കീ­ട (കർ­ഷക) നാ­ശി­നി­കൾ !


ജെ. ബിന്ദുരാജ്

ർണ്ണാടകയിലേയും തമിഴ്‌നാട്ടിലേയും മഹാരാഷ്ട്രയിലേയും ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ അന്പരപ്പിച്ച ഒരു കാര്യമുണ്ട്. അവിടങ്ങളിലെ കൃഷിക്കാർ പാടങ്ങളിൽ കീടനാശിനി തളിക്കുന്ന രീതിയാണത്. അതിമാരകമായ കീടനാശിനികൾ വേണ്ടത്ര സുരക്ഷാമാനദണ്ധങ്ങളൊന്നും തന്നെ പാലിക്കാതെയാണ് അവർ പാടങ്ങളിലുള്ള വിളകളിൽ തളിച്ചുകൊണ്ടിരുന്നത്. തോളിൽ ഒരു സ്‌പ്രേയിങ് മെഷീൻ തൂക്കി ഷർട്ടോ പാന്റോ ധരിക്കാതെ തോർത്തു മാത്രം ധരിച്ചുകൊണ്ടാണ് ഇവിടങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കർഷകർ കീടനാശിനികൾ സ്‌പ്രേ ചെയ്യുന്നത്. കീടനാശിനികൾ തളിക്കുന്നതിലുമുണ്ട് ഈ അനാസ്ഥ. പലരും സ്‌പ്രേ വളരെ ഉയരത്തിൽ പിടിച്ചാണ് കീടനാശിനി തളിക്കുന്നത്. കാറ്റിൽ ഇവർ സ്‌പ്രേ ചെയ്യുന്ന കീടനാശിനിയിൽ വലിയൊരു ശതമാനവും ഇവരുടെ ശരീരത്തിലേക്ക് തന്നെയാണ് വന്നു പതിക്കുന്നതെന്നു കാണാം. വിദേശ രാജ്യങ്ങളിലും മറ്റും കീടനാശിനികൾ സ്‌പ്രേ ചെയ്യുന്നവർ പലതരം സംരക്ഷണ കവചങ്ങൾ ഉപയോഗിക്കുന്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ യാതൊരു സംരക്ഷണ കവചങ്ങളുമില്ലാതെയാണ് വയലുകളിലേയ്ക്ക് അതിമാരകമായ വിഷവസ്തുക്കളുമായി ഇറങ്ങുന്നത്. മഹാരാഷ്ട്രയിലെ 1800ഓളം കർഷകർ ഇത്തരം കീടനാശിനികളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം മൂലം കഴിഞ്ഞ രണ്ടുമാസങ്ങളായി ജീവനോട് മല്ലടിച്ച് കഴിയുകയാണെന്നും ഔദ്യോഗിക കണക്കുകൾ പ്രകാരം അവരിൽ 36 പേരോളം കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ മരണത്തിനു കീഴടങ്ങിയെന്നുമുള്ള വാർത്ത കേട്ടപ്പോൾ അതുകൊണ്ട് അന്പരപ്പ് തോന്നിയില്ല. കണക്കുകളിൽ പെടാതെ ഇതിനേക്കാൾ എത്രയോ അധികം പേർ വിവിധ കാലയളവുകളിൽ ആ സംസ്ഥാനങ്ങളിൽ കീടനാശിനി വിഷബാധ മൂലം മരണമടഞ്ഞിട്ടുണ്ടാകും. എത്രയോ പേർക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടാകാം. എത്രയോ പേർ ത്വക് രോഗങ്ങളും കാൻസർ അടക്കമുള്ള മാരകമായ രോഗങ്ങളും മൂലം മരണപ്പെട്ടിട്ടുണ്ടാകും. പക്ഷേ മഹാരാഷ്ട്രയിൽ നടന്ന മരണങ്ങൾ വേണ്ടി വന്നു സർക്കാരിന്റെ അടിയന്തരശ്രദ്ധ കീടനാശിനി മരണങ്ങളിലേക്ക് തിരിയുവാൻ. അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് ഇപ്പോൾ.   

