മാ­ധ്യമ അരാ­ഷ്ട്രീ­യത അരങ്ങു­ വാ­ഴു­ന്പോൾ...


അനീഷ് ഫിലിപ്പ്

ത്യസന്ധവും നിഷ്പക്ഷവുമായ വാർത്തകൾ അറിയുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നതാണ് മാധ്യമ ലോകത്ത് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വാർത്തകളിലേയ്ക്കുള്ള ദൂരം ഏറെ കുറഞ്ഞെങ്കിലും വാർത്തകൾക്കുള്ളിലെ കെട്ടുകഥകൾ നമ്മെ ശരിയായ ലക്ഷ്യത്തിൽ എത്തിക്കുന്നില്ല എന്നതാണ് സത്യം. അത് ഒട്ടും ശുഭസൂചകമല്ല. അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന വാർത്താ ചാനലുകളുടെ എണ്ണം മാധ്യമലോകത്തു കടുത്ത മത്സരത്തിന് ഇടയാക്കിയിരുന്നു. വാർത്ത എന്നതിലുപരി സെൻസേഷൻ എന്നത് പ്രധാനപ്പെട്ട അജണ്ട ആയി മാറി. വാർത്തകൾ വ്യത്യസ്തമായി ഉദ്യോഗജനകമായി കഴിയുമെങ്കിൽ അന്പിരപ്പിക്കുന്ന തരത്തിൽ മറ്റാരേക്കാളും മുന്പേ എത്തിക്കുക എന്നത് മാധ്യമ പ്രവർത്തനത്തിന്റെ പൊതുസ്വഭാവം ആയതോടു കൂടി മാധ്യമപ്രവർത്തനത്തിന്റെ ശൈലിയും അർത്ഥതലങ്ങളും മാറി വന്നു. വാർത്തകളുെട നിജസ്ഥിതി ജനങ്ങളിെലത്തിക്കുക എന്നതിനപ്പുറം ജനങ്ങൾ എന്റർടൈൻ ചെയ്യുക എന്നതായി വാർത്താ ചാനലകളുടെ ദൗത്യം. 

മാധ്യമരംഗത്തുണ്ടായ വലിയ മാറ്റങ്ങളിൽ പ്രധാനമാണ് ദൃശ്യമാധ്യമങ്ങളുടെ ആവിർഭാവം. 24x7 വാർത്താചാനലുകളുടെ വരവോടു കൂടി വാർത്ത തത്സമയം ജനങ്ങളിലെത്തിത്തുടങ്ങി. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമ മേഖലകളിലേയ്ക്ക് വന്നതോടു കൂടി വാർത്താചാനലുകളുടെ എണ്ണം വർദ്ധിച്ചു. 24 മണിക്കൂ‍ർ വാ‍‍‍‍ർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾ പത്തോ അതിലധികമോ ആണ്. കൂടാതെ നിരവധി ലോക്കൽ ചാനലുകളും വർദ്ധിച്ചു വരുന്ന വാർത്താ ചാനലുകളുടെ എണ്ണം മാധ്യമരംഗത്തെ കടുത്ത മത്സരത്തിലേക്കും അനാരോഗ്യകരമായ മാധ്യമ പ്രവണതകളിലേക്കും നയിച്ചു. രാജ്യത്തെ പുരോഗതിയിലേക്കും വള‍ർച്ചയിലേക്കും നയിക്കേണ്ടുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തനം ഇന്ന് ചാനലുകളുടെ സ്വാർത്ഥ താൽ
പര്യങ്ങൾക്കനുസരണമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.

മുൻമന്ത്രി എ.കെ ശശീന്ദ്രനെ ഫോൺ കെണിയിലൂടെ ചാനൽ കുടുക്കിയതാണ് എന്ന ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോ‍‍‍‍ർട്ട് വന്നതോടു കൂടി മാധ്യമരംഗത്തെ അധാർമ്മിക വീണ്ടും ചർച്ചയാകും എന്നതിൽ സംശയമില്ല. അതിലേക്ക് മംഗളം ചാനലിനെ നയിച്ചത് മാധ്യമ രംഗത്തെ കടുത്ത മത്സരവും ചാനൽ രംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്ന ഒരു ചാനൽ വാർത്ത വിസ്ഫോടനവുമായി എത്തണമെന്നുള്ള നടപ്പാചാരത്തിനു ഏറ്റ കനത്ത പ്രഹരമാണ് മംഗളം െടലിവിഷൻ ചാനലിനുണ്ടായത്. വാ‍‍‍‍ർത്തകൾ സൃഷ്ടിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകുവാനും മാധ്യമങ്ങൾ തയ്യാറാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ചാനൽ നടത്തിയ ഹണി ട്രാപ്.

