ ഭക്ഷണം കളയുന്പോൾ എന്റെ കണ്ണു നിറയാറുണ്ട്. ആ ഭക്ഷണം ഉണ്ടാക്കാൻ കർഷകൻ മുതൽ ഭക്ഷ്യസംസ്‌കരണ തൊഴിലാളി വരെയെടുത്ത അദ്ധ്വാനത്തെപ്പറ്റിയും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരെപ്പറ്റിയും ഓർക്കുന്പോഴാണത്.

പറഞ്ഞുവരുന്നത് ഭക്ഷണം പാഴാക്കുന്നതിന്റെ അന്യായത്തെപ്പറ്റി തന്നെയാണ്. സ്വന്തം വീടുകളിൽ നിന്നും ആരംഭിക്കേണ്ട ഒരു വിപ്ലവം തന്നെയാണ് ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെയുള്ളത്! വിശപ്പ് അറിഞ്ഞവർ, ഒരിക്കലും ഭക്ഷണം പാഴാക്കുമെന്ന് വിശ്വസിക്കുന്നയാളല്ല ഞാൻ. ഐക്യരാഷ്ട്ര സഭയുടെ ആഗോള വിശപ്പ് സൂചിക (ജിഎച്ച്ഐ) പ്രകാരം 88 രാജ്യങ്ങളിൽ 63−ാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 6.5 കോടി ജനത വിശപ്പിന്റേയും പട്ടിണിയുടേയും പിടിയിലാണ് എല്ലാ ദിവസവും. ഒരു നേരത്തെ ഭക്ഷണം പോലും പശിയടക്കാൻ ലഭിക്കാത്തവരാണ് അവർ. പക്ഷേ ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ മുന്നിലാണ്. ഭക്ഷണം പാഴാക്കുന്നത് ഒരു കുറ്റമാണെന്നും അതിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഒരു ശിക്ഷ നൽകേണ്ടതാണെന്നും തോന്നും ഇന്ത്യയിലെ ഭക്ഷണ പാഴാക്കലിന്റെ കണക്കുകൾ കണ്ടാൽ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന 40 ശതമാനം ഭക്ഷ്യവസ്തുക്കളും പാഴായിപ്പോകുകയാണെന്നാണ് സമീപകാലത്ത് സി എസ് ആർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന 2.1 കോടി ടൺ ഗോതന്പ് പാഴായിപ്പോകുന്നുണ്ടെന്നും ഓരോ വർഷവും 96,000 കോടി രൂപയുടെ ഭക്ഷണമാണ് നാം പാഴാക്കിക്കളയുന്നതെന്നുമാണ് ആ റിപ്പോർട്ട് പറയുന്നത്. ബ്രിട്ടൻ ആകെ ഭക്ഷിക്കുന്നയത്രയും ഭക്ഷണമാണത്രേ വികസ്വര രാജ്യമായ ഇന്ത്യ കുപ്പത്തൊട്ടിയിൽ കളയുന്നത്! ഇനി മറ്റു ചില കണക്കുകൾ കൂടി പരിശോധിക്കൂ. ലക്ഷക്കണക്കിനു പേർക്ക് ശുദ്ധജലം ലഭിക്കാത്ത ഇന്ത്യയിൽ 25 ശതമാനം ശുദ്ധജലവും ഉപയോഗിക്കുന്നത് പാഴാക്കിക്കളയുന്ന ഭക്ഷണം ഉണ്ടാക്കിയെടുക്കാനായാണ്. ഇത് ഏതാണ്ട് ഇന്ത്യയിലെ ഒരു നദിയിലൂടെ ഒരു ദിവസം ഒഴുകുന്ന ശരാശരി ജലത്തിനടുത്തു വരുമത്രേ! ലോകത്ത് ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ 30 കോടി ബാരൽ ഭക്ഷ്യ എണ്ണയാണ് ഒരു വർഷം പാഴാക്കിക്കളയുന്ന ഭക്ഷണ സാമഗ്രികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതെന്നും അറിയുക. ഇത്തരത്തിൽ പാഴായിപ്പോകുന്ന ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ഇന്ത്യയിലെ 45 ശതമാനം വനഭൂമിയും കൃഷിഭൂമിയാക്കി മാറ്റിയെന്നു കൂടി അറിയുന്പോഴാണ് ഭക്ഷണം പാഴാക്കുന്നതിലൂടെ സംജാതമാകുന്ന പാരിസ്ഥിതിക ദുരന്തത്തെപ്പറ്റിക്കൂടി നാം ബോധവാന്മാരാകുക!

