പ്രണയം, വിവാഹം : ഉത്കണ്ഠകൾ
ഇ.പി അനിൽ
ഒരുയോനിയൊരാകാരം ഒരുഭേദവുമില്ലിതിൽ: നാരയാണ ഗുരു. നാരായണ ഗുരു മുകളിൽ കൊടുത്ത വരികൾ എഴുതിയിട്ട് ഒരു നൂറ്റാണ്ട് ആയി. ലോകത്താകെ വലിയ മാറ്റങ്ങൾ നടന്നുവരുന്നു അതിനൊപ്പം നമ്മുടെ നാട്ടിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സാധ്യമായി. ജീവിത സമീപനത്തിലും നിലവാരത്തിലും കേരളം ഇന്ത്യൻ സമൂഹത്തെ പിന്നിലാക്കി മുന്നേറി എന്നൊക്കെ മലയാളികൾ അവകാശങ്ങൾ ഉന്നയിച്ചു വരാറുണ്ട്. പ്രായപൂർത്തിയായ രണ്ടാളുകൾ തമ്മിൽ വിവാഹം കഴിച്ചും അല്ലാതെയും (living together)ഒന്നിച്ചു ജീവിക്കുവാൻ അവസരം നൽകുന്ന നമ്മുടെ നാട്ടിൽ നിന്നുമുള്ള പുതിയ വാർത്തകൾ ശുഭസൂചകമല്ല.
ജാതി മത സാമൂഹിക ചുറ്റുപാടുകൾ ശക്തമായി പ്രവർത്തിക്കുന്ന രാജ്യത്തെ പൊതു മണ്ധലങ്ങൾ മത ജാതി വിമുക്തമാകണമെന്ന് നമ്മുടെ ഭരണഘടന നിർബന്ധിക്കുന്നില്ല. ജനാധിപത്യ സമരങ്ങളിൽ എല്ലാ മതത്തിൽപ്പെട്ടവരും അണി നിരക്കുന്പോൾതന്നെ പൊതു ഇടങ്ങളിൽ അവരവരുടെ മത ചിഹ്നങ്ങൾ പ്രകടിപ്പിക്കുവാനും വിശ്വാസം പ്രകടിപ്പിക്കുവാനും അവസരം നൽകുന്നു. നമ്മുടെ ഭരണഘടനയിൽ ഒരാളുടെ ജാതി മത നിലപാട് അയാളുടെ തുല്യതാ അവകാശത്തിന് ഹാനി ഉണ്ടാക്കരുത് എന്ന് ഉറപ്പിച്ചു പറയുന്നു. സർക്കാർ മത നിരപേക്ഷമായി പ്രവർത്തിക്കണം എന്നതിനർത്ഥം ജനങ്ങൾ മതരഹിതരായി ജീവിക്കണം എന്നല്ല. ഭരണഘടനയുടെ മൗലിക അവകാശങ്ങളിൽ മതത്തിൽ/ജാതിയിൽ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും മതം പ്രചരിപ്പിക്കുവാനും അനുവദിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ ലോകത്തെ ഒട്ടു മിക്ക ജനാധിപത്യ രാജ്യങ്ങളും അനുവദിച്ചു നൽകിയിട്ടുള്ളതാണ്. അവർക്ക് വിദ്യാലയങ്ങൾ നടത്തുവാനും അതിനെ നിയന്ത്രിക്കുവാനും കിട്ടിയിട്ടുള്ള പ്രത്യേകം അവകാശങ്ങൾ പിന്നോക്കം അനുഭവിക്കുന്ന ജനതക്കുള്ള പിന്തുണ എന്നായി കാണേണ്ടതുണ്ട്.