ചൈനയ്ക്കുശേഷം ഏഷ്യയിൽ കീടനാശിനികളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. 1952ൽ കൊൽക്കത്തയിലെ പ്ലാന്റിൽ ബിഎച്ച്സി എന്ന കീടനാശിനി ഉൽപ്പാദിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിൽ കീടനാശിനി ഉൽപ്പാദനം ആരംഭിച്ചത്. ഇന്നിപ്പോൾ ലോകവിപണിയിലെ മൊത്തം രാസകീടനാശിനികളുടെ രണ്ടു ശതമാനത്തോളം ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയിലെ കീടനാശിനി ഉൽപാദകരാണ്. കീടങ്ങളെ നശിപ്പിക്കുന്നതിനായാണ് ഇന്ത്യയിൽ കീടനാശിനിയുടെ 76 ശതമാനവും ഉപയോഗിക്കുന്നത് എന്നതിനാൽ കൃഷിക്കാരാണ് കീടനാശിനികളുടെ പ്രധാന ഉപയോക്താക്കൾ. ഇന്ത്യയിൽ പരുത്തിക്കൃഷിയ്ക്കായാണ് 45 ശതമാനവും കീടനാശിനികൾ ഉപയോഗിക്കുന്നതെങ്കിൽ നെല്ലും ഗോതന്പുമാണ് കീടനാശിനികൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റു വിളകൾ. കീടങ്ങളെ പ്രതിരോധിക്കുന്നത് മികച്ച വിളവു നൽകുമെങ്കിലും രാസകീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം ഇന്ന് മനുഷ്യനാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്. കീടനാശിനി പ്രയോഗം നടത്തപ്പെട്ടിട്ടുള്ള വിളകളും പഴങ്ങളും ഭക്ഷിക്കുന്നവർക്ക് കാൻസറും ഉയർന്ന രക്തസമ്മർദ്ദവും ഹൃദയരോഗങ്ങളും പ്രമേഹവും മസ്തിഷ്‌കാഘാതവും മറ്റ് ഗുരുതരമായ അസുഖങ്ങളും ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇതിനു പുറമേ, ഹോർമോൺ സംബന്ധിയായ പ്രശ്‌നങ്ങളും പ്രത്യുൽപാദനപ്രശ്‌നങ്ങളും ബുദ്ധിമാന്ദ്യവും പ്രതിരോധശേഷിക്കുറവുമെല്ലാം കീടനാശിനികൾ വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളാണ്. ലോകത്തെന്പാടുമായി പ്രതിവർഷം പത്തു ലക്ഷത്തിലധികം പേർ കീടനാശിനികൾ വരുത്തിവെയ്ക്കുന്ന രോഗപീഢകൾ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. മനുഷ്യരെ മാത്രമല്ല ലോകത്തെ സർവ്വ ജീവജാലങ്ങേളയും അത് ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വായുവിലേയും തടാകങ്ങളിലേയും സമുദ്രങ്ങളിലേയും ജീവജാലങ്ങളെ അത് മരണങ്ങൾക്കിടയാക്കുന്നു. ഡിഡിടിയും അതിന്റെ മെറ്റാബോളൈറ്റ് ആയ ഡിഡിഇയും പരുന്തുകളുടെ മുട്ടയുടെ തോടിന്റെ കനം കുറയുന്നതിന് ഇടയാക്കുന്നതായും പരുന്തുകളുടെ എണ്ണത്തിൽ അത് വൻ തോതിൽ അമേരിക്കയിൽ കുറവുണ്ടാക്കിയതായും കണ്ടെത്തപ്പെട്ടിട്ടുണ്ട്. മത്സ്യസന്പത്തിനും വലിയ തോതിലുള്ള ആഘാതം കീടനാശിനികളിൽ നിന്നും ഉണ്ടായിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.