ഭക്ഷണം പാഴാക്കുകയെന്നാൽ ഒരു രാഷ്ട്രത്തിന്റെ സാന്പത്തികാവസ്ഥ അവതാളത്തിലാക്കുക എന്നു കൂടിയാണ് അർത്ഥം. കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളവും കീടനാശിനികളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചെലവ്, അതിനു ചെലവാക്കുന്ന മാനുഷിക അദ്ധ്വാനം, അതിനു ചെലവാക്കുന്ന വൈദ്യുതി മുതൽ വെള്ളം വരെ എല്ലാം രാഷ്ട്രത്തിന്റെ വിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഭക്ഷണം നാം അനാവശ്യമായി പാഴാക്കിക്കളയുന്പോൾ രാഷ്ട്രത്തിന്റെ സന്പത്ത് ആണ് നശിപ്പിക്കുന്നതെന്ന ബോധം പൗരന്മാർക്ക് പൊതുവേ ഉണ്ടാകാറില്ല. പണമുണ്ടെങ്കിൽ പണം നൽകി താൻ വാങ്ങുന്ന ഭക്ഷണം താൻ കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുമെന്ന ധിക്കാരമാണ് പലരും കാണിക്കുന്നത്. ചില സൽക്കാരചടങ്ങുകളിൽ പോയാൽ ഇത് നമുക്ക് ബോധ്യപ്പെടുകയും ചെയ്യും. ആവശ്യമായതിലുമപ്പുറം ഭക്ഷണം മൂന്നു പേരുള്ള ഒരു കുടുംബം ഓർഡർ ചെയ്യുന്നുവെന്ന് കരുതുക. ആ ഭക്ഷണത്തിൽ മൂന്നിലൊന്നും വേയ്സ്റ്റ് ചെയ്യപ്പെടുകയാണ് പതിവ്. ജന്മദിനാഘോഷങ്ങളിൽ, വിവാഹചടങ്ങുകളിൽ, മദ്യസൽക്കാരങ്ങളിൽ എല്ലാം തന്നെ ഭക്ഷണത്തിന്റെ ഈധൂർത്ത് ഒരു സ്ഥിരം കാഴ്ചയായി തന്നെ മാറിയിരിക്കുന്നു. ഹോട്ടലുകളിലെ രീതികൾക്കും മാറ്റം വരേണ്ടിയിരിക്കുന്നു. ഒരു കുട്ടിക്ക് ഒരു ചിക്കൻ ബിരിയാണി പൂർണ്ണമായും ഭക്ഷിക്കാനാവില്ലെന്ന് ബോധ്യമുണ്ടെങ്കിൽ അതിന്റെ പകുതി നൽകി അതിനു മാത്രം നിരക്ക് ഈടാക്കുന്നുള്ള മനസ്ഥിതി ഹോട്ടലുകാരും കാണിക്കണം. ഊണിന് ആദ്യം തന്നെ നിറയെ ചോറും കറികളുമിടുന്നതിനു പകരം കറിയുടെ അൽപം മാത്രം ആദ്യം നൽകുകയും പിന്നീട് ആവശ്യമായ കറി മാത്രം രണ്ടാമത് നൽകുകയും ചെയ്യുന്നതാണ് ഉചിതം. ആവശ്യമില്ലാതെ തന്നെ പായസവും ഐസ്‌ക്രീമും പോലുള്ള ഡെസേർട്ട് ഐറ്റം വിളന്പുന്നതും ഒഴിവാക്കണം.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും കാണാം ഈ ഭക്ഷണ ധാരാളിത്തം. ആവശ്യമില്ലെങ്കിലും ബുഫേ ടേബിളിൽ നിന്നും പരമാവധി പ്ലേറ്റ് നിറച്ചശേഷം അത് കഴിക്കാനാകാതെ മാറ്റി വയ്ക്കുന്നതും മറ്റൊരു പ്ലേറ്റിൽ വീണ്ടും വേറെ ഭക്ഷണം നിറയ്ക്കുന്നതുമൊക്കെ ഈ ലേഖകൻ തന്നെ പലവട്ടം കണ്ടിട്ടുള്ളതാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെ ബുഫേ സ്ഥലത്ത് പ്രാതൽ സമയത്തു തന്നെ പാഴാക്കിക്കളയപ്പെടുന്നത് കിലോക്കണക്കിന് ഭക്ഷണസാമഗ്രികളാണ്. 

