വി­ഐപി­കൾ ആകു­ന്പോൾ...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി സന്ദേശം എന്ന സിനിമ കാണുകയുണ്ടായി. വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും യാതൊരു വിധ പോറലും ഏൽക്കാത്ത മനോഹരമായ ഒരു ചലചിത്രമാണത്. സത്യൻ അന്തികാടും, ശ്രീനിവാസനും ചേർന്നൊരുക്കിയ ഈ ചിത്രം കാണാത്ത മലയാളികൾ അപൂർവ്വമായിരിക്കും. ഏത് കാലത്തും നമ്മുടെ ഇടയിൽ അതിലെ ഓരോ സീനും പ്രസക്തമാണ്. അഖിലേന്ത്യ ജാഥ നയിച്ച് കേരളത്തിലെ ഒരു ഗ്രാമത്തിലെത്തുന്ന യശ്വന്ത് സഹായിയെ നമ്മൾ എങ്ങിനെ മറക്കാൻ. അദ്ദേഹം നാരിയൽ കാ പാനി ലാഓനാ എന്ന് പറയുന്പോൾ ചിരി പൊട്ടാത്തവർ ആരാണ്. നമ്മുടെ രാജ്യത്തിലെ പ്രധാന രാഷ്ട്രീയ പ്രവർത്തനങ്ങൾ ജാഥകളും പ്രകടനങ്ങളും, ഉപരോധങ്ങളും ഹർത്താലും, പണിമുടക്കും ഒക്കെ ആണെന്ന ഈ ചിത്രത്തിലൂടെ അതിന്റെ പിന്നണിക്കാർ വിളിച്ചു പറയുന്നുണ്ട്. അത് പൊതു ജനത്തിന് എത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയാലും വേണ്ടില്ല, പക്ഷെ വിജയിച്ചിരക്കണമെന്നാണ് പൊതുവായി രാഷ്ട്രീയക്കാരുടെ നയം. 

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി വരുന്ന പടയൊരുക്കം എന്ന ജാഥയുമായി ബന്ധപ്പെട്ട് ഒരു ആരോപണം വന്നത് നിങ്ങളും വായിച്ചിരിക്കും. പിന്നീട് അത് നിഷേധിച്ച് അദ്ദേഹം തന്നെ വാർത്താകുറിപ്പ് നൽകുകയുമുണ്ടായി. ഗുളിക തൊണ്ടയിൽ കുടുങ്ങി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ഐലിൻ എന്ന അഞ്ചുവയസ്സുകാരിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് സംഭവം. രമേശ് ചെന്നിത്തലയുടെ ജാഥ കാരണം സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതിനാലാണ് ഈ ദുരന്തം ഉണ്ടായതെന്ന് പറഞ്ഞ്  സോഷ്യൽ മീഡിയകളിൽ വാർത്തകൾ പരന്നു. ഒരു കുഞ്ഞിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തിനിടയിലും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ വൈകൃതത്തിനും സൈബർലോകം അതോടൊപ്പം സാക്ഷിയായി. ഇതോടൊപ്പം കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ  വൈകിയെത്തി കേന്ദമന്ത്രി അൽഫോൺസ് കണന്താനത്തിനോട് യാത്രക്കാരി ശകാരിക്കുന്ന വാർത്തയും പുറത്ത് വന്നു. 

ജനാധിപത്യ സമൂഹമായ നമ്മുടെ നാട്ടിൽ അധികാരികൾക്ക് ഉള്ള പരിഗണന പലപ്പോഴും രാജാവിന് തുല്യമുള്ളതാണ്. അതിന് കാരണം അവരെ തെരഞ്ഞടുത്ത് ആ സ്ഥാനത്ത് എത്തിക്കുന്നത് ജനങ്ങൾ ആണെന്നതാണ്. യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രതിനിധികളായിട്ടാണ് ഇവർക്ക് ഈ പരിഗണന ലഭിക്കുന്നത്. പക്ഷെ പലപ്പോഴും അധികാരം തലക്ക് പിടിക്കുന്പോൾ ഈ പാവം ജനങ്ങളെ അധികാരികൾ മറന്നു പോകുന്നു. അപ്പോൾ എല്ലായിടത്തും അവർക്ക് ലഭിക്കുന്ന പരിഗണന എന്നത് തങ്ങളുടെ അധികാരത്തിന്റെ ഭാഗമായി അബദ്ധവശാൽ കരുതി പോകുന്നു. ഇത് നവ മാധ്യമങ്ങളുടെ കാലമാണ്. അവിടെ എഡിറ്റർ എന്നൊരു തസ്തികയില്ലാത്തത് കാരണം വാർത്തകൾ തെറ്റായാലും ശരിയായാലും അത് പടരുന്നത് വളരെ പെട്ടന്നാണ്. അഞ്ചു വയസുകാരി ഐലിന്റെ മരണമായാലും, ഇംഫാലിൽ നിന്ന് യാത്രക്കാരിയുടെ ശകാരമായാലും അതൊക്കെ വളരെ പെട്ടന്ന് ലോകമറിയുന്നുണ്ട്. തല മറന്ന് എണ്ണ ആര് തന്നെ തേച്ചാലും വലിയ നഷ്ടങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ മറന്ന് ജനാധിപത്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഓർമ്മിപ്പിക്കട്ടെ...

You might also like

Most Viewed