ഇന്നു ലോകത്ത് പൊതുവായി നിലനിൽക്കുന്ന കുടുംബ ബന്ധങ്ങളുടെ ഘടന രൂപപ്പെട്ടിട്ട് അത്രയൊന്നും പഴക്കം ഉള്ളതായി തോന്നുന്നില്ല. 10000 വർഷങ്ങൾക്ക് മുന്‍പ് മാത്രം കൃഷിയിലേയ്ക്ക് തിരിഞ്ഞ മനുഷ്യർ (ഹോമോസാപ്പിയൻസ് ആയി രൂപപെട്ടിട്ട് 2.2 ലക്ഷം വർഷങ്ങൾ കഴിഞ്ഞു) നിരവധി തരത്തിലുള്ള വ്യക്തി ബന്ധങ്ങളിലൂടെ കടന്നു പോയി. അത്തരം ബന്ധങ്ങൾ ഇന്നത്തെ സമൂഹം പൊതുവെ വിശ്വസിക്കുവാൻകഴിയാത്ത തരത്തിൽ വിചിത്രമായിരുന്നു എന്ന് പറയാം. ഒരു കൂട്ടം മനുഷ്യർ ഒന്നിച്ചൊരിടത്ത് ജീവിക്കുന്നു. എല്ലാവരും പരസ്പരം പൊതു ജീവിത പങ്കാളികൾ ആണ്. അത്തരം സമൂഹത്തിൽ നിന്നും അടുത്ത ഘട്ടം എത്തുന്പോഴേക്കും പ്രായമായ ആൾക്കാർ തമ്മിൽ മാത്രമുള്ള ലൈംഗികബന്ധങ്ങളെ സമൂഹം അംഗീകരിക്കുന്നു. അതിനുശേഷം സമ പ്രായക്കാർ തമ്മിൽ അനുവദിക്കപ്പെട്ടിട്ടുള്ള ലൈംഗിക ബന്ധങ്ങളിൽ സഹോദരങ്ങൾ തമ്മിൽ ഉണ്ടായിരുന്ന രീതി ഒഴിവാക്കി കിട്ടുവാൻ കുറച്ചധികം സമയം എടുത്തു എന്ന് ഫെഡറിക്ക് എമ്ഗൽസ്സ് എഴുതിയ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കി. അതിന്‍റെ അടയാളങ്ങൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. (സഹോദരിയുടെ മക്കൾക്ക് സഹോദരന്‍റെ മക്കളെ (തിരിച്ചും) ജീവിത പങ്കാളിയാക്കുവാൻ അവസരം നൽകുന്ന രീതി. തമിൾ-കന്നഡ നാട്ടിൽ സഹോദരിയുടെ മകളെ സഹോദരൻ (തിരിച്ചും) വിവാഹം ചെയ്യാം എന്ന ശീലം കേരളത്തിൽ ഇല്ലായിരുന്നു.) ഒന്നിലധികം സ്ത്രീകളെ പുരുഷൻ ജീവിത സഖികൾ ആക്കുവാനും മറിച്ചും ഇവിടെ അവസരങ്ങൾ ഉണ്ടായിരുന്നു. സഹോദരങ്ങൾ എല്ലാം കൂടി ഒരു സ്ത്രീയെ പൊതു ജീവിത സഖിയാക്കുന്ന രീതി ഹിമാചൽപ്രദേശിൽ കഴിഞ്ഞ നാളുകളിൽ സാധാരണമായിരുന്നു. കേരളത്തിലെ ബ്രാഹ്മണ സമുദായത്തിലെ സംബന്ധം എന്ന വിവാഹ ജിവിതം സമുദായത്തിലെ സ്ത്രീകളെ ഒട്ടൊന്നുമല്ല കണ്ണീർ കുടിപ്പിച്ചത്. ആധുനിക സ്വത്ത് സങ്കൽപ്പങ്ങൾ ശക്തമായതോടെ ബഹുഭാര്യത്വം അവസാനിപ്പിച്ച് ഏക ഭാര്യ−ഭർതൃ കുടുംബ പശ്ചാത്തലത്തെ മുതലാളിത്തത്തിന്‍റെ പ്രാകൃത കാലത്തുതന്നെ നടപ്പിൽ കൊണ്ടുവന്നു. ഒരാൾ മറ്റൊരാളെ മാത്രം ജീവിത പങ്കാളിയാക്കി ജീവിതത്തിൽ അന്ത്യം വരെ തുടരണം എന്ന സമീപനം ലോകത്തിനു നൽകിയ മുതലാളിത്ത രീതിയുടെ പിന്നിൽ സ്വത്തിന്‍റെ അനന്തിരവകാശം തങ്ങളുടെ മക്കൾക്ക് മാത്രം എന്ന വികാരമാണ് കാരണമായി പ്രവർത്തിച്ചത്. ചുരുക്കത്തിൽ രാജ്യം ഇന്ന് പിന്തുടരുന്ന ഏക−ജീവിത പങ്കാളിത്ത രീതികൾ നമ്മുടെ പാരന്പര്യത്തിന് വിരുദ്ധവും വൈദേശികവുമാണ് എന്ന് ചരിത്രത്തിൽ നിന്നും തിരിച്ചറിയുവാൻ കഴിയും.
