അവകാശങ്ങൾ അവഗണിക്കപ്പെടുന്നുണ്ടോ ?


പി.പി

ാളെ ഡിസംബർ‍ 10. മാനുഷിക മൂല്യങ്ങളുടെ പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ലോകമനുഷ്യവകാശ ദിനം കൂടി നമ്മുടെ മുന്പിലെത്തിയിരിക്കുന്നു. 1948 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശ പ്രകാരം ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിച്ചു വരുന്നത്. 1950ലാണ് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർ‍ത്തിക്കുന്ന സംഘടനകളെയും വിളിച്ചുകൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തത്. ഈ ദിനത്തിൽ‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങൾ‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാണ് പരിപാടികൾ‍ സംഘടിപ്പിക്കുന്നത്. 

അതിജീവനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുന്ന എല്ലാ മനുഷ്യരോടും പിന്തുണ അർ‍പ്പിക്കുന്ന ഈ ദിനം മനുഷ്യനന്മ ആഗ്രഹിക്കുന്നവർ‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർ‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ‍ എന്നീ അവസ്ഥയിൽ‍ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിൽ‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി‍‍ തടങ്കലിൽ‍ പാർ‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തിലുള്ള സംരക്ഷണങ്ങൾ‍ നിലനിൽ‍ക്കെ തന്നെ മനുഷ്യാവകാശങ്ങൾ‍ ലോകമെന്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. മാനവിക മൂല്യങ്ങളെ പരിരക്ഷിക്കേണ്ടതിന്‍റെ ഓർമ്മപ്പെടുത്തലുമായി ഓരോ മനുഷ്യാവകാശ ദിനവും കടന്നു പോകുന്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ലോകമെങ്ങും അരങ്ങേറുന്നുണ്ട് എന്നതാണ് സങ്കടകരമായ വസ്തുത. സാമൂഹ്യനീതി നിഷേധിക്കുന്പോഴും, ജനാധിപത്യ ക്രമം പാലിക്കപ്പെടാതിരിക്കുന്പോഴും സ്വാതന്ത്ര്യം നിഷേധിക്കുന്പോഴും മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യാവകാശ ഉത്ഭവവും വളർച്ചയും മനുഷ്യാവകാശവും അതിനെപ്പറ്റിയുള്ള ചിന്തകളും പരിഷ്കൃത സമൂഹത്തിന്റെ സൃഷ്ടിയാണ്‌. പ്രാകൃത മനുഷ്യന്‌ അത്തരം ചിന്തകൾ അന്യമായിരുന്നു. അവൻ സർവതന്ത്ര സ്വതന്ത്രനായി ജീവിച്ചെങ്കിലും നാം അതിനെ പ്രാകൃതമെന്നും അപരിഷ്കൃതമെന്നും വിശേഷിപ്പിച്ചു. അറിവും സംസ്കാരവും വർദ്ധിച്ചതോടെ സമൂഹ ജീവിയായി മാറിയ മനുഷ്യന്റെ അനിവാര്യ സൃഷ്ടിയാണ്‌ മനുഷ്യാവകാശങ്ങൾ. അക്കാരണത്താൽ തന്നെ മനുഷ്യാവകാശങ്ങൾ എന്ന പദം ആധുനിക മനുഷ്യന്റെ സംഭാവനയാണെന്ന്‌ പറയാം. സമൂഹത്തിൽ നടമാടിയിരുന്ന അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ ആദ്യമായി പ്രതികരിക്കാൻ തുടങ്ങിയതും ആധുനിക മനുഷ്യർ തന്നെയാണ്.

ചരിത്രത്തിലെ ആദ്യ മനുഷ്യാവകാശ രേഖയായി കണക്കാക്കുന്നത്‌ 1215−ൽ ഒപ്പുവെച്ച മാഗ്നാകാർട്ടയാണ്‌. ഇംഗ്ലണ്ടിലെ ജോൺ രാജാവിൽ നിന്ന്‌ ഇട പ്രഭുക്കന്മാർ സമ്മർദ്ദം പ്രയോഗിച്ച്‌ നേടുകയും പിന്നീട്‌ ഇംഗ്ലണ്ടിലെ പാർലമെന്റ്‌ അംഗീകരിക്കുകയും ചെയ്ത ‘മാഗ്നാകാർട്ട’ ജനായത്ത ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യ ചുവടുവെപ്പായാണ്‌ കണക്കാക്കുന്നത്. പൗരാവകാശ നിഷേധങ്ങളിൽ പൊറുതി മുട്ടിയ ഇംഗ്ലീഷ്‌ ജനത 1688−ലെ മഹത്തായ വിപ്ലവത്തിലൂടെ ചോര ചൊരിയാതെ ജനാധിപത്യഭരണ ക്രമത്തിനും നിയമവാഴ്ചയ്ക്കും വഴിയൊരുക്കി. 1776−ലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്ത്രിലെ മറ്റൊരു നാഴികക്കല്ലാണ്‌. സ്വാതന്ത്ര്യവും ആഹ്ലാദകരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ ജന്മാവകാശവും ജനങ്ങളുടെ ഇംഗിതത്തിന്‌ യോജിച്ച രാഷ്ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ഭാഗമായി. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തെ തകർത്തെറിയുവാനുള്ള ജനങ്ങളുടെ അവകാശം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്നീ മുദ്രാവാക്യമുയർത്തിയ ഐതിഹാസികമായ ഫ്രഞ്ചുവിപ്ലവം മനുഷ്യാവകാശ ചരിത്രത്തിൽ ഒരു നൂതന അദ്ധ്യായം എഴുതി ചേർത്തു. 1789−ൽ ഫ്രാൻസിലെ ജനപ്രതിനിധിസഭ പ്രഖ്യാപിച്ച ‘മനുഷ്യന്റെ അവകാശങ്ങൾ’ 1791−ൽ ഫ്രഞ്ചു ഭരണഘടനയിൽ കൂട്ടിച്ചേർത്തതോടെ മനുഷ്യാവകാശങ്ങൾ മൗലികമായ നിയമമായി പരിണമിച്ചു.

