അസ്വസ്ഥതകളുടെ കളിത്തൊട്ടിൽ
വി.ആർ സത്യദേവ്
ഇന്ന് നവന്പർ 26. ഭാരതത്തിനു മറക്കാനാവാത്ത ദിവസം. 9 വർഷങ്ങൾക്കു മുന്പ് ഇതേ ദിനമായിരുന്നു ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പാകിസ്ഥാനിൽ നിന്നെത്തിയ തീവ്രവാദികൾ അഴിഞ്ഞാടിയത്. പാക് സേനയുടെ ഒത്താശയോടേ കടൽ കടന്നെത്തിയ പത്തു ചാവേറുകൾ മുംബൈ ഛത്രപതി ശിവജി ടെർമിനസിൽ നിരപരാധികളായ യാത്രക്കാർക്കു നേരെയായിരുന്നു ആദ്യം വെടികളുതിർത്തത്. 58 ജീവനുകളാണ് അവിടെ പിടഞ്ഞു വീണത്. തുടർന്ന് മുംബൈ താജ് പാലസിലും ഒബറോയ് ട്രൈഡൻ് ഹോട്ടലിലും കാമാ ഹോസ്പിറ്റലിലുമൊക്കെ പാക് തീവ്രവാദികളുടെ ക്രൂരത തുടർന്നു. ഇടതടവില്ലാത്ത മൂന്നു ദിനങ്ങൾ.
മനസ്സാക്ഷി മരിച്ച തീവ്രവാദികളിൽ അജ്മൽ കസബൊഴികെ 9 പേരും സുരക്ഷാ സേനയുടെ ആയുധങ്ങൾക്ക് ഇരകളായി. കസബ് പിടിയിലുമായി. അപ്പോഴേയ്ക്കും ഇന്ത്യക്കു നഷ്ടമായത് വിലപ്പെട്ട 164 ജീവനുകളായിരുന്നു. പരിക്കേറ്റത് 300 ലേറെപ്പേർക്കും. അതിൽ പലരുടെയും നില ഇപ്പോഴും അതീവ പരിതാപകരമാണ്. കണ്ണില്ലാത്ത തീവ്രവാദം ഏൽപ്പിച്ച പരിക്കുകളിൽ നിന്നും പൂർണ്ണമായും മുക്തമാവുക എളുപ്പമല്ല.
സമാനമായൊരു സാഹചര്യത്തിലൂടെയാണ് ഈജിപ്ത് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തീവ്രവാദിയാക്രമണം രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഉലച്ചിരിക്കുന്നു. ആക്രമണത്തെ തുടർന്നു പ്രഖ്യാപിട്ട ദുഃഖാചരണം ഇന്ന് അവസാനിക്കുന്നതേയുള്ളൂ. രാജ്യം നേരിട്ട ഏറ്റവും വലിയ തീവ്രവാദിയാക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്. രാജ്യത്തെ പ്രമുഖ സൂഫി ദേവാലയമാണ് സിനായ് മേഖലയിലെ ബിർ അൽ അബേദിലുള്ള അൽ റൗഡാ സൂഫി ദേവാലയം. ആക്രമണത്തിൽ ഇതുവരെ 305 പേർ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നത്. മരിച്ചതിൽ 25 പേർ കുഞ്ഞുങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട നിരപരാധികളായ കുരുന്നുകൾ. ആരോടും ഒരു കുറ്റവും ചെയ്തിട്ടില്ലാത്തവർ. കണ്ണും കാതും മനസ്സാക്ഷിയും ഇല്ലാത്തതാകുന്നു, തീവ്രവാദം. ചോരക്കൊതിയുടേതാകുന്നു തീവ്രവാദം.