മത അടിസ്ഥാനത്തിൽ ഉള്ള വിവാഹങ്ങൾക്ക് അതാതു മതങ്ങളുടെ രീതികൾ അംഗീകരിച്ചു കൊണ്ടുള്ള വിവിധ വിവാഹ സാധുതാ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. ഉദാഹരണമായി ഹിന്ദു വിവാഹ ആക്റ്റ്, ക്രിസ്ത്യൻ-−ഇസ്ലാം വിവാഹ നിയമങ്ങൾ. മതാതീമായി വിവാഹം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ വിവാഹ നിയമം അതിനുള്ള അവസരം ഒരുക്കുന്നു. മതരഹിതമായി ജീവിക്കുവാൻ ഇഷ്ടപെടുന്നവർ ജാതി മതാതീത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിൽ അതിന് ആദ്യം ശ്രമം തുടങ്ങിയത് വി.ടി ഭട്ടതിരിപ്പാടും കൂട്ടുകാരും അംഗങ്ങൾ ആയ യോഗക്ഷേമസഭ ആയിരുന്നു. നവോത്ഥാന സമരങ്ങളിൽ പങ്കെടുത്തവർ മതാതീത വിവാഹങ്ങളെ ബോധപൂർവ്വം പ്രോസ്തഹിപ്പിച്ചു. നാരായണഗുരുവും അയ്യങ്കാളിയും പണ്ധിറ്റ് കറുപ്പൻ മുതലായവർ വിവാഹത്തെ കൂടുതൽ അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ പരിശ്രമിച്ചു. സംസ്ഥാനത്ത് പടിപടിയായി ജാതി−മതാതീത വിവാഹങ്ങൾ വാർത്തയല്ലാതാകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. ഇവയ്ക്ക് കാരണമാകുന്ന പ്രണയങ്ങൾ വർദ്ധിക്കുവാൻ കൂടുതൽ കൂടുതൽ അവസരങ്ങൾ ഉണ്ടായി വന്നു. ഇത്തരം വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ മത മേലധ്യക്ഷന്മാർ എന്നും പരിശ്രമിച്ചിരുന്നു. സംഘടിത മതങ്ങളുടെ വേദികളിൽ അന്യമതക്കാരെ വിവാഹം ചെയ്യുന്നവരെയും അതിൽ പങ്കാളികൾ ആകുന്നവരെയും ഒറ്റപ്പെടുത്തുന്ന ആഹ്വാനങ്ങളിൽ നിന്നും മത നേതൃത്വം പിന്നോക്കം പോകുവാൻ നിർബന്ധിതമായി. കത്തോലിക്കാ സഭയാകട്ടെ അന്യമതത്തിൽ വിശ്വസിക്കുന്ന ഒരാളെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന വിശ്വാസിയായ ഒരാളുടെ വിവാഹം അയാൾക്ക് പള്ളിയിൽ വെച്ചുതന്നെ നടത്തുവാൻ അവസരം ഒരുക്കുവാൻ സഹായിക്കുന്ന പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, അമേരിക്കൻ നാടുകൾ ഏഷ്യയിൽ ഒട്ടു മിക്ക രാജ്യങ്ങളിലും ഇത്തരത്തിൽ മതാതീത വിവാഹങ്ങളും രേഖകൾ ഇല്ലാതെ തന്നെ ഒന്നിച്ചു ജീവിക്കുവാൻ തയ്യറാകുന്നവരും വർദ്‍ധിച്ചു വരുന്നു.
