അച്ഛൻ ചെക്കൻ മണ്ണാങ്കട്ട...
ശരശയ്യ - നിതിൻ നാങ്ങോത്ത്
അച്ഛനോ നിന്നെ കെട്ടിയ ചെക്കനോ അല്ല, നിന്‍റെ ഫ്യൂച്ചറാണ് മോളേ പ്രധാനം. അഖില ഹാദിയ കേസിൽ സുപ്രീംകോടതി ചൂരലെടുത്തു. വികാരങ്ങളുടെ കോടതിയിലല്ല ഇത്തരം വിസ്‌ഫോടനക്കേസുകൾ വിചാരണ ചെയ്യപ്പെടേണ്ടതെന്ന് നമ്മുടെ നീതിന്യായ സംവിധാനം ഒരിക്കൽക്കൂടി തെളിയിച്ചു. വിധിയിൽ എസ്എൻഡിപിയോ എസ്ഡിപിഐയോ ബേജാറായിട്ട് ഒരു കാര്യോല്ല. ഡെഡ്ബോഡി ഞങ്ങളുടേതാണ് എന്ന അവകാശത്തർക്കവും വിപ്ലവവായാടിത്തവും സോഷ്യൽ മീഡിയയിൽ ആയിക്കോളൂ. ചാനൽ ഛർദ്ദിക്കലിലും വെടിപൊട്ടിച്ചോളൂ. സീസറുടെ മകൾ എന്നും തടവറയിൽ സുരക്ഷിതയായിരിക്കും. നിരപരാധികളുടെ തടവറകൾ തീവ്രവാദത്തിന്‍റെ ലേബർറൂമുകളായ കേസുകൾ നമ്മുടെ കോടതികൾ ഇനിയങ്ങോട്ട് കേട്ടുകൊണ്ടേയിരിക്കും. സത്യസരണി യോഗാസെന്‍ററുകൾ പൂട്ടി ചാവി അറബിക്കടലിൽ വലിച്ചെറിയുക. കളി കാത്തിരുന്നു കാണേണ്ടി വരും.
മൃതദേഹവും മതദേഹവും ഒന്നാവുന്ന ഭീകരകാഴ്ച സമാധാന കേരളത്തെ ഭയപ്പാടിലാക്കുന്നു. മസ്തിഷ്ക പ്രക്ഷാളനത്തിന്‍റെ ഡോർ ഡെലിവറിക്കാർ ഇനിയങ്ങോട്ട് ബഹുസ്വരനാടിനെ വെള്ളപുതപ്പിച്ച് കിടത്തിയേക്കും. വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ മതം അതിന്‍റെ കാളിയമർദ്ദനമാടുന്ന കാഴ്ച ചർച്ച ചെയ്യപ്പെടേണ്ടതാണ്. പാന്പ് കടിയേറ്റ് മരണപ്പെട്ട വാർത്തകളേ ചർച്ചയാവാറുള്ളൂ. പത്രത്തിൽ വരാറുളളൂ... ദംശനമേറ്റ് രക്ഷപ്പെട്ടവരുടെ സങ്കടങ്ങൾ ആരുകേൾക്കാൻ? ആരോടു പറയാൻ? ചേകന്നൂർ മൗലവിയുടെ എല്ലു പോലും മാന്തിയെടുക്കാൻ പറ്റാത്ത ജെസിബിയാണ് നമ്മൾക്കുള്ളതെന്ന് നല്ലോണം സ്മരണ വേണം.ജോസഫ് മാഷിന്‍റെ രക്തപങ്കില പാഠങ്ങൾ കോടതിയുടെ സിലബസിലുണ്ടാവട്ടെ. ഹാദിയ സേലത്ത് പഠിക്കട്ടെ. വർഗ്ഗീയ കേരളം പഠിക്കാൻ പഠിക്കട്ടെ. അഖിലഹാദിയ നമ്മുടെ മറ്റു പെങ്കുട്ട്യോൾക്ക് ഒരു സ്പെസിമൻ ആവാതിരുന്നാൽ മതി. അശോകന്‍റെ ശോകം കോടതിക്കറിയേണ്ട.