കരയിലുമുണ്ട് ദുരന്തങ്ങൾ..
ധനേഷ് പത്മ
“കാക്കിയിട്ടവന്റെ നേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൻ ചങ്ക് കീറി ചോരയൊലിച്ച് നിൽക്കുന്നത് കണ്ടാലും തനിക്ക് നോവില്ല, പക്ഷെ ഈ ...മോന്റെ ദേഹത്ത് തൊട്ടാ നിനക്ക് നോവും...” സുരേഷ് ഗോപി ലൈനാണ്, പക്ഷെ പൊട്ടിയ ലൈൻ കൂട്ടികെട്ടാൻ ഗോപി പോലും പോണ്ടിച്ചേരി രെജിസ്ട്രേഷൻ വണ്ടിയിൽ നെട്ടോട്ടമോടികൊണ്ടിരിക്കുകയാണ്. സിഗ്നൽ തെറ്റിച്ച് ഗോപിയുടെ വണ്ടി പാസ് ചെയ്ത് പോയി കുറച്ച് കഴിഞ്ഞപ്പോൾ ഇത്തിരി രോഷത്തോടെ തന്നെ കടലൊന്ന് കരയിൽ കയറാൻ നോക്കി. കരയിലേയ്ക്ക് കയറിയ കടലിന്റെ കയ്യിൽ ഒരു സ്ക്രിപ്റ്റുണ്ടായിരുന്നു. ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ കയറി കടൽ ആ സ്ക്രിപ്റ്റിന്റെ കുറച്ച് കോപ്പിയെടുത്തു. ‘കോപ്പി’യാണെന്ന് പറഞ്ഞതും മെഷീൻ ചെറുതായി സ്ക്രിപ്റ്റൊന്ന് കോപ്പിയടിച്ചു. പിന്നീടത് ചോർന്നു. അതിപ്പോ കടലിന്റെ കുറ്റമല്ല, ഫോട്ടോസ്റ്റാറ്റ് മെഷീന്റെ കുറ്റം മാത്രമാണ്!!!
കരയിൽ കയറിയ കടൽ ഒന്ന് അർമ്മാദിച്ച് നടക്കുന്ന സമയത്ത് അതുകണ്ട് നിന്ന കാറ്റ് പുച്ഛത്തോടെ ഒരു കോട്ടുവായിട്ടു. കോട്ടുവായിട്ട കാറ്റിനെ നോക്കി അവിടെ കൂടിയവർ ഓഖിയെന്ന് വിളിച്ചു. കാറ്റിന്റെ ആ കോട്ടുവായിൽ സ്ക്രിപ്റ്റ് പാറി നടന്നു. കടലിന്റെ സ്ക്രിപിറ്റിന് ചില യാഥാർത്ഥ്യങ്ങളുടെ കഥ പറയാനുണ്ടായിരുന്നു. കരയിലെ വലിയ ദുരന്തങ്ങളുടെ കഥ. കാറ്റ് അതിനൊരു നിമിത്തമായി. കടൽ ഏറെ തിരക്കിട്ടെഴുതിയ സ്ക്രിപ്റ്റായിരുന്നില്ല അത്, പലകുറിയായി കണ്ടും കേട്ടും അറിഞ്ഞും ആലോചിച്ചും തയ്യാറാക്കിയ സ്ക്രിപ്റ്റ്. സ്ക്രിപ്റ്റിൽ കടൽ അടിവരയിട്ട ചില കാര്യങ്ങൾ കരയിൽ യാഥാർത്ഥ്യമായി പ്രതിഫലിച്ചു. കടൽ മുന്നറിയിപ്പ് നൽകിയത് പാവങ്ങളുടെ ജീവനെ അപഹരിക്കാതിരിക്കാൻ വേണ്ടിയായിരുന്നു. ആ മുന്നറിയിപ്പുകളെ പലരും അവഗണിച്ചു. അത് കടലിന്റെ കുറ്റമല്ല. ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകാതിരുന്നിട്ടുണ്ടെങ്കിൽ വലിയൊരു വീഴ്ചയെ അത് തൊട്ട് കാണിക്കുന്നുണ്ട്. പലപ്പോഴും മുന്നറിയിപ്പുകളെ ആരും മുഖവിലയ്ക്കെടുക്കാറില്ല എന്ന വാസ്തവം മറച്ചുവെക്കാനും കഴിയില്ല. വരുദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് കളക്ടർ അവധി പ്രഖ്യാപിച്ചാൽ ‘പറ്റിച്ചേ’ എന്ന് പറഞ്ഞ് മാറി നിൽക്കുന്ന മഴയെ വിശ്വസിക്കേണ്ടതില്ല, അതുകൊണ്ടായിരിക്കും പലപ്പോഴും മുന്നറിയിപ്പുകൾ ഉണ്ടായാൽ പോലും അതിനെ കാര്യമായി ആരും ഗൗനിക്കാത്തത്.
