കുടിക്കുവാൻ ഒരിറ്റു ശുദ്ധജലം ??
വൽസ ജേക്കബ്
ഇനിയൊരു യുദ്ധം ഉണ്ടായാൽ അത് ജലത്തിന് വേണ്ടിയാകും എന്ന മുന്നറിയിപ്പ് കേൾക്കുവാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി. ആ ദിനം ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കുന്പോഴും നമ്മുടെ ഇന്നത്തെ ജീവിത രീതികളും കരുതലില്ലായ്മയും അതിലേക്കു നമ്മെ നയിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല.
നമ്മുടെ നദികൾ വറ്റിവരളുകയും ജലസ്രോതസ്സുകൾ അപ്രത്യക്ഷമാകുകയും ചെയ്യുന്പോൾ, മാലിന്യം നിക്ഷേപിക്കാനായുള്ള ഒരിടമായി കുളങ്ങളും തോടുകളും കായലുകളും മാറുകയും ചെയ്യുന്പോൾ, അതിലുപരി പുതിയ പഠനങ്ങൾ വിഷമയമാകുന്ന ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്പോൾ നാം ചിന്തിക്കണം, നാം എവിടെ നമ്മുടെ ഭാവി എങ്ങനെ? നാല് ജില്ലകളെ കരുതി, തലോടിപ്പോകുന്ന നമ്മുടെ വേന്പനാട്ടുകായൽ, മാലിന്യം കയ്യേറിയിട്ട് നാളുകൾ ആയി. ഇപ്പോൾ മനുഷ്യരും അതിനെ വെട്ടിമുറിച്ചെടുക്കാൻ തുടങ്ങി. വേന്പനാട്ടു കായലിലെ ഓളങ്ങൾക്ക് ഒന്നു വീശിപ്പരക്കുവാൻ ആവാത്തവിധം ഓരോ ദിനവും പ്ലാസ്റ്റിക് കുപ്പികളും, വീടും നഗരവും തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറയുന്നു. ഇവ കായലിലെ ചെറുതും വലുതുമായ ജീവികളുടെ ജിവിതത്തിന്‍റെ, നിലനിൽപ്പിന്‍റെ പ്രശ്നമാകാൻ അധിക കാലമില്ല. ഖര, രാസ, ജൈവ മാലിന്യ ങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാഡ്മിയം അടക്കമുള്ള ലോഹ മാലിന്യങ്ങൾ, കോളിഫോം ബാക്ടീരിയ ഇങ്ങനെ നമ്മെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് മുന്‍പിൽ ഉള്ളത്. കാർഷിക മേഖലയിൽ നിന്നു രാസവളാംശങ്ങൾ എത്തിയതോടെ കായലിൽ പോള മൂടി. അതോടെ സൂര്യപ്രകാശം കായൽ അടിത്തട്ടിൽ എത്തുന്നില്ല. ഇത് അടിത്തട്ടിലെ ജീവജാലങ്ങൾക്കു ഓക്സിജൻ പോലും കിട്ടാത്ത അവസ്ഥ സംജാതമാക്കി. വേന്പനാട്ട് കായലിൽ നീന്തി തുടിച്ചിരുന്ന നൂറോളം മത്സ്യവിഭാഗങ്ങൾ ഇല്ലാതായിക്കഴിഞ്ഞു.
ഭൂമിയിലെ ജൈവവ്യവസ്ഥയെ പ്ലാസ്റ്റികിന്റെ ആധിക്യം വൻതോതിൽ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ യു കെയിൽ അവയുടെ ഉപയോഗം കുറയ്ക്കാനായി നികുതി വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർദ്ധിക്കുന്നത് കരയിലും സമുദ്രത്തിലും സൃഷ്ടിക്കുന്ന ആഘാതം, ഒരു വർഷത്തിൽ പത്തു ലക്ഷത്തോളം പക്ഷികളും ഒരു ലക്ഷത്തോളം കടൽ ജീവികളും കൊല്ലപ്പെടുന്നത്, മാത്രമല്ല മത്സ്യം ഉൾപ്പടെയുള്ള സമുദ്രോൽപന്നങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലേക്കും വ്യാപകമായ തോതിൽ പ്ലാസ്റ്റിക് എത്തിപ്പെടുന്നു എന്ന സത്യം, അതിലുപരി മുലപ്പാലിൽ പോലും പ്ലാസ്റ്റിക് കടക്കുന്നു എന്ന സംശയം ഇതൊക്കെ അവരെ പഠനത്തിലേക്കും നിർമ്മാർജന മാർഗങ്ങൾ സ്വീകരിക്കുന്നതിലേക്കും ചിന്തിപ്പിച്ചു.