ഷഹീൻ ജഹാന്‍റെ പ്രണയത്തിൽ കോടതിക്കെന്തു കാര്യം? സർവ്വോപരി പോലീസുകാർക്ക് ഈ വീട്ടിൽ എന്തു കാര്യം! എൻഐഎയിൽ വർഗ്ഗീയത മണക്കുന്നെന്ന് പരാതി. സൈനബയെ വാഴ്ത്തപ്പെട്ടവളാക്കുന്ന സംഘടനാപാടവം. കമലസുരയ്യയെപ്പോലെ അഖിലഹാദിയയും മറ്റൊരു മനോഹരപേരായി കേരളം മനഃപൂർവ്വം മറക്കും. വീട്ടുതടങ്കലിൽ നിന്നും നാട്ടുതടങ്കലിൽ നിന്നും രക്ഷപ്പെട്ട ഒരു കുട്ടിക്ക് അറിഞ്ഞതിൽ നിന്നുള്ള മോചനത്തിന്‍റെ വിശാലാകാശം ലഭ്യമായാൽ മതിയായിരുന്നു. കണ്ണിലെ “കൃഷ്ണ”മണിപോലെ കാത്തു കൊള്ളാൻ ഇനി ഈ നാട്ടിലാവില്ല. വേണേൽ കണ്ണിലെ “മുഹമ്മദ്”മണിപോലെ പാഠഭേദപ്പെടാം. അത്രമേൽ വർഗ്ഗീയതയുടെ വിഷം കുടിനീരിൽ കലർന്നിരിക്കുന്നു.ശ്വാസവായുവിൽ പടർന്നിരിക്കുന്നു. നമ്മൾ എന്ന റിയാലിറ്റിയിൽ നിന്നും ഞാനും നീയും എന്ന പാർഷ്വാലിറ്റി.ഉമ്മാ ഞാനൊരു ഹിന്ദൂനെ തൊട്ടു! തിരിച്ചും നമ്മുടെ മക്കൾ പറയുന്ന ഒരു കെട്ടകാലം വിദൂരത്തല്ല.
കോടതിയുടെ പരിഗണനയിലോ അവഗണനയിലോ ഉള്ള 89 കേസുകെട്ടുകൾക്കും എന്തു വേണേലും സംഭവിച്ചോട്ടെ. വെള്ളവും വളവും നൽകി വലുതാക്കി മൂത്തുപഴുക്കാൻ നേരം നാട്ടുകാർ കൊലവെട്ടി ചാക്കിലാക്കി കൊണ്ടുപോവുന്ന “മോഡേൺ വാഴക്കുലാ സംസ്ക്കാരം” ഏത് രക്ഷിതാവിനേയും അരക്ഷിതാവിനെയും ഞെട്ടിക്കുന്നതാണ്. അതേത് പാളയംകോടനോ റോബസ്റ്റോ നേന്ത്രയോ ആയാൽപ്പോലും. മക്കളുടെ ലൈഫ് കോടതിയും മതകീഴാളന്‍മാരും തീരുമാനിക്കുന്ന കിനാശ്ശേരി അത്രയ്ക്കങ്ങട് ദഹിക്കണില്ല. മതിലുചാടാനോ കോടതി കയറാനോ ഉള്ള നമ്മളുടെ കുട്ടികളുടെ ത്വര അത്രയ്ക്കങ്ങട് സംരക്ഷിക്കപ്പെടാതിരിക്കട്ടെ.തലയും മുലയും വളർന്നാൽ അച്ഛൻ കൊച്ചൻ മണ്ണാങ്കട്ട. അമ്മക്കൊമ്മ മരക്കൊമ്മ.. പ്രണയത്തിലേക്ക് മൂക്കും കുത്തി ചളിപെരളുന്ന കാർപ്പാത്തിയൻ ബ്ലഡ്റവല്യൂഷൻ... ചുരുങ്ങിയപക്ഷം രക്ഷിതാക്കൾക്ക് വേണ്ടിയെങ്കിലും നരകം ഒരു പ്രേമകഥയെഴുതുന്നു...
ക്ലാസിൽ ടീച്ചർ ഹാജർ വിളിക്കുന്പോൾ “ജയ് ഹിന്ദ്” എന്ന് കുട്ടികൾ പ്രസന്‍റ് പറയുന്ന കാലം വന്നിരിക്കുന്നു. മതം നോക്കി മീനും പച്ചക്കറിയും സ്വർണ്ണവും വാങ്ങുന്നിടത്തെത്തി കാര്യങ്ങൾ. മറ്റേ കച്ചോടക്കാരനെതകർക്കുക. പലേടത്തും ഇതൊരു പ്രാദേശിക അജണ്ടയാണ്. സ്വാമിമാരുടെ കുടിവെള്ളത്തിൽ വിഷം കലർത്തും എന്നൊരു കിംവദന്തി കൂടി വൈറലായിക്കഴിഞ്ഞു. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ഈ നശിച്ച “മദം” ബാൻ ചെയ്യാൻ വല്ല വകുപ്പുമുണ്ടോ കോടതീ... ഇല്ല... അല്ലേ... മദ്യത്തേക്കാൾ മാരകമായ വിഷം.. ലൗജിഹാദ്vsഘർവാപ്പസി... വാപ്പച്ചിമാർ ജാഗ്രതൈ ...