ചെന്നൈയിൽ ജെമിനിയിൽ പാഴ്‌സൺ അപ്പാർട്ട്‌മെന്റിനടുത്ത് കൈരളി എന്ന പേരിൽ ചെറിയൊരു മലയാളി മെസ്സ് നടത്തിയിരുന്ന രാധാകൃഷ്ണൻ എന്ന ചെറുപ്പക്കാരനെ ഓർമ്മ വരുന്നു. രാധാകൃഷ്ണൻ ന്യായമായ തുക മാത്രമേ തന്റെ മെസ്സിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ നിന്നും ഈടാക്കുമായിരുന്നുള്ളു. ഏതൊരു സാധാരണക്കാരനും അവന്റെ കീശയ്‌ക്കൊത്ത പണം കൊണ്ട് മതിയായ ഭക്ഷണം കഴിക്കാൻ അവസരമൊരുക്കിയിരുന്ന ഇടം. ഞാൻ രാധാകൃഷ്ണന്റെ ഈ ചെറിയ മെസ്സിൽ മിക്കപ്പോഴും രാത്രി ഭക്ഷണത്തിനെത്തിയിരുന്ന ആളാണ്. രാത്രി എല്ലാവർക്കും ഭക്ഷണം നൽകിയശേഷം ബാക്കിയുള്ള ചോറും കറികളും നന്നായി പായ്ക്ക് ചെയ്ത് രാധാകൃഷ്ണൻ നേരെ ചെന്നൈ കോടന്പാക്കത്തുള്ള ലോക്കൽ റെയിൽവേ േസ്റ്റഷനിലേക്ക് തന്റെ മോപ്പഡ് വിടും. േസ്റ്റഷനിൽ അന്തിയുറങ്ങുന്ന, യാചകർക്കും പാവപ്പെട്ടവർക്കുമായാണ് ഈ ഭക്ഷണം. വിശപ്പിന്റെ വിളിയിൽ ദൈവത്തെ കാണുന്ന ഒരാൾക്കു മാത്രം ചിന്തിക്കാനാകുന്നതാണ് ഈ പ്രവൃത്തി. തലേന്നത്തെ ഭക്ഷണം സൂക്ഷിച്ചുവയ്ക്കാൻ രാധാകൃഷ്ണൻ റഫ്രിജറേറ്റർ വാങ്ങാത്തതെന്താണെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. ഉണ്ടാക്കിയ ഭക്ഷണം വീണ്ടുമെടുത്ത് ചൂടാക്കിയാൽ അത് വിഷമായി മാറുമെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. അടുത്ത ദിവസം വിഷം തീറ്റിക്കാതിരിക്കുകയും അതേ ദിവസം വിശക്കുന്നവരെ ഊട്ടുകയും ചെയ്യുന്ന രാധാകൃഷ്ണൻ ഇപ്പോഴും ചെന്നൈയിൽ ഉണ്ടാകുമെന്നും ആ പ്രവൃത്തി ഇപ്പോഴും തുടരുന്നുണ്ടാകുമെന്നുമാണ് എന്റെ വിശ്വാസം.