എന്നാൽ കീടനാശിനികൾ മൂലം ഏറ്റവുമധികം പേർ നേരിട്ട് കൊല്ലപ്പെടുന്നത് കീടനാശിനി നിർമ്മാണശാലകളിലും കൃഷിയിടങ്ങളിലുമാണെന്നതാണ് വാസ്തവം. വിളകളിലെ മാരകമായ കീടങ്ങളെ പ്രതിരോധിക്കുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനുമായി അമിതമായ അളവിൽ യാതൊരു സുരക്ഷാ മാനദണ്ധങ്ങളും പാലിക്കാതെയാണ് കൃഷിക്കാർ അത് തളിച്ചുകൊണ്ടിരിക്കുന്നത്. കർണ്ണാടകയിലെ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്തപ്പോൾ കീടനാശിനികൾ വെറും കൈകൊണ്ട് ഇളക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയും  കണ്ടിരുന്നു. കീടനാശിനികളുടെ മാരകമായ ശേഷിയെപ്പറ്റി മതിയായ അറിവില്ലാത്ത കർഷകരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതെന്നത് കൃഷി ഓഫീസർമാരുടെ നിയന്ത്രണത്തിലല്ല ഇന്ത്യയിൽ പലയിടത്തും കൃഷി നടത്തുന്നതെന്നതിന് വ്യക്തമായ തെളിവുമാണ്. എന്തായാലും മഹാരാഷ്ട്രയിലെ കീടനാശിനി ഉപയോഗം മൂലമുള്ള കർഷക മരണങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കീടനാശിനി ഉപയോഗത്തിൽ കർശനമായ നിബന്ധനകൾ കൊണ്ടു വരാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കീടനാശിനി ഉൽപാദകരും കാർഷിക സർവ്വകലാശാല അധികൃതരും തമ്മിൽ ശക്തമായ ഒരു അന്തർധാര നിലനിൽക്കുന്ന കേരളത്തിൽ രാസകീടനാശിനികളുടെ ഉപയോഗം ക്രമാനുഗതമായി കുറച്ചുകൊണ്ടു വരാമെന്നുള്ളതും ഒരു പാഴ്‌സ്വപ്നം മാത്രമാണ്. കാർഷിക സർവകലാശാലകളിൽ വകുപ്പധ്യക്ഷന്മാരായിരുന്ന പലരും കീടനാശിനി കന്പനികളെ വെള്ളപൂശുന്ന റിപ്പോർട്ടുകളുമായി രംഗത്തെത്തിയിരുന്നതും വിരമിച്ചശേഷം അത്തരം കന്പനികളിലെ ഉന്നതസ്ഥാനീയരായി നിയമിക്കപ്പെട്ടതുമൊക്കെ നാം കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ കാഴ്ചകളാണ്. എൻഡോസൾഫാൻ എന്ന കീടനാശിനി വിഴുങ്ങിയ ഒരു ദേശഭാഗം തന്നെയുള്ള ഒരു നാടാണ് കേരളമെങ്കിലും ഇനിയും ജനജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നു വേണം കരുതാൻ. 

കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനായി മൂന്നാഴ്ച മുന്പ് സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കാർഷിക വകുപ്പിന്റെ അധികൃതർ ഉൾപ്പെടുന്ന പരിശോധനാ സ്‌ക്വാഡുകൾ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി സമീപകാലത്ത് വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലെ മുഖ്യഅജണ്ടകളിലൊന്ന് കീടനാശിനി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ കൊണ്ടുവരേണ്ട നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരള സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുള്ള 17 കീടനാശിനികളിൽ പലതും ഇപ്പോഴും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തപ്പെടുന്നുണ്ടെന്നും വ്യാപകമായി തന്നെ അവ കർഷകർ വിളകളിൽ പ്രയോഗിക്കുന്നുണ്ടെന്നും ലഭിച്ച റിപ്പോർട്ടുകളെ തുടർന്നായിരുന്നു ഈ നീക്കം. അതിർത്തിയിലൂടെയുള്ള ഈ ചരക്കുനീക്കം പരിശോധിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല താനും. പലപ്പോഴും മറ്റു പേരുകളിൽ, വ്യത്യസ്തമായ കണ്ടെയ്‌നറുകളിലാണ് നിരോധിക്കപ്പെട്ട കീടനാശിനി കേരളത്തിലേക്ക് എത്തിക്കുന്നതും ചില ഏജന്റുമാർ വഴി കർഷകർക്ക് ലഭ്യമാക്കുന്നതും.