നമ്മുടെ രാജ്യത്ത് 1990കൾക്ക് ശേഷം മതാധിഷ്ടിത രാഷ്ട്രീയം ശക്തമായി. ഒപ്പം അന്തർദേശീയമായിഇസ്ലാം മതത്തിനുള്ളിൽ തീവ്ര മത വികാരം ശക്തമാക്കുവാൻ സംഘടിത ശ്രമങ്ങൾ വർദ്ധിച്ചു. അതിനുസഹായകരമാകുന്ന പ്രവർത്തനങ്ങൾക്ക് പെട്രോ ഡോളർ തുണയായി. ഇസ്ലാമിൽ കത്തോലിക്ക മതത്തെയോ യഹൂദ മതത്തെയോ ഓർമ്മിപ്പിക്കും വിധം അന്തർദേശീയമായി ഒരു നേതാവും കേന്ദ്രവും ഇല്ല. (മക്കയുടെ അധിപൻ എന്ന പദവിക്ക് ലഭിക്കുന്ന മഹത്വം ഒഴിച്ച് നിർത്തിയാൽ) ലോക ഇസ്ലാം പൊതുവായ ആരാധനാ ക്രമങ്ങൾ പിന്തുടരുന്നു എങ്കിലും രാജ്യതീതമായ മതാധിഷ്ടിതമായ സംഘടന, നേതാവ്, ഒരു കേന്ദ്രത്തിൽ നിന്നും ആഹ്വാനം തുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാതെ ഓരോ നാട്ടിലെയും ആളുകൾ അവരവരുടെ രീതികളിൽ ജീവിക്കുക എന്ന നിലപാടായിരുന്നു തുടർന്നു വന്നത്. ലോകത്തിലെ മുസ്ലീം വിശ്വാസികൾ ഭീകരതയുടെ അടയാളങ്ങൾ ആണെന്ന അമേരിക്കൻ അജണ്ടയെ ചെറുക്കുവാൻ ഉള്ള മാർഗ്ഗം ഇസ്ലാം മത വിശ്വാസികൾ മതാധിഷ്ടിതമായി സംഘടിക്കുകയാണ് എന്ന ആശയം ശക്തിപ്രാപിച്ചു. അതിന്‍റെ ഭാഗമായി മതവികാരം ജനിപ്പിക്കുവാനുള്ള ശ്രമങ്ങൾ അഫ്ഗാനിലെ ഇസ്ലാമിക്ക് മത മൗലിക ഭരണം നിലവിൽ വന്ന ശേഷം കൂടുതൽ വിപുലമായി. ഇതിന്‍റെ അലകൾ ഇന്ത്യയിലും ഉണ്ടാകുവാൻ 1980ൽ കാശ്മീർ സംസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറികൾ കൂടുതൽ അവസരങ്ങൾ ഒരുക്കി. ജിഹാദ് എന്ന ആഹ്വാനം അന്യ വിശ്വാസികളെ കൊലപ്പെടുത്തുവാൻ ലക്ഷ്യം വെയ്ക്കുന്നു എന്ന് ചില തീവ്ര മത വാദികൾ പ്രചരിപ്പിച്ചു. മറുവശത്ത് ലോകത്തിന് ഇസ്ലാം ഭീക്ഷണിയാണ് എന്ന അമേരിക്കൻ വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന ഇന്ത്യൻ ഹൈന്ദവ മത ബോധം തങ്ങൾക്കു വീണു കിട്ടിയ എല്ലാ അവസരങ്ങളേയും രാഷ്ട്രീയമായി ഉപയോഗിക്കുവാൻ ശ്രമിച്ചു. മണ്ധൽ വിഷയം മുതൽ രാമക്ഷേത്രം, ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക അവകാശം, മാംസ ഭക്ഷണവിഷയം, മത പരിവർത്തനം, ഹിന്ദു ജനസംഖ്യ കുറയുന്നു എന്ന വാദങ്ങൾ അവരുയർത്തി. കുഷ്ടരോഗികളെയും മറ്റും ശുശ്രൂഷിക്കുവാൻ പരിശ്രമിച്ചു വന്ന മിഷനറിഅംഗം ഗ്രഹാം േസ്റ്റയിൻസ്സിനെയും മക്കളെയും ചുട്ടു കൊല്ലുവാനും അതിനു മുന്‍പ് മുതൽ മതർ തെരസേ മുതലുള്ള വരെ മത പരിവർത്തകർ ആയി ചിത്രീകരിക്കുവാനും മടിക്കാത്ത ഒരു രാഷ്ടീയ ലോകം രാജ്യത്ത് ശക്തമായി വന്നു. അങ്ങനെ മത സംഘടനകളുടെ കായികവും ആശയപരവുമായ സംഘടിത ആക്രമങ്ങൾ വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന മതാതീത സൗഹൃദങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുവാനുള്ള അവസരങ്ങൾ വർദ്ധിപ്പിച്ചു. ഒരു മതത്തിൽ വിശ്വസിക്കുന്നവരിൽ നല്ല പങ്കും എപ്പോഴും എവിടെയും തങ്ങളുടെ മത വിശ്വാസത്തിന്‍റെ ശക്തിയും മേന്മയും പ്രകടിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുന്നതായി ഇന്നു കാണാം. ദേവാലയങ്ങൾ പോലും മതാതീതമായിരുന്ന നാട്ടിലെ വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, ആഘോഷങ്ങൾ, പൊതു ചടങ്ങുകൾ എല്ലാം പരമാവധി വിവിധ മതങ്ങളുടെ അറകളായി മാറി നിൽക്കുവാൻ ശ്രമിച്ചു. സൗഹൃദങ്ങൾ, പ്രണയം, വിനോദം, വിചാര വേദി ഒക്കെ അന്യ മതത്തിൽപ്പെട്ടവർക്കൊപ്പം ആണെങ്കിൽ സംശയത്തോടെ കാണുവാൻ പലരും ശ്രമിച്ചു. ഓണം ഒരു മതത്തിന്‍റെ ആഘോഷമായതിനാൽ അതിനോട് മറ്റു മതക്കാർ അകലം പാലിക്കട്ടെ, ക്രിസ്തുമസ്സ് എന്ന സാർവ്വ ലൗവിക ആഘോഷത്തിൽ എന്തിന് മറ്റു വിശ്വാസികൾ പങ്കെടുക്കണം എന്ന യുക്തി സജ്ജീവമാക്കുവാൻ ശ്രമിക്കുന്നു. (കേന്ദ്രസർക്കാർ ആ ദിനത്തെ 2014 മുതൽ good governance day ആയി പരിഗണിച്ചതിനു പിന്നിലുള്ള ലക്ഷ്യം എന്തായിരിക്കും?)
1870കൾ മുതൽ ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഘർവാപ്പസി പ്രവർത്തനങ്ങൾ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ കൂടുതൽ ആക്രമണോത്സുഹമായി. മതങ്ങൾ തമ്മിൽ എന്ന് മാത്രമല്ല ജാതികൾ തമ്മിലുള്ള വിവാഹം തുടങ്ങിയ വ്യവഹാരങ്ങൾക്ക് പോലും വധശിക്ഷ വിധിക്കുവാൻ മടികാത്ത ജാതി കൂട്ടങ്ങൾ വടക്കേ ഇന്ത്യയിൽ മാത്രമല്ല തമിഴ്നാട്ടിലും കർണ്ണാടകയിലും ഇന്നും നിലനിൽക്കുന്നു. മൂന്നു മതങ്ങൾക്കും ഏറെക്കുറെ ഒരേ ശക്തിയുള്ള കേരളത്തിൽ മതാതീത മാനവികതയെ അശക്തമാക്കികൊണ്ട് മത വിശ്വാസികൾ തമ്മിൽ സമൂഹത്തെ സംശയ രോഗത്തിൽ എത്തിക്കുവാൻ ചില ആളുകൾ പരിശ്രമിച്ചു വരുന്നു. സംഘടിത മതങ്ങളിൽ തന്നെ കൂടുതൽ ചിട്ടകൾ നിഷ്കർഷിക്കുന്ന ഇസ്ലാം മതത്തിലെ ഒരു കൂട്ടരും കഴിഞ്ഞ നാളുകളിൽ ഹിന്ദു മതത്തിന് അന്യമായിരുന്ന ഏക ശിലാ രൂപം അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്ന ആർഎസ്എസ്സും അന്യമത വിവാഹത്തെ പ്രണയ സാഫല്യം എന്ന വിഷയത്തിൽ നിന്നും നിർബന്ധിതമായ മത പരിവർത്തന ഗൂഡാലോചനയുടെ ഭാഗമായി ചിത്രീകരിക്കുന്പോൾ വിഷയം അനാരോഗ്യമായ തലത്തിൽ എത്തി ചേരുന്നു. സംസ്ഥാനത്തു നടന്ന ഇസ്ലാം മത നാമധാരികളുമായി ബന്ധപ്പെട്ട വിവാഹങ്ങളെ ലൗജിഹാദ് എന്ന് മാധ്യമങ്ങളും വർഗ്ഗീയ വാദികളും രാഷ്ടീയക്കാരിൽ ചിലരും വിശേഷിപ്പിച്ചപ്പോൾ പ്രണയ വിവാഹങ്ങൾ ദുരൂഹതകൾ നിറഞ്ഞ ഒരു ഏർപ്പാടായി പ്രചരിക്കുവാൻ ഇടം ഉണ്ടായി.