കരയിലെ വലിയ ദുരന്തങ്ങളെ ലക്ഷ്യമിട്ട് കയറിയ കടൽ നഷ്ടപ്പെടുത്തിയത് ഒരുപിടി പാവം മനുഷ്യരുടെ ജീവിതമായിരുന്നു. ഇതുവരെ കരയാത്ത കടലിന് പക്ഷെ ആ സങ്കട കണ്ണീരിന്റെ ആഴമറിയുന്നുണ്ടായിരുന്നില്ല. ഉപ്പുകലങ്ങിയ തിരകളായി ആർത്തുല്ലസിക്കുന്നതുകൊണ്ട് കണ്ണീരിന്റെ ഉപ്പ് കടലിന് അറിയേണ്ടതുമില്ല. കാറ്റിൽ പാറി നടന്ന സ്ക്രിപ്റ്റിലെ ഒരേടിൽ കടൽ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്...
കടലും കാറ്റും ക്ഷോഭിക്കുന്പോൾ കരയിലുള്ള അഹങ്കാരിയായ ജീവിക്ക് മനുഷ്യനെന്ന ഭാവം കൈവരും. മദംപൊട്ടി നടക്കുന്ന ഇരുകാലിയായ ജീവി ഏറ്റവും ഭയക്കുന്നത് മരണത്തെയാണല്ലോ. എന്റെ കടന്നുകയറ്റം രാഷ്ട്രീയമായി പലരും മുതലെടുക്കും. അതുവെച്ചവർ വോട്ടുകൾ പെട്ടിയിലാക്കും. എണ്ണാൻ കഴിയാത്ത എന്റെ തിരകളെ പോലെ വോട്ടുകൾ പെരുകണമെന്നാണ് അവരുടെ ആഗ്രഹം. അതിന് മനുഷ്യ ജീവനുകൾവെച്ച് അവർ വിലപറയും. ‘നിർമ്മലമായ’ സംസാരത്തിലൂടെ അവർ പാർട്ടികളുടെ വേരുറപ്പിക്കും. കടക്കു പുറത്ത് എന്ന് പറഞ്ഞ് എനിക്ക് നേരെ ചിലപ്പോൾ ആക്രോശിച്ചേക്കും. എന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിയാത്തവരാണവർ. ഞാൻ കയറിവന്നാൽ, എന്റെ പോലും നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിൽ ദുരിതങ്ങൾ ഉണ്ടാകുന്ന എന്റെ മക്കളെ സംരക്ഷിക്കാൻ ചുമതലയുള്ള ഇരുകാലുള്ള ജീവികളുടെ നേതാവ്, എന്റെ ഭാഷയിൽ കപ്പിത്താൻ എന്റടുത്ത് വരാൻ മടികാണിക്കും. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് കപ്പിത്താനും കപ്പലിലെ യാത്രക്കാരും ഓരോരുത്തരുമായി കാരണക്കാരാണെന്നത് എനിക്ക് മാത്രം അറിയുന്ന സത്യമാണല്ലോ...
ആ ഒരേടിൽ തന്നെ കടൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് കരയിൽ വലിയ ദുരന്തങ്ങളായി സംഭവിച്ചു. നാടിന് കാവലായി നിൽക്കേണ്ട മുഖ്യമന്ത്രി കടൽ നാശം വിതച്ചിടത്തേയ്ക്ക് എത്തിയില്ല. വിഐപി ട്രീറ്റ്മെന്റിന് കളക്ടറും പോലീസുമൊക്കെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകേണ്ടിവരുന്നതിനാലാണ് മുഖ്യമന്ത്രിയുടെ മാറി നിൽപ്പെന്ന് ചിലരൊക്കെ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിഐപി ട്രീറ്റ്മെന്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യം തന്നെ അനുചിതമാണ്. നാടിന്റെ കാവലാളായി നിൽക്കുന്ന മുഖ്യമന്ത്രി അവരോട് കാണിക്കേണ്ട ഉത്തരവാദിത്വം അത് വളരെ വലുതാണ്. മുഖ്യമന്ത്രി കടൽ കയറിയ ഇടത്തോ കാറ്റടിച്ച ഇടത്തോ എത്തിയതുകൊണ്ട് കാറ്റിനും കടലിനും ചെറിയ മാറ്റം പോലും സംഭവിച്ചേക്കില്ല, അദ്ദേഹം എത്തിയത് കണ്ട് രോഷം കൊണ്ടുനിൽക്കുന്ന കടലോ കാറ്റോ അടങ്ങിയേക്കില്ല. നിലച്ചുപോയ ജീവനുകൾ പുനർജനിച്ചേക്കില്ല, പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസമായി, കരുതലിന്റെ താങ്ങായി എത്തേണ്ടത് വളരെ അത്യാവശ്യമാണ്.