പല വാർത്താ ചാനലുകളിലും അവതാരകൻ വിധികർത്താക്കളായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒരു വിഷയത്തെപ്പറ്റി എന്തും പറയുവാനും ആരെയും അധിക്ഷേപിക്കാനും തക്ക വിധത്തിൽ പ്രൈം ടൈം വാ‍‍‍‍ർത്താ ചർച്ചകൾ തരം താണിരിക്കുന്നു. അ‍ർണാബ് ഗോസാമിയുടെ മലയാളം വേർഷനായി മാറിയിരിക്കുന്നു പല ചാനലകളിലെയും പാതിരാ ചർച്ചകൾ. ബഹളങ്ങൾക്കും തട്ടുപൊളിപ്പൻ പ്രകടനങ്ങൾക്കുമായി ഇന്ന് റേറ്റിംഗ് കൂടുതൽ. അതിനാൽ തന്നെ വാർത്തകളിലൂടെ അവതരണ രീതി നാടകീയമായി. ശരീരഭാഷ അക്രമോത്സുകമായി പ്രതിഫലിപ്പിച്ചു പ്രേക്ഷകനെ മുൾമുനയിൽ നിർത്തുക എന്ന ശൈലിയായി. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പരിജ്ഞാനവും ജനസമ്മതിയും ബഹുമാനിക്കാതെ സംസാരിക്കാൻ കൂടി അനുവദിക്കാതെ ഇടപെടുന്ന രീതി നീതിയുക്തമായ മാധ്യമ പ്രവ‍ർത്തനത്തിന് ഒട്ടും അഭികാമ്യമല്ല. ചർച്ചയിൽ വരുന്ന അതിഥികളെ പോലും പരസ്പരം അവഹേളിക്കുന്ന നിലയിലേക്ക് അവതാരകൻ എത്തിക്കുന്നതിന് യാതൊരു ഉളുപ്പുമില്ല. മാത്രമല്ല വാർത്തകൾ നിഷ്പക്ഷം ആയിരിക്കണമെന്നിരിക്കെ വാർത്തകളിന്മേലുള്ള ചർച്ച നിഷ്പക്ഷമായി തന്നെ നടത്തുവാൻ അവതാരകൻ ബാധ്യസ്ഥർ ആണ്. പല വാ‍‍‍‍‍‍‍‍ർത്താധിഷ്ഠിത ചർച്ചകളും കാണുന്പോൾ പഴയ രഞ്ജി പണിക്കർ സിനിമകളിലെ ക്ഷോഭിക്കുന്ന നായകന്റെ പ‍ഞ്ച് ഡയലോഗുകൾ ആണ് ഓ‍ർമ്മ വരിക.

ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ളതായിരിക്കുന്നു ഇന്നത്തെ മാധ്യമപ്രവർത്തനം. വാർത്തകൾ തങ്ങൾക്കു വേണ്ട രീതിയിൽ വളച്ചൊടിക്കുന്നതാണ് ഇന്ന് ഏറെയും കണ്ടുവരുന്നത്. ഒരു വ്യക്തിയുടെ പ്രസംഗത്തിന്റെയോ വാർത്താ സമ്മേളനത്തിന്റെയോ മറ്റേതെങ്കിലും പരിപാടിയുടെയോ ഒരു ഭാഗം മാത്രം എടുത്തു തെറ്റായി വ്യാഖ്യാനിക്കുകയോ വളച്ചൊടിക്കുകയോ ചെയ്ത് വാർത്തകൾ ഉണ്ടാക്കുക എന്നതാണ് ദൃശ്യമാധ്യമങ്ങൾ ഇന്ന് പലപ്പോഴും ചെയ്യുന്നത്. ഇല്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ കൗശല ചോദ്യത്തിന് മുന്നിൽ അടി തെറ്റുന്നതോ അമളി പറ്റുന്നതോ ആയിരിക്കും പലപ്പോഴും പ്രധാന തലക്കെട്ടുകൾ ആകുന്നത്. പലപ്പോഴും ചിന്തിക്കാത്ത കാര്യങ്ങൾ കൂടി പറയിപ്പിക്കുന്ന തരത്തിൽ അസ്വസ്ഥരാകുന്ന മാധ്യമപ്രവ‍ർത്തനം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പെന്പിള ഒരുമൈക്കെതിരെ വൈദ്യുതമന്ത്രി എം.എം മാണി നടത്തിയെന്ന് പരക്കെ പ്രചരിപ്പിച്ച പ്രസംഗം അതിനു വലിയ ഉദാഹരണം ആയിരുന്നു. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തി എടുത്തു പെന്പിള ഒരുമയെ അവഹേളിച്ചു എന്ന തരത്തിൽ വരുത്തിത്തീ‍‍‍‍ർക്കാനുള്ള ശ്രമം നാം കണ്ടതാണ്. അതിന്റെ മുഴുനീള വിഡീയോ ഒരു ചാനൽ പുറത്തുവിട്ടതോടു കൂടി ചില മാധ്യമങ്ങളുടെ കാപട്യം വെളിച്ചത്താകുകയും എം.എം മണിക്കെതിരെയുള്ള പെന്പിള ഒരുമയുടെ സമരം പരാജയപ്പെടുകയും ചെയ്തത്. നന്പി നാരായണനെന്ന ചാര കേസിൽ കുടുക്കിയതും നമ്മുടെ ശാസ്ത്ര രംഗത്തെ പിന്നോട്ടടിച്ചതും മാധ്യമ രംഗത്തെ ജീർണാവസ്ഥയുടെ തുറന്ന അദ്ധ്യായമാണ്.