നമ്മുടെ രാജ്യത്ത് വർഗ്ഗീയ രാഷ്ട്രീയം ആളിക്കത്തുന്പോഴും മതാതീത വിവാഹങ്ങൾ വർദ്‍ധിക്കുന്നു. ഏറ്റവും അധികം സെക്യുലർ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനം ഗോവയും അതു കഴിഞ്ഞാൽ കേരളവും ആണ്. (രണ്ടിടത്തും വർഗ്ഗീയ കലാപങ്ങൾ വിരളമാണ് എന്ന് ഓർക്കുക) മത മൗലിക രാഷ്ട്രീയവും ഭ്രൂണഹത്യയും സജീവമായ ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മതാതീത വിവാഹങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നുണ്ട്. അഭ്യസ്ഥവിദ്യരായ ആളുകളുടെ ഇടയിൽ ഇത്തരം വിവാഹങ്ങൾ വർദ്ധിക്കുന്നു. ഗോത്ര സ്വാധീനം ചെലുത്തുന്ന നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ മതാതീത വിവാഹങ്ങൾ കുറവാണ്. തമിഴ്നാട്ടിൽ ഇത്തരം വിവാഹങ്ങൾ 2.6% മാത്രമാണ് എന്നത് നാണക്കേട് ഉണ്ടാക്കേണ്ടതാണ്. തമിഴ്നാട് എന്ന ദ്രാവിഡ രാഷ്ട്രീയ ഭൂമികയിൽ ജാതി വൈര്യം ഇന്നും പ്രബലമായി തുടുരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 20% മതാതീത വിവാഹങ്ങൾ നടക്കുന്ന കേരളത്തിൽ പോലും അത്തരം വിവാഹങ്ങളെ സംശയോത്തോടെ കാണുവാൻ ചിലരെങ്കിലും ആഗ്രഹിക്കുന്നു എന്ന് അഖില-ഹാദിയ സംഭവം തെളിയിക്കുകയാണ്.
പ്രായപൂർത്തിയായ ഒരാൾക്ക് സ്വയമായി എടുക്കുന്ന തീരുമാനത്തിലൂടെ മതം മാറുവാനുള്ള അവസരം നമ്മുടെ ഭരണഘടന നൽകുന്നു. (മതം ഉപേക്ഷിക്കുവാൻ നിയമപരമായി അവസരം ഇല്ല). പ്രായപൂർത്തിയായവർക്ക് പരസ്പരം വിവാഹം നടത്തുവാനും നിയമം അനുവദിക്കുന്നു എങ്കിൽ എന്തുകൊണ്ടാണ് അഖില-ഹാദിയ വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നിൽ എത്തേണ്ടി വന്നത് എന്നത് നാട് എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയിലേയ്ക്ക് വിരൽ ചൂണ്ടുന്നുണ്ട്.നമ്മുടെ നാട്ടിൽ നടക്കുന്ന മതാതീത വിവാഹങ്ങൾ വാർത്തകൾ പോലും ആകാതെ മാറിക്കഴിഞ്ഞ സാഹചര്യത്തിൽ എന്തുകൊണ്ടാണ് തന്‍റെ ജനിച്ച മതം ഉപേക്ഷിച്ച ഒരാൾ മറ്റൊരു മതം സ്വീകരിക്കുകയും അതേ മതത്തിൽ പെട്ട ഒരാളെ വിവാഹം ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്ത വിഷയം ഒരു കുടുംബ പ്രശ്നത്തിൽ നിന്നും ദേശീയ മാധ്യമങ്ങൾക്കും കേരളത്തിലും വലിയ ചർച്ചകളും ചേരി തിരുവുകളും ഉണ്ടാക്കുന്ന തരത്തിലേയ്ക്ക് എത്തിച്ചേർന്നത്? മതനിരപേക്ഷ കേരളവും ഇന്ത്യയിലെ വിവിധ മതമൗലികവാദികൾ ഉയർത്തുന്ന ആക്രോശങ്ങളിൽ പെട്ടു പോയി എന്ന് തെളിയിക്കുകയാണ് ഇവിടെ. മതം വ്യക്തിയുടെ വിശ്വാസത്തിൽ നിന്നും അണികളുടെ എണ്ണം കൂട്ടുവാനും അവരെ സംഘടിതമാക്കുവാനും മതാതിഷ്ട സമൂഹത്തെ നിർമ്മിക്കുവാനുമുള്ള ഏതൊരു ശ്രമവും രാജ്യത്തിന്‍റെ ജനാധിപത്യവ്യവസ്ഥയെ തകിടം മറിക്കുവനെ സഹായിക്കൂ.