ഇസ്ലാം മതത്തിലെ സൂഫി വിഭാഗത്തിന്റെ വിശുദ്ധ കേന്ദ്രങ്ങളിലൊന്നാണ് അൽ അബേദിലെ ദേവാലയം. ഒരു സൂഫി വര്യന്റെ ജന്മസ്ഥലമാണ് ഇവിടം. ആക്രമണം നടത്തിയത് ചില ഇസ്ലാമിക തീവ്രവാദികൾ എന്നാണ് പ്രാധമിക സൂചന. അവരാകട്ടെ സൂഫികളെ ഇസ്ലാംവിരുദ്ധരായാണ് കാണുന്നത്. അക്രമണത്തിൽ ഐഎസ് ആണ് എന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ ഇതുവരെ ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
മുപ്പതോളം തീവ്രവാദികളായിരുന്നു ആക്രമണം നടത്തിയത്. 5 സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളിൽ എത്തിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. അവരിൽ ചിലർ മുഖംമൂടിയണിഞ്ഞിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്നവരാണ് ആദ്യം ആക്രമണത്തിന് ഇരകളായത്. ദേവാലയ വാതിലുകളിൽ നിലയുറപ്പിച്ച് യന്ത്രത്തോക്കുകളുപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് ചില തീവ്രവാദികൾ പള്ളിക്ക് ഉള്ളിലേക്കു പ്രവേശിച്ചും നിരപരാധികളായ വിശ്വാസികൾക്കുനേരേ ആക്രമണം അഴിച്ചു വിട്ടു.
ജനം ഭയന്നോടി. സമനില വീണ്ടെടുത്ത ചിലർ നൽകിയ വിവരമറിഞ്ഞാണ് ആംബുലെൻസ് സംഭവസ്ഥലത്തേക്കെത്തിയത്. മുറിവേറ്റവരുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിനു നേർക്കും തീവ്രവാദികൾ നിറയൊഴിച്ചു. രക്ഷാ സേന എത്തിയ ശേഷമാണ് ഇക്കാര്യത്തിൽ ഫലപ്രദമായി ആംബുലൻസുകൾക്കും പ്രവർത്തിക്കാനായത്. യന്ത്രത്തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം. രക്ഷാ സൈനികരെത്തിയതോടേ പള്ളിയിൽ തന്നെ ഒളിയിടങ്ങളിലിരുന്നായി ഭീകരരുടെ ആക്രമണം.
തീവ്രവാദിയാക്രമണങ്ങൾ ഈജിപ്തിനു പുത്തരിയല്ല. കുറേക്കാലമായി അതു പതിവുമാണ്. എന്നാൽ രാജ്യ ചരിത്രത്തിൽ ആധുനികകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്. അത് രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഉലച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ രാജ്യത്തെ ദുർബ്ബലമാക്കാൻ തീവ്രവാദികൾക്കാവില്ല എന്ന് സന്ദേശമാണ് പ്രസിഡണ്ട് അബ്ദെൽ ഫത്തേ അൽ സിസി നൽകുന്നത്. സൂഫി ദേവാലയത്തിൽ ആക്രമണം നടത്തിയ തീവ്രവാദികളെ വേട്ടയാടിക്കൊന്നു കഴിഞ്ഞു. തീവ്രവാദികൾക്കെതിരേ വ്യോമസേന അതിശക്തമായ വ്യോമാക്രമണവും ആരംഭിച്ചിട്ടുണ്ട്. ആക്രമണം രാജ്യത്തെ കൂടുതൽ ശക്തവും ഊർജ്ജിതവുമാക്കുകയാണു ചെയ്തതെന്ന് പ്രസിഡണ്ട് സിസി പറഞ്ഞു.