പെയ്ഡ് ന്യൂസിനെ പറ്റി കേരളം എത്രയോ ചർച്ച ചെയ്തിരിക്കുന്നു. കേരള ഗവൺമെന്റിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെ വിലയിരുത്തി നെഗറ്റീവ് കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു ലേഖനം എഴുതുവാൻ ശ്രീ. ബാബു പോളിനോട് ഒരു പ്രമുഖ പത്രം ആവശ്യപ്പെട്ടത് വലിയ ചർച്ച ആയതു ഈ അടുത്ത സമയത്താണ്. മാധ്യമ പ്രവർത്തനം ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ നശിപ്പിക്കാൻ തക്ക വിധത്തിൽ ദുരുപയോഗം ചെയ്യുന്നത് നാം എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. ലാവ്ലിൻ കേസിൽ മാധ്യമങ്ങൾ സ്വീകരിച്ച നയം മേൽപ്പറഞ്ഞതിനുള്ള ദൃഷ്ടാന്തമാണ്. പിണറായി വിജയനും പാർട്ടിയും നേരിടേണ്ടി വന്ന മാധ്യമ വേട്ടയാടലിനെപ്പറ്റി ഈ അടുത്ത സമയത്തു കൂടി അദ്ദേഹം പറയുകയുണ്ടായി. അതൊരു പ്രസക്തമായ ചോദ്യം തന്നെയാണ്. നടക്കുന്ന എല്ലാ മാധ്യമ വിചാരണയ്ക്ക് ശേഷം ഒരു പ്രതിയെ കോടതി വെറുതെ വിടുകയാണെങ്കിൽ അതിന്റെ പാപഭാരം ഏൽക്കാൻ ഈ മാധ്യമങ്ങൾ തയ്യാറാകുമോ?

നടൻ ദിലീപിന്റെ കാര്യത്തിൽ മാധ്യമങ്ങൾ കാണിച്ച അമിത ആവേശം കോവളം എം.എൽ.എ എം. വിൻസെന്റിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ചിന്തിക്കുന്പോൾ മാധ്യമങ്ങളുടെ അവസരവാദ നിലപാടുകൾ ബോധ്യമാകും. മാധ്യമ പ്രവർത്തനത്തിലെ പുഴുക്കുത്തുകൾ പലരും പുറം ലോകം വിരിയാതെ പോകുന്നുണ്ട്. ന്യൂസ് 18ൽ ദളിത് യുവതിയെ അധിക്ഷേപിച്ചതും മാതൃഭൂമി ചാനലിൽ സഹപ്രവർത്തകയെ പീ‍‍‍‍ഡിപ്പിച്ചതും വലിയ വാർത്ത ആകാതെ പോകുന്നത് നമുക്ക് കാണാതിരിക്കാനാവില്ല.

അസന്മാർഗിക അധാ‍‍‍‍ർമ്മിക മാധ്യമ പ്രവർത്തനത്തിന് തടയിടുവാൻ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു എന്ന് കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. മാധ്യമപ്രവ‍ർത്തനത്തിന് കാര്യമായ ചട്ടം കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായി മാറിയിരിക്കുന്നു. ചോദിക്കുകയും പറയുകയും ചെയ്യാതെ യാതൊരു തത്ത്വദീക്ഷയും കൂടാതെ എവിടെയും കയറിച്ചെല്ലാം എന്ന അഹംഭാവത്തിന് ‘കടക്കൂ പുറത്ത്’ എന്ന് തന്നെ പറയേണ്ടതായിരിക്കുന്നു. മാധ്യമങ്ങളെ വിവേകപൂർവ്വം പെരുമാറാൻ രാഷ്ട്രീയക്കാരും പഠിക്കേണ്ടിയിരിക്കുന്നു.

You might also like

Most Viewed