പാറി നടന്ന ഏടിൽ ചൂണ്ടി കടൽ അടിവരയിട്ട മുതലെടുപ്പിന്റെ ദുസ്സൂചന അപ്പോഴേക്കും ഡൽഹിയിൽ നിന്നും ഓടിയെത്തി നിർമ്മല സീതാരാമൻ യാഥാർത്ഥ്യമാക്കിയിരുന്നു. കോസ്റ്റ്ഗാർഡിന്റെ പ്രവർത്തനത്തെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന്റെ ആഴത്തെ കുറിച്ചും അവർ സങ്കടം നിറഞ്ഞ സ്വരത്തിൽ സംസാരിച്ചു. എത്തേണ്ടവർ എത്താത്തതിനെ തുടർന്നോ വേണ്ട രീതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാത്തതിനെ തുടർന്നോ ആയിരിക്കാം ചിലപ്പോൾ കേന്ദ്രമന്ത്രി സംഭവസ്ഥലത്ത് ഓടിയെത്തിയത്. അതിനൊരു ദുരുദ്ദേശമുണ്ടെന്ന വാദവും തള്ളികളയാൻ കഴിയില്ല. മന്ത്രിണിയുടെ വാക്കുകളും അവരെടുത്ത നടപടികളും സഹതാപത്തിന്റെ തൂവാലകളായി ചിലരുടൊയെക്കെ കണ്ണീരൊപ്പി. ചാനലുകളിൽ കടലിരന്പിയതിനേക്കാൾ ശക്തിയോടെ ചർച്ചകൾ ആഞ്ഞടിച്ചു. നിർമ്മല സീതാരാമനാണ് യഥാർത്ഥ മന്ത്രിയെന്നും ഇങ്ങനെയായിരിക്കണം മന്ത്രിയുടെ പ്രവർത്തന ശൈലിയെന്നും വാഴ്ത്തുപാട്ടുകൾ കാറ്റിൽ പാറി നടന്നു. മറുപുറത്ത് ബിജെപി മന്ത്രി അവസരം മുതലെടുത്തെത്തിയതാണെന്ന് മുറുമുറുപ്പുകൾ ഉണ്ടായി. ഇതൊക്കെ കണ്ട് കടൽ പക്ഷെ ഞാനിതൊക്കെ മുൻകൂട്ടി കണ്ടിരുന്നു എന്ന ഭാവത്തിൽ ശാന്തമായി ചിരിച്ചു...
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിനെ അറിയാത്തവർരക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതിലെ അപാകതകൾ വലിയൊരളവിൽ ജീവനുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നതിലെ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കാനാകില്ല. അതുകൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് മത്സ്യതൊഴിലാളികൾ നേരിട്ടിറങ്ങിയത്. അവർ പോയ ഇടത്തെല്ലാം ജീനവുകൾ അറ്റു കിടക്കുന്നുണ്ടായിരുന്നു. ചെറുവഞ്ചിയിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടപ്പെടാൻ കൂടുതലും സാധ്യതയെന്നും പുറംകടലിൽ ബോട്ടിൽ പോയവർക്ക് വലിയൊരു അപായ സാധ്യത ഇല്ല എന്നും തീരദേശത്തുള്ളവർ പറഞ്ഞുകൊണ്ടേയിരുന്നു. ഇതിന് കാരണമായി അവർ പറയുന്നത് വലിയ ബോട്ടുകൾ പെട്ടന്ന് മറിയാൻ സാധ്യതയില്ല എന്നതിനാലാണ്. ഇത് വ്യക്തമായി അറിയാതെ ബോട്ടുകൾ തേടി ആദ്യം പുറപ്പെട്ട രക്ഷാപ്രവർത്തന രീതിയാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മാത്രവുമല്ല സർക്കാരിന്റെ അനുമതിക്ക് പോലും കാത്തുനിൽക്കാതെ അവര
വരുടെ ചെറുവഞ്ചികളിൽ രക്ഷാപ്രവർത്തനത്തിന് പോയവർ മണിക്കൂറുകൾക്ക് മുന്പ് മരണം സംഭവിച്ചവരുടെ ജഡവുമായി തിരിച്ചെത്തിയിരുന്നു. അവർക്കപ്പോൾ കരയാനെ കഴിഞ്ഞുള്ളു, ഉച്ചത്തിൽ പ്രതിഷേധിക്കാനും.