രാധാകൃഷ്ണൻ ഒരു സാമൂഹികപ്രവർത്തകനൊന്നുമല്ല. ഭക്ഷണം പാഴാക്കിക്കളയരുതെന്നും അത് പാവങ്ങളുടെ വിശപ്പകറ്റാൻ ഉപകരിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ മാത്രം. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാൾ. ചെന്നൈ പോലൊരു മഹാനഗരത്തിൽ ഭക്ഷണമില്ലാതെ കഴിയേണ്ടി വന്ന ദിനങ്ങൾ ഒരുപക്ഷേ രാധാകൃഷ്ണനുമുണ്ടാകാം. ചിദംബരസ്മരണയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിശപ്പിനെപ്പറ്റിയും പട്ടിണിയെപ്പറ്റിയുമൊക്കെ വിശദമായി എഴുതുന്നുണ്ട്. ബഷീറിന്റേയും കേശവദേവിന്റേയും വർക്കിയുടേയുമൊക്കെ കഥകളിലെല്ലാം തന്നെ മലയാളി ജീവിതത്തിൽ കാൽനൂറ്റാണ്ടു മുന്പു വരെ സാധാരണയായിരുന്ന പട്ടിണി പലയിടത്തും കടന്നു വരുന്നുണ്ട്. എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലുമെല്ലാം പട്ടിണി കേരളീയ കുടുംബങ്ങളിൽ നിന്നും പതിയെ മാറിവരുന്ന കാലമായിരുന്നു. ബിസിനസുകാരുടെ വീടുകളിലും സർക്കാർ ഉദ്യോഗസ്ഥരുടെ ഭവനങ്ങളിലും മാത്രമേ അക്കാലത്ത് മൂന്നു നേരവും സുഭിക്ഷമായ ഭക്ഷണം പോലുമുണ്ടായിരുന്നുള്ളു. പഴങ്കഞ്ഞി അന്ന് ഇന്നത്തെപ്പോലെ ഒരു ബ്രാൻഡഡ് ഉൽപന്നമായിരുന്നില്ല. പഴങ്കഞ്ഞി കുടിച്ചാണ് സ്‌കൂളിലേക്ക് വരുന്നതെന്നു പറയാൻ കുട്ടികൾക്ക് അക്കാലത്ത് മടിയായിരുന്നു. ഉച്ചഭക്ഷണത്തിന് മഞ്ഞ നിറത്തിലുള്ള അമേരിക്കൻ ഉപ്പുമാവ് കഴിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു അന്ന് സർക്കാർ സ്‌കൂളുകളിൽ. ഒരു നേരം തങ്ങളുടെ മക്കൾക്ക് കഞ്ഞിയും ചെറുപയറുമടങ്ങിയ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ലഭിക്കട്ടെയെന്നു കരുതി കുട്ടികളെ സ്‌കൂളിലയക്കുന്ന മാതാപിതാക്കളുണ്ടായിരുന്നു. അഞ്ചാം ക്ലാസ്സിൽ ചേന്ദമംഗലത്ത് സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ് ടീച്ചറായ ഫ്രാൻസിസ് മാസ്റ്റർ ഉച്ചഭക്ഷണം കൊണ്ടുവരാൻ പ്രാപ്തിയില്ലാത്ത കൂട്ടുകാർക്കായി ഭക്ഷണം കൊണ്ടുവരാൻ മെച്ചപ്പെട്ട സാന്പത്തികശേഷിയുള്ള കുട്ടികളെ ചട്ടംകെട്ടിയത് ഓർമ്മ വരുന്നു. കൂട്ടുകാരനുള്ള പൊതിച്ചോറു കൂടിയെടുത്ത് സ്‌കൂളിലേക്ക് പോകുന്നതു കൊണ്ട് അസുഖം വന്ന് കിടപ്പിലായപ്പോൾ കൂട്ടുകാരൻ ഉച്ചഭക്ഷണ സമയത്ത് വിശന്നിരിക്കുന്നതാണ് മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കിയിരുന്നത്. ഭക്ഷണമാണ് ദൈവമെന്നും വിശപ്പാണ് ദൈവത്തെ കാണിച്ചു തരുന്നതെന്നും മനസ്സിലാക്കിയ കുട്ടിക്കാലമായിരുന്നു അന്നത്തേത്. 

ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ വലിയൊരു ശതമാനവും പാഴാക്കിക്കളയുന്നവരാണ് മനുഷ്യർ. ലോകത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന ഭക്ഷണം ഇപ്പോൾ ലോകത്തുള്ള ജനസംഖ്യയുടെ ഇരട്ടിപ്പേരെ ഊട്ടാൻ പര്യാപ്തമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വെളിവാക്കുന്നത്. ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷണം പാഴായിപ്പോകുന്നതിന് പലവിധ കാരണങ്ങളാണുള്ളതാണ്. അതിവേഗം നാശമായിപ്പോകുന്ന പച്ചക്കറികളും പഴങ്ങളും സംഭരിച്ച്, ശീതികരിച്ചു സൂക്ഷിക്കാനാകാത്തതാണ് പഴവർഗങ്ങളും പച്ചക്കറികളും പാഴായിപ്പോകാൻ കാരണം. നാഷണൽ സാന്പിൾ സർവേ ഏതാനും വർഷങ്ങൾക്കു മുന്പു നടത്തിയ പഠനത്തിൽ പഴം പച്ചക്കറികളുടെ ഉൽപാദനത്തിന്റെ 30 ശതമാനവും പാഴാകുന്നതായാണ് കണ്ടത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ പഠനം പറയുന്നത് ഭക്ഷ്യധാന്യങ്ങളിൽ 6 ശതമാനവും പയറു വർഗങ്ങളിൽ 9 ശതമാനവും സമുദ്രോൽപന്നങ്ങളിൽ 11 ശതമാനവും പാഴായിപ്പോകുകയാണെന്നാണ് പറയുന്നത്. നമ്മുടെ ഭക്ഷ്യസംസ്‌കരണ മേഖലയുടെ വ്യാപ്തിക്കുറവാണ് ഭക്ഷണം ഇത്തരത്തിൽ പാഴായിപ്പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഭക്ഷ്യ സംസ്‌കരണ വിപണന മേഖലകളിൽ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി 670 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം ഈ മേഖലയിലുണ്ടാകുകയും അടുത്ത പത്തു വർഷത്തിനുള്ളിൽ 3300 കോടി ഡോളറിന്റെ നിക്ഷേപമായി അത് വളരുകയും ചെയ്യുമെന്നാണ് പ്രതീക്ഷകൾ. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ജനതയുടെ ഭക്ഷണത്തിന്റെ 80 ശതമാനവും സംസ്‌കരിച്ച ഭക്ഷണ പദാർത്ഥങ്ങളാണെങ്കിലും ഇന്ത്യയിൽ ഇന്നും ഇത് കേവലം രണ്ടു ശതമാനത്തിൽ താഴെയാണ്. 2025 ആകുന്പോഴേക്കെങ്കിലും ഇത് 25 ശതമാനമായെങ്കിലും വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

കാർഷികോൽപ്പന്നങ്ങളും സമുദ്രോൽപ്പന്നങ്ങളും പാഴായിപ്പോകാതിരിക്കുന്നതിന് നിർണ്ണായകസ്ഥാനത്ത് പ്രവർത്തിക്കേണ്ടത് ഭക്ഷ്യസംസ്‌കരണ മേഖലയാണെന്ന കാര്യത്തിൽ തർക്കം വേണ്ട. പക്ഷേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭക്ഷ്യസംസ്‌കരണ വിഷയത്തിൽ ബഹുദൂരം മുന്നോട്ടുപോയെങ്കിലും കേരളം ഇന്നും പിന്നിൽ തന്നെയാണ്. സമുദ്രോൽപന്നങ്ങളും കശുവണ്ടിയും കാപ്പിയും തേയിലയും സുഗന്ധദ്രവ്യങ്ങളും അച്ചാറുകളുമൊക്കെയാണ് നമ്മുടെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന ഉൽപന്നങ്ങൾ. കിൻഫ്ര 22 വ്യവസായ പാർക്കുകളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഭക്ഷ്യസംസ്‌കരണത്തിനായി ഒരുക്കിയെങ്കിലും ഉൽപ്പന്നങ്ങളുടെ വിപണനത്തിനാവശ്യമായ സഹായങ്ങൾ ഉണ്ടാകാത്തതു മൂലം വിപണനത്തെ സംബന്ധിച്ച അനിശ്ചിതത്വം പലയിടത്തും നിലനിൽക്കുകയും ചെയ്യുന്നു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ കൂടുതലായി ഉപയോഗിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്ന പക്ഷം അനാവശ്യമായി വൻതോതിൽ ഭക്ഷണമുണ്ടാക്കി അവ പാഴാക്കിക്കളയുന്ന പ്രവണത തടയാനാകും. 