കാർബോഫ്യൂറാൻ, മീതെയ്ൽ ഡെമിറ്റോൺ, മീതെയ്ൽ പാരത്തിയോൺ, മോണാക്രോട്ടോഫോസ്, ഫോറേറ്റ്, മെതോമെൽ, പ്രോഫെനോഫോസ്, ട്രൈസോഫോസ്, എൻഡോസൾഫാൻ തുടങ്ങിയ കീടനാശിനികളും മെർക്കുറിക് ക്ലോറൈഡ്, എഡിഫെൻഫോസ്, ഓക്‌സിതിയോക്വിനോക്‌സ്, ട്രൈസൈക്ലസോൾ,  തുടങ്ങിയ ഫംഗസ് നാശിനികളും അനിലോഫോസ്, പാരക്വയ്റ്റ്, അട്രാസിൻ തുടങ്ങിയ കളനാശിനികളുമാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. ഇതിൽ എൻഡോസൾഫാൻ 2006ൽ നിരോധിക്കപ്പെട്ടെങ്കിൽ ബാക്കിയുള്ള 2011ലും 2015ലുമാണ് നിരോധിക്കപ്പെട്ടത്. ഇതിനു പുറമേ ഏഴ് കീടനാശിനികൾ നിയന്ത്രിതമായ അളവിൽ മാത്രമേ ഉപയോഗിക്കപ്പെടാൻ പാടുള്ളുവെന്ന നിബന്ധനയുമുണ്ട്. എന്നാൽ ഈ കീടനാശിനികൾ പലതും നിർബാധം ഇപ്പോഴും കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ ലഭ്യമായ പല കീടനാശിനികളും മതിയായ രീതിയിൽ കീടങ്ങളെ പ്രതിരോധിക്കാത്തതിനാലാണ് തങ്ങൾ ഈ കീടനാശിനികൾ ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നാണ് അവരുടെ വാദം. 

പക്ഷേ രാസകീടനാശിനികൾ ഉണ്ടാക്കുന്ന വലിയ പാരിസ്ഥിതിക ആഘാതവും മനുഷ്യനും ജീവജാലങ്ങൾക്കുമുണ്ടാക്കുന്ന അപകടങ്ങളും കേവലം പരിശോധനകൾ കൊണ്ടോ സർക്കാർ നടപടികൾ കൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല. ശാശ്വതമായ പരിഹാരത്തിന് ജൈവ കീടനാശിനികളിലേക്കും ജൈവ കൃഷി രീതികളിലേക്കുമൊക്കെ കൃഷിക്കാരെ എത്തിക്കുക മാത്രമാണ് ഏക മാർഗം. പ്രകൃതിക്ക് ദോഷം ചെയ്യാത്തവിധത്തിലുള്ള കൃഷി രീതി അവലംബിക്കാത്തപക്ഷം ലോകം നാശത്തിന്റെ പടുകുഴിയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കുമായിരിക്കും പോകുകയെന്ന് ആർക്കാണ് അറിയാത്തത്? ഇന്നത്തെ നിലയിലാണ് ലോകം മുന്നോട്ടു പോകുന്നതെങ്കിൽ ഇനിയൊരു നൂറു വർഷം കഴിയുന്നതിനു മുന്പു തന്നെ ഭൂമിയിൽ നിന്നും മനുഷ്യവംശം ഇല്ലാതാകുമെന്ന സ്റ്റീഫൻ ഹോക്കിങ്‌സ് പറഞ്ഞത് കഴിഞ്ഞ മാസമാണ്. ലോകത്തെ മൊത്തം കൃഷി ഭൂമിയുടെ 0.9 ശതമാനം (91,000,000 ഏക്കർ) മാത്രമാണ് ജൈവകൃഷി രീതികൾ അവലംബിച്ച് കൃഷി ചെയ്യുന്നതെന്നിരിക്കേ, ലോകത്തെന്പാടും രാസകീടനാശിനികൾ ഉണ്ടാക്കുവാൻ പോകുന്ന ഭീതിദമായ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. രാസകീടനാശിനികൾ ധാരാളമായി ഉപയോഗിക്കുന്നതിനെ തുടർന്ന് കീടങ്ങൾ അവ പ്രതിരോധിക്കാനുള്ള ശേഷി കൈവരിക്കുന്നതാണ് അമിതമായ അളവിൽ ഇതേ കീടനാശിനികൾ കർഷകർ ഉപയോഗിക്കാൻ കാരണം. പാവയ്ക്ക പോലുള്ള പച്ചക്കറികളിൽ വിളവെടുപ്പിനു മുന്പ് 12ലധികം തവണയാണ് രാസകീടനാശിനികൾ തളിക്കുന്നതെന്നു കൂടി അറിയുക.  