തുടർച്ചയായുള്ള ജല-വായു മലിനീകരണം ഭൂമിയിലെ ശുദ്ധജല തടാകങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളെ വിഷമയം ആക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ജലത്തിലെ മാലിന്യവും അൾട്രാവയലറ്റ് രശ്മികൾ തടാകങ്ങളിലെ ജലങ്ങളിലെത്തുന്നതു തടയുന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്തിൽ ഏകദേശം രണ്ടു കോടിയോളം ജനങ്ങൾ ശുദ്ധജല ലഭ്യതക്കുറവു മൂലം രോഗങ്ങൾ ബാധിക്കുന്നവരാകുന്നു. ഇനി ഇത് കൂടാതെ 2 കോടിയോളം പേരും വീണ്ടും ഈ പ്രതിഭാസം രോഗ ബാധിതരാക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പും നൽകുന്നു. ഇപ്പോൾ ശുദ്ധജലലഭ്യതയുള്ള പ്രദേശങ്ങളിൽ പോലും ഭാവിയിൽ ഈ ദുരന്തം നേരിട്ടേക്കാമെന്നും പഠനങ്ങൾ വിളിച്ചോതുന്നു.
ഇന്ത്യ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിലെ തടാകങ്ങളിൽ നടത്തിയ പഠനത്തിനു ശേഷമാണ് ഗവേഷകർ ഈ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയിൽ ശുദ്ധജലതടാകങ്ങളിൽ ഉപ്പുരസം വർദ്ധിക്കുന്നതായി അവസാന പഠനം. ശൈത്യകാലത്തുണ്ടാകുന്ന മഞ്ഞുവീഴ്ചയിൽ ഗതാഗതം തടസ്സപ്പെടുന്പോൾ ഈ മഞ്ഞുരുക്കാൻ ഉപയോഗിയ്ക്കുന്ന റോസ് സോൾട്ട് ആണ് വില്ലൻ. വർഷങ്ങളായുള്ള ഉപയോഗം മൂലം ഉപ്പ് ഈ തടാകങ്ങളിൽ എത്തിച്ചേർന്നു. റോഡ് സാൾട്ടായി ഉപയോഗിച്ച ഉപ്പ് ജലാശയത്തിൽ എത്തിച്ചേർന്ന ശേഷം വെള്ളം കുറയുന്ന സമയങ്ങളിൽ തീരപ്രദേശത്തെ കല്ലുകൾക്കും മറ്റും ആദ്യം ഉപ്പു രസം നൽകും. വൈകാതെ രാസപ്രവർത്തനം മൂലം ഈ കല്ലുകളിൽ ഉപ്പിന്‍റെ അളവു കൂടും. വെള്ളം കയറുന്പോൾ ഈ കൂടിയ ഉപ്പ് ജലത്തിൽ വ്യാപിക്കുന്നു. ഭാവിയിൽ ഇപ്പോഴുള്ള ഈ പ്രതിഭാസം അമേരിക്കയിലെ 370 ജലാശയങ്ങളിൽ നിന്നും ഏഴായിരത്തിലധികം ജലാശയങ്ങളിൽ ഉണ്ടാകും എന്നാണ് പഠനം വിളിച്ചോതുന്നത്. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന ഈ വേളയിൽ ഉള്ളവയെ സംരക്ഷിക്കാൻ നാം ഇനിയും അമാന്തിച്ചുകൂടാ...