രക്ഷാപ്രവർത്തിന് പുറപ്പെടുന്ന ഹെലികോപ്ടറുകളിലും മറ്റും ആ പ്രവർത്തനത്തിന് സജ്ജരായവർ മാത്രം പോകേണ്ടതിന്റെ ആവശ്യകത എന്തെന്നാൽ അവർക്കേ അവിടെ എന്തെങ്കിലും ചെയ്യാനുള്ളു എന്നത് മാത്രമാണ്. കടകംപള്ളി സുരേന്ദ്രന് കോപ്റ്ററിൽ കയറ് കെട്ടി കടലിലേയ്ക്ക് ഇറങ്ങാനോ, അതിനുള്ള പരിശീലനമോ, കടലിനെകുറിച്ചുള്ള അറിവോ ഇല്ല എന്നതുകൊണ്ട് അദ്ദേഹം കോപ്ററ്റിൽ രക്ഷാപ്രവർത്തനത്തിന് പോകേണ്ടിയിരുന്നില്ല. ഫോട്ടോകൾക്ക് വേണ്ടി ഇപ്പോഴും രാഷ്ട്രീയം കളിക്കുന്ന മിടുക്കൻമാർ കടലിനെ പോലും തോൽപ്പിക്കുന്നു. മേഴ്സികുട്ടിയമ്മയ്ക്കും, സുരേന്ദ്രനും, മുകേഷിനുമെല്ലാം തീരദേശത്ത് നിന്ന് ചീത്തവിളി കേട്ടപ്പോൾ വിഎസ് അച്യുതാനന്ദന് മാത്രം അവിടെ സ്വീകാര്യത ലഭിച്ചത് നഷ്ടപ്പെട്ടിരിക്കുന്നവരോടും, ദുഃഖം പേറിയിരിക്കുന്നവരേയും എങ്ങനെ സമീപിക്കണമെന്നതിന് ഒരടയാളമാണ്.
നിർമ്മല സീതാരാമന്റെ കോസ്റ്റ്ഗാർഡ് ചെയ്ത പ്രവർത്തികളിലെ അപാകതകളും രക്ഷപ്പെട്ടെത്തിയ മത്സ്യതൊഴിലാളികൾ പറഞ്ഞ് പുറത്തു വരുന്നുണ്ട്. കോസ്റ്റ്ഗാർഡിലെ ഒരു ഉദ്യോഗസ്ഥന് കടലിൽ വെച്ച് ദുർഗന്ധം സഹിക്കാതെ ഛർദ്ദി അനുഭവപ്പെട്ടെന്നും അതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് തിരിച്ച് വരേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ജീവന് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാകും കോസ്റ്റ്ഗാർഡ് അത്തരത്തിലൊരു നടപടി കൈ
കൊണ്ടത്. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്ന അപാകത കടലറിയാത്തവരാണ് ഇത്തരം ജോലികളിൽ വ്യാപൃതരായിരിക്കുന്നത് എന്നതാണ്. കടലിന്റെ സ്വഭാവം സ്ഥിരമായി കടലിൽ പോകുന്ന തൊഴിലാളികളെ കവിച്ച് മറ്റൊരാൾക്കും അറിയാനിടയില്ല. പാവങ്ങൾ അപ്പോഴും അവരുടെ പേര് മത്സ്യ തൊഴിലാളികൾ, മീനവർകൾ... നഷ്ടപ്പെട്ടവർക്ക് പരിഹാരമുണ്ട്, ലക്ഷങ്ങളുടെ വാഗ്ദാനം. അതുകൊണ്ട് നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല, നിയന്ത്രണം നഷ്ടപ്പെട്ടതിൽ കടലിന് കുറ്റബോധമുണ്ട്, പക്ഷെ കുറ്റബോധത്തിലും കടൽ ആശ്വസിക്കുന്നത് കരയിലെ വലിയ ദുരന്തങ്ങൾ കാണുന്പോഴാണ്... അത്തരത്തിലൊരു ദുരന്തം കരയിൽ നിന്ന എന്റെ കാലിൽ തിരയായി തഴുകി കാണിച്ചുതന്നുകൊണ്ട് കടൽ ഉള്ളിലേയ്ക്ക് വലിഞ്ഞു...
ആ ദുരന്തത്തിലെ ലേറ്റസ്റ്റ് സംഭവം ഫ്ളാഷ്മൊബ് എന്ന പേരിൽ മലപ്പുറത്ത് മൂന്ന് സഹോദരികൾ ഡാൻസ് കളിച്ചതും അതുമായി ചിലർക്ക് മദംപൊട്ടിയതുമായിരുന്നു. പൊട്ടിയ മദം മതത്തിന്റെ പേരിൽ ചർച്ചവിഷയമായി. ജാക്കികളും ജോക്കികളും അതേറ്റുപിടിച്ചു. കടൽ കടന്ന് ചർച്ച ഫ്രീക്വൻസികളായി രാജ്യാന്തരം സഞ്ചരിച്ചു... കരയിലെ വലിയ ദുരന്തങ്ങളെ ഓർമ്മിപ്പിക്കാൻ അങ്ങനെ കാറ്റും അതിനൊരു കാരണമായി...