എഴുപത്തേഴിൽ എത്തിയിട്ടും എഴുതുകയാണ് ഈ വീട്ടമ്മ
കൂക്കാനം റഹ്്മാൻ
കഴിഞ്ഞയാഴ്ച എഴുപത്തേഴുകാരിയായ ഭാർഗവിയമ്മ എന്ന നാട്ടുൻപുറത്തുകാരിയെ കണ്ടുമുട്ടി. ചുളിവുവീണ മുഖത്ത് തെളിഞ്ഞ്‌വരുന്ന പുഞ്ചിരി ആകർഷകമാണ്. പാറിപ്പറക്കുന്ന നരച്ച തലമുടി കൈകൊണ്ട് ഒതുക്കിപ്പിടിച്ച് ഗ്രാമ്യഭാഷയിൽ അവർ ജീവിതാനുഭവങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. ഏകാന്തതയിൽ ഇരിക്കുന്പോൾ മനസ്സ് പഴയ അനുഭവങ്ങളിലേയ്ക്ക് പാഞ്ഞുപോകും. പഴയ എട്ടാം ക്ലാസുകാരിയാണ് ഞാൻ. നമുക്ക് ചുറ്റും കാണുന്ന, വേദനിപ്പിക്കുന്ന കാഴ്ചകളും വാർത്തകളും മനസ്സിൽ തീകോരിയിടുന്നു. അവ അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ കുറിക്കുന്പോൾ മനസിനൊരാശ്വാസം. അങ്ങനെ നാടൻ ഭാഷയിൽ എഴുതിയ കുറേ കൊച്ചു കവിതകളും കൊച്ചു കഥകളും എന്റെ കയ്യിലുണ്ട്. അവയിൽ ചിലത് തിരഞ്ഞെടുത്ത് രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും ഇന്നത്തെ ജീവിതവും ഞാൻ തട്ടിച്ചു നോക്കാറുണ്ട്. സ്‌കൂൾ പഠനകാലത്തുമുതൽ ഞാൻ വീട്ടുകാരെ കൃഷിപ്പണിയിലും കുലത്തൊഴിലിലും ആവും വിധം സഹായിച്ചിരുന്നു. ഏഴു വയസിൽ അന്ന് തുടങ്ങിയ അദ്ധ്വാനം എഴുപത്തേഴിലും വിശ്രമമില്ലാതെ തുടരുന്നു. എന്റെ പതിമൂന്നാം വയസിൽ പുടമുറി കഴിഞ്ഞു. അഞ്ച് മക്കളുടെ അമ്മയാണ് ഞാൻ. പഴയകാല ഭക്ഷണരീതിയായിരിക്കാം ഒരസുഖവുമില്ലാതെ ഇങ്ങനെ ജീവിച്ചുവരാൻ ഇടയാക്കുന്നത്. രാവിലത്തെ കുളുത്തതും മോരിൽ പറങ്കി ഞെരിച്ചതും വായിൽ വെളളമൂറുന്ന ഓർമ്മയാണിന്നും. ചെറിയ ഒറ്റമുറി വീടായിരുന്നു ഞങ്ങളുടേത്. തറയും ചുവരും മണ്ണുകൊണ്ടുണ്ടാക്കിയതാണ്. തറയിൽ ചാണകം തേച്ച് ഓലയും മുളിയുമുപയോഗിച്ച് മേൽക്കൂരയുമുളള ആ വീട്ടിലെ താമസം എന്തൊരു സുഖമായിരുന്നു. അന്നും പെൺകുട്ടികളായ ഞങ്ങൾക്ക് ചില അരുതുകൾ വീട്ടിലെ ആണുങ്ങൾ കൽപ്പിച്ചിരുന്നു. പെൺകുട്ടികളായാൽ ഉച്ചത്തിൽ പയമ പറഞ്ഞുകൂടാ, ചിരി പുറത്തു കേട്ടുകൂടാ, ഉയരത്തിലിരുന്നുകൂടാ. ഇങ്ങനെയൊക്കെ ചെയ്താൽ കുരുത്തം കെട്ടവളായി ചിത്രീകരിക്കും.