ഇന്ത്യയിൽ ജൈവകൃഷി രീതിക്ക് ഏറ്റവുമധികം പ്രചാരം നൽകിയത് കൃഷി ശാസ്ത്രജ്ഞനും മഹാരാഷ്ട്ര സ്വദേശിയുമായ സുഭാഷ് പലേക്കറാണ്. കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം രാസകീടനാശിനികളും രാസവളങ്ങളുമൊക്കെ ഉപയോഗിച്ചുള്ള കൃഷി രീതികൾ മറ്റുള്ളവരെപ്പോലെ അവലംബിച്ചിരുന്ന അദ്ദേഹം സ്വയം ഒരു മാറിച്ചിന്തിക്കലിനു തയ്യാറായതോടെയാണ് സീറോ ബജറ്റ് ഫാമിങ് അഥവാ ജൈവരീതികൾ അവലംബിച്ചുകൊണ്ടുള്ള ചെലവില്ലാ കൃഷി എന്ന ആശയം അദ്ദേഹം മുന്നോട്ടു വെച്ചത്. ഒരു നാടൻ പശുവും കർഷകന്റെ അദ്ധ്വാനവും മണ്ണും വിത്തുമുണ്ടെങ്കിൽ മുപ്പതേക്കർ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യാനാകും. വിളകൾ അവയുടെ വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്താലാണെന്നും നാടൻ പശുവിന്റെ ചാണകത്തിലുള്ള സൂക്ഷ്മാണുക്കൾ വളർച്ചയെ സഹായിക്കുന്പോൾ ഗോമൂത്രത്തിന് ബാക്ടീരിയകളേയും വൈറസുകളേയും നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് പലേക്കറുടെ വാദം. നാടൻ പശു ഉണ്ടെങ്കിൽ കൃഷി ചെലവു രഹിതമാക്കി മാറ്റാമെന്ന് അദ്ദേഹം ഇതിനകം തന്നെ കൃഷിയിടങ്ങളിൽ തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു നിർമ്മിക്കുന്ന ജീവാമൃതം ഉപയോഗിച്ചാണ് പലേക്കർ പാടങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഒരേ സമയം വളവും കുമിൾനാശിനിയുമായി പ്രവർത്തിക്കുന്നു. നാടൻ പശുവിന്റെ ചാണകവും മൂത്രവും കുരു കളഞ്ഞ ചക്കപ്പഴമോ കേടായ മാന്പഴമോ നന്നായി പഴുത്ത പാളയങ്കോടൻ പഴമോ മുതിരയോ കടലമാവോ വൻ പയറിന്റെ പൊടിയോ കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്റെ ചുവട്ടിൽ നിന്നുള്ള മണ്ണും ക്ലോറിൻ കലരാത്ത വെള്ളവും ചേർത്ത് ലയിപ്പിച്ചെടുക്കുന്നതാണ് ജീവാമൃതം. 

രാസവളങ്ങളേതും ഉപയോഗിക്കാതെ പാരന്പര്യകൃഷി രീതികൾ അവലംബിച്ച് കഴിഞ്ഞ നാല് വർഷമായി തന്റെ പത്തേക്കർ കൃഷി ഭൂമിയിൽ കൃഷി ചെയ്തുവരുന്ന രാജേഷ് കൃഷ്ണൻ എന്ന വയനാട്ടുകാരനായിരുന്നു സംസ്ഥാന സർക്കാർ ഈ വർഷം യൂത്ത് ഐക്കൺ പുരസ്‌കാരം നൽകിയത്. കീടങ്ങളെ പൂർണമായും നശിപ്പിക്കുന്ന രീതിയല്ല മറിച്ച കീടങ്ങളെ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന രീതിയാണ് കൃഷിയിൽ താൻ അവലംബിക്കുന്നതെന്നാണ് രാജേഷിന്റെ പക്ഷം. തീർത്തും ജൈവപരമായ രീതികൾ അവലംബിച്ചുകൊണ്ട്, മണ്ണിനെ നശിപ്പിക്കാതെ കൃഷി ചെയ്യുന്ന പക്ഷം ഭാവി തലമുറകൾക്കു കൂടി മണ്ണ് കരുതി െവയ്ക്കാൻ നമുക്കാവുമെന്നതാണ് വാസ്തവം. പക്ഷേ കൂടുതൽ ലാഭം മാത്രം സ്വപ്നം കണ്ട് വിളവിറക്കുന്നവർ രാജേഷിന്റെ പാതയിലൂടെ പോകില്ലെന്നതാണ് യാഥാർത്ഥ്യം. രാസവളങ്ങളും രാസകീടനാശിനികളം ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ കൂടുതൽ വിളവു നേടാമെന്ന ചിന്ത മാത്രമേ ഒട്ടുമിക്ക കർഷകർക്കുമുള്ളു. 

ജൈവകൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരും തർക്കിക്കാറില്ല. പക്ഷേ വിപണിയിൽ ഇന്ന് ജൈവകൃഷി ഉൽപന്നമെന്ന ലേബലിൽ എത്തുന്ന പല പച്ചക്കറികളും രാസവളവും കീടനാശിനികളും ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് സമീപകാലത്ത് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു. കൂടുതൽ വില ലഭിക്കുന്നതിനായി ജൈവ കാർഷിക ഉൽപന്നങ്ങളെന്ന പേരിൽ അവ വിപണിയിൽ കാലങ്ങളോളം വിറ്റഴിക്കപ്പെട്ടിരിക്കാം. ജൈവ കീടനാശിനികളും വളവുമെല്ലാം വിപണിയിൽ ലഭ്യമാണെങ്കിൽ അവ സെൻട്രൽ ഇൻസെറ്റിസൈഡ് ബോർഡ് ആന്റ് രജിസ്‌ട്രേഷൻ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയാണ് വിപണനം ചെയ്യപ്പെടുന്നതെന്നത് പ്രധാനമാണ്. കീടനാശിനികൾ രജിസ്‌ട്രേഷൻ ചെയ്യാൻ ടെസ്റ്റിങ്ങും ടോക്‌സിസിറ്റി പരിശോധനയുമൊക്കെ ആവശ്യമായതിനാൽ കുറഞ്ഞത് അതിനൊക്കെയായി നാലോ അഞ്ചോ വർഷം സമയമെടുക്കുമെന്നതും വലിയ തുക അതിനായി ചെലവഴിക്കേണ്ടി വരുമെന്നതുമാണ് പല കന്പനികളേയും ജൈവ കീടനാശിനികൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാൻ കാരണം. മനുഷ്യരിലും പ്രകൃതിയിലും മൃഗങ്ങളിലും കീടനാശിനി എന്തെന്ത് ആഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കപ്പെട്ടശേഷം മാത്രമേ ഉൽപന്നത്തിന് ലൈസൻസ് ലഭിക്കുകയുള്ളുവെന്നതും ജൈവ കീടനാശിനി നിർമ്മാണത്തിന് ലൈസൻസ് തേടുന്നതിൽ നിന്നും പല കന്പനികളേയും വിലക്കുന്നു. വൻകിട കന്പനികൾ ജൈവ കീടനാശിനി നിർമ്മാണത്തിലേക്ക് കടന്നാൽ മാത്രമേ വൻതോതിൽ ഇത്തരം കീടനാശിനികൾ ലൈസൻസോടെ കന്പനികൾക്ക് വിപണിയിലെത്തിക്കാൻ കഴിയുകയുള്ളു.

രാസകീടനാശിനികളുടെ ഉപയോഗത്തിൽ നിന്നും പക്ഷേ ലോകത്തെ അത്ര എളുപ്പം മാറ്റാനാകില്ല. രാസകീടനാശിനികൾ ഉപയോഗിക്കാത്തപക്ഷം വിളവ് ഏതാണ്ട് 10 ശതമാനത്തോളം കുറയുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. മാത്രവുമല്ല, കീടനാശിനികൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ അത് ഭക്ഷ്യവിലക്കയറ്റത്തിനിടയാക്കുമെന്നും തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും ലോകത്ത് പട്ടിണി വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. കീടനാശിനിക്കായി ചെലവാക്കുന്ന രൂപയുടെ നാലിരിട്ടി തുക കീടങ്ങൾ മൂലമുള്ള ഉപദ്രവത്തിലൂടെയുള്ള വിള നഷ്ടത്തെ ചെറുക്കുമെന്ന വാദവും ശക്തമാണ്. അത് ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ചാൽ തന്നെയും കീടനാശിനികളുടെ അമിതമായ ഉപയോഗം അതിനേക്കാൾ മാരകമായ രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന കാര്യം പലരും ബോധപൂർവ്വം മറക്കുന്നു. ലോകാരോഗ്യ സംഘടനയും യുഎൻ എൻവയൺമെന്റ് പ്രോഗ്രാമും പ്രതിവർഷം വികസ്വരരാജ്യങ്ങളിലെ 30 ലക്ഷം കർഷകർ കീടനാശിനി മൂലമുള്ള വിഷബാധ മൂലം മരണമടയുന്നുണ്ടെന്നാണ് പറയുന്നത്. ഏകദേശം 18,000ത്തോളം കർഷകർ പ്രതിവർഷം കീടനാശിനി ഉപയോഗം മൂലം മരണപ്പെടുകയും ചെയ്യുന്നു. ക്ലോറിനേറ്റഡ് ഹൈഡ്രോകാർബൺ കീടനാശിനികളാണ് അതിൽ ഏറ്റവും അപകടകാരികളായിട്ടുള്ളത്. അവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുകയും ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇവ മാംസാഹാരത്തിലൂടെ ഒരു ജീവിയിൽ നിന്നും മറ്റൊരു ജീവിയിലേക്ക് സംക്രമിക്കപ്പെടുകയും ചെയ്യും. 