എന്നാൽ പറയുംപോലെ അത്ര എളുപ്പമല്ല ഈജിപ്തിലെ കാര്യങ്ങൾ. നൈലിന്റെ ദാനമാണ് ഈജിപ്ത്. മനുഷ്യ സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുകളിലൊന്നാണ് സഹസ്രാബ്ദങ്ങളായി മനുഷ്യാധിവാസമുള്ള ഈ മണ്ണ്. കൃഷി, എഴുത്ത്, നഗരവത്കരണം, കേന്ദ്രീകൃത രാഷ്ട്ര ഭരണം എന്നിങ്ങനെ പലതിന്റെയും തുടക്കം ഈ മണ്ണായിരുന്നു. ചരിത്രത്തിന്റെ എണ്ണമില്ലാത്തതിരുശേഷിപ്പുകൾ ഇന്നും ഈ മണ്ണിൽ തലയുയർത്തി നിൽക്കുന്നു. അതിൽ പലതും ലോകാത്ഭുതങ്ങളാണ്. ഈജിപ്ത് നമുക്കൊക്കെ പിരമിഡുകളുടെ നാടാണ്. നൈൽ നദിയുടെ വരദാനമായ നാടുവാണ ഫറോവമാരുടെ അന്പരപ്പിക്കുന്ന ശവകുടീരങ്ങളുടെ നാട്. രഹസ്യങ്ങളുടെയും ദുരൂഹതകളുടെയും കൂടി ഖനികളാണ് പിരമിഡുകൾ. പൗരാണിക വാസ്തുശാത്രാത്ഭുതങ്ങൾ കൂടിയാണ് അവ. മറ്റൊന്ന് ഫറോവയുടെ മുഖവും സിംഹത്തിന്റെ ഉടലുമുള്ള സ്‌ഫിങ്ക്സ്. മനുഷ്യകുലത്തിന്റെ വികാസ പരിണാമങ്ങളിലെ നാഴികക്കല്ലുകളാണ് ഇവയൊക്കെ. നമുഷ്യകുലത്തിനാകെ അവകാശപ്പെട്ട പൈതൃകങ്ങൾ. എന്നാൽ സംസ്കാരത്തിന്റെ പിള്ളത്തൊട്ടിൽ ഇന്ന് തീവ്രവാദത്തിന്റെ കളിത്തൊട്ടിൽ കൂടിയാണ്.
ഏറെ പ്രത്യേകതകളുള്ള രാഷ്ട്രമാണിന്നും ഈജിപ്ത്. രണ്ടു ഭൂഖണ്ധങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രാഷ്ട്രം. ആഫ്രിക്കയുടെ വടക്കു കിഴക്കേ രാഷ്ട്രമാണ് ഈജിപ്ത്. ബിസി പത്താം നൂറ്റാണ്ടോടെ തന്നെ ഒരു രാഷ്ട്രമെന്ന നില കൈവരിച്ചിരുന്ന അതി പുരാതന ഭൂമി. ഇന്ത്യയുടെ പ്രിയ ചങ്ങാതിയായിരുന്ന പ്രസിഡണ്ട് ഗമാൽ അബ്ദെൽ നാസ്സെറിന്റെ നാട്. 1922ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി. 52ൽ റിപ്പബ്ലിക്കായി. ജനാധിപത്യവും പട്ടാളഭരണവുമൊക്കെ മാറിമാറിപ്പരീക്ഷിച്ച രാഷ്ട്രം ഇപ്പോൾ തെരഞ്ഞെടുപ്പിലൂടെ അധികാരം നിലനിർത്തിയ പട്ടാള മേധാവി പ്രസിണ്ട് അബ്ദെൽ ഫത്തേ അൽ സിസിയുടെ ഭരണത്തിലാണ്. അസ്വസ്ഥതകളുടെ വിളനിലമായ മണ്ണിൽ സമാധാനം തിരികെ കൊണ്ടുവരുമെന്ന വാശിയിലാണ് പ്രസിഡണ്ട് സിസി.
രണ്ടു വർഷം മുന്പ് സിനായ് മലഞ്ചരുവിൽ റഷ്യൻ വിമാനം തീവ്രവാദികൾ വെടിവച്ചിട്ടപ്പോൾ മരിച്ചത് 224 പേരായിരുന്നു. രാജ്യം അതുവരെ കണ്ട ഏറ്റവും വലിയ തീവ്രവാദിയാക്രമണമായിരുന്നു അത്. അന്നും രാഷ്ട്ര നേതൃത്വത്തിന്റെ നിലപാടും പ്രഖ്യാപനവും തീവ്രവാദത്തെ അടിച്ചമർത്തും എന്നു തന്നെയായിരുന്നു. പക്ഷേ മനസ്സാക്ഷി മരവിച്ച തീവ്രവാദികൾ ആക്രമണം തുടരുകയാണ്. ഒരുപക്ഷേ കൂടുതൽ ശക്തമാക്കുകയാണ്. സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലിൽ അതുകൊണ്ടു തന്നെ ശാശ്വത സമാധാനത്തിന്റെ ദിനങ്ങൾ തിരിച്ചെത്താനുള്ള സാദ്ധ്യത അതി വിദൂരമാണ്.