ഈ പഴയകാല അനുഭവങ്ങൾ ‘നാട്ടറിവ്’ എന്ന പേരിൽ സ്കൂൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ എന്നെ സ്‌കൂളുകളിലേയ്ക്ക് ക്ഷണിക്കാറുണ്ട്. നിരവധി സ്കൂളുകളിൽ കുട്ടികളുമായി ഞാൻ പഴമ പറയാൻ പോയിട്ടുണ്ട്. കുട്ടികൾ സന്തോഷത്തോടെ പഴയകാല അനുഭവങ്ങൾ കേട്ടിരിക്കും. അതൊക്കെ പറഞ്ഞുകൊടുക്കാൻ എനിക്ക് വല്യ താൽപര്യമാണ്. ഞാൻ ടീച്ചറാവേണ്ടതായിരുന്നു. പഴയകാല എലിമെന്ററി പരീക്ഷ (8−ാം ക്ലാസ്സ്) ജയിച്ചാൽ ടീച്ചറാവാം. പക്ഷേ ട്രെയിനിങ്ങിനുപോകാൻ സാന്പത്തിക ബുദ്ധിമുട്ടനുവദിച്ചില്ല. അതുകൊണ്ട് ഞാൻ ടീച്ചറായില്ല. പക്ഷേ, നാട്ടുകാരെല്ലാം എന്നെ ടീച്ചറെന്നേ വിളിക്കൂ. കാരണമുണ്ട്, ഞാൻ താൽക്കാലികമായി അംഗൻവാടിയിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.
1990ൽ സന്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ സജീവ പങ്കാളിയായിരുന്നു ഞാൻ. ഉദുമ പഞ്ചായത്തിലെ അംബാപുരത്തായിരുന്നു എന്റെ സാക്ഷരതാ സെന്റർ. അറുപതോളം പഠിതാക്കൾക്ക് അക്ഷരവെളിച്ചം നൽകാൻ അന്നെനിക്കായിട്ടുണ്ട്. അക്ഷരവെളിച്ചം കിട്ടിയ പഠിതാക്കൾ ഇന്നും എന്നെ കണ്ടാൽ ആദരവോടെ ടീച്ചറേന്നു വിളിച്ച് അടുത്ത് വരുന്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊരാഹ്ലാദമാണെനിക്ക്. പഴയകാല നാട്ടു നന്മകളെയും വർത്തമാനകാലത്തെ വിവേകമില്ലായ്മയെയും തുറന്നുകാട്ടാൻ ഭാർഗവിയമ്മയ്ക്ക് സാധിക്കുന്നു എന്നുളളതാണ് അവരുടെ വാക്കുകളിലൂടെയും എഴുത്തിലൂടെയും അറിയാൻ കഴിയുന്നത്. അവരുടെ പ്രഥമ പുസ്തകമായ ‘സഖി’ കവിതാസമാഹത്തിൽ സമൂഹത്തിൽ ഇന്ന് നടമാടുന്ന അസമത്വങ്ങളുടെയും തെറ്റുകളുടെയും നേരെ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ് ഇരുപത്തിയെട്ടു കവിതകളിലൂടെ.
മദ്യവിപത്തിന്റെ ക്രൂരത വരച്ചുകാട്ടുന്ന ‘മദ്യപാനിയായ ഭർത്താവ്’ എന്ന കവിത ഗൃഹാന്തരീക്ഷത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന നരകജീവിതം വരച്ചുകാട്ടുന്നു. പ്രകൃതിയെ കൊടും ചൂഷണത്തിന് വിധേയമാക്കുന്ന മനുഷ്യകുലത്തോട് മാവിന്റെ ആത്മഭാഷണം ഭംഗിയായി വരച്ചുകാട്ടുന്നു ‘അപ്പൂപ്പൻ മാവ്’ എന്ന കവിതയിൽ. സ്ത്രീപീഡനത്തിന്റെ പാരമ്യതയിലെത്തി നിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിന്റെ യഥാർത്ഥചിത്രം ‘മരുമകൾ‘ എന്ന കവിതയിലുണ്ട്. ബന്ധുക്കളാണ് സ്ത്രീപീഡനത്തിൽ ഭൂരിപക്ഷവും എന്ന സത്യം ഈ കവിതയിൽ ഭാർഗവിയമ്മ വരച്ചുകാണിക്കുന്നു. പലരും തെളിച്ചുപറയാൻ മടികാണിക്കുന്ന നഗ്നസത്യത്തിനുനേരെ വിരൽചൂണ്ടാൻ ത്രാണി കാണിച്ച ഈ പ്രായം ചെന്ന കവിയത്രിയെ അഭിനന്ദിച്ചേ പറ്റൂ.