സൽക്കാരങ്ങൾക്കും വിവാഹചടങ്ങുകൾക്കും നടക്കുന്ന ഭക്ഷണധൂർത്ത് ഒഴിവാക്കാൻ സർക്കാർ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുമുണ്ട്. ഭക്ഷണം പാഴാക്കുന്ന പക്ഷം കടുത്ത പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളുള്ള നിയമം സംസ്ഥാനത്ത് നിർമ്മിക്കാവുന്നതാണ്. ജർമ്മനിയിൽ ഭക്ഷണം ഓർഡർ ചെയ്തതിനുശേഷം അത് പൂർണ്ണമായും കഴിക്കാത്ത ഉപഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ വകുപ്പ് പിഴ ഈടാക്കാൻ ആരംഭിച്ച വാർത്തകൾ നാം കേട്ടതാണ്. ടാറ്റാ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തൻ ടാറ്റ ജർമ്മനിയിൽ വച്ചുണ്ടായ അത്തരമൊരു അനുഭവത്തെപ്പറ്റി ട്വീറ്റ് ചെയ്യുക പോലുമുണ്ടായിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ഹാംബെർഗിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം ഓർഡർ ചെയ്തതും അതിന്റെ മൂന്നിലൊരു ഭാഗം കഴിക്കാനാകാതെ വന്നപ്പോൾ മറ്റൊരു ടേബിളിലുണ്ടായിരുന്നവർ ഭക്ഷണം പാഴാക്കുന്നതിനെപ്പറ്റി അദ്ദേഹത്തെ ശകാരിച്ചതിനെ തുടർന്ന് സുഹൃത്ത് അവരോട് തട്ടിക്കയറിയതും അദ്ദേഹം എഴുതിയിരുന്നു. ഭക്ഷണത്തിന് പണം നൽകിയത് തങ്ങളാണെന്നും അതിനാൽ അത് പാഴാക്കിയ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ടതില്ലെന്നുമായിരുന്നു സുഹൃത്തിന്റെ വർത്തമാനം. ഇതേ തുടർന്ന് സാമൂഹ്യ സുരക്ഷാ വകുപ്പിലുള്ള ഒരു ഉദ്യോഗസ്ഥനെ അവർ ഫോൺ ചെയ്ത് വരുത്തുകയും ടാറ്റയും സുഹൃത്തും ഭക്ഷണം പാഴാക്കിയതിന് അവർക്ക് ആ ഉദ്യോഗസ്ഥൻ 50 യൂറോ പിഴയൊടുക്കുകയും ചെയ്തു. ആ ഉദ്യോഗസ്ഥൻ അന്ന് നൽകിയ ഉപദേശം രത്തൻ ടാറ്റ തന്റെ ട്വീറ്റിൽ പറഞ്ഞിട്ടുമുണ്ട്. ‘നിങ്ങൾക്ക് ഭക്ഷിക്കാനാകുന്നതു മാത്രമേ ഓർഡർ ചെയ്യേണ്ടതുള്ളു. പണം നിങ്ങളുടേതായിരിക്കാം, പക്ഷേ വിഭവങ്ങൾ സമൂഹത്തിന്റേതാണ്. ലോകത്ത് ആ വിഭവങ്ങളുടെ ദൗർലഭ്യം നേരിടുന്ന നിരവധി പേരുണ്ട്. ഭക്ഷണം പാഴാക്കാൻ നിങ്ങൾക്ക് കാരണം ബോധിപ്പിക്കാനാവില്ല.’ സന്പന്നമായ ആ വികസിത രാജ്യത്തെ ആളുകളുടെ മനോഭാവം തന്നേയും സുഹൃത്തിനേയും സ്വയം ലജ്ജിപ്പിച്ചുവെന്ന് ടാറ്റ തുറന്നുപറയുന്നു. അധിക വിഭവങ്ങളൊന്നുമില്ലാത്ത ഒരു വികസ്വര രാജ്യത്തു നിന്നുള്ള താൻ ഭക്ഷണം പാഴാക്കിയത് മഹാപരാധമായി തന്നെ ടാറ്റയ്ക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നു. 

ഈയൊരു ചിന്താഗതിയാണ് നമുക്കോരുത്തർക്കും പ്രചോദകമാകേണ്ടത്. ‘പണം നിങ്ങളുടേതായിരിക്കാം, പക്ഷേ വിഭവങ്ങൾ സമൂഹത്തിന്റേതാണെന്ന’ തിരിച്ചറിവാണ് ഇനി തീൻമേശയിലെത്തുന്പോൾ നമ്മുടെ മനസ്സുകളിലും വിരിയേണ്ടത്! ഭക്ഷണം ഉൽപാദിക്കാത്തവർ കുറഞ്ഞപക്ഷം അത് പാഴാക്കാതെയെങ്കിലും രാഷ്ട്രത്തിന് സംഭാവന ചെയ്യേണ്ടിയിരിക്കുന്നു!

You might also like

  • Lulu Exchange
  • Straight Forward

Most Viewed