ഭക്ഷ്യസുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ലോകത്തെന്പാടും രാസകീടനാശിനികളെ ലോക രാജ്യങ്ങൾ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. അങ്ങനെ വരുന്പോൾ, സുരക്ഷിതവും നിയന്ത്രിതവുമായ രീതിയിൽ രാസകീടനാശിനികൾ ഉപയോഗിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്. കീടനാശിനി തളിക്കുന്പോൾ സംരക്ഷിത കവചങ്ങളും സുരക്ഷിതമായ ഉപകരണങ്ങളും ഉപയോഗിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയാണ് അതിൽ പ്രധാനപ്പെട്ട നടപടി. കീടനാശിനികളുടെ വിഷത്തിന്റെ അളവ് കുറയ്ക്കാനാവില്ലാത്തതിനാൽ കീടനാശിനി ഉപയോഗിക്കുന്ന ആളിലേയ്ക്ക് അത് എത്തപ്പെടുന്നത് പരമാവധി കുറയ്ക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ. വായിലൂടേയും ശ്വസനത്തിലൂടേയും തൊലിയിലൂേടയും കണ്ണുകളിലൂടെയുമാണ് കീടനാശിനി പൊതുവേ അത് ഉപയോഗിക്കുന്ന കർഷകരിൽ എത്താറുള്ളത്. അത് പരമാവധി കുറയ്ക്കാനുള്ള സംവിധാനങ്ങൾ കർഷകർ ഉപയോഗിക്കുന്നത് നിർബന്ധമാക്കിയാൽ തന്നെയും വലിയൊരളവു വരെ കീടനാശിനി ഉപയോഗം മൂലമുള്ള കർഷക മരണങ്ങൾ ഒഴിവാക്കാനാകും. രാസവസ്തുക്കളെ തടയുന്ന കൈയുറകൾ, ശരീരത്തിലെ എല്ലാ ഭാഗങ്ങളും നന്നായി മറയ്ക്കുന്ന കട്ടിയുള്ള വസ്ത്രങ്ങളോ ശരീരം കവർ ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്‌പോസിബിൾ ഡ്രസ്സോ ലാമിനേറ്റഡ് പോളിത്തീൻ ഫാബ്രിക്‌സോ ധരിക്കുന്നതിനൊപ്പം ഷൂസും സോക്‌സും ധരിക്കണം. തലയിലും പ്രത്യേക തരത്തിലുള്ള തൊപ്പിയും കണ്ണുകളെ മറയ്ക്കുന്ന സുതാര്യമായ ഗ്ലാസ്സുകളും മൂക്കും വായും താടിയും മൂടുന്ന മട്ടിലുള്ള സവിശേഷമായ മുഖംമൂടികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം വസ്തുക്കൾ കർഷകർക്ക് സൗജന്യമായി എത്തിച്ചു നൽകുന്നതിനും അത് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കർഷകരെ ബോധവൽക്കരിക്കുകയുമാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടത്.  അതിനൊപ്പം തന്നെ ജൈവ കീടനാശിനികൾ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാർ തലത്തിൽ നിന്നുണ്ടാകണം. അതല്ലെങ്കിൽ മഹാരാഷ്ട്രയിലെന്നപോലെ കീടനാശിനി ഉപയോഗം മൂലമുള്ള കർഷകമരണങ്ങൾക്ക് കേരളവും സാക്ഷിയായേക്കാം.

You might also like

Most Viewed