ആധുനിക ജീവിതത്തിന്റെ അഭിവാജ്യഘടകമായിവർത്തിക്കുന്ന കന്പ്യൂട്ടർ സംസ്‌കാരത്തിനു നേരെയും കവിയിത്രി വാളോങ്ങുന്നുണ്ട്. ‘കലിയുഗം’ എന്ന കവിതയിൽ നാടെങ്ങും ഇന്ന് നടക്കുന്ന ലൈംഗിക പീഡനങ്ങൾ വിശദമാക്കുന്നു. പിഞ്ചുപൈതങ്ങൾ മുതൽ മുത്തശ്ശികൾ വരെ പീഡിപ്പിക്കപ്പെടുന്ന കാലത്തെയും, സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെടുന്ന മകളുടെയും, സഹോദരീ−സഹോദര ബന്ധങ്ങളോർക്കാതെ ലൈംഗികബന്ധത്തിലേർപ്പെടുന്ന ദുഷിച്ചുനാറിയ സംസ്‌കാരത്തെയും കവിയിത്രി വേവലാതിയോടെയാണ് നോക്കിക്കാണുന്നത്. ‘വൃദ്ധസദനത്തിൽ തളളപ്പെട്ടവർ എന്ന കവിതയിൽ ജീവിതകാലം മുഴുവൻ മക്കൾക്കും പ്രിയപ്പെട്ടവർക്കുമായി ജീവിതം ഹോമിച്ചവർ അവസാനം ആർക്കും വേണ്ടാത്ത വേസ്റ്റ് സാധനമായി മാറുന്ന അവസ്ഥയെക്കുറിച്ച് കവിതയിൽ പരിതപിക്കുകയാണ് ഭാർഗവിയമ്മ. ‘സഖി’യിൽ പ്രണയത്തിന്റെ തീവ്രതയും, മാതൃത്വത്തിന്റെ മഹത്വവും വെളിപ്പെടുത്തുന്ന മനോഹര വരികളുണ്ട്. കാലത്തെക്കുറിച്ചുളള ഗൗരവമായ നിരീക്ഷണങ്ങൾ ഈ കവിതയിൽ തെളിഞ്ഞുകാണാം.
പഴയകാല ജീവിതാനുഭവങ്ങൾ ഓർത്തുകൊണ്ട്, ഇന്ന് നടക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വിതറുന്നവയാണ് ഇതിലേ കവിതകളോരോന്നും. ഇനിയും നാലോ അഞ്ചോ പുസ്തകങ്ങളാക്കാനുളള കവിതകളും കഥകളും ഭവാനിയമ്മയുടെ കൈവശമുണ്ട്. പഴയകാലത്തെപോലെത്തന്നെ അതിരാവിലെ ഉണരും, രാത്രി പത്തുമണി കഴിഞ്ഞേ ഉറങ്ങൂ, വെറുതെ സമയം കളയില്ല. തുണി വിൽപ്പനയിലൂടെയും, പുസ്തകവിൽപ്പനയിലൂടെയും ജീവിതമാർഗം കണ്ടെത്തുന്നു. മക്കളുടെയോ, ബന്ധുക്കളുടെയോ കാരുണ്യത്തിന് കാത്തുനിൽക്കുന്ന മനോഭാവം ഭാർഗവിയമ്മയ്ക്കില്ല. മരിക്കുവോളം അദ്ധ്വാനിച്ചു ജീവിക്കണം എന്നൊരാഗ്രഹമേയുളളൂ, വളർന്നു വരുന്ന പെൺമക്കൾ ആർജ്ജവം കാണിക്കണം, ജീവിതത്തെക്കുറിച്ച് കരുതലുണ്ടാവണം, ശ്രദ്ധയോടെ സസൂക്ഷ്മം നമുക്കു ചുറ്റുമുള്ളവരെ വീക്ഷിക്കുകയും പഠിക്കുകയും വേണം.