നീതിക്കു വേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ഇരയാകുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകർ ഇന്നു ശക്തമായ വെല്ലുവിളികളെയാണ്‌ നേരിടുന്നത്‌. ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണ്‌ സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും. ഇതിന്‌ പ്രധാനമായും വിധേയരാകുന്നവരാകട്ടെ, ആദിവാസികളും കുടിയേറ്റക്കാരും വൈകല്യമുള്ളവരും സ്ത്രീകളും മറ്റുമാണ്‌. അവരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയും ചുമതലയുമാണ്‌. ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും പെൺകുട്ടികളും രണ്ടാംതരം പൗരന്മാരായി കാണപ്പെടുന്ന അവസ്ഥയുണ്ട്‌. ആരോഗ്യം, വിദ്യാഭ്യാസം, പൗരത്വം, വൈവാഹിക അവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ, പിന്തുടർച്ചാവകാശങ്ങൾ എന്നീ കാര്യങ്ങളിൽ അവർ ഇന്നും വിവേചനം നേരിടുന്നു. സ്ത്രീ ശാക്തീകരണത്തിനായി മുറവിളി ഉയരുന്പോഴും ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ എടുക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരവും നിർമ്മലവുമായ പരിസ്ഥിതി മനുഷ്യന്റെ ജന്മാവകാശമാണ്‌. അന്തരീക്ഷം മലിനീകരിക്കപ്പെടുന്പോൾ, ശുദ്ധവായു ലഭിക്കാനുള്ള മനുഷ്യന്റെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. യാതൊരു മുൻകരുതലുകളും മാനദണ്ധങ്ങളുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്പോഴും ഹനിക്കപ്പെടുന്നത്‌ എല്ലാ മനുഷ്യർക്കും ലഭ്യമാകേണ്ട ചില അവകാശങ്ങളാണ്‌. രോഗികളെയും വൃദ്ധജനങ്ങളെയും ഭാരമായി കാണുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ ആ മനുഷ്യജീവികളുടെ ജീവിക്കാനുള്ള അവകാശമാണ്‌ ചോദ്യം ചെയ്യുന്നത്‌. എത്രയോ കരളലിയിപ്പിക്കുന്ന വാർ‍ത്തകൾ‍ ഓരോ നിമിഷവും നമ്മുടെ മുന്പിലെത്തുന്നു. പ്രത്യേകിച്ച് കുട്ടികൾ‍ നേരിടുന്ന പ്രശ്നങ്ങൾ‍ ആരിലും വേദനയുണ്ടാക്കുന്നവയാണ്. ബാലവേല, കൗമാര പീഡനം എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കുട്ടികൾ ഇന്നും പീഡനത്തിനും ചൂഷണത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്‌. ശൈശവവിവാഹ നിരോധന നിയമം നിലനിൽക്കുന്പോഴും യു.പി, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ബാലികമാരിൽ പകുതിയോളം 16 വയസിനു മുന്പുതന്നെ വിവാഹിതരാകുന്നു. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികൾക്ക്‌ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന്‌ യു.എൻ. റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്ത്‌ ഒന്നര കോടിയിലേറെ കുട്ടികൾ കഠിനാദ്ധ്വാനത്തിലേർപ്പെടുന്നു. മൂന്ന്‌ കോടിയിലധികം കുട്ടികൾക്ക്‌ ഇന്നും വിദ്യാലയത്തിലെ പടികയറാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശലംഘനത്തിന്റെ വ്യക്തമായ തെളിവുകളാണ്‌.

മനുഷ്യാവകാശ സംരക്ഷണം യാഥാർത്ഥ്യമാകണമെങ്കിൽ അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കടമകളെ പരസ്പരം ഓർമ്മപ്പെടുത്തിയും സൗഹാർദ്ദത്തോടെ നാം മുന്നോട്ട്‌ പോകണം. തിന്മയെ കീഴപ്പെടുത്തികൊണ്ട്‌ നന്മയെ സ്വാംശീകരിക്കുക എന്നതായിരിക്കണം നമ്മുടെ മുഖമുദ്ര, ഓർക്കുക ഒരാളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ ചുമതലകളാണ്‌. മനുഷ്യചരിത്രത്തിലെ പുതുയുഗപ്പിറവിയ്ക്ക്‌ തുടക്കമിട്ട സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഒന്നാം അനുച്ഛേദം പറയുന്നതുപോലെ ‘എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലർത്തുകയും ചെയ്യുന്നു. അവർ ബുദ്ധിയും മനഃസാക്ഷിയും കൊണ്ട്‌ അനുഗ്രഹിതരും, പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്‌’ എന്ന സത്യം തിരിച്ചറിയാൻ‍ ഈ ദിനം ഉപകരിക്കട്ടെ.

You might also like

Most Viewed